Monday, August 24, 2015

നായ്ക്കളെ കൊല്ലരുത് 


'' എവിടേക്കാടാ മണിക്കാ പുസ്തകവുമൊക്കെ ആയിട്ട്. നീ സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നോ '' അമ്മയുടെ വാക്കുകളില്‍നിന്ന് മാണിക്കന്‍ എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. പക്ഷെ അത്ര പെട്ടെന്നൊന്നും ഉമ്മറത്തേക്ക് പോവാന്‍ പറ്റില്ല. അടുപ്പില്‍ ചക്കവരട്ടാന്‍വെച്ചിട്ടുണ്ട്. അത് ഇളക്കാനേല്‍പ്പിച്ച് അമ്മ എന്തിനോ പുറത്തേക്കിറങ്ങിയതാണ്. അതെങ്ങാനും അടിപ്പിടിച്ചാല്‍ ഭേഷാവും കഥ. അമ്മയുടെ വായിലുള്ളതു മുഴുവന്‍ കേള്‍ക്കേണ്ടി വരും.

'' എന്താ പറയണ്ട് എന്‍റെ തമ്പ്രാട്ട്യേ. ഓരോരോ പുലിവാലുകള് തിരഞ്ഞെത്തിക്കോളും. കണ്ടില്ലാന്ന് നടിക്കാന്‍ പറ്റില്ലല്ലോ ''.

'' എന്താടാ അത്ര വലിയ പുലിവാല് ''.

'' തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ പോണ കാര്യം തമ്പ്രാട്ടി പേപ്പറില്‍ കണ്ടില്ലേ  ''.

'' അതുകണ്ടു. പക്ഷെ അതും നീയും തമ്മിലെന്താ ബന്ധം ''.

'' ബന്ധൂണ്ട്. ഈ പഞ്ചായത്തില്‍ എത്ര തെരുവുനായ്ക്കളുണ്ടെന്നു ചോദിച്ചാല്‍ തമ്പ്രാട്ടിക്ക് അതിന്‍റെ ഉത്തരം അറിയ്യോ ''.

'' എനിക്ക് എന്നല്ല ആര്‍ക്കും അതിന്‍റെ ഉത്തരം അറിയില്ല ''.

'' അപ്പോഴാണ് മാണിക്കന്‍റെ സഹായം വേണ്ടിവര്വാ. ഇതാ ഈ പുസ്തകവുമായി നടക്കുന്നത് നായ്ക്കളുടെ കണക്കെടുക്കാനാണ് ''.

''എന്താ ആരെങ്കിലും നിന്നെ കണക്കെടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ''.


'' എന്തിനാ ചുമതലപ്പെടുത്തുന്നത്. നാളെമേലാല് ഒരു ആവശ്യം വരും എന്നു കണ്ടാല്‍ നമ്മള് മുന്‍കൂട്ടി വേണ്ടത് ചെയ്യണം. അതാ അതിന്‍റെ ശരി ''.

''  എന്നിട്ട് നീ എന്താ ചെയ്യാന്‍ പോണത് ''.

'' ഒരു നായിനെ കണ്ടാല്‍ പുസ്തകത്തില്‍ ഒരു തെറ്റിടും. അപ്പൊ എണ്ണം കറക്ടായിട്ട് കിട്ടും. എന്നിട്ട് ആ നായിന്‍റെ മേത്ത് ചൊമന്നചായംകൊണ്ട് ഒരു വരവരയ്ക്കും ''.

'' അതെന്തിനാ ''.

'' ഈ നായ്ക്കള് ഒരു ദിക്കില്‍ കെട്ടിയിട്ടപോലെ ഇരിക്ക്വോ. അതില്ല. ഇവിടെ കണ്ടതിനെ കുറച്ചുകഴിഞ്ഞാല്‍ വേറേദിക്കിലാവും കാണുക. അപ്പോള്‍ എണ്ണം പിടിച്ചതാണോ എന്നറിയാനാ ഈ ചോന്ന വര ''.

'' അതു നന്നായി. ഉള്ള മുഴുവന്‍ നായ്ക്കളുടേയും മേത്ത് വരയിട്ടുകഴിഞ്ഞാലേ പണിതീരൂ അല്ലേ  ''.

'' എന്നാലും തീരില്ലല്ലോ ''.

'' പിന്നെന്താ ഉള്ളത് ''.

'' വന്ധ്യംകരണം ചെയ്യുന്ന സമയത്ത് കൂടെ ഉണ്ടാവണം. അപ്പൊ പച്ചനിറത്തില് ആദ്യത്തെ വരടെ അടുത്ത് ഒന്നുംകൂടി വരയ്ക്കും. വന്ധ്യംകരിച്ചതാണ് എന്നറിയാനാ പച്ചവര  ''.

'' ഇനി ഇമ്മാതിരി വികടത്തരം എന്തെങ്കിലും ആ തലയില്‍ ഉണ്ടോ '' അമ്മ ചോദിച്ചു.

'' വികടത്തരോ. നല്ല കഥ. അതൊക്കെ ഐഡിയകളല്ലേ ''.

'' ഐഡിയയെങ്കില്‍ അങ്ങിനെ.  ''.

'' എന്നാല്‍ കേട്ടോളിന്‍ '' അവന്‍ പറഞ്ഞുതുടങ്ങി '' പാമ്പു കടിച്ച് എത്ര ആളുകളാ മരിക്കാറ്. അതും പറഞ്ഞ് അവറ്റിനെ തല്ലിക്കൊല്ലാന്‍ പാട്വോ. അതു പാടില്ല. പിന്നെ ഒറ്റ വഴിയേ ഉള്ളൂ. എല്ലാ പാമ്പുകളുടേയും വിഷപ്പല്ല് പറിച്ചുകളയുക. അതോടെ പ്രശ്നം തീരില്ലേ. നായിന്‍റെ കണക്ക് കഴിഞ്ഞാല്‍ പിന്നെ പാമ്പിന്‍റെ കണക്കെടുക്കാന്‍ ഇറങ്ങ്വായി ''.

'' വെറുതെ പാമ്പിന്‍റെ കടികൊണ്ട് ചാവാന്‍ നില്‍ക്കണ്ടാ  ''.

'' അത് സാരൂല്യാ. നല്ലൊരു കാര്യത്തിനല്ലേ. എന്തൊക്കെ വന്നാലും ഈ നാട് നന്നാക്കാന്‍ ഞാന്‍ ഉറച്ചുകഴിഞ്ഞു. കാട്ടുപന്നി പെറ്റുപെരുകി ഒരുസാധനം കൃഷിചെയ്യാന്‍ പറ്റില്ലാന്ന് പറയുന്നു. അതിനെ അങ്ങിനെ വിടാന്‍ പാടില്ലല്ലോ ''.

'' പന്നിയെ കെണിവെച്ചുപിടിക്കാനാണോ നിന്‍റെ ഭാവം. വേണ്ടാത്തതിന്ന് നില്‍ക്കണ്ടാ. പന്നിയെ കൊന്നാല്‍ ചിലപ്പൊ അഴിയെണ്ണണ്ടിവരും ''.

''  അയ്യേ. കൊല്ലുന്ന പരിപാടി നമ്മക്കില്ല. പന്നിക്കും നെല്ല് കേടുവരുത്തുന്ന മയിലിനും ഗര്‍ഭനിരോധനഗുളിക കൊടുക്കും. പിന്നെ അതൊന്നും തോന്നിയപോലെ പെറ്റുകൂട്ടില്ലല്ലോ ''.

'' ഒന്നാന്തരം പരിപാടി. കാട്ടാന ഇറങ്ങി കൃഷിക്കാരുടെ തെങ്ങും വാഴയും നശിപ്പിച്ചതിന്‍റെ ഫോട്ടോ പേപ്പറില്‍ കണ്ടിട്ടില്ലേ. അതിനെന്താ നീ വഴികണ്ടിരിക്കുന്ന് ''.

'' അതിനും ഞാനൊരു വഴി കണ്ടിട്ടുണ്ട് ''.

'' എന്താണാവോ അത് ''.

'' ആനകള്‍ക്ക് ബോധവല്‍ക്കരണം നടത്തും. അതു പോരേ. പിന്നെ അത് കൃഷി നശിപ്പിക്ക്വോ ''.

'' നീയാണോ ബോധവല്‍ക്കരണം ചെയ്യുന്നത് ''.

'' തമ്പ്രാട്ട്യേ. അതിനാ ആളില്ലാത്തത്. ഒരു മൈക്കും. കേള്‍ക്കാന്‍  ആള്‍ക്കാരും ഉണ്ടെങ്കില്‍ എന്തു പൊട്ടത്തരവും വിളിച്ചു പറയാന്‍ മടിയില്ലാത്ത കോന്തന്മാരുണ്ട്. ബോധവല്‍ക്കരിക്കുന്ന  പണി അവര് ചെയ്തോട്ടെ

കേട്ടുകേട്ട് എന്‍റെ ക്ഷമ നശിച്ചു. അടുപ്പിലെ കത്തുന്ന വിറകുകൊള്ളി വലിച്ചുപുറത്തിട്ട് ഞാന്‍ ഉമ്മറത്തേക്കു നടന്നു.

'' ങാ. നീ ഉണ്ടായിരുന്ന്വോ ഇവിടെ ''.

ഞാന്‍ അതിന്ന് മറുപടി പറഞ്ഞില്ല. മനസ്സില് ഒരുപാട് ചോദ്യങ്ങള്‍ യര്‍ന്നിരിക്കുകയാണ്.

'' ഏതു കൃഷിക്കും കീടനാശിനി ഉപയോഗിക്കുന്നുണ്ട്. കീടങ്ങളെ കൊല്ലുകയല്ലേ ചെയ്യുന്നത്. അത് പാടുണ്ടോ '' ഞാന്‍ മാണിക്കനോട് ചോദിച്ചു.

'' ഇല്ല '' അവന്‍ തറപ്പിച്ചു പറഞ്ഞു

'' അപ്പോള്‍ നെല്ലൊക്കെ പുഴു തിന്നുപോയാലോ ''.

'' പോയാല്‍ പോട്ടേ. അല്ലെങ്കിലും ഒരുറുപ്പികയ്ക്ക് ഒരു കിലോ അരി കിട്ടുമ്പോള്‍ എന്തിനാ കൃഷി ചെയ്ത് ബുദ്ധിമുട്ടുന്നത് ''.

'' എന്തെല്ലാം പനികളാണ്  കൊതുകുകള്‍ പരത്തുന്നത്. കൊതുകിനെ കൊല്ലാതെ മനുഷ്യര് ചാവട്ടെ എന്നാണോ നിന്‍റെ മോഹം ''.

'' പനിക്കുള്ള മരുന്ന് ആദ്യം കൊതുകുകളെ കുടിപ്പിക്കണം. പിന്നെ അത് കടിച്ചാല്‍ ആളുകള്‍ക്ക് പനിവരില്ലല്ലോ ''.

'' ഭ്രാന്തു പറയുന്നതിന്ന് ഒരു കണക്കുണ്ട്. അത് ആദ്യം മനസ്സിലാക്ക് '' എന്‍റെ ശബ്ദത്തില്‍ രോഷം നിഴലിച്ചിരുന്നു.

'' എനിക്കാണോ പ്രാന്ത്. നീ നല്ലോണം ആലോചിച്ചുനോക്ക് '' അവന്‍റെ വാക്കുകള്‍ എന്നെ ആശയക്കുഴപ്പത്തിലാക്കി.

'' പിന്നെ ആര്‍ക്കാ '' ഞാന്‍ ചോദിച്ചു.


'' പണ്ടും നായ്ക്കളുണ്ടായിരുന്നു. അവയുടെ ശല്യം കൂടുമ്പോള്‍ പിടിച്ച് വിഷം കുത്തിവെച്ചു കൊല്ലും. ജന്തുസ്നേഹം  മൂത്തുവന്നപ്പോള്‍ ഇങ്ങിനെയായി. നാളെമേലാല് മറ്റുജീവികളുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞതുപോലെ വരില്ലാ എന്ന് പറയാനാവ്വോ ''.

ഞാനൊന്നും പറഞ്ഞില്ല. അവന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്കുതോന്നി.

എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍

Sunday, December 22, 2013

നര മാറണോ ?


'' തലമുടി നല്ലോണം നരച്ച ഒരാളിന്‍റെ പേരു പറ '' വഴിക്കുവെച്ച് കണ്ടുമുട്ടിയതും മാണിക്കന്‍ ചോദിച്ചത് ഇതായിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. എന്താണാവോ പരിപാടി എന്ന മട്ടില്‍ അവന്‍റെ മുഖത്തേക്കൊന്ന് നോക്കുക മാത്രമേ ചെയ്തുള്ളു.

'' ചോദിച്ചത് കേട്ടില്ലേ. ഒരാളുടെ പേര് പറയ് '' അവന്‍ തിടുക്കം കൂട്ടി.

'' നിനക്ക് അറിയാഞ്ഞിട്ടാണോ എന്നോട് ചോദിക്കുന്നത്. ഈ നാട്ടില്‍ തല നരച്ച എത്രയോ ആളുകളുണ്ട്. പറ്റിയ ഒരാളുടെ പേര് നീ തന്നെ നിശ്ചയിച്ചോ '' ഞാന്‍ മറുപടി നല്‍കി.

'' അതല്ലടാ. ഒരു നല്ലകാര്യത്തിനാണ് നിന്നോട് ചോദിക്കുന്നത്. കാവിലെ മുത്തിയെ മനസ്സില്‍ വിചാരിച്ച് ഐശ്വര്യായിട്ട് ഒരു നരയന്‍റെ പേര് പറ ''.

'' നാരായണന്‍ നായര് '' ഒട്ടും മടിക്കാതെ മനസ്സില്‍ പെട്ടെന്ന് തോന്നിയ പേര് ഞാന്‍  പറഞ്ഞു.

'' കൊടു കൈ '' അവന്‍ എന്‍റെ കൈ പിടിച്ച് കുലുക്കി '' ഞാന്‍ വിചാരിച്ചതും അയാളെ ആയിരുന്നു ''.

'' നമ്മളുടെ മനസ്സുകളുടെ യോജിപ്പാണ് അത് '' എന്നു ഞാന്‍ അവനോട് പറഞ്ഞെങ്കിലും എന്തിനുള്ള പുറപ്പാടാണ് അവന്‍റേതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ആ സംശയം ചോദിച്ചു.

'' അമരടെ ഇല, കൂവളത്തിന്‍റെ ഇല, കരിംതുളസി, കറുക, കഞ്ഞുണ്ണി, കടുക്ക.... ''.

'' മതി മതി '' ഞാന്‍ ഇടപെട്ടു '' ചോദിച്ചതിനല്ല നീ മറുപടി പറയുന്നത് ''.

'' അറക്കും മുമ്പ് കിടന്ന് പെടക്കാതെ. ഇങ്ങിനെ പത്തിരുപത്തൊന്ന് മരുന്നുകളുടെ ഒരു കൂട്ട് നമ്മടെ മാഷക്ക് ഒരാള് പറഞ്ഞുകൊടുത്തിട്ടുണ്ട് ''.

'' അതോണ്ട് എന്താ ''.

'' അതൊക്കെയിട്ട് നല്ലെണ്ണ കാച്ചിത്തേച്ചാല്‍ എത്ര നരച്ച മുടിയും കറുക്കും ''.

'' നാരായണന്‍ നായരും ഈ എണ്ണയും തമ്മിലെന്താ ബന്ധം ''.

'' നായരുടെ മുടി നരച്ചതാണെന്ന് നീ പറഞ്ഞല്ലോ. അയാള് ഈ എണ്ണ തേച്ചാലോ ''.

'' അയാളിതൊന്നും തേക്കാന്‍ പോണില്ല '' ഞാന്‍ പറഞ്ഞു.

'' തുടങ്ങും മുമ്പ് എതിര് പറയാന്‍ നിന്നു. ഇതാണ് നിന്നോടൊന്നും പറയാത്തത് '' അവന്‍ ചൊടിച്ചു.

'' പത്തെഴുപത്തഞ്ചു വയസ്സുവരെ മുടി കറുപ്പിക്കാത്ത നായര് ഇനി അത് ചെയ്യില്ല എന്ന് ഉറപ്പല്ലേ ''.

'' ആ ഉറപ്പ് നമുക്ക് മാറ്റണം. എന്നാലേ നമ്മുടെ പരിപാടി വിജയിക്കൂ ''.

'' പരിപാടിയോ. എന്തു പരിപാടി ''.

'' അങ്ങിനെ വഴിക്കു വാ '' മാണിക്കന്‍ പറഞ്ഞു തുടങ്ങി '' മാഷക്ക് മരുന്നിന്‍റെ കൂട്ട് വെറുതെ കിട്ടിയതല്ല. അത് പറഞ്ഞുതന്ന ആള്‍ക്ക് ഉറുപ്പിക ഒരു ലക്ഷമാണ് കൊടുത്തത് ''.

'' മാഷക്ക് വട്ടാണ്. ആരെങ്കിലും ഇത്രയധികം പണം കൊടുത്ത് ഒരു മരുന്നിന്‍റെ കുറുപ്പടി വാങ്ങ്വോ ''. 


'' നിനക്കാ വട്ട്. മാഷ് പണം മുടക്കിയിട്ടുണ്ടെങ്കില്‍ അത് പണം വാരാന്‍ വേണ്ടിത്തന്നെയാണ്.  അല്ലാണ്ടെ വെറുതെ കളയാനല്ല ''.

'' എനിക്കൊന്നും മനസ്സിലാവുന്നില്ല. കാര്യം എന്താണെന്ന് തെളിച്ചു പറയ് ''.

'' കുറിപ്പടിയിലുള്ള മരുന്നുകള്‍കൊണ്ട് നമ്മളൊരു തൈലം കാച്ചുന്നു. നര മാറാനുള്ള സിദ്ധൗഷധം എന്ന പരസ്യം കൊടുത്ത് അത് വിറ്റ് കാശാക്കുന്നു. എങ്ങിനെയുണ്ട് ഐഡിയ ''.

'' സംഗതി കൊള്ളാം. പക്ഷെ ചിലവൊക്കെ കഴിഞ്ഞ് എന്തെങ്കിലും മിച്ചം കിട്ട്വോ ''.

'' ഞങ്ങള് കണക്കുകൂട്ടി നോക്കി. ഒരു ലക്ഷം കുപ്പി മരുന്ന് സാമ്പിളിന്ന് ഉണ്ടാക്കുന്നു എന്നുവെക്ക്. ഒരു കുപ്പി മരുന്നിന്ന് ഏകദേശം പതിനൊന്നോ പന്ത്രണ്ടോ ഉറുപ്പിക ഉണ്ടാക്കാനുള്ള ചിലവു വരും. പിന്നെ പരസ്യം. കാശ് മുഴുവന്‍ പോണത് അതിനാണ് ''.

'' പരസ്യത്തിന്ന് അത്രയധികം ചിലവ് ഉണ്ടോ ''.

'' ഉണ്ടോന്നോ. ഒരു കുപ്പിക്ക് നൂറു ഉറുപ്പികയെങ്കിലും ആ വഴിക്ക് പോവും. പിന്നെ കമ്മിഷന്‍, കവറിന്‍റെ വില, സാധനം എത്തിക്കാനുള്ള ചിലവ്, ടാക്സ് ഒക്കെ വേറെ ''.

'' എല്ലാം കൂടി എന്തുവരും ''.

'' ഇരുന്നൂറ്റമ്പത് കൂട്ടിക്കോ. നമ്മള് അഞ്ഞൂറ് ഉറുപ്പികയ്ക്ക് വില്‍ക്കും. അപ്പോഴും പടിക്കുപടി ലാഭം ''.

'' ആരെങ്കിലും ഇത്രയധികം വില കൊടുത്ത് വാങ്ങ്വോ ''.

'' ടി.വി.യിലോ മാസികയിലോ പരസ്യം കണ്ടാല്‍ മതി. എന്ത് നായ്ക്കാട്ടം ആണെങ്കിലും അത് വാങ്ങാന്‍  ആളുണ്ടാവും. ഒരു തവണ ഉപയോഗിച്ചുനോക്കൂ, നിങ്ങളുടെ തലയില്‍ ഒരു നരച്ചമുടിപോലും ഉണ്ടാവില്ല എന്ന് എഴുതിയാല്‍ അതില്‍ വീഴാത്ത ആരും ഉണ്ടാവില്ല ''.

'' എന്താ മരുന്നിന്ന് പേരിടുന്നത് ''.

'' ഡോക്ടര്‍ മാണിക്കന്‍സ് പെര്‍മനന്‍റ് ഹെയര്‍ കളറിങ്ങ് ഓയില്‍ ''.

'' വേറെ നല്ല പേരൊന്നും കണ്ടില്ലേ ''.

'' ഇതിനെന്താ കുഴപ്പം. എല്ലാവരും പെണ്ണുങ്ങളുടെ പേരിടുന്നു എന്നുവെച്ച് നമ്മളതു ചെയ്യണോ. മാഷക്ക് ഈ പേരാണ് ഇഷ്ടപ്പെട്ടത്. അത് മതി എന്നുവെച്ചു ''.

'' ഡോക്ടര്‍ മാണിക്കന്‍ എന്നതോ. ഒമ്പതാം ക്ലാസ്സില്‍ തോറ്റ് പഠിപ്പ് നിര്‍ത്തിയ നീ എന്നാ ഡോക്ടറായത് ''.

'' കഴുത്തില്‍ കുഴല് തൂക്കിയാലേ ഡോക്ടറാവൂ എന്നുണ്ടോ. വൈദ്യം പഠിക്കാത്ത എത്ര ഡോക്ടര്‍മാരുണ്ട് ''.

'' അതൊക്കെ ഓരോ യുണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കിട്ടുന്നതല്ലേ ''.

'' അതുപോലെ എനിക്കും കിട്ടും. പണം കൊടുത്താല്‍ പഠിക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഏതെങ്കിലും സ്ഥപനത്തില്‍ നിന്ന് ഒന്ന് എന്‍റെ പേരില്‍ എഴുതി വാങ്ങും ''.

'' ഇത്രയും സംഗതി പിടികിട്ടി. പക്ഷെ നാരായണന്‍ നായരുടെ കാര്യം ''.

'' അയാളുടെ നരച്ചതല കറുപ്പിക്കുന്നതിന്ന് മുമ്പും പിമ്പും എങ്ങിനെയെന്നു കാണിച്ച് പരസ്യംചെയ്യും ''.

'' അതിന്ന് അയാള്‍ സമ്മതിക്കണ്ടേ ''.

'' വേണം. നമ്മള് രണ്ടാളും കൂടി നായരെ ചെന്നുകണ്ട് സംസാരിച്ച് സമ്മതിപ്പിക്കണം ''.

'' രണ്ടാളും കൂടി വേണ്ടാ. നീ ഒറ്റയ്ക്ക് ചെന്നാല്‍ മതി '' ഞാന്‍ ആ ദൗത്യത്തില്‍ നിന്ന് ഒഴിവായി.

വലിയ തൃപ്തിയില്ലാതെയാണ് മാണിക്കന്‍ പോയത്. പക്ഷെ വൈകുന്നേരം കാണുമ്പോള്‍ അവന്‍ വലിയ സന്തോഷത്തിലായിരുന്നു.

'' അങ്ങിനെ ആ കടമ്പ കടന്നു '' അവന്‍ പറഞ്ഞു '' അയാള് സമ്മതിച്ചു ''.

'' എങ്ങിനെ '' എനിക്കതറിയാന്‍  ആകാംക്ഷയായി.

'' നായരല്ലേ ആള്. പണം എന്നുകേട്ടാല്‍ ചാവാനും കൂടി മടിയില്ലാത്ത ടൈപ്പ് സാധനം. അതും പോരാത്തതിന്ന്  അയാളുടെ പേരക്കുട്ടിയുടെ കല്യാണം വരാന്‍ പോവ്വാണ്.  കാശിന് 
ചിലവുള്ള കാലം. അതറിഞ്ഞതും ആയിരത്തിന്‍റെ ഇരുപത്തഞ്ച് നോട്ടങ്ങിട്ട് ചിറ്റി. പണി പടക്കം പോലെ ആയി. കക്ഷി റെഡി ''.

'' അടുത്ത പരിപാടി ''.

'' പ്ലാസ്റ്റിക്ക്കുപ്പികളുടെ ലോഡെത്തി. അത് എടുക്ക്വേ വേണ്ടൂ. ശിവകാശിയില്‍ അച്ചടിക്കാൻ
കൊടുത്ത കവറ് പോയി വാങ്ങീട്ടു വരണം. ചൊവ്വാഴ്ച എണ്ണകാച്ചും. അത് കുപ്പികളില്‍ നിറയ്ക്കണം. ഓരോ ഭാഗത്തേക്ക് അയച്ചു കൊടുക്കണം ''.

'' അപ്പോള്‍  നാരായണന്‍ നായരുടെ ഫോട്ടോ ''.

'' നരച്ച തലടെ ഫോട്ടോ ഇന്നെടുക്കും. ബുധനാഴ്ച എണ്ണതേച്ച ഫോട്ടോവും. അതു കഴിഞ്ഞാല്‍ പരസ്യം കൊടുക്കും ''.

പരസ്യങ്ങള്‍ വന്നു തുടങ്ങിയതോടെ മാണിക്കന് ആവേശമായി. ദിവസങ്ങള്‍ ഓടി മറഞ്ഞു. മാണിക്കനെ കാണാനേ കിട്ടാറില്ല. അത്രയ്ക്ക് തിരക്കാണ് അവന്.

'' കച്ചവടം എങ്ങിനെ '' ഒരു ദിവസം കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു.

'' ആദ്യം ഉണ്ടാക്കിയത് തീരാറായി. ഇനി ഉണ്ടാക്കണം '' അവന്‍ പറഞ്ഞു '' അതോടൊപ്പം കഷണ്ടിക്ക് ഒരു മരുന്നുകൂടി ഇറക്കുന്നുണ്ട് ''.

'' കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ല എന്നല്ലേ പഴഞ്ചൊല്ല് ''.

'' അതൊക്കെ അന്തക്കാലം. ഇന്ന് ഏതിനും മരുന്നുണ്ട്. അതിനുള്ള കുറിപ്പടിയും വാങ്ങിക്കഴിഞ്ഞു ''.

'' ശരി. നന്നാവട്ടെ '' ഞാന്‍ അനുഗ്രഹിച്ചില്ല എന്ന് വരരുതല്ലോ.

'' പണി പാളി '' അടുത്ത തവണ കണ്ടതും മാണിക്കന്‍ അറിയിച്ചു.

'' എന്തേ '' ഞാന്‍ തിരക്കി.

'' ആദ്യത്തെ കുപ്പി മരുന്ന് തേച്ചതോടെ നായരുടെ മുടി കൊഴിയാന്‍ തുടങ്ങി. ഇപ്പോള്‍ ആളുടെ തലയില്‍ ഒറ്റമുടിയില്ല ''.

'' നിങ്ങള് കഷണ്ടിക്ക് മരുന്ന് ഉണ്ടാക്കുന്നില്ലേ. അതിന്‍റെ പരസ്യത്തിന്ന് വേറെ ഒരാളെ അന്വേഷിക്കാതെ കഴിഞ്ഞല്ലോ '' അല്‍പ്പം പരിഹാസത്തോടെ ഞാന്‍ പറഞ്ഞു '' ഒരു തവണ ഉപയോഗിച്ചാല്‍ നരച്ച ഒരുമുടി പോലും ഉണ്ടാവില്ല എന്നല്ലേ നിങ്ങള് പരസ്യം ചെയ്തത്. ഇനി ആ പരസ്യത്തില്‍നിന്ന് നരച്ച എന്ന വാക്ക് നീക്കിക്കോ ''.

'' വെറുതെ കളിയാക്കാതെടാ. അല്ലെങ്കിലേ മനസ്സമാധാനം ഇല്ലാണ്ടായി ''.

'' അതുപോട്ടെ, നീ നായരെ കണ്ട്വോ. അയാള്‍ ഒന്നും പറഞ്ഞില്ലേ ''.

'' എന്‍റെ കണ്ണിലവനെ കാണട്ടെ. ഒറ്റവെട്ടിന്ന് കൊല്ലും എന്നും പറഞ്ഞ് നടപ്പാണ് ആ ദുഷ്ടന്‍ ''.

'' ഒരു പരീക്ഷണം എന്ന നിലയ്ക്ക് കഷണ്ടിക്കുള്ള മരുന്ന് അയാളുടെ തലയില്‍ തേച്ചു നോക്കാം.മുടി മുളച്ചു വന്നാല്‍ അയാളെക്കൊണ്ടുള്ള പ്രശ്നം തീരില്ലേ ''.

'' എന്നിട്ടു വേണം അയാള് തലപൊട്ടി ചത്തിട്ട് എനിക്ക് അഴിയെണ്ണാന്‍ '' അവന്‍റെ സ്വരത്തില്‍ നിരാശ കലര്‍ന്നിരുന്നു.

Wednesday, December 11, 2013

കോഴിവേയ്സ്റ്റ്.


'' ഉങ്ങിൻറെ ചോട്ടിലല്ലേ നീ ദിവസവും ബസ്സുകാത്തു നിൽക്കാറ് '' വൈകുന്നേരം വീട്ടിലേക്ക് വരുന്നവഴി മാണിക്കനെ കണ്ടതും അവൻ ചോദിച്ചു.

'' അതെ '' ഞാൻ പറഞ്ഞു '' അതല്ലേ എനിക്ക് സൗകര്യം '' പെട്രോൾവില അടിക്കടി കൂടി തുടങ്ങിയതോടെ പാരലൽ കോളേജിലേക്കുള്ള യാത്രയ്ക്ക് സ്കൂട്ടർ എടുക്കാതായി. വളരെ അത്യവശ്യമായി എവിടേക്കെങ്കിലും പോവുമ്പോഴേ അത് എടുക്കാറുള്ളു. ബാക്കി യാത്രകൾ മുഴുവൻ ബസ്സിലാണ്. മുമ്പ് ബസ്സുകാത്ത് നിന്നിരുന്ന ഉങ്ങിൻ ചുവട്ടിൽ തന്നെയാണ് വീണ്ടും കാത്തുനിൽപ്പ് തുടങ്ങിയത്.

'' എന്നിട്ട് നിനക്കവിടെ എന്തെങ്കിലും തോന്നിയോ ''.

'' ഏയ്. എനിക്കൊന്നും തോന്നിയില്ല ''.

'' എന്നാലേ നിൻറെ മൂക്കിന്ന് എന്തോ കേടുണ്ട് '' അവൻ പറഞ്ഞു '' നാറീട്ട് ഒരു മനുഷ്യൻ അവിടെ നിൽക്കില്ല ''.

അതു ശരിയാണ്. കുറച്ചു ദിവസങ്ങളായി ബസ്സ് സ്റ്റോപ്പ് പരിസരം വല്ലാത്തൊരു ദുർഗന്ധം പടർന്ന അവസ്ഥയിലാണ്. വാഹനമിടിച്ച് ചത്ത നായയേയോ പൂച്ചയേയോ ആരെങ്കിലും പാതച്ചാലിനപ്പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ടാവും, അല്ലെങ്കിൽ പാമ്പോ മറ്റോ ചത്തു കിടപ്പാവും എന്നൊക്കെ കരുതിയിരുന്നു.

'' ശരിയാണ്. എന്തോ ഒരു നാറ്റം തോന്നീട്ടുണ്ടായിരുന്നു. ചത്ത നായിനേയോ, പൂച്ചയേയോ പാമ്പിനേയോ ആരെങ്കിലും അതിനടുത്ത് ഇട്ടിട്ടുണ്ടാവും '' ഞാൻ പറഞ്ഞു.

'' വിവരക്കേട് പറയാതെടാ. ദിവസവും നായയും പൂച്ചയും വണ്ടിക്ക് ഊടു കൊടുക്ക്വാണോ. നിത്യവും തല്ലിക്കൊല്ലാൻ മാത്രം പാമ്പുണ്ടോ ഈ നാട്ടില്.  ഇത് അതൊന്ന്വോല്ല. ആരോ കോഴിടെ വേയ്സ്റ്റ് വലിച്ചെറിയുന്നതാണ് ''.

'' ആരായാലും വല്ലാത്ത ദ്രോഹമാണ് ചെയ്യുന്നത്. മൂക്ക് പൊത്തിയിട്ടാ ആളുകള് അവിടെ നിൽക്കുന്നത് ''.

'' എന്നിട്ട് ആരെങ്കിലും ഇത് തടയാൻ വല്ലതും ചെയ്തിട്ടുണ്ടോ. ഇല്ല. ഒരാളും ചെയ്യില്ല ''.

'' ആരാന്ന് അറിഞ്ഞാലല്ലേ വല്ലതും ചെയ്യാൻ പറ്റു ''.

'' എന്തു ചെയ്യും എന്നാ നീ പറഞ്ഞോണ്ട് വരുന്നത് ''.

'' പഞ്ചായത്ത് ആപ്പീസില് ഒരു പരാതി കൊടുക്കാലോ ''.

'' എന്നിട്ട് അവരത് വലിച്ചു കീറി കുപ്പത്തൊട്ടിയിലിടും. അല്ലാണ്ടെ ഒന്നും ഉണ്ടാവില്ല ''.

'' പിന്നെന്താ ചെയ്യുക ''.

'' നാലഞ്ച് കോഴിക്കടകളില്ലേ ഇവിടെ. ആരാ ഈ പരിപാടി ചെയ്യുന്നത് എന്ന് നോക്കട്ടെ. എന്നിട്ടാവും ബാക്കി ''.

'' അതെങ്ങിനെ അറിയും ''.

'' അതിനാണോ പ്രയാസം. ഇന്നുരാത്രി ഞാൻ ഉറങ്ങാതെ അവിടെ ഒളിച്ചുനിൽക്കും. ആളെ മനസ്സിലായാൽ ഞാൻ നിന്നെ മൊബൈലിൽ വിളിക്കും. മൂടിപ്പുതച്ച് കൂർക്കം വലിക്കാതെ വേഗം എണീറ്റ് വരണം ''.

ഞാനത് സമ്മതിച്ചു. പറഞ്ഞത് കേട്ടില്ല എന്നു വരുത്തരുതല്ലോ.

രാത്രി മൊബൈൽ അടിച്ചതും എഴുന്നേറ്റു. ഉറക്കം പിടിക്കാഞ്ഞതു ഭാഗ്യം. നേരത്തെ വീട്ടിൽ പറഞ്ഞിരുന്നതുകൊണ്ട് സ്കൂട്ടർ എടുത്തപ്പോൾ അച്ഛനും അമ്മയും എതിർത്തില്ല. ഉങ്ങിൻ ചുവട്ടിലെത്തിയപ്പോൾ മാണിക്കനെ കൂടാതെ പത്തിരുപത് പേരുണ്ട്.

'' എടാ, ആളെ പിടി കിട്ടി '' മാണിക്കൻ പറഞ്ഞു '' പാലത്തിൻറടുത്ത് പുതുതായി തുടങ്ങിയ കോഴിക്കടയിലെ ചെക്കനാണ് ഈ പണി പറ്റിക്കുന്നത് ''.

'' ഇനിയെന്താ ചെയ്യാൻ പോണത് '' ഞാൻ ചോദിച്ചു.

'' ഇവിടെ കിടക്കുന്ന സകല വേയ്സ്റ്റും നമ്മള് പെറുക്കിയെടുക്കും. എന്നിട്ട് എല്ലാവരും കൂടി അവൻറെ വീട്ടിലേക്ക് പോണം. ബാക്കി ഞാൻ അവിടെവെച്ച് കാട്ടിത്തരാം ''.

മാണിക്കൻറെ നേതൃത്വത്തിൽ പരിസരത്തു കണ്ട കോഴിവേയ്സ്റ്റ് നിറച്ച ക്യാരീബാഗുകൾ ഒരു കീറ ചാക്കിലാക്കി. അതും ചുമന്ന് മാണിക്കൻ മുമ്പിലും മറ്റുള്ളവർ പിന്നിലുമായി ഒരു ഘോഷയാത്രപോലെ നീങ്ങി. ഇടയ്ക്ക് സ്കൂട്ടർ ഓടിച്ചും ഇടയ്ക്ക് നിർത്തിയും അവരെ ഞാൻ അനുഗമിച്ചു.

കോഴിക്കടക്കാരൻറെ വീടെത്തി. ചാക്കിലെ കോഴിവേയ്‌സ്റ്റെടുത്ത് മുറ്റത്ത് അവിടവിടെയായി മാണിക്കൻ വിതറി. എന്നിട്ട് കോളിങ്ങ്ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തി. പുറത്തെ ബൾബ് പ്രകാശിച്ചു. വാതിൽ തുറന്ന് വീട്ടുകാരൻ പുറത്തു വന്നു.

'' എന്താ എല്ലാവരും കൂടി ഈ നേരത്ത് '' പരിഭ്രമത്തോടെ അയാൾ ചോദിച്ചു.

'' നിങ്ങളുടെ കോഴിക്കടയിലെ വേയ്‌സ്റ്റ് ബസ്സ് സ്റ്റോപ്പിലിട്ട് ആളുകളെ ദ്രോഹിക്കുകയാണ് '' മാണിക്കൻ പറഞ്ഞു '' ഇന്ന് ഞങ്ങളത് പെറുക്കി ഈ മുറ്റത്ത് ഇട്ടിട്ടുണ്ട്. ഇനി മേലാൽ ഇതേ പരിപാടി ചെയ്താൽ ഞങ്ങളത് പെറുക്കി കൊണ്ടുവന്ന് നിങ്ങളുടെ കിണറ്റിൽ ഇടും ''.

അയാൾ എന്തെങ്കിലും പറയുന്നതിന്നുമുമ്പ് '' നിങ്ങള് വരിൻ '' എന്നും പറഞ്ഞ് മാണിക്കൻ നടന്നു തുടങ്ങി, പുറകെ ഞങ്ങൾ അനുയായികളും.

Friday, November 30, 2012

ആള്‍ദൈവത്തിന്‍റെ തിരുമുമ്പില്‍.


'' എന്താടാ, ഇന്ന് ഇങ്ങിനെയൊരു വേഷം '' പുറത്തു നിന്ന് അമ്മയുടെ ഒച്ച കേട്ടതും ഞാന്‍ എണീറ്റ് വെളിയിലേക്ക് നോക്കി. മുറ്റത്ത് മാണിക്കന്‍ നില്‍ക്കുന്നു. കാവി മുണ്ടും അതേ നിറത്തിലുള്ള ഒരു ജുബ്ബയുമാണ് വേഷം, തോളില്‍ ഒരു കാവിത്തോര്‍ത്തുമുണ്ട് ഇട്ടിട്ടുണ്ട്. വിരസമായ പൊട്ട സിനിമ കാണുന്നതിനേക്കാള്‍ നല്ലത് അവന്‍റെ വിശേഷങ്ങള്‍ കേള്‍ക്കുന്നതാണ്. ടി.വി. ഓഫ് ചെയ്ത് ഞാന്‍  പുറത്തേക്ക് നടന്നു.

'' കാര്യൂണ്ട് തമ്പുരാട്ട്യേ '' അവന്‍ പറഞ്ഞു '' ഈ വരുന്ന ഞായറാഴ്ച നമ്മടെ അമ്പലത്തില് സ്വാമിജി വരുന്നുണ്ട് ''.

'' അതിന് നീ എന്തിനാ ഈ വേഷം കെട്ടുണത് ''.

'' സ്വാമിജിയെ സ്വീകരിക്കാനുള്ള കമ്മിറ്റിയിലെ ആളുകളുടെ വേഷം ഇതാണ്, ഞാനൂണ്ട് സ്വീകരണ കമ്മിറ്റിയില്‍  ''.

'' അത് പ്രത്യേകിച്ച് പറയണോ. ചുക്കില്ലാത്ത കഷായം ഇല്ലാ എന്ന് പറയിണ മാതിരി നീയില്ലാത്ത എന്തെങ്കിലും പരിപാടിയുണ്ടോടാ ഈ നാട്ടില് ''.

'' തമ്പുരാട്ട്യേ. ഏതു നല്ല കാര്യത്തിനും മനസ്സറിഞ്ഞ് സഹകരിക്കണം. മനുഷ്യനായാല്‍ ചെയ്യണ്ടത് അതല്ലേ. ഞാനും  അതേ ചെയ്യുണുള്ളു  ''.

'' അതിനൊന്നും ആരും കുറ്റം പറയില്ല. അതു പോട്ടെ. ഏതാ ഈ സ്വാമിജി. വല്ല കള്ള സന്യാസീം ആണോ ''.

'' തമ്പുരാട്ട്യേ. വേണ്ടാത്ത ഓരോന്ന് പറഞ്ഞ് ദൈവകോപം വരുത്തണ്ടാ. ഈ സ്വാമിജി ആരാണെന്നാ വിചാരം. ഭൂമീലുള്ള മനുഷ്യന്മാരുടെ സങ്കടം തീര്‍ക്കാന്‍ ദൈവം സ്വാമിടെ വേഷത്തില്‍ ലോകത്തേക്ക്  വന്നതാണത്രേ ''.

'' അതൊക്കെ വെറുതെ പറയിണതാവും. ഇന്നു കാലത്ത് എവിടെ നോക്ക്യാലും തട്ടിപ്പല്ലേ ഉള്ളു ''.

'' അങ്ങിനെയാച്ചാല്‍ ആയിരക്കണക്കിന് ആളുകള് ദിവസൂം സ്വാമിജിയെ തൊഴുകാന്‍ ചെല്ലുന്നതോ. ഓരോരുത്തരുക്ക് ഉണ്ടായ അനുഭവങ്ങള്‍ കേട്ടാല് നമുക്ക് ആശ്രമത്തിന്ന് പോരാന്‍ തോന്നില്ല ''.

'' നിന്‍റെ സ്വാമിയാരെ തൊഴുതിട്ട് ആരെങ്കിലും ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് പോയോ ''.

'' അതെനിക്ക് അറിയില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ പറയാം '' അവന്‍ പറഞ്ഞു തുടങ്ങി.

'' ടൌണിലെ സ്വര്‍ണ്ണക്കടക്കാരന്‍റെ മകന് ക്യാന്‍സര്‍ വന്നു. അതും ഒരേ ഒരു മകന്‍. ഇട്ടു മൂടാനുള്ള സ്വത്തുണ്ട് അയാള്‍ക്ക്. ചെക്കനാണെങ്കില്‍ എഞ്ചിനീയറിങ്ങിന് പഠിക്കാന്‍ ചേര്‍ന്നിട്ടേയുള്ളു. ഒരു പനി വന്നപ്പോള്‍ നോക്കാന്‍ ചെന്നതാ. അപ്പോഴാണ് വിവരം അറിയിണത്. പറഞ്ഞിട്ടെന്താ. കാര്യം കൈകടന്നു. ഇനി ഒന്നും ചെയ്യാനില്ല, ഏറിയാല്‍ ഒരു മാസം എന്നു പറഞ്ഞ് തിരിച്ചയച്ചതാ '' അവന്‍ പറച്ചില്‍ നിര്‍ത്തി. ഞങ്ങള്‍ മുള്‍മുനയില്‍ നില്‍ക്കുന്ന അവസ്ഥയിലായി.

'' എന്താ നിര്‍ത്ത്യേത്. ബാക്കീം കൂടി പറ '' അമ്മ പ്രോത്സാഹിപ്പിച്ചു.

'' അയാളും ഭാര്യയും കൂടി വന്ന് സ്വാമിജിയുടെ കാലില്‍ കെട്ടിപ്പിടിച്ച് ഒരേ കരച്ചില്‍. ഭക്തന്മാരുടെ സങ്കടം അറിയിണ ആളല്ലേ സ്വാമിജി. അയമ്മടെ തലേല് കൈ വെച്ച് മുക്കാല്‍ മണിക്കൂറ് ഒരേ ജപം. എന്നിട്ട് ഒരു ഭസ്മം പൊതിഞ്ഞു കൊടുത്തിട്ട് പത്തു ദിവസം അതില്‍ നിന്ന് ഓരോ നുള്ള് എടുത്ത് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കൊടുക്കാന്‍ പറഞ്ഞു. അത്രേന്നെ '' അവന്‍ വീണ്ടും നിര്‍ത്തി. '' മുഴുവന്‍ പറയെടാ മാണിക്കാ '' അമ്മയ്ക്ക് ഉത്സാഹമായി.

'' എന്താ ഞാന്‍ പറയണ്ട്. അവന്‍റെ സൂക്കട് പറ്റെ മാറി. ഇപ്പൊ കോളേജിലേക്ക് പോണുണ്ട്. അതിലും കൂടിയ സംഗതിയല്ലേ കോളേജിലെ ടീച്ചറുടെ '' അവന്‍ അടുത്ത കഥയിലേക്ക് നീങ്ങിത്തുടങ്ങി.

'' അതും കൂടി പറ. കേക്കട്ടെ ''.

'' തെക്ക് എവിടുന്നോ വന്ന ആളാണ് ടീച്ചറ്. വലിയ ബംഗ്ലാവും കാറും ഒക്കെയുണ്ട്. മൂപ്പത്ത്യാരുടെ ഭര്‍ത്താവാണെങ്കില്‍ വല്യേ ഉദ്യോഗസ്ഥന്‍. പക്ഷെ മക്കളില്ല. അയമ്മക്ക് വയസ്സ് അമ്പത്തി നാല്. ഈ ജന്മം കുട്ടികളുണ്ടാവില്ല എന്ന് കരുത്യേതാണ് അവര്. ഭാഗ്യത്തിന് സ്വാമിജിയെ കാണാന്‍ തോന്നി ''.

'' എന്നിട്ട് ''.

'' എന്നിട്ടെന്താ. അയമ്മ ഇരട്ട പെറ്റു. നമ്മടെ നാണുക്കുട്ടന്‍ നായരുടെ മകന്‍റെ കഥ തമ്പുരാട്ടിക്ക് അറിയില്ലേ ''.

'' എന്താ. എനിക്കൊന്നും അറിയില്ല ''.

'' കടം വന്ന് മുടിഞ്ഞ് തീവണ്ടിടെ മുമ്പില്‍ ചാടി ചാവാന്‍ പോയതാ. ആരോ കണ്ടതോണ്ട് ചത്തില്ല. വിവരം അറിഞ്ഞ സ്വാമിജിയുടെ ഒരു ശിഷ്യന്‍ കയ്യോടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.  ഒരു മാസം മൂപ്പര് അവിടെ കൂടി. മടങ്ങി വന്ന് പത്ത് ദിവസം കഴിഞ്ഞതേയുള്ളു, കേരള ലോട്ടറിടെ ഒന്നാം സമ്മാനം കിട്ടി. പേപ്പറില്‍ അയാളുടെ ഫോട്ടോ വന്നത് കണ്ടില്ലേ ''.

'' വല്ല സിദ്ധീം ഉണ്ടാവും സ്വാമിക്ക് '' അമ്മയ്ക്ക് വിശ്വാസം വന്നതുപോലെ തോന്നി.

'' ഉണ്ടാവും എന്നല്ല ഉണ്ട്. തമ്പുരാട്ടിക്ക് എന്തെങ്കിലും വേണച്ചാല്‍ സ്വാമിജിയെ നേരെ ചെന്നു കണ്ട് പറഞ്ഞാല്‍ മതി. സംഗതി നടക്കും ''.

'' എനിക്ക് അങ്ങിനെ വലിയ കാര്യോന്നൂല്യാ. ഇവന് നല്ല ഒരു ജോലി കിട്ടണം. പിന്നെ വാതത്തിന്‍റെ ഉപദ്രവം ഉള്ളത് മാറി കിട്ടിയാല്‍ നന്ന്. അത്രേ എനിക്ക് മോഹൂള്ളു ''.

'' ഇതൊക്കെ സിമ്പിളല്ലേ. സ്വാമിജിടെ അടുത്തു ചെന്ന് അപേക്ഷിച്ചോളൂ. അദ്ദേഹം ഒന്ന് നോക്ക്യാല്‍ മതി, കാര്യം സാധിക്കും ''.

'' നല്ല തിരക്കുണ്ടാവില്ലേടാ അവിടെ. വന്നിട്ട് കാണാതെ മടങ്ങണ്ടി വര്വോ ''.

'' ഞാനില്ലേ അവിടെ. പുറപ്പെടുമ്പോള്‍ മൊബൈലില്‍ ഒന്ന് വിളിച്ചു പറഞ്ഞാല്‍ മതി. ഞാന്‍ കാത്തു നിന്ന് കൂട്ടിക്കൊണ്ടുപോവാം ''.

'' പോവുമ്പൊ നിങ്ങള് കമ്മിറ്റിക്കാര്‍ക്ക് സംഭാവന വല്ലതും തരേണ്ടി വര്വോ ''.

'' ഒരു പൈസ ആ വിഷയത്തില്‍ ചിലവ് വരില്ല. അഞ്ഞൂറ്റൊന്നോ, ആയിരത്തി ഒന്നോ ഉറുപ്പികയും അഞ്ചാറ് വെറ്റിലയും ഒരു പഴുക്കടയ്ക്കയും കൂടി സ്വാമിജിയുടെ കാല്‍ക്കല് ദക്ഷിണ വെച്ചോളൂ. വേണച്ചാല്‍ ആപ്പിളോ, ഓറഞ്ചോ. പൂവന്‍പഴോ ഒക്കെ കാല്‍ക്കല്‍ വെക്കാം. ഒരു പാത്രം തിളപ്പിച്ച പാലും കൂടിയായാല്‍ ഉത്തമായി ''.

വൈകുന്നേരം അമ്മ അച്ഛനോട് വിവരങ്ങള്‍ പറയുന്നത് കേട്ടു. അച്ഛന്‍ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്.

'' എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളൂ, ഞാന്‍ മുടക്കം പറഞ്ഞു എന്ന് വരണ്ടാ '' എന്നും പറഞ്ഞ്  അച്ഛന്‍ കയ്യൊഴിഞ്ഞു. 

ഞായറാഴ്ച ഞാന്‍ കുളിച്ചെത്തുമ്പോഴേക്കും അമ്മ  ഒരുങ്ങി നില്‍പ്പാണ്.

'' നേരം എത്രയായി എന്ന് നിനക്ക് വല്ല നിശ്ചൂണ്ടോ. ഇപ്പോത്തന്നെ മകരവിളക്ക്  കാണാനുള്ളത്ര ആളുണ്ടാവും അമ്പലത്തില്. വേഗം പുറപ്പെട് '' അമ്മ ധൃതി കൂട്ടി. '' നിന്‍റെ സ്കൂട്ടര്‍ എടുത്തോ. വേഗം എത്തണ്ടതാ '' ആദ്യമായിട്ട് അമ്മ സ്കൂട്ടറില്‍ കയറി.

അമ്പല മുറ്റം ജന നിബിഡമായിരുന്നു. മാണിക്കന്‍ ഉള്ളതിനാല്‍ പെട്ടെന്ന് ദര്‍ശനം ലഭിച്ചു. അമ്മ കാഴ്ച ദ്രവ്യങ്ങളും ദക്ഷിണയും സമര്‍പ്പിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചു.

'' വരുന്ന മണ്ഡലമാസം ആവുമ്പോഴേക്കും എല്ലാം ശരിയാവും '' സ്വാമിജി അനുഗ്രഹിച്ചു. അമ്മയുടെ വാതകടച്ചില്‍ മാറാന്‍ വേണ്ടി ദേഹത്ത് പുരട്ടാനായി നല്ലെണ്ണ ജപിച്ച് തരികയും ചെയ്തു. ആ എണ്ണ പുരട്ടിയതോടെ അമ്മയുടെ വേദന കുറഞ്ഞു.

'' എന്നാലും ഒരു മഹാന്‍ തന്നെ. എത്ര മരുന്നു കുടിച്ചു, കുഴമ്പും തൈലവും പുരട്ടി. എന്നിട്ടൊന്നും മാറാത്ത വാത കടച്ചിലല്ലേ സ്വാമി ജപിച്ചു തന്ന നല്ലെണ്ണ പുരട്ട്യേതോടെ മാറിയത് '' അമ്മ സന്തോഷം കണ്ടു മുട്ടുന്നവരോടൊക്കെ പറഞ്ഞു. മണ്ഡലമാസം കഴിഞ്ഞിട്ടും ജോലിയുടെ കാര്യം ഒന്നുമായില്ല. ഞാനത് മാണിക്കനോട് പറഞ്ഞു.

'' നീ മിണ്ടാതിരിക്ക്. മേട മാസത്തിന്ന് മുമ്പ് സ്വാമിജി ഒന്നുകൂടി നമ്മുടെ അമ്പലത്തില്‍ വരുന്നുണ്ട്. അപ്പോള്‍ നിന്‍റെ കാര്യം പ്രത്യേകം പറഞ്ഞു ശരിയാക്കാം '' അവന്‍ ഉറപ്പു നല്‍കി.

പക്ഷെ അത് വേണ്ടി വന്നില്ല. അതിനു മുമ്പ് സ്വാമിജി തട്ടിപ്പുകേസ്സില്‍ കുടുങ്ങി അകത്തായി.

Wednesday, August 29, 2012

ഓണക്കോടി.

ഓണത്തിന്ന് രണ്ടു ദിവസം മുമ്പേ എത്തുകയുള്ളു എന്ന് മാണിക്കന്‍ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. അങ്ങിനെയാണെങ്കില്‍ ഇന്ന് എത്തേണ്ടതാണ്. സന്ധ്യയാവാറായിട്ടും ആളടെ അഡ്രസ്സ് ഇല്ല. പതിവു മട്ടില്‍ ഒന്നു പറഞ്ഞ് വേറൊന്ന് ചെയ്യുന്ന ഏര്‍പ്പാട് തന്നെയാവും.


ഇടവപ്പാതി തുടങ്ങുന്നതിന്ന് കുറെമുമ്പ് മാണിക്കന്‍ ഉടുമലപ്പേട്ടയിലേക്ക് പോയതാണ്. നാട്ടില്‍ പണി ഇല്ലാഞ്ഞിട്ടല്ല. അന്നന്ന് കിട്ടുന്ന പണം അന്നന്നു തന്നെ ചിലവാകുന്നു. ഓണം ആവുമ്പോഴേക്ക് കുറെ പണം ഉണ്ടാക്കണം. ചെട്ടിയാരുടെ കൃഷിസ്ഥലത്താണെങ്കില്‍ പിടിപ്പത് പണിയുണ്ട്. '' നീ എന്‍ കൂടെ വാടാ മാണിക്കാ '' എന്ന് ചെട്ടിയാര്‍ നാട്ടില്‍ വന്നപ്പോള്‍ പറഞ്ഞു. രണ്ട് രണ്ടര മാസം അവിടെ കഴിച്ചു കൂട്ടി ഓണത്തിന് കുറെ പണവുമായി എത്താം. യാത്ര പോവുന്നതിതിന്‍റെ തലേന്നാള്‍ അവന്‍ വീട്ടില്‍ വന്ന് ഇതൊക്കെ പറഞ്ഞിരുന്നതാണ്.


രാത്രി ഊണു കഴിക്കുമ്പോഴും മാണിക്കന്‍റെ ഓര്‍മ്മതന്നെയാണ് മനസ്സില്‍.


'' തന്‍റെ കൂട്ടുകാരന്‍ വന്ന്വോടോ '' എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.


'' വിചാരിച്ച മട്ടില്‍ അവന് വരാന്‍ പറ്റീട്ടുണ്ടാവില്ല '' അമ്മ ആരോടെന്നില്ലാതെ പറഞ്ഞു '' ചിലപ്പൊ നാളെ രാവിലെ ആള് ഇവിടെ ഉണ്ടാവും ''.


രാവിലെ കുളിക്കാന്‍ അമ്പലകുളത്തിലേക്ക് പുറപ്പെടുമ്പോള്‍ മാണിക്കന്‍ കേറി വരുന്നു.


'' നീ ഇന്നലെ എത്തുമെന്ന് പറഞ്ഞിട്ട് ? '' ഞാന്‍ ചോദിച്ചു.


'' നിന്‍റെ കയ്യില്‍ പണമുണ്ടെങ്കില്‍ ഇരുന്നൂറോ മുന്നൂറോ താ '' ചോദിച്ചതിനല്ല അവന്‍റെ മറുപടി.


'' എന്താ ഇത്ര അത്യാവശ്യം ''.


'' അതൊക്കെ പിന്നെ പറയാം . ഇപ്പൊ കാശുണ്ടെങ്കില്‍ എടുക്ക് ''.


ഞാന്‍ അകത്തു ചെന്ന് ഓണം ആഘോഷിക്കാന്‍ വെച്ചതില്‍ നിന്ന്അഞ്ഞൂറിന്‍റെ ഒരു നോട്ടുമായി വന്നു.


'' ഞാന്‍ കുറച്ചു കഴിഞ്ഞിട്ട് എത്താം '' അവന്‍ പണവുമായി പോയി. കുളിയും ആഹാരവും കഴിഞ്ഞ് ടി.വി. പരിപാടികളും കണ്ട് ഇരിക്കുമ്പോള്‍ മാണിക്കന്‍ വീണ്ടുമെത്തി.


'' ഇന്നലെ എന്താ വന്നില്ല '' ഞാന്‍ ചോദിച്ചു.


'' മിനിഞ്ഞാന്നന്നെ ഞാന്‍ പോന്നതാ. പക്ഷെ ഇവിടെ എത്തുമ്പൊ ഇന്ന് നേരം പുലര്‍ന്നു ''.


'' അതെന്താ. വഴിക്ക് വല്ല പ്രശ്നവും ? ''.


'' പ്രശ്നോന്ന്വല്ല. വേറൊരു സംഗതീണ്ടായി '' മാണിക്കന്‍ പറയാന്‍ തുടങ്ങി.


'' രണ്ട് മാസത്തില്‍ കൂടുതല്‍ പണി ചെയ്ത കൂലി കിട്ടാനുണ്ട്. താമസം ചെട്ടിയാരുടെ വീട്ടിലായതിനാല്‍ ചിലവൊന്നുമില്ല. ഒന്നു രണ്ട് പ്രാവശ്യം കുറച്ചു പണം വാങ്ങി അമ്മയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ആ പണം തട്ടി കിഴിച്ചാലും ബാക്കി ഇരുപത്തായ്യയിരം ഉറുപ്പികയില്‍ കൂടുതലുണ്ട്. ഓണത്തിന്ന് നാട്ടിലേക്ക് പോണ കാര്യം നേരത്തെ പറയും ചെയ്തിരുന്നു ''.


'' എന്നിട്ടെന്താ, അയാള് പണം തരാതെ ചിറ്റിച്ച്വോ ''.


''ഛേ. ചെട്ടിയാര്‍ അങ്ങിനത്തെ ആളല്ല. കണക്ക് പ്രകാരം തരാനുള്ള കാശ് തന്നു. വണ്ടിക്കൂലിക്ക് വെച്ചോ എന്നും പറഞ്ഞ് ആയിരം വേറേയും. കൂട്ടത്തില്‍ അയ്യായിരം ഉറുപ്പിക പ്രത്യേകം തന്നു വിട്ടു ''.


'' അതെന്തിനാ. ഓണ ചിലവിനോ ''.


'' അല്ലാടാ. ശബരിമലയ്ക്ക് പോണ വഴീല് തൃശൂര് കഴിഞ്ഞ് കുറെ പോവുമ്പൊ ഒരു അനാഥാലയം ഉണ്ട്. അവിടേക്ക് സംഭാവനയായിട്ട് തന്നു വിട്ട കാശാ അത്. മൂപ്പര് സ്ഥിരമായിട്ട് അവിടേക്ക് കൊടുക്കാറുള്ളതാ. തിരക്കിന്‍റെ എടേല് ഈ പ്രാവശ്യം വിട്ടുപോയി, ഓണായിട്ട് ആ പാവങ്ങള്‍ക്ക് കിട്ടിക്കോട്ടെ നീ കൊണ്ടുപോയി കൊടുക്ക് എന്നും പറഞ്ഞ് എന്‍റേല് തന്നയച്ചതാ ''.


'' എന്നിട്ട് ''.


'' അവിടെ ചെന്നു പണം കൊടുത്തു. അതന്നെ ''.


എന്തൊക്കേയോ അവന്‍ ഒളിപ്പിക്കുന്നതുപോലെ തോന്നി. ഇത്രയധികം പണം കിട്ടിയിട്ട് അവന്‍ എന്നോട് കടം ചോദിച്ചത് എന്തിനാണ്. പണം പോക്കറ്റടിച്ച് പോയി കാണുമോ. ഞാന്‍ അവനോട് എന്‍റെ സംശയം ചോദിച്ചു.


'' അനാഥാലയം എന്ന് പറയുന്നത് നമ്മള്- വിചാരിക്കുന്ന വിധത്തിലല്ല '' അവന്‍ പറഞ്ഞു '' അകത്ത് കേറി നോക്കുമ്പോഴല്ലേ കഥ അറിയൂ ''.


'' എന്തു കഥ ''.


'' അവിടെ താമസിക്കുന്ന മുക്കാലുംപേര്‍ക്ക് മക്കളും സന്തുബന്ധുക്കളും ഉണ്ട്. അമ്പലത്തില്‍ മാടിനേയോ കന്നിനേയോ നട തള്ളുന്ന മട്ടില് വയസ്സായോരെ അവിടെ കൊണ്ടു വിട്ട് മൂടും തട്ടി ഒറ്റപ്പോക്കാ എല്ലാരും. എന്നെങ്കിലും കാണാന്‍ ആരെങ്കിലും എത്തുമെന്ന് കരുതി ഇരിക്ക്യാണ് പലരും ''.


'' അതോണ്ട് നിനക്കെന്താ ''.


'' ഞാന്‍ ഓണത്തിന് വിട്ടിലേക്ക് പോരുന്നത് എന്തിനാ. എന്‍റെ അമ്മേനെ കാണാന്‍. അതിന് മുണ്ടും തുണീം വാങ്ങി കൊടുക്കാന്‍. ആ തള്ളമാര്‍ക്കും അങ്ങിനത്തെ മോഹം ഉണ്ടാവില്ലേടാ ''.


'' അതിനിപ്പൊ നമ്മള് എന്താ ചെയ്യാ ''.


'' മാണിക്കന്‍ ചെയ്തു. കയ്യിലെ കാശ് കൊടുത്ത് അവിടത്തെ എല്ലാവര്‍ക്കും തുണി വാങ്ങിക്കൊടുത്തു. ഇന്നലെ പകല്മുഴുവന്‍ അവരുടെ കൂടെ കൂടി. ഇനിയെപ്പോഴെങ്കിലും വരാന്ന് പറഞ്ഞ് പിരിയുമ്പോള്‍ അവരൊക്കെ കരഞ്ഞു, എനിക്കും കരച്ചില്‍ വന്നു ''.


ഞാന്‍ അവനെത്തന്നെ നോക്കി നിന്നു.


'' ഇവിടെ വരുമ്പൊ എന്‍റെ കയ്യില്‍ ഒരു ഉറുപ്പികയില്ല എടുക്കാന്‍. എനിക്കൊന്നും വേണ്ടാ. അമ്മയ്ക്ക് ഒരു മുണ്ട് വാങ്ങി കൊടുക്കണ്ടേ '' അവന്‍ ഒന്നു നിര്‍ത്തി വീണ്ടും പറഞ്ഞു '' അതാ നിന്നോട് കടം ചോദിച്ചത്. പണിക്ക് പോവാന്‍ തുടങ്ങിയാല്‍ ഞാന്‍ അത് തരാട്ടോ ''.


ഞാന്‍ ഒന്നും പറഞ്ഞില്ല. അവന്‍റെ കയ്യില്‍ മുറുകെ പിടിക്കുക മാത്രം ചെയ്തു.

Monday, October 10, 2011

ഏജന്‍റ്.

'' നിന്നെ കണ്ടിട്ട് ദിവസം കുറെ ആയല്ലോ. എന്താ നാട്ടില്‍ ഉണ്ടായിരുന്നില്ലേ '' മാണിക്കനെ കണ്ട ഉടനെ ഞാന്‍ ചോദിച്ചു. ഇടയ്ക്ക് എവിടേക്കെങ്കിലും മുങ്ങുന്ന ഒരു ശീലം അവനുണ്ട്. അതാണ് അങ്ങിനെ ചോദിച്ചത്.

'' എവിടീം പോയില്ല. ഇത്തിരി തിരക്കിലായിരുന്നു '' അവന്‍ പറഞ്ഞു.

'' ഓണകച്ചോടം പൊളിഞ്ഞപ്പോള്‍ നീ നാട് വിട്ടു എന്നാ ആളുകള് പറയുന്നത്. ശരിയാണോ അത് '' കേട്ട കാര്യം ഞാന്‍ പറഞ്ഞു.

'' പറയുന്നോരുടെ കാശൊന്നും ഞാന്‍ കളഞ്ഞിട്ടില്ലല്ലോ. പോവാന്‍ പറ അവരോട് ''മാണിക്കന് ദേഷ്യം വന്നു.

'' അത് പോട്ടെ. എന്താ ഇത്ര ദിവസം നിന്നെ കാണാഞ്ഞത് '' ഞാന്‍ വിഷയം മാറ്റി.

'' നമ്മടെ നാട്ടില് ഒരു നല്ല കാര്യം വരാന്‍ പോവുമ്പൊ മാറി നില്‍ക്കാന്‍ പാടുണ്ടോ. ആവുന്നത് പോലെ നമ്മള് സഹകരിക്ക്യാ. അതല്ലേ വേണ്ടത് ''. എന്നിട്ടും സംഗതി എന്താണെന്ന് അവന്‍ തെളിച്ച് പറയുന്നില്ല.

'' ഉള്ള കാര്യം ഉള്ളതുപോലെ പറയാതെ എനിക്ക് മനസ്സിലാവില്ല. എന്താന്നു വെച്ചാല്‍ തുറന്ന് പറ '' ഞാന്‍ ആവശ്യപ്പെട്ടു.

'' എടാ, നമ്മുടെ നാട്ടില് ഒരു ഫിനാന്‍സ് കമ്പിനി വരാന്‍ പോണു. പണം ഇടുന്ന ആളുകള്‍ക്ക് അവര് എത്രയാ പലിശ കൊടുക്ക്വാ എന്ന് അറിയ്യോ നിനക്ക് '' അവന്‍ ചോദിച്ചു.

'' അതെങ്ങിന്യാ എനിക്ക് അറിയ്യാ ''.

'' പണം ഇട്ടിട്ട് പതിനൊന്ന് മാസം തികഞ്ഞാല്‍ ഇട്ട പണത്തിന്‍റെ ഇരട്ടി സംഖ്യ കൊടുക്കും. പിന്നെ ഇഷ്ടംപോലെ സമ്മാനങ്ങളും ''.

അവന്‍ വിശദമായി പറയാന്‍ തുടങ്ങി. ആയിരം രൂപ ഇടുന്നോര്‍ക്ക് ഒരു ട്രേ. പത്തായിരം രൂപ ഇട്ടാല്‍ ഒരു പ്രഷര്‍ കുക്കര്‍. ഒരു ലക്ഷം ആണെങ്കില്‍ അര പവന്‍റെ സ്വര്‍ണ്ണ മോതിരം. അമ്പത് ലക്ഷത്തിന്ന് മീതെ ഒരു കാറ്. പക്ഷെ ചുരുങ്ങിയത് ആയിരം ഉറുപ്പിക ഇടണം. മോളിലേക്ക് എത്ര വേണച്ചാലും ആവാം.

'' ഇതൊക്കെ നീ എങ്ങിനെ അറിഞ്ഞൂ '' ഞാന്‍ ചോദിച്ചു.

'' കണ്ണു കെട്ടിയ കുതിരേനെ പോലെ നടന്നാല്‍ നാട്ടില് നടക്കിണതൊന്നും അറിയില്ല. അതാ നിന്‍റെ കുഴപ്പം. നോക്ക്, ഞാന്‍ കമ്പിനിടെ ഏജന്‍റ് ആവാന്‍ പോവ്വാണ് '' അവന്‍ പറഞ്ഞു.

'' അതിന്ന് പഠിപ്പ് വേണ്ടേ '' എനിക്ക് അത്ഭുതം തോന്നി.

'' പഠിപ്പും വേണ്ടാ, ഒരു പിണ്ണാക്കും വേണ്ടാ. കാര്യം പറഞ്ഞു മനസ്സിലാക്കി ആളുകളെക്കൊണ്ട് കമ്പിനീല് പണം ഇടീക്കാന്‍ കഴിയണം. അത്രേ വേണ്ടൂ ''.

'' എന്നാലോ ''

'' എന്നാലെന്താ. ആളുകള് കാശ് ഇടുന്നതിന്ന് അനുസരിച്ച് നമുക്ക് കമ്മിഷന്‍ കിട്ടും. അതും കുറച്ചൊന്ന്വോല്ല. നൂറ്റിന്ന് പത്തുറുപ്പിക. മാസം ഒരു ലക്ഷം ഉറുപ്പിക കമ്പിനിക്ക് ഉണ്ടാക്കി കൊടുത്താല്‍ പതിനായിരം നമ്മടെ കയ്യില്‍. അത് വാങ്ങി കള്ളു കുടിച്ച് വട്ടത്തിരിയുകയോ, കുടുംബത്തില് ചിലവിന് കൊടുക്കുകയോ എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം ''.

'' എവിടുന്നാ നീ മാസാമാസം ഒരു ലക്ഷം ഉണ്ടാക്കാന്‍ പോണത്. നമ്മുടെ നാട്ടില് അത്രയ്ക്ക് പണം ആരുടെ കയ്യിലാ ഉള്ളത് ''.

'' അങ്ങിനെ ചോദിക്കെട കുട്ടാ. പാവപ്പെട്ടോര്‍ക്ക് വേറെ സ്കീമുണ്ട്. ആയിരത്തി ഒരുന്നൂറ് ഉറുപ്പിക കൊടുത്താല് കമ്പിനി പതിനൊന്ന് കാര്‍ഡ് തരും. നമ്മള് പതിനൊന്ന് ആളുകളെ അത് വെച്ച് കമ്പിനീല് ചേര്‍ത്തി കൊടുത്താല്‍ മാത്രം മതി. നമ്മുടെ പണം അപ്പൊത്തന്നെ നമുക്ക് മടക്കിത്തരും. അതും പോരാഞ്ഞ് നമ്മുടെ പേരില് ആയിരം ഉറുപ്പിക ഡെപ്പോസിറ്റ് ചെയ്തതിന്‍റെ കടലാസും കയ്യില്‍ തരും. പിന്നെന്താ പതിനൊന്ന് മാസം കഴിയ്യല്ലേ വേണ്ടൂ. രണ്ടായിരം ഉറുപ്പിക കയ്യിലെത്തില്ലേ ''.

'' എന്തോ, നീ പറഞ്ഞതുപോലെ നടന്നാല്‍ നന്നായിരുന്നു '' ഞാന്‍ പറഞ്ഞു നിര്‍ത്തി.

'' ഇതന്നെ നിന്‍റെ കുഴപ്പം. ഒരു കാലത്തും സംശയം തീരില്ല '' അവന് ദേഷ്യം വന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ തിരക്കിലായിരുന്നു. നോട്ടീസ് വിതരണം ചെയ്യാനും, മൈക്ക് അനൌണ്‍സ്മെന്‍റിനും, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ബാനര്‍ കെട്ടാനും, നാട്ടിലെ പ്രമുഖന്മാരെ ഉല്‍ഘാടനത്തിന്ന് ക്ഷണിക്കാനുമായി അവന്‍ കമ്പിനിക്കാരോടൊപ്പം ഓടി നടക്കുകയായിരുന്നു.

ഉത്ഘാടനത്തിന്‍റെ തലേ ദിവസം അവന്‍ വീട്ടിലെത്തി. അമ്മ മുറ്റത്ത് കൊണ്ടാട്ടം പീച്ചുന്ന തിരക്കിലാണ്. ഉണ്ണിത്തണ്ടിന്‍റെ ചെറിയ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കിയ മാവ് അലക്കിയ മുണ്ടില്‍ നുള്ളിയിട്ടുകൊണ്ട് ഞാന്‍ അടുത്ത് ഇരിപ്പുണ്ട്.

'' തമ്പ്രാട്ട്യേ, നാളെ ഉച്ചയ്ക്ക് മുമ്പായിട്ട് ഞാന്‍ വരാം. പണം എന്‍റെ കയ്യില്‍ തന്നാല്‍ മതി. പൈസ ഇട്ടതിന്‍റെ കടലാസ്സ് ഉണ്ണാന്‍ പോവുമ്പൊ ഇവിടെ കൊണ്ടുവന്ന് തരും ചെയ്യാം '' അവന്‍ പറഞ്ഞു.

'' എന്താത് '' ചാരുകസേലയില്‍ പേപ്പര്‍ വായിച്ചിരുന്ന അച്ഛന്‍ തലയുയര്‍ത്തി ചോദിച്ചു.

'' കമ്പിനീല് പൈസ ഇടിണ കാര്യാണ് '' മാണിക്കന്‍ വലിയ അഭിമാനത്തോടെ പറഞ്ഞു.

'' ഏതു കമ്പിനീല് ''.

അവന്‍ സംഗതികള്‍ വിവരിച്ചു.

'' എത്രയാണ് താന്‍ ഇടാന്‍ ഉദ്ദേശിക്കുന്നത് '' ആ ചോദ്യം അമ്മയോടായിരുന്നു.

'' നിങ്ങളറിയാതെ എന്‍റേല് എവിടുന്നാ കാശ് '' അമ്മ പറഞ്ഞു തുടങ്ങി '' എന്‍റെ വലിയ ചങ്ങല പൊട്ടി കിടക്കുന്നത് കൊണ്ടു പോയി പണയം വെക്കണം. നാല് നാലര പവനുണ്ട്. ഇന്നത്തെ വിലയ്ക്ക് അമ്പതിനായിരം ഉറുപ്പിക കിട്ടില്ലേ. അത് കമ്പിനീല് ഇടണം. പതിനൊന്ന് മാസം കഴിഞ്ഞാല്‍ ഒരു ലക്ഷം കിട്ടും. ആ കാശില്‍ നിന്ന് പണയം വെച്ചത് എടുത്തിട്ട് ബാക്കിള്ളത് അവിടെത്തന്നെ ഇടും. അഞ്ചു കൊല്ലം കണ്ടില്ലാന്ന് നടിച്ച് അതില്‍ നിന്ന് ഒന്നും എടുക്കാതെ ഇരുന്നാല്‍ അത് പതിനഞ്ച് ലക്ഷം ഉറുപ്പികയെങ്കിലും ആവില്ലേ. മകള്‍ക്ക് ഒരു പെണ്‍കുട്ടി ഉള്ളത് മിടിച്ച നേരം കൊണ്ട് വളര്‍ന്ന് വലുതാവും. പെണ്ണിനെ കെട്ടിക്കാറാവുമ്പൊ നമുക്ക് ആ പണം ഗോപിക്ക് കൊടുക്കാം ''.

'' കൊശവന്‍ സ്വപ്നം കണ്ട മട്ടിലാണ് തന്‍റെ ആലോചന '' അച്ഛന്‍ ഉറക്കെ ചിരിച്ചു '' എന്തോ കുറച്ച് ദൈവാധീനം ഉള്ളതോണ്ട് ഞാന്‍ വിവരം അറിഞ്ഞു. ഇല്ലെങ്കില്‍ ഉള്ളതും പോയെന്‍റെ ളൊള്ളക്കണ്ണാ എന്നും പറഞ്ഞ് ഇരുന്നേന്നെ ''.

'' അത്ര മണ്ടത്തരമൊന്നും എനിക്ക് പറ്റില്ല '' അമ്മ തര്‍ക്കിച്ചു '' അറിയാത്ത ആരുടേം കയ്യിലല്ല ഞാന്‍ പണം കൊടുക്കുന്നത്. മാണിക്കന്‍റേലാ. അവന്‍ ഒരാളേം ചതിക്കില്ല ''.

'' അവന്‍ ചതിക്കുംന്ന് ഞാനും പറഞ്ഞിട്ടില്ല '' അച്ഛന്‍ പറഞ്ഞു '' പക്ഷെ അവന്‍റെ കമ്പിനിക്കാര് ചതിക്കും ''.

'' എന്താ നിങ്ങള്‍ക്ക് അത്ര ഉറപ്പ് ''.

'' ഒന്നാമത് പലിശടെ കാര്യം. ലോകത്ത് ആരും കൊടുക്കാത്ത പലിശയാണ് കമ്പിനിക്കാര് തരാമെന്ന് പറയുന്നത്. ഒരിക്കലും നടക്കാത്ത കാര്യം. നമ്മുടെ നാട്ടില് എത്ര ബാങ്കുകളുണ്ട്. ആരെങ്കിലും ഇമ്മാതിരി പലിശ കൊടുക്കുന്നുണ്ടോ ''.

'' അതല്ലേ കമ്പിനിടെ ഗുണം '' മാണിക്കന്‍ ഇടയ്ക്ക് കേറി പറഞ്ഞു.

'' നിന്നെ പറഞ്ഞിട്ട് കാര്യൂല്ല '' അച്ഛന്‍ പറഞ്ഞു '' തൊട്ടതൊക്കെ അബദ്ധത്തിലേ കലാശിക്കൂ. നിന്‍റെ തലേല് അങ്ങിനെയാണ് കുറിച്ചു വെച്ചിട്ടുള്ളത്. ഇനി പറയ്.ആരാ ഈ കമ്പിനിയുടെ ഉടമസ്ഥന്‍. എവിടെ നിന്നുള്ള ആള്‍ക്കാരാണ് അവര്. ഇത് വല്ലതും അറിയ്യോ നിനക്ക് ''.

'' അതൊന്നും എനിക്ക് അറിയില്ല. പക്ഷെ ഡീസന്‍റ് ആള്‍ക്കാരാണ് ''.

'' അതെങ്ങിനെ നിനക്ക് മനസ്സിലായി ''.

'' വേഷം കണ്ടാല്‍ അറിയില്ലേ ? നല്ല പാന്‍റും ഷര്‍ട്ടും ഷൂസും ആണ് കമ്പിനീലെ എല്ലാരും ഇടുണത്. അവരൊക്കെ ഇംഗ്ലീഷിലാ മൊബൈലില്‍ സംസാരിക്കാറ്. അങ്ങിനെ ഉള്ളവര് ആളുകളെ പറ്റിക്കാന്‍ നില്‍ക്ക്വോ ''.

'' ബുദ്ധിമാന്‍. സമ്മതിച്ചിരിക്കുന്നു '' അച്ഛന്‍ എഴുന്നേറ്റു '' എടാ പൊട്ടച്ചാരേ. ഈ വേഷം കെട്ടലൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാനാണ്. ഇതൊക്കെ കണ്ട് വിവരം കെട്ടോര് കയ്യിലുള്ളത് അവരെ ഏല്‍പ്പിക്കും. കുറെയധികം പണം കൈവശമെത്തിയാല്‍ അവര് ഒറ്റ മുങ്ങ് മുങ്ങും. നാട്ടുകാരുടെ കാശും പോവും. നിന്നെപോലത്തെ ഏജന്‍റുമാര്‍ക്ക് കേസും കോടതീം ആയി തിരിച്ചിലും ആവും. കമ്പിനിക്കാര് വേറെ ഏതെങ്കിലും സ്ഥലത്ത് വേറെ പേരില്‍ പുതിയ കമ്പിനി തുടങ്ങും ചെയ്യും ''.

'' അതൊക്കെ നിങ്ങള് ഊഹിച്ച് പറയിണതല്ലേ '' അമ്മ ചോദിച്ചു '' ജനങ്ങളെ മുഴുവന്‍ പറ്റിച്ച് ആരക്കെങ്കിലും ഈ ലോകത്ത് കഴിയാന്‍ സാധിക്ക്യോ ''.

'' പേപ്പറ് വരുത്തിണില്യേ. വല്ലപ്പഴും തുറന്ന് നോക്കണം . എന്തൊക്കെ തട്ടിപ്പാണ് നാട്ടില്‍ നടക്കുന്നത് എന്ന് അപ്പോഴറിയാം '' അച്ഛന്‍ പറഞ്ഞു '' അതെങ്ങിനെ. അടുക്കളയിലെ പണി തീര്‍ന്നതും ടി. വിടെ മുമ്പില്‍ ഇരുന്നോളും സീരിയല്‍ കാണാന്‍ ''.

'' എന്നെ കുറ്റം പറയുന്നുണ്ടല്ലോ. പേപ്പറ് നോക്കാറുള്ള നിങ്ങളുടെ മകന്‍ ഇങ്ങിനെ ഒരു കാര്യം ഇവിടെ മിണ്ടിയില്ലല്ലോ ''.

'' നല്ലൊരു യോഗ്യനെ കണ്ടു. സിനിമടെ പരസ്യൂം ക്രിക്കറ്റിന്‍റെ ന്യൂസും അല്ലാണ്ടെ വല്ലതും അയാള് നോക്കാറുണ്ടോ ''.

നാലഞ്ച് തട്ടിപ്പുകളുടെ വിവരണം അച്ഛന്‍ നല്‍കിയതോടെ അമ്മ പണം നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങി.

'' മാണിക്കാ ''അമ്മ പറഞ്ഞു '' ആന കിട്ടുംന്ന് വിചാരിച്ച് കയ്യിലുള്ള ചേന കളയാന്‍ ഞാനില്ല ''.

മാണിക്കന്‍റെ മുഖം വാടി. അവന്‍റെ ഉത്സാഹമൊക്കെ പോയി.

'' ഞാനെന്താ ചെയ്യേണ്ടത് '' അവന്‍ അച്ഛനോട് ചോദിച്ചു.

'' നീ ഈ വേണ്ടാത്ത പണിക്ക് നില്‍ക്കണ്ടാ '' അച്ഛന്‍ പറഞ്ഞു '' വല്ലവരുടേയും പണം വാങ്ങി കമ്പനിക്കാരുടെ കയ്യില്‍ കൊടുത്തിട്ട് അവര് അതുംകൊണ്ട് മുങ്ങിയാല്‍ ആര് സമാധാനം പറയും. ആരോടൊക്കെ നീ പണം ഇടാന്‍ പറഞ്ഞിട്ടുണ്ട് ''.

'' ഇവിടുത്തെ അമ്മടെ അടുത്ത് പറഞ്ഞപ്പോള്‍ അമ്പതിനായിരം ഇടാന്ന് സമ്മതിച്ചു, നമ്മടെ മാഷ് ഒരു ലക്ഷം ഉറുപ്പിക്യേം. അമ്മ ഇനി ഇടില്ല. മാഷോടും വേണ്ടാന്ന് പറയാം '' അവന്‍ പറഞ്ഞു '' എനിക്കതല്ല പേടി. ഞാന്‍ ഒരുപാട് ആള്‍ക്കാരോട് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും പണം ഇട്ടാല്‍ പുലിവാല് പിടിക്ക്വോലോ ''.

'' ഒന്നും ആലോചിക്കാതെ ഓരോന്നിന് ചാടി വീണാല്‍ ഇങ്ങിനെയൊക്കെ വരും '' അച്ഛന്‍ പറഞ്ഞു '' വേഗം ചെന്ന് എല്ലാവരോടും വിവരം പറഞ്ഞോ ''.

മാണിക്കന്‍ മൈക്ക് അനൌണ്‍സ്മെന്‍റിന്ന് പോയത് എനിക്ക് ഓര്‍മ്മ വന്നു.

'' അപ്പോള്‍ മൈക്ക് വെച്ച് പറഞ്ഞതോ '' ഞാന്‍ ചോദിച്ചു '' നാളെ അതും പ്രശ്നം ആവില്ലേ ''.

'' അങ്ങിനേയും ഒരു ഗുലുമാല് ഒപ്പിച്ചു വെച്ചിട്ടുണ്ടോ '' അച്ഛന്‍ അവനോട് ചോദിച്ചു. ഒന്നും പറയാതെ അവന്‍ തലയാട്ടുക മാത്രം ചെയ്തു.

'' അനുഭവിച്ചോ. അല്ലാതെ എന്താ പറയണ്ടത് '' അച്ഛന്‍ വീണ്ടും പേപ്പറിലേക്ക് പ്രവേശിച്ചു. കുറച്ചു നേരം കൂടി നിന്നിട്ട് മാണിക്കന്‍ പോയി. ഉത്ഘാടനത്തിന്ന് ഞാനും ചെന്നിരിന്നു. മാണിക്കന്‍ എന്‍റെ അടുത്തു വന്നു. അവന്‍ ഉഷാറിലാണ്.

'' ഞാന്‍ ഉണ്ടാക്കിയ കെണി ഞാന്‍ തന്നെ പൊട്ടിക്കും '' അവന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു.

രണ്ട് സ്കൂള്‍കുട്ടികള്‍ നാലുവരി പ്രാര്‍ത്ഥന ചൊല്ലി. കമ്പിനി മാനേജരുടെ സ്വാഗതവും, പഞ്ചായത്ത് മെമ്പറുടെ അദ്ധ്യക്ഷപ്രസംഗവും ഉത്ഘാടനവും കഴിഞ്ഞു. അടുത്തത് നന്ദി പ്രകടനമാണ്. മാണിക്കനാണ് ആ ദൌത്യം നിര്‍വ്വഹിക്കുന്നത്.

അവന്‍ പതിയെ മൈക്കിനടുത്തേക്ക് ചെന്നു. മൈക്കില്‍ വിരല്‍കൊണ്ട് രണ്ടു തവണ കൊട്ടി നോക്കി. പിന്നെ ഇങ്ങിനെ തുടങ്ങി.

'' പ്രിയപ്പെട്ട നാട്ടുകാരെ,

കമ്പിനിക്കാര്‍ നോട്ടീസ് അടിച്ച് ക്ഷണിച്ചതുകൊണ്ടും, എന്‍റെ അനൌണ്‍സ്മെന്‍റ് കേട്ടും ഇവിടെ എത്തിയ എല്ലാവര്‍ക്കും സ്വാഗതം. നിങ്ങളുടെ പണം കമ്പിനിയില്‍ ഇട്ടാല്‍ വേറെ എവിടേയും കിട്ടാത്ത പലിശ തരുമെന്ന് കമ്പിനിക്കാരോടൊപ്പം ഞാനും പറഞ്ഞിട്ടുണ്ട്. എനിക്ക് അവര് കൂലി തന്നു, ഞാന്‍ പറഞ്ഞു. അത് കേട്ട് നിങ്ങള്‍ പണം ഇടണം എന്ന് ഞാന്‍ പറയില്ല. ഒരു കാര്യം എല്ലാവരും മനസ്സിലാക്കിക്കോളിന്‍. നിങ്ങളുടെ പണവുമായി കമ്പിനിക്കാര് മുങ്ങിയാല്‍ ഞാന്‍ അതിന് ഉത്തരവാദിയാവില്ല. നിങ്ങള് ആലോചിച്ച് എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളിന്‍ ''.

എല്ലാവരും അമ്പരപ്പോടെ നോക്കുമ്പോള്‍ അവന്‍ ഇറങ്ങി നടന്നു.

Thursday, September 8, 2011

ഓണക്കച്ചോടം.

'' മേട്ടുപ്പാളയം വരെ ഒന്ന് പോയാലോ എന്ന് ആലോചിക്ക്യാണ് '' മാണിക്കന്‍ പറഞ്ഞപ്പോള്‍ എന്തോ ഉദ്ദേശം അതിലുണ്ടെന്ന് മനസ്സിലായി.

'' എന്തിനാ അങ്ങോട്ട് പോണത് '' ഞാന്‍ ചോദിച്ചു.

'' ഓണം അല്ലേടാ വരുണത്. കുറച്ച് പച്ചക്കറി മൊത്ത വിലയ്ക്ക് വാങ്ങി കൊണ്ടുവന്ന് കച്ചോടം ചെയ്താലോ എന്നൊരു തോന്നല് ''.

'' നന്നാവും '' ഞാന്‍ പറഞ്ഞു '' അല്ലെങ്കിലേ നാടുനീളെ ഓണച്ചന്തകളാണ്. അതിന്‍റെ ഇടയില്‍ നിന്‍റെ കച്ചവടത്തിന്‍റെ കുറവേ ഉള്ളു ''.

'' കുറെ സമ്പാദിക്കണം എന്ന് മോഹിച്ചിട്ടൊന്ന്വോല്ല. കുറഞ്ഞ വിലയ്ക്ക് നാട്ടുകാര്‍ക്ക് നല്ല സാധനം കൊടുക്കണം. കച്ചോടം ചെയ്യാണെങ്കില്‍ മാണിക്കന്‍ കച്ചോടം ചെയ്തതുപോലെ ചെയ്യണം എന്ന് നാളെ മേലാല് നാട്ടുകാര് പറയണം. എനിക്ക് അത്രേ വേണ്ടൂ '' അവന്‍ ഉദ്ദേശം വ്യക്തമാക്കി. സാധന വില, കടത്താനുള്ള ചിലവ്, ഒരാഴ്ചത്തെ കൂലി, ഇത്രയും കിട്ടിയാല്‍ ധാരാളം.

'' അതിന്ന് പണം വേണ്ടേ ''.

'' നറുക്ക് കിട്ടിയ പത്തായിരം ഉറുപ്പിക എന്‍റെ കയ്യിലുണ്ട്. വട്ടിക്കാരന്‍റെ കയ്യിന്ന് ഒരു അയ്യായിരം കടം വാങ്ങണം. അതൊക്കെ മതി '' മാണിക്കന്‍ ബഡ്ജറ്റ് അവതരിപ്പിച്ചു.

എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്ന് ഞാന്‍ ഏറ്റതോടെ അവന്‍ ഉഷാറായി.

'' കോളേജ് അടച്ചാല്‍ നീ ഒന്ന് എന്‍റെ കൂടെ നിക്കണം. തിരക്ക് വരുമ്പൊ പൈസ കണക്കാക്കി മേടിച്ചാ മതി '' അവന്‍ പറഞ്ഞു.

മാണിക്കന്‍ മേട്ടുപ്പാളത്തേക്ക് പോയില്ല. എവിടെ നിന്നൊ കുറെ പച്ചക്കറിയും നേന്ത്രക്കുലകളും വാങ്ങിച്ചു. ക്ലബ്ബിന്‍റെ മുന്‍വശത്ത് ടാര്‍പ്പോളിന്‍ കെട്ടി താല്‍ക്കാലികമായി ഒരു കട ഒരുക്കി. പഴയ ഒരു തുലാസും തൂക്കക്കട്ടികളും അവന്‍ സംഘടിപ്പിച്ചു. ഒരു ഒഴിഞ്ഞ ടിന്നില്‍ വാങ്ങിക്കുന്ന പണം എടുത്തുവെക്കാം എന്ന് പ്ലാനിട്ടു.

'' നാളെ രാവിലെ കച്ചോടം തുടങ്ങണം '' അവന്‍ പറഞ്ഞു.

'' ആ സമയത്ത് രാഹുകാലം അല്ലേ '' ഞാന്‍ സംശയം ചോദിച്ചു '' ശുഭമായിട്ടുള്ള കാര്യം തുടങ്ങാന്‍ പാടുണ്ടോ ''.

'' നിന്‍റെ രാഹൂനോട് കടന്ന് പോവാന്‍ പറ '' അവന് അതൊന്നും പ്രശ്നമല്ല.

മാണിക്കന്‍ പലരേയും ക്ഷണിച്ചിട്ടുണ്ടെന്ന് തോന്നി. വന്നവര്‍ക്കെല്ലാം ആറുമുഖന്‍റെ കടയില്‍ നിന്ന് പരിപ്പുവടയും ചായയും വാങ്ങിക്കൊടുത്ത് ആതിത്ഥ്യമരുളി.

'' മാണിക്കാ, നാല് നാളികേരൂം രണ്ട് കിലോ വലിയ ഉള്ളിയും കുറച്ച് കായ്കറിയും എടുക്ക് '' ഓട്ടു കമ്പിനി തൊഴിലാളിയായ വേലായുധന്‍ കച്ചവടത്തിന്ന് ഹരിശ്രീ കുറിച്ചു '' നല്ലത് നോക്കി ഒരു കുല നേന്ത്രക്കായയും വെച്ചോ ''.

മാണിക്കന്‍ സാധനങ്ങള്‍ ചെറിയൊരു കുട്ടിച്ചാക്കില്‍ നിറച്ചു. കെട്ടിത്തൂക്കിയതില്‍വെച്ച് ഏറ്റവും നല്ല നേന്ത്രക്കുല നോക്കി എടുത്തു.

'' എത്ര ആയെടാ മാണിക്കാ '' വേലായുധന്‍ ചോദിച്ചു.

മാണിക്കന്‍ പറഞ്ഞ നിരക്കുവെച്ച് ഞാന്‍ കണക്ക് കൂട്ടാന്‍ ഒരുങ്ങി.

'' നിന്‍റടുത്ത് ഇത്തിരി വില കൂടുതലാ '' വേലായുധന്‍ പറഞ്ഞു '' ഇങ്ങിനെ ആളുകളുടെ കഴുത്തില് കത്തി വെക്കാതെ ''.

'' വേലായുധേട്ടന്ന് വില അധികാണെന്ന് തോന്നീച്ചാല് പത്തോ നൂറോ കുറച്ചോളിന്‍ '' മാണിക്കന്‍ പറയുന്നതു കേട്ട് എനിക്ക് എന്തോ പോലെ തോന്നി. സാധനം വാങ്ങാന്‍ വരുന്നവരുടെ അഭിപ്രായം നോക്കി വില്‍ക്കാന്‍ തുടങ്ങിയാല്‍ എങ്ങിനെ ശരിയാവും.

'' കമ്പിനീന്ന് ബോണസ്സ് കിട്ടുമ്പൊ തരാട്ടോടാ '' ചാക്ക് തലയിലേറ്റി കായക്കുല തോളിലും വെച്ച് അയാള്‍ പറഞ്ഞു.

ആദ്യത്തെ കച്ചവടം തന്നെ കടത്തിലോ ? മാണിക്കനോട് അതിന്ന് സമ്മതിക്കരുതെന്ന് പറയണമെന്ന് എനിക്ക് തോന്നി. അതിനു മുമ്പേ മാണിക്കന്‍റെ ഒച്ച കേട്ടു.

'' അതിനെന്താ ഏട്ടോ. നിങ്ങള് സാധനങ്ങള് കൊണ്ടുപോയി കുട്ട്യേളക്ക് കൂട്ടാന്‍ വെച്ച് കൊടുക്കിന്‍. ഓണ്വോല്ലേ വരുണത്. അവരുക്ക് സന്തോഷം ആവട്ടെ ''അവന്‍ മടി കൂടാതെ പറഞ്ഞു. വേലായുധന്‍ പോയി.

'' നല്ലത് നോക്കി ഒന്നോ രണ്ടോ കുല നീ വീട്ടിലേക്ക് മാറ്റി വെച്ചോ. പിന്നെ കിട്ടീന്ന് വരില്ല '' മാണിക്കന്‍ എന്നെ ഉപദേശിച്ചു.

ഗോപിയേട്ടനും ചേച്ചിയും വരുമ്പോള്‍ പച്ചക്കറിയും കായയും ഒക്കെ കൊണ്ടുവരും. അവര്‍ക്ക് തോട്ടം ഉള്ളതാണ്. ഞാന്‍ ആ വിവരം പറഞ്ഞു.

വിചാരിച്ച മട്ടില്‍ ആളുകളൊന്നും വന്നില്ല. ഇടയ്ക്ക് ആരെങ്കിലും വരും. കച്ചവടത്തിനേക്കാള്‍ കൂടുതല്‍ വര്‍ത്തമാനം പറച്ചിലായിരുന്നു.

ആളൊഴിഞ്ഞ നേരത്ത് റോഡിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു വൃദ്ധയും രണ്ട് കുട്ടികളും കൂടി റോഡിലൂടെ പോവുന്നത് കണ്ടു.

'' മാളു അമ്മേ. ഇങ്ങിട്ട് വരിന്‍. ഓണം ആയിട്ട് ഒന്നും വാങ്ങിണില്ലേ '' മാണിക്കന്‍ അവരെ വിളിച്ചു. മടിച്ചു നിന്ന ശേഷം അവര്‍ വന്നു.

'' എന്താ. നിങ്ങക്കൊന്നും വേണ്ടേ '' അവന്‍ ചോദിച്ചു.

'' എന്‍റെ കാര്യം നിനക്കറിയില്ലേ '' അവര്‍ ചോദിച്ചു '' നാഴിയും ചൂരിയും പോലത്തെ രണ്ടെണ്ണത്തിനെ എന്‍റെ കയ്യിലും തന്നിട്ട് തന്തയും തള്ളയും പോയില്ലേ. ഓണം ആയിട്ട് ഇവിറ്റയ്ക്ക് ഇത്തിരി കഞ്ഞി കൊടുക്കാന്‍ എന്താ വഴി എന്നറിയാണ്ടെ ഞാന്‍ നടക്ക്വ്വാണ് '' ആ സ്ത്രി മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണു തുടച്ചു.

രണ്ടു കൊല്ലം മുമ്പ് ഓണക്കാലത്ത് ബൈക്കില്‍ പോയിരുന്ന അവരുടെ മകനും മരുമകളും ലോറി തട്ടി മരിച്ചതാണ്. നല്ലൊരു മേസനായിരുന്നു അവരുടെ മകന്‍.

അതോടെ മാണിക്കന്‍ ദയാലുവായി. പ്ലാസ്റ്റിക്കിന്‍റെ രണ്ട് കാരി ബാഗുകളില്‍ കുറെ സാധനങ്ങള്‍ നിറച്ച് അവന്‍ അവര്‍ക്ക് കൊടുത്തു, പണം സൂക്ഷിക്കുന്ന ടിന്നില്‍ നിന്ന് ഒരു നൂറു രൂപ നോട്ടും.

'' നീ എങ്ങിനെയെങ്കിലും നന്നാവും '' നിറഞ്ഞ മനസ്സോടെ അതും പറഞ്ഞ് അവര്‍ പോയി.

'' ഇതിലും വെച്ച് എന്താടാ ഒരു ലാഭം കിട്ടാനുള്ളത് '' മാണിക്കന്‍ ഉറക്കെ ആത്മഗതം ചെയ്തു.

രാവിലെ സാധനങ്ങള്‍ വാങ്ങിപ്പോയ കുട്ടന്‍ ചെട്ടിയാര്‍ വൈകുന്നേരം എത്തിയത് ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു.

'' തമ്മില്‍ തമ്മില്‍ ഈ പണി ചെയ്യാന്‍ പാടില്ല '' അയാള്‍ പറഞ്ഞു.

'' എന്താ ചെട്ട്യാരേ, സംഗതി പറയിന്‍ '' മാണിക്കന്‍ ചോദിച്ചു.

'' ഒരു കഷ്ണം കുമ്പളങ്ങ ചോദിച്ചപ്പോള്‍ ഒന്നങ്ങനെ എടുത്തോളിന്‍, ലാഭത്തില്‍ തരാം എന്ന് നീ പറഞ്ഞപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു. വീട്ടില്‍ കൊണ്ടു പോയി മുറിച്ചപ്പൊ ഉള്ള് അങ്ങന്നെ ഊള. കൊണ്ടു പോയി തൊടീല് എറിഞ്ഞു ''.

'' ആവു, ഇതാണോ കാര്യം '' മാണിക്കന്‍ പറഞ്ഞു '' ചക്കയല്ലല്ലോ ചെട്ട്യാരെ ചൂന്ന് നോക്കാന്‍. നിങ്ങള് പകരം ഇഷ്ടം ഉള്ള ഒന്ന് എടുത്തിട്ട് പൊയ്ക്കോളിന്‍ ''.

വേറൊരു കുമ്പളങ്ങയുമായി അയാള്‍ പോയി.ഏതാനുംപേരൊഴികെ ബാക്കി എല്ലാവരും പിന്നീട് തരാമെന്ന വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങിപ്പോയി. ഉത്രാട തലേന്നുതന്നെ സാധനങ്ങള്‍ തീര്‍ന്ന് കച്ചവടം അവസാനിപ്പിച്ചു.എന്‍റെ കയ്യില്‍ നിന്നും കടം വാങ്ങിയവരുടെ ലിസ്റ്റ് വാങ്ങി മാണിക്കന്‍ പോക്കറ്റിലിട്ടു. ഉള്ള പണം എണ്ണി തിട്ടപ്പെടുത്തി. മുവ്വായിരത്തോളം രൂപയുണ്ട്.

'' കുറച്ചും കൂടി പൈസ ഉണ്ടെങ്കില്‍ ആ വട്ടിക്കാരന്‍ തമിഴന്‍റെ കടം തീര്‍ക്കായിരുന്നു '' മാണിക്കന്‍ പറഞ്ഞു '' അതിന് എന്തെങ്കിലും വഴി കാണണം ''.

'' ഇപ്പൊ നീ പറഞ്ഞതുപോലെ ആയിട്ടുണ്ട് '' ഞാന്‍ പറഞ്ഞു.

'' എന്താടാ അത് '' അവന്‍ തിരക്കി.

'' കച്ചോടം ചെയ്യാണെച്ചാല്‍ മാണിക്കന്‍ ചെയ്തത് മാതിരി ചെയ്യണം എന്ന് നാട്ടുകാര് പറയണം എന്നല്ലേ നിനക്ക് മോഹം ഉണ്ടായിരുന്നത്. ഇനി അവരത് പറഞ്ഞോളും '' ഞാന്‍ പറയുന്നതും കേട്ട് അവന്‍ ടാര്‍പ്പോളിന്‍ അഴിക്കാന്‍ തുടങ്ങി.


എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍.

Monday, July 4, 2011

സ്വാഗതം.

'' തിങ്കളാഴ്ച മുതല്‍ക്ക് പതിനഞ്ച് ദിവസത്തേക്ക് അനങ്ങാന്‍ പറ്റില്ല '' വൈകുന്നേരം സ്കൂള്‍ പറമ്പില്‍ വെച്ച് കണ്ടു മുട്ടിയപ്പോള്‍ മാണിക്കന്‍ പറഞ്ഞു.

'' എന്താ അത്ര തിരക്കുള്ള പരിപാടി '' ഞാന്‍ ചോദിച്ചു.

'' നമ്മടെ മാഷ് കാശി രാമേശ്വരം ഒക്കെ പോവ്വാണ്. എന്‍റടുത്ത് വരുന്നോന്ന് ചോദിച്ചു. എനിക്ക് എവിടെ അതിനൊക്കെ നേരം ''.

മാഷ് തീര്‍ത്ഥയാത്ര പോവുന്നതും മാണിക്കനും തമ്മിലെന്ത് ബന്ധം. ഞാനത് ചോദിച്ചു.

'' പതിനഞ്ച് ദിവസൂം രാത്രി മാഷടെ വീട്ടില്‍ കാവല്‍ കിടക്കണം ''.

'' അപ്പോള്‍ പകലോ ''.

'' മാഷ് വരുമ്പഴയ്ക്കും വീട് മൊത്തം പെയിന്‍റ് ചെയ്യണം എന്ന് ഏല്‍പ്പിച്ചിട്ടുണ്ട് ''.

'' ആരാ പണിക്കാര് ''.

'' ആരൂല്യാ. ഞാന്‍ തന്നെ ചെയ്യും. അപ്പൊ പകലും വീട്ടിലേക്ക് നോട്ടം കിട്ട്വോലോ ''.

'' അതിന് നിനക്ക് പെയിന്‍റിങ്ങ് അറിയ്യോ ''.

'' ഒക്കെ വയറ്റിന്ന് പഠിച്ചിട്ടു വന്നിട്ട് ചെയ്യാനാവ്വോ. ചെയ്തിട്ടല്ലേ പഠിക്ക്യാ ''. പതിവുപോലെ ഇതും അവന്‍ കേറി ഏറ്റതാവുമെന്ന് ഞാന്‍ മനസ്സില്‍ കരുതി. ഇങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ബുധനാഴ്ച വൈകീട്ട് മാണിക്കന്‍ ക്ലബ്ബിലെത്തി.

'' എടാ ഇന്നലെ പോയി പെയിന്‍റൊക്കെ വാങ്ങി വന്നു. ഇന്ന് ചുമരൊക്കെ കഴുകി വെടുപ്പാക്കി. നാളെ മുതല് ചായം വാരി തേക്കാന്‍ തുടങ്ങും ''.

'' തുണയ്ക്ക് നീ ആരെയെങ്കിലും കൂട്ടീട്ടുണ്ടോ ''.

'' ഉവ്വ്. ചാമു തമ്പ്രാന്‍റെ മകന്‍ രാജനുണ്ട്. പാവം. പണിയില്ലാതെ ഇരിക്കിണതല്ലേ. പത്ത് ദിവസം അവനും കഞ്ഞി കുടിച്ചോട്ടെ''.

നല്ല യോജിപ്പ്. ചാമു നായര്‍ക്ക് അമ്മിണിയുമായുള്ള രഹസ്യ ബന്ധത്തില്‍ ഉണ്ടായ പുത്രനണ് രാജന്‍. എന്ത് പറഞ്ഞാലും അനുസരിക്കാന്‍ മാത്രം അറിയുന്നവന്‍. ഒറ്റ കുഴപ്പമേ ഉള്ളു. വിദ്വാന് വിവരം എന്നത് ലെവലേശം ഇല്ല.

'' രണ്ടാളും കൂടി മാഷടെ വീട് കാണാന്‍ കൊള്ളാത്ത മട്ടിലാക്കണ്ടാ '' എന്ന് മുന്നറിയിപ്പ് നല്‍കി.

'' അങ്ങിനെ പേടിക്കാനൊന്നും ഇല്ല. റോസ് കളറ് മാറ്റി നീല ആക്കണം. ഉള്ളില്‍ അടിച്ച ബിസ്ക്കറ്റ് കളറ് പച്ചയാക്കണം. അത്രേ വേണ്ടൂ '' മാണിക്കന്ന് അതൊന്നും പ്രയാസമുള്ള കാര്യമല്ല.

'' ശരി. നന്നായി ചെയ്താല്‍ ഇഷ്ടം പോലെ പണി കിട്ടും '' ഞാന്‍ ആവുന്ന പ്രോത്സാഹനം നല്‍കി.

'' ശരിക്ക് പറഞ്ഞാല്‍ നീലം കൂട്ടി ചുണ്ണാമ്പ് അടിച്ചാല്‍ കിട്ടുന്ന വെടുപ്പ് എന്ത് ചായം വാരി പൊത്തിയാലും കിട്ടില്ല '' അവന്‍ പറഞ്ഞു '' പണി തീരാറാവുമ്പൊ ഞാന്‍ നിന്നെ വിളിക്കാം. നീ വന്ന് നോക്കി എന്തെങ്കിലും പാഷകേട് ഉണ്ടെങ്കില്‍ പറഞ്ഞു തരണം ''.

ഞാന്‍ അത് സമ്മതിച്ചു. പതിനൊന്നോ പന്തണ്ടോ ദിവസങ്ങള്‍ കഴിഞ്ഞാണ് പിന്നെ മാണിക്കനെ കാണുന്നത്.

'' എടാ. പണി പടക്കം പോലെയാക്കി. നീ ഒന്ന് വന്ന് നോക്ക് ''. അപ്പോള്‍ തന്നെ ഞാന്‍ അവന്‍റെ സൈക്കിളിന്‍റെ പുറകില്‍ കയറി പുറപ്പെട്ടു.

വീടിനകത്തും പുറത്തും പെയിന്‍റ് ഒലിച്ചിറങ്ങിയതിന്‍റേയും ബ്രഷിന്‍റേയും പാടുകളുണ്ട്. അതൊക്കെ വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാം പക്ഷെ സ്വീകരണ മുറിയില്‍ കാണിച്ചു വെച്ച വൃത്തികേടാണ് ഒരു വിധത്തിലും സഹിക്കാനാവാത്തത്. മുറിയിലേക്ക് കയറി വരുന്നവര്‍ക്ക് സ്വാഗതമോതുന്ന വിധത്തില്‍ കൂപ്പുകൈകളോടു കൂടിയ സ്ത്രീയുടെ മുഖം അല്‍പ്പം വലുതായി തന്നെ പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ ചുമരില്‍ ഉണ്ടാക്കി വെച്ചിരുന്നു. ദീര്‍ഘ വൃത്താകൃതിയിലുള്ള മുഖം. നെറ്റിയില്‍ തൊട്ടിട്ടുള്ള വലിയ പൊട്ടിന്ന് തൊട്ട് മുകളിലായി മുടിയില്‍ കോര്‍ത്ത ആഭരണം ഞാന്നു കിടക്കുന്നു. ഇരു വശത്തേക്കും ഒതുക്കിചീകിയ മുടി, രണ്ട് ചെവികളിലുമുള്ള ലോലാക്കുകള്‍. നേര്‍ത്ത വരകള്‍ കൊണ്ടുള്ള കണ്‍പീലികളും കണ്ണുകളും. കൂപ്പു കയ്യാല്‍ മറയ്ക്കപ്പെട്ട മൂക്കും ചുണ്ടുകളും. ചുറ്റും വീതിയേറിയ ബോര്‍ഡറുള്ള ആ ശില്‍പ്പം ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. മനോഹരമായ ആ രൂപത്തെ നീലച്ചായം വാരി പൂശി വികൃതമാക്കി വെച്ചിട്ടുണ്ട്.

'' എന്താ ഈ കാണിച്ച് വെച്ചത് '' ഞാന്‍ അതൃപ്തി അറിയിച്ചു.

'' റോസ് കളറ് മാറ്റി നീല അടിച്ചോളാനാണ് മാഷാണ് പറഞ്ഞത് ''.

'' നീല നിറത്തിലുള്ള ഏതെങ്കിലും മനുഷ്യരെ നീ കണ്ടിട്ടുണ്ടോ '' ഞാന്‍ ചോദിച്ചു '' ഭഗവാന്‍ ഉണ്ണികൃഷ്ണന്‍ മാത്രമേ നീല നിറത്തില്‍ ഉള്ളതായിട്ട് എനിക്കറിയൂ ''.

'' ഞാനത് ആലോചിച്ചില്ല '' അവന്‍ തെറ്റ് സമ്മതിച്ചു.

'' പിന്നെ. പൊട്ടും പുരികവും കണ്ണുകളും എന്തിനാ മായ്ച്ചു കളഞ്ഞത് ''.

'' മായ്ച്ചതല്ല. പെയിന്‍റ് ഉണങ്ങിയിട്ട് അതൊക്കെ വരയ്ക്കാന്ന് വെച്ചതാ ''.

'' എന്നാല്‍ നീ ആദ്യം നീല മായ്ച്ച് പഴയ കളറ് തേച്ചോ. എന്നിട്ട് വരയ്ക്കാനുള്ളതൊക്കെ വരച്ചു വെയ്ക്ക് ''.

'' നാളെ ആദ്യത്തെ പണി അതാണ് '' മാണിക്കന്‍ ഏറ്റു. പിറ്റേന്നും മാണിക്കനെത്തി.

'' നീ ഒന്ന് വന്ന് നോക്ക് '' അവന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് ട്യൂട്ടോറിയല്‍ കോളേജില്‍ നിന്ന് വരുന്ന വഴി ചെല്ലാമെന്ന് ഞാന്‍ സമ്മതിച്ചു.

പറഞ്ഞ പ്രകാരം ഞാന്‍ ചെല്ലുമ്പോള്‍ മാണിക്കനില്ല. സഹായി രാജന്‍ മാത്രമേയുള്ളു. ശില്‍പ്പത്തിന്‍റെ നിറം മാറ്റിയിട്ടുണ്ട്. പക്ഷെ കണ്ണുകളും പുരികങ്ങളും വരച്ചത് പരമ ബോറായി. ഓരോ പുരികങ്ങള്‍ക്ക് ഓരോ വീതി. അവയുടെ വളവുകളും വ്യത്യസ്തം. കണ്ണുകളുടെ കാര്യവും തഥൈവ. കോങ്കണ്ണി കൈ കൂപ്പി സ്വീകരിക്കുന്ന മട്ടുണ്ട്.

'' അയ്യേ '' ഞാന്‍ പറഞ്ഞു '' എന്താ ഇത്. കണ്ടാല്‍ കോങ്കണ്ണിയെ പോലുണ്ട്. മായ്ച്ച് വീണ്ടും വരയ്ക്കാന്‍ മാണിക്കനോട് പറയ് '' ഞാന്‍ പോന്നു.

'' ഇനി നീ ഒന്ന് നോക്ക് '' വൈകുന്നേരം മാണിക്കന്‍ പറഞ്ഞു '' എത്ര ചെതായിട്ടുണ്ട് എന്ന് കാണാലോ. മാഷ് നാളെ വന്ന് കാണുമ്പൊ ഞെട്ടും. ഒറപ്പാ ''.

ഞാന്‍ ചെന്ന് നോക്കുമ്പോള്‍ വികൃതമായി വരച്ചു വെച്ച കണ്ണുകളെ മൂടി രൂപത്തിന്ന് കറുത്ത കണ്ണട വരച്ചു വെച്ചിരിക്കുന്നു.

'' മാഷ് മാത്രമല്ല ആരായാലും ഞെട്ടും '' ഞാന്‍ അവനോട് പറഞ്ഞു.

Sunday, May 29, 2011

പ്രതിവിധി.

'' ഇന്ന് ഞാന്‍ ശരിക്ക് ഒരു പണി പറ്റിച്ചു '' മാണിക്കന്‍ അതു പറഞ്ഞപ്പോള്‍ എന്താണ് സംഗതി എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ചോദ്യ ഭാവത്തില്‍ അവന്‍റെ മുഖത്തേക്ക് നോക്കി.

'' പിള്ളരുക്ക് കണ്ണുത്തെളിവ് ഇത്തിരി കൂടുന്നുണ്ട്. അതിന്ന് ഇങ്ങിനെ തന്നെ പറ്റിക്കണം ''. ചെയ്ത കാര്യം ന്യായീകരിക്കുന്നതല്ലാതെ അവന്‍ വിഷയം തെളിച്ചു പറയുന്നില്ല.

'' എന്താ കാര്യം എന്നു വെച്ചാല്‍ ശരിക്ക് പറയ് '' ഞാന്‍ പറഞ്ഞു '' നീ ഇങ്ങിനെ അവിടേയും ഇവിടേയും തൊടാതെ പറഞ്ഞാല്‍ എനിക്ക് മനസ്സിലാവില്ല ''.

'' അത് പറയാന്‍ തന്നെയാ പോണത് '' അവന്‍ പറഞ്ഞു തുടങ്ങി.

ഉച്ചയോടുകൂടി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട കാര്യത്തിന്ന് താലൂക്ക് സപ്ലെ ഓഫീസില്‍ പോയതായിരുന്നു അവന്‍. പുതിയ റേഷന്‍ കാര്‍ഡിന്നുള്ള അപേക്ഷ കൊടുക്കേണ്ട സമയത്ത് ദേശാടനത്തിലായതിനാല്‍ അവന് അതിന്ന് കഴിഞ്ഞില്ല. തിരിച്ചുവന്ന ശേഷം അവന്‍ അന്വേഷിച്ചപ്പോള്‍ അപേക്ഷ കൊടുത്തവരുടെ കാര്‍ഡുകള്‍ കൊടുത്തു കഴിഞ്ഞതിന്ന് ശേഷമേ പുതിയതായി അപേക്ഷകള്‍ വാങ്ങുകയുള്ളു എന്ന് അറിഞ്ഞു. ഒരു വിധം അപേക്ഷ കൊടുത്തു കഴിഞ്ഞു. ഇതിനകം റേഷന്‍ കാര്‍ഡ് കിട്ടാന്‍ വേണ്ടി താലൂക്ക് സപ്ലെ ഓഫീസില്‍ കയറി ഇറങ്ങിയത് നൂറ്റൊന്ന് തവണ. ഇനി മേലാല്‍ ഇതു പോലെയുള്ള എന്തെങ്കിലും അപേക്ഷ കൊടുക്കാനുണ്ട് എന്നറിഞ്ഞാല്‍ ചത്ത് കിടക്കുകയാണെങ്കിലും ചാടി എഴുന്നേറ്റു ചെന്ന് സമയത്തിന്ന് തന്നെ കൊടുക്കും.

'' അതും നീ പറഞ്ഞു തുടങ്ങിയതും തമ്മില്‍ എന്താ ബന്ധം '' ഞാന്‍ ചോദിച്ചു.

'' നീ തോക്കിന്‍റെ ഉള്ളില്‍ കടന്ന് വെടി വെക്കാതെ '' എന്‍റെ ചോദ്യം കൂട്ടുകാരന്ന് ഇഷ്ടപ്പെട്ടില്ല. അല്‍പ്പം കഴിഞ്ഞ് അവന്‍ വീണ്ടും തുടങ്ങി'' രണ്ടാഴ്ച കഴിഞ്ഞ് വന്ന് അന്വേഷിക്കൂ എന്ന ഉപദേശം കിട്ടിയതോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. ചെന്നെത്തിയത് സിനിമ തിയേറ്ററില്‍. പടം കണ്ടു കഴിഞ്ഞ് ഇറങ്ങി ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ബസ്സ് റെഡി ''.

അവന്‍ എന്തോ ആലോചിച്ച് ഇരുന്നു.

'' ബാക്കീം കൂടി പറയ് '' ഞാന്‍ ആവശ്യപ്പെട്ടു.

'' നമ്മടെ ഗോപാലേട്ടന്‍റെ മകന്‍ രാധാകൃഷ്ണനാണ് കിളി '' അവന്‍ തുടര്‍ന്നു '' കേറുന്നില്ലേ മാണിക്കേട്ടാ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കയറി. ബസ്സില്‍ സീറ്റൊക്കെ നിറഞ്ഞ് രണ്ട് മൂന്ന് ആളുകള്‍ നില്‍പ്പാണ്. പിന്നാലത്തെ സീറ്റില്‍ മുഴുവന്‍ കോളേജ് പിള്ളരാണ്. അവര് ഇത്തിരി ഒന്ന് നീങ്ങിയിരുന്നാല്‍ എനിക്കും കൂടി ഇരിക്കാം. അത് ചെയ്യണ്ടേ. നമ്മളെ അവറ്റ ഗൌനിച്ചില്ല ''.

'' അതെന്തേ ''.

'' എടാ, ഞാന്‍ ഉടുത്തിരുന്നത് ലുങ്കിയായിരുന്നു. റേഷന്‍ കാര്‍ഡിന്ന് അപേക്ഷ കൊടുത്തതില്‍ തൊഴില് കൂലിപ്പണി എന്നെഴുതിയിട്ട് പാന്‍റും കോട്ടും ഇട്ട് പോവാന്‍ പാടില്ലല്ലോ '' അവന്‍ തുടര്‍ന്നു '' അലക്കി തേച്ച് വെടുപ്പാക്കിയതാണെങ്കിലും ലുങ്കിക്ക് വല്ല മതിപ്പും ഉണ്ടോ. പിള്ളരുക്ക് അത് പിടിച്ചിട്ടുണ്ടാവില്ല ''.

'' അവര്‍ക്ക് പിടിച്ചാലും ഇല്ലെങ്കിലും നിനക്കെന്താ ''.

'' ഒന്നും ഉണ്ടായിട്ടല്ല. മക്കളേ ഒന്ന് നീങ്ങിയിരിക്ക് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കേട്ട ഭാവം നടിച്ചില്ല ''.

'' ചുരുക്കത്തില്‍ നീ ഇത്ര ദൂരം നിന്നിട്ട് വന്നു ? ''

'' അതല്ലേ രസം. ഞാന്‍ നില്‍ക്കുന്നത് കണ്ടിട്ട് രാധാകൃഷ്ണന്‍ വന്ന് പിള്ളരോട് നീങ്ങിയിരിക്കാന്‍ പറഞ്ഞു. എനിക്ക് അവരുടെ നടുവില്‍ സ്ഥലം കിട്ടി ''.

''പിന്നെന്താ പ്രശ്നം ''.

'' ഒരു ശത്രൂനെ പോലെയാ ആ പിള്ളര് എന്നെ നോക്കിക്കോണ്ടിരുന്നത്. എല്ലാറ്റിന്‍റെ മൊകിറും കുമ്മുക്കന്‍ കുത്ത്യേ പോലെ. ഇവരെയൊക്കെ ഒരു വെപ്പ് വെക്കണം എന്ന് മനസ്സില്‍ കരുതിയിരുന്നപ്പോഴാണ് സംഗതി ഒത്തു കിട്ടിയത് ''.

'' എന്താ ഉണ്ടായത് '' എനിക്ക് ആകാംക്ഷ തോന്നി.

'' ഒരു പിച്ചക്കാരന്‍ കിഴവന്‍ ബസ്സില്‍ കേറി. മുഷിഞ്ഞ് നാറുന്ന വേഷം. തോളില്‍ ഒരു ഭാണ്ഡക്കെട്ട്. കയ്യില്‍ ഒരു വടി. മൂപ്പരുക്ക് കമ്പീല്‍ പിടിച്ച് നില്‍ക്കാനും വയ്യ. ഇതന്നെ താപ്പ് എന്ന് ഞാനും കരുതി ''.

'' എന്തേ നീ ചെയ്തത് '' ഞാന്‍ ചോദിച്ചു.

'' കാരണോരെ ഇരിക്കിന്‍ എന്നും പറഞ്ഞ് ഞാന്‍ എണീറ്റ് മൂപ്പരുക്ക് സ്ഥലം കൊടുത്തു ''.

ആ കോളേജ് കുമാരന്മാരുടെ അപ്പോഴത്തെ മുഖഭാവം ഞാന്‍ മനസ്സില്‍ കണ്ടു.

Wednesday, March 2, 2011

കല്ലുപ്പ്.

എന്‍റെ സ്ക്കൂട്ടറിന്‍റെ പുറകില്‍ മാണിക്കന്‍ ടൌണില്‍ നിന്ന് വരികയായിരുന്നു. ആര്‍ക്കൊ വയറിങ്ങിന്ന് വേണ്ട സാധനങ്ങള്‍ നാടാരുടെ ഷോപ്പില്‍ നിന്നും കടമായി വാങ്ങി കൊടുക്കാന്‍ വന്നതായിരുന്നു അവന്‍. ട്യൂട്ടോറിയല്‍ കോളേജില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങിയ ശേഷം പലവട്ടമായി അവന്‍റെ മൊബൈല്‍ ചിലയ്ക്കാന്‍ തുടങ്ങിയിട്ട്.

'' നിന്നെ ആരാ വെറുതെ വിളിച്ചുകൊണ്ടിരിക്കുന്നത് '' റോഡരികില്‍ നിന്ന് ഇളന്നീര്‍ വാങ്ങിക്കുടിക്കാന്‍ നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

'' നമ്മുടെ കുഞ്ചുവേട്ടനെ. അയാളെക്കൊണ്ട് വല്ലാത്ത എടങ്ങേറായി '' അവന്‍ പറഞ്ഞു.

'' എന്താ പ്രശ്നം '' ഞാന്‍ ചോദിച്ചു " പണ്ടത്തെപ്പോലെ കടം ചോദിച്ച് ബുദ്ധിമുട്ടിയ്ക്കാന്‍ തുടങ്ങിയോ ".

" എന്നാല്‍ വേണ്ടില്ലായിരുന്നു " അവന്‍ പറഞ്ഞു " ഇത് അതൊന്ന്വോല്ലാ കാര്യം ".

കഷ്ടിച്ച് രണ്ടുകൊല്ലം മുമ്പാണ് കുഞ്ചുവേട്ടന്‍ മാണിക്കന്‍റെ കൂടെ നടക്കുന്നത് കണ്ടത്. നാല് മക്കളാണ് അയാള്‍ക്ക്. മൂത്തത് മൂന്ന് പേരും പെണ്‍മക്കള്‍. ഏറെ കഷ്ടപ്പെട്ട് നാലാമത്തെ മകനെ ഡിപ്ലോമക്കാരനാക്കി. അവിടുന്നങ്ങോട്ട് ഒരു വഴിയും കാണാതിരിക്കുമ്പോള്‍ വിദേശത്ത് പയ്യന് ഒരു പണി തരപ്പെട്ടു. അങ്ങോട്ട് അയയ്ക്കാന്‍ കുഞ്ചുവേട്ടന്‍ വിചാരിച്ചിട്ട് വഴിയൊന്നുമില്ല. പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്ന അയാള്‍ക്ക് പണയം വെക്കാന്‍ ഒന്നുമില്ല. എവിടെ നിന്നെങ്കിലും കുറെ പണം വായ്പയായി സംഘടിപ്പിച്ച് കൊടുക്കാനാണ് അന്ന് അയാള്‍ മാണിക്കന്‍റെ പുറകെ കൂടിയത്. ആരെയൊക്കെയോ സ്വാധീനിച്ച് അന്ന് അവന്‍ കുഞ്ചുവേട്ടനെ സഹായിച്ചു.

' പിന്നെന്താ അയാള്‍ ശല്യം ചെയ്യുന്നത്. കടം വീട്ടാതെ കഴിക്കാന്‍ വല്ല പരിപാടിയും ആണോ ' ഞാന്‍ ചോദിച്ചു.

' അതല്ലേ രസം. മൂപ്പര് മകന്‍റെ പണം വന്നാല്‍ അന്ന് തന്നെ കടം വീട്ടാനുള്ളത് അതില്‍ നിന്ന് തരും. ബാക്കി മാത്രമേ ചിലവിനെടുക്കൂ '.

' അപ്പൊ കടം മിക്കവാറും തീര്‍ത്തിട്ടുണ്ടാവും അല്ലേ '.

' മിക്കവാറും എന്ന് പറയണ്ടാ. ഒരു പൈസ ആ വകേല് ബാക്കിയില്ല. അഞ്ച സെന്‍റ് സ്ഥലം വാങ്ങി ഇട്ടിട്ടുണ്ട്. പോരാഞ്ഞിട്ട് പെണ്‍കുട്ട്യേള്‍ക്ക് കുറച്ച് പണ്ടൂം ഉണ്ടാക്കി '.

എനിക്കൊന്നും മനസ്സിലായില്ല. എന്‍റെ മനസ്സ് വായിക്കാന്‍ പണ്ടേ അവന്‍ മിടുക്കനാണ്. അതായിരിക്കണം ഒരു വിശദീകരണം നല്‍കാന്‍ അവന്‍ മുതിര്‍ന്നത്.

' ചെക്കന്‍ ലീവില് വരുണൂത്രേ. നിനക്ക് എന്താ കൊണ്ടു വരാന്‍ പറയണ്ട് എന്നും ചോദിച്ച് കുറച്ച് ദിവസായി പിന്നാലെ നടക്കാന്‍ തുടങ്ങീട്ട് '.

' എന്നിട്ട് നീ എന്താ ചോദിച്ചത് '.

' എനിക്ക് ഒന്നും വേണ്ടാന്ന് പറഞ്ഞു. വല്ലോനും അന്യനാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്നതില്‍ നിന്നുള്ള ഓഹരി എനിക്ക് വേണ്ടാ '.

അത് അത്ര കാര്യമാക്കാനില്ലെന്നും മനസ്സറിഞ്ഞ് തരുന്നത് വാങ്ങുന്നതില്‍ തെറ്റില്ലെന്നും ഞാന്‍ അവനെ ഉപദേശിച്ചു.

' അതിലും ഭേദം കടം വാങ്ങിക്കൊടുത്തതിന് അയാളുടേന്ന് കമ്മിഷന്‍ വാങ്ങുന്നതാണ്. കുഞ്ചുവേട്ടന് പ്രാരാബ്ധം കുറച്ചൊന്നുമല്ല. കാര്യായിട്ടുള്ള വരുമ്പടി ആ ചെക്കന്‍റെയാണ്. അതില്‍ നിന്ന് അഞ്ചു പൈസടെ വക എനിക്ക് വേണ്ടാ ' അവന്‍ തറപ്പിച്ച് പറഞ്ഞു.

എന്തായാലും അന്ന് പലവട്ടം മാണിക്കന്‍റെ മൊബൈലില്‍ കുഞ്ചുവേട്ടന്‍റെ നമ്പര്‍ തെളിഞ്ഞു വന്നു. അതും പോരാഞ്ഞ് വൈകുന്നേരം കുഞ്ചുവേട്ടന്‍ ക്ലബ്ബിലേക്ക് മാണിക്കനെ തിരഞ്ഞെത്തി.

' നീ എന്തെങ്കിലും സാധനത്തിന്‍റെ പേര് പറ ' അയാള്‍ പറഞ്ഞു ' അത് വാങ്ങീട്ട് വരും. അവന് മറ്റന്നാളത്തെ വിമാനത്തില് വരാനുള്ളതാ '.

മാണിക്കന്‍ വളരെ ഗഹനമായ ആലോചനയില്‍ മുഴുകുന്നത് പോലെ എനിക്ക് തോന്നി. കുഞ്ചുവേട്ടന്‍ അവന്‍റെ വാക്കുകള്‍ക്കായി കാത്ത് നില്‍ക്കുകയാണ്. ഒടുവില്‍ അവന്‍ മൌനം ഉപേക്ഷിച്ചു.

' കുഞ്ചു ഏട്ടോ. നിര്‍ബന്ധം ആണച്ചാല്‍ ' അവന്‍ പറഞ്ഞു ' ചെക്കന്‍റെ അടുത്ത് രണ്ട് കിലോ കല്ലുപ്പും കാല്‍ കിലോ കപ്പല് മുളകും വാങ്ങീട്ട് വരാന്‍ പറയിന്‍. ഓസില് കിട്ടുന്നത് ഉപകാരം ഉള്ളത് ആയിക്കോട്ടെ '.




Sunday, February 13, 2011

43. ആനക്കാര്യം


പതിവില്ലാതെ ട്യൂട്ടോറിയല്‍ കോളെജിലേക്ക് മാണിക്കന്‍ വന്നത് ലേശം പരിഭ്രമം ഉണ്ടാക്കി. നാലഞ്ച്
ദിവസമായി അമ്മയ്ക്ക് ജലദോഷവും പനിയും ആണ്. അതും വെച്ചാണ് വീട്ടിലെ പണികളൊക്കെ
ചെയ്യുന്നത്. രാവിലെ പ്രാതല്‍ വിളമ്പി തന്നതും അമ്മയാണ്. എന്നാലും എപ്പോഴാണ് സുഖക്കേട്
അധികമാവുക എന്ന് പറയാനാവില്ലല്ലോ. ക്ലാസ്സ് നിര്‍ത്തി ഞാന്‍ ഇറങ്ങി ചെന്നു.

'' എന്താ വിശേഷിച്ച് '' ഞാന്‍ തിരക്കി '' അമ്മയ്ക്ക് പനി കൂടുതലായോ ''.

'' എന്തോ. എനിക്കറിയില്ല '' അവന്‍ പറഞ്ഞു '' ഞാന്‍ വന്നത് വേറൊരു കാര്യത്തിനാണ് ''.

പകുതി സമാധാനമായി. പക്ഷെ ഇനിയെന്താ ഏടാകൂടം എന്ന തോന്നല്‍ മനസ്സിലുണ്ട്.

'' വേറെ എന്തെങ്കിലും കുഴപ്പം '' ഞാന്‍ പകുതിയില്‍ നിര്‍ത്തി.

'' ഇതന്നെ കുഴപ്പം '' മാണിക്കന്‍ പറഞ്ഞു '' എപ്പൊ നോക്ക്യാലും എന്തോ ഏതോ എന്നൊക്കെ വിചാരിച്ച്
നിനക്ക് ആധിയാണ്. ഒന്ന് മനസ്സിലാക്കിക്കോ. ചിലപ്പോള്‍ നല്ല കാര്യങ്ങളും നമ്മള്‍ അറിയാതെ വരും ''.

കുറച്ച് ദിവസങ്ങളായി മാണിക്കന്‍ കല്യാണാലോചനയുമായി നടക്കുന്നു.

ഒരു ദിവസം അമ്മ അവനോട് '' മാണിക്കാ, ആ ഉമ്മ കുട്ടിടെ കല്യാണക്കാര്യം എന്തായി '' എന്നു ചോദിച്ചു.
അന്ന് മുതല്‍ക്ക് തുടങ്ങിയ പരിശ്രമമാണ്. അത് ശരിയായി കാണും.

'' എവിടുന്നാ ചെക്കന്‍ '' ഞാന്‍ ചോദിച്ചു.

'' ചെക്കനോ. ഏത് ചെക്കന്‍ '' എന്നായി അവന്‍.

'' പിന്നെന്തിനാ നീ ഇപ്പോള്‍ വന്നത് ''.

'' അങ്ങിനെ ചോദിക്ക് '' അവന്‍ പറഞ്ഞു തുടങ്ങി.

കാലത്ത് അവന്‍റെ മൊബൈലിലേക്ക് ഒരു സന്ദേശം ലഭിച്ചു. നൊസ്സന്‍ മാഷാണ് അത് വായിച്ച് വിവരം പറഞ്ഞു
കൊടുത്തത്. മാണിക്കന്‍റെ മൊബൈല്‍ നമ്പറിന്ന് നറുക്കെടുപ്പില്‍ ഒരു കോടി രൂപ സമ്മാനം കിട്ടിയിരിക്കുന്നു. അത്
അക്കൌണ്ടില്‍ ഇടാനുള്ള ചിലവിലേക്ക് ഇരുപത്തയ്യായിരം ഉറുപ്പിക ഏതോ അക്കൊണ്ടില്‍ ആദ്യം ഇടണം. മുഴുവന്‍ പണവും മാഷ് തരാന്‍ തയ്യാറാണ്. അത് ചെയ്യാന്‍ പാടില്ല.

'' ഞാന്‍ ഒരു അയ്യായിരം ഉണ്ടാക്കാം '' അവന്‍ പറഞ്ഞു '' നീയും അത് തരണം. ബാക്കി മാഷ് എടുക്കട്ടെ. പണം
കിട്ടുമ്പോള്‍ മൂപ്പരുക്ക് പകുതി. ബാക്കി നമുക്ക് രണ്ടാള്‍ക്കും ഒപ്പൊപ്പം ''.

'' അതിന് എന്‍റേല് എവിടുന്നാ പണം '' ഞാന്‍ നിസ്സഹായാവസ്ഥ അറിയിച്ചു.

'' ഒരു കാര്യം ചെയ്യ്. കഴുത്തില്‍ കിടക്കുന്ന മാല ഊരി താ. ഞാന്‍ കൊണ്ടുപോയി പണയം വെക്കാം ''.

എനിക്ക് ഭയം തോന്നി. അച്ഛനോ അമ്മയോ അറിഞ്ഞാല്‍ എന്ത് പറയും. അതിനും അവന്‍ വഴി പറഞ്ഞു തന്നു.

'' പെണ്‍കുട്ടിടെ കല്യാണത്തിന്ന് ലോണ്‍ കിട്ടാനുണ്ടെന്നും അതിന്‍റെ ചിലവിനായി പണയം വെക്കാന്‍ എനിക്ക്
തന്നൂനും പറഞ്ഞോ ''.

ഞാന്‍ മാല ഊരി കൊടുത്തു. അതുമായി അവന്‍ പോയി. വൈകുന്നേരം രണ്ടാളും ക്ലബ്ബില്‍ കയറിയില്ല. പാതയോരത്തെ കലുങ്കില്‍ ഞങ്ങളിരുന്നു.

'' പണം കിട്ട്യാല്‍ എന്താ ചെയ്യണ്ട് '' മാണിക്കന്‍ ചോദിച്ചു.

'' രാവിലെ നീ പറഞ്ഞില്ലേ. പകുതി മാഷക്ക്. ബാക്കി നമുക്ക് ഒപ്പൊപ്പം ''.

'' അതന്നെ. ആ പണം കൊണ്ട് എന്താ ചെയ്യണ്ട് ''.

വാസ്തവത്തില്‍ ഞാന്‍ ആ കാര്യം ഓര്‍ത്തതേയില്ല. പണം വീട്ടില്‍ ഏല്‍പ്പിച്ചാല്‍ അച്ഛന്‍ വേണ്ടതുപോലെ ചെയ്തോളും. ഞാന്‍ അത് പറഞ്ഞു.

'' ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട് '' കൂട്ടുകാരന്‍ പറഞ്ഞു '' നമുക്ക് ആ പണം കൊടുത്ത് ഒരു ആനയെ വാങ്ങാം.
മുതല് എവിടേയും പോവില്ല. നിത്യം വരുമാനം കിട്ടും. എനിക്ക് ഒരു പണിയുമായി ''.

ആനപാപ്പാന്മാരുടെ സഹായി ആയി പോയിട്ടുള്ള പരിചയം അവനുണ്ട്. ഞാന്‍ സമ്മതിച്ചു.

'' ആനയെ നിന്‍റെ വീട്ടിലെ പുളിമരത്തില്‍ തളയ്ക്കാം. വെളിച്ചാമ്പൊ എഴുന്നേറ്റ് ആനയെ കണി കാണുന്നത്
നല്ലതാണ് '' മാണിക്കന്‍ പറഞ്ഞത് കേട്ട് സന്തോഷം തോന്നി. സ്വന്തമായി ഒരു ആന ഉള്ളതിന്‍റെ അന്തസ്സ് ഞാന്‍
മനസ്സില്‍ അനുഭവിച്ചു തുടങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ ആന വാങ്ങിയ ശേഷമുള്ള പദ്ധതികളാണ് ചര്‍ച്ച ‍ചെയ്തത്. ഇതിനകം മാണിക്കന്‍
ചില ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിപ്പിന്ന് ആനയെ എത്തിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും സമ്മാന തുക കിട്ടാതായപ്പോള്‍ ഞാന്‍ ട്യൂട്ടോറിയല്‍ കോളേജിലെ പ്രിന്‍സിപ്പാളിനോട് മൊബൈല്‍ നമ്പറിന്ന് സമ്മാനം കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു.
ഞങ്ങള്‍ പണം അടച്ച കാര്യം പറഞ്ഞതുമില്ല.

'' അതൊക്കെ ഒരു തരം തട്ടിപ്പാണ്. സമ്മാന തുക തരാന്‍ നല്ലൊരു തുക അവരുടെ അക്കൌണ്ടില്‍ ഇടാന്‍
പറയും. അങ്ങിനെ ചെയ്താല്‍ ആ പണം പോയി എന്ന് ഉറപ്പിക്കാം ''.

അദ്ദേഹം അത് പറഞ്ഞതോടെ പണയം വെച്ച മാല എടുക്കാന്‍ എന്തു ചെയ്യണമെന്ന ആലോചനയിലായി.

42. കാലഘട്ടത്തിന്‍റെ ആവശ്യം.



വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് '' ഈ കൊല്ലം നമ്മുടെ ക്ലബ്ബിന്‍റെ വകയായി നിര്‍ധനരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യണം '' എന്ന പ്രസിഡണ്ടിന്‍റെ പ്രഖ്യാപനം
അംഗങ്ങള്‍ കയ്യടിച്ചു അംഗീകരിച്ചുവെങ്കിലും സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആരും
അതിനെക്കുറിച്ച് സംസാരിക്കുകപോലും ഉണ്ടായില്ല.

'' വായ കൊണ്ട് പാലും തേനും വിളമ്പുന്ന വര്‍ത്തമാനം പറയും. എന്നിട്ടോ '' മാണിക്കന്‍ എന്നോട് പറഞ്ഞു
'' ഇവരൊന്നും ഒരൊറ്റക്കാര്യം ചെയ്യില്ല ''.

'' പിരിവ് വല്ലതും നടത്തുന്നുണ്ടാവും. കാശായിട്ട് വേണ്ടേ സാധനങ്ങള്‍ വാങ്ങാന്‍ ''.

'' ഇനി ഏത് കാലത്ത് കൊടുക്കാനാ ഇവരുടെയൊക്കെ ഉദ്ദേശം ''.

'' ഇന്ന് വൈകുന്നേരം കളിക്കാന്‍ പോവുമ്പോള്‍ നമുക്ക് ചോദിക്കാം '' എന്ന് ഞാനും പറഞ്ഞു.

പക്ഷെ ഞാനല്ല ആ കാര്യം ചോദിച്ചത്. വേണ്ടാതെ മറ്റുള്ളവരെ വെറുപ്പിക്കുന്നതെന്തിന്ന് എന്ന എന്‍റെ
പോളിസി തന്നെയായിരുന്നു കാരണം.

പക്ഷെ മാണിക്കന് അമ്മാതിരി തോന്നലൊന്നും ഇല്ല. എല്ലാവരും ഉള്ള നേരം നോക്കി '' പ്രസിഡണ്ടേ,
പത്ത് സ്കൂള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടത് കൊടുക്കും എന്ന് പറഞ്ഞിട്ട് എന്തായി. ഇക്കൊല്ലം
കഴിയും മുമ്പ് കൊടുക്ക്വോ '' എന്നവന്‍ വെച്ചു കാച്ചി.

പ്രസിഡണ്ടിന്‍റെ മുഖം വിളറി വെളുത്തു.

'' ആ കാര്യം നമ്മളുടെ സജീവ പരിഗണനയിലുണ്ട് '' എന്നായി അദ്ദേഹം.

'' ഈ പറഞ്ഞതോണ്ട് എന്താ കാര്യം '' കേശവേട്ടന്‍ ഇടപെട്ടു '' കൊടുക്കണം എന്നുണ്ടെങ്കില്‍ സമയത്ത് കൊടുക്കണം. ഇല്ലെങ്കിലോ പരിപാടി വേണ്ടാന്ന് വെക്കാം ''.

'' നമുക്ക് ഈ വരുന്ന ഞായറാഴ്ച പിരിവിന് ഇറങ്ങാം '' പ്രസിഡണ്ട് പറഞ്ഞു '' മൂന്ന് നാല് ആഴ്ചകൊണ്ട് കാശാവും ''.

'' അത് വേണ്ടാ '' കേശവേട്ടന്‍ ഇടപെട്ടു '' തൊട്ടതിനും പിടിച്ചതിനും നാട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട ആവശ്യം ഒന്നൂല്യാ. ഇതിന്ന് അത്ര കാശൊന്നും വേണ്ടല്ലോ. നമ്മള്‍ മെമ്പര്‍മാര് മനസ്സ് വെച്ചാല്‍ ഈ ആവശ്യത്തിന്ന് വേണ്ട
പണം എടുക്കാനൊക്കെ പറ്റും ''.

'' ആദ്യം എത്ര പണം വേണംന്ന് കണക്കാക്കാം '' സെക്രട്ടറി അഭിപ്രായം പറഞ്ഞു '' എന്നിട്ട് പോരെ പൈസ
എടുക്കല് ''.

'' പത്ത് കുട, പത്ത് ബാഗ്, പിന്നെ കുറെ നോട്ട് പുസ്തകങ്ങള്‍. ഇതൊക്കെയല്ലേ വേണ്ടൂ. പറ്റുന്നോര് ഓരോന്ന് സ്പൊണ്‍സര്‍ ചെയ്താല്‍ പോരേ '' കേശവേട്ടന്‍റെ അഭിപ്രായം എല്ലാവരും സമ്മതിച്ചു.

'' പെന്നും വാങ്ങണം '' മാണിക്കന്‍ വിട്ടു പോയ ഇനം ഓര്‍മ്മപ്പെടുത്തി.

ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്നത് ചെയ്യാമെന്നേറ്റു. എല്ലാവര്‍ക്കും വേണ്ട ബാഗുകളും കുടകളും
കേശവേട്ടന്‍ ഏറ്റതോടെ വലിയ സാമ്പത്തിക ബാദ്ധ്യത വരുന്ന ചിലവ് ഒഴിവായി. മറ്റ് അംഗങ്ങള്‍ പണമാണ് വാഗ്ദാനം ചെയ്തത്. ഞാനും ഇരുന്നൂറ് രൂപ നല്‍കാമെന്നേറ്റു. അതോടെ പുസ്തകങ്ങള്‍ക്കും പെന്നിനും
പുറമെ ഈരണ്ട് ജോഡി വസ്ത്രങ്ങള്‍ കൊടുക്കാനും വേണ്ട പണം ആയി.

'' പണം എന്നെങ്കിലും എത്തിച്ചാല്‍ പോരാ. വെള്ളിയാഴ്ചയ്ക്ക് എത്തിക്കണം. എന്നാലേ തിങ്കളാഴ്ച സ്കൂളില്‍ സാധനങ്ങള്‍ വിതരണം നടത്താന്‍ പറ്റൂ '' എന്ന് പ്രസിഡണ്ട് നിബന്ധന വെച്ചു.

'' നീയെന്താ മാണിക്കാ ഒന്നും പറയാത്തത് '' സെക്രട്ടറി ചോദിച്ചു '' പേനടെ കാര്യം നീ പറഞ്ഞതല്ലേ. അത്
വാങ്ങി കൊണ്ടു വാ ''.

'' പെന്ന് നിങ്ങളന്നെ വാങ്ങി കൊടുത്തോളിന്‍. ഞായറാഴ്ച വൈകുന്നേരം ഞാന്‍ ഒരു സാധനം കൊണ്ടു
വന്ന് തരാം. എന്‍റേല് പണം ഉണ്ടായിട്ടൊന്ന്വല്ല. പഠിക്കാന്‍ പോണ കുട്ട്യേളുടെ കാര്യം അല്ലേന്ന് വെച്ചിട്ടാ.
ഒരു കുറവ് വരാന്‍ പാടില്ലല്ലോ. ആരുടേയെങ്കിലും തലേല്‍ കല്ലിട്ടിട്ട് സംഗതി സംഘടിപ്പിക്കും ''.

ഒന്ന് നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു '' ഈശ്വരന്‍ സഹായിച്ച് ഞാന്‍ എന്തെങ്കിലും വേണംന്ന് പറഞ്ഞാല്‍
അത് സാധിച്ച് തരാന്‍ ആള്‍ക്കാരുണ്ട് ''.

ആരൊക്കെ ചോദിച്ചിട്ടും വാങ്ങുന്നത് എന്താണെന്ന് മാണിക്കന്‍ പറഞ്ഞില്ല.

'' ഇന്നത്തെ കാലത്ത് സ്കൂളില്‍ പോണ കുട്ട്യേള്‍ക്ക് അത്യാവശ്യം വേണ്ട സാധനം ആണ് '' എന്ന് മാത്രമേ
അവന്‍ പറഞ്ഞുള്ളു.

'' എന്താന്ന് എന്‍റെ അടുത്ത് പറയ് '' എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടും അവന്‍ പറഞ്ഞില്ല.

'' അതിന്‍റെ ഗുട്ടന്‍സ് വിട്ടാല്‍ രസം പോവും '' എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞു.

ഞായറാഴ്ച വൈകുന്നേരം സാധനങ്ങള്‍ എത്തി. പതിവ് സമയം കഴിഞ്ഞിട്ടും മാണിക്കന്‍ എത്തിയില്ല.

'' ആ തിരുവാഴ്ത്താന്‍ എവിടെ പോയി കിടക്കുന്നുണ്ടോ ആവോ '' എന്ന് ആരോ പറയുന്നത് കേട്ടു.

അല്‍പ്പം കഴിഞ്ഞതും ഒരു ഓട്ടോറിക്ഷ വന്ന് ക്ലബ്ബിന്ന് മുമ്പില്‍ നിന്നു. വലിയൊരു കാരീ ബാഗുമായി മാണിക്കന്‍ ഇറങ്ങി. ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ഞങ്ങളുടെ മുമ്പില്‍ വെച്ച് അവന്‍ അത് തുറന്നു. പത്ത് മൊബൈല്‍
ഫോണുകളായിരുന്നു അതിലുണ്ടായിരുന്നത്.

'' പെന്നും പുസ്തകവും ഇല്ലെങ്കിലും പിള്ളര് സ്കൂളിലേക്ക് പോവും '' മിഴിച്ചു നിന്ന ഞങ്ങളെ നോക്കി അവന്‍ പറഞ്ഞു '' പക്ഷെ ഇത് ഇല്ലാതെ അവര് സ്കൂളിന്‍റെ പടി കയറില്ല ''.

6 comments:

ramanika said...

നാടോടുമ്പോള്‍ നടുവില്‍ തന്നെ ഓടണം
മാണിക്കന്നു ഇത് നന്നായിട്ടറിയാം .....

രാജഗോപാല്‍ said...

പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്. മാണിക്കന്റെ ഒരു പ്രൊഫൈല്‍ നോക്കിയാല്‍ ഞാന്‍ പ്രതീക്ഷിച്ചത് അരിവാളും തളപ്പും വെട്ട് കത്തിയും ആയിരുന്നു. കൊയ്യാനും തെങ്ങില്‍ കയറാനും പരിശീലിപ്പിക്കുന്ന ഉപകരണങ്ങള്‍. മാണിക്കന്‍ ഇത്ര മോഡേണ്‍ ആവുമെന്നോറ്ത്തില്ല. :)

Typist | എഴുത്തുകാരി said...

ഇനിയിപ്പൊ പുസ്തകവും ബാഗും ഇല്ലെങ്കിലും പ്രശ്നല്യ.

appachanozhakkal said...

SMS അയക്കാന്‍ മറക്കെണ്ടാട്ടോ!
എന്നും കൂടി പറയാമായിരുന്നു മാണിക്യന്.
സംഗതി അസ്സലായിട്ടുണ്ട്. ക്ലൈമാക്സ് കലക്കി.

mini//മിനി said...

മൊബൈൽ നിരോധിച്ചാലും അവർ ക്ലാസ്സിൽ കൊണ്ടുവരും. കൂടാതെ എല്ലാ സ്ക്കൂളുകളുടെയും സമീപമുള്ള കടകളിൽ പണം കൊടുത്താൽ മൊബൈൽ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ ഉണ്ട്.

keraladasanunni said...

ramanika,
കാലത്തിനൊത്ത് മാണിക്കനും മാറി.
രാജഗോപാല്‍,
വാസ്തവത്തില്‍ മാണിക്കന്‍ തൊഴിലുമായി ബന്ധപ്പെട്ട സാധനങ്ങള്‍ നല്‍കേണ്ടതായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വാങ്ങി എന്ന് മാത്രം.
Typist / എഴുത്തുകാരി,
ബാഗും പുസ്തകവും മത്രമല്ല,പഠിപ്പും ഇല്ലെങ്കിലെന്താ. ഇന്നത്തെ കാലഘട്ടം ആ വഴിക്കാണ്.
appachanozhakkal'
എസ്. എം. എസ്. ഫ്രീ എന്നു കൂടി പറയാം അല്ലേ.
mini//മിനി,
അത് പുതിയ അറിവാണ്. അമ്പലങ്ങള്‍ക്ക് മുമ്പില്‍ ചെരിപ്പ് സൂക്ഷിക്കുന്ന മാതിരി അല്ലേ.

41. തൊഴിലുറപ്പ്.



വളരെ സന്തോഷത്തോടെയാണ് അന്ന് മാണിക്കന്‍ വന്നു കയറിയത്. മുറ്റത്ത് തടുക്കു പായയിലിരുന്ന് അമ്മ ഈര്‍ക്കില ചീന്തി ചൂല് ഉണ്ടാക്കുകയാണ്.

'' എന്താ നിന്‍റെ മുഖത്ത് ഒരു പുഞ്ചിരി '' എന്ന് അമ്മ ചോദിക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് കൂട്ടുകാരന്‍
എത്തിയ കാര്യം അറിയുന്നത്.

'' അതേയ്, തമ്പ്രാട്ട്യേ. അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വാസം വന്നില്ലല്ലോ. പൂജ കഴിഞ്ഞതിന്‍റെ ഗുണം കണ്ടു. എനിക്ക് പണി കിട്ടി '' അവന്‍ പറഞ്ഞു നിര്‍ത്തി.

എന്താണ് ജോലി എന്നും എവിടെയാണ് ജോലിക്ക് പോവേണ്ടത് എന്നും അറിയാന്‍ ആകാംക്ഷ തോന്നി.
അപ്പോഴേക്കും അമ്മ '' എന്താടാ പണി '' എന്ന് ചോദിക്കുന്നത് കേട്ടു.

'' പഞ്ചായത്ത് പണിക്ക് കൂടി. നമ്മടെ വാര്‍ഡില്‍ തന്നെ. കൊല്ലത്തില്‍ നൂറ് ദിവസം പണി കിട്ടും. ദൂരെ പോവാണ്ടെ കഴിഞ്ഞല്ലോ ''.

'' അത് നന്നായി. വൈകുന്നേരം വീട്ടിലെത്താലോ ''.

'' കൂലി കുറവാണ്. എന്നാലും ഗവര്‍മ്മെണ്ട് പണം വാങ്ങാന്‍ പറ്റും എന്നൊരു സന്തോഷം ഉണ്ട് ''.

'' ഒരു ദിക്കിലും ഒട്ടി നില്‍ക്കാത്ത നിന്‍റെ സ്വഭാവം മാറ്റി ഇതിലെങ്കിലും ഒന്ന് മര്യാദക്ക് നില്‍ക്ക് '' എന്ന
അമ്മയുടെ ഉപദേശം അവന്‍ തല കുലുക്കി സ്വീകരിച്ചു.

പിറ്റേന്ന് വൈകുന്നേരം അവന്‍ വീട്ടിലെത്തി.

'' എവിടെ നമ്മടെ ആള് '' എന്ന് അവന്‍ എന്നെ അന്വേഷിക്കുന്നതും, '' കോമ്പരയിലെ ഒരു കഴുക്കോലില്‍
ചിതല് കയറിയത് തട്ടി കളയുകയാണ് '' എന്ന് അമ്മ മറുപടി പറയുന്നതും കേട്ടു.

'' അത് ഞാന്‍ ചെയ്യാലോ '' എന്നും പറഞ്ഞ് മാണിക്കനും പുറകെ അമ്മയും എത്തി.

'' ആ ചൂല് ഇങ്ങിട്ട് താ '' എന്നും പറഞ്ഞ് അവന്‍ പണി ഏറ്റെടുത്തു.

'' ഇന്ന് നീ പഞ്ചായത്ത് പണിക്ക് പോയില്ലേ '' അമ്മ ചോദിച്ചു.

'' പണി മാറി വരുന്ന വഴിയാണ് '' അവന്‍ പറഞ്ഞു.

'' എന്താടാ പണി ''.

'' പൊഴേല് വെള്ളം പമ്പ് ചെയ്യുന്ന സ്ഥലം വെടുപ്പാക്കുന്ന പണിയാണ് ''.

അവന്‍ വിവരണം തുടങ്ങി. പമ്പ് സെറ്റ് വെച്ച സ്ഥലത്ത് രണ്ട് കിണറുകളാണ് ഉള്ളത്. ഒന്ന് പുഴയിലും
മറ്റൊന്ന് ഉയര്‍ന്ന തിട്ടില്‍ പമ്പ് ഹൌസിനോട് തൊട്ടടുത്തും. ഉണ്ടാക്കിയതിന്ന് ശേഷം അവ ചളി നീക്കി
വൃത്തിയാക്കിയിട്ടില്ല. പുഴയില്‍ മലവെള്ളം വരുമ്പോള്‍ എത്തുന്ന ചേറ് രണ്ട് കിണറിലും അടിഞ്ഞിട്ടുണ്ട്. രണ്ടിനേയും യോജിപ്പിക്കുന്ന പൈപ്പ് മണ്ണ് നിറഞ്ഞ് വെള്ളം കടക്കാത്ത അവസ്ഥയിലാണ്. ഇതിനൊക്കെ പുറമെ മീന്‍ പിടുത്തക്കാര്‍ പുഴയിലെ കിണറിന്ന് തൊട്ട് താഴെ ചേറിന്‍റെ കട്ട വെച്ച് വെള്ളം തടുത്ത് കെട്ടി തോട്ടയിട്ടിട്ടും നഞ്ച് കലക്കിയും മീന്‍ പിടിക്കാറുണ്ട്. ഈ വൃത്തികെട്ട വെള്ളമാണ് പൈപ്പില്‍ വരുന്നത്.

'' ശിവ ശിവ '' അമ്മ പറഞ്ഞു '' ആ വെള്ളം കുടിച്ചാല്‍ സൂക്കട് വരില്ലേ ''.

'' പിന്നെന്താ. എന്തായാലും ഈ ആഴ്ച നന്നാക്കി നല്ല വെള്ളം കിട്ടാറാക്കും''.

'' ഒരാഴ്ചത്തെ പണിയുണ്ടോടാ അവിടെ ''.

'' അത് എങ്ങിന്യാണ്. കൂട്ടത്തില്‍ ഏഴ് ആണുങ്ങളേ ഉള്ളൂ. ആര്‍ക്കും വെള്ളത്തില്‍ ഇറങ്ങാന്‍ വയ്യ. ചളി
കോരി കൊടുത്താല്‍ പെണ്ണുങ്ങളുടെ കൂടെ അവരും അത് കടത്താം എന്നാ പറയുന്ന് ''.

'' നല്ല ആള്‍ക്കാര്. എന്നിട്ട് നീ ഒറ്റയ്ക്കാ ചളി വാരാന്‍ പോണത് ''.

'' അല്ലാണ്ടെ എന്താ ചെയ്യാ. മാണിക്കാ നീ മനസ്സ് വെച്ചാലേ സംഗതി ശരിയാവുള്ളു എന്നാ പ്രസിഡണ്ട്
പറഞ്ഞത്. പക്ഷെ അതിന്ന് മുമ്പ് മണ്ണോണ്ട് കെട്ടിയ ചിറ പൊളിച്ച് കളയണം. മുമ്പ് ഏതോ കാലത്ത്
ഉണ്ടായിരുന്ന ഒരു പൊളിഞ്ഞു പോയ കിണറിന്‍റെ കുഴി തൊട്ടടുത്ത പുറമ്പോക്കില്‍ ഉണ്ട്. കന്നും മാടും
അതില് പെടാനേ നേരം കിട്ടു. എടുത്ത മണ്ണ് കൊണ്ടു പോയി അതിലിട്ട് തൂര്‍ക്കണം. അത് കഴിഞ്ഞിട്ടേ
ചളി വാരല്‍ ഉണ്ടാവൂ ''.

പിറ്റേന്ന് മുതല്‍ പണിയുടെ പുരോഗതി അവന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. നാല് ദിവസം കൊണ്ട് പണി
മുഴുവന്‍ തീര്‍ക്കാന്‍ കഴിഞ്ഞതില്‍ അവന്ന് ഏറെ സന്തോഷം ഉള്ളതായി തോന്നി.

'' ഇനി നാളെ മുതല്‍ക്ക് എന്താ നിങ്ങളുടെ പണി '' എല്ലാം കേട്ടു കഴിഞ്ഞ അമ്മ ചോദിച്ചു.

'' പാത പള്ളേലെ തൂപ്പും ചെടീം ഒക്കെ വെട്ടി കളഞ്ഞ് വൃത്തിയാക്കാനാ മെമ്പര്‍ പറഞ്ഞത് ''.

'' അതും വേണ്ടതന്നെ. ഇങ്ങിനെ വഴി വക്കില് കാടും പടലും പിടിച്ച് കിടന്നാല്‍ അതിന്‍റെ അടീല് വല്ല എഴജന്തുക്കളും കിടന്നാല്‍ കൂടി അറിയില്ല ''.

'' നോക്കിക്കോളൂണ്ടു. രണ്ട് ദിവസം കൊണ്ട് പണി പടക്കം പോലെ ആക്കും ''.

പിറ്റേന്ന് മാണിക്കന്‍ തീരെ നിരാശനായിട്ടാണ് എത്തിയത്. ഒരു കല്യാണത്തിന്ന് ചെന്നിട്ട് വന്ന അച്ഛന്‍
വീട്ടില്‍ ഉണ്ടായിരുന്നു.

'' എന്താടോ തന്‍റെ പണിയൊക്കെ '' അച്ഛന്‍ ചോദിച്ചു.

'' തോതാവാത്ത എടവാട് മാതിരി തോന്നുന്നു ''.

'' അതെന്താ അങ്ങിനെ ''.

'' നിഴല് കടത്തലാ പണീന്ന് പറഞ്ഞാല്‍ മതി. എനിക്ക് മടുത്തു ''.

'' നീ കാര്യം പറ ''.

'' കൂട്ടു മുക്ക് മുതല്‍ക്ക് ഉങ്ങിന്‍ചോട് വരെ അര കിലോമീറ്റര്‍ ദൂരം റോഡ് വക്കിലെ കാടും പടലും വെട്ടി
മാറ്റലാ പണി. മുപ്പതിനായിരം ഉറുപ്പികയാണത്രേ അതിന്ന് ഫണ്ട് നീക്കി വെച്ചിട്ടുള്ളത്. ഇരുപത്തി നാല് പണിക്കാര്‍ക്ക് പത്ത് ദിവസം ചെയ്യാനുള്ള പണിയാണ് അത് എന്നാ പറഞ്ഞത് ''.

'' അപ്പൊ എങ്ങിനെയാടാ സമയം ആക്ക്വാ '' അമ്മയ്ക്ക് ആ സൂത്രം അറിയണം.

'' രാവിലെ പണിക്ക് എത്തിയതും രണ്ട് പെണ്ണുങ്ങള് കുടവും ആയി വെള്ളത്തിന് പോകും. മൂന്നോ നാലോ പെണ്ണുങ്ങള് കല്ല് പെറുക്കി അടുപ്പ് കൂട്ടി പട്ടയോ പാളയോ ഉണ്ടാക്കി ചായവെള്ളം തിളപ്പിക്കും. ഇടുപ്പിന്ന് സുഖം ഇല്ലാതെ ഒരു പണിയും ചെയ്യാന്‍ പറ്റാത്ത ഒരു ചങ്ങാതിയുണ്ട്. അവന്‍ ചായപ്പീടീലിക്ക് പൊറോട്ട വാങ്ങാന്‍ പോകും. ബാക്കി ആള്‍ക്കാര് പണി ചെയ്യും ''.

'' അത് അത്ര കാര്യം ആക്കണ്ടാ. ബാക്കി ആള്‍ക്കാര് പോരേ പണി തീര്‍ക്കാന്‍ ''.

'' അതെങ്ങനെ. മണ്ണിന്ന് വേദനിക്ക്വോ എന്ന് പേടിച്ചിട്ടാ ഓരോരുത്തര് കൈക്കോട്ടോണ്ട് പുല്ല് ചെത്താറ്.
ഒറ്റ വെട്ടിന്ന് മുറിച്ചിടേണ്ട മരത്തിന്‍റെ ചില്ല അര മണിക്കുര്‍ കൊണ്ടാ വെട്ടി ഇട്വാ ''.

'' കേള്‍ക്കാന്‍ നല്ല രസം ഉണ്ട് '' അമ്മ പറഞ്ഞു '' ഇക്കണക്കിന്ന് പത്ത് ദിവസം കൊണ്ട് പണി തീര്വോ ''.

'' എങ്ങനീം സമയം ആക്കണം എന്ന ഒറ്റ നിനവേ ഉള്ളൂ എല്ലാറ്റിനും ''.

'' നോക്കൂ, എല്ലാ ദിക്കിലും ഇവന്‍ പറയുന്ന മാതിരിയല്ല " അച്ഛന്‍ പറഞ്ഞു '' ഈ തൊഴിലുറപ്പ് പദ്ധതിയില്‍
പെടുത്തി എന്തൊക്കെ കാര്യങ്ങള്‍ ഓരോ ദിക്കില്‍ ചെയ്യിക്കുന്നുണ്ടെന്ന് അറിയ്യോ. റോഡ് വെട്ടല്, കുളം
നന്നാക്കല് അങ്ങിനെ നൂറ് കൂട്ടം പണികള്‍ ചെയ്യിക്കുന്ന സ്ഥലങ്ങളുണ്ട് ''.

'' എനിക്ക് അതൊന്നും അറിയില്ല '' മാണിക്കന്‍ പറഞ്ഞു '' പാപി പോയോടം പാതാളം എന്ന് കേട്ടിട്ടുണ്ട്.
എന്‍റെ കാര്യത്തില് അത് ശരിയാണെന്നാ തോന്നുന്നത് '

'' നീ എന്തിനാ ഇതില്‍ ഇത്ര ബേജാറ് ആവുന്നത് '' അമ്മ പറഞ്ഞു '' എല്ലാവരും പണിയുന്ന മാതിരി നിനക്കും
എന്തെങ്കിലും കാട്ടി കൂട്ട്യാല്‍ പോരേ ''.

'' എന്നെക്കൊണ്ട് അതിന്ന് ആവില്ലാ. മേലനങ്ങാത്ത കൂലി എനിക്ക് വേണ്ടാ ''.

'' ഇവന് അറിയാഞ്ഞിട്ടാണ് '' അച്ഛന്‍ പറഞ്ഞു '' ഈക്കണ്ട പണിക്കാരക്കൊക്കെ ദിവസൂം എന്തെങ്കിലും പണി കൊടുക്കണ്ടേ. ചിലപ്പൊ ഇതു പോലെ ഒക്കെ ചെയ്യേണ്ടി വരും ".

'' കണ്ടില്ലാ കേട്ടില്ലാ എന്ന് വെച്ച് നൂറ് ദിവസം തികയ്ക്ക് '' എന്ന് അമ്മ പറഞ്ഞതിന്ന് മനമില്ലാ മനസ്സോടെ
അവന്‍ ഒന്ന് മൂളി.

'' തമ്പ്രാട്ട്യേ, ഞാന്‍ പണി വേണ്ടാന്ന് വെച്ചു '' എന്നും പറഞ്ഞും കൊണ്ടാണ് അടുത്ത ദിവസം മാണിക്കന്‍
എത്തിയത്.

'' നിന്നോട് എങ്ങിനെയെങ്കിലും നിക്കാന്‍ പറഞ്ഞതല്ലേ '' അമ്മ ചോദിച്ചു.

'' അതൊക്കെ ശരിയാണ്. നീ ഗവര്‍മ്മെണ്ടിന്ന് കാശ് ഉണ്ടാക്കാന്‍ വേണ്ടീ ഒരുങ്ങി വന്നതാണ്. നാളെ മുതല്‍
നിന്‍റെ കൂടെ ഞങ്ങളാരും പണിക്കില്ലാ എന്ന് കൂടെയുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ എന്താ ചെയ്യാ ''.

'' അപ്പൊ നൂറ് ദിവസത്തെ പണി നീ ആറ് ദിവസം കൊണ്ട് തീര്‍ത്തൂ അല്ലേ ''.

അമ്മ ആ ചോദിച്ചതിന്ന് മറുപടിയായി മാണിക്കന്‍ ഒന്ന് പുഞ്ചിരിച്ചു.