Sunday, May 29, 2011

പ്രതിവിധി.

'' ഇന്ന് ഞാന്‍ ശരിക്ക് ഒരു പണി പറ്റിച്ചു '' മാണിക്കന്‍ അതു പറഞ്ഞപ്പോള്‍ എന്താണ് സംഗതി എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ചോദ്യ ഭാവത്തില്‍ അവന്‍റെ മുഖത്തേക്ക് നോക്കി.

'' പിള്ളരുക്ക് കണ്ണുത്തെളിവ് ഇത്തിരി കൂടുന്നുണ്ട്. അതിന്ന് ഇങ്ങിനെ തന്നെ പറ്റിക്കണം ''. ചെയ്ത കാര്യം ന്യായീകരിക്കുന്നതല്ലാതെ അവന്‍ വിഷയം തെളിച്ചു പറയുന്നില്ല.

'' എന്താ കാര്യം എന്നു വെച്ചാല്‍ ശരിക്ക് പറയ് '' ഞാന്‍ പറഞ്ഞു '' നീ ഇങ്ങിനെ അവിടേയും ഇവിടേയും തൊടാതെ പറഞ്ഞാല്‍ എനിക്ക് മനസ്സിലാവില്ല ''.

'' അത് പറയാന്‍ തന്നെയാ പോണത് '' അവന്‍ പറഞ്ഞു തുടങ്ങി.

ഉച്ചയോടുകൂടി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട കാര്യത്തിന്ന് താലൂക്ക് സപ്ലെ ഓഫീസില്‍ പോയതായിരുന്നു അവന്‍. പുതിയ റേഷന്‍ കാര്‍ഡിന്നുള്ള അപേക്ഷ കൊടുക്കേണ്ട സമയത്ത് ദേശാടനത്തിലായതിനാല്‍ അവന് അതിന്ന് കഴിഞ്ഞില്ല. തിരിച്ചുവന്ന ശേഷം അവന്‍ അന്വേഷിച്ചപ്പോള്‍ അപേക്ഷ കൊടുത്തവരുടെ കാര്‍ഡുകള്‍ കൊടുത്തു കഴിഞ്ഞതിന്ന് ശേഷമേ പുതിയതായി അപേക്ഷകള്‍ വാങ്ങുകയുള്ളു എന്ന് അറിഞ്ഞു. ഒരു വിധം അപേക്ഷ കൊടുത്തു കഴിഞ്ഞു. ഇതിനകം റേഷന്‍ കാര്‍ഡ് കിട്ടാന്‍ വേണ്ടി താലൂക്ക് സപ്ലെ ഓഫീസില്‍ കയറി ഇറങ്ങിയത് നൂറ്റൊന്ന് തവണ. ഇനി മേലാല്‍ ഇതു പോലെയുള്ള എന്തെങ്കിലും അപേക്ഷ കൊടുക്കാനുണ്ട് എന്നറിഞ്ഞാല്‍ ചത്ത് കിടക്കുകയാണെങ്കിലും ചാടി എഴുന്നേറ്റു ചെന്ന് സമയത്തിന്ന് തന്നെ കൊടുക്കും.

'' അതും നീ പറഞ്ഞു തുടങ്ങിയതും തമ്മില്‍ എന്താ ബന്ധം '' ഞാന്‍ ചോദിച്ചു.

'' നീ തോക്കിന്‍റെ ഉള്ളില്‍ കടന്ന് വെടി വെക്കാതെ '' എന്‍റെ ചോദ്യം കൂട്ടുകാരന്ന് ഇഷ്ടപ്പെട്ടില്ല. അല്‍പ്പം കഴിഞ്ഞ് അവന്‍ വീണ്ടും തുടങ്ങി'' രണ്ടാഴ്ച കഴിഞ്ഞ് വന്ന് അന്വേഷിക്കൂ എന്ന ഉപദേശം കിട്ടിയതോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. ചെന്നെത്തിയത് സിനിമ തിയേറ്ററില്‍. പടം കണ്ടു കഴിഞ്ഞ് ഇറങ്ങി ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ബസ്സ് റെഡി ''.

അവന്‍ എന്തോ ആലോചിച്ച് ഇരുന്നു.

'' ബാക്കീം കൂടി പറയ് '' ഞാന്‍ ആവശ്യപ്പെട്ടു.

'' നമ്മടെ ഗോപാലേട്ടന്‍റെ മകന്‍ രാധാകൃഷ്ണനാണ് കിളി '' അവന്‍ തുടര്‍ന്നു '' കേറുന്നില്ലേ മാണിക്കേട്ടാ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കയറി. ബസ്സില്‍ സീറ്റൊക്കെ നിറഞ്ഞ് രണ്ട് മൂന്ന് ആളുകള്‍ നില്‍പ്പാണ്. പിന്നാലത്തെ സീറ്റില്‍ മുഴുവന്‍ കോളേജ് പിള്ളരാണ്. അവര് ഇത്തിരി ഒന്ന് നീങ്ങിയിരുന്നാല്‍ എനിക്കും കൂടി ഇരിക്കാം. അത് ചെയ്യണ്ടേ. നമ്മളെ അവറ്റ ഗൌനിച്ചില്ല ''.

'' അതെന്തേ ''.

'' എടാ, ഞാന്‍ ഉടുത്തിരുന്നത് ലുങ്കിയായിരുന്നു. റേഷന്‍ കാര്‍ഡിന്ന് അപേക്ഷ കൊടുത്തതില്‍ തൊഴില് കൂലിപ്പണി എന്നെഴുതിയിട്ട് പാന്‍റും കോട്ടും ഇട്ട് പോവാന്‍ പാടില്ലല്ലോ '' അവന്‍ തുടര്‍ന്നു '' അലക്കി തേച്ച് വെടുപ്പാക്കിയതാണെങ്കിലും ലുങ്കിക്ക് വല്ല മതിപ്പും ഉണ്ടോ. പിള്ളരുക്ക് അത് പിടിച്ചിട്ടുണ്ടാവില്ല ''.

'' അവര്‍ക്ക് പിടിച്ചാലും ഇല്ലെങ്കിലും നിനക്കെന്താ ''.

'' ഒന്നും ഉണ്ടായിട്ടല്ല. മക്കളേ ഒന്ന് നീങ്ങിയിരിക്ക് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കേട്ട ഭാവം നടിച്ചില്ല ''.

'' ചുരുക്കത്തില്‍ നീ ഇത്ര ദൂരം നിന്നിട്ട് വന്നു ? ''

'' അതല്ലേ രസം. ഞാന്‍ നില്‍ക്കുന്നത് കണ്ടിട്ട് രാധാകൃഷ്ണന്‍ വന്ന് പിള്ളരോട് നീങ്ങിയിരിക്കാന്‍ പറഞ്ഞു. എനിക്ക് അവരുടെ നടുവില്‍ സ്ഥലം കിട്ടി ''.

''പിന്നെന്താ പ്രശ്നം ''.

'' ഒരു ശത്രൂനെ പോലെയാ ആ പിള്ളര് എന്നെ നോക്കിക്കോണ്ടിരുന്നത്. എല്ലാറ്റിന്‍റെ മൊകിറും കുമ്മുക്കന്‍ കുത്ത്യേ പോലെ. ഇവരെയൊക്കെ ഒരു വെപ്പ് വെക്കണം എന്ന് മനസ്സില്‍ കരുതിയിരുന്നപ്പോഴാണ് സംഗതി ഒത്തു കിട്ടിയത് ''.

'' എന്താ ഉണ്ടായത് '' എനിക്ക് ആകാംക്ഷ തോന്നി.

'' ഒരു പിച്ചക്കാരന്‍ കിഴവന്‍ ബസ്സില്‍ കേറി. മുഷിഞ്ഞ് നാറുന്ന വേഷം. തോളില്‍ ഒരു ഭാണ്ഡക്കെട്ട്. കയ്യില്‍ ഒരു വടി. മൂപ്പരുക്ക് കമ്പീല്‍ പിടിച്ച് നില്‍ക്കാനും വയ്യ. ഇതന്നെ താപ്പ് എന്ന് ഞാനും കരുതി ''.

'' എന്തേ നീ ചെയ്തത് '' ഞാന്‍ ചോദിച്ചു.

'' കാരണോരെ ഇരിക്കിന്‍ എന്നും പറഞ്ഞ് ഞാന്‍ എണീറ്റ് മൂപ്പരുക്ക് സ്ഥലം കൊടുത്തു ''.

ആ കോളേജ് കുമാരന്മാരുടെ അപ്പോഴത്തെ മുഖഭാവം ഞാന്‍ മനസ്സില്‍ കണ്ടു.

8 comments:

  1. പിള്ളേർക്ക് ഇതിലും വലിയ ഒരു കൊട്ട് കിട്ടാനില്ല. മാണിക്കൻ ഒരു പുലി തന്നെ.

    ReplyDelete
  2. "എല്ലാറ്റിന്റെ മൊകിറും കുംമുക്ക ന്‍ കുത്ത്യെപോലെ !" മലയാള ഭാഷയുടെ ഈ പ്രാദേശിക ഭേദമെന്നെ ആകര്‍ഷിച്ചു. അനുഭവത്തില്‍ നിന്ന് കഥകളിനിയും പിറക്കട്ടെ. കഥ നന്നായി. ആശംസകള്‍

    ReplyDelete
  3. രാജഗോപാല്‍ ,

    മാണിക്കന്‍ ഇനിയും ഈ വിധത്തിലുള്ള എന്തെങ്കിലും വിരുതുകള്‍ ഒപ്പിച്ച് പ്രത്യക്ഷപ്പെടും.

    Haneefa Mohammed

    ഭാഷയിലെ പ്രാദേശിക വ്യത്യാസങ്ങള്‍ പലപ്പോഴും രസകരമായി തോന്നും.

    ReplyDelete
  4. അത് തകര്‍ത്തു ... പിള്ളേര് കുറച്ചു മര്യാദ പഠിക്കട്ടെ !

    ReplyDelete
  5. അബി,

    മാണിക്കന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പം കണ്ണുത്തെളിവ് കൂടിയ പിള്ളരെ ഇങ്ങിനെയല്ലേ പഠിപ്പിക്കുക.

    ReplyDelete
  6. പണി കൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം ...നല്ല എട്ടിന്റെ പണി .......!

    ReplyDelete
  7. ajikalathera,

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.

    ReplyDelete
  8. മാണിക്കന്‍ ആള് കൊള്ളാല്ലോ.

    ReplyDelete