Wednesday, August 29, 2012

ഓണക്കോടി.

ഓണത്തിന്ന് രണ്ടു ദിവസം മുമ്പേ എത്തുകയുള്ളു എന്ന് മാണിക്കന്‍ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. അങ്ങിനെയാണെങ്കില്‍ ഇന്ന് എത്തേണ്ടതാണ്. സന്ധ്യയാവാറായിട്ടും ആളടെ അഡ്രസ്സ് ഇല്ല. പതിവു മട്ടില്‍ ഒന്നു പറഞ്ഞ് വേറൊന്ന് ചെയ്യുന്ന ഏര്‍പ്പാട് തന്നെയാവും.


ഇടവപ്പാതി തുടങ്ങുന്നതിന്ന് കുറെമുമ്പ് മാണിക്കന്‍ ഉടുമലപ്പേട്ടയിലേക്ക് പോയതാണ്. നാട്ടില്‍ പണി ഇല്ലാഞ്ഞിട്ടല്ല. അന്നന്ന് കിട്ടുന്ന പണം അന്നന്നു തന്നെ ചിലവാകുന്നു. ഓണം ആവുമ്പോഴേക്ക് കുറെ പണം ഉണ്ടാക്കണം. ചെട്ടിയാരുടെ കൃഷിസ്ഥലത്താണെങ്കില്‍ പിടിപ്പത് പണിയുണ്ട്. '' നീ എന്‍ കൂടെ വാടാ മാണിക്കാ '' എന്ന് ചെട്ടിയാര്‍ നാട്ടില്‍ വന്നപ്പോള്‍ പറഞ്ഞു. രണ്ട് രണ്ടര മാസം അവിടെ കഴിച്ചു കൂട്ടി ഓണത്തിന് കുറെ പണവുമായി എത്താം. യാത്ര പോവുന്നതിതിന്‍റെ തലേന്നാള്‍ അവന്‍ വീട്ടില്‍ വന്ന് ഇതൊക്കെ പറഞ്ഞിരുന്നതാണ്.


രാത്രി ഊണു കഴിക്കുമ്പോഴും മാണിക്കന്‍റെ ഓര്‍മ്മതന്നെയാണ് മനസ്സില്‍.


'' തന്‍റെ കൂട്ടുകാരന്‍ വന്ന്വോടോ '' എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.


'' വിചാരിച്ച മട്ടില്‍ അവന് വരാന്‍ പറ്റീട്ടുണ്ടാവില്ല '' അമ്മ ആരോടെന്നില്ലാതെ പറഞ്ഞു '' ചിലപ്പൊ നാളെ രാവിലെ ആള് ഇവിടെ ഉണ്ടാവും ''.


രാവിലെ കുളിക്കാന്‍ അമ്പലകുളത്തിലേക്ക് പുറപ്പെടുമ്പോള്‍ മാണിക്കന്‍ കേറി വരുന്നു.


'' നീ ഇന്നലെ എത്തുമെന്ന് പറഞ്ഞിട്ട് ? '' ഞാന്‍ ചോദിച്ചു.


'' നിന്‍റെ കയ്യില്‍ പണമുണ്ടെങ്കില്‍ ഇരുന്നൂറോ മുന്നൂറോ താ '' ചോദിച്ചതിനല്ല അവന്‍റെ മറുപടി.


'' എന്താ ഇത്ര അത്യാവശ്യം ''.


'' അതൊക്കെ പിന്നെ പറയാം . ഇപ്പൊ കാശുണ്ടെങ്കില്‍ എടുക്ക് ''.


ഞാന്‍ അകത്തു ചെന്ന് ഓണം ആഘോഷിക്കാന്‍ വെച്ചതില്‍ നിന്ന്അഞ്ഞൂറിന്‍റെ ഒരു നോട്ടുമായി വന്നു.


'' ഞാന്‍ കുറച്ചു കഴിഞ്ഞിട്ട് എത്താം '' അവന്‍ പണവുമായി പോയി. കുളിയും ആഹാരവും കഴിഞ്ഞ് ടി.വി. പരിപാടികളും കണ്ട് ഇരിക്കുമ്പോള്‍ മാണിക്കന്‍ വീണ്ടുമെത്തി.


'' ഇന്നലെ എന്താ വന്നില്ല '' ഞാന്‍ ചോദിച്ചു.


'' മിനിഞ്ഞാന്നന്നെ ഞാന്‍ പോന്നതാ. പക്ഷെ ഇവിടെ എത്തുമ്പൊ ഇന്ന് നേരം പുലര്‍ന്നു ''.


'' അതെന്താ. വഴിക്ക് വല്ല പ്രശ്നവും ? ''.


'' പ്രശ്നോന്ന്വല്ല. വേറൊരു സംഗതീണ്ടായി '' മാണിക്കന്‍ പറയാന്‍ തുടങ്ങി.


'' രണ്ട് മാസത്തില്‍ കൂടുതല്‍ പണി ചെയ്ത കൂലി കിട്ടാനുണ്ട്. താമസം ചെട്ടിയാരുടെ വീട്ടിലായതിനാല്‍ ചിലവൊന്നുമില്ല. ഒന്നു രണ്ട് പ്രാവശ്യം കുറച്ചു പണം വാങ്ങി അമ്മയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ആ പണം തട്ടി കിഴിച്ചാലും ബാക്കി ഇരുപത്തായ്യയിരം ഉറുപ്പികയില്‍ കൂടുതലുണ്ട്. ഓണത്തിന്ന് നാട്ടിലേക്ക് പോണ കാര്യം നേരത്തെ പറയും ചെയ്തിരുന്നു ''.


'' എന്നിട്ടെന്താ, അയാള് പണം തരാതെ ചിറ്റിച്ച്വോ ''.


''ഛേ. ചെട്ടിയാര്‍ അങ്ങിനത്തെ ആളല്ല. കണക്ക് പ്രകാരം തരാനുള്ള കാശ് തന്നു. വണ്ടിക്കൂലിക്ക് വെച്ചോ എന്നും പറഞ്ഞ് ആയിരം വേറേയും. കൂട്ടത്തില്‍ അയ്യായിരം ഉറുപ്പിക പ്രത്യേകം തന്നു വിട്ടു ''.


'' അതെന്തിനാ. ഓണ ചിലവിനോ ''.


'' അല്ലാടാ. ശബരിമലയ്ക്ക് പോണ വഴീല് തൃശൂര് കഴിഞ്ഞ് കുറെ പോവുമ്പൊ ഒരു അനാഥാലയം ഉണ്ട്. അവിടേക്ക് സംഭാവനയായിട്ട് തന്നു വിട്ട കാശാ അത്. മൂപ്പര് സ്ഥിരമായിട്ട് അവിടേക്ക് കൊടുക്കാറുള്ളതാ. തിരക്കിന്‍റെ എടേല് ഈ പ്രാവശ്യം വിട്ടുപോയി, ഓണായിട്ട് ആ പാവങ്ങള്‍ക്ക് കിട്ടിക്കോട്ടെ നീ കൊണ്ടുപോയി കൊടുക്ക് എന്നും പറഞ്ഞ് എന്‍റേല് തന്നയച്ചതാ ''.


'' എന്നിട്ട് ''.


'' അവിടെ ചെന്നു പണം കൊടുത്തു. അതന്നെ ''.


എന്തൊക്കേയോ അവന്‍ ഒളിപ്പിക്കുന്നതുപോലെ തോന്നി. ഇത്രയധികം പണം കിട്ടിയിട്ട് അവന്‍ എന്നോട് കടം ചോദിച്ചത് എന്തിനാണ്. പണം പോക്കറ്റടിച്ച് പോയി കാണുമോ. ഞാന്‍ അവനോട് എന്‍റെ സംശയം ചോദിച്ചു.


'' അനാഥാലയം എന്ന് പറയുന്നത് നമ്മള്- വിചാരിക്കുന്ന വിധത്തിലല്ല '' അവന്‍ പറഞ്ഞു '' അകത്ത് കേറി നോക്കുമ്പോഴല്ലേ കഥ അറിയൂ ''.


'' എന്തു കഥ ''.


'' അവിടെ താമസിക്കുന്ന മുക്കാലുംപേര്‍ക്ക് മക്കളും സന്തുബന്ധുക്കളും ഉണ്ട്. അമ്പലത്തില്‍ മാടിനേയോ കന്നിനേയോ നട തള്ളുന്ന മട്ടില് വയസ്സായോരെ അവിടെ കൊണ്ടു വിട്ട് മൂടും തട്ടി ഒറ്റപ്പോക്കാ എല്ലാരും. എന്നെങ്കിലും കാണാന്‍ ആരെങ്കിലും എത്തുമെന്ന് കരുതി ഇരിക്ക്യാണ് പലരും ''.


'' അതോണ്ട് നിനക്കെന്താ ''.


'' ഞാന്‍ ഓണത്തിന് വിട്ടിലേക്ക് പോരുന്നത് എന്തിനാ. എന്‍റെ അമ്മേനെ കാണാന്‍. അതിന് മുണ്ടും തുണീം വാങ്ങി കൊടുക്കാന്‍. ആ തള്ളമാര്‍ക്കും അങ്ങിനത്തെ മോഹം ഉണ്ടാവില്ലേടാ ''.


'' അതിനിപ്പൊ നമ്മള് എന്താ ചെയ്യാ ''.


'' മാണിക്കന്‍ ചെയ്തു. കയ്യിലെ കാശ് കൊടുത്ത് അവിടത്തെ എല്ലാവര്‍ക്കും തുണി വാങ്ങിക്കൊടുത്തു. ഇന്നലെ പകല്മുഴുവന്‍ അവരുടെ കൂടെ കൂടി. ഇനിയെപ്പോഴെങ്കിലും വരാന്ന് പറഞ്ഞ് പിരിയുമ്പോള്‍ അവരൊക്കെ കരഞ്ഞു, എനിക്കും കരച്ചില്‍ വന്നു ''.


ഞാന്‍ അവനെത്തന്നെ നോക്കി നിന്നു.


'' ഇവിടെ വരുമ്പൊ എന്‍റെ കയ്യില്‍ ഒരു ഉറുപ്പികയില്ല എടുക്കാന്‍. എനിക്കൊന്നും വേണ്ടാ. അമ്മയ്ക്ക് ഒരു മുണ്ട് വാങ്ങി കൊടുക്കണ്ടേ '' അവന്‍ ഒന്നു നിര്‍ത്തി വീണ്ടും പറഞ്ഞു '' അതാ നിന്നോട് കടം ചോദിച്ചത്. പണിക്ക് പോവാന്‍ തുടങ്ങിയാല്‍ ഞാന്‍ അത് തരാട്ടോ ''.


ഞാന്‍ ഒന്നും പറഞ്ഞില്ല. അവന്‍റെ കയ്യില്‍ മുറുകെ പിടിക്കുക മാത്രം ചെയ്തു.

13 comments:

  1. മാണിക്കനെ കണ്ടിട്ട് കുറെ കാലമായല്ലോ
    എന്തായാലും ഓണത്തിനെങ്കിലും വന്നു. സന്തോഷമായി

    ReplyDelete
  2. കഥ നന്നായിട്ടുണ്ട്

    ReplyDelete
  3. ഇതുപോലെയുള്ള മാണിക്കന്‍മാരെയാണ് ഇന്നത്തെ നമ്മുടെ നാടിനു വേണ്ടത്!!
    നല്ല കഥ,ആശംസകള്‍!

    ReplyDelete
  4. ഈ ലോകത്ത് ഇനിയും നന്മയുള്ള മനുഷ്യർ അവശേഷിക്കുന്നു...!
    കുറ്റിയറ്റു പോയിട്ടില്ലെന്നു ഓർമ്മിപ്പിക്കുന്നു ഈ കഥ...!!
    “തിരുവോണാശംസകൾ...”

    ReplyDelete
  5. മാണിക്കന്‍ ഒരു മാണിക്കം....
    happy onam

    ReplyDelete
  6. പണത്തിനു മീതെ പലതും ഉണ്ട്.... നല്ല കഥ, ആദ്യമായാണ്‌ ബ്ലോഗില്‍ വരുന്നത്... കൊള്ളാം... anandsplash.blogspot.in ഇതാണ് എന്റെ ബ്ലോഗ്‌... ഫോളോ ചെയ്യാന്‍ ക്ഷെന്നിക്കുന്നു....

    ReplyDelete
  7. നല്ല മനസ്സുള്ളവര്‍ ഇനിയുമുണ്ട്.

    ReplyDelete
  8. അപൂര്‍വ്വജനുസ്സില്‍പ്പെട്ട മാണിക്യന്റെ കഥ കൊള്ളാം, അങ്ങനെ കുറച്ചു പേരെങ്കിലും ഈ ലോകത്ത്‌ ഉണ്ടായിരിക്കും അല്ലേ ? നന്മ മരിക്കാതിരിക്കട്ടെ ......

    ReplyDelete
  9. മാനിക്കന്റെ നല്ല മനസ്സ് കണ്ണ് നിറഞ്ഞു..

    ReplyDelete
  10. ajith,
    പല തിരക്കുകളാല്‍ എഴുത്തില്‍ അധികം ശ്രദ്ധിക്കാനാവുന്നില്ല.
    Kattil Abdul Nissar,
    വളരെ നന്ദി.
    മോഹന്‍ കരയത്ത്,
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    വി.കെ,
    മാണിക്കന്‍റെ നന്മകളും അബദ്ധങ്ങളുമായി ഇനിയും മുന്നിലെത്താം 
    ramanika,
    അതെ മാണിക്കന്‍ ഒരു മാണിക്യം തന്നെ.
    അനന്തന്‍,
    ബ്ലോഗ് വായിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കാം 
    Typist / എഴുത്തുകാരി,
    അധികമില്ലെങ്കിലും അവരുള്ളത് നല്ല കാര്യമാണ്.
    വിനോദ്,
    നന്മ എന്നെന്നും നില നില്‍ക്കണം.
    Nalina,
    വളരെ നന്ദി.

    ReplyDelete
  11. മാണിക്കന് പേര് സ്വന്തം പേര് അന്വര്ത്ഥമാക്കി.

    ReplyDelete
  12. ഈ ലോകത്ത് മഴ പെയ്യുന്നതും പച്ചപ്പ് ഉണ്ടാകുന്നതും മാണിക്യനെ പോലെ ഉള്ളവർ നിലനിൽക്കാൻ വേണ്ടിയാ

     കണ്ണ് നനയിച്ച എഴുത്ത്

    ReplyDelete
  13. ഡോ.പി.മാലങ്കോട്,
    യഥാർത്ഥ മാണിക്യം അല്ലേ.
    ഇന്ത്യാ ഹെറിറ്റേജ്,
    അത് സത്യം. അപൂർവ്വം നന്മയുള്ളവ്ർക്കുവേണ്ടി ദൈവം എല്ലാം നൽകുന്നു.

    ReplyDelete