Sunday, December 22, 2013

നര മാറണോ ?


'' തലമുടി നല്ലോണം നരച്ച ഒരാളിന്‍റെ പേരു പറ '' വഴിക്കുവെച്ച് കണ്ടുമുട്ടിയതും മാണിക്കന്‍ ചോദിച്ചത് ഇതായിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. എന്താണാവോ പരിപാടി എന്ന മട്ടില്‍ അവന്‍റെ മുഖത്തേക്കൊന്ന് നോക്കുക മാത്രമേ ചെയ്തുള്ളു.

'' ചോദിച്ചത് കേട്ടില്ലേ. ഒരാളുടെ പേര് പറയ് '' അവന്‍ തിടുക്കം കൂട്ടി.

'' നിനക്ക് അറിയാഞ്ഞിട്ടാണോ എന്നോട് ചോദിക്കുന്നത്. ഈ നാട്ടില്‍ തല നരച്ച എത്രയോ ആളുകളുണ്ട്. പറ്റിയ ഒരാളുടെ പേര് നീ തന്നെ നിശ്ചയിച്ചോ '' ഞാന്‍ മറുപടി നല്‍കി.

'' അതല്ലടാ. ഒരു നല്ലകാര്യത്തിനാണ് നിന്നോട് ചോദിക്കുന്നത്. കാവിലെ മുത്തിയെ മനസ്സില്‍ വിചാരിച്ച് ഐശ്വര്യായിട്ട് ഒരു നരയന്‍റെ പേര് പറ ''.

'' നാരായണന്‍ നായര് '' ഒട്ടും മടിക്കാതെ മനസ്സില്‍ പെട്ടെന്ന് തോന്നിയ പേര് ഞാന്‍  പറഞ്ഞു.

'' കൊടു കൈ '' അവന്‍ എന്‍റെ കൈ പിടിച്ച് കുലുക്കി '' ഞാന്‍ വിചാരിച്ചതും അയാളെ ആയിരുന്നു ''.

'' നമ്മളുടെ മനസ്സുകളുടെ യോജിപ്പാണ് അത് '' എന്നു ഞാന്‍ അവനോട് പറഞ്ഞെങ്കിലും എന്തിനുള്ള പുറപ്പാടാണ് അവന്‍റേതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ആ സംശയം ചോദിച്ചു.

'' അമരടെ ഇല, കൂവളത്തിന്‍റെ ഇല, കരിംതുളസി, കറുക, കഞ്ഞുണ്ണി, കടുക്ക.... ''.

'' മതി മതി '' ഞാന്‍ ഇടപെട്ടു '' ചോദിച്ചതിനല്ല നീ മറുപടി പറയുന്നത് ''.

'' അറക്കും മുമ്പ് കിടന്ന് പെടക്കാതെ. ഇങ്ങിനെ പത്തിരുപത്തൊന്ന് മരുന്നുകളുടെ ഒരു കൂട്ട് നമ്മടെ മാഷക്ക് ഒരാള് പറഞ്ഞുകൊടുത്തിട്ടുണ്ട് ''.

'' അതോണ്ട് എന്താ ''.

'' അതൊക്കെയിട്ട് നല്ലെണ്ണ കാച്ചിത്തേച്ചാല്‍ എത്ര നരച്ച മുടിയും കറുക്കും ''.

'' നാരായണന്‍ നായരും ഈ എണ്ണയും തമ്മിലെന്താ ബന്ധം ''.

'' നായരുടെ മുടി നരച്ചതാണെന്ന് നീ പറഞ്ഞല്ലോ. അയാള് ഈ എണ്ണ തേച്ചാലോ ''.

'' അയാളിതൊന്നും തേക്കാന്‍ പോണില്ല '' ഞാന്‍ പറഞ്ഞു.

'' തുടങ്ങും മുമ്പ് എതിര് പറയാന്‍ നിന്നു. ഇതാണ് നിന്നോടൊന്നും പറയാത്തത് '' അവന്‍ ചൊടിച്ചു.

'' പത്തെഴുപത്തഞ്ചു വയസ്സുവരെ മുടി കറുപ്പിക്കാത്ത നായര് ഇനി അത് ചെയ്യില്ല എന്ന് ഉറപ്പല്ലേ ''.

'' ആ ഉറപ്പ് നമുക്ക് മാറ്റണം. എന്നാലേ നമ്മുടെ പരിപാടി വിജയിക്കൂ ''.

'' പരിപാടിയോ. എന്തു പരിപാടി ''.

'' അങ്ങിനെ വഴിക്കു വാ '' മാണിക്കന്‍ പറഞ്ഞു തുടങ്ങി '' മാഷക്ക് മരുന്നിന്‍റെ കൂട്ട് വെറുതെ കിട്ടിയതല്ല. അത് പറഞ്ഞുതന്ന ആള്‍ക്ക് ഉറുപ്പിക ഒരു ലക്ഷമാണ് കൊടുത്തത് ''.

'' മാഷക്ക് വട്ടാണ്. ആരെങ്കിലും ഇത്രയധികം പണം കൊടുത്ത് ഒരു മരുന്നിന്‍റെ കുറുപ്പടി വാങ്ങ്വോ ''. 


'' നിനക്കാ വട്ട്. മാഷ് പണം മുടക്കിയിട്ടുണ്ടെങ്കില്‍ അത് പണം വാരാന്‍ വേണ്ടിത്തന്നെയാണ്.  അല്ലാണ്ടെ വെറുതെ കളയാനല്ല ''.

'' എനിക്കൊന്നും മനസ്സിലാവുന്നില്ല. കാര്യം എന്താണെന്ന് തെളിച്ചു പറയ് ''.

'' കുറിപ്പടിയിലുള്ള മരുന്നുകള്‍കൊണ്ട് നമ്മളൊരു തൈലം കാച്ചുന്നു. നര മാറാനുള്ള സിദ്ധൗഷധം എന്ന പരസ്യം കൊടുത്ത് അത് വിറ്റ് കാശാക്കുന്നു. എങ്ങിനെയുണ്ട് ഐഡിയ ''.

'' സംഗതി കൊള്ളാം. പക്ഷെ ചിലവൊക്കെ കഴിഞ്ഞ് എന്തെങ്കിലും മിച്ചം കിട്ട്വോ ''.

'' ഞങ്ങള് കണക്കുകൂട്ടി നോക്കി. ഒരു ലക്ഷം കുപ്പി മരുന്ന് സാമ്പിളിന്ന് ഉണ്ടാക്കുന്നു എന്നുവെക്ക്. ഒരു കുപ്പി മരുന്നിന്ന് ഏകദേശം പതിനൊന്നോ പന്ത്രണ്ടോ ഉറുപ്പിക ഉണ്ടാക്കാനുള്ള ചിലവു വരും. പിന്നെ പരസ്യം. കാശ് മുഴുവന്‍ പോണത് അതിനാണ് ''.

'' പരസ്യത്തിന്ന് അത്രയധികം ചിലവ് ഉണ്ടോ ''.

'' ഉണ്ടോന്നോ. ഒരു കുപ്പിക്ക് നൂറു ഉറുപ്പികയെങ്കിലും ആ വഴിക്ക് പോവും. പിന്നെ കമ്മിഷന്‍, കവറിന്‍റെ വില, സാധനം എത്തിക്കാനുള്ള ചിലവ്, ടാക്സ് ഒക്കെ വേറെ ''.

'' എല്ലാം കൂടി എന്തുവരും ''.

'' ഇരുന്നൂറ്റമ്പത് കൂട്ടിക്കോ. നമ്മള് അഞ്ഞൂറ് ഉറുപ്പികയ്ക്ക് വില്‍ക്കും. അപ്പോഴും പടിക്കുപടി ലാഭം ''.

'' ആരെങ്കിലും ഇത്രയധികം വില കൊടുത്ത് വാങ്ങ്വോ ''.

'' ടി.വി.യിലോ മാസികയിലോ പരസ്യം കണ്ടാല്‍ മതി. എന്ത് നായ്ക്കാട്ടം ആണെങ്കിലും അത് വാങ്ങാന്‍  ആളുണ്ടാവും. ഒരു തവണ ഉപയോഗിച്ചുനോക്കൂ, നിങ്ങളുടെ തലയില്‍ ഒരു നരച്ചമുടിപോലും ഉണ്ടാവില്ല എന്ന് എഴുതിയാല്‍ അതില്‍ വീഴാത്ത ആരും ഉണ്ടാവില്ല ''.

'' എന്താ മരുന്നിന്ന് പേരിടുന്നത് ''.

'' ഡോക്ടര്‍ മാണിക്കന്‍സ് പെര്‍മനന്‍റ് ഹെയര്‍ കളറിങ്ങ് ഓയില്‍ ''.

'' വേറെ നല്ല പേരൊന്നും കണ്ടില്ലേ ''.

'' ഇതിനെന്താ കുഴപ്പം. എല്ലാവരും പെണ്ണുങ്ങളുടെ പേരിടുന്നു എന്നുവെച്ച് നമ്മളതു ചെയ്യണോ. മാഷക്ക് ഈ പേരാണ് ഇഷ്ടപ്പെട്ടത്. അത് മതി എന്നുവെച്ചു ''.

'' ഡോക്ടര്‍ മാണിക്കന്‍ എന്നതോ. ഒമ്പതാം ക്ലാസ്സില്‍ തോറ്റ് പഠിപ്പ് നിര്‍ത്തിയ നീ എന്നാ ഡോക്ടറായത് ''.

'' കഴുത്തില്‍ കുഴല് തൂക്കിയാലേ ഡോക്ടറാവൂ എന്നുണ്ടോ. വൈദ്യം പഠിക്കാത്ത എത്ര ഡോക്ടര്‍മാരുണ്ട് ''.

'' അതൊക്കെ ഓരോ യുണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കിട്ടുന്നതല്ലേ ''.

'' അതുപോലെ എനിക്കും കിട്ടും. പണം കൊടുത്താല്‍ പഠിക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഏതെങ്കിലും സ്ഥപനത്തില്‍ നിന്ന് ഒന്ന് എന്‍റെ പേരില്‍ എഴുതി വാങ്ങും ''.

'' ഇത്രയും സംഗതി പിടികിട്ടി. പക്ഷെ നാരായണന്‍ നായരുടെ കാര്യം ''.

'' അയാളുടെ നരച്ചതല കറുപ്പിക്കുന്നതിന്ന് മുമ്പും പിമ്പും എങ്ങിനെയെന്നു കാണിച്ച് പരസ്യംചെയ്യും ''.

'' അതിന്ന് അയാള്‍ സമ്മതിക്കണ്ടേ ''.

'' വേണം. നമ്മള് രണ്ടാളും കൂടി നായരെ ചെന്നുകണ്ട് സംസാരിച്ച് സമ്മതിപ്പിക്കണം ''.

'' രണ്ടാളും കൂടി വേണ്ടാ. നീ ഒറ്റയ്ക്ക് ചെന്നാല്‍ മതി '' ഞാന്‍ ആ ദൗത്യത്തില്‍ നിന്ന് ഒഴിവായി.

വലിയ തൃപ്തിയില്ലാതെയാണ് മാണിക്കന്‍ പോയത്. പക്ഷെ വൈകുന്നേരം കാണുമ്പോള്‍ അവന്‍ വലിയ സന്തോഷത്തിലായിരുന്നു.

'' അങ്ങിനെ ആ കടമ്പ കടന്നു '' അവന്‍ പറഞ്ഞു '' അയാള് സമ്മതിച്ചു ''.

'' എങ്ങിനെ '' എനിക്കതറിയാന്‍  ആകാംക്ഷയായി.

'' നായരല്ലേ ആള്. പണം എന്നുകേട്ടാല്‍ ചാവാനും കൂടി മടിയില്ലാത്ത ടൈപ്പ് സാധനം. അതും പോരാത്തതിന്ന്  അയാളുടെ പേരക്കുട്ടിയുടെ കല്യാണം വരാന്‍ പോവ്വാണ്.  കാശിന് 
ചിലവുള്ള കാലം. അതറിഞ്ഞതും ആയിരത്തിന്‍റെ ഇരുപത്തഞ്ച് നോട്ടങ്ങിട്ട് ചിറ്റി. പണി പടക്കം പോലെ ആയി. കക്ഷി റെഡി ''.

'' അടുത്ത പരിപാടി ''.

'' പ്ലാസ്റ്റിക്ക്കുപ്പികളുടെ ലോഡെത്തി. അത് എടുക്ക്വേ വേണ്ടൂ. ശിവകാശിയില്‍ അച്ചടിക്കാൻ
കൊടുത്ത കവറ് പോയി വാങ്ങീട്ടു വരണം. ചൊവ്വാഴ്ച എണ്ണകാച്ചും. അത് കുപ്പികളില്‍ നിറയ്ക്കണം. ഓരോ ഭാഗത്തേക്ക് അയച്ചു കൊടുക്കണം ''.

'' അപ്പോള്‍  നാരായണന്‍ നായരുടെ ഫോട്ടോ ''.

'' നരച്ച തലടെ ഫോട്ടോ ഇന്നെടുക്കും. ബുധനാഴ്ച എണ്ണതേച്ച ഫോട്ടോവും. അതു കഴിഞ്ഞാല്‍ പരസ്യം കൊടുക്കും ''.

പരസ്യങ്ങള്‍ വന്നു തുടങ്ങിയതോടെ മാണിക്കന് ആവേശമായി. ദിവസങ്ങള്‍ ഓടി മറഞ്ഞു. മാണിക്കനെ കാണാനേ കിട്ടാറില്ല. അത്രയ്ക്ക് തിരക്കാണ് അവന്.

'' കച്ചവടം എങ്ങിനെ '' ഒരു ദിവസം കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു.

'' ആദ്യം ഉണ്ടാക്കിയത് തീരാറായി. ഇനി ഉണ്ടാക്കണം '' അവന്‍ പറഞ്ഞു '' അതോടൊപ്പം കഷണ്ടിക്ക് ഒരു മരുന്നുകൂടി ഇറക്കുന്നുണ്ട് ''.

'' കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ല എന്നല്ലേ പഴഞ്ചൊല്ല് ''.

'' അതൊക്കെ അന്തക്കാലം. ഇന്ന് ഏതിനും മരുന്നുണ്ട്. അതിനുള്ള കുറിപ്പടിയും വാങ്ങിക്കഴിഞ്ഞു ''.

'' ശരി. നന്നാവട്ടെ '' ഞാന്‍ അനുഗ്രഹിച്ചില്ല എന്ന് വരരുതല്ലോ.

'' പണി പാളി '' അടുത്ത തവണ കണ്ടതും മാണിക്കന്‍ അറിയിച്ചു.

'' എന്തേ '' ഞാന്‍ തിരക്കി.

'' ആദ്യത്തെ കുപ്പി മരുന്ന് തേച്ചതോടെ നായരുടെ മുടി കൊഴിയാന്‍ തുടങ്ങി. ഇപ്പോള്‍ ആളുടെ തലയില്‍ ഒറ്റമുടിയില്ല ''.

'' നിങ്ങള് കഷണ്ടിക്ക് മരുന്ന് ഉണ്ടാക്കുന്നില്ലേ. അതിന്‍റെ പരസ്യത്തിന്ന് വേറെ ഒരാളെ അന്വേഷിക്കാതെ കഴിഞ്ഞല്ലോ '' അല്‍പ്പം പരിഹാസത്തോടെ ഞാന്‍ പറഞ്ഞു '' ഒരു തവണ ഉപയോഗിച്ചാല്‍ നരച്ച ഒരുമുടി പോലും ഉണ്ടാവില്ല എന്നല്ലേ നിങ്ങള് പരസ്യം ചെയ്തത്. ഇനി ആ പരസ്യത്തില്‍നിന്ന് നരച്ച എന്ന വാക്ക് നീക്കിക്കോ ''.

'' വെറുതെ കളിയാക്കാതെടാ. അല്ലെങ്കിലേ മനസ്സമാധാനം ഇല്ലാണ്ടായി ''.

'' അതുപോട്ടെ, നീ നായരെ കണ്ട്വോ. അയാള്‍ ഒന്നും പറഞ്ഞില്ലേ ''.

'' എന്‍റെ കണ്ണിലവനെ കാണട്ടെ. ഒറ്റവെട്ടിന്ന് കൊല്ലും എന്നും പറഞ്ഞ് നടപ്പാണ് ആ ദുഷ്ടന്‍ ''.

'' ഒരു പരീക്ഷണം എന്ന നിലയ്ക്ക് കഷണ്ടിക്കുള്ള മരുന്ന് അയാളുടെ തലയില്‍ തേച്ചു നോക്കാം.മുടി മുളച്ചു വന്നാല്‍ അയാളെക്കൊണ്ടുള്ള പ്രശ്നം തീരില്ലേ ''.

'' എന്നിട്ടു വേണം അയാള് തലപൊട്ടി ചത്തിട്ട് എനിക്ക് അഴിയെണ്ണാന്‍ '' അവന്‍റെ സ്വരത്തില്‍ നിരാശ കലര്‍ന്നിരുന്നു.

15 comments:

  1. അത് കൊള്ളാം കഥ അല്ല പുതിയ ചില പണക്കാരുടെ ജീവിതം തന്നെ

    ReplyDelete
    Replies
    1. ബൈജു മണിയങ്കാല,
      എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ഇത്തരം തട്ടിപ്പുകളിലൂടെ മാത്രമേ കഴിയൂ.

      Delete
  2. മാണിക്യന്റെ തല കണ്ടപ്പഴേ കരുതി, എന്തോ പുതിയ കണ്ടുപിടുത്തവും കൊണ്ടാണ് വരവെന്ന്.നന്നായി വിറ്റ് പോകുന്ന ഒരു ഹെയർ കെയർ ക്രീം ഡബ്ബയുടെ അടപ്പുപോലെയാകും അത് തേച്ചാൽ തലയെന്നു കേട്ടിട്ടുണ്ട്. ചന്തുമേനോന്റെ നോവലിന്റെ പേരാണ് മറ്റൊരു രോമനിവാരിണിയ്ക്ക്. ഇപ്പോൾ "വയോവൃദ്ധ" എന്നതിലെ ഒരക്ഷരം മാറ്റി വന്ന വേറൊന്നും കേൽക്കുന്നുണ്ട്. വരാംന്ന് പറഞ്ഞിട്ട് വരാതിരിക്കില്ല എന്ന് കാത്തിരിക്കാം. വിശ്വാസം അതാണല്ലോ എല്ലാം.

    ReplyDelete
    Replies
    1. രാജഗോപാൽ,
      വാങ്ങാൻ ആളുകളുണ്ടെങ്കിൽ പരസ്യത്തിൻറെ സഹായത്തോടെ എന്തും വിൽക്കാനാവും.

      Delete
  3. എന്ത് നായ്ക്കാട്ടം വേണമെങ്കിലും വാരിത്തേച്ചുകൊള്ളും
    പരസ്യത്തിലാണ് കാര്യം
    വല്ല ചവണതൈലമോ ജന്തുലേഖയോ ഒക്കെ ഉണ്ടാക്കിയാലെന്താ...?

    ReplyDelete
    Replies
    1. ajith,
      തീർച്ചയായും വിറ്റുപോകും.

      Delete
  4. നമ്മളെ എന്തിനും കൊള്ളാം.....

    ReplyDelete
    Replies
    1. വി.കെ,
      തീരെ കൊള്ളരുതാത്തവർ അല്ലേ.

      Delete
  5. ha ha nalla katha , parasyam undenkil enthu nay kattam venelum vari thechchOlum

    ReplyDelete
    Replies
    1. Nidheesh Varma Raju.U,

      പരസ്യങ്ങളിൽ എളുപ്പത്തിൽ വീഴുന്നത് മലയാളികളാണത്രേ.

      Delete
  6. Replies
    1. ഡോ.പി.മാലങ്കോട്,
      മാണിക്കൻ ചെയ്യുന്നതെന്തും അബദ്ധത്തിലേ കലാശിക്കൂ.

      Delete
  7. ടി.വി.യിലോ മാസികയിലോ പരസ്യം കണ്ടാല്‍ മതി. എന്ത് നായ്ക്കാട്ടം ആണെങ്കിലും അത് വാങ്ങാന്‍ ആളുണ്ടാവും

    ReplyDelete
  8. അതാണിവിടുത്തെ പ്രത്യേകത.

    ReplyDelete
  9. അതാണിവിടുത്തെ പ്രത്യേകത.

    ReplyDelete