Friday, January 28, 2011

3. വെള്ളേപ്പം

Sunday, August 24, 2008

വലിയ ഒരു ആപത്തില്‍ നിന്നും രക്ഷ തേടി ഓടുന്നവന്‍റെ മനോഭാവമാണ് എനിക്ക് അപ്പോള്‍ ഉള്ളത്. ഇന്‍റ്റര്‍വ്യൂവിലെ എന്‍റെ പ്രകടനം സത്യസന്ധമായി പറഞ്ഞാല്‍ പരിതാപകരം എന്നേ പറയാനൊക്കു എന്ന് സ്വയം വിലയിരുത്തി. വാസ്തവത്തില്‍ മാണിക്കന്‍ എന്നെ രക്ഷിക്കുകയായിരുന്നു. പരിചയക്കാരോട് എല്ലാവരോടും എനിക്ക് ജോലി കിട്ടി എന്നും എറണാകുളത്ത് ചെന്ന് പണിക്ക് ചേരും എന്ന് മാണിക്കന്‍ കൊട്ടിഘോഷിച്ചതിനാല്‍ എങ്ങിനെ അവരുടെ മുഖത്ത് നോക്കും എന്നതാണ് എന്‍റെ വേവലാതി. കുറച്ച് ദിവസം വീട്ടിലിരുന്ന് പിന്നീട് എന്തെങ്കിലും തരികിട പറഞ്ഞ് തടിതപ്പാമെന്ന് നിശ്ചയിച്ചു. തലക്കു മീതെ കത്തി ജ്വലിക്കുന്ന മേട സൂര്യന്‍. ദാഹവും വിശപ്പും എന്നെ തളര്‍ത്തി. ഞങ്ങള്‍ക്കിടയിലെ മൌനം മാണിക്കനാണ് മുറിച്ചത്. "ഞാന്‍ കാരണം നിനക്ക് ജോലി കിട്ടാതെ പോയി അല്ലേ" എന്ന് അവന്‍ സങ്കടത്തോടെ ചോദിച്ചു.

അങ്ങിനേയല്ല, എന്നെ അവര്‍ക്ക് ഇഷ്ടപ്പെടാത്തത്താണ് കാരണം എന്ന് ഞാന്‍ ആശ്വസിപ്പിച്ചു. "നിനക്ക് വിശക്കുന്നോ" എന്ന ചോദ്യത്തിന്ന് ഞാന്‍ ഉവ്വെന്ന് തല കുലുക്കി. അടുത്തുള്ള ഹോട്ടലില്‍ കയറി. ആപ്പവും മുട്ടറോസ്റ്റും മാണിക്കനാണ് പറഞ്ഞത്. മുളക്കാന്‍ തുടങ്ങുന്ന നാളികേരത്തിന്‍റെ ഉള്ളില്‍ കാണുന്ന പൊങ്ങ് പോലെ നടുവില്‍ മുഴയോടും ചുറ്റും ലേസ് പോലെ കനം കുറഞ്ഞും ഉള്ള ആപ്പം എനിക്ക് വളരേ ഇഷ്ടപ്പെട്ടു. തിരിച്ചു
വരുമ്പോള്‍ , ഈ സാധനം വീട്ടില്‍ ഉണ്ടാക്കി ഇഷ്ടം പോലെ ഭക്ഷിക്കുന്ന കാര്യമാണ് മനസ് മുഴുവന്‍.

വേറൊരു പണിയും, തൊഴിലും പെട്ടെന്ന് ശരിപ്പെടുത്താം എന്ന കൂട്ടുകാരന്‍റെ വാഗ്ദാനം പോലും ഞാന്‍ ശ്രദ്ധിച്ചില്ല. നാട്ടിലെത്തി പിരിയാന്‍ നേരത്താണ് കഴിച്ച പലഹാരത്തിന്‍റെ പേരും നിര്‍മാണ രഹസ്യവും ഞാന്‍ മാണിക്കനോട് ചോദിച്ചത്. സാധനം വെള്ളേപ്പം ആയിരുന്നു എന്നും പ്രധാന ഘടകം കള്ളാണെന്നും അവനാണ് പറഞ്ഞുതന്നത്. നിര്‍മ്മാണ രീതി അന്വേഷിച്ച് പറഞ്ഞു തരാന്‍ മാണിക്കനെ ഏല്‍പ്പിച്ചു.

ഞാന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു അച്ഛനും അമ്മയും. "എന്തായി" എന്ന അച്ഛന്‍റെ അന്വേഷണത്തിന്ന് ഇപ്പോള്‍ പാലക്കാട് ഒഴിവില്ല എന്നു പറഞ്ഞു. "ഇവിടെ ഇല്ലെങ്കില്‍ ഉള്ള ദിക്കില്‍ പണിക്ക് പോണം" എന്ന ഉപദേശം കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ ഉള്ളിലേക്ക് കയറി പോയി.

മൂന്നാം ദിവസം ക്ളിപ്തം വിവരം മാണിക്കന്‍ എന്നെ അറിയിച്ചു. അരിമാവ് കള്ളില്‍ കുഴച്ചു വെച്ച്, പിറ്റേന്ന് ചീനച്ചട്ടിയില്‍ കയിലില്‍ കോരി ഒഴിച്ചു മൂടി വെക്കുക. തുറന്നാല്‍ വെള്ളേപ്പം റെഡി. ഞാന്‍ ആവശ്യം വീട്ടില്‍ ഉന്നയിച്ചു. "ഇവിടെ ഉള്ളത് കഴിച്ച് കഴിഞ്ഞു കൂടിയാല്‍ മതി, ആവശ്യമില്ലാത്ത ഒരോന്ന് പറഞ്ഞ് ശാഠ്യം പിടിക്കരുത്" എന്ന് അമ്മ വാണിങ്ങ് തന്നു. എങ്കിലും ഇടക്കിടെ പഴയ പല്ലവി ആവര്‍ത്തിച്ചും , അമ്മ ആവശ്യപ്പെടുന്ന ചില്ലറ ജോലികള്‍ ചെയ്‌ത് സോപ്പിട്ടും, ഒരു വിധത്തില്‍ ആവശ്യം ഉപാധികളോടെ അംഗീകരിപ്പിച്ചു. "ഞാന്‍ ഇതൊന്നും തിന്നിട്ടില്ല, എനിക്ക് ഒട്ട് അറിയും ഇല്ല, എപ്പോഴെങ്കിലും സാധനം കാണട്ടെ , എന്നിട്ട് ആലോചിക്കാം." എന്ന അര്‍ദ്ധ സമ്മതംകിട്ടി. പിറ്റേന്ന് മാണീക്കനെ അയച്ച് പാലക്കാട് സ്റ്റേഷനില്‍ നിന്നും മൂന്ന് പൊതി ആപ്പവും കറിയും വരുത്തിച്ച് വീട്ടില്‍ കൊടുത്തു. അച്ഛനും അമ്മക്കും ഇഷ്ടപ്പെട്ടുവെങ്കിലും, ഇതും എറണാകുളത്തു നിന്നു കഴിച്ചതും കൂടി നോക്കുമ്പോള്‍, അമേരിക്കന്‍ പ്രസിഡണ്ടും പന്‍ചായത്ത് പ്രസിഡണ്ടും തമ്മിലുള്ള വ്യത്യാസം ഉള്ളതായി എനിക്ക് തോന്നി.

അരി പൊടിച്ചു വരണം, കള്ളു വാങ്ങി എത്തിക്കണം എന്നിവയായിരുന്നു പിന്നീടുള്ള ആവശ്യങ്ങള്‍. പിറ്റേന്ന് തന്നെ അരി പൊടിച്ചു എത്തിച്ചു. ഷാപ്പില്‍ പോയി കള്ളു വാങ്ങുന്ന കാര്യം ഓര്‍ക്കാനേ വയ്യ. ആകെ ഉള്ള സ്വത്ത് സല്‍പ്പേരാണ്. അത് കളഞ്ഞു കുളിക്കാന്‍ വയ്യ. ഈ കാര്യത്തില്‍ സഹായിക്കാന്‍ പറ്റിയ ഏക വ്യക്തി മാണിക്കനാണ്. കാര്യം പറഞ്ഞതും അവന്‍ പറ്റില്ല എന്ന് തറപ്പിച്ച് പറഞ്ഞു. "വല്ലപ്പോഴും ഞാന്‍ ശകലം മങ്ക്രുണി അടിക്കും, എന്നു വെച്ച് സാധനം കുപ്പിയില്‍ വാങ്ങി പോകാറില്ല" എന്നാണ് അവന്‍ പറഞ്ഞ ന്യായം.

മനസ്സില്‍ കാണുന്നത് വടി കുത്തി പിരിഞ്ഞതു പോലെയായി. ഇനി എന്തു വഴി എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് കറവക്കാരന്‍ കുഞ്ഞികണ്ണനെ കാണുന്നത്. സദാ സമയവും ടിയാന്‍റെ വയറിനകത്ത് തന്നെ ഒരു ജില്ലയിലെ കള്ളു ഷോപ്പുകള്‍ മുഴുവനും കാണും. മുമ്പ് അയാളില്‍ നിന്ന് പാല്‍ വാങ്ങിയിരുന്ന അടുപ്പം ഉള്ളതിനാല്‍ ആവശ്യം പറയാമെന്ന് കരുതി.

" കുട്ടി തമ്പുരാന്‍ എവിടുന്ന് പടിച്ചു ഇതൊക്കെ. സത്യം പറയാമല്ലോ, ഞാന്‍ കുടിക്കും, എന്നാലും പറയാണ്, ഇത് അത്ര നല്ലതല്ല " എന്നായി അയാള്‍. ഒരു വിധം കക്ഷിയെ പറഞ്ഞു വിശ്വസിപ്പിച്ചുവെങ്കിലും പത്തുരൂപ ടിപ്പ് കൊടുത്താണ് സംഗതി ഒപ്പിച്ചെടുത്തത്.

പിന്നെ എല്ലാം എളുപ്പമായിരുന്നു. അരിപ്പൊടി കള്ളില്‍ കലക്കി, ആവശ്യത്തിന്ന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ചു. ചര്‍ദ്ദിക്കാന്‍ വരുന്നു , വയസ്സാന്‍ കാലത്ത് കള്ളും ചാരായവും ഒക്കെ തൊടീപ്പിച്ചു എന്നെല്ലാം നൂറു വട്ടം പ്രാകിയാണ് അമ്മ ഇതൊക്കെ ചെയ്തത്. പിറ്റേന്ന് രാവിലെ അമ്മ ചീനചട്ടിയില്‍ വെള്ളേപ്പം നിര്‍മ്മിക്കാന്‍ തുടങ്ങി. തലേന്ന് ചേച്ചിയും കുട്ടികളും വിരുന്നു വന്നതിനാല്‍ പിള്ളേര്‍ക്കാണ് ആദ്യം വിളമ്പിയത്. അവര്‍ വായില്‍ വെച്ച കഷ്ണം ഓക്കാനത്തൊടെ തുപ്പി കളഞ്ഞു.

അടുത്തത് അച്ഛന്‍റെ ഊഴമായിരുന്നു. ഒന്നേ വായില്‍ വെച്ചുള്ളു, വെള്ളേപ്പവും കിണ്ണവും ആകാശത്തേക്ക് പറന്നു.
കുളിക്കാന്‍ പോയിരുന്നതിനാല്‍ എനിക്ക് ആ രംഗത്തിന്ന് സാക്ഷിയാകാന്‍ ഇടവന്നില്ല.

" ആ കഴുവേറിയെക്കൊണ്ട് ഇത് മുഴുവന്‍ തീറ്റിക്കണം" എന്നു പറഞ്ഞിട്ടാണ് അച്ഛന്‍ പാലക്കാട്ടേക്ക് പോയത് എന്ന് ചേച്ചി ചിരിയുടെ അകമ്പടിയൊടെ പറഞ്ഞു. സത്യം പറയാമല്ലോ, എനിക്കും ഒട്ടും പിടിച്ചീല്ല. ആഹാരത്തിന്നു പകരം വയറു നിറക്കാന്‍ ആവശ്യമായത്ര ശകാരം അമ്മയില്‍ നിന്നു കിട്ടി.

ഇത് എങ്ങിനെ ചിലവാക്കണം എന്നതായി അടുത്ത ആലോചന. ഭാഗ്യവശാല്‍ തേടിയ വള്ളി കാലില്‍ ചുറ്റി എന്നപോലെ, കുഞ്ഞികണ്ണന്‍ അപ്പോള്‍ ആ വഴി പോകുന്നു. സ്ഥിരം കള്ളു കുടിക്കുന്ന അയാള്‍ക്ക് ഇഷ്ടപ്പെടാതെ വരില്ല എന്ന ഉത്തമ വിശ്വാസത്തില്‍ കക്ഷിയെ വിളിച്ചു വരുത്തി സല്‍ക്കരിച്ചു. ആ പഹയനും ഒന്നു കടിച്ച് തുപ്പി കളഞ്ഞു.

ഇത് മനുഷ്യന്ന് കഴിക്കാന്‍ കൊള്ളില്ല, വല്ല കന്നിനോ മാടിനോ കൊടുക്കിന്‍ എന്ന് ഉപദേശിച്ച് അയാളും പോയി. വീട്ടിലെ പശുവിന്ന് അത് കൊടുത്തു പോവരുതെന്ന് അമ്മ ഉത്തരവും പാസ്സാക്കി.

കുറെ നേരം ആലോചിച്ച് ഞാന്‍ സംഗതി പൊതിഞ്ഞെടുത്തു. വീടിന്നു വെളിയില്‍ വയല്‍ വരമ്പത്ത് വെച്ചത് , പുല്ലു മേയാന്‍ വരുന്ന കന്നാലികള്‍ തിന്നോട്ടെ എന്ന ഉദ്ദേശത്തോടെയാണ്.

ഒളിഞ്ഞിരുന്ന് ഞാന്‍ രംഗം നിരീക്ഷിച്ചു. ഏതാനും കന്നാലികള്‍ വന്നെങ്കിലും അവ മണത്തു നോക്കി തിന്നാതെ പോയി. കുറച്ചു കഴിഞ്ഞപ്പോഴാണ് ഒരു ശുനകന്‍റെ വരവ്. ഇക്കുറി സംഗതി കലക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.

ആറേഴു പ്രാവശ്യം ശ്വാനന്‍ അത് മണപ്പിച്ചു നോക്കി, എന്തോ ആലോചിക്കുന്ന മട്ടില്‍ നിന്നു, ഒടുവില്‍ പിന്‍കാല്‍ പൊക്കി പുണ്യാഹം തളിച്ച് വെള്ളേപ്പം ശുദ്ധമാക്കി ഓടിപ്പോയി.

1 comments:

ജയരാജന്‍ said...

ഹ ഹ ഹ! ഇതിഷ്ടപ്പെട്ടു. ശുനകനാണ് താരം :)

1 comment:

  1. ഒടുവില്‍ പിന്‍കാല്‍ പൊക്കി പുണ്യാഹം തളിച്ച് വെള്ളേപ്പം ശുദ്ധമാക്കി ഓടിപ്പോയി.

    നായ പോലും തിരിഞ്ഞു നോക്കീല്ല എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു...
    നല്ല രസികന്‍ കഥ..

    ReplyDelete