Monday, July 4, 2011

സ്വാഗതം.

'' തിങ്കളാഴ്ച മുതല്‍ക്ക് പതിനഞ്ച് ദിവസത്തേക്ക് അനങ്ങാന്‍ പറ്റില്ല '' വൈകുന്നേരം സ്കൂള്‍ പറമ്പില്‍ വെച്ച് കണ്ടു മുട്ടിയപ്പോള്‍ മാണിക്കന്‍ പറഞ്ഞു.

'' എന്താ അത്ര തിരക്കുള്ള പരിപാടി '' ഞാന്‍ ചോദിച്ചു.

'' നമ്മടെ മാഷ് കാശി രാമേശ്വരം ഒക്കെ പോവ്വാണ്. എന്‍റടുത്ത് വരുന്നോന്ന് ചോദിച്ചു. എനിക്ക് എവിടെ അതിനൊക്കെ നേരം ''.

മാഷ് തീര്‍ത്ഥയാത്ര പോവുന്നതും മാണിക്കനും തമ്മിലെന്ത് ബന്ധം. ഞാനത് ചോദിച്ചു.

'' പതിനഞ്ച് ദിവസൂം രാത്രി മാഷടെ വീട്ടില്‍ കാവല്‍ കിടക്കണം ''.

'' അപ്പോള്‍ പകലോ ''.

'' മാഷ് വരുമ്പഴയ്ക്കും വീട് മൊത്തം പെയിന്‍റ് ചെയ്യണം എന്ന് ഏല്‍പ്പിച്ചിട്ടുണ്ട് ''.

'' ആരാ പണിക്കാര് ''.

'' ആരൂല്യാ. ഞാന്‍ തന്നെ ചെയ്യും. അപ്പൊ പകലും വീട്ടിലേക്ക് നോട്ടം കിട്ട്വോലോ ''.

'' അതിന് നിനക്ക് പെയിന്‍റിങ്ങ് അറിയ്യോ ''.

'' ഒക്കെ വയറ്റിന്ന് പഠിച്ചിട്ടു വന്നിട്ട് ചെയ്യാനാവ്വോ. ചെയ്തിട്ടല്ലേ പഠിക്ക്യാ ''. പതിവുപോലെ ഇതും അവന്‍ കേറി ഏറ്റതാവുമെന്ന് ഞാന്‍ മനസ്സില്‍ കരുതി. ഇങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ബുധനാഴ്ച വൈകീട്ട് മാണിക്കന്‍ ക്ലബ്ബിലെത്തി.

'' എടാ ഇന്നലെ പോയി പെയിന്‍റൊക്കെ വാങ്ങി വന്നു. ഇന്ന് ചുമരൊക്കെ കഴുകി വെടുപ്പാക്കി. നാളെ മുതല് ചായം വാരി തേക്കാന്‍ തുടങ്ങും ''.

'' തുണയ്ക്ക് നീ ആരെയെങ്കിലും കൂട്ടീട്ടുണ്ടോ ''.

'' ഉവ്വ്. ചാമു തമ്പ്രാന്‍റെ മകന്‍ രാജനുണ്ട്. പാവം. പണിയില്ലാതെ ഇരിക്കിണതല്ലേ. പത്ത് ദിവസം അവനും കഞ്ഞി കുടിച്ചോട്ടെ''.

നല്ല യോജിപ്പ്. ചാമു നായര്‍ക്ക് അമ്മിണിയുമായുള്ള രഹസ്യ ബന്ധത്തില്‍ ഉണ്ടായ പുത്രനണ് രാജന്‍. എന്ത് പറഞ്ഞാലും അനുസരിക്കാന്‍ മാത്രം അറിയുന്നവന്‍. ഒറ്റ കുഴപ്പമേ ഉള്ളു. വിദ്വാന് വിവരം എന്നത് ലെവലേശം ഇല്ല.

'' രണ്ടാളും കൂടി മാഷടെ വീട് കാണാന്‍ കൊള്ളാത്ത മട്ടിലാക്കണ്ടാ '' എന്ന് മുന്നറിയിപ്പ് നല്‍കി.

'' അങ്ങിനെ പേടിക്കാനൊന്നും ഇല്ല. റോസ് കളറ് മാറ്റി നീല ആക്കണം. ഉള്ളില്‍ അടിച്ച ബിസ്ക്കറ്റ് കളറ് പച്ചയാക്കണം. അത്രേ വേണ്ടൂ '' മാണിക്കന്ന് അതൊന്നും പ്രയാസമുള്ള കാര്യമല്ല.

'' ശരി. നന്നായി ചെയ്താല്‍ ഇഷ്ടം പോലെ പണി കിട്ടും '' ഞാന്‍ ആവുന്ന പ്രോത്സാഹനം നല്‍കി.

'' ശരിക്ക് പറഞ്ഞാല്‍ നീലം കൂട്ടി ചുണ്ണാമ്പ് അടിച്ചാല്‍ കിട്ടുന്ന വെടുപ്പ് എന്ത് ചായം വാരി പൊത്തിയാലും കിട്ടില്ല '' അവന്‍ പറഞ്ഞു '' പണി തീരാറാവുമ്പൊ ഞാന്‍ നിന്നെ വിളിക്കാം. നീ വന്ന് നോക്കി എന്തെങ്കിലും പാഷകേട് ഉണ്ടെങ്കില്‍ പറഞ്ഞു തരണം ''.

ഞാന്‍ അത് സമ്മതിച്ചു. പതിനൊന്നോ പന്തണ്ടോ ദിവസങ്ങള്‍ കഴിഞ്ഞാണ് പിന്നെ മാണിക്കനെ കാണുന്നത്.

'' എടാ. പണി പടക്കം പോലെയാക്കി. നീ ഒന്ന് വന്ന് നോക്ക് ''. അപ്പോള്‍ തന്നെ ഞാന്‍ അവന്‍റെ സൈക്കിളിന്‍റെ പുറകില്‍ കയറി പുറപ്പെട്ടു.

വീടിനകത്തും പുറത്തും പെയിന്‍റ് ഒലിച്ചിറങ്ങിയതിന്‍റേയും ബ്രഷിന്‍റേയും പാടുകളുണ്ട്. അതൊക്കെ വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാം പക്ഷെ സ്വീകരണ മുറിയില്‍ കാണിച്ചു വെച്ച വൃത്തികേടാണ് ഒരു വിധത്തിലും സഹിക്കാനാവാത്തത്. മുറിയിലേക്ക് കയറി വരുന്നവര്‍ക്ക് സ്വാഗതമോതുന്ന വിധത്തില്‍ കൂപ്പുകൈകളോടു കൂടിയ സ്ത്രീയുടെ മുഖം അല്‍പ്പം വലുതായി തന്നെ പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ ചുമരില്‍ ഉണ്ടാക്കി വെച്ചിരുന്നു. ദീര്‍ഘ വൃത്താകൃതിയിലുള്ള മുഖം. നെറ്റിയില്‍ തൊട്ടിട്ടുള്ള വലിയ പൊട്ടിന്ന് തൊട്ട് മുകളിലായി മുടിയില്‍ കോര്‍ത്ത ആഭരണം ഞാന്നു കിടക്കുന്നു. ഇരു വശത്തേക്കും ഒതുക്കിചീകിയ മുടി, രണ്ട് ചെവികളിലുമുള്ള ലോലാക്കുകള്‍. നേര്‍ത്ത വരകള്‍ കൊണ്ടുള്ള കണ്‍പീലികളും കണ്ണുകളും. കൂപ്പു കയ്യാല്‍ മറയ്ക്കപ്പെട്ട മൂക്കും ചുണ്ടുകളും. ചുറ്റും വീതിയേറിയ ബോര്‍ഡറുള്ള ആ ശില്‍പ്പം ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. മനോഹരമായ ആ രൂപത്തെ നീലച്ചായം വാരി പൂശി വികൃതമാക്കി വെച്ചിട്ടുണ്ട്.

'' എന്താ ഈ കാണിച്ച് വെച്ചത് '' ഞാന്‍ അതൃപ്തി അറിയിച്ചു.

'' റോസ് കളറ് മാറ്റി നീല അടിച്ചോളാനാണ് മാഷാണ് പറഞ്ഞത് ''.

'' നീല നിറത്തിലുള്ള ഏതെങ്കിലും മനുഷ്യരെ നീ കണ്ടിട്ടുണ്ടോ '' ഞാന്‍ ചോദിച്ചു '' ഭഗവാന്‍ ഉണ്ണികൃഷ്ണന്‍ മാത്രമേ നീല നിറത്തില്‍ ഉള്ളതായിട്ട് എനിക്കറിയൂ ''.

'' ഞാനത് ആലോചിച്ചില്ല '' അവന്‍ തെറ്റ് സമ്മതിച്ചു.

'' പിന്നെ. പൊട്ടും പുരികവും കണ്ണുകളും എന്തിനാ മായ്ച്ചു കളഞ്ഞത് ''.

'' മായ്ച്ചതല്ല. പെയിന്‍റ് ഉണങ്ങിയിട്ട് അതൊക്കെ വരയ്ക്കാന്ന് വെച്ചതാ ''.

'' എന്നാല്‍ നീ ആദ്യം നീല മായ്ച്ച് പഴയ കളറ് തേച്ചോ. എന്നിട്ട് വരയ്ക്കാനുള്ളതൊക്കെ വരച്ചു വെയ്ക്ക് ''.

'' നാളെ ആദ്യത്തെ പണി അതാണ് '' മാണിക്കന്‍ ഏറ്റു. പിറ്റേന്നും മാണിക്കനെത്തി.

'' നീ ഒന്ന് വന്ന് നോക്ക് '' അവന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് ട്യൂട്ടോറിയല്‍ കോളേജില്‍ നിന്ന് വരുന്ന വഴി ചെല്ലാമെന്ന് ഞാന്‍ സമ്മതിച്ചു.

പറഞ്ഞ പ്രകാരം ഞാന്‍ ചെല്ലുമ്പോള്‍ മാണിക്കനില്ല. സഹായി രാജന്‍ മാത്രമേയുള്ളു. ശില്‍പ്പത്തിന്‍റെ നിറം മാറ്റിയിട്ടുണ്ട്. പക്ഷെ കണ്ണുകളും പുരികങ്ങളും വരച്ചത് പരമ ബോറായി. ഓരോ പുരികങ്ങള്‍ക്ക് ഓരോ വീതി. അവയുടെ വളവുകളും വ്യത്യസ്തം. കണ്ണുകളുടെ കാര്യവും തഥൈവ. കോങ്കണ്ണി കൈ കൂപ്പി സ്വീകരിക്കുന്ന മട്ടുണ്ട്.

'' അയ്യേ '' ഞാന്‍ പറഞ്ഞു '' എന്താ ഇത്. കണ്ടാല്‍ കോങ്കണ്ണിയെ പോലുണ്ട്. മായ്ച്ച് വീണ്ടും വരയ്ക്കാന്‍ മാണിക്കനോട് പറയ് '' ഞാന്‍ പോന്നു.

'' ഇനി നീ ഒന്ന് നോക്ക് '' വൈകുന്നേരം മാണിക്കന്‍ പറഞ്ഞു '' എത്ര ചെതായിട്ടുണ്ട് എന്ന് കാണാലോ. മാഷ് നാളെ വന്ന് കാണുമ്പൊ ഞെട്ടും. ഒറപ്പാ ''.

ഞാന്‍ ചെന്ന് നോക്കുമ്പോള്‍ വികൃതമായി വരച്ചു വെച്ച കണ്ണുകളെ മൂടി രൂപത്തിന്ന് കറുത്ത കണ്ണട വരച്ചു വെച്ചിരിക്കുന്നു.

'' മാഷ് മാത്രമല്ല ആരായാലും ഞെട്ടും '' ഞാന്‍ അവനോട് പറഞ്ഞു.