Sunday, February 13, 2011

43. ആനക്കാര്യം


പതിവില്ലാതെ ട്യൂട്ടോറിയല്‍ കോളെജിലേക്ക് മാണിക്കന്‍ വന്നത് ലേശം പരിഭ്രമം ഉണ്ടാക്കി. നാലഞ്ച്
ദിവസമായി അമ്മയ്ക്ക് ജലദോഷവും പനിയും ആണ്. അതും വെച്ചാണ് വീട്ടിലെ പണികളൊക്കെ
ചെയ്യുന്നത്. രാവിലെ പ്രാതല്‍ വിളമ്പി തന്നതും അമ്മയാണ്. എന്നാലും എപ്പോഴാണ് സുഖക്കേട്
അധികമാവുക എന്ന് പറയാനാവില്ലല്ലോ. ക്ലാസ്സ് നിര്‍ത്തി ഞാന്‍ ഇറങ്ങി ചെന്നു.

'' എന്താ വിശേഷിച്ച് '' ഞാന്‍ തിരക്കി '' അമ്മയ്ക്ക് പനി കൂടുതലായോ ''.

'' എന്തോ. എനിക്കറിയില്ല '' അവന്‍ പറഞ്ഞു '' ഞാന്‍ വന്നത് വേറൊരു കാര്യത്തിനാണ് ''.

പകുതി സമാധാനമായി. പക്ഷെ ഇനിയെന്താ ഏടാകൂടം എന്ന തോന്നല്‍ മനസ്സിലുണ്ട്.

'' വേറെ എന്തെങ്കിലും കുഴപ്പം '' ഞാന്‍ പകുതിയില്‍ നിര്‍ത്തി.

'' ഇതന്നെ കുഴപ്പം '' മാണിക്കന്‍ പറഞ്ഞു '' എപ്പൊ നോക്ക്യാലും എന്തോ ഏതോ എന്നൊക്കെ വിചാരിച്ച്
നിനക്ക് ആധിയാണ്. ഒന്ന് മനസ്സിലാക്കിക്കോ. ചിലപ്പോള്‍ നല്ല കാര്യങ്ങളും നമ്മള്‍ അറിയാതെ വരും ''.

കുറച്ച് ദിവസങ്ങളായി മാണിക്കന്‍ കല്യാണാലോചനയുമായി നടക്കുന്നു.

ഒരു ദിവസം അമ്മ അവനോട് '' മാണിക്കാ, ആ ഉമ്മ കുട്ടിടെ കല്യാണക്കാര്യം എന്തായി '' എന്നു ചോദിച്ചു.
അന്ന് മുതല്‍ക്ക് തുടങ്ങിയ പരിശ്രമമാണ്. അത് ശരിയായി കാണും.

'' എവിടുന്നാ ചെക്കന്‍ '' ഞാന്‍ ചോദിച്ചു.

'' ചെക്കനോ. ഏത് ചെക്കന്‍ '' എന്നായി അവന്‍.

'' പിന്നെന്തിനാ നീ ഇപ്പോള്‍ വന്നത് ''.

'' അങ്ങിനെ ചോദിക്ക് '' അവന്‍ പറഞ്ഞു തുടങ്ങി.

കാലത്ത് അവന്‍റെ മൊബൈലിലേക്ക് ഒരു സന്ദേശം ലഭിച്ചു. നൊസ്സന്‍ മാഷാണ് അത് വായിച്ച് വിവരം പറഞ്ഞു
കൊടുത്തത്. മാണിക്കന്‍റെ മൊബൈല്‍ നമ്പറിന്ന് നറുക്കെടുപ്പില്‍ ഒരു കോടി രൂപ സമ്മാനം കിട്ടിയിരിക്കുന്നു. അത്
അക്കൌണ്ടില്‍ ഇടാനുള്ള ചിലവിലേക്ക് ഇരുപത്തയ്യായിരം ഉറുപ്പിക ഏതോ അക്കൊണ്ടില്‍ ആദ്യം ഇടണം. മുഴുവന്‍ പണവും മാഷ് തരാന്‍ തയ്യാറാണ്. അത് ചെയ്യാന്‍ പാടില്ല.

'' ഞാന്‍ ഒരു അയ്യായിരം ഉണ്ടാക്കാം '' അവന്‍ പറഞ്ഞു '' നീയും അത് തരണം. ബാക്കി മാഷ് എടുക്കട്ടെ. പണം
കിട്ടുമ്പോള്‍ മൂപ്പരുക്ക് പകുതി. ബാക്കി നമുക്ക് രണ്ടാള്‍ക്കും ഒപ്പൊപ്പം ''.

'' അതിന് എന്‍റേല് എവിടുന്നാ പണം '' ഞാന്‍ നിസ്സഹായാവസ്ഥ അറിയിച്ചു.

'' ഒരു കാര്യം ചെയ്യ്. കഴുത്തില്‍ കിടക്കുന്ന മാല ഊരി താ. ഞാന്‍ കൊണ്ടുപോയി പണയം വെക്കാം ''.

എനിക്ക് ഭയം തോന്നി. അച്ഛനോ അമ്മയോ അറിഞ്ഞാല്‍ എന്ത് പറയും. അതിനും അവന്‍ വഴി പറഞ്ഞു തന്നു.

'' പെണ്‍കുട്ടിടെ കല്യാണത്തിന്ന് ലോണ്‍ കിട്ടാനുണ്ടെന്നും അതിന്‍റെ ചിലവിനായി പണയം വെക്കാന്‍ എനിക്ക്
തന്നൂനും പറഞ്ഞോ ''.

ഞാന്‍ മാല ഊരി കൊടുത്തു. അതുമായി അവന്‍ പോയി. വൈകുന്നേരം രണ്ടാളും ക്ലബ്ബില്‍ കയറിയില്ല. പാതയോരത്തെ കലുങ്കില്‍ ഞങ്ങളിരുന്നു.

'' പണം കിട്ട്യാല്‍ എന്താ ചെയ്യണ്ട് '' മാണിക്കന്‍ ചോദിച്ചു.

'' രാവിലെ നീ പറഞ്ഞില്ലേ. പകുതി മാഷക്ക്. ബാക്കി നമുക്ക് ഒപ്പൊപ്പം ''.

'' അതന്നെ. ആ പണം കൊണ്ട് എന്താ ചെയ്യണ്ട് ''.

വാസ്തവത്തില്‍ ഞാന്‍ ആ കാര്യം ഓര്‍ത്തതേയില്ല. പണം വീട്ടില്‍ ഏല്‍പ്പിച്ചാല്‍ അച്ഛന്‍ വേണ്ടതുപോലെ ചെയ്തോളും. ഞാന്‍ അത് പറഞ്ഞു.

'' ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട് '' കൂട്ടുകാരന്‍ പറഞ്ഞു '' നമുക്ക് ആ പണം കൊടുത്ത് ഒരു ആനയെ വാങ്ങാം.
മുതല് എവിടേയും പോവില്ല. നിത്യം വരുമാനം കിട്ടും. എനിക്ക് ഒരു പണിയുമായി ''.

ആനപാപ്പാന്മാരുടെ സഹായി ആയി പോയിട്ടുള്ള പരിചയം അവനുണ്ട്. ഞാന്‍ സമ്മതിച്ചു.

'' ആനയെ നിന്‍റെ വീട്ടിലെ പുളിമരത്തില്‍ തളയ്ക്കാം. വെളിച്ചാമ്പൊ എഴുന്നേറ്റ് ആനയെ കണി കാണുന്നത്
നല്ലതാണ് '' മാണിക്കന്‍ പറഞ്ഞത് കേട്ട് സന്തോഷം തോന്നി. സ്വന്തമായി ഒരു ആന ഉള്ളതിന്‍റെ അന്തസ്സ് ഞാന്‍
മനസ്സില്‍ അനുഭവിച്ചു തുടങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ ആന വാങ്ങിയ ശേഷമുള്ള പദ്ധതികളാണ് ചര്‍ച്ച ‍ചെയ്തത്. ഇതിനകം മാണിക്കന്‍
ചില ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിപ്പിന്ന് ആനയെ എത്തിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും സമ്മാന തുക കിട്ടാതായപ്പോള്‍ ഞാന്‍ ട്യൂട്ടോറിയല്‍ കോളേജിലെ പ്രിന്‍സിപ്പാളിനോട് മൊബൈല്‍ നമ്പറിന്ന് സമ്മാനം കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു.
ഞങ്ങള്‍ പണം അടച്ച കാര്യം പറഞ്ഞതുമില്ല.

'' അതൊക്കെ ഒരു തരം തട്ടിപ്പാണ്. സമ്മാന തുക തരാന്‍ നല്ലൊരു തുക അവരുടെ അക്കൌണ്ടില്‍ ഇടാന്‍
പറയും. അങ്ങിനെ ചെയ്താല്‍ ആ പണം പോയി എന്ന് ഉറപ്പിക്കാം ''.

അദ്ദേഹം അത് പറഞ്ഞതോടെ പണയം വെച്ച മാല എടുക്കാന്‍ എന്തു ചെയ്യണമെന്ന ആലോചനയിലായി.

42. കാലഘട്ടത്തിന്‍റെ ആവശ്യം.വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് '' ഈ കൊല്ലം നമ്മുടെ ക്ലബ്ബിന്‍റെ വകയായി നിര്‍ധനരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യണം '' എന്ന പ്രസിഡണ്ടിന്‍റെ പ്രഖ്യാപനം
അംഗങ്ങള്‍ കയ്യടിച്ചു അംഗീകരിച്ചുവെങ്കിലും സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആരും
അതിനെക്കുറിച്ച് സംസാരിക്കുകപോലും ഉണ്ടായില്ല.

'' വായ കൊണ്ട് പാലും തേനും വിളമ്പുന്ന വര്‍ത്തമാനം പറയും. എന്നിട്ടോ '' മാണിക്കന്‍ എന്നോട് പറഞ്ഞു
'' ഇവരൊന്നും ഒരൊറ്റക്കാര്യം ചെയ്യില്ല ''.

'' പിരിവ് വല്ലതും നടത്തുന്നുണ്ടാവും. കാശായിട്ട് വേണ്ടേ സാധനങ്ങള്‍ വാങ്ങാന്‍ ''.

'' ഇനി ഏത് കാലത്ത് കൊടുക്കാനാ ഇവരുടെയൊക്കെ ഉദ്ദേശം ''.

'' ഇന്ന് വൈകുന്നേരം കളിക്കാന്‍ പോവുമ്പോള്‍ നമുക്ക് ചോദിക്കാം '' എന്ന് ഞാനും പറഞ്ഞു.

പക്ഷെ ഞാനല്ല ആ കാര്യം ചോദിച്ചത്. വേണ്ടാതെ മറ്റുള്ളവരെ വെറുപ്പിക്കുന്നതെന്തിന്ന് എന്ന എന്‍റെ
പോളിസി തന്നെയായിരുന്നു കാരണം.

പക്ഷെ മാണിക്കന് അമ്മാതിരി തോന്നലൊന്നും ഇല്ല. എല്ലാവരും ഉള്ള നേരം നോക്കി '' പ്രസിഡണ്ടേ,
പത്ത് സ്കൂള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടത് കൊടുക്കും എന്ന് പറഞ്ഞിട്ട് എന്തായി. ഇക്കൊല്ലം
കഴിയും മുമ്പ് കൊടുക്ക്വോ '' എന്നവന്‍ വെച്ചു കാച്ചി.

പ്രസിഡണ്ടിന്‍റെ മുഖം വിളറി വെളുത്തു.

'' ആ കാര്യം നമ്മളുടെ സജീവ പരിഗണനയിലുണ്ട് '' എന്നായി അദ്ദേഹം.

'' ഈ പറഞ്ഞതോണ്ട് എന്താ കാര്യം '' കേശവേട്ടന്‍ ഇടപെട്ടു '' കൊടുക്കണം എന്നുണ്ടെങ്കില്‍ സമയത്ത് കൊടുക്കണം. ഇല്ലെങ്കിലോ പരിപാടി വേണ്ടാന്ന് വെക്കാം ''.

'' നമുക്ക് ഈ വരുന്ന ഞായറാഴ്ച പിരിവിന് ഇറങ്ങാം '' പ്രസിഡണ്ട് പറഞ്ഞു '' മൂന്ന് നാല് ആഴ്ചകൊണ്ട് കാശാവും ''.

'' അത് വേണ്ടാ '' കേശവേട്ടന്‍ ഇടപെട്ടു '' തൊട്ടതിനും പിടിച്ചതിനും നാട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട ആവശ്യം ഒന്നൂല്യാ. ഇതിന്ന് അത്ര കാശൊന്നും വേണ്ടല്ലോ. നമ്മള്‍ മെമ്പര്‍മാര് മനസ്സ് വെച്ചാല്‍ ഈ ആവശ്യത്തിന്ന് വേണ്ട
പണം എടുക്കാനൊക്കെ പറ്റും ''.

'' ആദ്യം എത്ര പണം വേണംന്ന് കണക്കാക്കാം '' സെക്രട്ടറി അഭിപ്രായം പറഞ്ഞു '' എന്നിട്ട് പോരെ പൈസ
എടുക്കല് ''.

'' പത്ത് കുട, പത്ത് ബാഗ്, പിന്നെ കുറെ നോട്ട് പുസ്തകങ്ങള്‍. ഇതൊക്കെയല്ലേ വേണ്ടൂ. പറ്റുന്നോര് ഓരോന്ന് സ്പൊണ്‍സര്‍ ചെയ്താല്‍ പോരേ '' കേശവേട്ടന്‍റെ അഭിപ്രായം എല്ലാവരും സമ്മതിച്ചു.

'' പെന്നും വാങ്ങണം '' മാണിക്കന്‍ വിട്ടു പോയ ഇനം ഓര്‍മ്മപ്പെടുത്തി.

ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്നത് ചെയ്യാമെന്നേറ്റു. എല്ലാവര്‍ക്കും വേണ്ട ബാഗുകളും കുടകളും
കേശവേട്ടന്‍ ഏറ്റതോടെ വലിയ സാമ്പത്തിക ബാദ്ധ്യത വരുന്ന ചിലവ് ഒഴിവായി. മറ്റ് അംഗങ്ങള്‍ പണമാണ് വാഗ്ദാനം ചെയ്തത്. ഞാനും ഇരുന്നൂറ് രൂപ നല്‍കാമെന്നേറ്റു. അതോടെ പുസ്തകങ്ങള്‍ക്കും പെന്നിനും
പുറമെ ഈരണ്ട് ജോഡി വസ്ത്രങ്ങള്‍ കൊടുക്കാനും വേണ്ട പണം ആയി.

'' പണം എന്നെങ്കിലും എത്തിച്ചാല്‍ പോരാ. വെള്ളിയാഴ്ചയ്ക്ക് എത്തിക്കണം. എന്നാലേ തിങ്കളാഴ്ച സ്കൂളില്‍ സാധനങ്ങള്‍ വിതരണം നടത്താന്‍ പറ്റൂ '' എന്ന് പ്രസിഡണ്ട് നിബന്ധന വെച്ചു.

'' നീയെന്താ മാണിക്കാ ഒന്നും പറയാത്തത് '' സെക്രട്ടറി ചോദിച്ചു '' പേനടെ കാര്യം നീ പറഞ്ഞതല്ലേ. അത്
വാങ്ങി കൊണ്ടു വാ ''.

'' പെന്ന് നിങ്ങളന്നെ വാങ്ങി കൊടുത്തോളിന്‍. ഞായറാഴ്ച വൈകുന്നേരം ഞാന്‍ ഒരു സാധനം കൊണ്ടു
വന്ന് തരാം. എന്‍റേല് പണം ഉണ്ടായിട്ടൊന്ന്വല്ല. പഠിക്കാന്‍ പോണ കുട്ട്യേളുടെ കാര്യം അല്ലേന്ന് വെച്ചിട്ടാ.
ഒരു കുറവ് വരാന്‍ പാടില്ലല്ലോ. ആരുടേയെങ്കിലും തലേല്‍ കല്ലിട്ടിട്ട് സംഗതി സംഘടിപ്പിക്കും ''.

ഒന്ന് നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു '' ഈശ്വരന്‍ സഹായിച്ച് ഞാന്‍ എന്തെങ്കിലും വേണംന്ന് പറഞ്ഞാല്‍
അത് സാധിച്ച് തരാന്‍ ആള്‍ക്കാരുണ്ട് ''.

ആരൊക്കെ ചോദിച്ചിട്ടും വാങ്ങുന്നത് എന്താണെന്ന് മാണിക്കന്‍ പറഞ്ഞില്ല.

'' ഇന്നത്തെ കാലത്ത് സ്കൂളില്‍ പോണ കുട്ട്യേള്‍ക്ക് അത്യാവശ്യം വേണ്ട സാധനം ആണ് '' എന്ന് മാത്രമേ
അവന്‍ പറഞ്ഞുള്ളു.

'' എന്താന്ന് എന്‍റെ അടുത്ത് പറയ് '' എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടും അവന്‍ പറഞ്ഞില്ല.

'' അതിന്‍റെ ഗുട്ടന്‍സ് വിട്ടാല്‍ രസം പോവും '' എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞു.

ഞായറാഴ്ച വൈകുന്നേരം സാധനങ്ങള്‍ എത്തി. പതിവ് സമയം കഴിഞ്ഞിട്ടും മാണിക്കന്‍ എത്തിയില്ല.

'' ആ തിരുവാഴ്ത്താന്‍ എവിടെ പോയി കിടക്കുന്നുണ്ടോ ആവോ '' എന്ന് ആരോ പറയുന്നത് കേട്ടു.

അല്‍പ്പം കഴിഞ്ഞതും ഒരു ഓട്ടോറിക്ഷ വന്ന് ക്ലബ്ബിന്ന് മുമ്പില്‍ നിന്നു. വലിയൊരു കാരീ ബാഗുമായി മാണിക്കന്‍ ഇറങ്ങി. ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ഞങ്ങളുടെ മുമ്പില്‍ വെച്ച് അവന്‍ അത് തുറന്നു. പത്ത് മൊബൈല്‍
ഫോണുകളായിരുന്നു അതിലുണ്ടായിരുന്നത്.

'' പെന്നും പുസ്തകവും ഇല്ലെങ്കിലും പിള്ളര് സ്കൂളിലേക്ക് പോവും '' മിഴിച്ചു നിന്ന ഞങ്ങളെ നോക്കി അവന്‍ പറഞ്ഞു '' പക്ഷെ ഇത് ഇല്ലാതെ അവര് സ്കൂളിന്‍റെ പടി കയറില്ല ''.

6 comments:

ramanika said...

നാടോടുമ്പോള്‍ നടുവില്‍ തന്നെ ഓടണം
മാണിക്കന്നു ഇത് നന്നായിട്ടറിയാം .....

രാജഗോപാല്‍ said...

പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്. മാണിക്കന്റെ ഒരു പ്രൊഫൈല്‍ നോക്കിയാല്‍ ഞാന്‍ പ്രതീക്ഷിച്ചത് അരിവാളും തളപ്പും വെട്ട് കത്തിയും ആയിരുന്നു. കൊയ്യാനും തെങ്ങില്‍ കയറാനും പരിശീലിപ്പിക്കുന്ന ഉപകരണങ്ങള്‍. മാണിക്കന്‍ ഇത്ര മോഡേണ്‍ ആവുമെന്നോറ്ത്തില്ല. :)

Typist | എഴുത്തുകാരി said...

ഇനിയിപ്പൊ പുസ്തകവും ബാഗും ഇല്ലെങ്കിലും പ്രശ്നല്യ.

appachanozhakkal said...

SMS അയക്കാന്‍ മറക്കെണ്ടാട്ടോ!
എന്നും കൂടി പറയാമായിരുന്നു മാണിക്യന്.
സംഗതി അസ്സലായിട്ടുണ്ട്. ക്ലൈമാക്സ് കലക്കി.

mini//മിനി said...

മൊബൈൽ നിരോധിച്ചാലും അവർ ക്ലാസ്സിൽ കൊണ്ടുവരും. കൂടാതെ എല്ലാ സ്ക്കൂളുകളുടെയും സമീപമുള്ള കടകളിൽ പണം കൊടുത്താൽ മൊബൈൽ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ ഉണ്ട്.

keraladasanunni said...

ramanika,
കാലത്തിനൊത്ത് മാണിക്കനും മാറി.
രാജഗോപാല്‍,
വാസ്തവത്തില്‍ മാണിക്കന്‍ തൊഴിലുമായി ബന്ധപ്പെട്ട സാധനങ്ങള്‍ നല്‍കേണ്ടതായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വാങ്ങി എന്ന് മാത്രം.
Typist / എഴുത്തുകാരി,
ബാഗും പുസ്തകവും മത്രമല്ല,പഠിപ്പും ഇല്ലെങ്കിലെന്താ. ഇന്നത്തെ കാലഘട്ടം ആ വഴിക്കാണ്.
appachanozhakkal'
എസ്. എം. എസ്. ഫ്രീ എന്നു കൂടി പറയാം അല്ലേ.
mini//മിനി,
അത് പുതിയ അറിവാണ്. അമ്പലങ്ങള്‍ക്ക് മുമ്പില്‍ ചെരിപ്പ് സൂക്ഷിക്കുന്ന മാതിരി അല്ലേ.

41. തൊഴിലുറപ്പ്.വളരെ സന്തോഷത്തോടെയാണ് അന്ന് മാണിക്കന്‍ വന്നു കയറിയത്. മുറ്റത്ത് തടുക്കു പായയിലിരുന്ന് അമ്മ ഈര്‍ക്കില ചീന്തി ചൂല് ഉണ്ടാക്കുകയാണ്.

'' എന്താ നിന്‍റെ മുഖത്ത് ഒരു പുഞ്ചിരി '' എന്ന് അമ്മ ചോദിക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് കൂട്ടുകാരന്‍
എത്തിയ കാര്യം അറിയുന്നത്.

'' അതേയ്, തമ്പ്രാട്ട്യേ. അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വാസം വന്നില്ലല്ലോ. പൂജ കഴിഞ്ഞതിന്‍റെ ഗുണം കണ്ടു. എനിക്ക് പണി കിട്ടി '' അവന്‍ പറഞ്ഞു നിര്‍ത്തി.

എന്താണ് ജോലി എന്നും എവിടെയാണ് ജോലിക്ക് പോവേണ്ടത് എന്നും അറിയാന്‍ ആകാംക്ഷ തോന്നി.
അപ്പോഴേക്കും അമ്മ '' എന്താടാ പണി '' എന്ന് ചോദിക്കുന്നത് കേട്ടു.

'' പഞ്ചായത്ത് പണിക്ക് കൂടി. നമ്മടെ വാര്‍ഡില്‍ തന്നെ. കൊല്ലത്തില്‍ നൂറ് ദിവസം പണി കിട്ടും. ദൂരെ പോവാണ്ടെ കഴിഞ്ഞല്ലോ ''.

'' അത് നന്നായി. വൈകുന്നേരം വീട്ടിലെത്താലോ ''.

'' കൂലി കുറവാണ്. എന്നാലും ഗവര്‍മ്മെണ്ട് പണം വാങ്ങാന്‍ പറ്റും എന്നൊരു സന്തോഷം ഉണ്ട് ''.

'' ഒരു ദിക്കിലും ഒട്ടി നില്‍ക്കാത്ത നിന്‍റെ സ്വഭാവം മാറ്റി ഇതിലെങ്കിലും ഒന്ന് മര്യാദക്ക് നില്‍ക്ക് '' എന്ന
അമ്മയുടെ ഉപദേശം അവന്‍ തല കുലുക്കി സ്വീകരിച്ചു.

പിറ്റേന്ന് വൈകുന്നേരം അവന്‍ വീട്ടിലെത്തി.

'' എവിടെ നമ്മടെ ആള് '' എന്ന് അവന്‍ എന്നെ അന്വേഷിക്കുന്നതും, '' കോമ്പരയിലെ ഒരു കഴുക്കോലില്‍
ചിതല് കയറിയത് തട്ടി കളയുകയാണ് '' എന്ന് അമ്മ മറുപടി പറയുന്നതും കേട്ടു.

'' അത് ഞാന്‍ ചെയ്യാലോ '' എന്നും പറഞ്ഞ് മാണിക്കനും പുറകെ അമ്മയും എത്തി.

'' ആ ചൂല് ഇങ്ങിട്ട് താ '' എന്നും പറഞ്ഞ് അവന്‍ പണി ഏറ്റെടുത്തു.

'' ഇന്ന് നീ പഞ്ചായത്ത് പണിക്ക് പോയില്ലേ '' അമ്മ ചോദിച്ചു.

'' പണി മാറി വരുന്ന വഴിയാണ് '' അവന്‍ പറഞ്ഞു.

'' എന്താടാ പണി ''.

'' പൊഴേല് വെള്ളം പമ്പ് ചെയ്യുന്ന സ്ഥലം വെടുപ്പാക്കുന്ന പണിയാണ് ''.

അവന്‍ വിവരണം തുടങ്ങി. പമ്പ് സെറ്റ് വെച്ച സ്ഥലത്ത് രണ്ട് കിണറുകളാണ് ഉള്ളത്. ഒന്ന് പുഴയിലും
മറ്റൊന്ന് ഉയര്‍ന്ന തിട്ടില്‍ പമ്പ് ഹൌസിനോട് തൊട്ടടുത്തും. ഉണ്ടാക്കിയതിന്ന് ശേഷം അവ ചളി നീക്കി
വൃത്തിയാക്കിയിട്ടില്ല. പുഴയില്‍ മലവെള്ളം വരുമ്പോള്‍ എത്തുന്ന ചേറ് രണ്ട് കിണറിലും അടിഞ്ഞിട്ടുണ്ട്. രണ്ടിനേയും യോജിപ്പിക്കുന്ന പൈപ്പ് മണ്ണ് നിറഞ്ഞ് വെള്ളം കടക്കാത്ത അവസ്ഥയിലാണ്. ഇതിനൊക്കെ പുറമെ മീന്‍ പിടുത്തക്കാര്‍ പുഴയിലെ കിണറിന്ന് തൊട്ട് താഴെ ചേറിന്‍റെ കട്ട വെച്ച് വെള്ളം തടുത്ത് കെട്ടി തോട്ടയിട്ടിട്ടും നഞ്ച് കലക്കിയും മീന്‍ പിടിക്കാറുണ്ട്. ഈ വൃത്തികെട്ട വെള്ളമാണ് പൈപ്പില്‍ വരുന്നത്.

'' ശിവ ശിവ '' അമ്മ പറഞ്ഞു '' ആ വെള്ളം കുടിച്ചാല്‍ സൂക്കട് വരില്ലേ ''.

'' പിന്നെന്താ. എന്തായാലും ഈ ആഴ്ച നന്നാക്കി നല്ല വെള്ളം കിട്ടാറാക്കും''.

'' ഒരാഴ്ചത്തെ പണിയുണ്ടോടാ അവിടെ ''.

'' അത് എങ്ങിന്യാണ്. കൂട്ടത്തില്‍ ഏഴ് ആണുങ്ങളേ ഉള്ളൂ. ആര്‍ക്കും വെള്ളത്തില്‍ ഇറങ്ങാന്‍ വയ്യ. ചളി
കോരി കൊടുത്താല്‍ പെണ്ണുങ്ങളുടെ കൂടെ അവരും അത് കടത്താം എന്നാ പറയുന്ന് ''.

'' നല്ല ആള്‍ക്കാര്. എന്നിട്ട് നീ ഒറ്റയ്ക്കാ ചളി വാരാന്‍ പോണത് ''.

'' അല്ലാണ്ടെ എന്താ ചെയ്യാ. മാണിക്കാ നീ മനസ്സ് വെച്ചാലേ സംഗതി ശരിയാവുള്ളു എന്നാ പ്രസിഡണ്ട്
പറഞ്ഞത്. പക്ഷെ അതിന്ന് മുമ്പ് മണ്ണോണ്ട് കെട്ടിയ ചിറ പൊളിച്ച് കളയണം. മുമ്പ് ഏതോ കാലത്ത്
ഉണ്ടായിരുന്ന ഒരു പൊളിഞ്ഞു പോയ കിണറിന്‍റെ കുഴി തൊട്ടടുത്ത പുറമ്പോക്കില്‍ ഉണ്ട്. കന്നും മാടും
അതില് പെടാനേ നേരം കിട്ടു. എടുത്ത മണ്ണ് കൊണ്ടു പോയി അതിലിട്ട് തൂര്‍ക്കണം. അത് കഴിഞ്ഞിട്ടേ
ചളി വാരല്‍ ഉണ്ടാവൂ ''.

പിറ്റേന്ന് മുതല്‍ പണിയുടെ പുരോഗതി അവന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. നാല് ദിവസം കൊണ്ട് പണി
മുഴുവന്‍ തീര്‍ക്കാന്‍ കഴിഞ്ഞതില്‍ അവന്ന് ഏറെ സന്തോഷം ഉള്ളതായി തോന്നി.

'' ഇനി നാളെ മുതല്‍ക്ക് എന്താ നിങ്ങളുടെ പണി '' എല്ലാം കേട്ടു കഴിഞ്ഞ അമ്മ ചോദിച്ചു.

'' പാത പള്ളേലെ തൂപ്പും ചെടീം ഒക്കെ വെട്ടി കളഞ്ഞ് വൃത്തിയാക്കാനാ മെമ്പര്‍ പറഞ്ഞത് ''.

'' അതും വേണ്ടതന്നെ. ഇങ്ങിനെ വഴി വക്കില് കാടും പടലും പിടിച്ച് കിടന്നാല്‍ അതിന്‍റെ അടീല് വല്ല എഴജന്തുക്കളും കിടന്നാല്‍ കൂടി അറിയില്ല ''.

'' നോക്കിക്കോളൂണ്ടു. രണ്ട് ദിവസം കൊണ്ട് പണി പടക്കം പോലെ ആക്കും ''.

പിറ്റേന്ന് മാണിക്കന്‍ തീരെ നിരാശനായിട്ടാണ് എത്തിയത്. ഒരു കല്യാണത്തിന്ന് ചെന്നിട്ട് വന്ന അച്ഛന്‍
വീട്ടില്‍ ഉണ്ടായിരുന്നു.

'' എന്താടോ തന്‍റെ പണിയൊക്കെ '' അച്ഛന്‍ ചോദിച്ചു.

'' തോതാവാത്ത എടവാട് മാതിരി തോന്നുന്നു ''.

'' അതെന്താ അങ്ങിനെ ''.

'' നിഴല് കടത്തലാ പണീന്ന് പറഞ്ഞാല്‍ മതി. എനിക്ക് മടുത്തു ''.

'' നീ കാര്യം പറ ''.

'' കൂട്ടു മുക്ക് മുതല്‍ക്ക് ഉങ്ങിന്‍ചോട് വരെ അര കിലോമീറ്റര്‍ ദൂരം റോഡ് വക്കിലെ കാടും പടലും വെട്ടി
മാറ്റലാ പണി. മുപ്പതിനായിരം ഉറുപ്പികയാണത്രേ അതിന്ന് ഫണ്ട് നീക്കി വെച്ചിട്ടുള്ളത്. ഇരുപത്തി നാല് പണിക്കാര്‍ക്ക് പത്ത് ദിവസം ചെയ്യാനുള്ള പണിയാണ് അത് എന്നാ പറഞ്ഞത് ''.

'' അപ്പൊ എങ്ങിനെയാടാ സമയം ആക്ക്വാ '' അമ്മയ്ക്ക് ആ സൂത്രം അറിയണം.

'' രാവിലെ പണിക്ക് എത്തിയതും രണ്ട് പെണ്ണുങ്ങള് കുടവും ആയി വെള്ളത്തിന് പോകും. മൂന്നോ നാലോ പെണ്ണുങ്ങള് കല്ല് പെറുക്കി അടുപ്പ് കൂട്ടി പട്ടയോ പാളയോ ഉണ്ടാക്കി ചായവെള്ളം തിളപ്പിക്കും. ഇടുപ്പിന്ന് സുഖം ഇല്ലാതെ ഒരു പണിയും ചെയ്യാന്‍ പറ്റാത്ത ഒരു ചങ്ങാതിയുണ്ട്. അവന്‍ ചായപ്പീടീലിക്ക് പൊറോട്ട വാങ്ങാന്‍ പോകും. ബാക്കി ആള്‍ക്കാര് പണി ചെയ്യും ''.

'' അത് അത്ര കാര്യം ആക്കണ്ടാ. ബാക്കി ആള്‍ക്കാര് പോരേ പണി തീര്‍ക്കാന്‍ ''.

'' അതെങ്ങനെ. മണ്ണിന്ന് വേദനിക്ക്വോ എന്ന് പേടിച്ചിട്ടാ ഓരോരുത്തര് കൈക്കോട്ടോണ്ട് പുല്ല് ചെത്താറ്.
ഒറ്റ വെട്ടിന്ന് മുറിച്ചിടേണ്ട മരത്തിന്‍റെ ചില്ല അര മണിക്കുര്‍ കൊണ്ടാ വെട്ടി ഇട്വാ ''.

'' കേള്‍ക്കാന്‍ നല്ല രസം ഉണ്ട് '' അമ്മ പറഞ്ഞു '' ഇക്കണക്കിന്ന് പത്ത് ദിവസം കൊണ്ട് പണി തീര്വോ ''.

'' എങ്ങനീം സമയം ആക്കണം എന്ന ഒറ്റ നിനവേ ഉള്ളൂ എല്ലാറ്റിനും ''.

'' നോക്കൂ, എല്ലാ ദിക്കിലും ഇവന്‍ പറയുന്ന മാതിരിയല്ല " അച്ഛന്‍ പറഞ്ഞു '' ഈ തൊഴിലുറപ്പ് പദ്ധതിയില്‍
പെടുത്തി എന്തൊക്കെ കാര്യങ്ങള്‍ ഓരോ ദിക്കില്‍ ചെയ്യിക്കുന്നുണ്ടെന്ന് അറിയ്യോ. റോഡ് വെട്ടല്, കുളം
നന്നാക്കല് അങ്ങിനെ നൂറ് കൂട്ടം പണികള്‍ ചെയ്യിക്കുന്ന സ്ഥലങ്ങളുണ്ട് ''.

'' എനിക്ക് അതൊന്നും അറിയില്ല '' മാണിക്കന്‍ പറഞ്ഞു '' പാപി പോയോടം പാതാളം എന്ന് കേട്ടിട്ടുണ്ട്.
എന്‍റെ കാര്യത്തില് അത് ശരിയാണെന്നാ തോന്നുന്നത് '

'' നീ എന്തിനാ ഇതില്‍ ഇത്ര ബേജാറ് ആവുന്നത് '' അമ്മ പറഞ്ഞു '' എല്ലാവരും പണിയുന്ന മാതിരി നിനക്കും
എന്തെങ്കിലും കാട്ടി കൂട്ട്യാല്‍ പോരേ ''.

'' എന്നെക്കൊണ്ട് അതിന്ന് ആവില്ലാ. മേലനങ്ങാത്ത കൂലി എനിക്ക് വേണ്ടാ ''.

'' ഇവന് അറിയാഞ്ഞിട്ടാണ് '' അച്ഛന്‍ പറഞ്ഞു '' ഈക്കണ്ട പണിക്കാരക്കൊക്കെ ദിവസൂം എന്തെങ്കിലും പണി കൊടുക്കണ്ടേ. ചിലപ്പൊ ഇതു പോലെ ഒക്കെ ചെയ്യേണ്ടി വരും ".

'' കണ്ടില്ലാ കേട്ടില്ലാ എന്ന് വെച്ച് നൂറ് ദിവസം തികയ്ക്ക് '' എന്ന് അമ്മ പറഞ്ഞതിന്ന് മനമില്ലാ മനസ്സോടെ
അവന്‍ ഒന്ന് മൂളി.

'' തമ്പ്രാട്ട്യേ, ഞാന്‍ പണി വേണ്ടാന്ന് വെച്ചു '' എന്നും പറഞ്ഞും കൊണ്ടാണ് അടുത്ത ദിവസം മാണിക്കന്‍
എത്തിയത്.

'' നിന്നോട് എങ്ങിനെയെങ്കിലും നിക്കാന്‍ പറഞ്ഞതല്ലേ '' അമ്മ ചോദിച്ചു.

'' അതൊക്കെ ശരിയാണ്. നീ ഗവര്‍മ്മെണ്ടിന്ന് കാശ് ഉണ്ടാക്കാന്‍ വേണ്ടീ ഒരുങ്ങി വന്നതാണ്. നാളെ മുതല്‍
നിന്‍റെ കൂടെ ഞങ്ങളാരും പണിക്കില്ലാ എന്ന് കൂടെയുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ എന്താ ചെയ്യാ ''.

'' അപ്പൊ നൂറ് ദിവസത്തെ പണി നീ ആറ് ദിവസം കൊണ്ട് തീര്‍ത്തൂ അല്ലേ ''.

അമ്മ ആ ചോദിച്ചതിന്ന് മറുപടിയായി മാണിക്കന്‍ ഒന്ന് പുഞ്ചിരിച്ചു.

40. ശത്രുദോഷം .

Tuesday, November 9, 2010

'' നീ കൈ വെച്ച എന്തെങ്കിലും കാര്യം നേരാമണ്ണം മേല്‍ കൂടീട്ടുണ്ടോടാ മാണിക്കാ '' ഹോട്ടല്‍ പൊളിഞ്ഞു പോയതിന്ന് ശേഷം വീട്ടിലെത്തിയ മാണിക്കനോട് അമ്മ ചോദിച്ചു.

'' അത് തമ്പ്രാട്ട്യേ എന്തൊക്കെ നല്ലത് വരണംന്ന് വിചാരിച്ച് ഓരോന്ന് തുടങ്ങ്യാലും ഒടുക്കം സംഗതി വടി
കുത്തി പിരിയും ''.

'' വല്ലാത്തൊരു തലേലെഴുത്താണ് നിന്‍റെ '' അമ്മ പറഞ്ഞു '' നല്ല കണിയാറ പണിക്കരെ കൊണ്ട് നിന്‍റെ
ജാതകം നോക്കിക്കണം ''.

'' തമ്പ്രാട്ട്യേ, അതിന്ന് എനിക്ക് ജാതകം ഒന്നും ഇല്ല. ഒരു ഓലേല് ജനിച്ച സമയം കുറിച്ച് വാങ്ങ്യേത്
അമ്മ കളയാണ്ട് സൂക്ഷിച്ച് വെച്ചിട്ടുണ്ട് ''.

'' അത് മതി. ആരെക്കൊണ്ടെങ്കിലും അതൊന്ന് നോക്കിക്ക് ''.

മാണിക്കന്ന് അത്രയും മതിയായിരുന്നു. എന്ത് കേട്ടാലും അതിന്ന് പുറകെ ചാടിപ്പുറപ്പെടുന്ന സ്വഭാവമാണല്ലോ അവന്‍റേത്.

'' ഇന്നന്നെ ഞാന്‍ നോക്കിക്കുന്നുണ്ട് '' എന്നും പറഞ്ഞ് ആള്‍ പുറപ്പെട്ടു,

അന്ന് വൈകുന്നേരം വളരെ സന്തുഷ്ടനായിട്ടാണ് അവന്‍ വന്നത്.

'' തമ്പ്രാട്ടി പറഞ്ഞപോലെ ഞാന്‍ പണിക്കരെ ചെന്നു കണ്ടു '' അവന്‍ പറഞ്ഞു '' അപ്പോഴല്ലേ വിവരം
മനസ്സിലാവുന്നത് ''.

'' എന്താ അയാള്‍ പറഞ്ഞത് ''.

'' എനിക്ക് ശത്രുദോഷം ഉണ്ടത്രേ. നന്നാവാന്‍ സമ്മതിക്കില്ല എന്നാ പറഞ്ഞത് ''.

ഉമ്മറത്ത് എന്തോ എഴുതിക്കൊണ്ടിരുന്ന അച്ഛന്‍ അത് നിര്‍ത്തി മുഖമുയര്‍ത്തി നോക്കി.

'' ഇനി അതിന്ന് എന്താ ചെയ്യണ്ടത് ''.

'' വീട്ടില്‍ വെച്ച് ഒരു ഒരു ഹോമം ചെയ്യണം. പിന്നെ ഒരു മഹാലക്ഷ്മി യന്ത്രം വീട്ടില്‍ വെക്കും വെണം ''.

'' ഇതിനൊക്കെ പൈസ വരില്ലേടാ ''.

'' ഉവ്വ്. ഹോമത്തിന്ന് രണ്ടായിരത്തി അഞ്ഞൂറ് ഉറുപ്പിക വേണം. വെള്ളി തകിടില്‍ യന്ത്രം എഴുതി പൂജിച്ച്
തരുന്നതിന്ന് ആയിരം ഉറുപ്പിക വേറേയും ''.

'' പൈസക്ക് എന്താ വഴി '' കേട്ടു നിന്ന ഞാന്‍ ചോദിച്ചു.

'' അമ്മയ്ക്ക് ഒരു നറുക്ക് കിട്ട്യേതുണ്ട്. സെയ്തുക്കാന്‍റെ മകള് തുന്നല് പഠിക്കാന്‍ പോണുണ്ട്. അവള്‍ക്ക്
ഒരു തുന്നല്‍ മിഷ്യന്‍ വാങ്ങണം എന്ന് വിചാരിച്ചതാ. നമുക്ക് ദോഷം ഉള്ളപ്പോള്‍ അത് മാറ്റലല്ലേ ആദ്യം
വേണ്ടത് ''.

'' ഇത്രയൊക്കെ കാശ് കളയണോടാ '' അമ്മയ്ക്ക് പണം ചിലവാകുന്നതിലാണ് സങ്കടം.

'' പണിക്കരെ കണ്ട് വന്നതും ഉള്ള പണം ഞാന്‍ കൊണ്ടു പോയി കൊടുത്തു ''.

എഴുത്ത് നിര്‍ത്തി അച്ഛന്‍ എഴുന്നേറ്റ് വന്നു.

'' എന്താ സംഭവം '' അച്ഛന്‍ ചോദിച്ചു.

നടന്ന കാര്യങ്ങള്‍ മുഴുവന്‍ ഒന്നു കൂടി വിവരിച്ചു.

'' ഒരു കാര്യം ഞാന്‍ പറയാം '' അച്ഛന്‍ പറഞ്ഞു '' ബാക്കി ഒക്കെ സമ്മതിച്ചാലും ഇവന്ന് ശത്രുദോഷം
ഉണ്ട് എന്ന് പറഞ്ഞത് മാത്രം ഞാന്‍ വിശ്വസിക്കില്ല. ആര്‍ക്കാണ് ഇവനോട് വിരോധം തോന്നാന്‍
കഴിയുക ''.

'' നീ ചെന്ന് ആ പണം മടക്കി വാങ്ങ് '' അമ്മ പറഞ്ഞു '' നമുക്ക് വേറെ വല്ലവരോടും നോക്കിച്ച് പരിഹാരം
കാണാം ''.

'' അത് പറ്റില്ല. കൊടുത്ത പണം തിരിച്ച് തരില്ല. പിന്നെ മഹലാക്ഷ്മി യന്ത്രത്തിന്‍റെ വില ഇതൊന്ന്വല്ല.
ടി. വീ.ല് പരസ്യം കാണാറുള്ളതാ. എന്നോടുള്ള സ്നേഹം കൊണ്ട് പണിക്കര് വില കുറച്ച് തന്നതാ ''.

അമ്മ മൂക്കത്ത് വിരല്‍ വെച്ചു.

'' ഏലസോ, കുബേര യന്ത്രമോ, മഹാലക്ഷ്മി യന്ത്രമോ ആര്‍ക്കെങ്കിലും വേണച്ചാല്‍ ഞാന്‍ ചെന്ന് പറഞ്ഞാല്‍
മതി, പണിക്കര് അത് ഉണ്ടാക്കി കൊടുക്കും " മാണിക്കന്‍ പറഞ്ഞു '' അതിന്ന് എനിക്ക് അഞ്ഞൂറ് ഉറുപ്പിക
കമ്മീഷനും തരും. ഞാന്‍ ആളുകളെ പിടിച്ച് കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട് ''.

ഇതും കൂടി കേട്ടതോടെ അച്ഛന്‍ ചൂടായി.

'' തന്നെയാണ് ഞാന്‍ കുറ്റം പറയ്വാ '' അച്ഛന്‍ പറഞ്ഞു '' മിണ്ടാണ്ടെ ഇരിക്കുന്ന ഇവനെ പിടിച്ച് ഇത് മാതിരി
എടവാടിന്ന് വിടണ്ട വല്ല കാര്യൂം ഉണ്ടോ തനിക്ക് ''.

'' ഇവന്‍ ഇതൊക്കെ ചെയ്യുംന്ന് ഞാന്‍ അറിഞ്ഞോ '' അമ്മ കയ്യ് കഴുകി.

'' ഇവന്ന് നല്ല ജോലി കിട്ടാന്‍ എന്താ ചെയ്യേണ്ടത് എന്ന് ഞാന്‍ ചോദിച്ചു '' എന്നെ ചൂണ്ടിക്കാട്ടി മാണിക്കന്‍ പറഞ്ഞു '' ഭാഗ്യ ദോഷം മാറി ജോലി കിട്ടാന്‍ ഉള്ള ഏലസ്സും യന്ത്രവും എഴുതാന്‍ ഏര്‍പ്പാടാക്കി കഴിഞ്ഞു.
അതിന്ന് അയ്യായിരം ഉറുപ്പിക കൊടുക്കണം '' .

അമ്മയുടെ മുഖത്ത് നിഴലിച്ച ഭാവം മറക്കാന്‍ ആവില്ല.

39. പരിപ്പ് വട.

Saturday, October 23, 2010' ഒരു വട്ടി പുളിയുണ്ട് നന്നാക്കന്‍ . എന്നെക്കൊണ്ട് ഒറ്റയ്ക്കൊന്നും ആവില്യാ ' എന്ന് നേരം വെളുത്തപ്പോള്‍ അമ്മ പാഴ്യാരം പറയുന്നത് കേട്ടപ്പോഴേ പണി ഉറച്ചു എന്ന് മനസ്സിലായി. ആഹാരം കഴിക്കാനിരുന്നപ്പോഴും അമ്മ വിഷയം ആവര്‍ത്തിച്ചു.

" വെള്ളച്ചിയെ വരാന്‍ പറഞ്ഞാല്‍ പോരേ " എന്ന അഭിപ്രായം " അവരൊക്കെ ഇപ്പൊ ആരാണ്. പാലം പണിക്ക് പോവാന്‍ തുടങ്ങിയ ശേഷം അവള്‍ ഈ വഴിക്ക് കടന്നിട്ടില്ല " എന്നും പറഞ്ഞ് തള്ളി കളഞ്ഞു.

മൂവാണ്ടന്‍ മാവിന്‍റെ ചുവട്ടില്‍ അമ്മ പരമ്പ് വിരിച്ചു. പുളി നിറച്ച വട്ടി അതിന്‍റെ ഒരു ഓരത്ത് വെച്ചു.

" തൊണ്ട് ഞാന്‍ പൊട്ടിച്ചിടാം. കുട്ടി കുരു തല്ലി തന്നാല്‍ മതി. പിന്നെ തൊണ്ട് വഴീല്‍ കൊണ്ടു പോയി കൊട്ടും ചെയ്യണം ".

പുളിയുടെ തോട് വഴിയിലിടും. ആളുകള്‍ അതില്‍ ചവിട്ടും തോറും പുളിപ്പ് കൂടും എന്നാണ് വിശ്വാസം. പഴയൊരു ആട്ടുകല്ലിന്‍റെ കൊഴവിയില്‍ തോട് കളഞ്ഞ പുളി കിടത്തി വെച്ച് പുളി മുട്ടി കൊണ്ട് തല്ലാന്‍
തുടങ്ങി. ഇരുപത്തെട്ട് കഴിയാത്ത കുഞ്ഞുങ്ങള്‍ കണ്ണ് മിഴിക്കുന്ന മട്ടില്‍ പുളിങ്കുരു എത്തി നോക്കി തുടങ്ങി.
പണി കുറെ ചെയ്തു കഴിഞ്ഞപ്പോള്‍ പടി തുറക്കുന്ന ശബ്ദം. നോക്കുമ്പോള്‍ മാണിക്കന്‍. കാലം ഏറെ കഴിഞ്ഞിരിക്കുന്നു അവനെ കണ്ടിട്ട്. പതിവ് പോലെ ഒരു ദിവസം ആരോടും ഒന്നും പറയാതെ സ്ഥലം
വിട്ടതാണ്.

" നല്ല ആളാ നീയ്യ് " അമ്മ പറഞ്ഞു " ആ ഉമ്മച്ചി കുട്ടിടെ കല്യാണം നടത്താന്‍ പോണൂ എന്നും പറഞ്ഞ് പോയിട്ട് ഇന്നാണ് പിന്നെ കാണുണത് ".

" അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്‍റെ തമ്പ്രാട്ട്യേ " മാണിക്കന്‍ പറഞ്ഞു " നമ്മള് വിചാരിക്കുന്ന മാതിരി ഒക്കെ നടക്ക്വോ ".

അവന്‍ ആ കഥ പറഞ്ഞു. കല്യാണത്തിന്ന് ഒരു വിധം ഒരുക്കങ്ങള്‍ ആക്കിയതാണ്. അപ്പോഴാണ് പുതിയാപ്ലയുടെ ഒരു ബന്ധു വന്ന് അന്യന്‍റെ കുടീല്‍ കഴിയുന്ന പെണ്ണിനെ വേണ്ടെന്ന് പറഞ്ഞത്.

" അന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. രാത്രി മുഴുവന്‍ കരയുകയായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ അമ്മയോട് പറഞ്ഞ് പോന്നതാണ്. തിരിച്ചെത്തിയിട്ട് മൂന്ന് ദിവസമായിട്ടേയുള്ളു ".

" എന്നിട്ടെന്താ ഇതു വരെ നീ വരാതിരുന്നത് '' ഞാന്‍ ചോദിച്ചു.

'' വന്നതേ ഊരുപ്പെട്ട പണീം കൊണ്ടാണ്. അതൊക്കെ ഒരു രൂപം ആക്കി. ഇങ്ങോട്ട് പോരും ചെയ്തു ''.

ഇതിനിടെ പുളി തോട് കളയാനും കുരു കുത്തിയത് കുരു നീക്കാനും അവന്‍ തുടങ്ങി.

'' കുരു കളയണ്ടാട്ടോ തമ്പ്രാട്ട്യേ '' അവന്‍ പറഞ്ഞു '' അത് വാങ്ങാന്‍ ആളെ ഞാന്‍ കൂട്ടീട്ട് വരാം. കാപ്പിപ്പൊടീല്‍
ചേര്‍ക്കാന്‍ പുളുങ്കുരു ഒന്നാന്തരാണ് ''.

ഏറെ കഴിഞ്ഞില്ല.

'' ഞങ്ങള് ഇപ്പൊ വരാട്ടോ തമ്പ്രാട്ട്യേ '' എന്നും പറഞ്ഞ് അവന്‍ എഴുന്നേറ്റു.

'' വന്ന വെള്ളം നിന്ന വെള്ളത്തിനെ കൂടി കൊണ്ടുപോകും എന്ന് കേട്ടിട്ടേ ഉള്ളു. നീ അവന്‍ പണി ചെയ്യുന്നത്
കൂടി ഇല്ലാണ്ടാക്കും '' എന്ന് അമ്മ പറഞ്ഞുവെങ്കിലും '' അതിനെ പറ്റി ബേജാറാവണ്ടാ. അക്കാര്യം ഞാനേറ്റു '' എന്നും പറഞ്ഞ് അവന്‍ അമ്മയെ ആശ്വസിപ്പിച്ചു.

സ്കൂട്ടര്‍ റോഡിലെത്തുന്നത് വരെ അവനൊന്നും പറഞ്ഞില്ല. '' ഇത്തിരി നേരം നിര്‍ത്ത് '' എന്ന് മാണിക്കന്‍
പറഞ്ഞതോടെ ഞാന്‍ നിര്‍ത്തി

'' നമ്മടെ നാട്ടില്‍ നല്ലൊരു ഹോട്ടലുണ്ടോ '' അവന്‍ ചോദിച്ചു.

'' ഇല്ല '' ഞാന്‍ പറഞ്ഞു.

കൂട്ടുപാതയില്‍ മൂന്ന് ചായപീടികകളാണ് ഉള്ളത്. നാട്ടുകാര്‍ കളിയായി വാസുവിന്റെ കടയെ '' ദാരിദ്ര്യ
വിലാസ് '' എന്നും മണിയുടെ കടയെ '' അജീര്‍ണ്ണ ഭവന്‍ '' എന്നും അദ്രുമാന്‍റെ കടയെ '' ഹോട്ടല്‍ ഡി തല്ലി
പ്പൊളി '' എന്നും വിളിക്കും. അത്യാവശ്യം കൂലി പണിക്കാരല്ലാതെ ആരും അവിടെ പോകാറില്ല. അദ്രുമാന്‍റെ കടയിലെ ചായ ഗ്ലാസിന്ന് പോലും മീനിന്‍റെ നാറ്റമാണ്.

'' എന്നാലെ നമ്മുടെ നാട്ടില്‍ ഇന്ന് നല്ലൊരു ഹോട്ടല്‍ തുടങ്ങുന്നു '' അവന്‍ പറഞ്ഞു.

'' എവിടെ '' എനിക്ക് അത് അറിയാന്‍ മോഹമായി.

'' നമ്മടെ മാഷ് കൂട്ടുപാതേല് മൂന്ന് നില കെട്ടിടം പണിതിട്ടുണ്ടല്ലോ. അതില് ''.

ബാക്കി വിവരം കൂടി അവന്‍ പറഞ്ഞു. ദേശാടനത്തിന്ന് ഇടയില്‍ പരിചയപ്പെട്ട ഒരു മേനോനാണ് ഉടമസ്ഥന്‍. മുമ്പ് നല്ല നിലയില്‍ ഹോട്ടല്‍ നടത്തി പരിചയമുണ്ട്. അവന്‍ ഇങ്ങോട്ട് ക്ഷണിച്ച് വരുത്തിയതാണ്. നല്ല ദിവസം നോക്കി ഇന്ന് രാവിലെ ആരംഭിച്ചു.

'' ഇതൊന്നും ഞാന്‍ അറിഞ്ഞില്ലല്ലോ ''.

'' അതെങ്ങിനെ. എപ്പൊ നോക്ക്യാലും വീട്ടില്‍ തന്നെ ഇരുന്നാല്‍ വല്ലതും അറിയ്യോ. ഇടയ്ക്ക് വെളിയില്‍ ഇറങ്ങണം. ശരി, നീ വണ്ടി വിട് ''.

മാഷിന്‍റെ കെട്ടിടത്തിന്‍റെ മുമ്പില്‍ വണ്ടി നിര്‍ത്തി. കുരുത്തോലയും വര്‍ണ്ണ കടലാസുകളും കൊണ്ട് കെട്ടിടം
അലങ്കരിച്ചിട്ടുണ്ട്. നല്ല മേശകളും കസേലകളും. പണം വാങ്ങുന്ന ആള്‍ ഇരിക്കുന്നതിന്ന് തൊട്ടു പുറകില്‍
തിരുപ്പതി വെങ്കിടാചലപതിയുടെ പടം. ഒരു ചെറിയ വിളക്ക് അതിന്ന് മുമ്പില്‍ കത്തുന്നുണ്ട്.

'' ഇത് എന്‍റെ കൂട്ടുകാരനാണ് '' കാഷ്യറോട് അവന്‍ പറഞ്ഞു.

വലിയ തിരക്കൊന്നുമില്ലെങ്കിലും മറ്റു ചായപ്പീടികകളിലെ സ്ഥിരം കുറ്റികളില്‍ പലരും എത്തിയിട്ടുണ്ട്.

'' നീ ഇരിക്ക്, ഞാന്‍ ചെന്ന് സ്പെഷല്‍ ഒരു സാധനം കൊണ്ടുവരാം '' എന്നും പറഞ്ഞ് മാണിക്കന്‍ അകത്തേക്ക് ചെന്നു. ഒരു പ്ലേറ്റില്‍ പരിപ്പ് വടയുമായിട്ടാണ് അവന്‍ വന്നത്.

' ഇതാണോ സ്പെഷല്‍ ' എന്ന് ഞാന്‍ മനസ്സിലോര്‍ത്തത് അവന്ന് മനസ്സിലായി എന്ന് തോന്നുന്നു.

'' കഴിച്ച് നോക്ക്. ഇത്ര രുചിയുള്ള പരിപ്പ് വട നീ ജീവിതത്തില്‍ കഴിച്ചിട്ടുണ്ടാവില്ല ''.

സംഗതി വാസ്തവമായിരുന്നു. പുറം പാകത്തിന്ന് മൊരിഞ്ഞ് അകം ശരിയായി വെന്തിട്ടുള്ള നല്ല വട. ചിലര്‍
ഉണ്ടാക്കിയത് കടിച്ചാല്‍ പല്ല് തെറിച്ച് പോകുമെന്ന് തോന്നും.

'' പഴംപൊരി, ബജ്ജി, ബോണ്ടാ, ഉഴുന്ന് വട ഒക്കെയുണ്ട് '' മാണിക്കന്‍ പറഞ്ഞു '' കൊണ്ടു വരട്ടെ ''.

ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും അവന്‍ ചിലതൊക്കെ മുന്നില്‍ നിരത്തി. തിരിച്ച് പോവാന്‍ നേരം വീട്ടിലേക്ക് ഒരു പാര്‍സലും അവന്‍ കയ്യിലെടുത്തു.

ദിവസങ്ങള്‍ കടന്നു പോയി. പുതിയ ഹോട്ടല്‍ പേരെടുത്തതോടെ വാസുവും മണിയും അദ്രുമാനും വല്ലാത്ത
അങ്കലാപ്പിലായി. '' ചരക്ക് മാഷക്ക് നല്ല കൈപ്പുണ്യം ഉണ്ട്. അതാ ഇത്ര സ്വാദ് '' എന്ന് എല്ലാവരും പറയാന്‍
തുടങ്ങി.

ഒരു വൈകുന്നേരം വാസു കടയില്‍ നിന്ന് മാണിക്കനെ വിളിച്ചു.

'' എവിടുന്നാ മാണിക്കാ ഈ വെപ്പുകാരനെ കിട്ട്യേത് '' അയാള്‍ ചോദിച്ചു.

'' അതൊക്കെ പറയാന്‍ തുടങ്ങ്യാല്‍ ഒരുപാട് പറയാനുണ്ട് '' അവന്‍ പറഞ്ഞു '' നമ്മടെ നാട്ടുകാരുടെ ഭാഗ്യത്തിന്ന് അയാളെ മുമ്പ് പണി ചെയ്തിരുന്ന ഹോട്ടലിന്ന് പിരിച്ച് വിട്ടതും ഞാന്‍ കണ്ട് മുട്ട്യേതും ഒന്നിച്ചായി ''.

'' എന്തിനാടാ അയാളെ പിരിച്ച് വിട്ടത് ''.

'' മൂപ്പരുക്ക് കുഷ്ഠം പിടിച്ചു എന്ന് പറഞ്ഞിട്ട് പിരിച്ച് വിട്ടതാ. അത്രയ്ക്ക് അധികം ഒന്നൂല്യാ. ആള് മരുന്നൊക്കെ കഴിക്കുന്നുണ്ട് ''.

പിറ്റേന്ന് ഹോട്ടലില്‍ ആരും കയറിയില്ല. ഉണ്ടാക്കിയ പലഹാരങ്ങള്‍ ചില്ലലമാറിയില്‍ ഇരുന്ന് കരഞ്ഞു. വാസുവിന്നും മണിക്കും അദ്രുമാനും പഴയ കസ്റ്റമേള്‍സിനെ തിരിച്ച് കിട്ടി. മൂന്ന് ദിവസത്തെ മുല്ല വാഴ്ചയ്ക്ക് ശേഷം പുതിയ ഹോട്ടല്‍ അടച്ചു.
Newer Posts Older Posts Home

Saturday, February 12, 2011

38. കടമകള്‍ തീര്‍ക്കാനായി.

Sunday, July 26, 2009


'' പന്ത്രണ്ട് സെന്‍റ് സ്ഥലം ഉണ്ട് അവളുടെ പേരില്, ഏഴെട്ട് പവന്‍റെ ഉരുപ്പടിയും '' ഒരു ദിവസം മാണിക്കന്‍ പറഞ്ഞു '' പക്ഷെ ഉള്ളതില്‍ മുക്കാലും പണയത്തിലാണ് ''. പാലത്തിന്ന് തൊട്ടുള്ള തിണ്ടില്‍ ഞങ്ങള്‍ സന്ധ്യക്ക് കാറ്റേറ്റ് ഇരിക്കുകയാണ്. ആരെ കുറിച്ചാണ് അവന്‍ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അവന്ന് ഏതോ കല്യാണാലോചന വന്നിട്ടുണ്ടായിരിക്കുമെന്ന് ഞാന്‍ കരുതി.

'' എവിടുന്നാ പെണ്‍കുട്ടി '' എന്ന് ഞാന്‍ ആരാഞ്ഞു. അവന്‍ എന്നെ നോക്കി.

'' നിനക്ക് അത് അറിയില്ല അല്ലേ '' എന്നൊരു ചോദ്യം.

'' നിനക്ക് എവിടുന്നാണ് കല്യാണാലോചന വന്നത് എന്ന് പറയാതെ ഞാന്‍ എങ്ങിനെയാ അറിയുക '' എന്ന് ഞാന്‍ ചോദിച്ചു.

'' അയ്യടാ '' മാണിക്കനൊന്ന് ചിരിച്ചു '' ഇവിടെ ആര്‍ക്കാ കല്യാണാലോചന വന്നിരിക്കുന്നത്, ഞാന്‍ പറഞ്ഞത് നമ്മടെ അഹമ്മദ് കുട്ടിക്കാന്‍റെ മകളുടെ കാര്യമാ ''. അവളുടെ സ്വത്ത് വിവരം ഇപ്പോള്‍ എന്തിനാണ് ഇവന്‍ വര്‍ണ്ണിക്കുന്നത് എന്ന് എനിക്ക് തീരെ മനസ്സിലായില്ല. ഞാനത് അവനോട് തുറന്ന് ചോദിച്ചു.

'' ഒരു നറുക്ക് ചേര്‍ന്നത് ചിറ്റെത്തി '' അവന്‍ പറഞ്ഞു '' കറണ്ട് കിട്ടുമ്പൊ തള്ളക്ക് ഒരു ടി.വി. വാങ്ങിക്കണമെന്ന് മോഹിച്ചു, പിന്നെ ''. മാണിക്കന്‍ മോഹങ്ങളുടെ കെട്ടഴിച്ചു. അടുത്ത ആഴ്ച നറുക്കിന്‍റെ പണം കിട്ടും . വിറ്റ ടി. വി. എസ്സിന്ന് പകരം ഒരു ബൈക്ക് വാങ്ങണം. ഒരു കട്ടില്‍ വാങ്ങണം. അഞ്ചാറ് കസേലകള്‍ വാങ്ങണം. ആരെങ്കിലും വന്നാല്‍ ഇരിക്കാന്‍ കൊടുക്കാന്‍ ഒന്നും ഇല്ല. മാഷടെ വീട്ടില്‍ നിന്നാണ് ബന്ധുക്കള്‍ വന്ന ദിവസം കസേലകള്‍ കൊണ്ടു വന്നത്. എപ്പോഴും അന്യന്‍റെ അടുത്ത് എരക്കാന്‍ പറ്റുമോ. ഇങ്ങിനെ ചില മോഹങ്ങളുണ്ട്''.

'' അതിനെന്താ പണം കിട്ടിയതും ടൌണില്‍ ചെല്ലണം. വേണമെന്ന് തോന്നുന്നതൊക്കെ വാങ്ങണം. അത്ര തന്നെ ' ഞാന്‍ പറഞ്ഞു. ' മാണിക്കന്‍ ഒന്ന് ചിരിച്ചു. ' അതൊന്നും നടക്കില്ല, അതിന്ന് മുമ്പ്കുറെ ബാദ്ധ്യതകള്‍ തീര്‍ക്കാനുണ്ട്
'അവന്‍റെ ശബ്ദത്തില്‍ വല്ലാത്തൊരു കടുപ്പം ഉണ്ടെന്ന്എനിക്ക് തോന്നി. പാവം. വീട് പണി കഴിഞ്ഞതല്ലേ, വല്ല കടവും കാണും . എത്ര കടം ഉണ്ട്, ആര്‍ക്കൊക്കെ കൊടുക്കാനുണ്ട് എന്നൊക്കെ ഞാന്‍ തിരക്കി. '' ദൈവം സഹായിച്ച് വീട് പണി ചെയ്ത വകയില്‍ കാല്‍ പൈസ കടം ഇല്ല. ആരോടും കടം വാങ്ങിയിട്ടില്ല എന്നതാണ് സത്യം. പലരും അറിഞ്ഞ് തന്നു. അത് വെച്ച് ആവത് പോലെ പണി ചെയ്തു.

പിന്നെ എന്താണ് ബാദ്ധ്യത എന്ന് ഞാന്‍ അന്വേഷിച്ചു. '' ഞാന്‍ പറഞ്ഞില്ലേ. പെണ്ണിന്‍റെ പണ്ടങ്ങള്‍ ഒക്കെ പണയത്തിലാണ്. അത് എടുത്ത് കൊടുക്കാന്‍ അവള്‍ക്ക് ആരാണ് ഉള്ളത്. അഹമ്മദ് കുട്ടിക്ക കഷ്ടപ്പെട്ട് മരം വെട്ടി ഉണ്ടാക്കിയതാണ്. താത്തമ്മ അത്കളയാതെ നോക്കി. നമ്മളുടെ നോക്ക് പോരാത്തത് കാരണം അത് പോയീന്ന് വരാന്‍ പാടില്ല. പണയം വെച്ചത് എടുത്തിട്ട് മതി ബാക്കി ചിലവുകള് "‍.

പറഞ്ഞത് പോലെ തന്നെ മാണിക്കന്‍ ചെയ്തു. ചിട്ടിപ്പണം കിട്ടിയതും ബാങ്കില്‍ ചെന്ന് പണയം വെച്ചത് എടുക്കാന്‍ നോക്കി. താത്തമ്മയാണ്പണ്ടങ്ങള്‍ പണയം വെച്ചത്. അവര് മരിച്ചും പോയി. എന്തൊക്കേയോ കടലാസുകള്‍ ശരിയാക്കിയാലെ ഉരുപ്പടികള്‍ കിട്ടു. ചെറിയ സംഖ്യകള്‍ക്കാണ് ഒക്കെയും പണയം വെച്ചത്. മുതലും പലിശയും കണക്കാക്കി കുറച്ച് ബാക്കി നിര്‍ത്തി കടം വീട്ടി. അമ്മക്ക് ഒരു കട്ടിലും നാല് കസേലയും വാങ്ങി. പണം തീരും മുമ്പ് നാളെ തന്നെ ടി.വി. വാങ്ങണം. കറണ്ട് കിട്ടുമ്പൊ കണ്ടാല്‍ മതി. ടി.വി. വാങ്ങാനും ബാങ്കിലേക്കുള്ള കടലാസ് ശരിയാക്കാനും ഞാന്‍ കൂടി ചെല്ലണമെന്ന് അവന്‍ എന്നോട് ആവശ്യപ്പെട്ടു. പിറ്റേന്ന് പതിനാലിഞ്ച്
ടി. വി യും സ്റ്റാന്‍ഡും വാങ്ങി.

അവന്‍റെ അമ്മക്ക് മുണ്ടും തുണികളും അവന്ന് ലുങ്കിയും ബനിയന്‍ ഷര്‍ട്ടുകളും വാങ്ങി. പെണ്‍കുട്ടിക്ക് സാരിയും ജാക്കറ്റ് തുണിയും നൈറ്റികളും ഒക്കെ ആയി ഒരു കെട്ട് വേറെ. എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കി വന്ന തുക ബൈക്ക് വാങ്ങാന്‍ തികയില്ല. വരട്ടെ അതൊക്കെ പിന്നീടാവാം, കടം വരുത്താനൊന്നും വയ്യ എന്നും പറഞ്ഞ് തല്‍ക്കാലം
ആ പ്ലാന്‍ മാറ്റിവെച്ചു. അതില്‍ അവനേക്കാള്‍ നിരാശ എനിക്കായിരുന്നു. വല്ലപ്പോഴെങ്കിലും ഒരു രസത്തിന്നായി
അവന്‍റെ ബൈക്ക് ഓടിക്കാന്‍ എടുക്കണമെന്ന് കരുതിയിരുന്നതാണ്.

മാസം ഒന്ന് കഴിഞ്ഞു. ഇതിനകം മാണിക്കന്‍റെ വീട്ടില്‍ വൈദ്യുതി എത്തി. മാണിക്കന്‍റെ അയല്‍പക്കത്തെ പിള്ളേര്‍ വീട്ടില്‍ നിന്ന് ഒഴിഞ്ഞ നേരമില്ല. അമ്മയ്ക്കും പെണ്‍കുട്ടിക്കും സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

'' ആ പെണ്ണ് ഉള്ളത് നന്നായി '' മാണിക്കന്‍ പറഞ്ഞു '' തള്ള ടി.വി. ഇടാനൊന്നും പഠിച്ചില്ല. അവള്‍ ഉള്ളത് കൊണ്ട് കാണാന്‍ പറ്റുന്നു. വൈകാതെ അതിനെ ആരുടെങ്കിലും കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം''. ഒരു ജ്യേഷ്ഠന്‍റെ സ്വരമാണ് അവനില്‍ നിന്ന് കേട്ടത്. അന്യന്‍റെ പെണ്‍കുട്ടി. മുജ്ജന്മ യോഗം കാരണം അവളുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഇനി കാര്യങ്ങള്‍ അതാതിന്‍റെ വഴി പോലെ നടത്തണം .

അഹമ്മദ് കുട്ടിക്ക ഇസ്ലാമാണ്. താത്തമ്മ എന്താണെന്ന് അറിയില്ല. അവര്‍ ഒരു പള്ളിയിലും അമ്പലത്തിലും പോയി കണ്ടിട്ടില്ല. മകളും അങ്ങിനെ തന്നെ. സ്കൂളില്‍ പോവുന്ന നേരത്ത് ചിലപ്പോള്‍ അവള്‍ തട്ടം ഇടും. അഹമ്മദ് കുട്ടിക്ക ഈ കാര്യങ്ങളില്‍ ഒരിക്കലും വീട്ടിലുള്ളവരെ നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും മകളെ തന്‍റെ രീതിയില്‍ കാണണമെന്ന് ആഗ്രഹം ഉള്ളതായി മൂപ്പര് ഇടക്കൊക്കെ പറയാറുണ്ട്. താന്‍ അവരുടെ സമുദായത്തില്‍ നിന്ന് പെണ്ണിന് ഒരു ചെറുക്കനെ അന്വേഷിക്കുന്നുണ്ടെന്നും അവന്‍ പറഞ്ഞു.

ദിവസങ്ങള്‍ കടന്നു പോയി. നിറഞ്ഞ ചിരിയുമായി ഒരു ദിവസം മാണിക്കന്‍ വീട്ടിലെത്തി. അമ്മ മുറ്റത്തെ മുത്തങ്ങ പുല്ലുകള്‍ വലിക്കുകയാണ്. ചെറിയൊരു ഇരുമ്പ് കമ്പിയുമായി മുത്തങ്ങ കിഴങ്ങുകള്‍ കുത്തിയെടുക്കാനായി ഞാന്‍ അമ്മയോടൊപ്പമുണ്ട്.

'' തമ്പ്രാട്ട്യേ'' അവന്‍ പറഞ്ഞു'' പെണ്‍കുട്ടിക്ക് ഒരു കുടിയപ്പാട് ശരിയായി ''.

കുറെയേറെ ആലോചിച്ച് നടന്നിട്ടാണ് ഒരെണ്ണം ഒത്ത് വന്നത്. ഒന്നുകില്‍ സ്വത്തും മുതലും പോരാ, അല്ലെങ്കില്‍ ഉമ്മയും ബാപ്പയും ഇല്ല, ഇനി ചിലര്‍ക്ക് പെണ്ണിന് പഠിപ്പ് പോരാ. ഭാഗ്യത്തിന് അവള്‍ സുന്ദരിക്കുട്ടി ആയതിനാല്‍ ആരും ചന്തം പോരാ എന്ന് പറഞ്ഞിട്ടില്ല.

അളിയന്‍ ചെക്കന്‍ കറുത്തിട്ടാണ്. പഠിപ്പും പോരാ. ഇതൊക്കെ നോക്കി നടന്നാല്‍ ആണിനെ കിട്ടേണ്ടേ. അത് ശരിയാണെന്ന് അമ്മ സമ്മതിച്ചു. നിറത്തിലും രൂപത്തിലും ഒന്നുമല്ല കാര്യം. സ്വഭാവമാണ് നന്നാവേണ്ടത്. എല്ലാം ഉണ്ടായി സ്വഭാവം മോശമായാല്‍ തീര്‍ന്നില്ലേ. ചെക്കന് ഓട്ടോറിക്ഷ ഓടിക്കലാണ് പണി. നിക്കാഹ് നടത്താന്‍ പള്ളിക്കാരുമായി സൈതാലിക്ക വരും. അവളുടെ ബാപ്പയുടെ മനസ്സ് പോലെ ചടങ്ങ് നടത്തണം .

ചിലവുകളെ പറ്റി അമ്മ അന്വേഷിച്ചു. പത്ത് പവനും അമ്പതിനായിരം ഉറുപ്പികയും ചെക്കന് കൊടുക്കണം. തുണിത്തരവും കല്യാണ ചിലവും പുറമെ.

'' നീയെന്താ കണ്ടിരിക്കുന്നത് '' അമ്മ ചോദിച്ചു '' ആ പെണ്ണിന്‍റെ വീടും പറമ്പും വില്‍ക്കാനാണോ ഉദ്ദേശം ''.

'' അയ്യേ '' മാണിക്കന്‍ പറഞ്ഞു '' അതിന്‍റെ സ്വത്തും മുതലും വിറ്റ് തുലച്ച് ഞാന്‍ കല്യാണം നടത്തില്ല. അങ്ങിനെ ചെയ്യുന്ന ആള്‍ക്കാരുണ്ടാവും. ചെലപ്പൊ അതിന്ന് വല്ലതും പറ്റിക്കാനും നോക്കും. അതൊന്നും നമുക്ക് പറ്റില്ലാപ്പാ. ആ ഭൂമി അവളുടെ ബാപ്പയുടെ ഓര്‍മ്മക്ക് ഇരിക്കട്ടെ ''.

പണത്തിന്ന് എന്താ വഴി കണ്ടിരിക്കുന്നത് എന്ന് ചോദിച്ചതിന്ന് അവന്‍റെ വീടും സ്ഥലവും ഒന്നുകില്‍ പണയപ്പെടുതും പറ്റിയില്ലെങ്കിലോ വില്‍ക്കും എന്ന് അവന്‍ അറിയിച്ചു.

'' ഇപ്പോഴല്ലേ വീട് ഉണ്ടായത്. മുമ്പ് കെട്ടി മറക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഷീറ്റ് കളഞ്ഞിട്ടില്ല. ഇതുവരെ കഴിഞ്ഞ പോലെ ഞാനും അമ്മയും കഴിയും. എല്ലാം വിറ്റു തുലച്ചാലും വേണ്ടില്ല, അവളെ നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം '' അവന്‍ പറഞ്ഞു നിര്‍ത്തി. അല്‍പ്പം അമ്പരപ്പോടെ അതിലേറെ ആദരവോടെ ഞാനും അമ്മയും അവനെ നോക്കി.

0 comments:

37. ബൂമറാങ്ങ്.

Monday, July 20, 2009


വൈകുന്നേരം അച്ഛന്‍റെ ചാരുകസേലയില്‍ കിടന്ന് വിശദമായ പത്രവായന നടത്തുമ്പോഴാണ് ചെറുക്കന്‍റെ എഴുന്നള്ളത്ത്. കക്ഷി അയല്‍പക്കത്തെയാണ്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി. സര്‍വ്വ കുരുത്തക്കേടുകളുടേയും
ആശാന്‍. അച്ഛന്‍റെ വകയില്‍ പെട്ട ഒരു മരുമകന്‍. ആ പരിഗണന വെച്ച് വല്ലപ്പോഴും സംശയങ്ങള്‍ ചോദിക്കാന്‍
വരുമ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്.

പടി കടന്ന് വന്നതേ " മാഷേട്ടാ " എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു. ഒന്നുകില്‍ ഏട്ടാ അല്ലെങ്കില്‍ മാഷെ
എന്ന് വിളിക്കെടാ എന്ന് എത്ര തവണ പറഞ്ഞാലും ചെക്കന്‍ അത് ചെവിക്കൊള്ളില്ല. തോന്നിയ നീരസം മറച്ചു വെക്കാതെ " കെടന്ന് നിലവിളിക്കാതെടാ " എന്ന് ഞാന്‍ ശാസിച്ചു. ഉമ്മറത്തെ തൂണില്‍ ചാരി പയ്യന്‍ നിന്നു.

" എന്താ വേണ്ടത് " എന്ന് ഞാന്‍ ചോദിച്ചു.

ഈ ബൂമരാങ്ങ് എന്ന് പറയുന്ന സാധനം എങ്ങിനേയാ ഉണ്ടാക്കുക എന്നായി അവന്‍. എനിക്ക് അറിയില്ല എന്നും പറഞ്ഞ് ഞാന്‍ കയ്യൊഴിഞ്ഞു.

" അമ്മായി " എന്ന് ഉറക്കെ വിളിച്ച് അവന്‍ അമ്മയെ അന്വേഷിച്ച് അകത്തേക്ക് പോയി.

അടുത്തതായി അമ്മയേയും കൂട്ടിയാണ് അവന്‍റെ രംഗപ്രവേശം.

" എന്‍റെ കുട്ടനല്ലേ, അവന് സ്കൂളില്‍ കാണിക്കാനാണത്രേ, ഒന്ന് ആ കുന്ത്രാണ്ടം ഉണ്ടാക്കി കൊടുക്ക് " അമ്മ ശുപാര്‍ശ ചെയ്തു.

അമ്മ സൂക്ഷിച്ച് വെക്കുന്ന കത്തിരിയും ഒരു കാര്‍ഡ് ബോര്‍ഡും ഞാന്‍ എടുത്തു. മുമ്പ് ഒരു പടത്തില്‍ കണ്ട ഓര്‍മ്മയില്‍ ഞാനൊരു ബൂമറാങ്ങ് നിര്‍മ്മിച്ചു. ചെക്കന് സന്തോഷമായി.

" ഇത് എറിഞ്ഞാലുണ്ടല്ലോ, ലക്ഷ്യ സ്ഥാനത്ത് ചെന്നു കൊണ്ട് എറിഞ്ഞ ആളുടെ അടുത്ത് തിരിച്ചെത്തും '
എന്നു പറഞ്ഞ് പരീക്ഷണാര്‍ത്ഥം ഒരു ഏറ് കൊടുത്തു. സാധനം മതിലിന്ന് മുകളിലൂടെ പറന്ന് പാടത്ത് ചെന്ന് വീണു.

" അസ്സല് ബൂമറാങ്ങ് " എന്നും പറഞ്ഞ് ചെക്കന്‍ കൂവി ആര്‍ത്തു.

ആ സമയം നോക്കി മാണിക്കന്‍ എത്തി. ഞാന്‍ ജാള്യതയോടെ നില്‍ക്കുകയാണ്. അമ്മ സംഭവം വിവരിച്ചു.
" കടലാസ്സ് ആയതുകൊണ്ടാണ് പറന്നത്, മരം ആണെങ്കില്‍ പറക്കില്ല " എന്നും പറഞ്ഞ് പുതിയതൊരെണ്ണം
ഉണ്ടാക്കാന്‍ അവന്‍ മുതിര്‍ന്നു. നെല്ല് പുഴുങ്ങാന്‍ അമ്മ ഇരിക്കാറുള്ള പഴയ മരപ്പലകയും. കടം വാങ്ങിയ പണം തിരിച്ച് തരാതെ പോയ ആശാരി ഉപേക്ഷിച്ച് പോയ ഉളിയും ഞാന്‍ മാണിക്കന്ന് എടുത്ത് കൊടുത്തു.
സ്വല്‍പ്പ നേരത്തിനകം ബൂമറാങ്ങ് റെഡി.

മാണിക്കന്‍ അത് മാവിന്‍ ചില്ലയിലേക്ക് എറിഞ്ഞു. കണ്ണാടി ജനലിന്ന് കൃത്യം അര അടി അകലെ ചുമരില്‍
തട്ടി ബൂമറാങ്ങ് നിലത്തെത്തി.

"നീ സ്കൂള്‍ ഗ്രൌണ്ടിലേ എറിയാവൂ. വേറെ എവിടേയും എറിഞ്ഞ് ഗുലുമാല്‍ ഉണ്ടാക്കരുത് " എന്നും
പറഞ്ഞ് അവന്‍ സാധനം ചെക്കന് കൈമാറി. പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ ഭക്ഷണം കഴിച്ച് തുടങ്ങുന്നതേ ഉള്ളു. മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിന്നു. അതില്‍ നിന്ന് മാണിക്കനും ചെക്കനും വേറെ രണ്ടുപേരും ഇറങ്ങി. കയ്യും കഴുകി ഞാന്‍ ഇറങ്ങി ചെന്നു.

മാണിക്കന്‍ എന്നെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി. "എടാ ഈ ചെക്കന്‍ ഒരു കുഴപ്പം പറ്റിച്ചു ". അവന്‍
കാര്യം വിശദീകരിച്ചു.

ഉച്ചയൂണ് കഴിഞ്ഞ് സ്കൂളിലേക്ക് പോയ പയ്യന്‍ ഇലക്ട്രിക് കമ്പിയിലിരുന്ന പക്ഷിയുടെ നേര്‍ക്ക് ബൂമറാങ്ങ് പ്രയോഗിച്ചു. ആയത് കൃത്യം പാതയിലൂടെ പാതയിലൂടെ പോയിരുന്ന ബസ്സിന്‍റെ ചില്ലില്‍ കൊണ്ടു. അത് പൊട്ടിയതിന്നുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ബസ്സുകാര്‍ ചെക്കനെ പിടിച്ച് നിര്‍ത്തി.

" നമ്മള്‍ രണ്ടാളും കൂടിയാണ് ഇത് ഉണ്ടാക്കി കൊടുത്തത് എന്ന് ചെക്കന്‍ പറഞ്ഞിരിക്കുന്നു. ഓട്ടോറിക്ഷയില്‍
വന്നത് ബസ്സുകാരാണ്.

ഇനി എന്താ വേണ്ടത് എന്ന് മാണിക്കന്‍ ചോദിച്ചതും ഫിഫ്റ്റി ഫിഫ്റ്റി എന്ന് ഞാന്‍ അറിയിച്ചു. മാണിക്കന്‍
പേഴ്സില്‍ നിന്ന് പണം എടുക്കുമ്പോഴേക്കും ഞാന്‍ അകത്തു നിന്ന് പണവുമായെത്തി. ബസ്സുകാര്‍ പണം എണ്ണി വാങ്ങി രണ്ടുപേര്‍ക്കും ഷേക്ക് ഹാന്‍ഡ് തന്നു.

" സാറെ, നിങ്ങള് രണ്ടാളേയും ആലോചിച്ചിട്ടാ, അല്ലെങ്കില്‍ ഈ കുറുമ്പന് നല്ല രണ്ട് പെട കൊടുത്തിട്ടേ ഞങ്ങള്‍ പോകൂ " എന്നും പറഞ്ഞ് അവര്‍ പടിയിറങ്ങി.

"ഇങ്ങിനെ ആണെങ്കില്‍ ബസ്സിന്‍റെ പിന്നാലത്തെ ചില്ലും പൊട്ടിക്കാമായിരുന്നു "എന്നും പറഞ്ഞ് ഗുരുത്വദോഷി സ്ഥലം വിട്ടു.

3 comments:

ramaniga said...

sarikkum ബൂമരാങ്ങ് thanne
undakkiya sthalathu yhanne thirike ethiyallo !
post nannayi

raj said...

ചെക്കന്‍ ഒരു നാടന്‍ ബോംബ്‌ ഉണ്ടാക്കിത്തരാന്‍ പറഞ്ഞിരുന്നെങ്കിലോ? നല്ല പോസ്റ്റ്‌. രസിച്ചു വായിച്ചു.

keraladasanunni said...

ramaniga,
raj
തല്ലുകൊള്ളിത്തരം ശീലമാക്കിയ ചില പിള്ളേരുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വക.
വളരെ നന്ദി.
palakkattettan

36. കീഴ് ശാന്തി.

Friday, July 10, 2009


അച്ഛന്‍റെ പക്കപിറന്നാളാണ് അന്ന്. അമ്പലത്തില്‍ പുഷ്പാഞ്ഞ്ജലിക്ക് കൊടുക്കുക പതിവുണ്ട്. പണം
ഏല്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ എന്‍റെ കൂടെ മാണിക്കനും വന്നു.

" എന്തേ കണ്ടില്ല, മറന്ന്വോ ആവോ എന്ന് ഞാന്‍ നിരീച്ചു " പണം വാങ്ങി വയസ്സന്‍ തിരുമേനി പറഞ്ഞു
" മാണിക്കനേം കാണണംന്ന് ഉണ്ടാര്‍ന്നു ".

തിരുമേനിക്ക് മാണിക്കനെ വലിയ ഇഷ്ടമാണ്. ഇടക്കിടക്ക് അവന്‍ ഉണക്ക വിറക് അമ്പലത്തിലെത്തിക്കും.
അതിന്ന് പണമൊന്നും വാങ്ങാറില്ല.

" സ്വത്തും മുതലും കയ്യില്‍ ഉള്ളവര് ഭഗവാന് സ്വര്‍ണ്ണവും വെള്ളിയും കൊടുക്കും. അതില്‍ താഴെ പണം
ഉള്ളവര് പട്ടോ, എണ്ണയൊ, ചന്ദനത്തിരിയോ ഉള്ളത് പോലെ കൊടുക്കും. നമ്മള് ഇസ്പേഡ് ഏഴാംകൂലി.
നമ്മള് ഏതെങ്കിലും മരത്തില്‍ കയറി അഞ്ചാറ് വിറക് ഉണ്ടാക്കി കൊടുക്കും. അത് ഇല്ലാതെ പായസം
വെക്കാന്‍ പറ്റില്ലല്ലോ. പത്ത് കൊടുത്തവനേയും പത്തായിരം കൊടുത്തവനേയും മൂപ്പര്‍ക്ക് ഒരേ ഇഷ്ടാ
എന്നാ കേട്ടിട്ടുള്ളത് " മാണിക്കന്‍റെ വാദം അതാണ്.

അദ്ദേഹത്തിന്ന് അവനോട് എന്തോ പറയാനുണ്ടാവുമെന്ന് കരുതി ഞാന്‍ മാറി നിന്നു.

" ഹേയ്, അവിടെ നിന്നോളൂന്നേ " തിരുമേനി പറഞ്ഞു " പത്ത് പതിനഞ്ച് ദിവസത്തേക്ക് നാട്ടിലേക്കൊന്ന് പോവ്വാണേയ്. അവിടെ ഏട്ടന്‍ നമ്പൂരി കിടപ്പിലാണേ. ഇത്തിരി കലശലാന്ന് കൂട്ടിക്കോളൂ ".

ഏട്ടന്ന് കാന്‍സറാണെന്നും ഇനി അധികം നാളില്ലെന്നും വല്ലതും പറ്റിയാല്‍ അത് കഴിഞ്ഞേ വരൂ എന്നും അദ്ദേഹം അറിയിച്ചു. മുട്ടുശ്ശാന്തിക്ക് പരിചയത്തില്‍ ഒരു കുട്ടിയെയാണ് കിട്ടിയതെന്നും അതിന്ന് ഒന്നും
അറിയില്ല എന്നും നിത്യവും വല്ല സഹായവും വേണോ എന്ന് അന്വേഷിക്കണമെന്നും ഞങ്ങളെ ശട്ടം കെട്ടി. നമ്പൂരിക്കുട്ടിയെ പുറത്തേക്ക് വിളിച്ച് അന്യോന്യം പരിചയപ്പെടുത്തുകയും ചെയ്തു,

പിറ്റേന്ന് മുതല്‍ ഞങ്ങള്‍ രണ്ടാളും രാവിലേയും വൈകുന്നേരവും അമ്പലത്തില്‍ ചെല്ലും. കുട്ടിക്ക് വല്ലതും
ആവശ്യമുണ്ടോ എന്ന് ആരായും. ആദ്യത്തെ ദിവസം തന്നെ ചന്ദനം അരച്ചാല്‍ ശരിയാവുന്നില്ലെന്ന് പയ്യന്‍
പരാതി പറഞ്ഞു.

" അതേയ് ചാണേമ്പില് എത്ര ഒരച്ചാലും ഇത്തിരി വെള്ളം കിട്ടും , അത്രേന്നെ ". ഈ കുട്ടി ചന്ദനം അരച്ച് കൊടുത്തിട്ട് തൊഴാന്‍ വരുന്നോര്‍ക്ക് കിട്ടിയതു തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു.

"ഇനി ഞാന്‍ എന്താ ചെയ്യണ്ടേ " എന്ന് കൊച്ചന്‍ ചോദിച്ചു. എനിക്ക് ഒരു ഉപായം തോന്നി. കുറെ ചന്ദന ഗുളികകള്‍ വാങ്ങുക. അത് വെള്ളത്തിലിട്ട് കുതിര്‍ത്താല്‍ ചന്ദനമായി.

"നല്ല കേമമായി " മാണിക്കന്‍ പറഞ്ഞു " ഒന്നാമത് അത് ചന്ദനമൊന്നുമല്ല. ഈര്‍ച്ചപൊടിയും മഞ്ഞളും
കൂടി അരച്ച് ചേര്‍ത്ത് സെന്‍റ് ചേര്‍ത്തിട്ട് ഉണ്ടാക്കുന്നതാണ് അത്. ചന്ദനത്തിന്‍റെ നിറം അല്ല അതിന്ന് ഉള്ളത് ".

കാര്യം ശരിയാണ്. ഇനി എന്താണ് വേണ്ടത് എന്ന് ഞങ്ങള്‍ ആലോചിച്ചു.

" നല്ല പുറ്റുമണ്ണും ചുണ്ണാമ്പും പാകത്തിന്ന് കൂട്ടി കുഴച്ച് കുറച്ച് ചന്ദനതൈലം ചേര്‍ത്താല്‍ ഒരാളും അത്
ചന്ദനമല്ല എന്ന് പറയില്ല. നമുക്ക് അങ്ങിനെ ചെയ്താലോ " എന്നായി മാണിക്കന്‍ . എനിക്ക് ആ പ്ലാന്‍ തീരെ പിടിച്ചില്ല. എന്നിട്ട് വല്ലവരുടേയും നെറ്റി പൊള്ളി എന്ന് കേള്‍പ്പിക്കണം.

" ഉണ്ണി വിഷമിക്കേണ്ടാ, ചന്ദനം അരച്ചത് ഞാന്‍ എത്തിക്കാം " എന്ന് മാണിക്കന്‍ ഏറ്റു.

എവിടെ നിന്നോ സംഘടിപ്പിച്ച കുറെ ചന്ദനമുട്ടികള്‍ അവന്‍റെ കൈവശമുണ്ട്. മാര്‍ബിള്‍ പണിക്കരില്‍
നിന്നും കിട്ടിയ ഗ്രൈന്‍ഡിങ്ങ് മിഷ്യന്‍റെ പൊട്ടിയ കല്ലുകള്‍ കൊണ്ട് ഉരച്ച് ചന്ദനം ഉണ്ടാക്കി എടുക്കാം . ഏതായാലും ചന്ദനത്തിന്ന് ക്ഷാമം വന്നില്ല.

ദിവസങ്ങള്‍ കടന്നു പോയി. അമ്പലത്തിലേക്ക് അഭിഷേകത്തിന്ന് പാല് കൊടുക്കുന്ന ആള്‍ പശു വിറ്റു.
കറവ വറ്റാറായി എന്നാണ് പറഞ്ഞതത്രേ. "ഒരാഴ്ച്ച പാലിന്ന് എന്താ ചെയ്യാ " എന്നായി പൂജാരി കുട്ടന്‍. അത്രയും ദിവസം വീട്ടില്‍ നിന്ന് കൊടുക്കാമെന്ന് ഞാനേറ്റു.

വൈകുന്നേരം അമ്പലത്തില്‍ ചെല്ലുമ്പോള്‍ ആകെ ബഹളം. വേലുണ്ണി മേനോന്‍ പൂജക്കാരന്‍ കുട്ടിയെ ശകാരിക്കുകയാണ്. മൂത്രം ഒഴിച്ചിട്ട് ശുദ്ധമാക്കാതെ പയ്യന്‍ ശ്രീകോവിലിലേക്ക് ഓടി ചെന്നുവത്രെ. കുട്ടി കരഞ്ഞുകൊണ്ട് നില്‍പ്പാണ്. ഈ സമയത്താണ് മാണിക്കന്‍റെ വരവ്.

കാര്യം മുഴുവന്‍ കേട്ടതും "അപ്ലേയ്, പത്ത് കാശ് വരുമ്പടി ഉള്ള അമ്പലത്തില്‍ ചെന്ന് കമ്മിറ്റി ഉണ്ടാക്കി
പിരിച്ച് കിട്ടുന്നതില്‍ കുറെ കീശയില്‍ ആക്കാന്‍ നോക്കിന്‍ , അതൊക്കെയല്ലേ നിങ്ങള്‍ക്ക് അറിയൂ " എന്ന് അവനൊരു കാച്ച് കാച്ചി. വേലുണ്ണി മേനോന്‍ വാക്കുകള്‍ നഷ്ടപ്പെട്ട് തലയും താഴ്ത്തി പോയി. ഇനി വല്ലതും
പറയാന്‍ നിന്നാല്‍ ഉള്ള മാനവും കൂടി പോകും എന്ന് അയാള്‍ക്ക് അറിയാം .

ഇടക്ക് പാല്‍പായസം വഴിപാട് വരും. ഉണ്ണിക്ക് അത് ഉണ്ടാക്കാന്‍ അറിയില്ല.

" പേടിക്കേണ്ടാന്നേയ്, അതൊക്കെ ഞാന്‍ പറഞ്ഞു തരാം " മാണിക്കന്‍ ഏറ്റു. മാണിക്കന്‍റെ ഉപദേശത്തിന്‍റെ ഗുണമോ, കുട്ടിയുടെ കൈപ്പുണ്യമോ എന്നറിയില്ല, ഉണ്ണി നമ്പൂരി വെച്ച പാല്‍പായസത്തിന്ന് നല്ല പേര് കിട്ടി. കുട്ടിക്ക് കക്കാന്‍ അറിയില്ല, കൊടുത്ത പാലും പഞ്ചസാരയും ഒക്കെ പായസത്തില്‍ ചേര്‍ക്കും. കിഴവന്‍ അത് കൊണ്ടുപോയി ചായ ഉണ്ടാക്കി കുടിക്കും എന്നൊക്കെ ആളുകള്‍ പറഞ്ഞു തുടങ്ങി.

മുപ്പട്ട് വ്യാഴാഴ്ച വൈകുന്നേരം. അമ്പലത്തില്‍ എത്തിയ ഞങ്ങളോട് പിറ്റേന്ന് മൂന്ന് നാല് ശര്‍ക്കര പായസം
ഉണ്ട്, അത് എങ്ങിനെ വെക്കണം എന്ന് അറിയില്ല എന്നൊക്കെ കുട്ടി പറഞ്ഞു.

" എല്ലാറ്റിനും വഴി കാണാം " എന്ന് മാണിക്കന്‍ ഏറ്റു.

" രണ്ട് ചക്ക പഴുത്തത് ഇരിപ്പുണ്ട്. നാളെ കാലത്ത് അത് ചേച്ചിക്ക് കൊണ്ടു പോയി കൊടുത്തിട്ട് ജോലിക്ക് പോയാല്‍ മതി " എന്ന് അന്ന് രാത്രി അമ്മ പറഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തെ ഞാന്‍ അമ്പലത്തില്‍ ചെന്നു. സൂര്യന്‍ ഉദിച്ച് ഉയരുന്നതേ ഉള്ളു. ആളുകള്‍ വന്ന് തുടങ്ങിയിട്ടില്ല. അമ്പലത്തിന്‍റെ മതിലില്‍ മാണിക്കന്‍റെ സൈക്കിള്‍ ചാരി കണ്ടു. അകത്ത് നിന്നും സംഭാഷണം
കേള്‍ക്കാനുണ്ട്. ഞാന്‍ കേറി ചെല്ലുമ്പോള്‍ തിടപ്പള്ളിയില്‍ ചിരവപ്പുറത്ത് ഇരുന്ന് മാണിക്കന്‍ നാളികേരം
ചിരകുന്നു. അവന്‍റെ ചുണ്ടിലിരുന്ന സിഗററ്റും അടുപ്പിലെ തീയും ഒരുപോലെ പുകയുന്നുണ്ട്. ചുമരും ചാരി
ഉണ്ണി നമ്പൂതിരി നോക്കി നില്‍ക്കുകയാണ്. ഈറന്‍ തോര്‍ത്ത് ചുറ്റിയ നമ്പൂരിക്കുട്ടി തണുത്ത് വിറക്കുകയാണ്.

എന്നെ കണ്ടതും മാണിക്കന്‍ തല ഉയര്‍ത്തി.

" വായനശാലയില്‍ നിന്നും വരുന്ന വഴിക്ക് കേറീതാ. അരി വെന്തു കഴിഞ്ഞു. ശര്‍ക്കര പാനിയാക്കി കല്ലുകള്‍ അരിച്ച് വെച്ചു. ഈ നാളികേരം കൂടി ചിരകി കൊടുത്തിട്ട് വേണം പല്ലുതേപ്പും കുളിയും കഴിച്ച് എനിക്ക് വീട്ടിലേക്ക് പോവാന്‍ " ഇത്രയും പറഞ്ഞ് തലയും താഴ്ത്തി മഹാന്‍ വീണ്ടും പണിയില്‍ മുഴുകി.

4 comments:

rajji said...

ഗണപതിക്ക്‌ ഒരു തേങ്ങ ഉടച്ചു കൊണ്ട്(ബ്ലോഗുലകത്തിലും പതിവുള്ള രീതി) തുടങ്ങട്ടെ. ഭഗവാന് കൂടുതല്‍ ആസ്വാദ്യം മാണിക്കന്റെ നിവേദ്യം തന്നെ ആവും തീര്‍ച്ച.

keraladasanunni said...

Dear rajji
ശരിയാണ്. ശ്രീരാമചന്ദ്രന് ശബരി പഴങ്ങള്‍ കടിച്ച് നോക്കി മധുരമുള്ളവ മാത്രം നല്‍കിയത് ഭഗവാന്‍ സസന്തോഷം സ്വീകരിച്ചതുപോലെ മാണിക്കന്‍റെ അജ്നതയും ഉദ്ദേശശുദ്ധിയും കണക്കിലെടുത്ത് ദൈവം ആ നിവേദ്യം കൈക്കൊള്ളും.
palakkattettan


കണ്ണനുണ്ണി said...

മാണിക്കനെ പോലെ എത്ര കഥാപാത്രങ്ങള്‍ അല്ലെ...നാട്ടിന്‍പുറത്ത് ?

keraladasanunni said...

മാണിക്കനെപ്പോലെയുള്ള ശുദ്ധാത്മാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെ നന്മയാണ്' നാടിന്‍റെ സുകൃതം. നന്ദി.കണ്ണനുണ്ണി
palakkattettan

35. കിളിക്കൂട് പോലൊരു വീട് .

Friday, July 3, 2009


എത്രയോ കാലമായി ഒറ്റപ്പെട്ട ജീവിതം നയിച്ചു വന്ന കേശവേട്ടനും ബന്ധുക്കള്‍ ഇല്ലാതെ കഴിഞ്ഞ മാണിക്കനും
ഏകദേശം ഒരേ കാലത്താണ് സ്വന്തക്കാരും വേണ്ടപ്പെട്ടവരും ഉണ്ടായത്. മുമ്പ് മാണിക്കന്‍റെ അമ്മാമനെ കാണാന്‍
അവനോടൊപ്പം ഞാന്‍ ചെന്ന അവസരത്തില്‍ അവന്‍റെ മാമന്‍ താമസിയാതെ അവന്‍റെ വീട്ടിലേക്ക് അവരുടെ എല്ലാ ബന്ധുക്കളേയും കൂട്ടി വരുമെന്ന് പറഞ്ഞിരുന്നതാണ്. അവന്‍റെ വീട് വീണു പോയ സമയം. പത്തമ്പത് ഓല മെടഞ്ഞതും ഒന്ന് രണ്ട് നീല പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് കുത്തി മറച്ച് അതിലാണ് ആ കാലത്ത് താമസിച്ചിരുന്നത്. "എങ്ങിനെയാ ഈ ചുറ്റുപാടില്‍ ബന്ധുക്കളെ വരുത്തുന്നത് " പിന്നീടൊരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു " നമ്മുടെ ഇല്ലായ്മയും വല്ലായ്മയും അവരെ കൂടി അറിയിച്ചിട്ട് ഉള്ള മാനവും കൂടി കളയണോ ".

സംഗതി ശരിയാണ്. ഇത്രയും കാലം പട്ടിണി കിടന്നാലും ആരേയും അതൊന്നും അറിയിക്കാതെ അവര്‍ രണ്ടാളും
കഴിഞ്ഞിരുന്നു. അന്യ നാട്ടില്‍ കഴിഞ്ഞിരുന്ന ബന്ധുക്കള്‍ക്ക് ഇവിടുത്തെ സ്ഥിതി തീരെ അറിയില്ല. തങ്ങളുടേത് ഇത്ര ദയനീയമായ ചുറ്റുപാടാണ് എന്ന് അവര്‍ അറിയരുത്.

"എപ്പോഴായാലും ഇതൊക്കെ അവര്‍ അറിയും " ഞാന്‍ പറഞ്ഞ് കൊടുത്തു " നീ വേഗത്തില്‍ പുര പണിയുന്നത് തീര്‍ക്ക്. അതിന്ന് ശേഷം സ്വന്തക്കാരെ ക്ഷണിക്ക്. അല്ലെങ്കിലോ ഒരു വീട് വാടകക്ക് എടുത്ത് അവിടേക്ക് അവരെ വരുത്ത് ". വാടകക്ക് വീട് എടുക്കുന്നത് മാണിക്കന്ന് തീരെ ഇഷ്ടമായില്ല. മിക്കവാറും പണി തീര്‍ന്ന വീട് പെട്ടെന്ന് മുഴുമിക്കാം . അടുത്ത ആഴ്ച മാമനെ ചെന്ന് കണ്ട് വീട് പണി നടക്കുന്നതിനാല്‍ അത് കഴിഞ്ഞ് വന്നാല്‍ മതി എന്ന് അറിയിക്കാം എന്നൊക്കെ അവന്‍ ഏറ്റു.

അങ്ങിനെയാണ് വീട് പണി തീര്‍ക്കാനുള്ള തീവ്ര ശ്രമം ആരംഭിച്ചത്. രണ്ട് മുറിയും മുമ്പില്‍ ഒരു കോലായയും. പുറകിലെ ചായ്പ്പിലാണ് അടുക്കള. കിളിക്കൂട് പോലെ ഒരു വീട്.

"നമ്മുടെ കഴിവിനും സ്ഥിതിക്കും ഇത് ഊക്കായി " എന്നാണ് മാണിക്കന്‍റെ അഭിപ്രായം. ചുമരുകള്‍ തേപ്പ് കഴിഞ്ഞ് വെള്ള പൂശി, മുറികളുടേയും ഉമ്മറ കോലായയുടേയും നിലത്തിന്ന് ചുവപ്പ് നിറം, പുറകിലെ ചായ്പ്പിന്‍റെ നിലം
കറുപ്പ്. എവിടെ നിന്നോ സംഘടിപ്പിച്ച തറയോട് അടുക്കളയില്‍ പതിച്ചു. കഴിക്കോലിലും പട്ടികയിലും ഒക്കെ
വേസ്റ്റ് ഓയില്‍ അടിച്ചു. എല്ലാ വാതിലുകള്‍ക്കും ജനാലകള്‍ക്കും നീല പെയിന്‍റ് അടിച്ചതോടു കൂടി വീട് കാണാന്‍
അഴകുള്ളതായി.

"സത്യം പറയാലോ " ഒരു ദിവസം മാണിക്കന്‍ പറഞ്ഞു " ഇങ്ങിനെ ഒരെണ്ണം കെട്ടിപൊക്കാന്‍ ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. ഞാനും ഇടുപ്പും നിലവും ഊന്നാതെ പണിപ്പെട്ടിട്ടുണ്ട്. എന്നാലും എന്‍റെ അമ്മ കഷ്ടപ്പെട്ടതു പോലെ ".

അവന്‍റെ വാക്കുകള്‍ ഇടക്ക് വെച്ച് മുറിഞ്ഞു. ഒരു തേങ്ങി കരച്ചിലാണ് പിന്നെ ഞാന്‍ കേട്ടത്. എന്തിനാണ് അവന്‍
കരഞ്ഞതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. എല്ലാ കഷ്ടപ്പാടുകളും തീര്‍ന്ന് സന്തോഷിക്കേണ്ട സമയത്താണ് ഈ ദുഃഖം. ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു. ഒരു സാന്ത്വനം അവന് കിട്ടിയിരിക്കണം.

" കരയാതെ " ഞാന്‍ പറഞ്ഞു " നിന്‍റെ കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്നല്ലൊ. ഇനി ബന്ധുക്കളും വേണ്ടപ്പെട്ടവരും
ഒക്കെയായി സുഖമായി കഴിയാമല്ലൊ ".

കുറച്ച് നേരം കഴിഞ്ഞാണ് അവന്‍ പ്രതികരിച്ചത്.

" നീ പറഞ്ഞത് ഒക്കെ ശരി തന്നെ " അവന്‍ പറഞ്ഞു " ഞാന്‍ ഇന്നാള് അമ്മയുടെ വീട് പോയി കണ്ടു. അതിന്‍റെ തൊഴുത്തിന്‍റെ യോഗ്യതയില്ല ഈ വീടിന്ന്. എത്രയോ നല്ല നിലയില്‍ കഴിയേണ്ട ആളാണ് അമ്മ. എന്നിട്ടെന്താ അച്ഛനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതു കൊണ്ട് പിച്ചക്കാരിയെ പോലെ കഴിയേണ്ടി വന്നു. അച്ഛനില്‍
നിന്നോ അമ്മക്ക് നല്ലൊരു ജീവിതം കിട്ടിയില്ല. വലുതായതിന്ന് ശേഷം അവരെ സംരക്ഷിക്കേണ്ട ഞാനും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ നടന്നു. അതുകൊണ്ട് അമ്മ അനുഭവിച്ച കഷ്ടപ്പാടിന്ന് കണക്കില്ല. ഈ വീട് പണിക്കും
കല്ലും മണ്ണും ചുമന്നും കുടത്തില്‍ കുളത്തില്‍ നിന്ന് വെള്ളം കോരി വന്നിട്ടും ഒക്കെ അമ്മ പണി ചെയ്തു. ഇന്നും
ശരീരത്തിന്‍റെ വയ്യായ കണക്കാക്കാതെ അമ്മ കൂലി പണിക്ക് പോകും ".

കാറ്റത്തിട്ട അപ്പൂപ്പന്‍ താടി പോലെ ഒരു ലക്ഷ്യവും ഇല്ലാതെ ഉഴപ്പി നടന്നിരുന്ന മാണിക്കന്‍റെ മനസ്സില്‍ ഉടലെടുത്ത കുറ്റബോധം എന്നെ അത്ഭുതപ്പെടുത്തി. ഉത്തരവാദിത്വബോധം അവനില്‍ ഉടലെടുത്തിരിക്കുന്നു. അവന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഇന്നാള് പണിക്ക് പോയ അമ്മ പാടത്തില്‍ തല ചുറ്റി വീണു. കൂടെ ഉണ്ടായിരുന്നവര്‍
ആസ്പത്രിയില്‍ കാണിച്ച് മരുന്നുമായി വീട്ടിലെത്തിച്ചതായിരുന്നു. തന്നോളം പോന്ന മകന്‍ ഉണ്ടായിട്ട് പണിക്ക് പോയി സമ്പാദിക്കേണ്ട ഗതികേട് വന്നത് മകന്‍റെ കൊള്ളരുതായ്മയാണെന്ന് ആളുകള്‍ പറഞ്ഞു.

"അവരെ ഒരിക്കലും കുറ്റം പറയാനാവില്ല "മാണിക്കന്‍ സ്വയം കുറ്റം ഏറ്റു പറഞ്ഞു" കുറച്ചൊക്കെ ഞാന്‍ കാണിച്ച ബുദ്ധിമോശം കാരണമാണ് ".

ഒരാഴ്ചക്കുള്ളില്‍ ചെട്ടിയാര്‍ വീട് വയര്‍ ചെയ്യിപ്പിച്ച് കറണ്ട് എടുത്ത് കൊടുക്കും. അത് കഴിഞ്ഞതും പുതിയ വീട്ടില്‍ ഒരു ടി.വി.വാങ്ങി വെക്കണം. അമ്മ അതും കണ്ടുകൊണ്ട് വെറുതെ ഇരുന്നോട്ടെ. പണിക്കും പോവരുത്. കൊണ്ടു വന്ന് കൊടുക്കുന്നത് വെച്ചൊരുക്കി ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞാല്‍ മതി.

"ഞാന്‍ പറഞ്ഞാലൊന്നും എന്‍റെ തള്ള കേള്‍ക്കില്ല "അവന്‍ പറഞ്ഞു " നീ കൂടി പറഞ്ഞ് ശരിപ്പെടുത്തണം". ഞാന്‍
സമ്മതിച്ചു.

മാണിക്കന്‍റെ ബന്ധുക്കള്‍ വന്ന ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. ഗോപിയേട്ടന്‍റെ വീട്ടില്‍ ശ്രാര്‍ദ്ധത്തിന്ന് തലേന്ന് ചെന്നതായിരുന്നു .

" രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് നീ പോയാല്‍ മതി " എന്ന് ചേച്ചിയും ഗോപിയേട്ടനും നിര്‍ബന്ധിച്ചപ്പോള്‍ അവിടെ തന്നെ കൂടേണ്ടി വന്നു. തിരിച്ച് പോരുന്ന വഴിക്ക് വെച്ച് തന്നെ മാണിക്കനെ കണ്ടു. സിഗററ്റും പുകച്ച് ടീ.വി.എസ്സില്‍ അവന്‍ ഗമയില്‍ ഒരു ഇരുപ്പാണ്. ഞാന്‍ അവന്‍റെ അരികിലായി സ്കൂട്ടര്‍ നിര്‍ത്തി.

" കഴിഞ്ഞ കൊല്ലത്തെ പോലെ ഓണാഘോഷം കഴിഞ്ഞിട്ടേ നീ വരൂ എന്ന് വിചാരിച്ചതാ " അവന്‍ പറഞ്ഞു "നിന്നെ പണ്ടേ വേണ്ട സമയത്ത് കാണാന്‍ കിട്ടില്ലല്ലൊ. എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടന്നത് ".

എനിക്ക് ആകാംക്ഷയായി. മൂന്ന് ദിവസത്തിനകം എന്തെല്ലാമാണ് ഇവിടെ സംഭവിച്ചത്. എന്നെ മുള്‍മുനയില്‍
നിര്‍ത്താതെ മാണിക്കന്‍ പറഞ്ഞു " നമ്മടെ കേശവേട്ടന്‍ പോയി ".

കണ്ണില്‍ ഇരുട്ട് കയറിയപോലെ എനിക്ക് തോന്നി. ഒരു തവണ ഹൃദ്രോഗം വന്ന ആളാണ്. വീണ്ടും ഒരു തവണ കൂടി വന്നിട്ടുണ്ടാവുമോ. എപ്പോള്‍, എവിടെ വെച്ച്, എങ്ങിനെ എന്നീ ചോദ്യങ്ങള്‍ എന്നില്‍ നിന്നും ഒന്നിച്ച് ഉയര്‍ന്നു. എന്നിട്ട് എന്താ എനിക്ക് ഒരു വിവരവും തരാഞ്ഞത് എന്ന് ഞാന്‍ പരിഭവിച്ചു.

" നീ എന്താ ഈ പറയുന്നത്, എല്ലാം കഴിഞ്ഞിട്ടല്ലേ ഞാന്‍ കൂടി അറിയുന്നത് " അവന്‍ പറഞ്ഞു " മിനിഞ്ഞാന്ന് രാവിലെ മൂപ്പരുടെ മകളും മരുമകനും കാറുമായി വരുന്നു, പിടിച്ച പിടിയാലെ മൂപ്പരെ കൂട്ടി നാട്ടിലേക്ക് പോകുന്നു. സൈതാലി പറഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത് ".

ആശ്വാസമോ, ദേഷ്യമോ ഏതാണ് കൂടുതലായി എനിക്ക് തോന്നിയത് എന്ന് എനിക്കേ അറിയില്ല. അവന്‍റെ ഒരു വിശേഷം പറയുന്ന രീതി. " പിന്നെ മാമന്‍മാരും അമ്മായിമാരും ഒക്കെ വന്നിരുന്നു ".

ബന്ധുക്കള്‍ വന്നതും നാട്ടിലേക്ക് മടങ്ങി ചെല്ലാന്‍ നിര്‍ബന്ധിച്ചതും സ്വത്തില്‍ ഒരു അംശം കൊടുക്കാമെന്ന് പറഞ്ഞതും അവന്‍ വിവരിച്ചു. അമ്മയെ കെട്ടി പിടിച്ച് കുഞ്ഞമ്മാമന്‍ കരഞ്ഞുവത്രേ. " നീ ഒരു മുത്തിത്തള്ള ആയല്ലോ " എന്ന് വലിയമ്മാമന്‍ സങ്കടത്തോടെ പറഞ്ഞു.

" എന്‍റെ അമ്മക്ക് എത്രയാ പ്രായം എന്ന് നിനക്ക് നിശ്ചണ്ടോ " മാണിക്കന്‍ ചോദിച്ചു " ഇപ്പൊള്‍ അമ്മക്ക് വയസ്സ് നാല്പ്പത്തിമൂന്ന്. കണ്ടാലോ ഒരു എഴുപത് പറയില്ലേ ". കഷ്ടപ്പാടുകള്‍ സഹിച്ച് ആ സ്ത്രീ കോലം കെട്ടു. കൈകാലുകള്‍ ഉണങ്ങി മെലിഞ്ഞ് മുഖത്ത് നിറയെ ചുളിവുകള്‍ വീണ് അത്യന്തം പരവശമായ ഒരു രൂപം.

ഒരു ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് സ്വന്തത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ അവനുവേണ്ടി അമ്മാമന്‍മാര്‍ നോക്കി വെച്ചിട്ടുണ്ടെന്ന് കൂടി അവന്‍ പറഞ്ഞു. ബാക്കി വിശേഷങ്ങള്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മയാണ് പറഞ്ഞത്. ഓണം ആയിട്ട് വീടും പരിസരവും വൃത്തിയാക്കുന്ന പണിക്ക് വന്നവരോട് മാണിക്കന്‍റെ അമ്മ പറഞ്ഞ വിവരമാണ്. ഇവരെപ്പോലെ ഒന്നുമല്ല, നല്ല കാശുള്ള വീട്ടിലെ കുട്ടിയാണ്. അതിന്‍റെ അച്ഛനും അമ്മയും ഇല്ല എന്ന ഒരു കുറവേയുള്ളു. ഇത് നടന്നു കഴിഞ്ഞാല്‍ നിന്‍റെ കൂട്ടുകാരന്‍ രക്ഷപ്പെടും.

" അല്ലെങ്കിലും ആ ചെക്കന്‍ ആളൊരു ശുദ്ധനാണ്. അപ്പോള്‍ ദൈവം അവന് ഒരു വഴി കാണിച്ച് കൊടുക്കും" എന്നും പറഞ്ഞ് അമ്മ കാര്യത്തിന്ന് ഒരു കാരണം കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലൊക്കെ മാണിക്കന്‍ അത്യന്തം സന്തോഷവാനായിരുന്നു.
*************************************************************************************
കുറച്ച് കാലത്തെ പതിവിന്ന് വിപരീതമായി പഴയ സൈക്കിളും ഉരുട്ടിയാണ് അന്ന് രാവിലെ മാണിക്കന്‍ എത്തിയത്. അവന്‍റെ ടി.വി.എസ്.എവിടെ എന്ന് ഞാന്‍ അന്വേഷിച്ചു. തല്ക്കാലം അത് പണയം വെച്ചു എന്ന് അവന്‍ പറഞ്ഞു. പണത്തിന്ന് എന്താണ് അത്ര അത്യാവശ്യം എന്ന് പലവുരു ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ ഉള്ള കാര്യം പറഞ്ഞു. തൊഴിലില്‍ അവന്‍റെ ഗുരുവായ അഹമ്മദ്കുട്ടിക്കാന്‍റെ ഭാര്യ " താത്തമ്മ " കിടപ്പിലാണ്. ചികിത്സക്ക് പണം ഇല്ലാതെ വന്നപ്പോള്‍ വണ്ടി വിറ്റു. ആരു ചോദിച്ചാലും പണയം വെച്ചതാണെന്ന് പറഞ്ഞാല്‍ മതി. എപ്പോഴെങ്കിലും കയ്യില്‍ പണം വരുമ്പോള്‍ അപ്പോള്‍ വേറൊന്ന് വാങ്ങിക്കാമല്ലോ.

മാണിക്കന്ന് ആ കുടുംബത്തോടുള്ള കടപ്പാടും കൂറും എനിക്ക് നന്നായിട്ട് അറിയാം. പട്ടിണി കിടന്ന നാളുകളില്‍ വയറ് നിറയെ ആഹാരം അവന്ന് നല്‍കിയത് താത്തമ്മ ആണ്. ഒരുവിധം പ്രായമായപ്പോള്‍ അവന്‍റെ കയ്യില്‍ മഴുവും കയറും ഏല്‍പ്പിച്ചത് അഹമ്മദ്കുട്ടിക്കയാണ്. ഇന്ന് പത്ത് ഉറുപ്പിക സമ്പാദിക്കുന്നത് അദ്ദേഹത്തിന്‍റെ അനുഗ്രഹം കാരണമാണ്. നിഴലുപോലെ ആ മനുഷ്യന്‍റെ പുറകെ അനവധി കാലം അവന്‍ നടന്നു. മാണിക്കന്‍റെ
ഊരു ചുറ്റലിന്നിടയിലായിരുന്നു അഹമ്മദ്കുട്ടിക്കാന്‍റെ ആകസ്മികമായ അന്ത്യം. പതിവ് പോലെ പണി കഴിഞ്ഞ് തോട്ടിലിറങ്ങി കുളിച്ച് പോരുമ്പോള്‍ കാലില്‍ എന്തോ തട്ടിയതായി തോന്നി. വീടെത്തുമ്പോഴേക്കും കുഴഞ്ഞു വീണു.

നാട്ടില്‍ തിരിച്ചെത്തി വിവരമറിഞ്ഞ് മാണിക്കന്‍ അലമുറയിട്ട് കരഞ്ഞു. അന്ന് മുതല്‍ അവന്‍ അവര്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്തിരുന്നു. അഹമ്മദ്കുട്ടിക്ക ഏതോ നാട്ടില്‍ കുറച്ച് കാലം പണി ചെയ്തിരുന്നപ്പോള്‍ ഉണ്ടായ ബന്ധമാണ് താത്തമ്മയുടേതുമായിട്ടുള്ളത്. അവര്‍ എവിടുത്തുകാരിയാണെന്നോ ഏത് സമുദായക്കാരിയാണെന്നോ അറിയില്ല. ആ കുടുംബത്തിന്ന് സഹായത്തിന്ന് ആരുമില്ലാതായി, താത്തമ്മ കൂലിപണിക്ക് പോകും. എന്നാലും ഒരു പെണ്‍കുട്ടിയുള്ളതിനെ നാലക്ഷരം പഠിപ്പിക്കണമെന്ന് അവര്‍ ആശിച്ചു.പെണ്‍കുട്ടി വളര്‍ന്ന് വലുതാവുമ്പോള്‍ എന്ത് ചെയ്യും എന്നത് മാത്രമേ പ്രശ്നമുള്ളു.

ഒരാഴ്ചയോളം താത്തമ്മ ആസ്പത്രിയില്‍ തന്നെ കൂടി. കൂട്ടിന്ന് മകള്‍ മാത്രം. മാണിക്കന്‍ അവര്‍ക്ക് വേണ്ട സഹായവുമായി നിന്നു. മൂന്ന് നാല് തവണ ഞാനും അവനോടൊപ്പം ചെന്നു. എല്ലാ വിഷമങ്ങള്‍ക്കും വിരാമമിട്ട് ഒരു രാത്രി അവര്‍ മരിച്ചു. പൊതു ശ്മശാനത്തില്‍ അവരെ അടക്കം ചെയ്യാന്‍ എല്ലാ ഏര്‍പ്പാടും മാണിക്കനാണ് ചെയ്തത്.

പിറ്റേന്ന് വൈകീട്ടാണ് ഞാന്‍ മാണിക്കനെ കാണുന്നത്. സൈക്കിളിന്‍റെ കാരിയറില്‍ ഒരു പായയും തലയണ്ണയും
വെച്ചിട്ടുണ്ട്.

" ഇന്ന് മുതല്‍ ഞാന്‍ വായനശാലയുടെ വരാന്തയിലാണ് കിടപ്പ് " അവന്‍ പറഞ്ഞു.

എനിക്ക് കാര്യം ഒട്ടും മനസ്സിലായില്ല. ഞാന്‍ അവനെ നോക്കി മിഴിച്ച് നിന്നു.

" ഒന്നും തോന്നരുത് " എന്ന മുഖവുരയോടെ അവന്‍ കാര്യം വിശദീകരിച്ചു. താത്തമ്മയുടെ മരണത്തോടെ അഹമ്മദ്കുട്ടിക്കാന്‍റെ മകള്‍ക്ക് ആരും ഇല്ലാതായി. മുതിര്‍ന്ന ഒരു പെണ്‍കുട്ടിയെ ബന്ധവസ്തയില്ലാത്ത ഇടത്ത് ഒറ്റയ്ക്ക് എങ്ങിനെ താമസിപ്പിക്കും. അവള്‍ക്കാണെങ്കില്‍ സ്വന്തമെന്ന് പറയാന്‍ ആരുമില്ല. പിന്നെ ആലോചിച്ചില്ല.
അമ്മയുടെ സമ്മതത്തോടെ അവളെ വീട്ടില്‍ കൂട്ടിക്കോണ്ടു വന്ന് അമ്മയുടെ കയ്യില്‍ ഏല്‍പ്പിച്ചു.

" എനിക്ക് സമാധാനമായി. അഹമ്മദ്കുട്ടിക്കാന് വേണ്ടി ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ " അവന്‍ പറഞ്ഞു
" പക്ഷെ ആളുകള്‍ അത്ര ശരിയല്ല. നമ്മള്‍ അവളെ പെങ്ങളായി കരുതും. അത് നമുക്കല്ലെ അറിയൂ. വേണ്ടാത്തത് പറയുന്നവര്‍ അതൊന്നും നോക്കില്ലല്ലോ. നമ്മളായിട്ട് അതിന്ന് ചീത്തപ്പേര് ഉണ്ടാവരുത് ".

അമ്പലത്തില്‍ ദീപാരാധന കഴിഞ്ഞ് കൂട്ടമണി അടിക്കുന്നത് കേട്ടു. കല്‍പ്പൂരത്തിന്‍റെ ഗന്ധം മനസ്സില്‍ നിറഞ്ഞതായി എനിക്ക് തോന്നി. ആല്‍മരത്തില്‍ ചേക്കേറുന്ന കാക്കകള്‍ കലപില കൂട്ടി ക്കൊണ്ടിരുന്നു. മാണിക്കനും സൈക്കിളും അകന്നകന്ന് പോയി.

5 comments:

കൊട്ടോട്ടിക്കാരന്‍... said...

ഹൃദയസ്പര്‍ശിയായ പോസ്റ്റ്...
ഉള്ളില്‍ തട്ടി വല്ലാതെ നൊന്തു....

keraladasanunni said...

സുഹൃത്തെ,
ഈ കഥാപത്രത്തെ കുറിച്ച് ഇനിയും എഴുതാനുണ്ട്. പ്രോത്സാഹനത്തിന്ന് നന്ദി

palakkattettan

Nanam said...

kondottikaran paranjapoley valarey nalla kathayum kathapathravum. manikkaney pradhana kathapathramaakiyulla ella postukalum valarey nannayittundu. paranjapoley manikkaney pattiyulla puthiya postugal pratheeshikunnu.

Nanam said...

daasettantey postugal eppol "google malayalam blog listilo chintha.comilo kaanan illalo enthaanu kaaranam

keraladasanunni said...

പ്രിയ സുഹൃത്തേ;
മാണിക്കന്‍ മുഖ്യകഥാപാത്രമായുള്ള കഥകള്‍ താമസിയാതെ പ്രസിദ്ധീകരിക്കാം. വളരെയേറെ പരിമിതികള്‍ എനിക്ക് ഉള്ളതിനാലാണ്' ചിന്ത.കോമില്‍ ബ്ലോഗ് ഇടാത്തത്. പ്രധാനമായ ന്യൂനത കമ്പൂട്ടര്‍ പരിജ്നാനം ഇല്ലാത്തതാണ്. ടൈപ്പ് ചെയ്യാനും എനിക്ക് അറിയില്ല. ഇതൊക്കെ വെച്ചാണ്' ബ്ലോഗില്‍ എഴുതുന്നത്. എങ്ങിനെ ചിന്തയിലോ മറ്റേതെങ്കിലും ഗ്രൂപ്പിലോ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചാല്‍ അതുപോലെ ചെയ്യാം. പ്രായം ശരീരത്തിന്ന് ചില ദുര്‍ബ്ബലതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബുദ്ധിക്ക് അഥവാ പ്രജ്നക്ക് ക്ഷീണം വരാതിരിക്കാന്‍ മനസ്സിന്ന് കൊടുക്കുന്ന ജോലിയാണ്' ബ്ലോഗെഴുത്ത്. ഇന്നും പതിനാറ് ഡിജിറ്റ് ഉള്ള ഐ.ടി കാര്‍ഡ് ഒന്ന് നോക്കിയാല്‍ അതിലെ അക്കങ്ങള്‍ ഹൃദിസ്ഥമാവുന്നുണ്ട്.
സ്നേഹത്തോടെ
palakkattettan.