'' മേട്ടുപ്പാളയം വരെ ഒന്ന് പോയാലോ എന്ന് ആലോചിക്ക്യാണ് '' മാണിക്കന് പറഞ്ഞപ്പോള്‍ എന്തോ ഉദ്ദേശം അതിലുണ്ടെന്ന് മനസ്സിലായി.
'' എന്തിനാ അങ്ങോട്ട് പോണത് '' ഞാന്‍ ചോദിച്ചു.
'' ഓണം അല്ലേടാ വരുണത്. കുറച്ച് പച്ചക്കറി മൊത്ത വിലയ്ക്ക് വാങ്ങി കൊണ്ടുവന്ന് കച്ചോടം ചെയ്താലോ എന്നൊരു തോന്നല്‍ ''.
'' നന്നാവും '' ഞാന്‍ പറഞ്ഞു '' അല്ലെങ്കിലേ നാടുനീളെ ഓണച്ചന്തകളാണ്. അതിന്റെ ഇടയില്‍ നിന്റെ കച്ചവടത്തിന്റെ കുറവേ ഉള്ളു ''.
'' കുറെ സമ്പാദിക്കണം എന്ന് മോഹിച്ചിട്ടൊന്ന്വോല്ല. കുറഞ്ഞ വിലയ്ക്ക് നാട്ടുകാര്‍ക്ക് നല്ല സാധനം കൊടുക്കണം. കച്ചോടം ചെയ്യാണെങ്കില്‍ മാണിക്കന് കച്ചോടം ചെയ്തതുപോലെ ചെയ്യണം എന്ന് നാളെ മേലാല്‍ നാട്ടുകാര്‍ പറയണം. എനിക്ക് അത്രേ വേണ്ടൂ '' അവന് ഉദ്ദേശം വ്യക്തമാക്കി. സാധന വില, കടത്താനുള്ള ചിലവ്, ഒരാഴ്ചത്തെ കൂലി, ഇത്രയും കിട്ടിയാല്‍ ധാരാളം.
'' അതിന്ന് പണം വേണ്ടേ ''.
'' നറുക്ക് കിട്ടിയ പത്തായിരം ഉറുപ്പിക എന്റെ കയ്യിലുണ്ട്. വട്ടിക്കാരന്റെ കയ്യിന്ന് ഒരു അയ്യായിരം കടം വാങ്ങണം. അതൊക്കെ മതി '' മാണിക്കന് ബഡ്ജറ്റ് അവതരിപ്പിച്ചു.
എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്ന് ഞാന്‍ ഏറ്റതോടെ അവന് ഉഷാറായി.
'' കോളേജ് അടച്ചാല്‍ നീ ഒന്ന് എന്റെ കൂടെ നിക്കണം. തിരക്ക് വരുമ്പൊ പൈസ കണക്കാക്കി മേടിച്ചാ മതി '' അവന് പറഞ്ഞു.
മാണിക്കന് മേട്ടുപ്പാളത്തേക്ക് പോയില്ല. എവിടെ നിന്നൊ കുറെ പച്ചക്കറിയും നേന്ത്രക്കുലകളും വാങ്ങിച്ചു. ക്ലബ്ബിന്റെ മുന്‍വശത്ത് ടാര്പ്പോളിന് കെട്ടി താല്‍ക്കാലികമായി ഒരു കട ഒരുക്കി. പഴയ ഒരു തുലാസും തൂക്കക്കട്ടികളും അവന് സംഘടിപ്പിച്ചു. ഒരു ഒഴിഞ്ഞ ടിന്നില്‍ വാങ്ങിക്കുന്ന പണം എടുത്തുവെക്കാം എന്ന് പ്ലാനിട്ടു.
'' നാളെ രാവിലെ കച്ചോടം തുടങ്ങണം '' അവന് പറഞ്ഞു.
'' ആ സമയത്ത് രാഹുകാലം അല്ലേ '' ഞാന്‍ സംശയം ചോദിച്ചു '' ശുഭമായിട്ടുള്ള കാര്യം തുടങ്ങാന്‍ പാടുണ്ടോ ''.
'' നിന്റെ രാഹൂനോട് കടന്ന് പോവാന്‍ പറ '' അവന് അതൊന്നും പ്രശ്നമല്ല.
മാണിക്കന് പലരേയും ക്ഷണിച്ചിട്ടുണ്ടെന്ന് തോന്നി. വന്നവര്‍ക്കെല്ലാം ആറുമുഖന്റെ കടയില്‍ നിന്ന് പരിപ്പുവടയും ചായയും വാങ്ങിക്കൊടുത്ത് ആതിത്ഥ്യമരുളി.
'' മാണിക്കാ, നാല് നാളികേരൂം രണ്ട് കിലോ വലിയ ഉള്ളിയും കുറച്ച് കായ്കറിയും എടുക്ക് '' ഓട്ടു കമ്പിനി തൊഴിലാളിയായ വേലായുധന് കച്ചവടത്തിന്ന് ഹരിശ്രീ കുറിച്ചു '' നല്ലത് നോക്കി ഒരു കുല നേന്ത്രക്കായയും വെച്ചോ ''.
മാണിക്കന് സാധനങ്ങള്‍ ചെറിയൊരു കുട്ടിച്ചാക്കില് നിറച്ചു. കെട്ടിത്തൂക്കിയതില്വെച്ച് ഏറ്റവും നല്ല നേന്ത്രക്കുല നോക്കി എടുത്തു.
'' എത്ര ആയെടാ മാണിക്കാ '' വേലായുധന് ചോദിച്ചു.
മാണിക്കന് പറഞ്ഞ നിരക്കുവെച്ച് ഞാന്‍ കണക്ക് കൂട്ടാന്‍ ഒരുങ്ങി.
'' നിന്റടുത്ത് ഇത്തിരി വില കൂടുതലാ '' വേലായുധന് പറഞ്ഞു '' ഇങ്ങിനെ ആളുകളുടെ കഴുത്തില്‍ കത്തി വെക്കാതെ ''.
'' വേലായുധേട്ടന്ന് വില അധികാണെന്ന് തോന്നീച്ചാല് പത്തോ നൂറോ കുറച്ചോളിന്‍ '' മാണിക്കന് പറയുന്നതു കേട്ട് എനിക്ക് എന്തോ പോലെ തോന്നി. സാധനം വാങ്ങാന്‍ വരുന്നവരുടെ അഭിപ്രായം നോക്കി വില്ക്കാന് തുടങ്ങിയാല്‍ എങ്ങിനെ ശരിയാവും.
'' കമ്പിനീന്ന് ബോണസ്സ് കിട്ടുമ്പൊ തരാട്ടോടാ '' ചാക്ക് തലയിലേറ്റി കായക്കുല തോളിലും വെച്ച് അയാള്‍ പറഞ്ഞു.
ആദ്യത്തെ കച്ചവടം തന്നെ കടത്തിലോ ? മാണിക്കനോട് അതിന്ന് സമ്മതിക്കരുതെന്ന് പറയണമെന്ന് എനിക്ക് തോന്നി. അതിനു മുമ്പേ മാണിക്കന്റെ ഒച്ച കേട്ടു.
'' അതിനെന്താ ഏട്ടോ. നിങ്ങള്‍ സാധനങ്ങള്‍ കൊണ്ടുപോയി കുട്ട്യേളക്ക് കൂട്ടാന്‍ വെച്ച് കൊടുക്കിന്‍. ഓണ്വോല്ലേ വരുണത്. അവരുക്ക് സന്തോഷം ആവട്ടെ ''അവന് മടി കൂടാതെ പറഞ്ഞു. വേലായുധന് പോയി.
'' നല്ലത് നോക്കി ഒന്നോ രണ്ടോ കുല നീ വീട്ടിലേക്ക് മാറ്റി വെച്ചോ. പിന്നെ കിട്ടീന്ന് വരില്ല '' മാണിക്കന് എന്നെ ഉപദേശിച്ചു.
ഗോപിയേട്ടനും ചേച്ചിയും വരുമ്പോള്‍ പച്ചക്കറിയും കായയും ഒക്കെ കൊണ്ടുവരും. അവര്‍ക്ക് തോട്ടം ഉള്ളതാണ്. ഞാന്‍ ആ വിവരം പറഞ്ഞു.
വിചാരിച്ച മട്ടില്‍ ആളുകളൊന്നും വന്നില്ല. ഇടയ്ക്ക് ആരെങ്കിലും വരും. കച്ചവടത്തിനേക്കാള്‍ കൂടുതല്‍ വര്‍ത്തമാനം പറച്ചിലായിരുന്നു.
ആളൊഴിഞ്ഞ നേരത്ത് റോഡിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരു വൃദ്ധയും രണ്ട് കുട്ടികളും കൂടി റോഡിലൂടെ പോവുന്നത് കണ്ടു.
'' മാളു അമ്മേ. ഇങ്ങിട്ട് വരിന്. ഓണം ആയിട്ട് ഒന്നും വാങ്ങിണില്ലേ '' മാണിക്കന് അവരെ വിളിച്ചു. മടിച്ചു നിന്ന ശേഷം അവര്‍ വന്നു.
'' എന്താ. നിങ്ങക്കൊന്നും വേണ്ടേ '' അവന് ചോദിച്ചു.
'' എന്റെ കാര്യം നിനക്കറിയില്ലേ '' അവര്‍ ചോദിച്ചു '' നാഴിയും ചൂരിയും പോലത്തെ രണ്ടെണ്ണത്തിനെ എന്റെ കയ്യിലും തന്നിട്ട് തന്തയും തള്ളയും പോയില്ലേ. ഓണം ആയിട്ട് ഇവിറ്റയ്ക്ക് ഇത്തിരി കഞ്ഞി കൊടുക്കാന്‍ എന്താ വഴി എന്നറിയാണ്ടെ ഞാന്‍ നടക്ക്വ്വാണ് '' ആ സ്ത്രി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ചു.
രണ്ടു കൊല്ലം മുമ്പ് ഓണക്കാലത്ത് ബൈക്കില്‍ പോയിരുന്ന അവരുടെ മകനും മരുമകളും ലോറി തട്ടി മരിച്ചതാണ്. നല്ലൊരു മേസനായിരുന്നു അവരുടെ മകന്.
അതോടെ മാണിക്കന് ദയാലുവായി. പ്ലാസ്റ്റിക്കിന്റെ രണ്ട് കാരി ബാഗുകളില്‍ കുറെ സാധനങ്ങള്‍ നിറച്ച് അവന് അവര്‍ക്ക് കൊടുത്തു, പണം സൂക്ഷിക്കുന്ന ടിന്നില്‍ നിന്ന് ഒരു നൂറു രൂപ നോട്ടും.
'' നീ എങ്ങിനെയെങ്കിലും നന്നാവും '' നിറഞ്ഞ മനസ്സോടെ അതും പറഞ്ഞ് അവര്‍ പോയി.
'' ഇതിലും വെച്ച് എന്താടാ ഒരു ലാഭം കിട്ടാനുള്ളത് '' മാണിക്കന് ഉറക്കെ ആത്മഗതം ചെയ്തു.
രാവിലെ സാധനങ്ങള്‍ വാങ്ങിപ്പോയ കുട്ടന് ചെട്ടിയാര്‍ വൈകുന്നേരം എത്തിയത് ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു.
'' തമ്മില്‍ തമ്മില്‍ ഈ പണി ചെയ്യാന്‍ പാടില്ല '' അയാള്‍ പറഞ്ഞു.
'' എന്താ ചെട്ട്യാരേ, സംഗതി പറയിന്‍ '' മാണിക്കന് ചോദിച്ചു.
'' ഒരു കഷ്ണം കുമ്പളങ്ങ ചോദിച്ചപ്പോള്‍ ഒന്നങ്ങനെ എടുത്തോളിന്‍, ലാഭത്തില്‍ തരാം എന്ന് നീ പറഞ്ഞപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു. വീട്ടില്‍ കൊണ്ടു പോയി മുറിച്ചപ്പൊ ഉള്ള് അങ്ങന്നെ ഊള. കൊണ്ടു പോയി തൊടീല് എറിഞ്ഞു ''.
'' ആവു, ഇതാണോ കാര്യം '' മാണിക്കന് പറഞ്ഞു '' ചക്കയല്ലല്ലോ ചെട്ട്യാരെ ചൂന്ന് നോക്കാന്‍. നിങ്ങള്‍ പകരം ഇഷ്ടം ഉള്ള ഒന്ന് എടുത്തിട്ട് പൊയ്ക്കോളിന് ''.
വേറൊരു കുമ്പളങ്ങയുമായി അയാള്‍ പോയി.ഏതാനുംപേരൊഴികെ ബാക്കി എല്ലാവരും പിന്നീട് തരാമെന്ന വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങിപ്പോയി. ഉത്രാട തലേന്നുതന്നെ സാധനങ്ങള്‍ തീര്‍ന്ന് കച്ചവടം അവസാനിപ്പിച്ചു.എന്റെ കയ്യില്‍ നിന്നും കടം വാങ്ങിയവരുടെ ലിസ്റ്റ് വാങ്ങി മാണിക്കന് പോക്കറ്റിലിട്ടു. ഉള്ള പണം എണ്ണി തിട്ടപ്പെടുത്തി. മുവ്വായിരത്തോളം രൂപയുണ്ട്.
'' കുറച്ചും കൂടി പൈസ ഉണ്ടെങ്കില്‍ ആ വട്ടിക്കാരന് തമിഴന്റെ കടം തീര്‍ക്കായിരുന്നു '' മാണിക്കന് പറഞ്ഞു '' അതിന് എന്തെങ്കിലും വഴി കാണണം ''.
'' ഇപ്പൊ നീ പറഞ്ഞതുപോലെ ആയിട്ടുണ്ട് '' ഞാന്‍ പറഞ്ഞു.
'' എന്താടാ അത് '' അവന് തിരക്കി.
'' കച്ചോടം ചെയ്യാണെച്ചാല് മാണിക്കന് ചെയ്തത് മാതിരി ചെയ്യണം എന്ന് നാട്ടുകാര്‍ പറയണം എന്നല്ലേ നിനക്ക് മോഹം ഉണ്ടായിരുന്നത്. ഇനി അവരത് പറഞ്ഞോളും '' ഞാന്‍ പറയുന്നതും കേട്ട് അവന് ടാര്പ്പോളിന് അഴിക്കാന്‍ തുടങ്ങി.
എല്ലാവര്ക്കും എന്റെ ഓണാശംസകള്‍.