Friday, January 28, 2011

6. സോഫിയാ, നീ മാലാഖയേക്കാള്‍...................

Friday, August 29, 2008

മദ്ധ്യവേനലവധി കഴിഞ്ഞു സ്കൂളുകള്‍ തുറന്നുവെങ്കിലും, ട്യൂഷന്‍ എടുക്കാനായി ആരും അന്വേഷിച്ചു വന്നില്ല. എനിക്ക് ജോലി കിട്ടി, താനസിയാതെ പണിക്കു ചേരും എന്ന് വ്യാപകമായി പറഞ്ഞു പരത്തിയതിന്‍റെ ഫലം. അതോടെ ചില്ലറ വരവും നിലച്ചു. ഇതുവരെ അത്യാവശ്യത്തിന്ന് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കഴിക്കുകയും, പച്ചക്കറി വാങ്ങാന്‍ അമ്മക്ക് വല്ലതും കൊടുക്കുകയും ചെയ്തിരുന്നു. പാവം, അച്ഛന്‍. രാവിലെ ഇറങ്ങിയാല്‍ രാത്രിയാകും പണി കഴിഞ്ഞ് എത്താന്‍. ആലോചിക്കുമ്പോള്‍ ഒരു കൈ സഹായിക്കാനാവാത്തതില്‍ കടുത്ത മനോവിഷമം തോന്നും. ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ മുതല്‍ ഇതെല്ലാം ഓര്‍ത്ത് മനസ്സമാധാനമീല്ലാത്ത ഇരുപ്പാണ്. അമ്മ തരുന്ന ചായക്ക് കാത്തു നില്‍ക്കാതെ ഇറങ്ങി.

ഒരാഴ്ചയായി മഴ തീരെയില്ല. പതിവു പോലെ വായനശാലയില്‍ ചെല്ലുമ്പോള്‍, കൂട്ടുകാരെ കാണുന്നില്ല. കാരം ബോര്‍ഡ് ഒഴിഞ്ഞു കിടക്കുന്നു. പുറകില്‍ നിന്ന് ഒച്ച കേട്ട് ചെന്നു നോക്കിയപ്പോള്‍, അവിടെ മരത്തിന്നു ചുവട്ടില്‍ ചീട്ടുകളി നടക്കുകയാണ്. അകത്ത് കാശു വെച്ച് ചീട്ടു കളിക്കാന്‍ സെക്രട്ടറി സമ്മതിക്കില്ല. കളി അറിയില്ലെങ്കിലും അവിടെ പോയി നിന്നു. വെറുതെ നില്‍ക്കാതെ പോയി ഒരു കെട്ട് ബീഡി വാങ്ങി വാടാ, മോനേ എന്നു പറഞ്ഞു കേശവേട്ടന്‍ പത്തു രൂപ എല്‍പ്പിച്ചു. ബീഡിയുമായി ചെന്നപ്പോള്‍ ഒരു കടലാസുപൊതി തന്നിട്ട് ബീഡിയിലെ പുകയില കളഞ്ഞ്, പൊതിയിലുള്ളത് അതില്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. പൊതിക്കകത്ത് ഉണങ്ങിയ എന്തോ ചെറിയ ഇലകളും കായകളും പൂക്കളും ആയിരുന്നു. എനിക്ക് അത് എന്താണെന്ന് മനസ്സിലായില്ല. വിവരം അന്വേഷിച്ച എന്നൊട് " വിഡ്ഡി പറങ്ങോടാ, ഇതല്ലേ സാക്ഷാല്‍ സ്വാമി, ഒന്നാന്തരം ജട മുടിയന്‍ " എന്ന് കേശവേട്ടന്‍ പറഞ്ഞുതന്നു. ബീഡികളുടെ ഉള്ളടക്കം നീക്കി ഞാന്‍ പൊതിക്കകത്തെ സാധനം നിറച്ച്, തെറുത്തു കെട്ടി ഏല്‍പ്പിച്ചു. എല്ലാവരും ഒരോന്ന് എടുത്ത് കത്തിച്ചപ്പോള്‍ " നീ ഇടക്കൊക്കെ പുക പിടിക്കാറില്ലേ, ഇതൊന്ന് സാമ്പിള്‍ നോക്ക്" എന്നു പറഞ്ഞ് എനിക്കും ഒന്നു തന്നു.

യൂ.പി. സ്കൂളില്‍ ചേര്‍ന്ന കൊല്ലമാണ്, ഞാന്‍ ആദ്യമായി പുകവലിക്കുന്നത്. പഴയ പുസ്തകങ്ങള്‍ വിറ്റിട്ട് തേനീച്ചാമ്പഴം വാങ്ങി തിന്നുകയാണ് സ്വതവേ പതിവ്. ആ പ്രാവശ്യം പഴയ പേപ്പര്‍ വാങ്ങിക്കാന്‍ വന്ന ആള്‍ പണമാണ് തന്നത്. വീട്ടില്‍ കന്നാലികളെ മേക്കാന്‍ നിന്നിരുന്ന ആറുമുഖനോട്, എന്‍റെ കയ്യില്‍ പണം ഉള്ള വിവരം പറഞ്ഞപ്പോള്‍ അവനാണ് സിസര്‍ വലിക്കാമെന്ന് ഉപദേശിച്ചത്. ഞാന്‍ പൈസ അവനെ ഏല്പിച്ചു. സിസേര്‍സ് വാങ്ങി പുഴപ്പാലത്തിന്നു ചുവട്ടില്‍ പതുങ്ങിനിന്ന് ഇരുവരും ചേര്‍ന്ന് വലിച്ചതും, ഞാന്‍ ചുമച്ചു വിഷമിച്ചതും, അവന്‍ മുതുകത്ത് തടവിതന്നതും ഇന്നും മറന്നിട്ടില്ല.

ബീഡി പുകക്ക് പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നിയില്ല. ഞാന്‍ വെറുതെ ചീട്ടുകളി നോക്കി നിന്നു. ഇടക്ക് ആരോ കളി തെറ്റിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം ആയത്. "എല്ലാരും കൂടി എന്നെ പറ്റിക്കുകയാണ് " എന്ന് പറഞ്ഞ് ശ്രീനി കരയാന്‍ തുടങ്ങിയതോടെ, കളി നിന്നു. ഞാന്‍ നിര്‍വികാരനായി എല്ലാം നോക്കി നില്‍ക്കുകയാണ്. പരസ്പര ബന്ധമില്ലാതെ പലരും പലതും വിളിച്ചു പറയുന്നു. "നീ പരിഭ്രമിക്കാതെ. കഞ്ചാവ് അടിച്ചാല്‍ ചിലര്‍ക്ക് തലക്ക് പിടിക്കും അതാണ് ഇതൊക്കെ" എന്ന് കേശവേട്ടന്‍ എന്നെ ആശ്വസിപ്പിച്ചു. ക്രമേണ ഞാനും കേശവേട്ടനും ഒഴിച്ച് എല്ലാവരും നല്ല ഫോമിലായി.

ഇനി എന്തു ചെയ്യണം എന്നോര്‍ത്ത് നില്കുമ്പോഴാണ് കേശവേട്ടന്‍ വിസ്തരിച്ച് കഥകളി ആടാന്‍ തുടങ്ങിയത്. അറിയാതെ എനിക്ക് ചിരി പൊട്ടി. സെക്കന്‍ഡുകള്‍ക്കകം എനിക്ക് ചിരി നിര്‍ത്താനാവുന്നില്ല എന്ന സത്യം ഞാന്‍ അറിഞ്ഞു. എന്‍റെ മനസ്സില്‍ ഭയം കടന്നു വന്നു. ഈ പുലിവാലില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി, എന്നായി എന്‍റെ മോഹം. സകല ദൈവങ്ങളേയും ഞാന്‍ മനസ്സില്‍ ഓര്‍ത്തു. സഹായത്തിന്നായി ഞാന്‍ ഓരോരുത്തരേയും വിളിച്ചു കരഞ്ഞു. ആരും പ്രതികരിച്ചില്ല എന്നു മാത്രമല്ല ചിലര്‍ കളിയാക്കി ചിരിക്കാനും തുടങ്ങി. അതോടെ എല്ലാം തുലഞ്ഞു എന്ന് ബോദ്ധ്യമായി. ഇതെല്ലാം ഒരു സ്വപ്നമാണെന്നും ഞാന്‍ വീട്ടില്‍ കിടക്കുകയാണെന്നും എപ്പോഴോ മനസ്സില്‍ തോന്നി. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നറിയാനായി ഞാന്‍ എന്‍റെ കയ്യില്‍ നുള്ളി നോക്കി. വേദന തോന്നിയതോടെ എന്‍റെ പരിഭ്രമം കലശലായി. സഹായത്തിന്നായി ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കേണ് അപേക്ഷിച്ചു. ഒടുവില്‍ കേശവേട്ടനാണ് കനിഞ്ഞത്.

" നിന്നെ ഞാന്‍ ക്വാര്‍ട്ടേര്‍സില്‍ കൊണ്ടു പോയി, നല്ല മോരുംവെള്ളം സംഘടിപ്പിച്ചു തരും. അതോടെ ഈ കെട്ട് പോകും".

വായനശാലയില്‍ നിന്നും ഇറങ്ങി. ഒന്നര കിലോമീറ്റര്‍ പടിഞ്ഞാട്ടു നടക്കണം. കേശവേട്ടന്‍ കിഴക്കോട്ടാണ് നടക്കുന്നത്. ഈ കാര്യം പറഞ്ഞപ്പോള്‍ നാലു കിലോ മീറ്റര്‍ കിഴക്കോട്ടു നടന്ന് അവിടെ നിന്നും ബസ്സില്‍ വരാമെന്നായി മൂപ്പര്‍. ആ ഐഡിയ ഞാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നടത്തം ശരിയായ ദിശയിലാക്കി. വഴി നീളെ കേശവേട്ടന്‍ വീട്ടുകാര്യങ്ങള്‍ പറഞ്ഞു. നാട്ടില്‍ മകള്‍ക്ക് കല്യാണാലോചനകള്‍ വരുന്നു. അതിനു മുമ്പ് വീടു പണി തീര്‍ക്കണം. ചിലപ്പോള്‍ മൂന്നു നാലു മാസം ലിവില്‍ പോവും. നീ മറ്റുള്ളവരെപ്പോലെ കുരുത്തം കെട്ടവനല്ല. അതാണ് ഇതെല്ലാം പറയുന്നത്. കേശവേട്ടന്‍ അങ്ങിനെ തുടര്‍ന്നു. പത്തടി ദൂരം നടന്നപ്പോഴേക്കും മണിക്കൂര്‍ കണക്കില്‍ നടന്നതായി എനിക്കു തോന്നിയിരുന്നു. സംശയം തീര്‍ക്കാന്‍ ഞാന്‍ ഇടക്കിടക്ക് വാച്ചില്‍ നോക്കി വെറും തോന്നലായിരുന്നുവെന്ന് ഉറപ്പുവരുത്തിയിരുന്നു.

ദൂരെനിന്ന് വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും കേശവേട്ടന്‍ റോഡില്‍ നിന്നും ഇറങ്ങി പാതച്ചാലും കടന്ന് അപ്പുറത്തേക്ക് മാറി നില്‍ക്കും. ഉണങ്ങി കിടക്കുന്ന റോഡില്‍ വെള്ളം തളം കെട്ടി കിടക്കുന്നു, വേഷ്ടി പൊക്കി ഉടുക്ക് എന്ന് പറഞ്ഞ് അദ്ദേഹം തുണിയുടെ കോന്തല പൊക്കി കാല്‍ പൊക്കി വെച്ചു നടക്കാന്‍ തുടങ്ങിയപ്പൊള്‍ അത്യാവശ്യം ആളുകള്‍ ചിരിക്കാനും പിള്ളേര്‍ കൂക്കാനും തുടങ്ങിയിരുന്നു. വഴി വിളക്കുകള്‍ കത്തി തുടങ്ങി. പുഴപ്പാലത്തിലെത്തിയപ്പോള്‍ , പാലത്തിന്ന് കിലോമീറ്ററുകള്‍ നീളമുള്ളതായി തോന്നി. ഒരുവിധം ക്വാര്‍ട്ടേര്‍സിന്ന് അടുത്തെത്തിയപ്പോള്‍ , പോര്‍ട്ടര്‍ മമ്മത് നില്‍ക്കുന്നു. കേശവേട്ടന്‍ മമ്മതിനോട് എന്തോ സ്വകാര്യം പറഞ്ഞു. ഞാന്‍ കസേലയില്‍ ഇരുന്നു.

കേശവേട്ടന്‍ കൈകാലുകള്‍ കഴുകി വിളക്കു വെക്കുമ്പോഴേക്കും മമ്മത് എത്തി. അയാളുടെ കൈയില്‍ ഒരു കഷ്ണം മത്തങ്ങയും ഒരു ചോറ്റുപാത്രവും ആണ് ഉള്ളത്. ഒരു കത്തി എദുത്ത് മത്തങ്ങയുടെ തോല്‍ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എന്നോട് തിന്നാന്‍ ആവശ്യപ്പെട്ട് അയാള്‍ തന്നു. കഷ്ടപ്പെട്ട് ഞാനത് അകത്താക്കി. ചോറ്റുപാത്രം തുറന്ന് അതിലുള്ള മോരും കുടിപ്പിച്ചു.

മമ്മത് പോയതും കേശവേട്ടന്‍ നാമം ജപം തുടങ്ങി. ഞാന്‍ ടീപ്പോയിയിലുള്ള വാരിക മറിച്ച് നോക്കി. തുടക്കത്തില്‍ തന്നെ ഒരു ചെറുപ്പക്കാരന്‍റേയും യുവതിയുടേയും ചിത്രം വരച്ചിട്ടുള്ള പേജണുള്ളത്. അത് ഒരു നോവലിന്‍റെ ആരംഭമാണ്. ഞാന്‍ വായന തുടങ്ങി. "സോഫിയാ, നീ മാലാഖയേക്കാള്‍ നല്ലവളാണ് ". ഈ സമയത്ത് തന്നേയാണ് കേശവേട്ടന്‍ "നരനായിങ്ങനെ ജനിച്ചൂ ഭൂമിയില് ‍"എന്നു നാമം ജപിക്കാന്‍ തുടങ്ങിയത്. എന്‍റെ ശ്രദ്ധ പതറി. വായിച്ച വരി മനസ്സില്‍ നിന്നും മാഞ്ഞു. ഞാന്‍ വീണ്ടും വായന ആരംഭിച്ചു. സോഫിയാ,...... വരി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നാമജപം ഇടക്ക് കടന്നുവന്ന് വായനക്ക് തടസ്സം നില്‍ക്കുന്നു. നൂറ്റി അമ്പതോളം തവണ ഞാന്‍ വായിച്ചിരുന്നിരിക്കണം. പക്ഷേ സോഫിയയെ മറി കടന്ന് വായന ഒരു പദം മുന്നോട്ട് നീങ്ങിയില്ല.

പെട്ടെന്ന് എനിക്ക് ഒരു മനം മറിച്ചില്‍ തോന്നി. ഞാന്‍ ക്വാര്‍ട്ടേര്‍സിന്‍റെ വെളിയിലേക്ക് ഓടി. മുറ്റത്തിന്‍റെ ഓരത്തിരുന്നു ചര്‍ദ്ദിക്കാന്‍ തുടങ്ങി. മത്തങ്ങ കഷ്ണങ്ങള്‍ മാത്രമല്ല, ഉച്ചക്ക് ഊണുകഴിച്ചതും കൂടി ചര്‍ദ്ദിച്ചിരുന്നിരിക്കണം. ശബ്ധം കേട്ട് കേശവേട്ടന്‍ ഓടി വന്ന് പുറം ഉഴിഞ്ഞു തന്നു. വായും മുഖവും കഴുകി ഞാന്‍ വരാന്തയില്‍ കിടന്നു. ഒന്നു മയങ്ങി എന്നു തോന്നുന്നു. ഉണരുമ്പോള്‍ കേശവേട്ടന്‍ മാറത്ത് വാരികയും വെച്ച് ഉറങ്ങുകയാണ്. വിളിച്ചുണര്‍ത്തി യാത്ര പറഞ്ഞ് ഞാന്‍ ഇരുട്ടിലേക്ക് ഇറങ്ങി.

വീട്ടിലെത്തുമ്പോള്‍ അച്ഛനും അമ്മയും പരിഭ്രമത്തോടെ കാത്തിരിക്കുകയാണ്. "നീ എവിടെയായിരുന്നു ഇത്ര നേരം" എന്ന് അമ്മ ചോദിച്ചതും "ഉഴലൂരു ദേവസ്വം കാര്യസ്ഥനല്ലേ, ഇന്ന് പിടിപ്പത് പണിയായിരിക്കും" എന്ന് അച്ഛന്‍ ഒരു കൊട്ട് തന്നതും കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ അകത്തേക്ക് കയറി.

5. പള്ളി നേര്‍ച്ച.

Wednesday, August 27, 2008

മഴ കാലത്തിന്നു ശേഷമുള്ള സായാഹ്നങ്ങള്‍ കായിക വിനോദങ്ങള്‍ക്കായി മാറ്റി വെക്കപ്പെട്ടവയാണ്. നാട്ടില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ കളിക്കുന്നത് ഫുട്ബോളാണ്. ചെറുകിട കളിക്കാരെ മാത്രമല്ല, ലയണല്‍ മെസ്സി, ബെക്കം മുതല്‍ മറഡോണ, എന്തിന് സാക്ഷാല്‍ പെലെ വരെ എല്ലാവരേയും കളിയുടെ തന്ത്രങ്ങള്‍ പഠിപ്പിക്കാനുള്ള പരിജ്നാനം എനിക്ക് ഉണ്ടെങ്കിലും, സ്റ്റാമിനകുറവ്, പന്തടക്കമില്ലായ്മ, ഷൂട്ടിങ്ങിലെ കഴിവുകേട് എന്നീ സാങ്കേതിക കാരണങ്ങളാല്‍ ഞാനും ഫുട്ബാളുമായുള്ള ബന്ധം കളത്തിന്നു പുറത്ത് മാത്രമായി ഒതുക്കിയിരുന്നു.

വായനശാലയോട് ചേര്‍ന്നുള്ള മൈതാനത്ത് ബാഡ്മിന്‍റണ്‍ കളി നടന്നിരുന്നു. കേശവേട്ടനാണ് കോച്ച്. ടിയാന്‍ സ്റ്റേഷന്‍ മാസ്റ്ററും വളരെ കാലമായി ഇവിടെ തന്നെ താമസിക്കുന്ന ആളുമാണ്. കുടുംബം നാട്ടിലായതിനാല്‍ ക്വാര്‍ട്ടേര്‍സില്‍ ഒറ്റക്കാണ് താമസം. ഡ്യൂട്ടി കഴിഞ്ഞാല്‍ അവിടെ ചെന്ന് കിടന്നുറങ്ങും. അല്ലാത്തപ്പോള്‍ ഞങ്ങളെ കായിക താരങ്ങളാക്കാനുള്ള ശ്രമമായിരിക്കും

ഞാനും കളിക്കാന്‍ ചെന്നിരുന്നു. എത്ര ശ്രമിച്ചിട്ടും വരുന്ന പന്തിനെ അടിച്ചാല്‍ തൊണ്ണൂറു ശതമാനവും കൊള്ളാറില്ല. വട്ട ചെമ്പിനു പിടിവെച്ചു കൊടുത്താലേ ഈ പഹയന്‍ പന്തില്‍ കൊള്ളിക്കൂ, എന്ന് കോച്ച് ഇടക്കിടക്ക് പറഞ്ഞ് എന്‍റെ ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാക്കും. അങ്ങിനേയിരിക്കെ, "നിന്നെ ഇന്ന് ഞാന്‍ ശരിപ്പെടുത്തും" എന്ന് പറഞ്ഞ് കോച്ച് എന്നെ എതിര്‍ കോര്‍ട്ടില്‍ മുമ്പില്‍ നിര്‍ത്തി, പലവട്ടം അടിക്കാന്‍ പാകത്തില്‍ പന്ത് ഇട്ടു തന്നു. പതിവു പോലെ ഒക്കെ ഞാന്‍ പാഴാക്കി. അരിശം വന്ന അദ്ദേഹം "ആശാരി കോലിന്ന് ആറേമുക്കാല്‍ കോല്‍ നീളമില്ലേടാ, ചാടീട്ട് ഒരു വീക്ക് കൊടുക്ക് " എന്നു പറഞ്ഞു പന്ത് എനിക്ക് ഇട്ടുതരികയും, അടിക്കാനായി ചാടിയ ഞാന്‍ ഇടുപ്പും കുത്തി വീഴുകയും ചെയ്തത് ഒന്നിച്ചായിരുന്നു. പിന്നീട് ഞാന്‍ ആ ഏര്‍പ്പാടിന്ന് മിനക്കെട്ടിട്ടില്ല.

എന്നെ പോലുള്ള അണ്‍ഫിറ്റുകള്‍ പുഴമ്പള്ളയില്‍ ആട്ടക്കളം കളിക്കുകയും, പുഴയില്‍ മണലെടുത്ത് കുഴിയായ ഭാഗത്ത് ചാടി മദിക്കുകയും ചെയ്ത് സന്തോഷിച്ചിരുന്നു.

മകരമാസത്തിലെ പൂയത്തിന്നാണ് അത് സംഭവിച്ചത്. തൈപൂയവും, തേരും, പള്ളിനേര്‍ച്ചയും അന്നു വെളുത്തവാവാണ്. എന്‍റെ കാഴ്ചപ്പാടില്‍ , വൃശ്ചികത്തിലെ കാര്‍ത്തിക, ധനു മാസത്തെ തിരുവാതിര, മകരത്തിലെ പൂയം എന്നിവയാണ് മനോഹരമായ വെളുത്ത വാവുകള്‍. കുംഭപ്പറ (കുംഭത്തിലെ പൌര്‍ണ്ണമി)യും നന്ന്( അന്നു ചന്ദ്രനെ പൊലെ വലിയ ചേന കിട്ടാനായി കര്‍ഷകര്‍ ചേന നടുക പതിവാണ്), പക്ഷെ അന്ന് ചിലപ്പോള്‍ ചന്ദ്രനെ മഴക്കാര്‍ മൂടും.

കളിയും കുളിയും കഴിഞ്ഞു നോക്കുമ്പോള്‍ , കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ മാല കാണാനില്ല. സാധനം അമ്മയുടേതാണ്. താലപ്പൊലിക്കും അയ്യപ്പന്‍ വിളക്കിനും ഷര്‍ട്ടിടാതെ നടക്കുമ്പോള്‍ നാലുപേര്‍ കാണട്ടെ എന്ന സദുദ്ദേശം വെച്ച് ഇട്ടിരുന്നതാണ്. അതും കളഞ്ഞ് വീട്ടില്‍ പോകുന്നതിനേക്കാള്‍ ജീവന്‍ ഒടുക്കുകയായിരിക്കും ഭേദം.

പിന്നെ ഒരു കൂട്ട തിരച്ചിലായിരുന്നു. ചന്ദ്രന്‍ ഉദിച്ചിട്ടും തിരച്ചില്‍ തീര്‍ന്നില്ല, സാധനം കിട്ടിയതുമില്ല. അപ്പോഴാണ് കുളി കഴിഞ്ഞ് കേശവേട്ടന്‍ വരുന്നത്. എന്താടാ, പിള്ളരേ ഒരു തപ്പലും തിരയലും എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന്ന് ആരോ മറുപടി നല്‍കി. ഇന്ന് പള്ളി നേര്‍ച്ചയല്ലേടാ, തങ്ങളെ വിളിച്ച് ഒന്നു കൂടി നോക്ക്, കിട്ടിയാല്‍ നമുക്ക് നേര്‍ച്ചക്ക് പോകാം എന്ന അഭിപ്രായം എല്ലാവരും അംഗീകരിച്ചു. അത്ഭുതമെന്ന് പറഞ്ഞാല്‍ മതിയല്ലോ, വെള്ളത്തില്‍ മുങ്ങിയ മുഹമ്മദ് മാലയുമായിട്ടാണ് പൊങ്ങിയത്. എല്ലാവരും ഒമ്പതുമണിക്ക് ഒത്തുകൂടാമെന്ന് തീരുമാനിച്ച് പിരിഞ്ഞു. വീട്ടില്‍ ചില്ലറ എതിര്‍പ്പ് പ്രകടിക്കപ്പെട്ടു. തുടി പുറത്ത് കോലു വെച്ചാല്‍ അവിടെ എത്തണം എന്ന ശീലം നന്നല്ല എന്ന് അച്ഛന്‍ പറഞ്ഞുവെങ്കിലും, നേര്‍ന്നിട്ട് പോകാതിരുന്നാല്‍ ദോഷമാണ് എന്നു പറഞ്ഞ് അമ്മ സമ്മതം വാങ്ങി തന്നു. അലുവയും പൊരിയും വാങ്ങാനുള്ള പണവും അമ്മ ആരും കാണാതെ ഏല്‍പ്പിച്ചു.

ഏറ്റവും ഒടുവില്‍ എത്തിയത് ഞാനായിരുന്നു. എങ്ങിനെ പോകണം എന്ന ആലോചന അവസാനിച്ചത്, നടന്ന് പോയി, ഗ്രാമത്തില്‍ ചെന്ന് പുഴയിറങ്ങി എളുപ്പ വഴിയിലൂടെ പോവുക എന്ന തീരുമാനത്തിലായിരുന്നു.

പുഴ വരെ വലിയ കുഴപ്പം ഇല്ലായിരുന്നു. കേശവേട്ടന്‍ അല്പം വീലായിരുന്നു എന്നു മാത്രം. ഇമ്മാതിരി നല്ല കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ ലേശം അകത്ത് വേണമെന്നതാ ഒരു ന്യായം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതും, മാണിക്കന്‍ ഷര്‍ട്ട് പൊക്കി മങ്ക്രുണി കുപ്പി എദുത്തതും ഒന്നിച്ചായിരുന്നു. ഞങ്ങള്‍ മൂന്നു പേര്‍ ഒഴികെ എല്ലാവരും അല്‍പ്പാല്‍പ്പം അകത്താക്കി. ഭരണിപ്പാട്ടും കൂക്കി വിളിയുമായാണ് പിന്നത്തെ യാത്ര.

ഒരു വളവു തിരിഞ്ഞപ്പോള്‍ "ആ വേലി ചാടിയാല്‍ എളുപ്പത്തിലെത്താം" എന്ന് പറഞ്ഞ് മുഹമ്മദ് വേലി ചാടി. കൊല്ലാവധി നേര്‍ച്ചക്ക് വന്ന് പരിചയമുള്ള ആളായതിനാല്‍ പിറകെ മറ്റുള്ളവരും ചാടി കടന്നു. വേറൊരു വേലിക്കു മുമ്പിലാണ് ഞങ്ങള്‍ എത്തിയത്. മറ്റു മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ അതും ചാടീ. അങ്ങിനെ ഒരു ഡസന്‍ വേലികള്‍ ചാടിയപ്പോള്‍ സ്ഥലത്തെത്തി. ഇതിനിടെ എല്ലാവരുടേയും കൈകാലുകള്‍ മുറിയുകയും കേശവേട്ടന്‍റെ ഡബിള്‍ വേഷ്ട്ടി മുള്ളില്‍ കോര്‍ത്ത് കീറുകയും ചെയ്തു

ആര്‍ക്കും നേര്‍ച്ചയിലല്ലായിരുന്നു താള്‍പര്യം. അപ്പ പെട്ടിയുമായി വന്ന കുട്ടി കൊമ്പനെ വെകിളി പിടിപ്പിക്കുക, റിക്കാര്‍ഡ് ഡാന്‍സിനൊപ്പം ഡാന്‍സ് കളിക്കുക, ഒരോരൊ കച്ചറകള്‍ കാട്ടുക എന്നിവയായി സമയം കഴിച്ചു. കൈനോട്ടക്കാരനോട് ഫലം നോക്കിച്ച്, നിനക്ക് ഒന്നും അറിയില്ല എന്നു പറഞ്ഞ് മാണിക്കന്‍ അവന്‍റെ വിളക്ക് ഊതി കേദുത്തി വലിച്ചെറിഞ്ഞതോടെ പിന്നെ അവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ല എന്നു മനസ്സിലായി

കേശവേട്ടന്ന് ചായ കുടിക്കണമെന്ന് തോന്നിയതിനാല്‍ എല്ലവരും ചായക്കടയില്‍ കയറി. പലര്‍ക്കും നല്ല വിശപ്പും തോന്നിയിരുന്നു. താല്‍ക്കാലികമായി ഓല മറച്ച ഷെഡ്ഡായിരുന്നു ചായക്കട. നേര്‍ച്ചക്ക് വന്ന സകലരും അതിനകത്താണെന്നു തോന്നി. ഇരിക്കാന്‍ സ്ഥലമില്ല, വിളമ്പാന്‍ ആളില്ല എന്ന അവസ്ഥ. കുറച്ചു നേരം കാത്തു നിന്നു എന്നത് ശരിയാണ്. പിന്നെ കാണുന്നത് മാണിക്കനും കേശവേട്ടനും സാധനങ്ങള്‍ എടുത്ത് ആളുകള്‍ക്ക് വിളമ്പുന്നതാണ്. ഇതിനിടയില്‍ ഞങ്ങള്‍ക്കും തോന്നിയത് ഒക്കെ വിളമ്പി തന്നു. ഇവരുടെ ശല്യം ക്രമേണ സഹിക്കവയ്യാത്ത മട്ടിലായി. കടക്കാരന്‍ മെല്ലെ എന്നെ വിളിച്ച് ഇവരെ എങ്ങിനേയെങ്കിലും കൂടെ കൂട്ടി സ്ഥലം ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ചു. ബില്‍ തുക ചോദിച്ചപ്പോള്‍ ദയവായി പോയാല്‍ മതി എന്ന് കൈകൂപ്പി.

മദ്യപിക്കാത്തവര്‍ മറ്റുള്ളവരെ ഒരു ഒഴിഞ്ഞ പുരയിടത്തിലേക്ക് ആനയിച്ചു. നേര്‍ച്ച സ്ഥലത്തു നിന്നും അര നാഴിക ദൂരം കാണും. സമീപത്തൊന്നും ആള്‍ താമസമില്ല. വയല്‍ വക്കത്ത് പത്തടി ഉയര്‍ന്ന തിട്ടാണത്. കഴിക്കോല്‍ പണിയാന്‍ കരിമ്പന മുറിച്ചത് കിടക്കുന്നു. അസ്തിവാരം കരിങ്കല്ലില്‍ തീര്‍ത്തതാണ്. ഇവിടെയിരുന്നാല്‍ വെടിക്കെട്ട് സുഖമായി കാണാം. ക്ഷീണം കാരണം തോര്‍ത്ത് വിരിച്ചു ഞാന്‍ കിടന്നു. എപ്പോള്‍ ഉറങ്ങി എന്ന് എനിക്കറിയില്ല. വല്ലാത്ത ചൂട് തോന്നിയപ്പൊള്‍ ഉണര്‍ന്നു. എനിക്ക് കലശലായ ഭയം തോന്നി. കീചകന്‍മാര്‍ പുരത്തറ പൊളിച്ച് താഴെ വയലിലേക്ക് കരിങ്കല്ലുകള്‍ വലിച്ചെറിയുകയും,കരിമ്പനക്കു തീ വെക്കുകയും ചെയ്തിരിക്കുന്നു. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. മഹാപാപികള്‍ റിട്ടേണ്‍ അടിച്ചു രക്ഷപ്പെട്ടു.

4. ഒരു സീരിയല്‍ നിര്‍മ്മാണ ചരിതം

Monday, August 25, 2008

ഇന്‍റ്റര്‍വ്യുവിന്ന് സംഭവിച്ച നാണക്കേടിന്‍റെ ചമ്മലില്‍ നിന്നും ഞാന്‍ വിമുക്തനായിരുന്നില്ല. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ദിവസങ്ങളോളം ചടഞ്ഞു കൂടി. വെള്ളേപ്പം നിര്‍മ്മിച്ച് പരാജയപ്പെട്ട വിഷമമാണെന്നാണ് വീട്ടുകാര്‍ കരുതിയത്.

"നീയെന്താ കുരങ്ങ് ചത്ത കുറവനേപ്പോലെ ഇരിക്കുന്നത്. പുറത്തിറങ്ങി കൂട്ടുകാരെ കാണ് " എന്ന് പ്രിയ മാതാവ് പല വട്ടം പറഞ്ഞപ്പോഴാണ് പുറത്തിറങ്ങിയത്. തല കീഴായി നിന്ന് പഠിച്ചിട്ടാണെങ്കിലും അടുത്ത തവണ പി.എസ്.സി. എഴുതി ജയിച്ച് ഒരു എല്‍.ഡി.സി ആയി തീരണം എന്ന് ആലോചിച്ച് നടക്കൂമ്പോഴാണ് "നിന്നെ അന്വേഷിച്ച് മാണിക്കന്‍ വീട്ടിലേക്ക് പോയി "എന്ന കാര്യം വഴിക്കുവെച്ച് നാരായണന്‍കുട്ടി പറയുന്നത്. ഞാന്‍ കഴിയുന്നത്ര ആളുകളെ ഒഴിവാക്കാനായി പാടത്ത് കൂടി വന്നപ്പോള്‍ അവന്‍ റോഡിലൂടെ എന്നെ തിരക്കി പോയിരിക്കണം ഇനി എന്ത് ഏടാകൂടം ഒപ്പിക്കാനാണോ വരുന്നത് എന്ന് ചിന്തിച്ച് റോഡിലേക്ക് കയറിയപ്പൊള്‍ മാണിക്കന്‍ സൈക്കളില്‍ ഇരുന്ന് ഒരു കാല്‍ നിലത്ത് ഊന്നി എന്നെ കാത്ത് നില്‍ക്കുന്നു.

" ഇഷ്ടാ, ഇന്ന് ഉച്ചക്ക് നമുക്ക് ഒരിടം വരെ പോകണം, വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിന്ന് ഒരാളെ കാണാനാണ് "എന്നായി അവന്‍.

എത്ര കുത്തികുത്തി ചോദിച്ചിട്ടും വിശദാംശങ്ങള്‍ അവന്‍ പറഞ്ഞില്ല. കാണാന്‍ പോണ പൂരം കേട്ടറിയണോ എന്ന നിലപാടാണ് അവന്‍റേത്.

ഏതായാലും ഉച്ചയൂണ് കഴിഞ്ഞു ഞാന്‍ കവലയില്‍ എത്തിയപ്പോള്‍ മാണിക്കന്‍ റെഡി. ആദ്യം വന്ന മയില്‍ വാഹനത്തില്‍ കയറി ടിക്കറ്റ് വാങ്ങിയതും പണം കൊടുത്തതും അവനായിരുന്നു.

ഒന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞ് ചെറിയ ഒരു അങ്ങാടിയില്‍ ബസ്സിറങ്ങി. അടുത്ത യാത്ര ഓട്ടോറിക്ഷയിലായിരുന്നു. ഒരു ഇടവഴിക്ക് മുന്നില്‍ ഓട്ടോ നിര്‍ത്തി. പിന്നീടുള്ള നടപ്പിന്നിടയിലാണ് യാത്രയുടെ ഉദ്ദേശം മാണിക്കന്‍ പറഞ്ഞത്.

"നമ്മള്‍ ഒരു സീരിയല്‍ നിര്‍മ്മിക്കാന്‍ പോണു, അതിനായി ഭാസ്കരന്‍ സാറിനെ കാണാനാണ് ഇപ്പോള്‍ പോകുന്നത് "

ഞാന്‍ ശരിക്കും ഒന്നു ഞെട്ടി. സ്വതവേ എനിക്ക് സീരിയല്‍ അത്ര ഇഷ്ടമല്ല. ടി.വി.യില്‍ ഏക ദിന മത്സരം ആസ്വദിച്ച് കാണുമ്പോഴായിരിക്കും സീരിയല്‍ പ്രേമികളായ വീട്ടുകാര്‍ വരിക. " കറുമ കണ്ണറാതി, പന്തില്‍ തുപ്പി തേച്ച് ഊരയില്‍ ഉരക്കുന്നത് എന്ത് കളിയാണ് " എന്നു പറഞ്ഞ് റിമോട്ട് ഏറ്റു വാങ്ങുന്നതോടെ കായികപ്രേമി ഫീല്‍ഡ് ഔട്ട് ആകുന്നതിനാല്‍ ഈ പരിപാടി മുടിഞ്ഞു പോട്ടെ എന്ന് ശപിച്ചാണ് എപ്പോഴും എഴുന്നേറ്റു പോകാറ്

ഇതൊക്കെയാണെങ്കിലും കാര്യം അത്ര എളുപ്പമല്ല എന്ന് എനിക്കറിയാം ഒന്നാമത് പണം വേണം. നല്ല സംവിധായകന്‍ വേണം. കഴിവുള്ള നടീനടന്‍മാര്‍ വേണം. കഥ വേണം. ഇതൊക്കെ എങ്ങിനെ സംഘടിപ്പിക്കും എന്ന ശങ്ക മനസ്സില്‍ കടന്നു വന്നു.

ഞാന്‍ ചോദിക്കാതെ തന്നെ എന്‍റെ മനസ്സിലെ ചൊദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പിന്നീടുള്ള മാണിക്കന്‍റെ വാക്കുകള്‍. പണം മുടക്കാന്‍ തയ്യാറായി ഒരു പ്രൊഡ്യൂസറെ കിട്ടി കഴിഞ്ഞു. ഞങ്ങള്‍ "നൊസ്സന്‍ മാഷ്" എന്ന് വിളിക്കുന്ന എം.സി.ആര്‍ മാസ്റ്ററാണ് സീരിയലിന്ന് പണം മുടക്കുന്നത്. കക്ഷിക്ക് വിവരം ശകലം കുറവാണെങ്കിലും, അത് നികത്താനും കൂടി ഉള്ള സാമ്പത്തികം നല്‍കി ദൈവം അനുഗ്രഹിച്ചിരിക്കുന്നു.

ഭാസ്കരന്‍ സാര്‍ സംവിധാനം ചെയ്യും. സിനിമയില്‍ ചാന്‍സ് കിട്ടാതെ വെറുതേയിരിക്കുന്ന കുറേ നടീ നടന്‍മാര്‍ മൂപ്പരുടെ കസ്റ്റഡിയില്‍ ഉള്ളതിനാല്‍ ആ കാര്യം എളുപ്പമായി. പിന്നെ ലോക്കല്‍ നാടക ട്രൂപ്പുകളില്‍ നിന്നും പരിചയക്കാര്‍ക്ക് അവസരം നല്‍കാനും പറ്റും. കഥയുടെ കാര്യം ഭാസ്കരന്‍ സാര്‍ നേരില്‍ പറയും. തല്‍ക്കാലം സസ്പെന്‍സ് ആവട്ടെ.

പത്ത് മിനുട്ട് നടന്നതേയുള്ളു, പഴയ ഒരു പത്തായ പുരയുടെ മുന്നില്‍ ഞങ്ങള്‍ എത്തി. ഇല്ലിപടി തുറന്നതും മുറ്റത്ത് കിടന്നിരുന്ന ചാവാളി പട്ടി മോങ്ങിയിട്ട് അപ്രത്യക്ഷമായി.

മുന്‍വശത്തെ വാതില്‍ തുറന്ന് ഒരു ജുബ്ബധാരി കടന്നു വന്നു. കഴുത്തു വരെ നീട്ടി വളര്‍ത്തിയ തലമുടി തടവി അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. വരാന്തയിലെ ദ്രവിച്ചു പൊട്ടാറായ കസേലകളില്‍ ഞങ്ങള്‍ ഇരുന്നു.

" സാറേ, ഇതാണ് ഞാന്‍ പറഞ്ഞ കൂട്ടുകാരന്‍." മാണിക്കന്‍ എന്നെ പരിചയപ്പെടുത്തി "ഇവന്‍ ബി.എ. കാരനാണ്."
ജുബ്ബ എന്നെ നോക്കി ചിരിച്ചു. "ഐച്ഛിക വിഷയം മലയാളമായിരിക്കുമല്ലോ " എന്ന് അന്വേഷിക്കുകയും ചെയ്തു.

ഞാന്‍ ബി.കോം കാരനാണെന്നും പത്താം തരം വരെ മാത്രമേ മലയാളം പഠിച്ചതെന്നും പറഞ്ഞത് ആദ്ദേഹത്തിന്‍റെ താല്‍പര്യം കുറച്ച പോലെ തോന്നി.

"സാര്‍ വിഷമിക്കരുത്. ഇവന്‍ മിടുക്കനാണ്. എല്ലാം ഞാന്‍ പറഞ്ഞു കൊടുത്ത് ഒന്നാന്തരമായി ചെയ്യിക്കാം" എന്നു പറഞ്ഞു മാണിക്കന്‍ ജുബ്ബക്ക് ധൈര്യം കൊടുത്തു.

എന്നെ വെളിയില്‍ ഇരുത്തിയിട്ട് അവര്‍ ഇരുവരും അകത്തേക്ക് ചെന്നു. ഒറ്റക്കിരുന്നപ്പോള്‍ ഇതില്‍ എന്‍റെ റോള്‍ എന്തായിരിക്കുമെന്നതായിരുന്നു എന്‍റെ മനസ്സില്‍.

കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ വന്നത്.

" നിങ്ങളേയാണ് ഇതിന്‍റെ കഥ എഴുതാന്‍ ഏല്‍പ്പിക്കുന്നത് " ജുബ്ബ എന്നോട് പറഞ്ഞു "എനിക്ക് നിങ്ങളേക്കുറിച്ച് ഒന്നും അറിയില്ല. എന്നാലും മാണിക്കന്‍ പറഞ്ഞത് തഴയാന്‍ പറ്റാത്തതിനാലാണ് ഏല്‍പ്പിക്കുന്നത്"മാണിക്കനുമായ ജുബ്ബയുടെ ബന്ധം ജുബ്ബ തന്നെ പറഞ്ഞു. മുരുക ഭഗവാനെ കുറിച്ചുള്ള ഒരു സീരിയല്‍ തെക്കെ ഇന്ത്യയിലെ നാല് പ്രധാന ഭാഷകളിലും ഒരേ സമയം എടുക്കുന്നതുമായി ബന്ധപ്പെട്ട് പഴനിയില്‍ താമസിക്കുന്ന സമയത്ത് ചിക്കന്‍പോക്‌സ് വന്നതും , ഊണും ഉറക്കവും ഉപേക്ഷിച്ച് മാണിക്കന്‍ ശുശ്രൂഷിച്ചതും , അതിനാല്‍ തന്നെ തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ളതും വികാരഭരിതനായാണ് ജുബ്ബ പറഞ്ഞത്.

സീരിയലിന്‍റെ സാങ്കേതിക കാര്യങ്ങളാണ് പിന്നീട് വിശദീകരിച്ചത്. വളരേയേറെ പ്രത്യേകതകള്‍ ഉള്ള ഒന്നാണ് സീരിയല്‍. തമിഴില്‍ നിന്ന് ചേക്കേറിയതാണു സീരിയല്‍ എന്ന തുടര്‍ നാടകം. മരപ്പട്ടിയും അല്ല പോക്കാനും അല്ല എന്ന് പറയുന്ന പോലെ ഇത് നാടകവും അല്ല സിനിമയും അല്ല. മറ്റു കലകളെ പോലെ വലിയ അറിവോ പരിശീലനമോ ഒന്നും ഇതിന്ന് ആവശ്യമില്ല. ആര്‍ക്കും എന്തും കാട്ടാം. യാതോരു യുക്തിഭദ്രതയും ഇതിന്ന് ആവശ്യമില്ല. ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം,

തമിഴ് സീരിയലുകളില്‍ കാല്‍കാശിന്ന് വകയില്ലാത്തവന്‍ ബിസിനസ്സ് ചെയ്യാനായി മൂന്നോ നാലോ കോടി രൂപ ഉതവി ചോദിക്കുന്നത്. കാണികള്‍ ഇതേകുറിച്ച് വേവലാതിപ്പെടില്ല. ഒരു ചടങ്ങുപോലെ അവര്‍ സമയാസമയം ടി.വി ക്കു മുമ്പില്‍ ഇരുന്നു കാണും. ഇനി പെട്ടെന്ന് ഒരു ദിവസം ഒരു റോള്‍ അഭിനയിക്കുന്ന വ്യക്തി പരിപാടി നിര്‍ത്തി പോയാലും വേറൊരാളെ വെച്ച് സീരിയല്‍ തുടരാം, ഈ സൌകര്യം മറ്റെവിടെ കിട്ടും . അഥവാ റേറ്റിങ്ങ് കുറഞ്ഞാലോ , ഏത് നിമിഷം വേണമെങ്കിലും നിര്‍ത്താം. ആരോടും സമാധാനം പറയാനുമില്ല.

ഒന്നു നിര്‍ത്തി ജുബ്ബ തുടര്‍ന്നു. പിന്നെ ആളുകളെ ആകര്‍ഷിക്കാന്‍ ചില പൊടിക്കൈകളൊക്കെ അറിഞ്ഞിരിക്കണം.
അതേക്കുറിച്ചായി പിന്നത്തെ വിശദീകരണം.

ആദ്യമായി മൂന്നോ നാലോ വീടുകള്‍, അത്രയും തന്നെ കാറുകള്‍, മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവ വേണം. ആശുപത്രി, പോലീസ് സ്റ്റേഷന്‍, അമ്പലം എന്നിവ ഇടയ്ക്ക് കാട്ടണം. സ്ത്രീ കഥാപാത്രങ്ങള്‍ പോലീസിനോട് കയര്‍ത്ത് സംസാരിക്കണം. കൈകൂലി കാരനായ പോലീസ് ഒഫീസര്‍ വേണം.

സാധാരണ മൂധേവിയായ ഒരു തള്ള കാണും.

"സാര്‍ നമുക്ക് ആറെഴ് എണ്ണം വേണം ഈ സൈസില്‍" എന്ന് മാണിക്കന്‍ ചാടിക്കേറി പറഞ്ഞു.

" നായകനോ, നായികക്കോ അവിഹിത ബന്ധം മിക്ക സീരിയലിലും കാണാം " എന്ന് ജുബ്ബ പറയുമ്പോഴേക്കും "നമുക്ക് എല്ലാ പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും ഇമ്മാതിരി ഏര്‍പ്പാട് വേണം" എന്നായി മാണിക്കന്‍.

"വേറൊരു ഘടകം ഒരു കൈകുഞ്ഞാണ്, ഈ കുട്ടിയെ കാണാതാകുന്നതും മറ്റുമാണ് കഥയുടെ ഗതി നിയന്ത്രിക്കുന്നത് "എന്നു പറഞ്ഞപ്പോഴേക്കും "എന്നാല്‍ നമുക്ക് ഒരു ഡസന്‍ പിള്ളേരെ സംഘടിപ്പിക്കാമെന്നായി എന്‍റെ കൂട്ടുകാരന്‍.

ഏറ്റവും പ്രധാനം ഒരോ എപ്പിസോഡിലും " നീ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല" എന്ന വാചകം മൂന്ന് പ്രാവശ്യമെങ്കിലും വേണം എന്നതാണ്. ഈ പറഞ്ഞ ചേരുവകള്‍ പാകത്തിന്ന് ഉള്ള സീരിയലാണെങ്കില്‍ ശ്വാസം വലിച്ച് ചാവാന്‍ കിടക്കുന്ന തള്ളമാരുപോലും ടി.വി.ക്കു മുമ്പില്‍ ഹാജരാവും, തീര്‍ച്ച

നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ തോന്നുന്നുവോ എന്ന ചോദ്യത്തിന്ന് "ഏതെങ്കിലും മൂന്നാലു പെണ്ണുങ്ങള്‍ വയറ്റില്‍ തലയണ്ണ വെച്ചുകെട്ടി ഗര്‍ഭം അഭിനയിച്ചാല്‍ കഥ നന്നാകുമെന്നായി മാണിക്കന്‍.

ഞായറാഴ്ച മാഷുടെ വീട്ടില്‍ കാണാമെന്നും അതിനകം മാണിക്കന്‍ കഥ ശരിയാക്കണമെന്നും നിശ്ചയിച്ച് പിരിഞ്ഞു.
തിരിച്ചു വരുമ്പൊള്‍ മാണിക്കന്‍ പറയുന്ന കഥ ഞാന്‍ എഴുതണമെന്നും പ്രതിഫലം കനത്തതായിരിക്കുമെന്നും എന്നെ ചങ്ങാതി അറിയിച്ചു.

ഞായറാഴ്ച ഞങ്ങള്‍ നൊസ്സന്‍ മാഷുടെ വീട്ടില്‍ എത്തിയപ്പോള്‍ ജുബ്ബയും മാഷും ഞങ്ങളെ കാത്ത് ഇരിക്കുകയായിരുന്നു. ഗൌരവമായ കാര്യമാണ് ഇനി പറയാനുള്ളത് എന്നു പറഞ്ഞ ജുബ്ബ ഒരു പ്രസംഗം തന്നെ നടത്തി. താന്‍ ഒരു പ്രോജക്ട് തുടങ്ങുന്ന കാര്യം ചാനലുകള്‍ ഉറ്റു നോക്കുകയാണെന്നും മാണിക്കനോടുള്ള വ്യക്തിബന്ധം മാത്രമാണ് ഇതില്‍ സഹകരിക്കാനുള്ള കാരണമെന്നും ജുബ്ബ പറഞ്ഞു. എത്ര പണം വേണമെങ്കിലും മാഷ് ചിലവാക്കും, അഭിനയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കൊടുത്ത് ഒരു മാസത്തിനകം ഷൂട്ടിങ്ങ് തുടങ്ങും.

"അപ്പൊള്‍ കഥയോ?" അറിയാതെ ആ ചോദ്യം എന്നില്‍ നിന്ന് ഉയര്‍ന്നു.

ജുബ്ബ ഒന്ന് ചിരിച്ചു, എന്നിട്ട് പതിയെ പറഞ്ഞു " സാധാരണ ഒരു കഥ തിരഞ്ഞെടുത്തിട്ടല്ല സീരിയല്‍ ചെയ്യുക. ഓരോ ദിവസവും അന്നന്ന് ഹാജരാവുന്ന വേഷക്കാര്‍ക്ക് യോജിച്ച മട്ടില്‍ ഡയലോഗ് എഴുതും. എങ്ങിനെ പോയാലും ഒടുവില്‍ അത് ഒരു കഥ ആയി മാറും. ഇനി അഥവാ ഒരു നല്ല കഥ കിട്ടിയാലോ, ഡയരക്ടര്‍ അതിനെ കുരുത്തം കെടുത്തി കുട്ടിച്ചോറാക്കും. എന്നാലേ റേറ്റിങ്ങ് കൂടുകയുള്ളു ". മാണിക്കനെ വത്സല്യത്തോടെ ഒന്നു നോക്കി ജുബ്ബ തുടര്‍ന്നു

" ഭാഗ്യത്തിന്ന് നമുക്ക് നല്ല ഒരു കഥാകാരനെ കിട്ടി, ശ്രീ മാണിക്കന്‍. അദ്ദേഹം പറയുന്ന കഥ കൂട്ടുകാരന്‍ എഴുതും". എനിക്ക് മോഹാലസ്യം വരുന്നതുപോലെ തോന്നി. ഒമ്പതാം ക്ളാസ് തോറ്റിട്ട് കൂലി പണിക്ക് പോകുന്ന ഇവനാണോ കഥാകാരന്‍.

അനുമതി കിട്ടിയതോടെ മാണിക്കന്‍ ആരംഭിച്ചു " ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ്. അവിടെ അതി പുരാതനമായ ഒരു ഇല്ലം. അതിന്‍റെ ഓണറാണ് രാമയ്യര്‍ ".

"ഇല്ലത്തില്‍ അയ്യരോ? നമ്പൂരിയല്ലേ ശരി." എന്ന് ഞാന്‍ സംശയം പറഞ്ഞു. "അതിന്‍ കുഴപ്പം ഒന്നും ഇല്ല. നമ്പൂരിക്കും അയ്യര്‍ക്കും പൂണൂല്‍ ഉള്ളതിനാല്‍ ഏതുമാകാം "എന്നായി കാഥികന്‍. മാണിക്കന്‍ തുടര്‍ന്നൂ "അദ്ദേഹത്തിന്‍റെ മകനാണ്‍ അബ്ദുള്ളകുട്ടി."

രാമയ്യരുടെ മകന്‍ അബ്ദുള്ളകുട്ടിയോ എന്ന് ഞാന്‍ ഇടപെട്ടു.

"നീ വായ മൂട്." അവന്‍ ശാസിച്ചു " നീ സീരിയല്‍ കാണാഞ്ഞിട്ടാണ്. അച്ചന്‍ ഒരു മതത്തിലും മക്കള്‍ വേറൊന്നിലും ആവുന്നതാണ് സീരിയലിലെ ഫാഷന്‍"

ജുബ്ബയും മാഷും തല കുലുക്കി സമ്മതിച്ചു.

നമ്മുടെ സീരിയലില്‍ മറ്റവന്‍ കൂടി വേണമെന്ന് എനിക്ക് തോന്നുന്നൂ എന്നയി മാണീക്കന്‍. എന്താണ് അവന്‍ ഉദ്ദേശിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലായില്ല. ജുബ്ബ കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

" മറ്റവന്‍ എന്നു വെച്ചാല്‍ "മാണിക്കന്‍ പറഞ്ഞു " പീഡനം. നല്ല ഒന്നാന്തരം പീഡനം"

ഒരു സീരിയലിലും ഇല്ലാത്ത ഒരു സംഭവമാണ് ഇത്. കുറച്ചു നേരം ആരും ഒന്നും പറഞ്ഞില്ല.

" സംഗതി വിരൊധമില്ല,പക്ഷേ " ജുബ്ബ സാങ്കേതിക തടസ്സം ഉന്നയിച്ചു " കഥയില്‍ പറ്റിയ സിറ്റുവേഷന്‍ വേണം

"അതിനെന്താ വിരോധം" മാണിക്കന്‍ വാചാലനായി " നമ്മുടെ അബ്ദുള്ളകുട്ടിയുടെ അയ്യായിരം കോടി രൂപയുടെ ബിസിനസ്സ് തകരുന്നു. അയാള്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് ആരംഭിക്കുന്നു. അവിടെ ബി.എ.ക്ക് പഠിക്കുന്ന ഒമ്പതു വയസ്സുകാരിയെ മാഷ് പീഡിപ്പിക്കുന്നു ".

"ഒമ്പതു വയസുകാരി ബി.എ.ക്ക് പഠിക്കുന്നതെങ്ങിനെ" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ "നീ ശബ്ദിക്കരുത്, അതൊന്നും ആരും ശ്രദ്ധിക്കില്ല, അത്രക്ക് ബുദ്ധിയുള്ളവര്‍ സീരിയല്‍ കാണില്ല, വേറെ നല്ല വല്ല പരിപാടിയും കാണും"എന്നായി അവന്‍.

കഥയുടെ രൂപരേഖ തയ്യാറായി. ഞാന്‍ അത് എഴുതാമെന്ന് ഏറ്റു. വളരെ വലിയ പ്രതിഫലമാണ് മാഷ് വാഗ്ദാനം ചെയ്തത്.

അടുത്തതായി മറ്റു കാര്യങ്ങള്‍ ചര്‍ച്ചക്കെദുത്തു. പണം മുടക്കുന്ന ആള്‍ എന്ന നിലക്ക് മാഷ് പറഞ്ഞു.

" സീരിയലില്‍ അഭിനയിക്കുന്നവരെ പങ്കെടുപ്പിച്ച് അഭിമുഖം നടത്തണം. അങ്ങിനെ ചെയ്തു കാണാറുണ്ട് ".

വാസ്തവത്തില്‍ സീരിയലിനെ പറ്റി ആരും നല്ലത് പറയാറില്ല . അപ്പോള്‍ അതിലെ ആളുകളെങ്കിലും നല്ലത് പറഞ്ഞു കേള്‍ക്കാമല്ലോ എന്നു വെച്ച് നടത്തുന്ന പരിപാടിയാണ് അതൊക്കെ. നമുക്കും അത് ആവാമെന്ന് ജുബ്ബ സമ്മതിച്ചു.

സീരിയലിലെ നായികമാരെ കാണുമ്പൊള്‍ അമ്മൂമ്മമാര്‍ കെട്ടി പിടിക്കും, വില്ലത്തികളെ തല്ലും എന്നൊക്കെ പുസ്തകങ്ങളില്‍ എഴുതി കാണാം. അത്തരം രംഗങ്ങള്‍ എടുത്ത് പരസ്യത്തിന്നായി സീരിയലിന്നിടയില്‍ കാണിക്കണമെന്നായി മാഷ്.

ആറേഴ് മുതുക്കി തള്ളമാര്‍ക്ക് മുറുക്കാന്‍ വാങ്ങാനുള്ള കാശും നേര്യേതും കൊടുത്ത് സോപ്പിട്ട് നടിയെ കെട്ടിപിടിപ്പിക്കാമെന്നും, അര വട്ടുള്ള കാളു തള്ളക്ക് വട്ടിളകുമ്പോള്‍ വില്ലത്തിയെ അവരുടെ മുമ്പിലെത്തിച്ച് സംഗതി നടത്താമെന്നും ധാരണയായി.

എന്‍റെ നാട്ടില്‍ കെട്ട്യോനേയും പിള്ളരേയും ഉപേക്ഷിച്ച് പാത മേസ്തിരിയുടെ കൂടെ ഓടിപ്പോയി കുറേ കഴിഞ്ഞ് തിരിച്ചു വന്ന് ഒറ്റക്ക് കഴിയുന്ന ഒരു ജാനു ഉണ്ട്. അവിഹിത ബന്ധം അവള്‍ ഒറിജിനലാക്കും ഒരു ചാന്‍സ് കൊടുക്കണമെന്ന് മാണിക്കന്‍ ആവശ്യപ്പെട്ടു. മാഷും ജുബ്ബയും അത് അംഗീകരിച്ചു.

പത്തു ലക്ഷം രൂപയുമായി പിറ്റേന്ന് ജുബ്ബയും മാഷും അഭിനയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കൊദുക്കാന്‍ പോകുമെന്നും അടുത്ത ആഴ്ച ഒത്തു കൂടുമ്പോഴേക്ക് മാണിക്കനും ഞാനും കൂടി കഥ ശരിയാക്കുമെന്നും ധാരണയായി പിരിഞ്ഞു.

നാലു ക്വയര്‍ പേപ്പര്‍ വാങ്ങി ഞങ്ങള്‍ കഥ എഴുത്ത് തുടങ്ങി. എന്നാല്‍ മാഷുടെ പണം പറ്റിച്ച് ജുബ്ബ സ്ഥലം വിട്ടു എന്ന വാര്‍ത്തയാണ് ഞങ്ങള്‍ പിന്നെ കേട്ടത്.


3. വെള്ളേപ്പം

Sunday, August 24, 2008

വലിയ ഒരു ആപത്തില്‍ നിന്നും രക്ഷ തേടി ഓടുന്നവന്‍റെ മനോഭാവമാണ് എനിക്ക് അപ്പോള്‍ ഉള്ളത്. ഇന്‍റ്റര്‍വ്യൂവിലെ എന്‍റെ പ്രകടനം സത്യസന്ധമായി പറഞ്ഞാല്‍ പരിതാപകരം എന്നേ പറയാനൊക്കു എന്ന് സ്വയം വിലയിരുത്തി. വാസ്തവത്തില്‍ മാണിക്കന്‍ എന്നെ രക്ഷിക്കുകയായിരുന്നു. പരിചയക്കാരോട് എല്ലാവരോടും എനിക്ക് ജോലി കിട്ടി എന്നും എറണാകുളത്ത് ചെന്ന് പണിക്ക് ചേരും എന്ന് മാണിക്കന്‍ കൊട്ടിഘോഷിച്ചതിനാല്‍ എങ്ങിനെ അവരുടെ മുഖത്ത് നോക്കും എന്നതാണ് എന്‍റെ വേവലാതി. കുറച്ച് ദിവസം വീട്ടിലിരുന്ന് പിന്നീട് എന്തെങ്കിലും തരികിട പറഞ്ഞ് തടിതപ്പാമെന്ന് നിശ്ചയിച്ചു. തലക്കു മീതെ കത്തി ജ്വലിക്കുന്ന മേട സൂര്യന്‍. ദാഹവും വിശപ്പും എന്നെ തളര്‍ത്തി. ഞങ്ങള്‍ക്കിടയിലെ മൌനം മാണിക്കനാണ് മുറിച്ചത്. "ഞാന്‍ കാരണം നിനക്ക് ജോലി കിട്ടാതെ പോയി അല്ലേ" എന്ന് അവന്‍ സങ്കടത്തോടെ ചോദിച്ചു.

അങ്ങിനേയല്ല, എന്നെ അവര്‍ക്ക് ഇഷ്ടപ്പെടാത്തത്താണ് കാരണം എന്ന് ഞാന്‍ ആശ്വസിപ്പിച്ചു. "നിനക്ക് വിശക്കുന്നോ" എന്ന ചോദ്യത്തിന്ന് ഞാന്‍ ഉവ്വെന്ന് തല കുലുക്കി. അടുത്തുള്ള ഹോട്ടലില്‍ കയറി. ആപ്പവും മുട്ടറോസ്റ്റും മാണിക്കനാണ് പറഞ്ഞത്. മുളക്കാന്‍ തുടങ്ങുന്ന നാളികേരത്തിന്‍റെ ഉള്ളില്‍ കാണുന്ന പൊങ്ങ് പോലെ നടുവില്‍ മുഴയോടും ചുറ്റും ലേസ് പോലെ കനം കുറഞ്ഞും ഉള്ള ആപ്പം എനിക്ക് വളരേ ഇഷ്ടപ്പെട്ടു. തിരിച്ചു
വരുമ്പോള്‍ , ഈ സാധനം വീട്ടില്‍ ഉണ്ടാക്കി ഇഷ്ടം പോലെ ഭക്ഷിക്കുന്ന കാര്യമാണ് മനസ് മുഴുവന്‍.

വേറൊരു പണിയും, തൊഴിലും പെട്ടെന്ന് ശരിപ്പെടുത്താം എന്ന കൂട്ടുകാരന്‍റെ വാഗ്ദാനം പോലും ഞാന്‍ ശ്രദ്ധിച്ചില്ല. നാട്ടിലെത്തി പിരിയാന്‍ നേരത്താണ് കഴിച്ച പലഹാരത്തിന്‍റെ പേരും നിര്‍മാണ രഹസ്യവും ഞാന്‍ മാണിക്കനോട് ചോദിച്ചത്. സാധനം വെള്ളേപ്പം ആയിരുന്നു എന്നും പ്രധാന ഘടകം കള്ളാണെന്നും അവനാണ് പറഞ്ഞുതന്നത്. നിര്‍മ്മാണ രീതി അന്വേഷിച്ച് പറഞ്ഞു തരാന്‍ മാണിക്കനെ ഏല്‍പ്പിച്ചു.

ഞാന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു അച്ഛനും അമ്മയും. "എന്തായി" എന്ന അച്ഛന്‍റെ അന്വേഷണത്തിന്ന് ഇപ്പോള്‍ പാലക്കാട് ഒഴിവില്ല എന്നു പറഞ്ഞു. "ഇവിടെ ഇല്ലെങ്കില്‍ ഉള്ള ദിക്കില്‍ പണിക്ക് പോണം" എന്ന ഉപദേശം കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ ഉള്ളിലേക്ക് കയറി പോയി.

മൂന്നാം ദിവസം ക്ളിപ്തം വിവരം മാണിക്കന്‍ എന്നെ അറിയിച്ചു. അരിമാവ് കള്ളില്‍ കുഴച്ചു വെച്ച്, പിറ്റേന്ന് ചീനച്ചട്ടിയില്‍ കയിലില്‍ കോരി ഒഴിച്ചു മൂടി വെക്കുക. തുറന്നാല്‍ വെള്ളേപ്പം റെഡി. ഞാന്‍ ആവശ്യം വീട്ടില്‍ ഉന്നയിച്ചു. "ഇവിടെ ഉള്ളത് കഴിച്ച് കഴിഞ്ഞു കൂടിയാല്‍ മതി, ആവശ്യമില്ലാത്ത ഒരോന്ന് പറഞ്ഞ് ശാഠ്യം പിടിക്കരുത്" എന്ന് അമ്മ വാണിങ്ങ് തന്നു. എങ്കിലും ഇടക്കിടെ പഴയ പല്ലവി ആവര്‍ത്തിച്ചും , അമ്മ ആവശ്യപ്പെടുന്ന ചില്ലറ ജോലികള്‍ ചെയ്‌ത് സോപ്പിട്ടും, ഒരു വിധത്തില്‍ ആവശ്യം ഉപാധികളോടെ അംഗീകരിപ്പിച്ചു. "ഞാന്‍ ഇതൊന്നും തിന്നിട്ടില്ല, എനിക്ക് ഒട്ട് അറിയും ഇല്ല, എപ്പോഴെങ്കിലും സാധനം കാണട്ടെ , എന്നിട്ട് ആലോചിക്കാം." എന്ന അര്‍ദ്ധ സമ്മതംകിട്ടി. പിറ്റേന്ന് മാണീക്കനെ അയച്ച് പാലക്കാട് സ്റ്റേഷനില്‍ നിന്നും മൂന്ന് പൊതി ആപ്പവും കറിയും വരുത്തിച്ച് വീട്ടില്‍ കൊടുത്തു. അച്ഛനും അമ്മക്കും ഇഷ്ടപ്പെട്ടുവെങ്കിലും, ഇതും എറണാകുളത്തു നിന്നു കഴിച്ചതും കൂടി നോക്കുമ്പോള്‍, അമേരിക്കന്‍ പ്രസിഡണ്ടും പന്‍ചായത്ത് പ്രസിഡണ്ടും തമ്മിലുള്ള വ്യത്യാസം ഉള്ളതായി എനിക്ക് തോന്നി.

അരി പൊടിച്ചു വരണം, കള്ളു വാങ്ങി എത്തിക്കണം എന്നിവയായിരുന്നു പിന്നീടുള്ള ആവശ്യങ്ങള്‍. പിറ്റേന്ന് തന്നെ അരി പൊടിച്ചു എത്തിച്ചു. ഷാപ്പില്‍ പോയി കള്ളു വാങ്ങുന്ന കാര്യം ഓര്‍ക്കാനേ വയ്യ. ആകെ ഉള്ള സ്വത്ത് സല്‍പ്പേരാണ്. അത് കളഞ്ഞു കുളിക്കാന്‍ വയ്യ. ഈ കാര്യത്തില്‍ സഹായിക്കാന്‍ പറ്റിയ ഏക വ്യക്തി മാണിക്കനാണ്. കാര്യം പറഞ്ഞതും അവന്‍ പറ്റില്ല എന്ന് തറപ്പിച്ച് പറഞ്ഞു. "വല്ലപ്പോഴും ഞാന്‍ ശകലം മങ്ക്രുണി അടിക്കും, എന്നു വെച്ച് സാധനം കുപ്പിയില്‍ വാങ്ങി പോകാറില്ല" എന്നാണ് അവന്‍ പറഞ്ഞ ന്യായം.

മനസ്സില്‍ കാണുന്നത് വടി കുത്തി പിരിഞ്ഞതു പോലെയായി. ഇനി എന്തു വഴി എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് കറവക്കാരന്‍ കുഞ്ഞികണ്ണനെ കാണുന്നത്. സദാ സമയവും ടിയാന്‍റെ വയറിനകത്ത് തന്നെ ഒരു ജില്ലയിലെ കള്ളു ഷോപ്പുകള്‍ മുഴുവനും കാണും. മുമ്പ് അയാളില്‍ നിന്ന് പാല്‍ വാങ്ങിയിരുന്ന അടുപ്പം ഉള്ളതിനാല്‍ ആവശ്യം പറയാമെന്ന് കരുതി.

" കുട്ടി തമ്പുരാന്‍ എവിടുന്ന് പടിച്ചു ഇതൊക്കെ. സത്യം പറയാമല്ലോ, ഞാന്‍ കുടിക്കും, എന്നാലും പറയാണ്, ഇത് അത്ര നല്ലതല്ല " എന്നായി അയാള്‍. ഒരു വിധം കക്ഷിയെ പറഞ്ഞു വിശ്വസിപ്പിച്ചുവെങ്കിലും പത്തുരൂപ ടിപ്പ് കൊടുത്താണ് സംഗതി ഒപ്പിച്ചെടുത്തത്.

പിന്നെ എല്ലാം എളുപ്പമായിരുന്നു. അരിപ്പൊടി കള്ളില്‍ കലക്കി, ആവശ്യത്തിന്ന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ചു. ചര്‍ദ്ദിക്കാന്‍ വരുന്നു , വയസ്സാന്‍ കാലത്ത് കള്ളും ചാരായവും ഒക്കെ തൊടീപ്പിച്ചു എന്നെല്ലാം നൂറു വട്ടം പ്രാകിയാണ് അമ്മ ഇതൊക്കെ ചെയ്തത്. പിറ്റേന്ന് രാവിലെ അമ്മ ചീനചട്ടിയില്‍ വെള്ളേപ്പം നിര്‍മ്മിക്കാന്‍ തുടങ്ങി. തലേന്ന് ചേച്ചിയും കുട്ടികളും വിരുന്നു വന്നതിനാല്‍ പിള്ളേര്‍ക്കാണ് ആദ്യം വിളമ്പിയത്. അവര്‍ വായില്‍ വെച്ച കഷ്ണം ഓക്കാനത്തൊടെ തുപ്പി കളഞ്ഞു.

അടുത്തത് അച്ഛന്‍റെ ഊഴമായിരുന്നു. ഒന്നേ വായില്‍ വെച്ചുള്ളു, വെള്ളേപ്പവും കിണ്ണവും ആകാശത്തേക്ക് പറന്നു.
കുളിക്കാന്‍ പോയിരുന്നതിനാല്‍ എനിക്ക് ആ രംഗത്തിന്ന് സാക്ഷിയാകാന്‍ ഇടവന്നില്ല.

" ആ കഴുവേറിയെക്കൊണ്ട് ഇത് മുഴുവന്‍ തീറ്റിക്കണം" എന്നു പറഞ്ഞിട്ടാണ് അച്ഛന്‍ പാലക്കാട്ടേക്ക് പോയത് എന്ന് ചേച്ചി ചിരിയുടെ അകമ്പടിയൊടെ പറഞ്ഞു. സത്യം പറയാമല്ലോ, എനിക്കും ഒട്ടും പിടിച്ചീല്ല. ആഹാരത്തിന്നു പകരം വയറു നിറക്കാന്‍ ആവശ്യമായത്ര ശകാരം അമ്മയില്‍ നിന്നു കിട്ടി.

ഇത് എങ്ങിനെ ചിലവാക്കണം എന്നതായി അടുത്ത ആലോചന. ഭാഗ്യവശാല്‍ തേടിയ വള്ളി കാലില്‍ ചുറ്റി എന്നപോലെ, കുഞ്ഞികണ്ണന്‍ അപ്പോള്‍ ആ വഴി പോകുന്നു. സ്ഥിരം കള്ളു കുടിക്കുന്ന അയാള്‍ക്ക് ഇഷ്ടപ്പെടാതെ വരില്ല എന്ന ഉത്തമ വിശ്വാസത്തില്‍ കക്ഷിയെ വിളിച്ചു വരുത്തി സല്‍ക്കരിച്ചു. ആ പഹയനും ഒന്നു കടിച്ച് തുപ്പി കളഞ്ഞു.

ഇത് മനുഷ്യന്ന് കഴിക്കാന്‍ കൊള്ളില്ല, വല്ല കന്നിനോ മാടിനോ കൊടുക്കിന്‍ എന്ന് ഉപദേശിച്ച് അയാളും പോയി. വീട്ടിലെ പശുവിന്ന് അത് കൊടുത്തു പോവരുതെന്ന് അമ്മ ഉത്തരവും പാസ്സാക്കി.

കുറെ നേരം ആലോചിച്ച് ഞാന്‍ സംഗതി പൊതിഞ്ഞെടുത്തു. വീടിന്നു വെളിയില്‍ വയല്‍ വരമ്പത്ത് വെച്ചത് , പുല്ലു മേയാന്‍ വരുന്ന കന്നാലികള്‍ തിന്നോട്ടെ എന്ന ഉദ്ദേശത്തോടെയാണ്.

ഒളിഞ്ഞിരുന്ന് ഞാന്‍ രംഗം നിരീക്ഷിച്ചു. ഏതാനും കന്നാലികള്‍ വന്നെങ്കിലും അവ മണത്തു നോക്കി തിന്നാതെ പോയി. കുറച്ചു കഴിഞ്ഞപ്പോഴാണ് ഒരു ശുനകന്‍റെ വരവ്. ഇക്കുറി സംഗതി കലക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.

ആറേഴു പ്രാവശ്യം ശ്വാനന്‍ അത് മണപ്പിച്ചു നോക്കി, എന്തോ ആലോചിക്കുന്ന മട്ടില്‍ നിന്നു, ഒടുവില്‍ പിന്‍കാല്‍ പൊക്കി പുണ്യാഹം തളിച്ച് വെള്ളേപ്പം ശുദ്ധമാക്കി ഓടിപ്പോയി.

1 comments:

ജയരാജന്‍ said...

ഹ ഹ ഹ! ഇതിഷ്ടപ്പെട്ടു. ശുനകനാണ് താരം :)

2. അഭിമുഖവധം

Tuesday, August 19, 2008

അച്ചായന്‍ വിശേഷം ശുഭപര്യവസായി ആയി കഴിഞ്ഞതിന്നു ശേഷം കുറേ ദിവസത്തേക്ക് മാണിക്കനുമായി യാതൊരു വിധ സമ്പര്‍ക്കവും ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം അവന്‍ വീട്ടില്‍ കയറി വന്നു. പടിക്കലേക്ക് എന്നേയും കൂട്ടി നടന്ന അവന്‍ പെട്ടെന്ന് തേങ്ങി കരയാന്‍ തുടങ്ങി. അതോടെ ഞാന്‍ വിഷണ്ണനായി. "ഒന്നും കല്‍പിച്ചു കൂട്ടി ചെയ്തതല്ല." എന്‍റെ കയ്യില്‍ പിടിച്ച് അവന്‍ പറഞ്ഞു " ആ കള്ള നസ്‌റാണി ഇമ്മാതിരി ചതിയനാണെന്ന് ഞാന്‍ വിചാരിച്ചില്ല."

"പോട്ടെ.എല്ലാം ഭംഗിയായി തീര്‍ന്നല്ലൊ." എന്ന് ഞാന്‍ അവനെ ആശ്വസിപ്പിച്ചു. നാട്ടില്‍ പണി കുറവായതിനാല്‍ തമിഴ് നാട്ടില്‍ പോയി എന്തെങ്കിലും ജോലി കിട്ടുമോ എന്ന് നോക്കാന്‍ പൊവുകയാണെന്ന് അവന്‍ പറഞ്ഞു. പോകാന്‍ നേരം അവിടെ ചെന്നാല്‍ ജോലി ചെയ്യുമ്പോള്‍ ഉടുക്കാനായി അച്ഛന്‍റെ പഴയ കാവി മുണ്ടുകളും വാങ്ങിയാണ് കക്ഷി പോയത്.

ആറു മാസം കഴിഞ്ഞാണ്‍ പിന്നീട് മാണിക്കനെ കാണുന്നത്. ഒരു നട്ടുച്ച നേരം. കത്തുന്ന വെയിലത്ത് വിയര്‍ത്തൊലിച്ചാണ് വരവ്. ആള്‍ നന്നായി തടിച്ചിരിക്കുന്നു. ഒന്നുകൂടി കറുത്ത് ഒന്നാന്തരം പാണ്ടി ലുക്ക്. കയ്യിലുള്ള ബാഗില്‍ നിന്നും ഒരു ബോട്ടില്‍ പഞ്‌ചാമ്രുതം അവന്‍ എനിക്കു തന്നു. എനിക്ക് അത് വലിയ ഇഷ്ടമാണ്. പാല്‍ കാവടിയുമായി പഴനിക്ക് പോകാന്‍ ഭിക്ഷക്ക് വരാറുള്ള പണ്ടാരന്‍ വശം പഞ്ചാമൃതം വാങ്ങാന്‍ അമ്മ പണം ഏല്‍പ്പിക്കുന്നതും പിറ്റേന്നു മുതല്‍ കാത്തിരിക്കാറുള്ളതും ഞാന്‍ ഓര്‍ത്തു.

കഴിഞ്ഞകാല ജീവിതം മാണിക്കന്‍ വിവരിച്ചു. ഉദ്ദേശിച്ച പോലെ പണി കിട്ടാഞ്ഞതും, കയ്യിലെ പണം തീര്‍ന്നപ്പോള്‍ കാവിയുടുത്ത് പിച്ചക്കാരുടെ കൂടെ ഇരുന്ന് പിച്ചക്കാശിന്നു കൈ നീട്ടിയതും, ഒടുവില്‍ ഒരു ലോഡ്ജില്‍ റൂം ബോയി ആയി ജൊലി കിട്ടിയതും, അവിടെ വെച്ച് പല വലിയ ആളുകളുമായി പരിചയം ആയതും എല്ലാം അവന്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്ക് സങ്കടവും അത്ഭുതവും തോന്നി.

"നിനക്ക് പണി ഒന്നുമായില്ലേ?" എന്ന് അവന്‍ ചോദിച്ചത് എന്നെ കളിയാക്കാനാണോ എന്ന് ഞാന്‍ സംശയിച്ചു. "നീ പേടിക്കാതേ. നിനക്ക് ഒരു ജോലി ഞാന്‍ പറഞ്ഞു ശരിപ്പെടുത്തിയിട്ടുണ്ട് " എന്ന് മാണിക്കന്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വാസം വന്നില്ല. അവന്‍ കാര്യം വിശദീകരിച്ചു. പഴനിയില്‍ വെച്ച് പരിചയപ്പെട്ട ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മാനേജരോട് എന്‍റെ കാര്യം പറഞ്ഞിരുന്നതായും , അയാള്‍ മെഡിക്കല്‍ റപ്രസന്‍റേറ്റീവ് ആയി ജൊലിക്ക് എടുക്കാമെന്ന് സമ്മതിച്ചതായും , നാളെ സര്‍ട്ടിഫിക്കറ്റുകളുമായി ടൌണിലെ ലോഡ്ജില്‍ ചെല്ലണമെന്നും അവന്‍ അറിയിച്ചു. പോവാന്‍ നേരത്ത് പാന്‍റ് ഇട്ടിട്ടുപോവണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഞാന്‍ പിറ്റേന്ന് ലോഡ്ജിലെത്തിയപ്പോള്‍ ഒരാള്‍ കാത്തിരിക്കുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി. മാണിക്കന്‍ അയച്ചതാണെന്ന് പറയുകയും ചെയ്തു.

കാര്യമായ ചൊദ്യങ്ങള്‍ ഒന്നും ചോദിച്ചില്ല. പേരും, യോഗ്യതയും ചോദിച്ച ശേഷം വീട്ടുകാര്യങ്ങളാണ് ചോദിച്ചത്. ശമ്പളം എത്ര വേണമെന്ന് ചോദിച്ചാപ്പോള്‍ അത്യാഗ്രഹിയാണ് എന്നു തോന്നാതിരിക്കാനായി മുവ്വായിരം രൂപ കിട്ടുമോ എന്ന് തിരിച്ചു ചോദിച്ചു. ആറായിരം രൂപ ശമ്പളവും അതില്‍ കൂടുതല്‍ യാത്രാ ബത്തയും കിട്ടുമെന്നും, ഫൈനല്‍ ഇന്‍റ്റര്‍വ്യൂവിന്ന് ശുപാര്‍ശ ചെയ്യാമെന്നും, അപ്പൊള്‍ സ്‌മാര്‍ട്ട് ആയിരുന്നാല്‍ മാത്രമേ സെലക്റ്റ് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. പോകുമ്പൊള്‍ ഫുള്‍ ഷര്‍ട്ട്, ഷൂ, ടൈ എന്നിവ നിര്‍ബന്ധമായും വേണമെന്നും സോണല്‍ മാനേജരും റീജിയണല്‍ മാനേജരും ഇന്‍റ്റര്‍വ്യു നടത്തുമെന്നും പറഞ്ഞു തന്നു. ഈ പറഞ്ഞ ഒന്നും തന്നെ എനിക്ക് ഇല്ലായെന്ന കാര്യം എന്‍റെ ജോലി ഇല്ലാതാക്കുമെന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു.

ഇന്‍റ്റര്‍വ്യുവിന്നായി ഇതൊന്നും വാങ്ങാനുള്ള സാമ്പത്തികം ഇല്ല. എന്തു ചെയ്യണമെന്ന് അറിയാതെ ഞാന്‍ വിഷമിച്ചു." നീ കിടന്ന് വെറുതെ കിടുമുടി അടിക്കാതെ. എല്ലാറ്റിനും വഴി കാണാം" എന്ന് മാണിക്കന്‍ ആശ്വസിപ്പിച്ചു. ഷര്‍ട്ടും, ഷൂസും ആരോടെങ്കിലും പഴയത് വാങ്ങുക. ടൈ മാണിക്കന്‍ നാടകത്തിന്ന് മേക്കപ്പ് ഇടുന്നവരില്‍ നിന്നും സംഘടിപ്പിക്കും. വീട്ടില്‍ അളിയന്‍റെ ഒരു പഴയ ഫുള്‍ഷര്‍ട്ട് ഉണ്ട്. അത് ഇട്ടുനോക്കിയപ്പൊള്‍ എന്നെപ്പോലെ ഒരാള്‍ക്ക് കൂടി അതിനകത്ത് കയറാം. പാന്‍റിന്‍റെ ഉള്ളില്‍ ആവുമ്പൊള്‍ വലിയ കുഴപ്പം തോന്നുന്നില്ല, എന്നാലും പോക്കറ്റു വയറിന്‍റെ സ്ഥാനത്താണോ എന്നൊരു സംശയം ബാക്കി നിന്നു. അമ്മാമന്‍ ഗള്‍ഫില്‍ നിന്നു വന്ന് തിരിച്ചുപോകുമ്പോള്‍ ഉപേക്ഷിച്ചു പോയ ഒരു ജോഡി ഷൂസ് ഉള്ള കാര്യം ഓര്‍മ്മ വന്നു. അമ്മാമന്‍റെ വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ സാധനം കാര്‍ ഷെഡ്ഡില്‍ കിടപ്പുള്ളതായും, വല്ല കുഷ്ടരോഗികളും വന്നാല്‍ കൊടുക്കാമെന്ന് കരുതിവെച്ചതാണെന്നും അമ്മായി പറഞ്ഞു. കുഷ്ടരോഗികള്‍ വരാഞ്ഞത് എന്‍റെ ഭാഗ്യമാണെന്നു കരുതി, ഷൂസ് എടുത്തു നോക്കിയപ്പൊള്‍ അവിടവിടെ എലി കടിച്ചതായി തോന്നി. ഒരു ദിവസത്തേക്ക് ഇത് ധാരാളം എന്നു വിചാരിച്ച് ഷൂസ് തുടച്ചു വൃത്തിയാക്കി വെച്ചു.

ഇന്‍റര്‍വ്യുവിന്‍റെ തലേന്ന് മാണിക്കന്‍ ടൈയുമായി എത്തി. അച്ഛന്‍റെ പഴയ ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടുക്കി വെച്ചു. എനിക്ക് എറണാകുളം പരിചയമുള്ള സ്ഥലമല്ല . ഗുരുവായൂരിലേക്കും, പഴനിയിലേക്കും പോയിട്ടുള്ളതിനു പുറമേ ഒരിക്കല്‍ ശബരിമലയ്ക്കും പോയിരുന്നു, എന്നാല്‍ അത് രാത്രി ആയതിനാല്‍ സ്ഥലം ഒന്നും കാണാന്‍ പറ്റിയില്ല. ഈ ഘട്ടത്തില്‍ മാണിക്കന്‍ ഉറ്റ തോഴനാണെന്ന് ഒന്നു കൂടി തെളിയിച്ചു. താന്‍ കൂടെ വരാമെന്നും ഒട്ടും വിഷമിക്കരുത് എന്നും അവന്‍ പറഞ്ഞപ്പോള്‍ ആശ്വാസമായി.

പിറ്റേന്നു പുലരുന്നതിന്നു മുന്‍പ് ഞാന്‍ കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി. മാണിക്കന്‍ കവലയില്‍ കാത്തു നിന്നിരുന്നു. വിലങ്ങനെ ഒരു ഇഞ്ച് വീതിയില്‍ കറുപ്പും വെളുപ്പും വരകളുള്ള ഫുള്‍ കൈ ബനിയന്‍ ഷര്‍ട്ട്, ചുവപ്പില്‍ പൂക്കള്‍ ഉള്ള സില്‍ക്ക് ലുങ്കി. പോരാത്തതിന്ന് കണ്ണു തട്ടാതിരിക്കാനായി കറുത്ത കണ്ണടയും.

ആദ്യം വന്ന ബസ്സില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ചെന്നു.ടിക്കറ്റ് വാങ്ങാന്‍ ക്യു നില്ക്കാന്‍ ചെന്ന എന്നെ തടഞ്ഞു "ട്രെയിന്‍ നമ്മുടെ സ്വന്തമല്ലേടാ, പിന്നെ എന്തിനാണ് വെറുതെ കാശ് കളയുന്നത്" എന്ന് അവന്‍ എന്നോട് പറഞ്ഞു. ഭവിഷ്യത്ത് ഓര്‍ത്ത് ഞാന്‍ ക്യു നിന്നപ്പോള്‍ തനിക്ക് ടിക്കറ്റ് വാങ്ങരുത് എന്ന് അവന്‍ ശഠിച്ചു.

പറഞ്ഞ സമയത്തിന്ന് മുമ്പ് തന്നെ ഇന്‍റ്റര്‍വ്യു നടക്കുന്ന ഹോട്ടലില്‍ ഞങ്ങള്‍ എത്തി. എന്നോട് ടൈ കെട്ടാന്‍ മാണിക്കന്‍ പറഞ്ഞുവെങ്കിലും ടൈ കെട്ടാന്‍ എനിക്ക് അറിയില്ല എന്ന കാര്യം അറിയിച്ചപ്പോള്‍, അവന്‍ ടൈ വാങ്ങി പോത്തിന്‍റെ കഴുത്തില്‍ കുരുക്ക് ഇടുന്ന സ്റ്റൈലില്‍ എന്‍റെ കഴുത്തില്‍ അത് കെട്ടി തന്നു.

അകത്ത് കയറിയപ്പോള്‍ എന്‍റെ സമപ്രായക്കാരായ വേറേയും ആറേഴു പേര്‍. എല്ലാവരും ഭംഗിയായ വേഷത്തില്‍, കയ്യില്‍ ഫയലും ആയി നില്‍ക്കുന്നു. ചിലര്‍ മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നു. ത്മാശ പറഞ്ഞു ചിരിക്കുന്നു. എല്ലാവരും സുന്ദരകുട്ടപ്പന്‍മാര്‍. അവര്‍ക്കിടയില്‍ ഞാനൊരു വിഡ്ഡിവേഷം കെട്ടി വന്നപോലെ എനിക്ക് തോന്നി.

ഏറ്റവും ഒടുവിലാണ് എന്നെ അകത്തേക്ക് വിളിച്ചത്. എന്നെ അകത്ത് ഉള്ള മാനേജര്‍മാര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന് തോന്നി. അര്‍ത്ഥഗര്‍ഭമായി അവര്‍ അന്യോന്യം നോക്കി ചിരിച്ചു. എന്‍റെ നെഞ്ച് ഇടിക്കുന്നത് എനിക്കുതന്നെ കേള്‍ക്കാവുന്ന ഉച്ചത്തിലായിരുന്നു. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും എനിക്കു ശരിക്കുള്ള മറുപടി പറയാനായില്ല. ഞാന്‍ വെച്ചു നീട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ നോക്കിയതുപോലുമില്ല

ഈ ഘട്ടത്തിലാണ് വാതില്‍ തുറന്ന് മാണിക്കന്‍ പ്രവേശിക്കുന്നതും " തുമ്മന്ന് സംഗതി മുടിച്ചാല്‍ നൂണ്‍ ഷൊ കാണാം" എന്നു എന്നോട് പറഞ്ഞതും.

"ഹൂ ഈസ്ദിസ് ബഫൂണ്‍" കലി മൂത്ത് കത്തി ജ്വലിച്ച മാനേജര്‍മാരില്‍ ഒരാള്‍ എന്നെ നോക്കി അലറി. "എന്‍റെ കൂട്ടുകാരനാണ്, മാണിക്കന്‍" വിക്കി വിക്കി ഞാന്‍ പറഞ്ഞൊപ്പിച്ചു.

"നല്ല ചേര്‍ച്ച. ഈ പണി നിനക്ക് പറ്റില്ല." ഒന്നു നിര്‍ത്തി അയാള്‍ പറഞ്ഞു " രണ്ടും കൂടി ചേര്‍ന്ന് മയിലെണ്ണ വില്‍ക്കാന്‍ നോക്ക്. അതാണ് ഒന്നു കൂടി യോജിക്കുക." ഗറ്റൌട്ട് പറയുന്നത് കേഴ്ക്കാന്‍ നില്ക്കാതെ രണ്ടാളും പുറത്തിറങ്ങി തിരിഞ്ഞു നോക്കാതെ വലിഞ്ഞു നടന്നു.

3 comments:

ജയരാജന്‍ said...

1. അറുപത് പിന്നിട്ട് റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍
2. അകത്ത് കയറിയപ്പോള്‍ എന്‍റെ സമപ്രായക്കാരായ വേറേയും ആറേഴു പേര്‍. എല്ലാവരും ഭംഗിയായ വേഷത്തില്‍, കയ്യില്‍ ഫയലും ആയി നില്‍ക്കുന്നു. ചിലര്‍ മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നു
അപ്പോ എല്ലാം ഭാവന ആയിരുന്നോ? ഞാൻ വെറുതെ തെറ്റിദ്ധരിച്ചു :)

keraladasanunni said...

Dear Sri Jayaraman,
ഇതിലും കെങ്കേമന്‍മാരായ ചില കഥാപാത്രങ്ങളെ കാണാന്‍ ഇടയായിട്ടുണ്ട്. ആ പഴയ അനുഭവങ്ങള്‍ പുതിയ രൂപത്തിലാക്കി എന്നു മാത്രം.
Thank you very much


palakkattettan

മാണിക്യം said...

കഥയായി വായിച്ചു പോകുന്നു ജയരാജന്റെ ചോദ്യം :)
നായകന്‍ കഥാകാരന്‍ ആണെന്നു കരുതണ്ടല്ലൊ ..
കഥയ്ക്ക് വായിക്കാന്‍ തോന്നുന്ന ഒഴുക്കുണ്ട് ..

1. റെക്കമന്‍റേഷന്‍

Sunday, August 10, 2008

കഷ്‌ടകാലം പടിക്കല്‍ കാവല്‍ നില്‍ക്കുമ്പോള്‍ പിടിച്ചതൊക്കെ പുലിവാല്‍ ആകുമെന്നു പറയാറില്ലേ? വ്യാഴം കുന്ത്രട്ടാതിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി ചാര്‍ജ്ജ് എടുക്കുകയും ശനി നീചസ്ഥാനത്ത് അടുപ്പു കൂട്ടി വറച്ചട്ടി വെക്കുകയും ചെയ്തതോടെ " ആളും തരൂം നോക്കീട്ടേ ശിവാര്‍ശി (ശുപാര്‍ശ) ചെയ്യാവൂ" എന്ന് വെളിച്ചപ്പാട് ശങ്കുണ്യാര്‍ പലരേയും ഉപദേശിക്കുന്നത് ഒരായിരം പ്രാവശ്യം കേട്ടിരുന്നെങ്കിലും ആയത് അപ്പോള്‍ ഓര്‍മ്മ വന്നില്ല.
ഒന്നാം തവണ തന്നെ ഡിഗ്രി പാസ്സായി മിടുക്കന്‍ എന്ന പേരോടുകൂടി അല്ലറ ചില്ലറ ട്യുഷന്‍ എടുത്ത് വട്ടചിലവിനള്ള പണം ഉണ്‍ടാക്കി സമാധാനത്തോടെ കഴിയുന്ന സമയത്താണ് അതുണ്ടായത്. ആപത്ത് വന്നത് മാണിക്കന്‍റെ രൂപത്തിലായിരുന്നു. മാണിക്കന്‍ എന്‍റെ ബാല്യകാല സുഹ്രുത്തും സഹപാഠിയും ആയിരുന്നു. പഠിക്കാനുള്ള ഉത്സാഹ കൂടുതല്‍ കൊണ്ടാണോ എന്തോ ഞാന്‍ കോളേജ് ക്ലാസു കഴിയുമ്പോഴും അവന്‍ ഒമ്പതാം ക്ലാസ്സില്‍ മഹത്തായ രണ്ടാം വര്‍ഷം ആഘോഷിക്കുകയായിരുന്നു. ആ കൊല്ലം മാണിക്കന്‍റെ അച്ഛന്‍ തെങ്ങില്‍ നിന്നു വീണു മരിച്ചതോടു കൂടി പഠനം അവസാനിപ്പിച്ച് അവന്‍ തൊഴില്‍ തേടി ഇറങ്ങി. കൂലി പണി, കുളത്തില്‍ നഞ്ഞു കലക്കി മീന്‍പിടിക്കല്‍, കിണറ്റില്‍ വീണ പാത്രങ്ങള്‍ എടുക്കല്‍, കെണി വെച്ച് കീരിയേയും കുളക്കോഴിയെയും പിടിക്കല്‍, കമ്പിളീ പുതച്ച് തേനീച്ച കൂടില്‍ നിന്നും തേനെടുക്കല്‍, തുടങ്ങിയ സര്‍വ്വ മേഖലകളിലും അദ്വിതീയനാണെന്നു ഇതിനകം മഹാന്‍ പേരെടെത്തു കഴിഞ്ഞു. എന്നാലും പഴയ സ്നേഹതിന്നു ഇന്നുവരെ പോറല്‍ സംഭവിക്കാതെ നില നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

വൈകുന്നേരം വായനശാലയിലിരുന്നു സിനിമ പ്രസിദ്ധീകരണഞ്ഞളില്‍ നിന്നു അറിവ് നേടിക്കൊണ്ടു ഇരിക്കുമ്പോഴാണ് മാണിക്കന്‍ എന്നെ തേടി അവിദെ വന്നത്. എത്തിയപാദെ "നിന്നെ തിരക്കി രണ്ടു ദിവസമായി അലയുന്നു"എന്നു അവന്‍ പരിഭവം പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം തൊണൂറ്റാറു കഴിഞ്ഞ അച്ഛന്‍റെ മുത്തശ്ശീ കട്ടിലില്‍ നിന്നും വീണു ആസ്പത്രിയില്‍ കിടക്കുന്നതിനാല്‍ അവിടെ പോയിരുന്ന കാര്യംഞാന്‍ പറഞ്ഞുവെങ്കിലും അവന്‍ അത് ശ്രദ്ധിച്ചില്ല. "അതുപോട്ടേ " കുറച്ചുനേരം ആലോചിച്ചിട്ട് അവന്‍ പറഞ്ഞു നിന്നെ കൊണ്ട് ഒരു കാര്യം സാധിക്കാന്‍ ആയിട്ടാണ് വന്നത്."

"എന്നെ കൊണ്‍ടോ. "ഞാന്‍ അത്ഭുതപ്പെട്ടു. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനാണ് ഞാന്‍ എന്ന്‌ നാഴികക്ക് നാല്‍പതുവട്ടം പറയുന്ന ഇവനാണോ എന്നെ കൊണ്ട് കാര്യം സാധിക്കേണ്ടത്. എന്‍റെ മനസ്സ് വായിച്ച പോലെ അവന്‍ പറഞ്ഞു"അത്ര വലിയ തല പോകുന്ന കാര്യം ഒന്നും ഇല്ല. ഒരു നിസ്സാര കാര്യം. നിന്നെ കൊണ്ട് പറ്റുന്നത് ".

കാര്യം വിശദീകരിച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചുനിന്നു. ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ഒരു അച്ചായനെ മാണിക്കന്‍ കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അച്ചായന്ന് കെ.എസ്.എഫ്.ഇ യുടെ ഒരു ചിട്ടികിട്ടിയിട്ടുണ്ട്. പണം കിട്ടാന്‍ ജാമ്യം നില്ക്കാന്‍ ഒരു ആളെ സംഘടിപ്പിച്ചു കൊടുക്കണം. അത്ര മാത്രം

എന്താ ഇതില്‍ ഇത്ര ആലോചിക്കാന്‍ "എന്‍റെ മൌനത്തിന് വിരാമമിടീച്ചുകൊണ്ട് അവന്‍ ചോദിച്ചു." അതിന് എനിക്ക് ആരേയും പരിചയമില്ലല്ലോ" ഞാന്‍ നിസ്സഹായത വെളിപ്പെടുത്തി.

" നീ സ്വതവേ മണ്ടനാണ്ണ്. പൈതഗോറസ് തിയറം കാണാപാഠം പഠിച്ചതുകൊണ്ട് കാര്യം ഒന്നുമില്ല. ബുദ്ധി വേണം. അതാണ് നിനക്കില്ലാത്തത് "

ചെയ്യേണ്ടത് അവന്‍ നിര്‍ദ്ദേശിച്ചു. ട്യൂഷന്‍ പഠിപ്പിക്കുന്ന കുട്ടിയുടെ അച്ഛന്‍ പോലീസ് സൂപ്രണ്‍ട് ഓഫീസിലുണ്ട്. അയാളെ പറഞ്ഞു സമ്മതിപ്പിച്ചാല്‍ മതി. ഞാന്‍ പറഞ്ഞാല്‍ അയാള്‍ സമ്മതിക്കുമോ എന്ന എന്‍റെ സംശയം ഊഹിച്ചറിഞ്ഞപോലെ ട്യൂഷന്‍കാരി കരിമന്തിയെ സോപ്പിട്ട് അവള്‍ മുഖേന അച്ഛനെ സ്വാധീനിക്കേണ്ട വിധം മാണിക്കന്‍ എന്നെ പറഞ്ഞു മനസ്സിലാക്കി.

" ഇതൊന്നും വെറുതെ അല്ലാ" അവന്‍ പറഞ്ഞു. നീ റെക്കമണ്ട് ചെയ്ത് കാര്യം സാധിപ്പിക്കണം. പകരം അച്ചായന്‍ രണ്ടുപേരേയും ഫ്രീ ആയി ഡ്രൈവിംഗ് പഠിപ്പിക്കും"

സത്യം പറഞ്ഞാല്‍ ഇതോടെ ഞാന്‍ ഫ്ലാറ്റായി. എങ്ങിനേയും കാര്യം ഒപ്പിച്ചെടുക്കാമെന്ന് ഞാന്‍ വാക്കുകൊടുത്തു. ഗേറ്റിനരികെ ഞങ്ങളെ ആകാംക്ഷയോടെ നോക്കിനിന്ന അച്ചായനെ മാണിക്കന്‍ കൈമാടി വിളിച്ചുവരുത്തിയിട്ട് ഗമയില്‍ പറഞ്ഞു. " ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ, ഞാന്‍ പറഞ്ഞാല്‍ ഇവന്‍ ശരിയാക്കിത്തരുമെന്ന് "

"സാറേ" അച്ചായന്‍ താണുതൊഴുതുകൊണ്ട് പറഞ്ഞു " ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. "ട്യൂഷന്‍ പഠിക്കുന്ന കുട്ടികള്‍ അല്ലാതെ ഇന്നേവരെ ആരും എന്നെ സാറേ എന്നു വിളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് അച്ചായനോട് വല്ലാത്ത ഒരു മമത തോന്നി.

അച്ചായന്‍ പറഞ്ഞപോലെ തന്നെ ചെയ്തു. പിറ്റേന്നു രാവിലെ മാണിക്കനെയും കൂട്ടി അച്ചായന്‍ ഞങ്ങളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ എത്തി. സ്കൂള്‍ ഗ്രൌണ്ടിലൊ,അമ്പല പറമ്പിലോ ഓടിച്ചു പഠിക്കാമെന്ന ഞങ്ങളുടെ നിര്‍ദ്ദേശം അച്ചായന്‍ നിരസിച്ചു. പത്തുപേര്‍ കാണെ റോഡിലൂടെ വണ്ടി ഓടിച്ചു പഠിക്കുന്നതാണ്‌ ഗമ എന്ന അയാളുടെ അഭിപ്രായം ഞങ്ങള്‍ക്കും സ്വീകാര്യമായി തോന്നി.

പക്ഷേ തിരഞ്ഞെടുത്ത പാത എനിക്കത്ര ബോധിച്ചില്ല. സംഗതി ടാര്‍ ഇട്ടതാണെങ്കിലും യാത്രക്കാരും വാഹനങ്ങളും തീരെ കുറവ്. കാലത്തും വൈകീട്ടും ഏതാനും സ്കൂള്‍ കുട്ടികളും സൈക്കിളില്‍ കമ്പിനി പണിക്കു പോകുന്ന തൊഴിലാളികളും ഒഴിച്ചാല്‍ ബാക്കി സമയം പാത ഏകദ്ദേശം ശൂന്യമാണ്. വഴിവക്കത്ത് ഉള്ള വീട്ടുകാര്‍ക്ക് നെല്ലും വൈക്കോലും ഉണക്കാന്‍ സര്‍ക്കാര്‍ വക ഒരു സംവിധാനം. ആ റോഡിലൂടെ ഞങ്ങള്‍ ഡ്രൈവിങ്ങിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങി. ഒന്നര കിലോമീറ്റര്‍ നീളമുള്ള റോഡിലൂടെ അങ്ങോട്ട് മാണിക്കനും ഇങ്ങോട്ട് ഞാനും ഒരു വട്ടം ഓടിക്കുന്നതാണു ഒരു ദിവസത്തെ ക്ലാസ്. ഒരു സെറ്റ് ക്ലച്ചും ബ്രേക്കും അച്ചയന്‍റെ കാല്‍ ചുവട്ടില്‍ ഉള്ളതുകൊണ്ടും നാല്പത്തഞ്ചു ഡിഗ്രി തിരിഞ്ഞ് അച്ചായന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ചിരുന്നത് കൊണ്ടും ഡ്രൈവിംഗ് ഒരു ബുദ്‌ധിമുട്ടായി ഞങ്ങള്‍ക്ക് തോന്നിയതേയില്ല.

ഇതിനകം ശിഷ്യ മുഖാന്തിരം ഞാന്‍ വിഷയം അവളുടെ അച്ഛനെ അറിയിച്ചിരുന്നു. ഒരു ദിവസം ട്യൂഷനിടയില്‍ അദ്ദേഹം പ്രത്യക്ഷ്പ്പെട്ടു." വിവരങ്ങള്‍ എല്ലാം കുട്ടി പറഞ്ഞിട്ടുണ്ട് " അയാള്‍ പറഞ്ഞു " എനിക്ക് ഈ പാര്‍ട്ടിയെ അറിയില്ല. നിങ്ങള്‍ ഉത്തരവാദിത്വം ഏല്‍ക്കാമെങ്കില്‍ മാത്രം ഞാന്‍ ഒപ്പിടാം"

ഞാന്‍ സമ്മതിച്ചു എന്നു മാത്രമല്ല ഒരു നൂറ്റാണ്ടു കാലത്തെ അടുപ്പം അച്ചായനുമായിട്ടുണ്ടെന്നും അദ്ദേഹം ഹരിശ്ചന്ദ്രന്‍റെ ഏട്ടന്‍റെ മകനാണെന്നും ഞാന്‍ ബോദ്ധ്യപ്പെടുത്തുകയും കൂടി ചെയ്തതോടെ ഒപ്പിടാമെന്ന് അദ്ദേഹം സമ്മതിച്ചു. പിറ്റേന്ന് തന്നെ അച്ചായനുമായി ചെന്ന് പേപ്പര്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും രണ്ടു ദിവസത്തിനകം ഒപ്പിട്ട കടലാസ് വാങ്ങി അച്ചായനെ ഞാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒരു മാസത്തിനകം അച്ചായന് പണം കിട്ടിയെന്ന് തോന്നുന്നു. ഇതിനകം ലൈസന്‍സ് ശരിയാക്കാന്‍ വേണ്ടി ആര്‍. ടി. ഓ. ഓഫീസില്‍ കൊടുക്കാനാണെന്നു പറഞ്ഞു അച്ചായന്‍ രണ്ടു പേരില്‍ നിന്നും അഞ്ഞൂറുരൂപാ വീതം വാങ്ങി എന്നു മാത്രല്ല ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡ്രൈവിവിംഗ് ക്ലാസ് ഇടക്കിടെ മുടക്കുകയും ചെയ്തു. ഒരു സുപ്രഭാതത്തില്‍ വണ്ടി കേടായി വര്‍ക്ക് ഷോപ്പിലാണെന്നും പറഞ്ഞ് എന്നെന്നേക്കുമായി പഠനം അവസാനിപ്പിച്ചു. പരീക്ഷ കഴിഞ്ഞതോടെ ട്യൂഷന്‍ ക്ലാസുകള്‍ അവസാനിക്കുകയും വേല, പൂരം, വെടിക്കെട്ട് തുടങ്ങിയവയിലേക്ക് ഫുള്‍ ടൈം ഇടപെടുകയും ചെയ്തതോടെ അച്ചായനും ഡ്രൈവിങ്ങും വിസ്മ്രുതിയിലേക്ക് നീങ്ങി.

പരീക്ഷാഫലം വരുന്നതിന്നു മുമ്പായി ശിഷ്യ വീട്ടില്‍ വരികയും അച്ഛന്‍ കാണണമെന്ന് ആവശ്യപ്പെട്ടതായി അറിയിക്കുകയും ചെയ്തു. പുതിയ കൊല്ലത്തെ ട്യുഷന്‍ തുടങ്ങേണ്ട കാര്യം പറയാനായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പിറ്റേന്നു രാവിലെ തന്നെ ഞാന്‍ അദ്ദെഹത്തെ കാണാന്‍ ചെന്നു. മുമ്പ് കാണിച്ചിരുന്ന സ്നേഹം നഷ്ടമായതു പോലെ എനിക്കു തോന്നി. "തന്‍റെ വാക്കു കേട്ടു ഒരുത്തന് ജാമ്യം നിന്നിട്ട് ഇപ്പൊള്‍ എന്‍റെ ശമ്പളത്തിലാണ് പിടുത്തം വന്നത്. മര്യാദക്ക് എനിക്കു വന്ന നഷ്ടം ഉടനെ നികത്തി തന്നില്ലെങ്കില്‍ നീ വിവരം അറിയും". കാറ്റുപോയ ബലൂണ്‍ പോലെ ആയി ഞാന്‍. അര്‍ദ്ധപ്രാണനായിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്. ശിഷ്യയുടെ നിഴല്‍ പോലും അവിടെ കാണന്‍ ഉണ്ടായിരുന്നില്ല. എന്നെ ഈ കുടുക്കില്‍ ചാടിച്ച മാണിക്കനെ കടിച്ചു കീറേണ്ട കോപമാണ് എന്‍റെ മനസ്സ് മുഴുവന്‍. പകല്‍ മുഴുവന്‍ അവനെ തപ്പി നടന്നുവെങ്കിലും കണ്ടില്ല.

വൈകുന്നേരം കക്ഷി എന്നെ തിരഞ്ഞെത്തി. സംഗതിയുടെ ഗൌരവം ഞാന്‍ അവനെ അറിയിച്ചു. "അച്ചായനെ നിനക്ക് അറിയാഞ്ഞിട്ടാണ്. തട്ടിപ്പിന്‍ടേയും വെട്ടിപ്പിന്‍ടേയും ആവശ്യം അയാള്‍ക്കില്ല." മാണിക്കന്‍ പറഞ്ഞു."നീ പേടിക്കേണ്ടാ. ഞാന്‍ പറഞ്ഞു ശരിയാക്കാം". രണ്ടാഴ്ച കഴിഞ്ഞു. അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും ചിട്ടി തുക പിടിക്കാന്‍ നോട്ടീസ് കിട്ടിയതൊടെ ശിഷ്യയുടെ പിതാശ്രീ എന്നെ തിരഞ്ഞെത്തി. പത്തു പേരുടെ ഇടയില്‍ വെച്ച് അയാള്‍ പറഞ്ഞ വാക്കുകള്‍ കേട്ട് മരിച്ചു കളഞ്ഞാലൊ എന്നു വരെ ഞാന്‍ ആലോചിച്ചു. പിറ്റേന്നു മാണിക്കനെ കൂട്ടു പിടിക്കാതെ ഞാന്‍ തന്നെ അച്ചായനെ കാണാന്‍ ഇറങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്നു ഉപയോഗിച്ചതും പിച്ച കാശിന്നു ലേലത്തില്‍ പിടിച്ച് പല കൈകള്‍ മാറി കിട്ടിയതുമായ ലൊടുക്കു ജീപ്പിന്‍റെ ബോണറ്റ് തുറന്ന് എന്തൊ ചെയ്യുകയായിരുന്നു അച്ചായന്‍. എന്‍റെ ശബ്ദം കേട്ട് തല പൊക്കി അച്ചായന്‍ നന്നായിട്ടൊന്നു ചിരിച്ചുകൊണ്ടു ചോദിച്ചു "എന്താ സാറെ,ഈ വഴിക്ക് " ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. "ഇപ്പൊള്‍ പത്തു പൈസ കയ്യില്‍ ഇല്ല."അച്ചായന്‍ പറഞ്ഞു "രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ഒന്നു നോക്കട്ടെ." മൂന്നാമത്തെ ദിവസം അച്ചായനെ തിരക്കി ചെന്ന എന്നെ നീരസതൊടെയാണ് അയാള്‍ വരവേറ്റത്.

"എന്‍റെ കയ്യില്‍ കാശില്ല എന്ന് ഞാന്‍ പറഞ്ഞില്ലായിരുന്നോ" അച്ചായന്‍ കയര്‍ത്തു. എന്‍റെ ശുപാര്‍ശ കൊണ്ട് മാത്രമാണു ജാമ്യം നിന്നതെന്നും ആ നിലയ്ക്ക് തുക തിരിച്ചുവാങ്ങിക്കേണ്ടത് എന്‍റെ ചുമതലയാണെന്നും പണം വാങ്ങിയിട്ടേ ഞാന്‍ മടങ്ങി പോവുകയുള്ളു എന്നും ഞാന്‍ പറഞ്ഞ് ഒപ്പിച്ചു. അതോടെ അച്ചായന്‍റെ ഭാവം മാറി. ജാമ്യം ഒപ്പിട്ടു തന്ന ആളും താനും കൂടി പ്രശ്നം പരിഹരിച്ചു കൊള്ളാമെന്നും ഇടനിലക്കാരന്‍ ഈ കാര്യത്തില്‍ ഇടപെടെണ്ട ആവശ്യമില്ലായെന്നും വല്ലതെ വിളച്ചില്‍ എടുത്താല്‍ ജാക്കി ലിവര്‍ വെച്ച് തലക്ക് ഒന്ന് തരുമെന്നും അച്ചായന്‍ പറഞ്ഞതോടെ ഞാന്‍ തലയും താഴ്ത്തി ഇറങ്ങി. എന്‍റെ മനസ്സില്‍ ഒരു തീച്ചൂള കത്തി പടരുകയായിരുന്നു. ഞാന്‍ എവിടെയും പോകാതെ വീട്ടില്‍ തന്നെ കൂടി. പതിവായി കണ്ടിരുന്ന മാണിക്കന്‍ ഊട്ടിയില്‍ യൂക്കാലി തൈലം കാച്ചാന്‍ പോയ അയല്‍ക്കാരനെ കാണാന്‍ പൊയിരുന്നതിനാല്‍ എന്‍റെ സങ്കടം പങ്കു വെക്കാന്‍ ഒരാളും ഉണ്ടായിരുന്നില്ല.

സ്കൂള്‍ തുറക്കുന്നതിന്ന് ഒരാഴ്ച മുന്‍പ് സന്ധ്യ നേരത്ത് എന്നെ തിരക്കി ഒരു പൊലിസുകാരന്‍ വീട്ടില്‍ വന്നു. പിറ്റെന്ന് രാവിലെ സബ് ഇന്‍സ്പെക്ടറെ ചെന്ന് കാണാന്‍ ആവശ്യപെട്ടതായി അറിയിച്ചു. "എന്താടാ വല്ല കുരുത്തക്കെടും ഒപ്പിച്ചിട്ടുഉണ്ടോ " എന്ന് അച്ഛന്‍ ചൊദിച്ചതിന്ന് " അവന്‍ അത്തരക്കാരനല്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേ, വല്ല ട്യുഷനും എല്‍പ്പിക്കാന്‍ ആയിരിക്കും" എന്നു പറഞ്ഞ് അമ്മ ഇടപെട്ടതോടെ കൂടുതല്‍ വിചാരണ ഉണ്ടായില്ല.

അന്ന് കിടന്നിട്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു പോള കണ്ണടച്ചില്ല. രാവിലെ നേരത്തെ കുളിച്ചൊരുങ്ങി സര്‍വ്വ ദൈവങ്ങളേയും ധ്യാനിച്ച് ഞാന്‍ പൊലിസ് സ്റ്റേഷനില്‍ ചെന്നു. ഇന്‍സ്പെക്ടര്‍ ക്വാര്‍ട്ടേര്‍സില്‍ ആയിരുന്നു. അവിടെ ചെന്നപ്പോള്‍ മേലാസകലം എണ്ണ പുരട്ടീ മുറ്റത്ത് ഒരാള്‍ നില്‍ക്കുന്നു. വീരഭദ്രന്‍റെ പ്രതിമക്ക് ഈരെഴതോര്‍ത്ത് ഉടുപ്പിച്ച പൊലുള്ള രൂപം. ചീനച്ചട്ടി കമഴ്ത്തി വെച്ച മാതിരി കഷണ്ടി തലക്കു ചുറ്റും ചകിരി ചൊറു പൊതിഞ്ഞ പോലെ കറുപ്പും വെളുപ്പും കലര്‍ന്ന മുടി. കരിക്കട്ട തോറ്റു പോകുന്ന നിറം. മട്ടപ്പോത്തിന്‍റെ കൊമ്പു പോലുള്ള മീശ. എണ്ണകറ പുരണ്ട ഉടുത്തിരുന്ന തോര്‍ത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം വെള്ളം കണ്ടിട്ടില്ല. അടുത്ത ദിക്കിലെങ്ങാനും തീപ്പെട്ടി ഉരച്ചാല്‍ തോര്‍ത്ത് കത്തി ചാമ്പലാകും

കയറിചെന്ന എന്നെ നോക്കി "ങും" എന്നൊരു മൂളലോടെ ആഗമന ഉദ്ദേശം ടിയാന്‍ ചൊദിച്ചു. "എന്നെ അന്വേഷിച്ചതായി പറഞ്ഞു" ഭവ്യതയോടെ ഞാന്‍ പറഞ്ഞു. "ആരെടാ നീ" ഇത്തവണ ഇടിവെട്ട് മാതിരിയായി ചൊദ്യം. ഞാന്‍ പേരു പറഞ്ഞു. "റാസ്ക്കള്‍. എന്തെടാ ഒരു ഹംബക്ക് " ഇതൊടെ എന്‍റെ സപ്ത നാഡികളും തളര്‍ന്നു.

"ആ കള്ള നസ്‌റാണിക്ക് ഞങ്ങളുടെ സാറിനെ കൊണ്ട് ജാമ്യം നിര്‍ത്തിച്ചു കൊടുത്ത വകയില്‍ നിനക്കെന്താടാ കമ്മിഷന്‍ കിട്ടിയത് " പിന്നെയും അലക് ഉടക്കുന്ന ശബ്ദം. "അതോ രണ്ടാളും കൂടി പണം പങ്കിട്ട് പുട്ട് അടിച്ചൊ". ഞാന്‍ ഇതികര്‍ത്ത്യതാ മൂഡനായി നിന്നു. എന്‍റെ മൌനം കക്ഷിക്ക് പിടിച്ചില്ല.

"എന്തെടാ, നിനക്കു വായില്‍ നാവില്ലേ? " ഒന്നു നിര്‍ത്തി കാലമാടന്‍ തുടര്‍ന്നു " നിനക്ക് മൂന്നു ദിവസത്തെ സമയംതരും. അതിനിടക്ക് സംഗതി തീര്‍ത്തില്ലെങ്കില്‍ നിന്നെ ലോക്കപ്പിലിട്ട് എല്ല് ഒരോന്നായി ഞാന്‍ ഊരും. പോയി പെട്ടെന്ന് വേണ്ടത് ചെയ്തൊ."

തല്‍ക്കാലം നരിയുടെ മുമ്പില്‍ നിന്നും കഴിച്ചിലായിയെങ്കിലും കുരങ്ങന്‍ പടിക്കല്‍ തന്നെ എന്ന അവസ്ഥ. എനിക്കു മരിച്ചാല്‍ മതി എന്ന മാനസീകാവസ്ഥയാണ് അപ്പൊള്‍ ഉള്ളത്. തിരിച്ച് ബസ്സില്‍ വരുമ്പൊള്‍ ഞാന്‍ ഈ ലോകത്ത് ഒന്നും ആയിരുന്നില്ല. ഇറങ്ങാനുള്ള സ്റ്റോപ്പില്‍ യാന്ത്രികമായി ഇറങ്ങി. മറ്റെങ്ങും പോകാനില്ലാത്തതിനാല്‍ വായനശാലയിലേക്ക് നടന്നു. അവിടെ സ്ഥിരം ഗ്യാങ്ങില്‍പ്പെട്ട സകല അലവലാതികളും ഉണ്ടായിരുന്നു.

"സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നിന്നെ അന്വേഷിച്ച് വീട്ടില്‍ ചെന്നപ്പൊഴാണ് നീ പൊലീസ് സ്റ്റേഷനില്‍ ചെന്ന കാര്യം അറിഞ്ഞത്." സെക്രട്ടറി വിജയന്‍ പറഞ്ഞു "എന്താ കാര്യം? "ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ എന്‍റെ മുഖത്തു നിന്നും ഗുരുതരമായ എന്തോ എന്നെ അലട്ടുന്നു എന്ന് അവര്‍ക്ക് മനസ്സിലായി. എല്ലാവരും ഒരു നിമിഷത്തിനുള്ളില്‍ എന്‍റെ ചുറ്റിലും കൂടി. വിവരം തിരക്കലും സ്വാന്തനിപ്പിക്കലും നടക്കുന്നതിന്നിടയില്‍ എന്‍റെ എല്ലാ നിയന്ത്രണവും നഷ്ടമായി. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. വളരെ വിഷമിച്ചാണ് ഞാന്‍ കാര്യം വിവരിച്ചത്.

ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. ഒരു പരിഹാരം കാണാതെ നമ്മള്‍ ആണുങ്ങളായി ഇരുന്നിട്ട് എന്താ കാര്യം. ഇപ്പൊള്‍ തന്നെ അച്ചായനെ കാണണം തുടങ്ങിയ തീരുമാനങ്ങള്‍ അപ്പൊള്‍ തന്നെ എടുത്തു.

പിന്നെ ഒരു ജാഥയായിരുന്നു. പത്തിരുപത്തെണ്ണത്തിന്നു നടുവിലാണെങ്കിലും എനിക്ക് ഒട്ടും സമാധാനം ഇല്ലായിരുന്നു. വഴി നീളെ എന്‍റെ കഴിവുകേടിനെക്കുറിച്ചും അച്ചായനെ കൈകാര്യം ചെയ്യുന്ന മാര്‍ഗ്ഗത്തെകുറിച്ചും ആയിരുന്നു ചര്‍ച്ച.

ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ അച്ചായന്‍ വീടിന്‍റെ മുറ്റത്ത് ചാരുകസേരയില്‍ കാലേറ്റി വെച്ചു കിടപ്പാണ്. ഒരു വശത്ത് തെങ്ങിന്‍റെ ചുവട്ടില്‍ ഭാര്യ പാത്രങ്ങള്‍ കഴുകുന്നു. പിരിവിനു വന്നവരാണെന്നു കരുതിയാവണം തീര്‍ത്തും ഉദാസീനമായ ഭാവമാണ് ഇരുവര്‍ക്കും.

സെക്രട്ടറി വിജയനാണ് വിഷയം അവതരിപ്പിച്ചത്. അച്ചായന്‍ മുന്‍ നിലപാടില്‍ തന്നെ ഉറച്ചു ‍നില്‍പ്പാണ്. തനിക്ക് ഇതിലൊന്നും ഇടപെടേണ്ട കാര്യമില്ല എന്ന മട്ടിലാണ് ചേട്ടത്തി. തുടര്‍ന്നു ഉഗ്രമായ വാദപ്രതിവാദമായിരുന്നു. മര്യാദക്ക് പണം കൊടുത്തു തീര്‍ത്ത് സംഗതി ശരിയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കുകയായിരിക്കും ഫലം എന്നുള്ള ഭീഷണി അച്ചായന്‍ പുച്ഛിച്ചു തള്ളി.

ആ സമയത്താണ് അത്ര നേരം സംസാരിക്കാതിരുന്ന നാരായണന്‍കുട്ടി ശബ്ദിച്ചത്. അവന്‍ ചേട്ടത്ത്യാരൊട് ഇങ്ങനെ പറഞ്ഞു " നിങ്ങളുടെ കെട്ട്യോന്‍ ഇവനെ ചതിച്ചാല്‍ കുന്നത്തമ്മയാണേ സത്യം കാലത്ത് കെട്ടി ചുറ്റി പഠിക്കാന്‍ പോണ നിങ്ങളുടെ മകള്‍ക്ക് കുടിയപ്പാട് (കല്യാണം) വരാതേ ഞങ്ങള്‍ നോക്കും."

ഇതോടെ ചേട്ടത്ത്യാര്‍ പാത്രം കഴുകല്‍ നിര്‍ത്തി. ഉടുത്ത തുണിയില്‍ കൈ തുടച്ചു എഴുന്നേറ്റു. ഞങ്ങളില്‍ എറ്റവും സുന്ദരനും ഏക പാന്‍റ്ധാരിയും ആയ അവനെ തന്നെ നോക്കി നിന്നു. ഒട്ടും കൂസല്‍ ഇല്ലാതെ അവന്‍ ഒന്നു കൂടി പറഞ്ഞു" ചെലപ്പൊ കല്യാണത്തിന്നു മുന്‍പ് അവള്‍ ഒന്ന് പെറും ചെയ്യും. നോക്കിക്കൊ "

പിന്നെ നടന്നത് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ്. മാറത്ത് നല്ല നാലു വീക്ക് പാസ്സാക്കി ചേട്ടത്തി വലിയ വായില്‍ കരയുകയും പാത്രങ്ങള്‍ എടുത്ത് അച്ചായനെ എറിയുകയും "കൊള്ളരുതയ്മ കാട്ടി കുടുംബത്തിന്ന് നാണക്കേട് വരുത്തിയാല്‍ പുരക്ക് തീ കൊടുത്ത് ഞാനും മക്കളും ആത്മഹത്യ ചെയ്യുമെന്ന്" പ്രഖ്യാപിക്കുകയും ചെയ്തു. തിരിച്ചു പോരുമ്പൊള്‍ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നു മാത്രമല്ല ഇത്രത്തോളം വേണ്ടായിരുന്നു എന്ന് പലര്‍ക്കും തോന്നുകയും ചെയ്തു. പക്ഷേ അന്നുതന്നെ ചേട്ടത്തി അച്ചായനേയും കൂട്ടി ചെന്ന് സാറിന്‍റെ കയ്യില്‍ നിന്നും പിടിച്ച പണം തിരിച്ചു കൊടുക്കുകയും കെ.എസ്.എഫ്. ഇ യിലെ തുക ഡെപ്പോസിറ്റായി നിക്ഷേപിക്കുകയും ചെയ്തു.

ഇതി ശുപാര്‍ശാ പര്‍വ്വം ശുഭമസ്തു

3 comments:

Binoj said...

Its is a nice story. Don't recommend anybody in future....

Gokuldas

Prajitha said...

ചിലപ്പോള്‍ അവള്‍ പെറും.... ഒന്നാന്തരം. ശഠനോട് ശാഠ്യം എന്ന പ്രമാണം. ഭാവുകങ്ങള്‍.
പ്രജി.

മാണിക്യം said...

പണം ഒരു വല്ലാത്ത പുലിവാലാണ് അതു കൈപറ്റുന്നവരെയുള്ള മുഖമല്ല തിരികെ തരണം എന്ന് പറയുമ്പോള്‍ കക്ഷി പോലീസ് ആയകൊണ്ടും കൂട്ടുകാര്‍ വീണ്ടൂവിചാരം ഇല്ലാത്ത പ്രായക്കാരായകൊണ്ടും മാത്രം രക്ഷപെട്ട കേസ്! നല്ല അവതരണം ...