'' എന്താടാ, ഇന്ന് ഇങ്ങിനെയൊരു വേഷം '' പുറത്തു നിന്ന് അമ്മയുടെ ഒച്ച കേട്ടതും ഞാന്‍ എണീറ്റ് വെളിയിലേക്ക് നോക്കി. മുറ്റത്ത് മാണിക്കന് നില്ക്കുന്നു. കാവി മുണ്ടും അതേ നിറത്തിലുള്ള ഒരു ജുബ്ബയുമാണ് വേഷം, തോളില്‍ ഒരു കാവിത്തോര്‍ത്തുമുണ്ട് ഇട്ടിട്ടുണ്ട്. വിരസമായ പൊട്ട സിനിമ കാണുന്നതിനേക്കാള്‍ നല്ലത് അവന്റെ വിശേഷങ്ങള്‍ കേള്‍ക്കുന്നതാണ്. ടി.വി. ഓഫ് ചെയ്ത് ഞാന്‍ പുറത്തേക്ക് നടന്നു.
'' കാര്യൂണ്ട് തമ്പുരാട്ട്യേ '' അവന് പറഞ്ഞു '' ഈ വരുന്ന ഞായറാഴ്ച നമ്മടെ അമ്പലത്തില്‍ സ്വാമിജി വരുന്നുണ്ട് ''.
'' അതിന് നീ എന്തിനാ ഈ വേഷം കെട്ടുണത് ''.
'' സ്വാമിജിയെ സ്വീകരിക്കാനുള്ള കമ്മിറ്റിയിലെ ആളുകളുടെ വേഷം ഇതാണ്, ഞാനൂണ്ട് സ്വീകരണ കമ്മിറ്റിയില്‍ ''.
'' അത് പ്രത്യേകിച്ച് പറയണോ. ചുക്കില്ലാത്ത കഷായം ഇല്ലാ എന്ന് പറയിണ മാതിരി നീയില്ലാത്ത എന്തെങ്കിലും പരിപാടിയുണ്ടോടാ ഈ നാട്ടില്‍ ''.
'' തമ്പുരാട്ട്യേ. ഏതു നല്ല കാര്യത്തിനും മനസ്സറിഞ്ഞ് സഹകരിക്കണം. മനുഷ്യനായാല്‍ ചെയ്യണ്ടത് അതല്ലേ. ഞാനും അതേ ചെയ്യുണുള്ളു ''.
'' അതിനൊന്നും ആരും കുറ്റം പറയില്ല. അതു പോട്ടെ. ഏതാ ഈ സ്വാമിജി. വല്ല കള്ള സന്യാസീം ആണോ ''.
'' തമ്പുരാട്ട്യേ. വേണ്ടാത്ത ഓരോന്ന് പറഞ്ഞ് ദൈവകോപം വരുത്തണ്ടാ. ഈ സ്വാമിജി ആരാണെന്നാ വിചാരം. ഭൂമീലുള്ള മനുഷ്യന്മാരുടെ സങ്കടം തീര്‍ക്കാന്‍ ദൈവം സ്വാമിടെ വേഷത്തില്‍ ലോകത്തേക്ക് വന്നതാണത്രേ ''.
'' അതൊക്കെ വെറുതെ പറയിണതാവും. ഇന്നു കാലത്ത് എവിടെ നോക്ക്യാലും തട്ടിപ്പല്ലേ ഉള്ളു ''.
'' അങ്ങിനെയാച്ചാല്‍ ആയിരക്കണക്കിന് ആളുകള്‍ ദിവസൂം സ്വാമിജിയെ തൊഴുകാന്‍ ചെല്ലുന്നതോ. ഓരോരുത്തരുക്ക് ഉണ്ടായ അനുഭവങ്ങള്‍ കേട്ടാല്‍ നമുക്ക് ആശ്രമത്തിന്ന് പോരാന്‍ തോന്നില്ല ''.
'' നിന്റെ സ്വാമിയാരെ തൊഴുതിട്ട് ആരെങ്കിലും ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് പോയോ ''.
'' അതെനിക്ക് അറിയില്ല. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ പറയാം '' അവന് പറഞ്ഞു തുടങ്ങി.
'' ടൌണിലെ സ്വര്‍ണ്ണക്കടക്കാരന്റെ മകന് ക്യാന്‍സര്‍ വന്നു. അതും ഒരേ ഒരു മകന്. ഇട്ടു മൂടാനുള്ള സ്വത്തുണ്ട് അയാള്‍ക്ക്. ചെക്കനാണെങ്കില് എഞ്ചിനീയറിങ്ങിന് പഠിക്കാന്‍ ചേര്‍ന്നിട്ടേയുള്ളു. ഒരു പനി വന്നപ്പോള്‍ നോക്കാന്‍ ചെന്നതാ. അപ്പോഴാണ് വിവരം അറിയിണത്. പറഞ്ഞിട്ടെന്താ. കാര്യം കൈകടന്നു. ഇനി ഒന്നും ചെയ്യാനില്ല, ഏറിയാല്‍ ഒരു മാസം എന്നു പറഞ്ഞ് തിരിച്ചയച്ചതാ '' അവന് പറച്ചില് നിര്‍ത്തി. ഞങ്ങള്‍ മുള്‍മുനയില്‍ നില്ക്കുന്ന അവസ്ഥയിലായി.
'' എന്താ നിര്‍ത്ത്യേത്. ബാക്കീം കൂടി പറ '' അമ്മ പ്രോത്സാഹിപ്പിച്ചു.
'' അയാളും ഭാര്യയും കൂടി വന്ന് സ്വാമിജിയുടെ കാലില്‍ കെട്ടിപ്പിടിച്ച് ഒരേ കരച്ചില്. ഭക്തന്മാരുടെ സങ്കടം അറിയിണ ആളല്ലേ സ്വാമിജി. അയമ്മടെ തലേല് കൈ വെച്ച് മുക്കാല്‍ മണിക്കൂറ് ഒരേ ജപം. എന്നിട്ട് ഒരു ഭസ്മം പൊതിഞ്ഞു കൊടുത്തിട്ട് പത്തു ദിവസം അതില്‍ നിന്ന് ഓരോ നുള്ള് എടുത്ത് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കൊടുക്കാന്‍ പറഞ്ഞു. അത്രേന്നെ '' അവന് വീണ്ടും നിര്‍ത്തി. '' മുഴുവന്‍ പറയെടാ മാണിക്കാ '' അമ്മയ്ക്ക് ഉത്സാഹമായി.
'' എന്താ ഞാന്‍ പറയണ്ട്. അവന്റെ സൂക്കട് പറ്റെ മാറി. ഇപ്പൊ കോളേജിലേക്ക് പോണുണ്ട്. അതിലും കൂടിയ സംഗതിയല്ലേ കോളേജിലെ ടീച്ചറുടെ '' അവന് അടുത്ത കഥയിലേക്ക് നീങ്ങിത്തുടങ്ങി.
'' അതും കൂടി പറ. കേക്കട്ടെ ''.
'' തെക്ക് എവിടുന്നോ വന്ന ആളാണ് ടീച്ചറ്. വലിയ ബംഗ്ലാവും കാറും ഒക്കെയുണ്ട്. മൂപ്പത്ത്യാരുടെ ഭര്‍ത്താവാണെങ്കില്‍ വല്യേ ഉദ്യോഗസ്ഥന്. പക്ഷെ മക്കളില്ല. അയമ്മക്ക് വയസ്സ് അമ്പത്തി നാല്. ഈ ജന്മം കുട്ടികളുണ്ടാവില്ല എന്ന് കരുത്യേതാണ് അവര്‍. ഭാഗ്യത്തിന് സ്വാമിജിയെ കാണാന്‍ തോന്നി ''.
'' എന്നിട്ട് ''.
'' എന്നിട്ടെന്താ. അയമ്മ ഇരട്ട പെറ്റു. നമ്മടെ നാണുക്കുട്ടന് നായരുടെ മകന്റെ കഥ തമ്പുരാട്ടിക്ക് അറിയില്ലേ ''.
'' എന്താ. എനിക്കൊന്നും അറിയില്ല ''.
'' കടം വന്ന് മുടിഞ്ഞ് തീവണ്ടിടെ മുമ്പില്‍ ചാടി ചാവാന്‍ പോയതാ. ആരോ കണ്ടതോണ്ട് ചത്തില്ല. വിവരം അറിഞ്ഞ സ്വാമിജിയുടെ ഒരു ശിഷ്യന് കയ്യോടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മാസം മൂപ്പര് അവിടെ കൂടി. മടങ്ങി വന്ന് പത്ത് ദിവസം കഴിഞ്ഞതേയുള്ളു, കേരള ലോട്ടറിടെ ഒന്നാം സമ്മാനം കിട്ടി. പേപ്പറില്‍ അയാളുടെ ഫോട്ടോ വന്നത് കണ്ടില്ലേ ''.
'' വല്ല സിദ്ധീം ഉണ്ടാവും സ്വാമിക്ക് '' അമ്മയ്ക്ക് വിശ്വാസം വന്നതുപോലെ തോന്നി.
'' ഉണ്ടാവും എന്നല്ല ഉണ്ട്. തമ്പുരാട്ടിക്ക് എന്തെങ്കിലും വേണച്ചാല്‍ സ്വാമിജിയെ നേരെ ചെന്നു കണ്ട് പറഞ്ഞാല്‍ മതി. സംഗതി നടക്കും ''.
'' എനിക്ക് അങ്ങിനെ വലിയ കാര്യോന്നൂല്യാ. ഇവന് നല്ല ഒരു ജോലി കിട്ടണം. പിന്നെ വാതത്തിന്റെ ഉപദ്രവം ഉള്ളത് മാറി കിട്ടിയാല്‍ നന്ന്. അത്രേ എനിക്ക് മോഹൂള്ളു ''.
'' ഇതൊക്കെ സിമ്പിളല്ലേ. സ്വാമിജിടെ അടുത്തു ചെന്ന് അപേക്ഷിച്ചോളൂ. അദ്ദേഹം ഒന്ന് നോക്ക്യാല് മതി, കാര്യം സാധിക്കും ''.
'' നല്ല തിരക്കുണ്ടാവില്ലേടാ അവിടെ. വന്നിട്ട് കാണാതെ മടങ്ങണ്ടി വര്വോ ''.
'' ഞാനില്ലേ അവിടെ. പുറപ്പെടുമ്പോള്‍ മൊബൈലില്‍ ഒന്ന് വിളിച്ചു പറഞ്ഞാല്‍ മതി. ഞാന്‍ കാത്തു നിന്ന് കൂട്ടിക്കൊണ്ടുപോവാം ''.
'' പോവുമ്പൊ നിങ്ങള്‍ കമ്മിറ്റിക്കാര്‍ക്ക് സംഭാവന വല്ലതും തരേണ്ടി വര്വോ ''.
'' ഒരു പൈസ ആ വിഷയത്തില്‍ ചിലവ് വരില്ല. അഞ്ഞൂറ്റൊന്നോ, ആയിരത്തി ഒന്നോ ഉറുപ്പികയും അഞ്ചാറ് വെറ്റിലയും ഒരു പഴുക്കടയ്ക്കയും കൂടി സ്വാമിജിയുടെ കാല്ക്കല് ദക്ഷിണ വെച്ചോളൂ. വേണച്ചാല്‍ ആപ്പിളോ, ഓറഞ്ചോ. പൂവന്‍പഴോ ഒക്കെ കാല്ക്കല് വെക്കാം. ഒരു പാത്രം തിളപ്പിച്ച പാലും കൂടിയായാല്‍ ഉത്തമായി ''.
വൈകുന്നേരം അമ്മ അച്ഛനോട് വിവരങ്ങള്‍ പറയുന്നത് കേട്ടു. അച്ഛന് ഉറക്കെ ചിരിക്കുകയാണ് ചെയ്തത്.
'' എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളൂ, ഞാന്‍ മുടക്കം പറഞ്ഞു എന്ന് വരണ്ടാ '' എന്നും പറഞ്ഞ് അച്ഛന് കയ്യൊഴിഞ്ഞു.
ഞായറാഴ്ച ഞാന്‍ കുളിച്ചെത്തുമ്പോഴേക്കും അമ്മ ഒരുങ്ങി നില്‍പ്പാണ്.
'' നേരം എത്രയായി എന്ന് നിനക്ക് വല്ല നിശ്ചൂണ്ടോ. ഇപ്പോത്തന്നെ മകരവിളക്ക് കാണാനുള്ളത്ര ആളുണ്ടാവും അമ്പലത്തില്‍. വേഗം പുറപ്പെട് '' അമ്മ ധൃതി കൂട്ടി. '' നിന്റെ സ്കൂട്ടര്‍ എടുത്തോ. വേഗം എത്തണ്ടതാ '' ആദ്യമായിട്ട് അമ്മ സ്കൂട്ടറില്‍ കയറി.
അമ്പല മുറ്റം ജന നിബിഡമായിരുന്നു. മാണിക്കന് ഉള്ളതിനാല്‍ പെട്ടെന്ന് ദര്‍ശനം ലഭിച്ചു. അമ്മ കാഴ്ച ദ്രവ്യങ്ങളും ദക്ഷിണയും സമര്‍പ്പിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചു.
'' വരുന്ന മണ്ഡലമാസം ആവുമ്പോഴേക്കും എല്ലാം ശരിയാവും '' സ്വാമിജി അനുഗ്രഹിച്ചു. അമ്മയുടെ വാതകടച്ചില് മാറാന്‍ വേണ്ടി ദേഹത്ത് പുരട്ടാനായി നല്ലെണ്ണ ജപിച്ച് തരികയും ചെയ്തു. ആ എണ്ണ പുരട്ടിയതോടെ അമ്മയുടെ വേദന കുറഞ്ഞു.
'' എന്നാലും ഒരു മഹാന് തന്നെ. എത്ര മരുന്നു കുടിച്ചു, കുഴമ്പും തൈലവും പുരട്ടി. എന്നിട്ടൊന്നും മാറാത്ത വാത കടച്ചിലല്ലേ സ്വാമി ജപിച്ചു തന്ന നല്ലെണ്ണ പുരട്ട്യേതോടെ മാറിയത് '' അമ്മ സന്തോഷം കണ്ടു മുട്ടുന്നവരോടൊക്കെ പറഞ്ഞു. മണ്ഡലമാസം കഴിഞ്ഞിട്ടും ജോലിയുടെ കാര്യം ഒന്നുമായില്ല. ഞാനത് മാണിക്കനോട് പറഞ്ഞു.
'' നീ മിണ്ടാതിരിക്ക്. മേട മാസത്തിന്ന് മുമ്പ് സ്വാമിജി ഒന്നുകൂടി നമ്മുടെ അമ്പലത്തില്‍ വരുന്നുണ്ട്. അപ്പോള്‍ നിന്റെ കാര്യം പ്രത്യേകം പറഞ്ഞു ശരിയാക്കാം '' അവന് ഉറപ്പു നല്കി.
പക്ഷെ അത് വേണ്ടി വന്നില്ല. അതിനു മുമ്പ് സ്വാമിജി തട്ടിപ്പുകേസ്സില്‍ കുടുങ്ങി അകത്തായി.
ഹഹ
ReplyDeleteആ‘സാമി’മാര്‍
മാണിക്യൻ തൊട്ടതെല്ലാം പൊന്ന്.
ReplyDeleteഹാവൂ ആ സാമിയെ കണ്ടു എന്റെ വാതത്തിന്റെ വേദന മാറാന്‍ വല്ല മരുന്നും ചോദിക്കാം എന്നെ ഞാന്‍ കരുതീത്.. അപ്പോഴേക്കും....!
ReplyDeleteനന്നായി ഏട്ടാ......
ReplyDeleteസ്വാമീ (സാക്ഷാല്‍) രക്ഷിക്കണേ...
ReplyDeleteajith,
ReplyDeleteശരിക്കും ആസാമി തന്നെ.
രാജഗോപാല്‍,
അതല്ലേ നമ്മുടെ മാണിക്കന്റെ രീതി.
Nalina,
ഇത്തരക്കാരെക്കൊണ്ട് ചികിത്സിച്ച് അബദ്ധത്തിലാവരുതേ.
കുട്ടന്@ ചെറ്റപൊര,
വളരെ നന്ദി.
ഡോ.പി.മാലങ്കോട്,
ഡോക്ടര്‍ , വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.
എല്ലാ കഥകളും വായിച്ചു . നല്ല അവതരണം താങ്കള്‍ ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു
ReplyDeletesafeer,
ReplyDeleteനോവലുകള്‍ എഴുതുന്നതിനാലാണ്- അധികം പോസ്റ്റുകള്‍ ഇടാന്‍ കഴിയാത്തത്. എങ്കിലും തീര്‍ച്ചയായും ഈ ബ്ലോഗ് തുടരും.
വൈകി വായന എങ്കിലും ആസ്വദിച്ചു
ReplyDeleteഅമൃതം ന്മയ,
ReplyDeleteവളരെ സന്തോഷം.