Wednesday, December 11, 2013

കോഴിവേയ്സ്റ്റ്.


'' ഉങ്ങിൻറെ ചോട്ടിലല്ലേ നീ ദിവസവും ബസ്സുകാത്തു നിൽക്കാറ് '' വൈകുന്നേരം വീട്ടിലേക്ക് വരുന്നവഴി മാണിക്കനെ കണ്ടതും അവൻ ചോദിച്ചു.

'' അതെ '' ഞാൻ പറഞ്ഞു '' അതല്ലേ എനിക്ക് സൗകര്യം '' പെട്രോൾവില അടിക്കടി കൂടി തുടങ്ങിയതോടെ പാരലൽ കോളേജിലേക്കുള്ള യാത്രയ്ക്ക് സ്കൂട്ടർ എടുക്കാതായി. വളരെ അത്യവശ്യമായി എവിടേക്കെങ്കിലും പോവുമ്പോഴേ അത് എടുക്കാറുള്ളു. ബാക്കി യാത്രകൾ മുഴുവൻ ബസ്സിലാണ്. മുമ്പ് ബസ്സുകാത്ത് നിന്നിരുന്ന ഉങ്ങിൻ ചുവട്ടിൽ തന്നെയാണ് വീണ്ടും കാത്തുനിൽപ്പ് തുടങ്ങിയത്.

'' എന്നിട്ട് നിനക്കവിടെ എന്തെങ്കിലും തോന്നിയോ ''.

'' ഏയ്. എനിക്കൊന്നും തോന്നിയില്ല ''.

'' എന്നാലേ നിൻറെ മൂക്കിന്ന് എന്തോ കേടുണ്ട് '' അവൻ പറഞ്ഞു '' നാറീട്ട് ഒരു മനുഷ്യൻ അവിടെ നിൽക്കില്ല ''.

അതു ശരിയാണ്. കുറച്ചു ദിവസങ്ങളായി ബസ്സ് സ്റ്റോപ്പ് പരിസരം വല്ലാത്തൊരു ദുർഗന്ധം പടർന്ന അവസ്ഥയിലാണ്. വാഹനമിടിച്ച് ചത്ത നായയേയോ പൂച്ചയേയോ ആരെങ്കിലും പാതച്ചാലിനപ്പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ടാവും, അല്ലെങ്കിൽ പാമ്പോ മറ്റോ ചത്തു കിടപ്പാവും എന്നൊക്കെ കരുതിയിരുന്നു.

'' ശരിയാണ്. എന്തോ ഒരു നാറ്റം തോന്നീട്ടുണ്ടായിരുന്നു. ചത്ത നായിനേയോ, പൂച്ചയേയോ പാമ്പിനേയോ ആരെങ്കിലും അതിനടുത്ത് ഇട്ടിട്ടുണ്ടാവും '' ഞാൻ പറഞ്ഞു.

'' വിവരക്കേട് പറയാതെടാ. ദിവസവും നായയും പൂച്ചയും വണ്ടിക്ക് ഊടു കൊടുക്ക്വാണോ. നിത്യവും തല്ലിക്കൊല്ലാൻ മാത്രം പാമ്പുണ്ടോ ഈ നാട്ടില്.  ഇത് അതൊന്ന്വോല്ല. ആരോ കോഴിടെ വേയ്സ്റ്റ് വലിച്ചെറിയുന്നതാണ് ''.

'' ആരായാലും വല്ലാത്ത ദ്രോഹമാണ് ചെയ്യുന്നത്. മൂക്ക് പൊത്തിയിട്ടാ ആളുകള് അവിടെ നിൽക്കുന്നത് ''.

'' എന്നിട്ട് ആരെങ്കിലും ഇത് തടയാൻ വല്ലതും ചെയ്തിട്ടുണ്ടോ. ഇല്ല. ഒരാളും ചെയ്യില്ല ''.

'' ആരാന്ന് അറിഞ്ഞാലല്ലേ വല്ലതും ചെയ്യാൻ പറ്റു ''.

'' എന്തു ചെയ്യും എന്നാ നീ പറഞ്ഞോണ്ട് വരുന്നത് ''.

'' പഞ്ചായത്ത് ആപ്പീസില് ഒരു പരാതി കൊടുക്കാലോ ''.

'' എന്നിട്ട് അവരത് വലിച്ചു കീറി കുപ്പത്തൊട്ടിയിലിടും. അല്ലാണ്ടെ ഒന്നും ഉണ്ടാവില്ല ''.

'' പിന്നെന്താ ചെയ്യുക ''.

'' നാലഞ്ച് കോഴിക്കടകളില്ലേ ഇവിടെ. ആരാ ഈ പരിപാടി ചെയ്യുന്നത് എന്ന് നോക്കട്ടെ. എന്നിട്ടാവും ബാക്കി ''.

'' അതെങ്ങിനെ അറിയും ''.

'' അതിനാണോ പ്രയാസം. ഇന്നുരാത്രി ഞാൻ ഉറങ്ങാതെ അവിടെ ഒളിച്ചുനിൽക്കും. ആളെ മനസ്സിലായാൽ ഞാൻ നിന്നെ മൊബൈലിൽ വിളിക്കും. മൂടിപ്പുതച്ച് കൂർക്കം വലിക്കാതെ വേഗം എണീറ്റ് വരണം ''.

ഞാനത് സമ്മതിച്ചു. പറഞ്ഞത് കേട്ടില്ല എന്നു വരുത്തരുതല്ലോ.

രാത്രി മൊബൈൽ അടിച്ചതും എഴുന്നേറ്റു. ഉറക്കം പിടിക്കാഞ്ഞതു ഭാഗ്യം. നേരത്തെ വീട്ടിൽ പറഞ്ഞിരുന്നതുകൊണ്ട് സ്കൂട്ടർ എടുത്തപ്പോൾ അച്ഛനും അമ്മയും എതിർത്തില്ല. ഉങ്ങിൻ ചുവട്ടിലെത്തിയപ്പോൾ മാണിക്കനെ കൂടാതെ പത്തിരുപത് പേരുണ്ട്.

'' എടാ, ആളെ പിടി കിട്ടി '' മാണിക്കൻ പറഞ്ഞു '' പാലത്തിൻറടുത്ത് പുതുതായി തുടങ്ങിയ കോഴിക്കടയിലെ ചെക്കനാണ് ഈ പണി പറ്റിക്കുന്നത് ''.

'' ഇനിയെന്താ ചെയ്യാൻ പോണത് '' ഞാൻ ചോദിച്ചു.

'' ഇവിടെ കിടക്കുന്ന സകല വേയ്സ്റ്റും നമ്മള് പെറുക്കിയെടുക്കും. എന്നിട്ട് എല്ലാവരും കൂടി അവൻറെ വീട്ടിലേക്ക് പോണം. ബാക്കി ഞാൻ അവിടെവെച്ച് കാട്ടിത്തരാം ''.

മാണിക്കൻറെ നേതൃത്വത്തിൽ പരിസരത്തു കണ്ട കോഴിവേയ്സ്റ്റ് നിറച്ച ക്യാരീബാഗുകൾ ഒരു കീറ ചാക്കിലാക്കി. അതും ചുമന്ന് മാണിക്കൻ മുമ്പിലും മറ്റുള്ളവർ പിന്നിലുമായി ഒരു ഘോഷയാത്രപോലെ നീങ്ങി. ഇടയ്ക്ക് സ്കൂട്ടർ ഓടിച്ചും ഇടയ്ക്ക് നിർത്തിയും അവരെ ഞാൻ അനുഗമിച്ചു.

കോഴിക്കടക്കാരൻറെ വീടെത്തി. ചാക്കിലെ കോഴിവേയ്‌സ്റ്റെടുത്ത് മുറ്റത്ത് അവിടവിടെയായി മാണിക്കൻ വിതറി. എന്നിട്ട് കോളിങ്ങ്ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തി. പുറത്തെ ബൾബ് പ്രകാശിച്ചു. വാതിൽ തുറന്ന് വീട്ടുകാരൻ പുറത്തു വന്നു.

'' എന്താ എല്ലാവരും കൂടി ഈ നേരത്ത് '' പരിഭ്രമത്തോടെ അയാൾ ചോദിച്ചു.

'' നിങ്ങളുടെ കോഴിക്കടയിലെ വേയ്‌സ്റ്റ് ബസ്സ് സ്റ്റോപ്പിലിട്ട് ആളുകളെ ദ്രോഹിക്കുകയാണ് '' മാണിക്കൻ പറഞ്ഞു '' ഇന്ന് ഞങ്ങളത് പെറുക്കി ഈ മുറ്റത്ത് ഇട്ടിട്ടുണ്ട്. ഇനി മേലാൽ ഇതേ പരിപാടി ചെയ്താൽ ഞങ്ങളത് പെറുക്കി കൊണ്ടുവന്ന് നിങ്ങളുടെ കിണറ്റിൽ ഇടും ''.

അയാൾ എന്തെങ്കിലും പറയുന്നതിന്നുമുമ്പ് '' നിങ്ങള് വരിൻ '' എന്നും പറഞ്ഞ് മാണിക്കൻ നടന്നു തുടങ്ങി, പുറകെ ഞങ്ങൾ അനുയായികളും.

5 comments:

  1. വേസ്റ്റ് ഒരു വലിയ പ്രശ്മമാണ്
    എന്തെങ്കിലും പോംവഴി കണ്ടുപിടിച്ചേ പറ്റൂ
    തിരികെ ഉറവിടത്തിലെത്തിക്കുന്നതും തിരിച്ചെടുപ്പിക്കുന്നതുമൊന്നും ഒരു പരിഹാരമാകുന്നില്ല

    ReplyDelete
  2. ആ പരിപാടി കൊള്ളാം.. പക്ഷേ, അയാൾക്ക് മാത്രമല്ലല്ലൊ മണം വരിക. അയലോക്കത്തുള്ളവരും മൂക്കു പൊത്തേണ്ടി വരില്ലേ...?

    ReplyDelete
  3. ajith,
    കോഴിക്കട തുടങ്ങാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ ലൈസൻസ് വേണം. ലൈസൻസിലെ ഒരു നിബന്ധന മാലിന്യം നശിപ്പിക്കാൻ സംവിധാനം ഉണ്ടാവണം എന്നതാണ്. പക്ഷെ ആരും അത് പാലിക്കുന്നില്ല.

    ReplyDelete
  4. വി.കെ,
    ശരിയാണ്. പക്ഷെ പ്രതികരിക്കാതിരിക്കുന്നേടത്തോളം ഈ പരിപാടി തുടരുക തന്നെയാവും.

    ReplyDelete
  5. പ്രതികരണം ഇങ്ങനെയും അല്ലെ?
    എന്തായാലും മാണിക്കൻ ഒരു ഉദ്ദേശത്തോടെ മാത്രമേ വല്ലതും ചെയ്യൂ.

    ReplyDelete