'' എവിടേക്കാടാ മണിക്കാ പുസ്തകവുമൊക്കെ ആയിട്ട്. നീ സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നോ '' അമ്മയുടെ വാക്കുകളില്‍നിന്ന് മാണിക്കന്‍ എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. പക്ഷെ അത്ര പെട്ടെന്നൊന്നും ഉമ്മറത്തേക്ക് പോവാന്‍ പറ്റില്ല. അടുപ്പില്‍ ചക്കവരട്ടാന്‍വെച്ചിട്ടുണ്ട്. അത് ഇളക്കാനേല്‍പ്പിച്ച് അമ്മ എന്തിനോ പുറത്തേക്കിറങ്ങിയതാണ്. അതെങ്ങാനും അടിപ്പിടിച്ചാല്‍ ഭേഷാവും കഥ. അമ്മയുടെ വായിലുള്ളതു മുഴുവന്‍ കേള്‍ക്കേണ്ടി വരും.
'' എന്താ പറയണ്ട് എന്‍റെ തമ്പ്രാട്ട്യേ. ഓരോരോ പുലിവാലുകള് തിരഞ്ഞെത്തിക്കോളും. കണ്ടില്ലാന്ന് നടിക്കാന്‍ പറ്റില്ലല്ലോ ''.
'' എന്താടാ അത്ര വലിയ പുലിവാല് ''.
'' തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ പോണ കാര്യം തമ്പ്രാട്ടി പേപ്പറില്‍ കണ്ടില്ലേ ''.
'' അതുകണ്ടു. പക്ഷെ അതും നീയും തമ്മിലെന്താ ബന്ധം ''.
'' ബന്ധൂണ്ട്. ഈ പഞ്ചായത്തില്‍ എത്ര തെരുവുനായ്ക്കളുണ്ടെന്നു ചോദിച്ചാല്‍ തമ്പ്രാട്ടിക്ക് അതിന്‍റെ ഉത്തരം അറിയ്യോ ''.
'' എനിക്ക് എന്നല്ല ആര്‍ക്കും അതിന്‍റെ ഉത്തരം അറിയില്ല ''.
'' അപ്പോഴാണ് മാണിക്കന്‍റെ സഹായം വേണ്ടിവര്വാ. ഇതാ ഈ പുസ്തകവുമായി നടക്കുന്നത് നായ്ക്കളുടെ കണക്കെടുക്കാനാണ് ''.
''എന്താ ആരെങ്കിലും നിന്നെ കണക്കെടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ''.
'' എന്തിനാ ചുമതലപ്പെടുത്തുന്നത്. നാളെമേലാല് ഒരു ആവശ്യം വരും എന്നു കണ്ടാല്‍ നമ്മള് മുന്‍കൂട്ടി വേണ്ടത് ചെയ്യണം. അതാ അതിന്‍റെ ശരി ''.
'' എന്നിട്ട് നീ എന്താ ചെയ്യാന്‍ പോണത് ''.
'' ഒരു നായിനെ കണ്ടാല്‍ പുസ്തകത്തില്‍ ഒരു തെറ്റിടും. അപ്പൊ എണ്ണം കറക്ടായിട്ട് കിട്ടും. എന്നിട്ട് ആ നായിന്‍റെ മേത്ത് ചൊമന്നചായംകൊണ്ട് ഒരു വരവരയ്ക്കും ''.
'' അതെന്തിനാ ''.
'' ഈ നായ്ക്കള് ഒരു ദിക്കില്‍ കെട്ടിയിട്ടപോലെ ഇരിക്ക്വോ. അതില്ല. ഇവിടെ കണ്ടതിനെ കുറച്ചുകഴിഞ്ഞാല്‍ വേറേദിക്കിലാവും കാണുക. അപ്പോള്‍ എണ്ണം പിടിച്ചതാണോ എന്നറിയാനാ ഈ ചോന്ന വര ''.
'' അതു നന്നായി. ഉള്ള മുഴുവന്‍ നായ്ക്കളുടേയും മേത്ത് വരയിട്ടുകഴിഞ്ഞാലേ പണിതീരൂ അല്ലേ ''.
'' എന്നാലും തീരില്ലല്ലോ ''.
'' പിന്നെന്താ ഉള്ളത് ''.
'' വന്ധ്യംകരണം ചെയ്യുന്ന സമയത്ത് കൂടെ ഉണ്ടാവണം. അപ്പൊ പച്ചനിറത്തില് ആദ്യത്തെ വരടെ അടുത്ത് ഒന്നുംകൂടി വരയ്ക്കും. വന്ധ്യംകരിച്ചതാണ് എന്നറിയാനാ പച്ചവര ''.
'' ഇനി ഇമ്മാതിരി വികടത്തരം എന്തെങ്കിലും ആ തലയില്‍ ഉണ്ടോ '' അമ്മ ചോദിച്ചു.
'' വികടത്തരോ. നല്ല കഥ. അതൊക്കെ ഐഡിയകളല്ലേ ''.
'' ഐഡിയയെങ്കില്‍ അങ്ങിനെ. ''.
'' എന്നാല്‍ കേട്ടോളിന്‍ '' അവന്‍ പറഞ്ഞുതുടങ്ങി '' പാമ്പു കടിച്ച് എത്ര ആളുകളാ മരിക്കാറ്. അതും പറഞ്ഞ് അവറ്റിനെ തല്ലിക്കൊല്ലാന്‍ പാട്വോ. അതു പാടില്ല. പിന്നെ ഒറ്റ വഴിയേ ഉള്ളൂ. എല്ലാ പാമ്പുകളുടേയും വിഷപ്പല്ല് പറിച്ചുകളയുക. അതോടെ പ്രശ്നം തീരില്ലേ. നായിന്‍റെ കണക്ക് കഴിഞ്ഞാല്‍ പിന്നെ പാമ്പിന്‍റെ കണക്കെടുക്കാന്‍ ഇറങ്ങ്വായി ''.
'' വെറുതെ പാമ്പിന്‍റെ കടികൊണ്ട് ചാവാന്‍ നില്‍ക്കണ്ടാ ''.
'' അത് സാരൂല്യാ. നല്ലൊരു കാര്യത്തിനല്ലേ. എന്തൊക്കെ വന്നാലും ഈ നാട് നന്നാക്കാന്‍ ഞാന്‍ ഉറച്ചുകഴിഞ്ഞു. കാട്ടുപന്നി പെറ്റുപെരുകി ഒരുസാധനം കൃഷിചെയ്യാന്‍ പറ്റില്ലാന്ന് പറയുന്നു. അതിനെ അങ്ങിനെ വിടാന്‍ പാടില്ലല്ലോ ''.
'' പന്നിയെ കെണിവെച്ചുപിടിക്കാനാണോ നിന്‍റെ ഭാവം. വേണ്ടാത്തതിന്ന് നില്‍ക്കണ്ടാ. പന്നിയെ കൊന്നാല്‍ ചിലപ്പൊ അഴിയെണ്ണണ്ടിവരും ''.
'' അയ്യേ. കൊല്ലുന്ന പരിപാടി നമ്മക്കില്ല. പന്നിക്കും നെല്ല് കേടുവരുത്തുന്ന മയിലിനും ഗര്‍ഭനിരോധനഗുളിക കൊടുക്കും. പിന്നെ അതൊന്നും തോന്നിയപോലെ പെറ്റുകൂട്ടില്ലല്ലോ ''.
'' ഒന്നാന്തരം പരിപാടി. കാട്ടാന ഇറങ്ങി കൃഷിക്കാരുടെ തെങ്ങും വാഴയും നശിപ്പിച്ചതിന്‍റെ ഫോട്ടോ പേപ്പറില്‍ കണ്ടിട്ടില്ലേ. അതിനെന്താ നീ വഴികണ്ടിരിക്കുന്ന് ''.
'' അതിനും ഞാനൊരു വഴി കണ്ടിട്ടുണ്ട് ''.
'' എന്താണാവോ അത് ''.
'' ആനകള്‍ക്ക് ബോധവല്‍ക്കരണം നടത്തും. അതു പോരേ. പിന്നെ അത് കൃഷി നശിപ്പിക്ക്വോ ''.
'' നീയാണോ ബോധവല്‍ക്കരണം ചെയ്യുന്നത് ''.
'' തമ്പ്രാട്ട്യേ. അതിനാ ആളില്ലാത്തത്. ഒരു മൈക്കും. കേള്‍ക്കാന്‍ ആള്‍ക്കാരും ഉണ്ടെങ്കില്‍ എന്തു പൊട്ടത്തരവും വിളിച്ചു പറയാന്‍ മടിയില്ലാത്ത കോന്തന്മാരുണ്ട്. ബോധവല്‍ക്കരിക്കുന്ന പണി അവര് ചെയ്തോട്ടെ
കേട്ടുകേട്ട് എന്‍റെ ക്ഷമ നശിച്ചു. അടുപ്പിലെ കത്തുന്ന വിറകുകൊള്ളി വലിച്ചുപുറത്തിട്ട് ഞാന്‍ ഉമ്മറത്തേക്കു നടന്നു.
'' ങാ. നീ ഉണ്ടായിരുന്ന്വോ ഇവിടെ ''.
ഞാന്‍ അതിന്ന് മറുപടി പറഞ്ഞില്ല. മനസ്സില് ഒരുപാട് ചോദ്യങ്ങള്‍ യര്‍ന്നിരിക്കുകയാണ്.
'' ഏതു കൃഷിക്കും കീടനാശിനി ഉപയോഗിക്കുന്നുണ്ട്. കീടങ്ങളെ കൊല്ലുകയല്ലേ ചെയ്യുന്നത്. അത് പാടുണ്ടോ '' ഞാന്‍ മാണിക്കനോട് ചോദിച്ചു.
'' ഇല്ല '' അവന്‍ തറപ്പിച്ചു പറഞ്ഞു
'' അപ്പോള്‍ നെല്ലൊക്കെ പുഴു തിന്നുപോയാലോ ''.
'' പോയാല്‍ പോട്ടേ. അല്ലെങ്കിലും ഒരുറുപ്പികയ്ക്ക് ഒരു കിലോ അരി കിട്ടുമ്പോള്‍ എന്തിനാ കൃഷി ചെയ്ത് ബുദ്ധിമുട്ടുന്നത് ''.
'' എന്തെല്ലാം പനികളാണ് കൊതുകുകള്‍ പരത്തുന്നത്. കൊതുകിനെ കൊല്ലാതെ മനുഷ്യര് ചാവട്ടെ എന്നാണോ നിന്‍റെ മോഹം ''.
'' പനിക്കുള്ള മരുന്ന് ആദ്യം കൊതുകുകളെ കുടിപ്പിക്കണം. പിന്നെ അത് കടിച്ചാല്‍ ആളുകള്‍ക്ക് പനിവരില്ലല്ലോ ''.
'' ഭ്രാന്തു പറയുന്നതിന്ന് ഒരു കണക്കുണ്ട്. അത് ആദ്യം മനസ്സിലാക്ക് '' എന്‍റെ ശബ്ദത്തില്‍ രോഷം നിഴലിച്ചിരുന്നു.
'' എനിക്കാണോ പ്രാന്ത്. നീ നല്ലോണം ആലോചിച്ചുനോക്ക് '' അവന്‍റെ വാക്കുകള്‍ എന്നെ ആശയക്കുഴപ്പത്തിലാക്കി.
'' പിന്നെ ആര്‍ക്കാ '' ഞാന്‍ ചോദിച്ചു.
'' പണ്ടും നായ്ക്കളുണ്ടായിരുന്നു. അവയുടെ ശല്യം കൂടുമ്പോള്‍ പിടിച്ച് വിഷം കുത്തിവെച്ചു കൊല്ലും. ജന്തുസ്നേഹം മൂത്തുവന്നപ്പോള്‍ ഇങ്ങിനെയായി. നാളെമേലാല് മറ്റുജീവികളുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞതുപോലെ വരില്ലാ എന്ന് പറയാനാവ്വോ ''.
ഞാനൊന്നും പറഞ്ഞില്ല. അവന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്കുതോന്നി.
എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍
6 comments:
നാടോടുമ്പോള്‍ നടുവില്‍ തന്നെ ഓടണം
മാണിക്കന്നു ഇത് നന്നായിട്ടറിയാം .....
പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്. മാണിക്കന്റെ ഒരു പ്രൊഫൈല്‍ നോക്കിയാല്‍ ഞാന്‍ പ്രതീക്ഷിച്ചത് അരിവാളും തളപ്പും വെട്ട് കത്തിയും ആയിരുന്നു. കൊയ്യാനും തെങ്ങില്‍ കയറാനും പരിശീലിപ്പിക്കുന്ന ഉപകരണങ്ങള്‍. മാണിക്കന്‍ ഇത്ര മോഡേണ്‍ ആവുമെന്നോറ്ത്തില്ല. :)
ഇനിയിപ്പൊ പുസ്തകവും ബാഗും ഇല്ലെങ്കിലും പ്രശ്നല്യ.
SMS അയക്കാന്‍ മറക്കെണ്ടാട്ടോ!
എന്നും കൂടി പറയാമായിരുന്നു മാണിക്യന്.
സംഗതി അസ്സലായിട്ടുണ്ട്. ക്ലൈമാക്സ് കലക്കി.
മൊബൈൽ നിരോധിച്ചാലും അവർ ക്ലാസ്സിൽ കൊണ്ടുവരും. കൂടാതെ എല്ലാ സ്ക്കൂളുകളുടെയും സമീപമുള്ള കടകളിൽ പണം കൊടുത്താൽ മൊബൈൽ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ ഉണ്ട്.
ramanika,
കാലത്തിനൊത്ത് മാണിക്കനും മാറി.
രാജഗോപാല്‍,
വാസ്തവത്തില്‍ മാണിക്കന്‍ തൊഴിലുമായി ബന്ധപ്പെട്ട സാധനങ്ങള്‍ നല്‍കേണ്ടതായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വാങ്ങി എന്ന് മാത്രം.
Typist / എഴുത്തുകാരി,
ബാഗും പുസ്തകവും മത്രമല്ല,പഠിപ്പും ഇല്ലെങ്കിലെന്താ. ഇന്നത്തെ കാലഘട്ടം ആ വഴിക്കാണ്.
appachanozhakkal'
എസ്. എം. എസ്. ഫ്രീ എന്നു കൂടി പറയാം അല്ലേ.
mini//മിനി,
അത് പുതിയ അറിവാണ്. അമ്പലങ്ങള്‍ക്ക് മുമ്പില്‍ ചെരിപ്പ് സൂക്ഷിക്കുന്ന മാതിരി അല്ലേ.
Post a Comment