പതിവില്ലാതെ ട്യൂട്ടോറിയല്‍ കോളെജിലേക്ക് മാണിക്കന് വന്നത് ലേശം പരിഭ്രമം ഉണ്ടാക്കി. നാലഞ്ച്
ദിവസമായി അമ്മയ്ക്ക് ജലദോഷവും പനിയും ആണ്. അതും വെച്ചാണ് വീട്ടിലെ പണികളൊക്കെ
ചെയ്യുന്നത്. രാവിലെ പ്രാതല്‍ വിളമ്പി തന്നതും അമ്മയാണ്. എന്നാലും എപ്പോഴാണ് സുഖക്കേട്
അധികമാവുക എന്ന് പറയാനാവില്ലല്ലോ. ക്ലാസ്സ് നിര്‍ത്തി ഞാന്‍ ഇറങ്ങി ചെന്നു.
'' എന്താ വിശേഷിച്ച് '' ഞാന്‍ തിരക്കി '' അമ്മയ്ക്ക് പനി കൂടുതലായോ ''.
'' എന്തോ. എനിക്കറിയില്ല '' അവന് പറഞ്ഞു '' ഞാന്‍ വന്നത് വേറൊരു കാര്യത്തിനാണ് ''.
പകുതി സമാധാനമായി. പക്ഷെ ഇനിയെന്താ ഏടാകൂടം എന്ന തോന്നല്‍ മനസ്സിലുണ്ട്.
'' വേറെ എന്തെങ്കിലും കുഴപ്പം '' ഞാന്‍ പകുതിയില്‍ നിര്‍ത്തി.
'' ഇതന്നെ കുഴപ്പം '' മാണിക്കന് പറഞ്ഞു '' എപ്പൊ നോക്ക്യാലും എന്തോ ഏതോ എന്നൊക്കെ വിചാരിച്ച്
നിനക്ക് ആധിയാണ്. ഒന്ന് മനസ്സിലാക്കിക്കോ. ചിലപ്പോള്‍ നല്ല കാര്യങ്ങളും നമ്മള് അറിയാതെ വരും ''.
കുറച്ച് ദിവസങ്ങളായി മാണിക്കന് കല്യാണാലോചനയുമായി നടക്കുന്നു.
ഒരു ദിവസം അമ്മ അവനോട് '' മാണിക്കാ, ആ ഉമ്മ കുട്ടിടെ കല്യാണക്കാര്യം എന്തായി '' എന്നു ചോദിച്ചു.
അന്ന് മുതല്‍ക്ക് തുടങ്ങിയ പരിശ്രമമാണ്. അത് ശരിയായി കാണും.
'' എവിടുന്നാ ചെക്കന് '' ഞാന്‍ ചോദിച്ചു.
'' ചെക്കനോ. ഏത് ചെക്കന് '' എന്നായി അവന്.
'' പിന്നെന്തിനാ നീ ഇപ്പോള്‍ വന്നത് ''.
'' അങ്ങിനെ ചോദിക്ക് '' അവന് പറഞ്ഞു തുടങ്ങി.
കാലത്ത് അവന്റെ മൊബൈലിലേക്ക് ഒരു സന്ദേശം ലഭിച്ചു. നൊസ്സന്‍ മാഷാണ് അത് വായിച്ച് വിവരം പറഞ്ഞു
കൊടുത്തത്. മാണിക്കന്റെ മൊബൈല്‍ നമ്പറിന്ന് നറുക്കെടുപ്പില്‍ ഒരു കോടി രൂപ സമ്മാനം കിട്ടിയിരിക്കുന്നു. അത്
അക്കൌണ്ടില്‍ ഇടാനുള്ള ചിലവിലേക്ക് ഇരുപത്തയ്യായിരം ഉറുപ്പിക ഏതോ അക്കൊണ്ടില്‍ ആദ്യം ഇടണം. മുഴുവന്‍ പണവും മാഷ് തരാന്‍ തയ്യാറാണ്. അത് ചെയ്യാന്‍ പാടില്ല.
'' ഞാന്‍ ഒരു അയ്യായിരം ഉണ്ടാക്കാം '' അവന് പറഞ്ഞു '' നീയും അത് തരണം. ബാക്കി മാഷ് എടുക്കട്ടെ. പണം
കിട്ടുമ്പോള്‍ മൂപ്പരുക്ക് പകുതി. ബാക്കി നമുക്ക് രണ്ടാള്‍ക്കും ഒപ്പൊപ്പം ''.
'' അതിന് എന്റേല് എവിടുന്നാ പണം '' ഞാന്‍ നിസ്സഹായാവസ്ഥ അറിയിച്ചു.
'' ഒരു കാര്യം ചെയ്യ്. കഴുത്തില്‍ കിടക്കുന്ന മാല ഊരി താ. ഞാന്‍ കൊണ്ടുപോയി പണയം വെക്കാം ''.
എനിക്ക് ഭയം തോന്നി. അച്ഛനോ അമ്മയോ അറിഞ്ഞാല്‍ എന്ത് പറയും. അതിനും അവന് വഴി പറഞ്ഞു തന്നു.
'' പെണ്‍കുട്ടിടെ കല്യാണത്തിന്ന് ലോണ്‍ കിട്ടാനുണ്ടെന്നും അതിന്റെ ചിലവിനായി പണയം വെക്കാന്‍ എനിക്ക്
തന്നൂനും പറഞ്ഞോ ''.
ഞാന്‍ മാല ഊരി കൊടുത്തു. അതുമായി അവന് പോയി. വൈകുന്നേരം രണ്ടാളും ക്ലബ്ബില്‍ കയറിയില്ല. പാതയോരത്തെ കലുങ്കില്‍ ഞങ്ങളിരുന്നു.
'' പണം കിട്ട്യാല് എന്താ ചെയ്യണ്ട് '' മാണിക്കന് ചോദിച്ചു.
'' രാവിലെ നീ പറഞ്ഞില്ലേ. പകുതി മാഷക്ക്. ബാക്കി നമുക്ക് ഒപ്പൊപ്പം ''.
'' അതന്നെ. ആ പണം കൊണ്ട് എന്താ ചെയ്യണ്ട് ''.
വാസ്തവത്തില്‍ ഞാന്‍ ആ കാര്യം ഓര്‍ത്തതേയില്ല. പണം വീട്ടില്‍ ഏല്‍പ്പിച്ചാല്‍ അച്ഛന് വേണ്ടതുപോലെ ചെയ്തോളും. ഞാന്‍ അത് പറഞ്ഞു.
'' ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട് '' കൂട്ടുകാരന് പറഞ്ഞു '' നമുക്ക് ആ പണം കൊടുത്ത് ഒരു ആനയെ വാങ്ങാം.
മുതല്‍ എവിടേയും പോവില്ല. നിത്യം വരുമാനം കിട്ടും. എനിക്ക് ഒരു പണിയുമായി ''.
ആനപാപ്പാന്മാരുടെ സഹായി ആയി പോയിട്ടുള്ള പരിചയം അവനുണ്ട്. ഞാന്‍ സമ്മതിച്ചു.
'' ആനയെ നിന്റെ വീട്ടിലെ പുളിമരത്തില്‍ തളയ്ക്കാം. വെളിച്ചാമ്പൊ എഴുന്നേറ്റ് ആനയെ കണി കാണുന്നത്
നല്ലതാണ് '' മാണിക്കന് പറഞ്ഞത് കേട്ട് സന്തോഷം തോന്നി. സ്വന്തമായി ഒരു ആന ഉള്ളതിന്റെ അന്തസ്സ് ഞാന്‍
മനസ്സില്‍ അനുഭവിച്ചു തുടങ്ങി.
പിന്നീടുള്ള ദിവസങ്ങളില്‍ ആന വാങ്ങിയ ശേഷമുള്ള പദ്ധതികളാണ് ചര്‍ച്ച ചെയ്തത്. ഇതിനകം മാണിക്കന്
ചില ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിപ്പിന്ന് ആനയെ എത്തിക്കാമെന്ന് ഏല്ക്കുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും സമ്മാന തുക കിട്ടാതായപ്പോള്‍ ഞാന്‍ ട്യൂട്ടോറിയല്‍ കോളേജിലെ പ്രിന്സിപ്പാളിനോട് മൊബൈല്‍ നമ്പറിന്ന് സമ്മാനം കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു.
ഞങ്ങള്‍ പണം അടച്ച കാര്യം പറഞ്ഞതുമില്ല.
'' അതൊക്കെ ഒരു തരം തട്ടിപ്പാണ്. സമ്മാന തുക തരാന്‍ നല്ലൊരു തുക അവരുടെ അക്കൌണ്ടില്‍ ഇടാന്‍
പറയും. അങ്ങിനെ ചെയ്താല്‍ ആ പണം പോയി എന്ന് ഉറപ്പിക്കാം ''.
അദ്ദേഹം അത് പറഞ്ഞതോടെ പണയം വെച്ച മാല എടുക്കാന്‍ എന്തു ചെയ്യണമെന്ന ആലോചനയിലായി.
മാണിക്കന് ഈ തട്ടിപ്പില്‍ പെട്ടപ്പോള്‍ മനസ്സിനൊരു വിഷമം മാണിക്കന് അതും നിസ്സാരമായി എടുത്തിരിക്കും !
ReplyDeleteramanika,
ReplyDeleteവളരെ നന്ദി. ഒന്നും തന്നെ ബാധിക്കില്ല എന്നതാണ് മാണിക്കന്റെ പ്രകൃതം.
.മാനിക്കാനും കൊള്ളാം മാല ഊറി കൊടുത്ത ഏട്ടനും കൊള്ളാം...
ReplyDelete