Sunday, February 13, 2011

41. തൊഴിലുറപ്പ്.വളരെ സന്തോഷത്തോടെയാണ് അന്ന് മാണിക്കന്‍ വന്നു കയറിയത്. മുറ്റത്ത് തടുക്കു പായയിലിരുന്ന് അമ്മ ഈര്‍ക്കില ചീന്തി ചൂല് ഉണ്ടാക്കുകയാണ്.

'' എന്താ നിന്‍റെ മുഖത്ത് ഒരു പുഞ്ചിരി '' എന്ന് അമ്മ ചോദിക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് കൂട്ടുകാരന്‍
എത്തിയ കാര്യം അറിയുന്നത്.

'' അതേയ്, തമ്പ്രാട്ട്യേ. അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വാസം വന്നില്ലല്ലോ. പൂജ കഴിഞ്ഞതിന്‍റെ ഗുണം കണ്ടു. എനിക്ക് പണി കിട്ടി '' അവന്‍ പറഞ്ഞു നിര്‍ത്തി.

എന്താണ് ജോലി എന്നും എവിടെയാണ് ജോലിക്ക് പോവേണ്ടത് എന്നും അറിയാന്‍ ആകാംക്ഷ തോന്നി.
അപ്പോഴേക്കും അമ്മ '' എന്താടാ പണി '' എന്ന് ചോദിക്കുന്നത് കേട്ടു.

'' പഞ്ചായത്ത് പണിക്ക് കൂടി. നമ്മടെ വാര്‍ഡില്‍ തന്നെ. കൊല്ലത്തില്‍ നൂറ് ദിവസം പണി കിട്ടും. ദൂരെ പോവാണ്ടെ കഴിഞ്ഞല്ലോ ''.

'' അത് നന്നായി. വൈകുന്നേരം വീട്ടിലെത്താലോ ''.

'' കൂലി കുറവാണ്. എന്നാലും ഗവര്‍മ്മെണ്ട് പണം വാങ്ങാന്‍ പറ്റും എന്നൊരു സന്തോഷം ഉണ്ട് ''.

'' ഒരു ദിക്കിലും ഒട്ടി നില്‍ക്കാത്ത നിന്‍റെ സ്വഭാവം മാറ്റി ഇതിലെങ്കിലും ഒന്ന് മര്യാദക്ക് നില്‍ക്ക് '' എന്ന
അമ്മയുടെ ഉപദേശം അവന്‍ തല കുലുക്കി സ്വീകരിച്ചു.

പിറ്റേന്ന് വൈകുന്നേരം അവന്‍ വീട്ടിലെത്തി.

'' എവിടെ നമ്മടെ ആള് '' എന്ന് അവന്‍ എന്നെ അന്വേഷിക്കുന്നതും, '' കോമ്പരയിലെ ഒരു കഴുക്കോലില്‍
ചിതല് കയറിയത് തട്ടി കളയുകയാണ് '' എന്ന് അമ്മ മറുപടി പറയുന്നതും കേട്ടു.

'' അത് ഞാന്‍ ചെയ്യാലോ '' എന്നും പറഞ്ഞ് മാണിക്കനും പുറകെ അമ്മയും എത്തി.

'' ആ ചൂല് ഇങ്ങിട്ട് താ '' എന്നും പറഞ്ഞ് അവന്‍ പണി ഏറ്റെടുത്തു.

'' ഇന്ന് നീ പഞ്ചായത്ത് പണിക്ക് പോയില്ലേ '' അമ്മ ചോദിച്ചു.

'' പണി മാറി വരുന്ന വഴിയാണ് '' അവന്‍ പറഞ്ഞു.

'' എന്താടാ പണി ''.

'' പൊഴേല് വെള്ളം പമ്പ് ചെയ്യുന്ന സ്ഥലം വെടുപ്പാക്കുന്ന പണിയാണ് ''.

അവന്‍ വിവരണം തുടങ്ങി. പമ്പ് സെറ്റ് വെച്ച സ്ഥലത്ത് രണ്ട് കിണറുകളാണ് ഉള്ളത്. ഒന്ന് പുഴയിലും
മറ്റൊന്ന് ഉയര്‍ന്ന തിട്ടില്‍ പമ്പ് ഹൌസിനോട് തൊട്ടടുത്തും. ഉണ്ടാക്കിയതിന്ന് ശേഷം അവ ചളി നീക്കി
വൃത്തിയാക്കിയിട്ടില്ല. പുഴയില്‍ മലവെള്ളം വരുമ്പോള്‍ എത്തുന്ന ചേറ് രണ്ട് കിണറിലും അടിഞ്ഞിട്ടുണ്ട്. രണ്ടിനേയും യോജിപ്പിക്കുന്ന പൈപ്പ് മണ്ണ് നിറഞ്ഞ് വെള്ളം കടക്കാത്ത അവസ്ഥയിലാണ്. ഇതിനൊക്കെ പുറമെ മീന്‍ പിടുത്തക്കാര്‍ പുഴയിലെ കിണറിന്ന് തൊട്ട് താഴെ ചേറിന്‍റെ കട്ട വെച്ച് വെള്ളം തടുത്ത് കെട്ടി തോട്ടയിട്ടിട്ടും നഞ്ച് കലക്കിയും മീന്‍ പിടിക്കാറുണ്ട്. ഈ വൃത്തികെട്ട വെള്ളമാണ് പൈപ്പില്‍ വരുന്നത്.

'' ശിവ ശിവ '' അമ്മ പറഞ്ഞു '' ആ വെള്ളം കുടിച്ചാല്‍ സൂക്കട് വരില്ലേ ''.

'' പിന്നെന്താ. എന്തായാലും ഈ ആഴ്ച നന്നാക്കി നല്ല വെള്ളം കിട്ടാറാക്കും''.

'' ഒരാഴ്ചത്തെ പണിയുണ്ടോടാ അവിടെ ''.

'' അത് എങ്ങിന്യാണ്. കൂട്ടത്തില്‍ ഏഴ് ആണുങ്ങളേ ഉള്ളൂ. ആര്‍ക്കും വെള്ളത്തില്‍ ഇറങ്ങാന്‍ വയ്യ. ചളി
കോരി കൊടുത്താല്‍ പെണ്ണുങ്ങളുടെ കൂടെ അവരും അത് കടത്താം എന്നാ പറയുന്ന് ''.

'' നല്ല ആള്‍ക്കാര്. എന്നിട്ട് നീ ഒറ്റയ്ക്കാ ചളി വാരാന്‍ പോണത് ''.

'' അല്ലാണ്ടെ എന്താ ചെയ്യാ. മാണിക്കാ നീ മനസ്സ് വെച്ചാലേ സംഗതി ശരിയാവുള്ളു എന്നാ പ്രസിഡണ്ട്
പറഞ്ഞത്. പക്ഷെ അതിന്ന് മുമ്പ് മണ്ണോണ്ട് കെട്ടിയ ചിറ പൊളിച്ച് കളയണം. മുമ്പ് ഏതോ കാലത്ത്
ഉണ്ടായിരുന്ന ഒരു പൊളിഞ്ഞു പോയ കിണറിന്‍റെ കുഴി തൊട്ടടുത്ത പുറമ്പോക്കില്‍ ഉണ്ട്. കന്നും മാടും
അതില് പെടാനേ നേരം കിട്ടു. എടുത്ത മണ്ണ് കൊണ്ടു പോയി അതിലിട്ട് തൂര്‍ക്കണം. അത് കഴിഞ്ഞിട്ടേ
ചളി വാരല്‍ ഉണ്ടാവൂ ''.

പിറ്റേന്ന് മുതല്‍ പണിയുടെ പുരോഗതി അവന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. നാല് ദിവസം കൊണ്ട് പണി
മുഴുവന്‍ തീര്‍ക്കാന്‍ കഴിഞ്ഞതില്‍ അവന്ന് ഏറെ സന്തോഷം ഉള്ളതായി തോന്നി.

'' ഇനി നാളെ മുതല്‍ക്ക് എന്താ നിങ്ങളുടെ പണി '' എല്ലാം കേട്ടു കഴിഞ്ഞ അമ്മ ചോദിച്ചു.

'' പാത പള്ളേലെ തൂപ്പും ചെടീം ഒക്കെ വെട്ടി കളഞ്ഞ് വൃത്തിയാക്കാനാ മെമ്പര്‍ പറഞ്ഞത് ''.

'' അതും വേണ്ടതന്നെ. ഇങ്ങിനെ വഴി വക്കില് കാടും പടലും പിടിച്ച് കിടന്നാല്‍ അതിന്‍റെ അടീല് വല്ല എഴജന്തുക്കളും കിടന്നാല്‍ കൂടി അറിയില്ല ''.

'' നോക്കിക്കോളൂണ്ടു. രണ്ട് ദിവസം കൊണ്ട് പണി പടക്കം പോലെ ആക്കും ''.

പിറ്റേന്ന് മാണിക്കന്‍ തീരെ നിരാശനായിട്ടാണ് എത്തിയത്. ഒരു കല്യാണത്തിന്ന് ചെന്നിട്ട് വന്ന അച്ഛന്‍
വീട്ടില്‍ ഉണ്ടായിരുന്നു.

'' എന്താടോ തന്‍റെ പണിയൊക്കെ '' അച്ഛന്‍ ചോദിച്ചു.

'' തോതാവാത്ത എടവാട് മാതിരി തോന്നുന്നു ''.

'' അതെന്താ അങ്ങിനെ ''.

'' നിഴല് കടത്തലാ പണീന്ന് പറഞ്ഞാല്‍ മതി. എനിക്ക് മടുത്തു ''.

'' നീ കാര്യം പറ ''.

'' കൂട്ടു മുക്ക് മുതല്‍ക്ക് ഉങ്ങിന്‍ചോട് വരെ അര കിലോമീറ്റര്‍ ദൂരം റോഡ് വക്കിലെ കാടും പടലും വെട്ടി
മാറ്റലാ പണി. മുപ്പതിനായിരം ഉറുപ്പികയാണത്രേ അതിന്ന് ഫണ്ട് നീക്കി വെച്ചിട്ടുള്ളത്. ഇരുപത്തി നാല് പണിക്കാര്‍ക്ക് പത്ത് ദിവസം ചെയ്യാനുള്ള പണിയാണ് അത് എന്നാ പറഞ്ഞത് ''.

'' അപ്പൊ എങ്ങിനെയാടാ സമയം ആക്ക്വാ '' അമ്മയ്ക്ക് ആ സൂത്രം അറിയണം.

'' രാവിലെ പണിക്ക് എത്തിയതും രണ്ട് പെണ്ണുങ്ങള് കുടവും ആയി വെള്ളത്തിന് പോകും. മൂന്നോ നാലോ പെണ്ണുങ്ങള് കല്ല് പെറുക്കി അടുപ്പ് കൂട്ടി പട്ടയോ പാളയോ ഉണ്ടാക്കി ചായവെള്ളം തിളപ്പിക്കും. ഇടുപ്പിന്ന് സുഖം ഇല്ലാതെ ഒരു പണിയും ചെയ്യാന്‍ പറ്റാത്ത ഒരു ചങ്ങാതിയുണ്ട്. അവന്‍ ചായപ്പീടീലിക്ക് പൊറോട്ട വാങ്ങാന്‍ പോകും. ബാക്കി ആള്‍ക്കാര് പണി ചെയ്യും ''.

'' അത് അത്ര കാര്യം ആക്കണ്ടാ. ബാക്കി ആള്‍ക്കാര് പോരേ പണി തീര്‍ക്കാന്‍ ''.

'' അതെങ്ങനെ. മണ്ണിന്ന് വേദനിക്ക്വോ എന്ന് പേടിച്ചിട്ടാ ഓരോരുത്തര് കൈക്കോട്ടോണ്ട് പുല്ല് ചെത്താറ്.
ഒറ്റ വെട്ടിന്ന് മുറിച്ചിടേണ്ട മരത്തിന്‍റെ ചില്ല അര മണിക്കുര്‍ കൊണ്ടാ വെട്ടി ഇട്വാ ''.

'' കേള്‍ക്കാന്‍ നല്ല രസം ഉണ്ട് '' അമ്മ പറഞ്ഞു '' ഇക്കണക്കിന്ന് പത്ത് ദിവസം കൊണ്ട് പണി തീര്വോ ''.

'' എങ്ങനീം സമയം ആക്കണം എന്ന ഒറ്റ നിനവേ ഉള്ളൂ എല്ലാറ്റിനും ''.

'' നോക്കൂ, എല്ലാ ദിക്കിലും ഇവന്‍ പറയുന്ന മാതിരിയല്ല " അച്ഛന്‍ പറഞ്ഞു '' ഈ തൊഴിലുറപ്പ് പദ്ധതിയില്‍
പെടുത്തി എന്തൊക്കെ കാര്യങ്ങള്‍ ഓരോ ദിക്കില്‍ ചെയ്യിക്കുന്നുണ്ടെന്ന് അറിയ്യോ. റോഡ് വെട്ടല്, കുളം
നന്നാക്കല് അങ്ങിനെ നൂറ് കൂട്ടം പണികള്‍ ചെയ്യിക്കുന്ന സ്ഥലങ്ങളുണ്ട് ''.

'' എനിക്ക് അതൊന്നും അറിയില്ല '' മാണിക്കന്‍ പറഞ്ഞു '' പാപി പോയോടം പാതാളം എന്ന് കേട്ടിട്ടുണ്ട്.
എന്‍റെ കാര്യത്തില് അത് ശരിയാണെന്നാ തോന്നുന്നത് '

'' നീ എന്തിനാ ഇതില്‍ ഇത്ര ബേജാറ് ആവുന്നത് '' അമ്മ പറഞ്ഞു '' എല്ലാവരും പണിയുന്ന മാതിരി നിനക്കും
എന്തെങ്കിലും കാട്ടി കൂട്ട്യാല്‍ പോരേ ''.

'' എന്നെക്കൊണ്ട് അതിന്ന് ആവില്ലാ. മേലനങ്ങാത്ത കൂലി എനിക്ക് വേണ്ടാ ''.

'' ഇവന് അറിയാഞ്ഞിട്ടാണ് '' അച്ഛന്‍ പറഞ്ഞു '' ഈക്കണ്ട പണിക്കാരക്കൊക്കെ ദിവസൂം എന്തെങ്കിലും പണി കൊടുക്കണ്ടേ. ചിലപ്പൊ ഇതു പോലെ ഒക്കെ ചെയ്യേണ്ടി വരും ".

'' കണ്ടില്ലാ കേട്ടില്ലാ എന്ന് വെച്ച് നൂറ് ദിവസം തികയ്ക്ക് '' എന്ന് അമ്മ പറഞ്ഞതിന്ന് മനമില്ലാ മനസ്സോടെ
അവന്‍ ഒന്ന് മൂളി.

'' തമ്പ്രാട്ട്യേ, ഞാന്‍ പണി വേണ്ടാന്ന് വെച്ചു '' എന്നും പറഞ്ഞും കൊണ്ടാണ് അടുത്ത ദിവസം മാണിക്കന്‍
എത്തിയത്.

'' നിന്നോട് എങ്ങിനെയെങ്കിലും നിക്കാന്‍ പറഞ്ഞതല്ലേ '' അമ്മ ചോദിച്ചു.

'' അതൊക്കെ ശരിയാണ്. നീ ഗവര്‍മ്മെണ്ടിന്ന് കാശ് ഉണ്ടാക്കാന്‍ വേണ്ടീ ഒരുങ്ങി വന്നതാണ്. നാളെ മുതല്‍
നിന്‍റെ കൂടെ ഞങ്ങളാരും പണിക്കില്ലാ എന്ന് കൂടെയുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ എന്താ ചെയ്യാ ''.

'' അപ്പൊ നൂറ് ദിവസത്തെ പണി നീ ആറ് ദിവസം കൊണ്ട് തീര്‍ത്തൂ അല്ലേ ''.

അമ്മ ആ ചോദിച്ചതിന്ന് മറുപടിയായി മാണിക്കന്‍ ഒന്ന് പുഞ്ചിരിച്ചു.

1 comment:

  1. പാവം മാണിക്കന്‍.. ആത്മാര്തതയുള്ളവന്‍.

    ReplyDelete