വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് '' ഈ കൊല്ലം നമ്മുടെ ക്ലബ്ബിന്‍റെ വകയായി നിര്‍ധനരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യണം '' എന്ന പ്രസിഡണ്ടിന്‍റെ പ്രഖ്യാപനം
അംഗങ്ങള്‍ കയ്യടിച്ചു അംഗീകരിച്ചുവെങ്കിലും സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആരും
അതിനെക്കുറിച്ച് സംസാരിക്കുകപോലും ഉണ്ടായില്ല.
'' വായ കൊണ്ട് പാലും തേനും വിളമ്പുന്ന വര്‍ത്തമാനം പറയും. എന്നിട്ടോ '' മാണിക്കന്‍ എന്നോട് പറഞ്ഞു
'' ഇവരൊന്നും ഒരൊറ്റക്കാര്യം ചെയ്യില്ല ''.
'' പിരിവ് വല്ലതും നടത്തുന്നുണ്ടാവും. കാശായിട്ട് വേണ്ടേ സാധനങ്ങള്‍ വാങ്ങാന്‍ ''.
'' ഇനി ഏത് കാലത്ത് കൊടുക്കാനാ ഇവരുടെയൊക്കെ ഉദ്ദേശം ''.
'' ഇന്ന് വൈകുന്നേരം കളിക്കാന്‍ പോവുമ്പോള്‍ നമുക്ക് ചോദിക്കാം '' എന്ന് ഞാനും പറഞ്ഞു.
പക്ഷെ ഞാനല്ല ആ കാര്യം ചോദിച്ചത്. വേണ്ടാതെ മറ്റുള്ളവരെ വെറുപ്പിക്കുന്നതെന്തിന്ന് എന്ന എന്‍റെ
പോളിസി തന്നെയായിരുന്നു കാരണം.
പക്ഷെ മാണിക്കന് അമ്മാതിരി തോന്നലൊന്നും ഇല്ല. എല്ലാവരും ഉള്ള നേരം നോക്കി '' പ്രസിഡണ്ടേ,
പത്ത് സ്കൂള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടത് കൊടുക്കും എന്ന് പറഞ്ഞിട്ട് എന്തായി. ഇക്കൊല്ലം
കഴിയും മുമ്പ് കൊടുക്ക്വോ '' എന്നവന്‍ വെച്ചു കാച്ചി.
പ്രസിഡണ്ടിന്‍റെ മുഖം വിളറി വെളുത്തു.
'' ആ കാര്യം നമ്മളുടെ സജീവ പരിഗണനയിലുണ്ട് '' എന്നായി അദ്ദേഹം.
'' ഈ പറഞ്ഞതോണ്ട് എന്താ കാര്യം '' കേശവേട്ടന്‍ ഇടപെട്ടു '' കൊടുക്കണം എന്നുണ്ടെങ്കില്‍ സമയത്ത് കൊടുക്കണം. ഇല്ലെങ്കിലോ പരിപാടി വേണ്ടാന്ന് വെക്കാം ''.
'' നമുക്ക് ഈ വരുന്ന ഞായറാഴ്ച പിരിവിന് ഇറങ്ങാം '' പ്രസിഡണ്ട് പറഞ്ഞു '' മൂന്ന് നാല് ആഴ്ചകൊണ്ട് കാശാവും ''.
'' അത് വേണ്ടാ '' കേശവേട്ടന്‍ ഇടപെട്ടു '' തൊട്ടതിനും പിടിച്ചതിനും നാട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട ആവശ്യം ഒന്നൂല്യാ. ഇതിന്ന് അത്ര കാശൊന്നും വേണ്ടല്ലോ. നമ്മള്‍ മെമ്പര്‍മാര് മനസ്സ് വെച്ചാല്‍ ഈ ആവശ്യത്തിന്ന് വേണ്ട
പണം എടുക്കാനൊക്കെ പറ്റും ''.
'' ആദ്യം എത്ര പണം വേണംന്ന് കണക്കാക്കാം '' സെക്രട്ടറി അഭിപ്രായം പറഞ്ഞു '' എന്നിട്ട് പോരെ പൈസ
എടുക്കല് ''.
'' പത്ത് കുട, പത്ത് ബാഗ്, പിന്നെ കുറെ നോട്ട് പുസ്തകങ്ങള്‍. ഇതൊക്കെയല്ലേ വേണ്ടൂ. പറ്റുന്നോര് ഓരോന്ന് സ്പൊണ്‍സര്‍ ചെയ്താല്‍ പോരേ '' കേശവേട്ടന്‍റെ അഭിപ്രായം എല്ലാവരും സമ്മതിച്ചു.
'' പെന്നും വാങ്ങണം '' മാണിക്കന്‍ വിട്ടു പോയ ഇനം ഓര്‍മ്മപ്പെടുത്തി.
ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്നത് ചെയ്യാമെന്നേറ്റു. എല്ലാവര്‍ക്കും വേണ്ട ബാഗുകളും കുടകളും
കേശവേട്ടന്‍ ഏറ്റതോടെ വലിയ സാമ്പത്തിക ബാദ്ധ്യത വരുന്ന ചിലവ് ഒഴിവായി. മറ്റ് അംഗങ്ങള്‍ പണമാണ് വാഗ്ദാനം ചെയ്തത്. ഞാനും ഇരുന്നൂറ് രൂപ നല്‍കാമെന്നേറ്റു. അതോടെ പുസ്തകങ്ങള്‍ക്കും പെന്നിനും
പുറമെ ഈരണ്ട് ജോഡി വസ്ത്രങ്ങള്‍ കൊടുക്കാനും വേണ്ട പണം ആയി.
'' പണം എന്നെങ്കിലും എത്തിച്ചാല്‍ പോരാ. വെള്ളിയാഴ്ചയ്ക്ക് എത്തിക്കണം. എന്നാലേ തിങ്കളാഴ്ച സ്കൂളില്‍ സാധനങ്ങള്‍ വിതരണം നടത്താന്‍ പറ്റൂ '' എന്ന് പ്രസിഡണ്ട് നിബന്ധന വെച്ചു.
'' നീയെന്താ മാണിക്കാ ഒന്നും പറയാത്തത് '' സെക്രട്ടറി ചോദിച്ചു '' പേനടെ കാര്യം നീ പറഞ്ഞതല്ലേ. അത്
വാങ്ങി കൊണ്ടു വാ ''.
'' പെന്ന് നിങ്ങളന്നെ വാങ്ങി കൊടുത്തോളിന്‍. ഞായറാഴ്ച വൈകുന്നേരം ഞാന്‍ ഒരു സാധനം കൊണ്ടു
വന്ന് തരാം. എന്‍റേല് പണം ഉണ്ടായിട്ടൊന്ന്വല്ല. പഠിക്കാന്‍ പോണ കുട്ട്യേളുടെ കാര്യം അല്ലേന്ന് വെച്ചിട്ടാ.
ഒരു കുറവ് വരാന്‍ പാടില്ലല്ലോ. ആരുടേയെങ്കിലും തലേല്‍ കല്ലിട്ടിട്ട് സംഗതി സംഘടിപ്പിക്കും ''.
ഒന്ന് നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു '' ഈശ്വരന്‍ സഹായിച്ച് ഞാന്‍ എന്തെങ്കിലും വേണംന്ന് പറഞ്ഞാല്‍
അത് സാധിച്ച് തരാന്‍ ആള്‍ക്കാരുണ്ട് ''.
ആരൊക്കെ ചോദിച്ചിട്ടും വാങ്ങുന്നത് എന്താണെന്ന് മാണിക്കന്‍ പറഞ്ഞില്ല.
'' ഇന്നത്തെ കാലത്ത് സ്കൂളില്‍ പോണ കുട്ട്യേള്‍ക്ക് അത്യാവശ്യം വേണ്ട സാധനം ആണ് '' എന്ന് മാത്രമേ
അവന്‍ പറഞ്ഞുള്ളു.
'' എന്താന്ന് എന്‍റെ അടുത്ത് പറയ് '' എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടും അവന്‍ പറഞ്ഞില്ല.
'' അതിന്‍റെ ഗുട്ടന്‍സ് വിട്ടാല്‍ രസം പോവും '' എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞു.
ഞായറാഴ്ച വൈകുന്നേരം സാധനങ്ങള്‍ എത്തി. പതിവ് സമയം കഴിഞ്ഞിട്ടും മാണിക്കന്‍ എത്തിയില്ല.
'' ആ തിരുവാഴ്ത്താന്‍ എവിടെ പോയി കിടക്കുന്നുണ്ടോ ആവോ '' എന്ന് ആരോ പറയുന്നത് കേട്ടു.
അല്‍പ്പം കഴിഞ്ഞതും ഒരു ഓട്ടോറിക്ഷ വന്ന് ക്ലബ്ബിന്ന് മുമ്പില്‍ നിന്നു. വലിയൊരു കാരീ ബാഗുമായി മാണിക്കന്‍ ഇറങ്ങി. ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ഞങ്ങളുടെ മുമ്പില്‍ വെച്ച് അവന്‍ അത് തുറന്നു. പത്ത് മൊബൈല്‍
ഫോണുകളായിരുന്നു അതിലുണ്ടായിരുന്നത്.
'' പെന്നും പുസ്തകവും ഇല്ലെങ്കിലും പിള്ളര് സ്കൂളിലേക്ക് പോവും '' മിഴിച്ചു നിന്ന ഞങ്ങളെ നോക്കി അവന്‍ പറഞ്ഞു '' പക്ഷെ ഇത് ഇല്ലാതെ അവര് സ്കൂളിന്‍റെ പടി കയറില്ല ''.
6 comments:
-
നാടോടുമ്പോള്‍ നടുവില്‍ തന്നെ ഓടണം
മാണിക്കന്നു ഇത് നന്നായിട്ടറിയാം ..... -
പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്. മാണിക്കന്റെ ഒരു പ്രൊഫൈല്‍ നോക്കിയാല്‍ ഞാന്‍ പ്രതീക്ഷിച്ചത് അരിവാളും തളപ്പും വെട്ട് കത്തിയും ആയിരുന്നു. കൊയ്യാനും തെങ്ങില്‍ കയറാനും പരിശീലിപ്പിക്കുന്ന ഉപകരണങ്ങള്‍. മാണിക്കന്‍ ഇത്ര മോഡേണ്‍ ആവുമെന്നോറ്ത്തില്ല. :)
-
ഇനിയിപ്പൊ പുസ്തകവും ബാഗും ഇല്ലെങ്കിലും പ്രശ്നല്യ.
-
SMS അയക്കാന്‍ മറക്കെണ്ടാട്ടോ!
എന്നും കൂടി പറയാമായിരുന്നു മാണിക്യന്.
സംഗതി അസ്സലായിട്ടുണ്ട്. ക്ലൈമാക്സ് കലക്കി. -
മൊബൈൽ നിരോധിച്ചാലും അവർ ക്ലാസ്സിൽ കൊണ്ടുവരും. കൂടാതെ എല്ലാ സ്ക്കൂളുകളുടെയും സമീപമുള്ള കടകളിൽ പണം കൊടുത്താൽ മൊബൈൽ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ ഉണ്ട്.
-
ramanika,
കാലത്തിനൊത്ത് മാണിക്കനും മാറി.
രാജഗോപാല്‍,
വാസ്തവത്തില്‍ മാണിക്കന്‍ തൊഴിലുമായി ബന്ധപ്പെട്ട സാധനങ്ങള്‍ നല്‍കേണ്ടതായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വാങ്ങി എന്ന് മാത്രം.
Typist / എഴുത്തുകാരി,
ബാഗും പുസ്തകവും മത്രമല്ല,പഠിപ്പും ഇല്ലെങ്കിലെന്താ. ഇന്നത്തെ കാലഘട്ടം ആ വഴിക്കാണ്.
appachanozhakkal'
എസ്. എം. എസ്. ഫ്രീ എന്നു കൂടി പറയാം അല്ലേ.
mini//മിനി,
അത് പുതിയ അറിവാണ്. അമ്പലങ്ങള്‍ക്ക് മുമ്പില്‍ ചെരിപ്പ് സൂക്ഷിക്കുന്ന മാതിരി അല്ലേ.
അയ്യയ്യോ ഒടുവില്‍ ചിരിച്ചു പോയി. മാണിക്കന്‍ ഒരു വല്ലാത്ത ആള് തന്നെ
ReplyDelete