Wednesday, February 9, 2011

18. എലിക്ക് പ്രാണവേദന, പൂച്ചക്ക്.....

Friday, October 24, 2008


മാണിക്കന്‍ പ്രതീക്ഷിച്ചതു തന്നെ ഒടുവില്‍ സംഭവിച്ചു. അവന്‍റെ ജീര്‍ണ്ണിച്ച വീട് നിലം പൊത്തി. കാല വര്‍ഷം ആരംഭിക്കുന്നതിന്ന് മാസങ്ങള്‍ക്ക് മുമ്പ് കാറ്റോ, മഴയോ ഒന്നുമില്ലാത്ത ഒരു ദിവസം പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അത് വീണു. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും പറ്റിയില്ല.

മാണീക്കന്‍ രാവിലെ പണിക്ക് പോയതായിരുന്നു. അവന്‍റെ അമ്മ റേഷന്‍ വാങ്ങാന്‍ പോയ നേരത്താണ് സംഭവം. ഞാന്‍ വിവരം അറിഞ്ഞത് ഉച്ച നേരത്താണ്. ഉടനെ അങ്ങോട്ട് ചെന്നു. വായന ശാലയിലെ മിക്കവാറും എല്ലാവരും സ്ഥലത്ത് എത്തിയിരിക്കുന്നു. മാണിക്കന്‍ ഒരു ഭാഗത്ത് നിശ്ശബ്ദമായി ഇരിക്കുന്നു. അവന്‍റെ അമ്മ കരയുകയും മകന്‍റെ പിടിപ്പുകേടിനെ പഴിക്കുകയും ചെയ്തു നില്‍പ്പാണ്.

കാര്യമായ നാശ നഷ്ടങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. അല്ലെങ്കിലും അവിടെ അതിനു മാത്രം ഒന്നും ഇല്ലല്ലോ. എട്ടു പത്തു മണ്‍ പാത്രങ്ങള്‍, തുണികള്‍ സൂക്ഷിച്ചിട്ടുള്ള ഒരു ട്രങ്ക് പെട്ടി, മൂന്നു നാലു സ്റ്റീല്‍ പാത്രങ്ങളും കിണ്ണങ്ങളും, ഗ്ലാസുകളും, അതോടെ വസ്തു വഹകള്‍ അവസാനിച്ചു. പുരയുടെ ഓരത്ത് നിന്നിരുന്ന വാഴകള്‍ ഒടിഞ്ഞതും, മണ്‍ പാത്രങ്ങള്‍ ഉടഞ്ഞതും മാത്രമാണ് നഷ്ടമെന്ന് പറയാനായിട്ടുള്ളത്. തല്‍ക്കാലം നീല പ്ളാസ്റ്റിക്ക് ഷീറ്റ് വാങ്ങി മറച്ചു കെട്ടി കഴിയാനും, മഴക്കാലം വരുമ്പോഴേക്ക് വീട് പണി തീര്‍ക്കാനും ഉപദേശിച്ച് എല്ലാവരും മടങ്ങി.

തിരിച്ചു പോരുമ്പോള്‍ മാണിക്കന് സാമ്പത്തിക സഹായം നല്‍കണമെന്നായി കൂട്ടത്തില്‍ പലരും. വായന ശാല വക അഞ്ഞൂറു രൂപ കൊടുക്കാമെന്നായി സെക്രട്ടറി വിജയന്‍. ആ സംഖ്യ തീരെ കുറവാണെന്നും വലിയ സഹായങ്ങള്‍ ലഭിച്ചാല്‍ മാത്രമേ വീട് നിര്‍മ്മിക്കാന്‍ സാധിക്കൂ എന്നും അഭിപ്രായം ഉയര്‍ന്നു. അതോടെ വായന ശാലയുടെ ആഭിമുഖ്യത്തില്‍ സംഭാവന പിരിച്ച് സഹായിക്കാമെന്ന തീരുമാനമായി.

സംഭാവനക്കായി ആദ്യമായി സമീപിച്ചത് കേശവേട്ടനേയാണ്. അദ്ദേഹം പരമാവധി അഞ്ഞൂറു രൂപ തരുമെന്നാണ് എല്ലാവരുംപ്രതീക്ഷിച്ചത്. ഞങ്ങളെ ഞെട്ടിച്ചു പേരെഴുതി നേരെ പതിനായിരം രൂപ എന്ന് എഴുതുകയും ഒടുവില്‍ എന്തെങ്കിലും കൂടി ചെയ്യാമെന്ന് വാക്ക് തരികയും ചെയ്തു. ചെക്ക് തരാന്‍ നിന്നതായിരുന്നു. പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് ഇറങ്ങി പോന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിചാരിക്കാത്ത പലരും ഭേദപ്പെട്ട തുകകള്‍ സംഭാവന നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് കേശവേട്ടന്‍റെ വര്‍ക്കത്ത് കാരണമാണെന്ന പറച്ചിലിന്ന് ഇടയായി. മാണിക്കന്‍റെ സ്വഭാവഗുണവും എല്ലാവരായും ഉള്ള ഇരിപ്പും ആണ് കാരണമെന്ന് വേറൊരു വിഭാഗവും പറഞ്ഞു.

പണം ലഭിക്കുമെന്ന് ഉറപ്പായതോടെ വീടിന്‍റെ കാര്യത്തിലും അഭിപ്രായങ്ങള്‍ മാറി മറിഞ്ഞു. മനുഷ്യന്ന് എത്താന്‍ പറ്റാത്ത സ്ഥലത്തു വീട് പണിയുന്നതിനേക്കാള്‍ വേറൊരു ഭാഗത്ത് സ്ഥലം വാങ്ങിക്കാമെന്നായി ചിലര്‍. പാവം മാണിക്കന്‍. അവനു മാത്രം ഒരഭിപ്രായവുമില്ല. ഇതിനിടയില്‍ ഒരു ദിവസം അവന്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു. റോഡോരത്ത് മൂന്ന് സെന്‍റ് സ്ഥലത്തിന്ന് വളരെ കാലം മുമ്പ് അവന്‍റെ അച്ഛന്‍ അഡ്വാന്‍സ് കൊടുത്തിരുന്നു എന്നും പണമില്ലാത്തതിനാല്‍ അന്ന് വാങ്ങാന്‍ സാധിച്ചില്ല എന്നും അതിന്‍റെ കടലാസ് കാണുമെന്നുമാണ്, അവന്‍ പറഞ്ഞ വിവരം. വായനശാലയിലെ കൂട്ടുകാരോട് കാര്യം പറഞ്ഞതും, വിഷയത്തില്‍ എല്ലാവരും കൂടി ഇടപെട്ട് ആ സ്ഥലം ഉടനെ വാങ്ങണമെന്ന് തീരുമാനിച്ചു.

പിറ്റെന്ന് ഒരു സംഘം കടലാസുമായി ഇറങ്ങി. കുറച്ചു പേരെ സ്ഥലം ഉടമ എഴുത്തശ്ശനെ കാണാന്‍ ചെന്നുള്ളു. മാണിക്കന്‍ വന്നില്ല. പകരക്കാരനായി ഞാന്‍ ചെന്നു. വൈക്കോല്‍ കൂനകള്‍ മുറ്റത്ത് നിരന്നു കിടക്കുന്ന വലിയൊരു കളം. വീടിന്‍റെ വശത്തായി കാലി തൊഴുത്തില്‍ നിരയായി പശുക്കളും പോത്തുകളും നില്‍ക്കുന്നു. കയറി ചെന്ന ഞങ്ങളെ എതിരേറ്റത് തോളില്‍ തോര്‍ത്തുമായി ഒരു മദ്ധ്യ വയസ്കന്‍. വലിയ രസമില്ലാത്ത മട്ടില്‍ അയാള്‍ ഞങ്ങളെ നോക്കി. പിരിവുകാരാണ് എന്നു കരുതി കാണും.

ആഗമനോദ്ദേശം സെക്രട്ടറി വിജയന്‍ പറഞ്ഞു. സ്ഥലം വാങ്ങിക്കാനാണ് എന്നു പറഞ്ഞതോടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസം. അച്ഛനെ വിളിക്കട്ടെ എന്നു പറഞ്ഞ് അകത്തേക്ക് നോക്കി "അച്ചേ" എന്ന് നീട്ടി ഒരു വിളി. അല്‍പ്പ സമയത്തിന്നു ശേഷം ഒരു വയസ്സന്‍ കടന്നു വന്നു. "സ്ഥലം അന്വേഷിച്ച് വന്നവരാണ് "എന്ന് പുത്രന്‍ വിവരം നല്‍കി. " നോക്കാണ് ഒരു വിവരക്കേട്, നാലാള് കയറി വന്നിട്ട് ചായ കൊടുക്കാതെ പിടിച്ചിരുത്ത്വേ, വല്ലാത്ത തൂമകളാപ്പാ " എന്നൊക്കെയായി വയസ്സന്‍. പുത്രന്‍ ഒന്നും പറയാതെ ഉള്ളിലേക്ക് പോയി. താന്‍ ഗുരുവായൂരില്‍ പോയതായിരുന്നു എന്നും കുറച്ചു മുമ്പ് എത്തിയതേ ഉള്ളു എന്നുമായി അയാള്‍. നല്ല വേഗതയില്‍ ബസ്സ് ഓടിച്ച ഡ്രൈവറെ കുറിച്ച് "ആ പാപി ഒരു പിടുങ്ങ് പിടുങ്ങി, ചക്രം നിലത്ത് തൊട്ടില്ല എന്ന ഓട്ടം. അല്ലെങ്കില്‍ ഇപ്പോ ഒന്നും എത്തില്ല " എന്നു പറഞ്ഞത് കേട്ട് എന്‍റെ ഉള്ളില്‍ ചിരി പൊട്ടി .

നെല്‍ വയല്‍ വാങ്ങാന്‍ എത്തിയവരാണ് ഞങ്ങള്‍ എന്നാണ് മൂപ്പില്‍സ് കരുതിയിരുന്നത്. കനാല്‍ വെള്ളത്തിന്‍റെ ലഭ്യതയും ഫലപുഷ്ടിയും, നോക്കി നടത്താനുള്ള ബുദ്ധിമുട്ടും പണിക്കാരെ കിട്ടാനുള്ള പ്രയാസവും സ്ഥലം വില്‍ക്കാനായി പത്രത്തില്‍ പരസ്യം കൊടുത്തതും ഒക്കെയായി സംഭാഷണത്തിന്‍റെ വിഷയങ്ങള്‍.ഒരക്ഷരം ഞങ്ങളെ പറയാന്‍ അനുവദിക്കാതെ ഒറ്റ മൂച്ചിലാണ് കക്ഷിയുടെ വര്‍ത്തമാനം.

വയലല്ല, കര ഭൂമിയാണ് ആവശ്യം എന്ന് കേട്ടപ്പോള്‍ തന്നെ വയസ്സന്‍റെ താല്‍പര്യം കുറഞ്ഞു. മൂന്ന് സെന്‍റ് ഭൂമിയുടെ കാര്യം പറഞ്ഞത് അയാളെ ചൊടിപ്പിച്ചു.

"ആ കുരുത്തം കെട്ടവന്ന് വക്കാലത്തുമായി വന്നതാണല്ലേ? എനിക്ക് കൊക്കില്‍ ജീവനുള്ള കാലത്ത് അവന് ഒരു നുള്ള് മണ്ണ് ഇവിടുന്ന് കിട്ടില്ല " എന്ന് കിഴവന്‍ തറപ്പിച്ചു പറഞ്ഞു. മുമ്പൊരിക്കല്‍ അയാളുടെ എരുമക്കുട്ടി പൊട്ട കിണറ്റില്‍ വീണതും, അതിനെ എടുത്തു കൊടുക്കാതെ മാണിക്കന്‍ സിനിമക്ക് പോയതും ആ എരുമ കിടാവ് ചത്തു പോയതും വയസ്സന്‍ സങ്കടത്തോടെ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ പലവട്ടം പറഞ്ഞു നോക്കിയെങ്കിലും അയാളുടെ മനസ്സ് മാറിയില്ല. നിരാശയോടെ ഞങ്ങള്‍ പടിയിറങ്ങി.

ഈ ഘട്ടത്തില്‍ രാഷ്ട്രീയക്കാരുടെ സഹായം തേടണമെന്ന അഭിപ്രായം ഉയര്‍ന്നു. എഴുത്തശ്ശന്‍റെ പിടിവാശി അതോടെ തീരും, സ്ഥലം തരും എന്നൊക്കെ ഞങ്ങള്‍ കണക്കാക്കി.

എല്ലാ പാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു കമ്മിറ്റിയായാല്‍ കാര്യങ്ങള്‍ എളുപ്പമാകും, കുറെയേറെ പണം സംഭരിച്ച് നല്ലൊരു വീട് നിര്‍മ്മിക്കാം. പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. വിപുലമായ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ വായനശാലയിലെ അംഗങ്ങള്‍ പുറത്തായി. സെക്രട്ടറിയെ മാത്രം വായനശാലയുടെ പ്രതിനിധിയായി എടുത്തു.

" കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു കഴിഞ്ഞു. സകല എരപ്പാളികളും കമ്മിറ്റിയില്‍ കയറി കൂടി. ഇനി മാണിക്കന്ന് വീട് കിട്ടുന്നത് കുന്തസ്യാ തന്നെ " എന്ന് അന്നു വൈകുന്നേരം കേശവേട്ടന്‍ എല്ലാവരോടുമായി പറഞ്ഞു. നോട്ടീസ് അച്ചടിച്ചു പണപ്പിരിവ് ആരംഭിച്ചു. പണം വന്നു തുടങ്ങിയതോടെ പല പുതുമുഖങ്ങളും കമ്മിറ്റിയിലെത്തി. ഉഴുന്നു വട, ബിസ്ക്കറ്റ്, ചായ എന്നിവയുടെ അകമ്പടിയോടെ മിക്കവാറും ദിവസം കമ്മിറ്റി മീറ്റിങ്ങ് കൂടും. ഉഗ്രോഗ്രന്‍ ചര്‍ച്ചകള്‍ നടക്കും. കവലയില്‍ കുറച്ച് സ്ഥലം വാങ്ങി വീട് വെച്ചാല്‍ അതോടനുബന്ധിച്ച് പീടിക തുടങ്ങാമെന്നും മാണിക്കന് ജീവിക്കാന്‍ അതൊരു മാര്‍ഗ്ഗമാവും എന്ന് ചിലര്‍. കുറച്ചു ദൂരെ മാറി വില കുറവു നോക്കി കുറെയേറെ ഭൂമി വാങ്ങി വീടു വെച്ച് ബാക്കി ഭാഗത്ത് റബ്ബറോ മറ്റോ വെച്ചാല്‍ കുറെ കൂടി നന്നാവുമെന്ന് വേറൊരു കൂട്ടര്‍. ആദ്യത്തെ മീറ്റിങ്ങിന്നു ശേഷം ഞങ്ങളാരും യോഗങ്ങളില്‍ പങ്കെടുക്കാറില്ല. മാണിക്കനും അന്ന് വന്നതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആരും അവന്‍റെ അഭിപ്രായം ചോദിക്കാറില്ല. എല്ലാം അവന്‍റെ ഗുണത്തിനല്ലേ എന്ന ഭാവമാണ് എല്ലാവര്‍ക്കും.

" കമ്മിറ്റിക്കാരുടെ പരിപാടികളെ കുറിച്ച് നിനക്ക് എന്താണ്' തോന്നുന്നത് " ഞാന്‍ ഒരു ദിവസം മാണിക്കനോട് ചോദിച്ചു." എലിക്ക് പ്രാണ വേദന, പൂച്ചക്ക് വിളയാട്ടം എന്ന മാതിരിയാണ് അവരുടെ പ്രവര്‍ത്തികള്‍. ഇവര്‍ വീടു തന്നിട്ട് ഞങ്ങള്‍ക്ക് ഇരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നാട്ടുകാര്‍ തന്ന പണം എന്നെ ഏല്‍പ്പിച്ചിരുന്നാല്‍ ഞാനെങ്കിലും പണി കഴിപ്പിച്ചേനെ. നമ്മുടെ വിഷമം ആര്‍ക്കെങ്കിലും അറിയ്വോ? " അവന്‍ സങ്കടപ്പെട്ടു.

കമ്മിറ്റിക്കാര്‍ തന്നിഷ്ടപ്രകാരം ഓരോന്ന് ചെയ്യാന്‍ തുടങ്ങിയതോടെ ഞങ്ങളാരും ഒന്നും അന്വേഷിക്കാതായി.

മലയടിവാരത്തില്‍ എളുപ്പം ചെന്നെത്താന്‍ പറ്റാത്ത ഭാഗത്ത് ചെയര്‍മാന്‍ സ്വന്തം ഇഷ്ടപ്രകാരം ഭൂമി വാങ്ങിച്ചു എന്നും, വനം വകുപ്പിന്‍റെ സ്ഥലമായതിനാല്‍ കേസ് ആയി എന്നും, ചെയര്‍മാന്‍റെ പേരില്‍ അവിശ്വാസം അവതരിപ്പിച്ചതിനാല്‍ എല്ലാ പ്രവര്‍ത്തികളും മുടങ്ങി എന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ മാണിക്കന്‍ വീണു പോയ പുര നന്നാക്കാന്‍ പരക്കം പായുകയായിരുന്നു.

0 comments:

17. കല്‍പാത്തി തേരും ഒരു തല്ലു കേസും.

Monday, October 13, 2008


"എന്താടാ, തേരിനൊന്നും പോണില്ലേ? " എന്ന അമ്മയുടെ ചൊദ്യം അപ്രതീഷിതമായിരുന്നു. മുറ്റത്ത് കിടന്നിരുന്ന തെങ്ങിന്‍ മടലുകള്‍ വെട്ടി ഒതുക്കുകയായിരുന്നു ഞാന്‍. തേരിന്ന് പോകാന്‍ നേരത്തെ തന്നെ നിശ്ചയിച്ചതായിരുന്നു. പോകുന്നതിന്നു മുമ്പ് വീട്ടില്‍ പറഞ്ഞ് സമ്മതം വാങ്ങിക്കാമെന്ന് കരുതിയതാണ്. അതിനു മുമ്പ് അമ്മ തന്നെ വിഷയം അവതരിപ്പിച്ചത് സൌകര്യമായി. ഉവ്വ് എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

" നിന്‍റെ കൂട്ടുകാരനെ ഈ വഴിക്ക് കണ്ടില്ല, അതാ ചോദിച്ചത് " എന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറി പോയി. വൈകുന്നേരം ആവാന്‍ കാത്തു നിന്നില്ല. ഊണു കഴിഞ്ഞതും ഞാന്‍ മാണിക്കനെ അന്വേഷിച്ചിറങ്ങി. പാലത്തിന്‍റെ ചുവട്ടില്‍ അവന്‍ മണല്‍ കോരുകയാണ്. മണല്‍ കോരാന്‍ പോയാല്‍ മൂന്നൂറു രൂപ വരെ ഒരു ദിവസം സമ്പാദിക്കാന്‍ അവന്ന് കഴിയും. അസമയത്ത് ഞാന്‍ തിരഞ്ഞെത്തിയത് അവനെ പരിഭ്രമിപ്പിച്ചു. എന്തെങ്കിലും പ്രശ്നം കാണുമെന്ന് അവന്‍ കരുതി. ചെന്ന കാര്യം പറഞ്ഞപ്പോള്‍, "ഇതിന്ന് കഷ്ടപ്പെട്ട് ഈ വെയിലത്ത് വരണോ? വൈകുന്നേരം പറഞ്ഞാല്‍ പോരേ " എന്നു പറയുകയും പണി അവസാനിപ്പിച്ച് എന്നോടൊപ്പം പോരുകയും ചെയ്തു.

പാലക്കാടും പരിസരത്തും ഉള്ള ഒട്ടു മിക്ക ചെറുപ്പക്കാരും എത്തുന്ന ആഘോഷമാണ് കല്‍പാത്തി രഥോത്സവം. തേരിന്‍റെ പരിപാടികളില്‍ പ്രധാനം പ്രഗത്ഭരായ സംഗീത വിദ്വാന്‍മാരുടെ കച്ചേരികളാണ്. ശാസ്ത്രീയ സംഗീതത്തെ കുറിച്ച് അറിവ് ഇല്ലാത്തതിനാല്‍, അത്തരം പരിപാടികള്‍ക്ക് ഞങ്ങള്‍ പോകാറില്ല. തേര് കാഴ്ച്ചകളും നോക്കി കറങ്ങി നടക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. തേരിന്ന് പോകാന്‍ മാണിക്കന്‍ റെഡിയാണ്. രാവിലെ പോയി ഒരു സിനിമ കാണുകയും ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് പതുക്കെ കല്‍പാത്തിയില്‍ എത്താമെന്നും ഉള്ള അവന്‍റെ തീരുമാനം ഞാന്‍ ശരിവെച്ചു.


വീട്ടില്‍ അമ്മയോട് വിവരം പറഞ്ഞു. " രാവിലെ പോവാണച്ചാല്‍ കോട്ടയില്‍ ചെന്ന് ഹനുമാന്‍ സ്വാമിയെ തൊഴുത് ഒരു വിളക്കും വെച്ചിട്ട് എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ, ആപത്തു വരുമ്പോള്‍ അദ്ദേഹം മാത്രമേ തുണക്ക് കാണൂ" എന്ന ഭേദഗതിയോടെ ഞങ്ങളുടെ പ്രൊപോസലിന്ന് അംഗീകാരം ലഭിച്ചു.


അമ്മ പറഞ്ഞതു പോലെ തന്നെ ചെയ്തു. പാലക്കാട് എത്തിയതും കോട്ടയിലേക്കണ് ആദ്യം പോയത്. മാണിക്കന്‍ തൊഴാനൊന്നും മിനക്കെട്ടില്ല. ദൈവം സ്വന്തം മനസ്സിലാണ് എന്നാണ്' അവന്‍റെ തിയറി. ഞാന്‍ തൊഴുത് വഴിപാട് കഴിച്ച് ഇറങ്ങി. സിനിമക്ക് ഇനിയും ധാരാളം സമയം. കോട്ട മൈതാനത്തു നിന്ന് ടൌണിലേക്ക് ബസ്സിന്ന് ഏറ്റവും കുറഞ്ഞ ചാര്‍ജ്ജാണ്. ഞങ്ങള്‍ സ്റ്റോപ്പിലേക്ക് നീങ്ങി. ബസ്സ് സ്റ്റോപ്പ് എന്നു പറയാന്‍ പറ്റില്ല. കാര്‍ വര്‍ക്ക് ഷോപ്പിനു മുമ്പിലുള്ള മരചുവടാണ് യാത്രക്കാര്‍ ബസ്സ് കാത്തു നില്‍ക്കുന്ന സ്ഥലം.


ഞങ്ങള്‍ നിന്നതിന്ന് കുറച്ച് അപ്പുറത്തായി നാലു പിള്ളേര്‍. കാഴ്ച്ചക്ക് തനി കുരുത്തം കെട്ട സൈസ്. ഏതോ ഒരു വയസ്സായ സ്ത്രീ അവരോട് എന്തോ ചോദിച്ചു നില്‍ക്കുന്നു. ഭിക്ഷ യാചിക്കുകയായിരിക്കണം. പൂടൂര്‍ ഭാഗത്തേക്ക് ഒരു ബസ്സ് വന്നു നിന്നു. പിള്ളേര്‍ ആ തള്ളയെ അതില്‍ കയറ്റി വിട്ടു. സ്റ്റോപ്പില്‍ നിന്നും അധികം നീങ്ങും മുമ്പ് ബസ്സ് നിന്നു. ആ സ്ത്രീ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീഴുന്നതാണ് പിന്നീട് കാണുന്നത്.


ഞങ്ങള്‍ ഓടി ചെന്നു. മാണിക്കന്‍ അവരെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ഞങ്ങള്‍ ഇരുകൈകളിലും പിടിച്ച് അവരെ സ്റ്റോപ്പിലേക്ക് കൂട്ടി നടക്കുമ്പോള്‍, നടന്ന സംഭവം ആ സ്ത്രി വിവരിച്ചു.

കൊല്ലങ്കോട്ടേക്കാണ് അവര്‍ക്ക് പോവേണ്ടത്. ബോര്‍ഡ് വായിക്കാന്‍ അറിയാത്തതിനാല്‍ പിള്ളേരോട് ബസ്സ് പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചെക്കന്‍മാര്‍ തള്ളയെ പൂടൂര്‍ വഴി കോട്ടായിയിലേക്കുള്ള ബസ്സിലാണ് കയറ്റി വിട്ടത്. ചെക്കര്‍ പിടിച്ച് ഇറക്കി വിട്ടപ്പോള്‍ അവര്‍ വീണതാണ്.


എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഒരു പാവം വയസ്സിയെ കളിപ്പിച്ചിട്ട് ഈ നശിച്ച കുട്ടികള്‍ക്ക് എന്തു കിട്ടാനാണ്. ധാര്‍മ്മിക രോഷം ആളി കത്തിയതോടെ മാണിക്കന്‍ ആ പിള്ളാരോട് നല്ല നാലു വര്‍ത്തമാനം പറയാന്‍ ചെന്നു. പഠിപ്പും പത്രാസും അല്ല, മനുഷ്യത്വം ആണ് വേണ്ടത് എന്ന് അവന്‍ കാച്ചി. ആളുകളുടെ മുമ്പില്‍ അവര്‍ നാണം കെട്ട് നില്‍ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കൂട്ടത്തില്‍ ഒരു ചെക്കണ്‍ മാണിക്കനെ ഒരു മുട്ടന്‍ തെറി പറഞ്ഞതും അവന്‍റെ ചെകിടത്ത് പടക്കം പൊട്ടുന്ന സ്റ്റൈലില്‍ മാണിക്കന്‍റെ കൈ വീണതും ഒന്നിച്ചായിരുന്നു. പിന്നെ പൊരിഞ്ഞ അടിയായിരുന്നു. പിള്ളേര്‍ നാലും ഒരു വശത്ത്, മാണിക്കന്‍ ഒറ്റയ്ക്കും . ബസ്സ് സ്റ്റോപ്പില്‍ ഉള്ള ആരും ഇടപെട്ടതേയില്ല. ഞാന്‍ ഇടക്ക് കയറി, തല്ല് പിരിക്കാന്‍ നോക്കി. ആരും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല.

ഈ സമയത്താണ് ഒരു പോലീസ് ജീപ്പ് വന്നു നിന്നതും, എല്ലാവരേയും പിടികൂടിയതും. ഓരോരുത്തരേയായി ജീപ്പില്‍ കയറ്റി. നോക്കി നിന്ന എന്നോട്, "നിന്നെ പ്രത്യേകിച്ച് ക്ഷണിക്കണോ" എന്നു ചോദിച്ച് കഴുത്തില്‍ പിടിച്ച് അകത്താക്കി.


സ്റ്റേഷനിലെ വരാന്തയില്‍ എല്ലാവരേയും നിരത്തി നിര്‍ത്തി സബ് ഇന്‍സ്പെക്ടര്‍ അകത്തു പോയി. ഞാന്‍ നിന്ന് ഉരുകുകയായിരുന്നു. ഇതുവരെ ഇങ്ങിനെ ഒരു അനുഭവം പറ്റിയിട്ടില്ല. പെട്ടെന്ന് മനസ്സ് ഹനുമാന്‍ സ്വാമിയില്‍ എത്തി. ഭഗവാനെ തൊഴുതിട്ട് ഈ ഗതി വന്നല്ലോ എന്ന് ഞാന്‍ കേണു. ഞാന്‍ തലകുനിച്ച് നിന്നു. ഈ അവസ്ഥയില്‍ ആരും കാണരുതേ എന്നു മാത്രമാണ് എന്‍റെ പ്രാര്‍ത്ഥന.

ചുമലില്‍ ഒരു കൈ തൊട്ടപ്പോഴാണ്,ഞാന്‍ മുഖമുയര്‍ത്തിയത്. ഒരു പോലീസുകാരന്‍. അച്ഛനെ പരിചയം ഉള്ള ആള്‍. അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അകത്തു ചെന്ന് ഇന്‍സ്പെക്ടരോട് കാര്യം വിശദീകരിച്ചു കാണും. അല്‍പ്പസമയത്തിന്നു ശേഷം ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു.

പിള്ളരെ ഒരു ഭാഗത്തും ഞങ്ങളെ മറുഭാഗത്തും നിര്‍ത്തി. നടന്ന സംഭവങ്ങള്‍ വിസ്തരിക്കപെട്ടു. നഗരത്തില്‍ വിദ്യാര്‍ത്ഥി സമരം പൊട്ടി പുറപ്പെടുന്ന വിദ്യാലയത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പിള്ളേര്‍. ഞാന്‍ തല്ലിയോ എന്നു ചോദിച്ചതിന്ന് എല്ലാവരും ഇല്ല എന്നു പറഞ്ഞതോടെ എന്‍റെ കാര്യം ഒഴിവായി. മേലല്‍ ഇമ്മാതിരി കാണിച്ചാല്‍ പിടിച്ച് അകത്തിട്ട് ശരിക്കും പെരുമാറുമെന്ന് മാണിക്കന് മുന്നറിയിപ്പ് കിട്ടി. പിള്ളരെയാണ് ശരിക്കും ശാസിച്ചത്. മുളച്ചു പൊങ്ങും മുമ്പ് കുരുത്തക്കേട് കാണിക്കാനിറങ്ങിയാല്‍ ചവിട്ടി കൂട്ടും എന്ന് അവര്‍ക്ക് താക്കീത് കൊടുത്തു. നിറയെ പോക്കറ്റുള്ള പാന്‍റ്സ് ഇട്ടവനോട് " സമരം വന്നാല്‍ പോലീസിനെ എറിയാന്‍ കല്ലുനിറക്കാനാണോടാ ഇത്രയധികം പോക്കറ്റ് " എന്ന് ചോദിച്ചു. ഒരു കാത് കുത്തി കമ്മലിട്ടവനോട് മറ്റേ കാതും കുത്തി കമ്മലിട്ട് പെണ്ണുങ്ങളുടെ വേഷം കെട്ടി കൊയമ്പത്തൂരിന്നപ്പുറം ചെന്ന് ട്രെയിനില്‍ കയറിയാല്‍ കൈ നിറയെ കാശ് കിട്ടുമെന്ന് പറഞ്ഞ് കളിയാക്കി.

കേസൊന്നും ആക്കിയില്ല. പരസ്പരം കൈ കൊടുത്ത് പിരിഞ്ഞു. പരിചയക്കാരനായ പോലീസുകാരന്‍ ഒടുക്കം വരെ കൂടെ നിന്നു. നടന്ന കാര്യം അച്ഛനെ അറിയിക്കരുതേ എന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് സമ്മതിച്ചു. സിനിമക്കുള്ള സമയം എപ്പോഴേ കഴിഞ്ഞിരുന്നു. ഒരു വഴിപാട് പോലെയാണ്, ഭക്ഷണം കഴിച്ചതും തേരിന്ന് പോയതും. ആരും അറിയാതെ കാര്യം തീര്‍ന്നതില്‍ സ്വല്‍പ്പം ആശ്വാസം തോന്നി. തിരിച്ചു വന്ന് ബസ്സിറങ്ങിയത് നാരായണന്‍ കുട്ടിയുടെ മുമ്പില്‍.

" എപ്പോഴാണ് നിങ്ങള്‍ക്ക് ജാമ്യം കിട്ടിയത് " എന്ന അവന്‍റെ ചോദ്യത്തിന്ന് ഞാന്‍ ചൂളി നിന്നു.

0 comments:

Tuesday, February 8, 2011

16. മാ.രാ.രാ.ശ്രി.........

Monday, October 13, 2008


ട്യൂട്ടോറിയല്‍ കോളേജില്‍ എത്തുന്നതുവരെ എഴുത്തിലെ വാക്കുകളില്‍ എന്‍റെ മനസ്സ് മുങ്ങി താണു കിടക്കുകയായിരുന്നു. മൂന്നാമത്തെ പിരിയിഡ് ഒഴിവാണ്. സ്റ്റാഫ് റൂമിലിരുന്ന് ആ സമയത്ത് കത്ത് പലകുറി വായിച്ചു. ഒടുവിലത്തെ സന്താനമായതിനാല്‍ എന്നെ "ഏട്ടാ" എന്ന് വിളിക്കാന്‍ ആരുമില്ലായിരുന്നു. ഇപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരു കുഞ്ഞനുജത്തി ഉടലെടുത്തിരിക്കുന്നു. അവള്‍ ആരെന്നോ എവിടെനിന്നാണ് എന്നോ എനിക്കറിയില്ല. എങ്കിലും ആ മനോഭാവത്തിന്‍റെ ഉള്‍പുളകത്തിലായിരുന്നു ഞാന്‍. ഏതോ ഒരു വശം അച്ചടിച്ച കടലാസിന്‍റെ മറുഭാഗത്താണ് കത്ത് എഴുതിയിട്ടുള്ളത്. അച്ചടിച്ചത് മുഴുവന്‍ ഡോട്ട് പേന ഉപയോഗിച്ച് കുനുകുനെ വെട്ടിയിരുന്നു.

വൈകുന്നേരം മാണിക്കനെ കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിപ്പായിരുന്നു. അവന്‍ എത്തിയതും ഞങ്ങള്‍ വായനശാലയില്‍ നിന്നും ഇറങ്ങി. കാലത്തെ സംഭവങ്ങള്‍ ഞാന്‍ വിവരിച്ചു. ഇന്നലെ ആ കുട്ടിയോട് ദേഷ്യപ്പെട്ടത് ശരിയായില്ല എന്നു അവന്‍ പറഞ്ഞിരുന്നതാണ്. എല്ലാം കേട്ട ശേഷം " ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ?" എന്ന മട്ടില്‍ അവന്‍ ചിരിച്ചു. കത്ത് വായിച്ച് കീറി കളഞ്ഞോ എന്ന് മാണിക്കന്‍ തിരക്കി. പോക്കറ്റില്‍ സൂക്ഷിച്ചു വെച്ച കത്ത് ഞാന്‍ അവന്ന് കൈമാറി. മഹാന്‍ വിസ്തരിച്ച് കത്ത് വായിച്ചു. മറുപുറം നോക്കിയിട്ട് " ഇതെന്താ മാ. രാ. രാ. ശ്രി. എന്ന നാലക്ഷരം മാത്രം നിറുത്തി ബാക്കി എല്ലാം കുത്തി വരച്ചു കളഞ്ഞിരിക്കുന്നത് " എന്ന് ചോദിച്ച് അവന്‍ കത്ത് തിരികെ തന്നു. ഞാന്‍ അപ്പോഴാണ് ആ കാര്യം ശ്രദ്ധിക്കുന്നത്.

പിന്നെ അതിനെ കുറിച്ച് യാതൊന്നും സംസാരിച്ചില്ല. പക്ഷെ ആ അക്ഷരങ്ങള്‍ മനസ്സില്‍ ഉടക്കി കിടന്നു. മുമ്പ് എവിടേയോ വായിച്ചതുപോലെ. ബഹുമാനത്തോടെ പേരിന്ന് മുമ്പില്‍ ചേര്‍ക്കുന്നതാണ് അതെന്ന് ഓര്‍മ്മ തോന്നി. യോജിച്ച സ്ഥലത്ത് അത് പ്രയോഗിക്കണമെന്ന ആശയം പെട്ടെന്ന് ഒരു ബോധോദയം പോലെ ഉടലെടുത്തു.

ചിലപ്പോള്‍ നമ്മള്‍ കാത്തിരിക്കുന്ന സന്ദര്‍ഭം പെട്ടെന്നു തന്നെ കടന്നു വരും. ഈ കാര്യത്തിലും ആ വിധത്തില്‍ തന്നെ സംഭവിച്ചു. ട്യൂട്ടോറിയല്‍ കോളേജ് വാര്‍ഷികം നിശ്ചയിച്ചു. പുതിയതായി ഒരു ഷെഡ് നിര്‍മ്മിച്ചത് രക്ഷിതാക്കളെ കാണിക്കണമെന്ന് ഉടമസ്ഥന് മോഹം. പരിപാടിയുടെ ക്ഷണക്കത്ത് അച്ചടിപ്പിച്ചു. എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ വശം കൊടുത്തയക്കണമെന്ന ധാരണയായി. പേരും മേല്‍വിലാസവും നിര്‍ബന്ധമായും എഴുതണമെന്ന നിര്‍ദ്ദേശം കിട്ടി.

കാത്തിരുന്ന മുഹൂര്‍ത്തം ഓടിയണഞ്ഞത് ശരിക്കും ഞാന്‍ ഉപയോഗിച്ചു. ക്ലാസ്സിലെ മുപ്പത്തി എട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തകര്‍പ്പന്‍ സംബോധനയോടെ ക്ഷണക്കത്ത് തയ്യാറാക്കി. ക്ലാസ്സ് കഴിയാന്‍ നേരത്ത് ലീഡറെ വിളിച്ച് വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചു. വലിയ ഒരു കാര്യം ഭംഗിയായി ചെയ്ത സന്തോഷത്തോടെ അന്നത്തെ ദിവസം കടന്നു പോയി.

പ്രതീക്ഷിച്ചതിലും വളരെ ഗംഭീരമായ പ്രതികരണമാണ്' ലഭിച്ചത്.

പിറ്റേന്ന് ഹാജര്‍ എടുക്കാനായി പോയതായിരുന്നു. റജിസ്റ്റര്‍ തുറക്കുന്നതിന്നു മുമ്പേ കണ്ണന്‍കുട്ടി എഴുന്നേറ്റു. ക്ളാസിലെ ഒന്നാം നമ്പര്‍ കുറുമ്പനാണ്' അവന്‍.

" സാറേ, ഇന്നലെ തന്ന നോട്ടീസില് അച്ചന്‍റെ പേരിന്‍റെ മുമ്പില്‍ മാരാരേ എന്ന് എഴുതിയിരിക്കുന്നു. എന്‍റെ അച്ചന്‍ മാരാര് അല്ല." എന്ന് വിദ്വാന്‍ എഴുന്നള്ളിക്കുമ്പോഴേക്കും കൂട്ട ചിരി മുഴങ്ങി കഴിഞ്ഞിരുന്നു.

ചിരിയുടെ അല ഒതുങ്ങുമ്പോഴേക്കും ഞാന്‍ മുഖത്ത് ഗൌരവം വരുത്തി.

"അത് മാരാരും പൊതുവാളും ഒന്നും അല്ല. ബഹുമാന സൂചനയായ വാക്കാണ് " എന്ന് ഞാന്‍ വിശദീകരിച്ചിട്ടും സംശയങ്ങള്‍ കുറയുന്നില്ല. എന്താ സാറേ, അതിന്‍റെ ഫുള്‍ഫോം, അത് സ്ത്രീലിംഗമോ പുല്ലിംഗമോ തുടങ്ങി ഇനി ഉത്ഭവിക്കാത്ത സംശയങ്ങള്‍ ഒന്നും തന്നെയില്ല. ഇത്തരത്തില്‍ ഒരു ഏടാകൂടത്തില്‍ പോയി ചാടിയതിന്ന് ഞാന്‍ എന്നെ തന്നെ ശപിച്ചു. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ഇട കൊടുക്കാതെ തല്‍ക്കാലം ആ വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറി.

കുട്ടി മാഷിന്‍റെ പൊട്ടത്തരമാണ് ഇടവേള സമയത്ത് സ്റ്റാഫ് റൂമിലെ ചര്‍ച്ചാ വിഷയം. ഒന്നും കേട്ടില്ല എന്ന മട്ടില്‍ തല താഴ്ത്തി ഇരുന്നു. എന്നിട്ടും സഹപ്രവര്‍ത്തകരില്‍ ചിലരുടെ മുന വെച്ച വര്‍ത്തമാനം അസഹ്യമായിരുന്നു . ഉള്ളില്‍ എവിടേയോ ഒരു തേങ്ങല്‍ പൊട്ടി.

ബെല്ലടിച്ചപ്പോള്‍ എല്ലാവരും ക്ളാസുകളിലേക്ക് പോയി. ഞാനും മലയാളം മാഷും മാത്രമായി. ഏതോ സ്ക്കൂളില്‍ നിന്നും അനവധി വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത ആളാണ്' അദ്ദേഹം. സ്നേഹ സമ്പന്നനായ മനുഷ്യന്‍. അദ്ദേഹം പതിയെ എഴുന്നേറ്റ് എന്‍റെ അടുത്തേക്ക് വന്നു.

തോളില്‍ തട്ടിയിട്ട് "കുട്ടീ, ഇതൊന്നും അത്ര ഗൌരവമായി കാണരുത് " എന്നു പറഞ്ഞതോടെ എന്‍റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണീര്‍ ഒഴുകി. മലയാളം സാര്‍ വിവരം പ്രിന്‍സിപ്പാളിനോട് പറഞ്ഞിട്ടാവണം അദ്ദേഹം എന്നെ വിളിപ്പിച്ച് " സാരമില്ല, മേലാല്‍ അബദ്ധം പറ്റാതെ നോക്കിയാല്‍ മതി " എന്ന് പറഞ്ഞതോടെ എനിക്ക് തെല്ല് ആശ്വാസം തോന്നി.

കോളേജ് വിട്ടതും ഞാന്‍ ഇറങ്ങി നടന്നു. ആരേയും അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എന്നെ ഏറ്റവും വേദനിപ്പിച്ച് " അതാ മാരാര് പോകുന്നേ " എന്ന സംഘഗാനം അപ്പോള്‍ പുറകില്‍ നിന്ന് ഉയര്‍ന്നു .

0 comments:

15. കരിനീല കണ്ണഴകി.

Monday, October 6, 2008


ഉങ്ങിന്‍ ചുവട്ടിലെ രാവിലെ നേരത്തുള്ള ബസ്സ് കാത്തു നില്‍പ്പ് തിര്‍ത്തും വിരസമായിരുന്നു. വല്ലാത്ത ഏകാന്തത. വഴിയാത്രക്കാര്‍ തന്നെ വളരെ വിരളം. വാഹനങ്ങളുടെ കാര്യം പിന്നെ പറയണോ? കൂകി വിളിച്ച് ഓടിപോകുന്ന ട്രെയിനുകളാണ് ആകെ കാണാനായിട്ടുള്ളത്. നിമിഷങ്ങള്‍ക്കകം അവ ഓടി മറയും. മഴയെ പ്രതീക്ഷിച്ചിരിക്കുന്ന വേഴാമ്പലിനെ പോലെ പിന്നെയും എന്‍റെ ബസ്സു കാത്തുള്ള നില്‍പ്പ് തുടരും.

ഈ പ്രക്രിയക്ക് ഒരു പരിഹാരമെന്നോണം ഒരു സുപ്രഭാതത്തില്‍ ഒരു പെണ്‍കൊടി ഉങ്ങിന്‍ ചുവട്ടില്‍ അവതരിച്ചു. എനിക്ക് വര്‍ണ്ണിക്കാന്‍ വലിയ കഴിവില്ല. എങ്കിലും ഒരു കാര്യം എനിക്ക് തോന്നിയത്, സകല ദേവിമാരുടേയും ചിത്രങ്ങള്‍ രവിവര്‍മ്മ വരച്ചത് ഈ പെണ്‍കുട്ടിയെ മോഡലാക്കിയിട്ടായിരിക്കണം എന്നാണ്.

കടും ചുവപ്പു നിറത്തിലുള്ള പട്ടു ജാക്കറ്റും, പച്ച പട്ടു പാവാടയും നെറ്റിയില്‍ ചന്ദനപൊട്ടും ഒക്കെ ആയി നല്ല ഐശ്വര്യമുള്ള ഒരു പെണ്‍കുട്ടി. ഉങ്ങിന്‍ ചുവട്ടില്‍ ഒരു ഓരത്ത് അവള്‍ മാറി നിന്നു. ആരേയും ഞാന്‍ ശ്രദ്ധിക്കില്ല എന്ന ഭാവം. ഞാനും ഒട്ടും മൈന്‍ഡ് ചെയ്യാന്‍ പോയില്ല. ഈ കാലത്ത് ഇങ്ങിനെയും ഒരു പെണ്‍കുട്ടിയോ, ചൂരീദാറും നെറ്റിയില്‍ സ്റ്റിക്കര്‍ പൊട്ടും ഒക്കെ ആയി എല്ലാ പെണ്‍കുട്ടികളും അടി പൊളി വേഷത്തില്‍ നടക്കുമ്പോള്‍ ഇവള്‍ മാത്രം എന്താ ഈ വേഷത്തില്‍, ചിലപ്പോള്‍ പിറന്നാളോ മറ്റോ ആയിരിക്കാം എന്നൊക്കെ ഞാന്‍ കരുതി.

പിറ്റേന്നും അതിന്നടുത്ത ദിവസവും കക്ഷി ഉങ്ങിന്‍ ചുവട്ടില്‍ ഹാജര്‍. വസ്ത്രങ്ങളുടെ നിറത്തില്‍ മാത്രമെ വ്യത്യാസമുള്ളു.

സാമാന്യ മര്യാദക്ക് എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് ഞാന്‍ വിചാരിച്ചു. പേര് ചോദിക്കാന്‍ തോന്നിയില്ല. ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു തോന്നി. പകരം "എങ്ങോട്ടാ" എന്ന ചെറിയൊരു കുശലാന്വേഷണം മാത്രം നടത്തി. പ്രതികരണം തിര്‍ത്തും മോശമായിരുന്നു. ഒരക്ഷരം പറഞ്ഞില്ല എന്നു മാത്രമല്ല ഞാന്‍ ചോദിച്ചതായിട്ട് ഭാവിച്ചതു പോലുമില്ല. എനിക്ക് നാണക്കേടായെങ്കിലും, അത്ര തലക്കനം കാണിക്കുന്ന ആളെ നമ്മളും ഗൌനിക്കാതിരുന്നാല്‍ മതി എന്നു കരുതി ഞാന്‍ സമാധാനിച്ചു.

മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം പതിവു പോലെ ബസ്സു കാത്തു നില്‍ക്കുമ്പോള്‍ മാണിക്കന്‍ സൈക്കളില്‍ വരുന്നു. പണിക്കു പോവാനായിരിക്കും, കാരിയറില്‍ തൂമ്പയും മണ്‍ചട്ടിയും ഉണ്‍ട്. പാതയുടെ മറു ഭാഗത്ത് നിന്ന് , എന്നെ വിളിച്ചു."ആരാടാ, കൂടെ ഒരെണ്ണം" എന്ന് തിരക്കുകയും ചെയ്തു.

"ആ എനിക്കറിയില്ല" എന്ന് ഞാന്‍ കൈ മലര്‍ത്താനിരുന്നതാണ്. അപ്പോഴാണ് വികട കവി നാവിന്‍ തുമ്പത്ത് എഴുന്നള്ളിയത്. "കരി നീല കണ്ണഴകി" എന്ന് അവനോട് ഞാന്‍ പതിയെ പറഞ്ഞു. ഞാന്‍ പറഞ്ഞത് എന്താണെന്ന് അവന് മനസ്സിലായില്ല. കൂടുതല്‍ വിശദീകരിക്കും മുമ്പ് ബസ്സ് വന്നതിനാല്‍ സംഭാഷണം അവസാനിച്ചു.

വൈകുന്നേരം അവന്‍ എന്നെ തിരഞ്ഞെത്തി. ഞാന്‍ അവളെ കാണാന്‍ തുടങ്ങിയതു മുതല്‍ ഉള്ള സര്‍വ്വ കാര്യവും വിസ്തരിച്ചു.

" അവള്‍ വലിയ പണക്കാരന്‍റെ മകളായിരിക്കും. അതാണ് നിന്നെ കണക്കിലെടുക്കാത്തത്. പോവാന്‍ പറ. ഇനി മുതല്‍ക്ക് നീ അവളെ കണ്‍ടതായി നടിക്കരുത് " എന്നൊക്കെ കൂട്ടുകാരന്‍ ഉപദേശിച്ചു.

പിന്നീട് ആ കുട്ടിയെ ശ്രദ്ധിക്കാനോ, സംസാരിക്കാനോ ശ്രമിച്ചിട്ടില്ല. ഞാന്‍ മരചുവട്ടില്‍ ഒരു ഓരത്ത് നില്ക്കും, അവള്‍ വേറൊരു ഭാഗത്തും. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുമ്പോള്‍ ഒരു ദിവസം ആ പെണ്‍കുട്ടി രാവിലെ വന്നില്ല. ബസ്സില്‍ കയറിയപ്പോള്‍ "കൂട്ടുകാരി" എവിടെ എന്ന് കണ്‍ടക്ടര്‍ തിരക്കിയപ്പോള്‍ ഞാന്‍ അയ്യടാ എന്ന മട്ടിലായി.

ആ കാര്യംപിന്നെയും സഹിക്കാം. ഞങ്ങളെ നോക്കി ഉങ്ങിന്‍ ചുവട്ടിലിരുന്ന ഭ്രാന്തി തള്ള " കാളുവിന്ന് ഒരു പിടി ചോറു തരാതെ നിങ്ങള്‍ കല്യാണം കഴിച്ചു അല്ലേ " എന്ന് ചോദിച്ചതോടെ എന്‍റെ ക്ഷമയുടെ നെല്ലിപടി കണ്ടു.

ഈ ബാധയെ എങ്ങിനേയും ഒഴിവാക്കും എന്ന് ഞാന്‍ ഉറച്ചു. പിറ്റേന്ന് ഞാന്‍ പൊസിഷന്‍ ഒന്നു മാറ്റി. ഉങ്ങിന്‍ ചുവട്ടില്‍ നിന്നും കലുങ്കിന്നരികിലേക്കാക്കി എന്‍റെ താവളം. ശക്രവാകി, സ്ഥിരം സ്ഥാനത്ത് എന്നെ ഒന്നു തിരഞ്ഞു, കാണാതായപ്പോള്‍ ചുറ്റുപാടും നോക്കി, കലുങ്കിനരികില്‍ എന്നെ കണ്ടപ്പോള്‍ കൂളായി അങ്ങോട്ടു വന്നു. എനിക്കു വന്ന ദേഷ്യത്തിന്ന് അതിരില്ല.

സംസാരിച്ചാല്‍ വായില്‍ നിന്ന് മുത്ത് പൊഴിയുമോ എന്ന ഭാവം. തമ്പുരാട്ടിക്ക് തുണക്ക് ഞാന്‍ വേണം താനും. ഈ പരിപാടി നടപ്പില്ല. അടുത്ത ദിവസം ഞാന്‍ നേരെ കവലയിലേക്ക് നടന്നു. ഇന്ന് എന്തു ചെയ്യുമെന്ന് കാണാമല്ലൊ എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് ഞാന്‍ ഇങ്ങിനേയും തോല്‍പ്പിക്കും എന്ന മട്ടില്‍ പ്രതിയോഗി അവിടെ എത്തുന്നത്. ഇവള്‍ ആള്‍ക്കാരെ കൊണ്‍ട് വേണ്‍ടാത്തത് ഓരോന്ന് കേള്‍പ്പിച്ചേ അടങ്ങു എന്ന മട്ടിലാണ്. നാളെ മുഖത്തു നോക്കി നാലു വര്‍ത്തമാനം പറയണം എന്ന് ഉറപ്പിച്ചു.

പിറ്റേന്ന് ഞാന്‍ ഉങ്ങിന്‍ ചുവട്ടില്‍ തന്നെ നിന്നു. പറയാനുള്ള വാക്കുകള്‍ മനസ്സില്‍ ഒന്നുകൂടി ഉറപ്പിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കഥാ നായിക രംഗപ്രവേശം ചെയ്തു. അണപൊട്ടി ഒഴുകുന്ന രീതിയിലായിരുന്നു, വാക്കുകള്‍ പ്രവഹിച്ചത്. എന്‍റെ ദേഷ്യം തീരുവോളം അവളെ ശകാരിച്ചു. എന്‍റെ മുഖത്തു നോക്കി അമ്പരപ്പോടെ നിന്നതല്ലാതെ ആ കുട്ടി ഒന്നും പറഞ്ഞില്ല. ഒടുവില്‍ ഞാന്‍ ഏകപക്ഷീയമായി യുദ്ധം അവസാനിപ്പിച്ചു.

മറുപടി കിട്ടിയില്ലെങ്കിലും ആ ധിക്കാരിയോട് നല്ലത് നാലെണ്ണം പറഞ്ഞു എന്ന സമാധാനത്തില്‍ അന്ന് ഞാന്‍ സുഖമായി കിടന്നുറങ്ങി.

അടുത്ത ദിവസം അവളാണ് ആദ്യം എത്തിയത്. ഞാന്‍ എത്തിയ ഉടനെ പുസ്തകത്തിനിടയില്‍ നിന്നും അവള്‍ ഒരു എഴുത്ത് എടുത്ത് എനിക്ക് നീട്ടി. വേറൊരു ഏടാകൂടത്തില്‍ ചാടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ അത് വാങ്ങാന്‍ മടിച്ചു. അവള്‍ പിന്‍മാറിയില്ല. യാചന പോലെ കത്തും നീട്ടി നിന്നപ്പോള്‍, മടിച്ചു മടിച്ചു ഞാന്‍ അത് വാങ്ങി. കടലാസില്‍ നല്ല കയ്യക്ഷരത്തില്‍ ഇങ്ങിനെ കോറിയിട്ടിരുന്നു:-

ഏട്ടാ, ഇന്നലെ എന്നോട് ദേഷ്യപ്പെട്ടതുപോലെ തോന്നി. എന്താണ് പറഞ്ഞത് എന്ന് ഞാന്‍ കേട്ടില്ല. അപ്പോള്‍ മാത്രമല്ല ജനിച്ച മുതല്‍ ഇന്നു വരെ ഞാന്‍ ഒന്നും കേട്ടിട്ടില്ല. എന്താണ് പറയുന്നത് എന്ന് ചോദിക്കണമെന്നു തോന്നിയിരുന്നു. അതിനും കഴിഞ്ഞില്ല. ജനനം മുതല്‍ ഇന്നേവരെ ഞാന്‍ സംസാരിച്ചിട്ടില്ല. എനിക്ക് ആ ഭ്രാന്തി തള്ളയെ ഭയമാണ്. അതുപോലെ തന്നെ തെരുവു നായ്ക്കളേയും. ഒരു തുണക്കായിട്ടാണ് ഞാന്‍ ഏട്ടന്‍റെ കൂടെ നില്‍ക്കുന്നത്. ഞാന്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് കരുതുന്നു. അങ്ങിനെ വല്ലതും ഉള്ളതായി തോന്നുന്ന പക്ഷം എന്നോട് ക്ഷമിക്കുക. എന്ന് കുഞ്ഞനുജത്തി.

കുറ്റ ബോധത്തില്‍ ഞാന്‍ ഉരുകി. ഇത്രയും കാലം കഥ അറിയാതെ ആട്ടം കാണുകയായിരുന്നു. ആ കുട്ടിയുടെ പരിമിതികള്‍ മനസ്സിലാക്കാതെയാണ് ഞാന്‍ അതിനെ ധിക്കാരിയായി കണക്കാക്കിയത്. ഏട്ടാ എന്ന് സംബോധന ചെയ്തതും, കുഞ്ഞനുജത്തി എന്ന പ്രയോഗവും എന്നെ വല്ലാതെ സ്പര്‍ശിച്ചു.

ആ നിമിഷം ഞാന്‍ ഒരു കൊച്ചേട്ടനായി മാറി. പിച്ച വെച്ചു നടക്കുന്ന കുഞ്ഞനുജത്തി വീഴാതിരിക്കാന്‍ അതീവ ജാഗ്രതയോടെ കൈകള്‍ നീട്ടി പിടിച്ച് പുറകോട്ട് അടിവെച്ചു നീങ്ങുന്ന കൊച്ചേട്ടന്‍.

0 comments:

14. ഒരു നിര്‍ഭാഗ്യവാന്‍റെ ഓര്‍മ്മക്ക്.

Friday, October 3, 2008


ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോയി തുടങ്ങിയതോടെ കൊച്ചു വെളുപ്പാന്‍ കാലത്ത് ടൌണിലേ ക്കുള്ള യാത്ര അനിവാര്യമായി. കവലയില്‍ ചെന്ന് കിട്ടുന്ന ബസ്സില്‍ കയറി പോകും. രാവിലെ നേരത്ത് എല്ലാ ബസ്സിലും വലിയ തിരക്കാണ്. തൂങ്ങി പിടിച്ചുള്ള യാത്ര ശരിക്കും വലിയ കടുപ്പമാണ്.

ദിവസവും ഒരേ ബസ്സില്‍ പോവുകയാണെങ്കില്‍ കണ്‍സഷന്‍ കിട്ടുമെന്ന് മാണിക്കനാണ് എന്നോട് പറഞ്ഞത്. പക്ഷേ സങ്കോചം കാരണം ആരോടും സൌജന്യം ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

വീടിന്നടുത്തുള്ള പഞ്ചായത്ത് റോഡിലൂടെ ഒരു മിനി ബസ്സ് ഓടുന്നുണ്ട്. കവല എത്തുന്നതു വരെ അതില്‍ അധികം ആളുകാണാറില്ല. പത്തു മിനുട്ട് നേരത്തെ ഇറങ്ങണമെന്നു മാത്രം. ഞന്‍ യാത്ര അതിലാക്കി. ഏഴേകാലിനും ഏഴരക്കും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും വരും എന്നതിനാല്‍ അതു കൂടി കണക്കാക്കി റോഡിലെത്തണമെന്നു മാത്രം. എങ്കിലും ഗുണം പലതാണ്. ഇരിക്കാന്‍ സീറ്റ് ഉറപ്പാണ്. കവല വരെയുള്ള നടപ്പ് ലാഭം. കൂടാതെ മൂന്നാമത്തെ ദിവസം മുതല്‍ ചാര്‍ജ്ജില്‍ ഒരു രൂപ കുറവ് തന്നതോടു കൂടി മറിച്ച് ഒരു ചിന്തയില്ലാതെ മിനി ബസ്സ് സ്വന്തം ബസ്സായി. റെയില്‍പാളത്തിന്ന് സമാന്തരമായി കിടക്കുന്ന പാതയുടെ ഓരത്തുള്ള ഉങ്ങു മരത്തിന്‍റെ ചോട്ടിലാണ് ബസ്സ് കാത്തു നില്‍പ്പ്.

തിങ്കളാഴ്ച്ച ദിവസം. കുട്ടികളുടെ പരീക്ഷഫീസ് ട്രഷറിയില്‍ അടക്കാന്‍ പോവുന്ന ഗോവിന്ദന്‍ സാറിന്ന് തുണക്ക് ചെല്ലണമെന്ന് പ്രിന്‍സിപ്പാള്‍ ഏല്‍പ്പിച്ചിരുന്നതാണ്.

ഉങ്ങിന്‍ ചുവട്ടില്‍ ഞാന്‍ എത്തുമ്പോള്‍ മാണിക്കന്‍ എന്നെ കാത്തു നില്‍ക്കുന്നു.

"ഒരു നൂറ്റമ്പത് രൂപ താ" എന്ന ചെറിയൊരു ഡിമാന്‍റ് അവന്‍ വെച്ചു. അവന്‍റെ അമ്മ പനിച്ചു കിടപ്പാണ്. ഉടനെ ഡോക്ടറെ കാണിക്കണം. പത്തു പൈസ കയ്യില്‍ ഇല്ല. ഇലക്ട്രിസിറ്റി ചാര്‍ജ്ജ് അടക്കാനുള്ള അവസാന ദിവസമാണ്. അതിന്നായി അച്ഛന്‍ തന്ന പണം കയ്യിലുണ്ട്. അതില്‍ നിന്നും ഞാന്‍ അവന്ന് പണം കൊടുത്തു. ബസ്സ് വരുന്നതുവരെ നിനക്ക് തുണ നില്‍ക്കാമെന്നായി അവന്‍. ഉങ്ങിന്‍ ചുവട്ടില്‍ സാധാരണ ആരേയും കാണാറില്ല. ചിലപ്പോള്‍ എന്തെല്ലാമോ പിറുപിറുത്ത് കൊണ്ട് ഭ്രാന്തി കാളുതള്ളയെ കാണാം. ഒരു പാസഞ്ചര്‍ ട്രെയിന്‍ നിന്നു നിന്നില്ല എന്ന മട്ടില്‍ വേഗം കുറച്ചു വന്നിരുന്നു. റെയില്‍ ട്രാക് നന്നാക്കുന്ന പണീക്കാര്‍ക്ക് ചാടി ഇറങ്ങാന്‍ ഉള്ള സൌകര്യത്തിനാണ് അത്. ട്രെയിന്‍ കടന്നതും ട്രാക്കിന്നരികിലേക്ക് ആളുകള്‍ ഓടി കൂടുന്നു.

എന്തോ അപകടം പറ്റി എന്നു പറഞ്ഞു മാണിക്കന്‍ ഓടി, പുറകെ ഞാനും. ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വീണീരിക്കുന്നു. അരയ്ക്കു ചുവട്ടിലായി കാലുകള്‍ അറ്റു കിടപ്പാണ്. കൂടെയുള്ള പണിക്കാര്‍ ചുറ്റും കൂടി നില്‍ക്കുന്നു. ആര്‍ക്കും അടുത്തു ചെല്ലാന്‍ ധൈര്യമില്ല. വീണ ആള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല വേദനയുടെ ഒരു ലക്ഷണം പോലും തോന്നിച്ചിരുന്നില്ല. ശരീരം ആകെ മരവിപ്പ് ആയിരിക്കുമെന്ന് ആരോ പറയുന്നത് കേട്ടു.

കൂടെയുള്ള പണിക്കാരില്‍ നിന്നുമാണ് കൂടുതല്‍ അറിഞ്ഞത്. ആ ചെറുപ്പക്കാരന്ന് ജോലി കിട്ടിയിട്ട് അധികം ആയിട്ടില്ല. ഒരു ചീത്ത സ്വഭാവവും ഇല്ലാത്ത നല്ല പയ്യന്‍. അച്ഛനമ്മമാരുടെ ഏക മകന്‍. നല്ല കുടുംബ സ്നേഹമുള്ള കുട്ടി.

" അബദ്ധം പറ്റിയതാണ്, ഇനി ഞാന്‍ എന്താ ചെയ്യുക, അച്ഛനോടും അമ്മയോടും കല്‍പ്പിച്ചുകൂട്ടി ചെയ്തതല്ല എന്നു പറയണം എന്നൊക്കെ അയാള്‍ പറഞ്ഞുകൊണ്‍ടേയിരുന്നു. അയാളുടെ ചില കൂട്ടുകാര്‍ അവിടെ നിന്ന് കരയുന്നുണ്ടായിരുന്നു.

ആരുടേയോ കയ്യില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി മാണിക്കന്‍ അയാള്‍ക്ക് കുടിക്കാന്‍ കൊടുത്തു. ആ ചെറുപ്പക്കാരന്‍ മാണിക്കനെ ചുറ്റി പിടിച്ചു. നിലത്ത് പടിഞ്ഞിരുന്ന് മാണിക്കന്‍ അയാളുടെ തല മടിയില്‍ വെച്ചിട്ട് ദേഹത്ത് മെല്ലെ തടവികൊടുത്തിരുന്നു. എനിക്ക് പോകാനുള്ള ബസ് കടന്നു പോയി. അപകടം പിണഞ്ഞ സാധു മനുഷ്യനെ ഈ രീതിയില്‍ ഇട്ടിട്ട് പോകരുത് എന്ന് മനസ്സ് പറയുന്നതുപോലെ തോന്നി. വിവരം അറിഞ്ഞു ധാരാളം ആളുകള്‍ വന്നു നോക്കി പോയിക്കൊണ്ടിരുന്നു. എന്താണ് ചെയ്യേണ്‍ടത് എന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. കുറെ കഴിഞ്ഞപ്പോള്‍ കേശവേട്ടന്‍ വന്നു. അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു.

"വേഗം ഇയാളെ ആസ്പത്രിയിലെത്തിക്ക് " എന്നു കേശവേട്ടന്‍ നിര്‍ദ്ദേശിച്ചതോടെ ആരൊ ഓടീപ്പോയി ഒരു ഓട്ടോ റിക്ഷയുമായി എത്തി. എല്ലാവര്‍ക്കും ഭയമായിരുന്നു. തൊടാന്‍ അറപ്പോടെ കൂട്ടുക്കാര്‍ പോലും മാറിനിന്നു.

" ആരും ഇല്ലേടാ ഇയാളെ ആസ്പത്രിയില്‍ എത്തിക്കാന്‍" എന്ന കേശവേട്ടന്‍റെ ചോദ്യത്തിന്ന് "വല്ല കേസോ മറ്റോ ആയാലോ" എന്ന് ആരൊ ചോദിക്കുന്നതു കേട്ടു. കേസൊന്നും വരില്ലെന്നും ധൈര്യമായി ആശുപത്രിയിലേക്ക് കൊണ്ടു പൊയ്ക്കോളിന്‍ എന്നും കേശവേട്ടന്‍ പറഞ്ഞിട്ടും ആരും അനങ്ങുന്നില്ല.

ഞാന്‍ മാണിക്കനെ നോക്കി. അവന്‍ റെഡിയാണ്'. അറ്റുപോയ കാലുകള്‍ എടുത്ത് ഞാന്‍ നടന്നു. പുറകെ ശരീര ഭാഗവുമായി മാണിക്കനും. ഞങ്ങള്‍ മാത്രമേ ഓട്ടോയില്‍ കയറിയുള്ളു. കൂട്ടുകാര്‍ കുറെ പേര്‍ പുറകെ ബസ്സില്‍ വരാമെന്നേറ്റു. ഓട്ടോ ഡ്രൈവര്‍ നല്ലവനായിരുന്നു. ഞങ്ങളുടെ സമ പ്രായക്കാരന്‍. അപകടം പറ്റിയ ആളും ഞങ്ങളുടെ പ്രായം. ഇടക്കിടെ അയാള്‍ക്ക് വെള്ളം വാങ്ങി കൊടുക്കാനായി നിറുത്തിയതൊഴികെ സമയം പാഴാക്കാതെ ഓട്ടോ പറപ്പിക്കുകയായിരുന്നു.

വഴി നീളെ ആ ചെറുപ്പക്കാരന്‍ ഞങ്ങളോട് സങ്കടം പറയുകയായിരുന്നു. ആളുകള്‍ വിളിക്കുന്നത് കേട്ടിട്ടായിരിക്കണം മാണിക്കന്‍റെ പേര് അയാള്‍ മനസിലാക്കിയിരുന്നു .

" മാണിക്കേട്ടാ, ഞാന്‍ ഇനി എന്താ ചെയ്യാ " എന്ന് ഇടക്കിടെ പറഞ്ഞിരുന്നു. അച്ഛനോടും അമ്മയോടും എന്താ പറയുക എന്നതാണ് ഏക ആവലാതി. ഞങ്ങള്‍ക്ക് ആവുന്ന മട്ടില്‍ ആശ്വസിപ്പിച്ചു.

" ഏട്ടാ, ഈ ജന്‍മം ഞാന്‍ പണിക്കു പോയി വയസ്സായ അച്ഛനും അമ്മക്കും കഞ്ഞിക്കുള്ളത് കൊടുക്കാന്‍ സാധിക്കുമോ " എന്ന് ചോദിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞുപോയി. മുറിഞ്ഞ കാല്‍ എടുത്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അത് തുന്നി ചേര്‍ക്കുമെന്നും കുറെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ നടന്നു പോയി പണി ചെയ്യാറാവുമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ആ അവസ്ഥയിലും അയാള്‍ ചെറുതായൊന്ന് ചിരിച്ചു.

" എങ്കില്‍ നടക്കാന്‍ തുടങ്ങിയാല്‍ ആദ്യം എല്ലാ ദൈവങ്ങളേയും ചെന്ന് തൊഴുകും " എന്നായി അയാള്‍. സകല ദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്ത് കിടന്നുകൊള്ളാന്‍ ഞാന്‍ പറഞ്ഞു. കുറെ നേരം എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു. പ്രാര്‍ത്ഥിക്കുകയായിരിക്കണം. ക്രമേണ ശബ്ദം നേര്‍ത്തുവന്നു. അയാള്‍ മയങ്ങി തുടങ്ങി.

ഞങ്ങളുടെ വസ്ത്രങ്ങള്‍ ചോരയില്‍ കുതിര്‍ന്നു കഴിഞ്ഞു. മുഖം ഒഴികെ ദേഹം മുഴുവന്‍ രക്തം പറ്റി പിടിച്ചു. ഞങ്ങള്‍ മൂന്ന് പേരും കൂടിയാണ് ആസ്പത്രിയിലേക്ക് എടുത്തു ചെന്നത്. കാഷ്വാലിറ്റിയില്‍ ഒരു ജൂനിയര്‍ ഡോക്ടറായിരുന്നു. പരിശോധനക്കു ശേഷം കുറെ സാധനങ്ങള്‍ക്കായി എഴുതി തന്നു. ഡ്രൈവറാണ് വാങ്ങാന്‍ പോയത്. എന്‍റെ കയ്യിലെ മുഴുവന്‍ തുകയും ഞാന്‍ കോടുത്തു. കടം വാങ്ങിയ പണം മാണിക്കനും .

മരുന്നുമായി ഡ്രൈവര്‍ എത്തി. പണം തികയാത്തതിനാല്‍ സ്വന്തം കയ്യിലെ കാശു കൂടി എടുത്താണ് മരുന്ന് വാങ്ങിയിരിക്കുന്നത്. ഇന്‍ജക്ഷന്‍ കൊടുത്തു. ഡ്രിപ്പ് കയറ്റി തുടങ്ങി. ധാരാളം ചോര നഷ്ടപ്പെട്ടതിനാല്‍ ഉടനെ രക്തം വേണമെന്നായി അടുത്ത ആവശ്യം. ഞങ്ങള്‍ മുനുപേരും അതിനു തയ്യാറായി. രക്തം എടുക്കാനുള്ള ഏര്‍പ്പാടുകള്‍ നടക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ പരിശൊധനക്ക് എത്തിയത്. ഞങ്ങളെ അകത്തേക്ക് വിളിച്ചു. പേഷ്യന്‍റുമായി എന്താണ്' ബന്ധമെന്ന് അന്വേഷിച്ചു. ഞങ്ങള്‍ വിവരങ്ങള്‍ എല്ലാം അറിയിച്ചു. അങ്ങിനെയാണെങ്കില്‍ രക്തം ആവശ്യമില്ലെന്നും രോഗി മരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

" പ്ളീസ്, ഡോക്ടര്‍ എന്തെങ്കിലും ചെയ്യൂ " എന്ന് ഞാന്‍ യാചിച്ചു." സീ, യങ് മാന്‍, ദാറ്റ് ഫെല്ലൊ ഈസ് ഡെയിങ്. ബീ പ്രാക്ടിക്കല്‍. അരക്കു താഴെ കാലുകള്‍ നഷ്ടപ്പെട്ടിട്ട് അയാള്‍ എങ്ങിനെ ജീവിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കിയോ, അത് ഓര്‍ത്താല്‍ അയാള്‍ ഭാഗ്യവാനാണ്. കൂടിയാല്‍ അര മണിക്കൂര്‍ " എന്നു പറഞ്ഞു അദ്ദേഹം ഇറങ്ങി പോയി.

പരിശോധന മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തിറങ്ങി. ആകെ തകര്‍ന്നതു പോലെ ഒരു തോന്നല്‍. ആശുപത്രിയിലേക്ക് വരുമ്പോള്‍ കാലുകള്‍ നഷ്ടപ്പെട്ടാലും അയാള്‍ രക്ഷപ്പെടുമെന്ന് തോന്നിയിരുന്നു. അതെല്ലാം വെറുതെയായി. പുറത്ത് മര ചുവട്ടില്‍ ഞാന്‍ ഓരോന്ന് ആലോചിച്ചു നിന്നു. എന്‍റെ സമപ്രായക്കാരന്‍. ജീവിതം ആരംഭിക്കുന്നതേയുള്ളു. വയസ്സായ അച്ഛനമ്മമാരെ സംരക്ഷിക്കാനുള്ളവന്‍. ഓര്‍ക്കാപ്പുറത്തുള്ള അവന്‍റെ വേര്‍പാട് അവര്‍ക്ക് എങ്ങിനെ സഹിക്കാനാവും. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന ചിന്ത മനസ്സില്‍ ഓടിയെത്തി. ആകെ തളരുന്നതുപോലെ എനിക്ക് തോന്നി.

മരിക്കാറായി കിടക്കുന്നത് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത വ്യക്തിയാണ് . ആ പാവത്തിന്‍റെ അവസാന നിമിഷങ്ങളില്‍ പരിചരിക്കാനായി ഞങ്ങള്‍ ഒപ്പം വേണമെന്നത് ദൈവ നിശ്ചയമായിരിക്കാം. അബദ്ധത്തിലും കല്‍പ്പിച്ചുകൂട്ടിയും ട്രെയിനില്‍ പെട്ട് മരിച്ച പലരുടേയും ശവശരീരങ്ങള്‍ ഇതിനു മുമ്പും പല തവണ കാണാന്‍ ഇട വന്നിട്ടുണ്ട്. മനുഷ്യ ശരീരം പല കഷണങ്ങളായി ചിതറി കിടക്കുന്നത് കാണേണ്ടി വന്നപ്പോഴൊന്നും തോന്നാത്ത എന്തോ ഒരു വികാരം ഇപ്പോള്‍ മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു.

അല്‍പ്പ സമയത്തിനകം അപകടം പിണഞ്ഞ ആളുടെ കൂട്ടുകാര്‍ എത്തിചേര്‍ന്നു. അവര്‍ ഡോക്ടറെ സമീപിച്ച് വിദഗ്ധ ചികിത്സക്ക് കൊയമ്പത്തൂരോ ത്രിശ്ശൂരോ എത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പക്ഷേ ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു. ആ നിര്‍ഭാഗ്യവാന്‍ വിളിച്ച ദൈവങ്ങള്‍ ആരുംതന്നെ സഹായിക്കാന്‍ എത്തിയില്ല. ഏതാനും നിമിഷങ്ങള്‍ മാത്രം. ആ ജീവിതം അവസാനിച്ചു.

ഞങ്ങള്‍ക്ക് അവിടെ ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോദ്ധ്യമായി. മരിച്ച ചെറുപ്പക്കാരന്‍റെ അച്ഛനും അമ്മയും ഉടനെ എത്തും എന്ന് ആരോ പറയുന്നതു കേട്ടു. ആ രംഗം കാണാനുള്ള മനസാന്നിദ്ധ്യം എനിക്കില്ല എന്ന് ഉറപ്പായിരുന്നു. ഞങ്ങള്‍ ഒന്നുകൂടി ചെന്നു ആ ശരീരം നോക്കി. എന്തെല്ലാമോ മോഹങ്ങള്‍ ബാക്കി വെച്ച് ആ ജീവന്‍ പൊലിഞ്ഞു പോയിരിക്കുന്നു. പിന്നെ നിന്നില്ല. തിരിച്ചു വരുമ്പോള്‍ ആരും ഒന്നും സംസാരിച്ചില്ല. ഡ്രൈവര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഓട്ടോ വിട്ടത്. കേശവേട്ടന്‍ വിവരം കാത്തുനില്‍ക്കുകയായിരുന്നു.

ഡ്രൈവറാണ് വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞത്. എന്തു ചിലവായി എന്ന് അദ്ദേഹം അന്വേഷിച്ചു. കണക്കുകളും ഡ്രൈവര്‍ തന്നെ പറഞ്ഞു. കേശവേട്ടന്‍ അകത്തു ചെന്ന് പേഴ്സുമായി വന്നു. ഓട്ടോ കൂലിയും ഡ്രൈവര്‍ ചിലവാക്കിയ പണവും അയാള്‍ക്ക് കൊടുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ ഓട്ടോ കൂലി വാങ്ങിയില്ല.

ഇരുന്നൂറു രൂപയാണെന്നു തോന്നുന്നു അദ്ദേഹം മാണിക്കന് കൊടുത്തത്. അമ്മയെ പെട്ടന്ന് ഡോക്ടറെ കാണിക്ക് എന്ന് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു.

തിരിച്ചു പോരാന്‍ നേരം എന്‍റെ കയ്യില്‍ നിന്നും കേശാവേട്ടന്‍ ഇലക്ട്രിസിറ്റി ബില്‍ വാങ്ങി. പണം അടക്കാനുള്ള ഏര്‍പ്പാട് ആക്കാമെന്ന് പറഞ്ഞു.

നട്ടുച്ച വെയിലിലേക്ക് ഞങ്ങള്‍ ഇറങ്ങി. വീട്ടിലേക്ക് നടക്കുമ്പോഴും അകാലത്തില്‍ ജീവിതം അവസാനിച്ച ആ ചെറുപ്പക്കാരന്‍റെ വാക്കുകളും മുഖവും മനസ്സില്‍ നിറഞ്ഞിരിക്കുകയായിരുന്നു.

13. ഒന്നില്‍ തൊട്ടാല്‍..........

Friday, September 26, 2008


അങ്ങിനെ ഗുരുവായുര്‍ യാത്ര പാതി വഴിയില്‍ മുടങ്ങി. മാണിക്കന്‍റെ മുഖം വിവര്‍ണ്ണമായിരുന്നു. ഞാനും അല്‍പ്പം പരവശനായി. എന്‍റെ നോട്ടത്തില്‍ യാതൊരു വിധം പരിഭ്രമവും ഇല്ലാത്തത് നൊസ്സന്‍ മാഷക്ക് മാത്രമായിരുന്നു. ആവശ്യമായ രേഖകള്‍ ഇല്ലാത്തത്, മാരുതി കാറിന്‍റെ ഉടമ ശരിക്കും മുതലാക്കി. യഥാര്‍ത്ഥ റിപ്പയര്‍ ചിലവിന്‍റെ മൂന്നിരട്ടി പണമാണ് അദ്ദേഹം നഷ്ട പരിഹാരം ചോദിച്ചത്. എല്ലാവരും കൂടി മദ്ധ്യസ്ഥം പറഞ്ഞ് പിശകി നോക്കാം എന്ന് കരുതിയപ്പോഴാണ്, മാഷിന്‍റെ വായില്‍നിന്നും ഹിമാലയന്‍ വിഡ്ഢിത്തം പുറത്ത് വന്നത്.

" എന്തായാലും അബദ്ധം പറ്റാനുള്ളത് പറ്റി, ഇനി അദ്ദേഹത്തിന്ന് വിഷമം വരരുത്, ആ കാര്‍ വിലക്കെട്ടി നമുക്ക് എടുക്കാം".

ആരും പ്രതീക്ഷിക്കാത്ത ഒരു ഐഡിയ ആയതിനാല്‍ എല്ലാവരും സ്തബ്ധരായി നിന്നു. പിന്നെ വിലയെ കുറിച്ചായി സംഭാഷണം. മാഷക്ക് വില ഒരു പ്രശ്നമേ അല്ലായിരുന്നു. ചുരുക്കത്തില്‍ അമര്‍ന്ന വിലക്ക് മാഷ് ആ കാറും വാങ്ങി. ഈ രീതിയില്‍ ഓടിക്കാന്‍ പറ്റാത്തതിനാല്‍ അതേ വര്‍ക്ക്ഷോപ്പില്‍ നന്നാക്കാനും ഏല്‍പിച്ചു.

വളരെ സന്തോഷത്തോടെയാണ്, കച്ചവടം നടന്നത്. കാറിന്‍റെ വിലയ്ക്കുള്ള ചെക്ക് കൈമാറി, അന്യോന്യം കൈ കൊടുത്തു പിരിഞ്ഞു. ദൂഷ്യം പറയരുതല്ലോ, കാറിന്‍റെ രേഖകള്‍ കയ്യോടെ കിട്ടി. അംബാസഡര്‍ കാറിന്ന് അത്ര കാര്യമായ കേടൊന്നും പറ്റിയിരുന്നില്ല. ഡിക്കിയും ബമ്പറും വളഞ്ഞിരുന്നു. ഉരസലില്‍ കുറച്ച് പെയിന്‍റ് പോയി. അത് പിന്നിട് നന്നാക്കാമെന്ന് തീരുമാനിച്ചു.

അതില്‍ തന്നെയാണ്, ഞങ്ങള്‍ തിരിച്ചു വന്നത്. രാത്രി സമയം ആയതിനാല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ഒരു ഡ്രൈവറെ കൂട്ടി. ആരും ഒന്നും സംസാരിച്ചില്ല. മാഷാണ് മൌനം ഭഞ്ജിച്ചത്.

" ഇപ്പൊ നമുക്ക് കാര്‍ രണ്ടായി, ഒന്നില്‍ തൊട്ടാല്‍ മൂന്ന് എന്നാണ് പ്രമാണം ".

എനിക്ക് നിയന്ത്രണം നഷ്ടമായി. "ഇനി ആ കാറുമായി പോയി വേറൊന്നില്‍ ഇടിച്ചാല്‍ മോഹം എളുപ്പത്തില്‍ സാധിക്കാം" എന്ന് ഞാന്‍ അറിയാതെ പറഞ്ഞുപോയി. മാഷക്ക് നീരസമൊന്നും തോന്നിയില്ല , എന്നു മാത്രമല്ല, ഫലിതം ആസ്വദിച്ച മട്ടില്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയും ചെയ്തു.

ഇനിയെങ്കിലും ബുക്കും പേപ്പറും ശരിയാക്കാന്‍ നോക്ക്, എന്ന ഉപദേശം നല്‍കിയാണ്, ഡ്രിവന്‍ യാത്ര പറഞ്ഞത്. പിറ്റേന്നു മുതല്‍ അതിനായി യത്നം. കാര്‍ വാങ്ങി തന്ന ബ്രോക്കറെ സമീപിച്ചു. ഓരോ പ്രാവശ്യം അയാള്‍ ഓരോ ഒഴികഴിവു പറയും. ആള്‍ട്ടറേഷന്‍ വരുത്തി പുതിയ മോഡല്‍ കാര്‍ ആക്കിയതിനാല്‍, അപകടം പറ്റി നന്നാക്കന്‍ പറ്റാത്തതായ കാറിന്‍റെ ബുക്ക് സംഘടിപിച്ച് പൊള്ളച്ചിയില്‍ ചെന്ന് അതിന്‍റെ എന്‍ജിന്‍ നമ്പറും, ചേസിസ് നമ്പറും കൊത്തിച്ച് പുതിയ കാറാക്കി ഇറക്കാമെന്ന ഒരു നിര്‍ദ്ദേശം വന്നു. മാഷ് അതിന്ന് തയ്യാറായില്ല.

പലവട്ടം നടന്നു ക്ഷമ നശിച്ചപ്പോള്‍ മാണിക്കന്‍ ചൂടായി.

" നാളെ കടലാസുകള്‍ തന്നില്ലെങ്കില്‍ നീ വിവരം അറിയും" എന്ന അവന്‍റെ ഭീഷണി ഫലിച്ചു. പിറ്റേന്ന് കാറിന്‍റെ മുന്‍ ഉടമയുടെ വീടു വരെ അയാള്‍ വന്നു. ഞാനും മാണിക്കനും മാഷോടൊപ്പം ചെന്നിരുന്നു.

" നിങ്ങള്‍ ചെന്ന് ചോദിക്ക്, ആവശ്യം വന്നാല്‍ ഞാന്‍ ഇടപെടാം" എന്നു പറഞ്ഞു മഹാന്‍ ഒഴിഞ്ഞു.

വലിയൊരു വീടായിരുന്നു അത്. മുറ്റത്ത് പല മോഡലിലുള്ള കാറുകളും ജീപ്പും വാനും ട്രാക്ടറും ബൈക്കുകളും നില്‍ക്കുന്നു. ഡോര്‍ ബെല്‍ അമര്‍ത്തി. തൂവെള്ള ഖദര്‍ വസ്ത്രം ധരിച്ച ഒരു മദ്ധ്യ വയസ്കന്‍ വാതില്‍ തുറന്നു. സ്വര്‍ണ്ണ ചെയിന്‍ ഉള്ള വാച്ചും, അതേ നിറത്തിലുള്ള കണ്ണടയും അദ്ദേഹത്തിനെ പ്രമാണിയായി തോന്നിച്ചു.

"ങും " എന്ന ചോദ്യത്തിന്ന് കാറിന്‍റെ കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് പറഞ്ഞു.

ഞങ്ങള്‍ അകത്തിരുന്നു. ചായയെത്തി. മാഷക്ക് കാര്യങ്ങള്‍ വിവരിക്കാന്‍ കഴിഞ്ഞില്ല, മാണിക്കനും. ഞാന്‍ വസ്തു നിഷ്ടമായി കാര്യങ്ങളെല്ലാം വിവരിച്ചു.

"കഷ്ടം, ഒന്നും ആലോചിക്കാതെ ആരെങ്കിലും ഇതിനൊക്കെ ഇറങ്ങുമോ" അദ്ദേഹം പറഞ്ഞു." ഞാന്‍ അത് പൊളിച്ചു കളയാന്‍ കൊടുത്തതാ, നാലു കൊല്ലമായി ടാക്സ് അടച്ചിട്ട്. ഭാഗ്യത്തിന്ന് പുസ്തകം ഇവിടെയുണ്ട് ".

പുസ്തകം കിട്ടിയതായി എഴുതി വാങ്ങി ഒരു മടിയും കൂടാതെ അദ്ദേഹം തന്നു.

" ഈ സൈസ് സാധനങ്ങളെ ഒരിക്കലും നിങ്ങള്‍ വിശ്വസിക്കരുത്, സര്‍വതും ഫ്രോഡ് കേസുകളാണ് " എന്ന് ഉപദേശിച്ചിട്ടാണ്, അദ്ദേഹം ഞങ്ങളെ അയച്ചത്.

ഓട്ടോ കണ്‍സള്‍ട്ടന്‍ന്‍റിനെയാണ്,പിന്നെ സമീപിച്ചത്. അയാള്‍ പറഞ്ഞതൊന്നും ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. ഒരു തവണ കാര്‍ പരിശോധനക്ക് എത്തിച്ചു. ദൈവാധീനത്തിന്ന് എല്ലാം ശരിയായി കിട്ടി. മാഷിന്‍റെ കുറെ പണം ചിലവായി എന്നു മാത്രം. ഇതിനകം മാരുതി കാര്‍ വീട്ടിലെത്തി. എല്ലാം കഴിഞ്ഞപ്പോള്‍ മാഷക്ക് അംബാസഡര്‍ വേണ്ടാതായി. വില്‍ക്കാനായി പഴയ ബ്രോക്കറെ തന്നെ സമീപിച്ചു. ഒരു ഉളുപ്പും കൂടാതെ പതിനായിരം രൂപക്ക് കാര്‍ വിറ്റുതരാമെന്ന് അയാള്‍ ഏറ്റു. എനിക്ക് മാഷോട് ഒന്നേ പറയാന്‍ തോന്നിയുള്ളു. "ഒന്നില്‍ തൊട്ടാല്‍ മൂന്ന് എന്നല്ലേ പ്രമാണം, ഇത് നില്‍ക്കട്ടെ, ഒന്നു കൂടി വാങ്ങി നമുക്ക് ആ വാക്ക് സത്യമാക്കാം ".

മാഷ് ഒന്നും പറഞ്ഞില്ല. കുറെ നേരം ഗൌരവത്തില്‍ ഇരുന്നു. പിന്നീട് ഞങ്ങളോടായി പറഞ്ഞു. "അതാണ്, അതിന്‍റെ
ഒരു ശരി".

0 comments:

12. സ്പ്രേ പെയിന്‍റിങ്ങ്.

Thursday, September 25, 2008


നൊസ്സന്‍ മാഷ് അന്വേഷിച്ച് ആളെ അയച്ചിരിക്കുന്നു, എന്ന വാര്‍ത്തയുമായിട്ടാണ്, അന്ന് മാണിക്കന്‍ ഹാജരായത്. അവന്‍ വല്ലാതെ പരിഭ്രമിച്ചിരുന്നു.

" ആ ജുബ്ബ കഴുവേറി മകനെ ഞാനാ മാഷക്ക് പരിചയപ്പെടുത്തിയത്. ഇനി എന്തൊക്കെ പുലിവാലാണാവോ വരാനിരിക്കുന്നത് " എന്ന് അവന്‍വിലപിച്ചു.

കാര്യം ശരിയാണ്, ലക്ഷകണക്കില്‍ രൂപയാണ്, ആ വഴിക്ക് നഷ്ടമായത്. വല്ല കേസോ കൂട്ടത്തിനോ പോയാല്‍ തൂങ്ങി തിരിയും. " എന്തിനും നീ കൂടെ വരണം " എന്ന അവന്‍റെ റിക്വസ്റ്റോടെ, ആ വിഷയത്തിലേക്ക് എന്‍റെ പ്രവേശനവും ഒരുങ്ങി.

ഗുരു ശിഷ്യന്മാര്‍ അടുത്ത ദിവസം തന്നെ മാഷിന്‍റെ സവിധത്തിലെത്തി. വാസ്തവം പറയാമല്ലോ, അദ്ദേഹത്തിന്‍റെ മുഖത്ത് പരിഭവത്തിന്‍റെ ഒരു അടയാളം പോലും കാണാനില്ലായിരുന്നു. തികഞ്ഞ സ്നേഹത്തോടെയണ്, അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്.

" ഒന്നും അറിഞ്ഞിട്ടല്ലമാഷേ, ഇതൊക്കെ സംഭവിച്ചത്." എന്ന് മാണിക്കന്‍ മുന്‍കൂര്‍ ജാമ്യം തേടി.

"പണം പോയാല്‍ പോട്ടേടോ, അത് ഇന്നു വരും നാളെ പോകും. കാശു പോയാലും പട്ടിടെ സ്വഭാവം എന്താന്ന് മനസ്സിലായല്ലൊ " എന്ന് മാഷ് പറഞ്ഞതോടെ, മനസ്സില്‍ ഉള്ള ടെന്‍ഷന്‍ മഞ്ഞുപോലെ മാഞ്ഞുപോയി.

" ആ കാര്യം അങ്ങിനെയായി എന്നുവെച്ചിട്ട് നമ്മള്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ല. നമ്മള്‍ അത് നടത്തും" മാഷ് ഉറച്ച മട്ടിലാണ് " മാത്രമല്ല നമ്മള്‍ മൂന്നാളും അഭിനയിക്കുകയും ചെയ്യും ".

കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മാണിക്കനെ ഏല്പിക്കണമെന്നാണ്, ഉദ്ദേശം എന്നു പറഞ്ഞതോടെ, എത്ര തല്ലു കിട്ടിയാലും നേരാവാത്ത ജന്മമാണ്, മാഷടെ എന്ന് എനിക്ക് ബോദ്ധ്യമായി.

സീരിയല്‍ ആവശ്യത്തിലേക്ക് ഒരു കാര്‍ വാങ്ങുന്നതാണ് ആദ്യത്തെ പടി. എനിക്കും മാണിക്കനും കാര്‍ ഓടിക്കാന്‍ അറിയാമെന്നത് ഒന്നുകൂടി സൌകര്യമായി മാഷ് വിലയിരുത്തി. അച്ചായന്‍ സംഭവത്തോടെ ഞാന്‍ ലൈസന്‍സ് എടുത്തിരുന്നു. മാണിക്കനാകട്ടെ അപ്പോള്‍ തമിഴ്നാട് പര്യടനത്തിലായതിനാല്‍, അതിനു കഴിഞ്ഞില്ല.

നാളെ തന്നെ ഒരു പുതിയ കാര്‍ വാങ്ങാനാണ് ഉദ്ദേശം. പതിവുപോലെ ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍ ഈ സമയത്താണ്, മാണിക്കന്‍റെ നാവിന്‍ തുമ്പത്ത് അവതരിച്ചത്.

" മാഷേ, നമുക്ക് ഒരു പഴയ കാര്‍ വാങ്ങി നന്നായി ഓടിച്ചു പഠിച്ചിട്ടു പോരേ പുതുത് വാങ്ങുന്നത് " എന്നായി മഹാന്‍. എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. അവന്‍റെ ഒരു ഉപദേശം.

പക്ഷെ മാഷ് അത് അപ്പടി അംഗികരിച്ചു. ഏതു കാര്‍ വാങ്ങണം എന്നേ തീരുമാനിക്കാനുള്ളു. അംബാസഡര്‍ ആണെങ്കില്‍ ശകലം ഗമ തോന്നും. അതു മതി എന്നു തീരുമാനിച്ചു.

കാര്‍ അന്വേഷണം മാണിക്കന്‍ ഏറ്റു. മാണിക്കനെ കാര്യസ്ഥനാക്കാനും, കാറു വാങ്ങാനുള്ള പണം അവനെ ഏല്‍പ്പിക്കാനും മാഷ് ഒരുങ്ങി.

" എന്തു സഹായം വേണമെങ്കിലും ചെയ്യാം, അതു മാത്രം പറ്റില്ല" എന്നായി അവന്‍.

തിരിച്ചു പോരുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞു " നിനക്ക് അറിയാലോ എന്‍റെ സ്ഥിതി, ആരാന്‍റെ പൈസ കയ്യില്‍ വന്നിട്ട് എന്തെങ്കിലും ആവശ്യത്തിന്ന് അതില്‍നിന്ന് പത്തു രൂപ എടുത്താല്‍ എനിക്കത് വെക്കാന്‍ പറ്റി എന്നു വരില്ല, അപ്പോള്‍ അത് പറ്റിക്കലാവും. എനിക്കതിനു വയ്യ ".

മാഷ് പാവമാണ്. അയാളുടെ കൂടെ നിന്നാല്‍ പറ്റിക്കാന്‍ കൂടെ കൂടിയതാണെന്നേ ആളുകള്‍ പറയു. നമുക്ക് ആവുന്നതുപോലെ ആരേയും സഹായിക്കാം, അതു മതി.

" നമ്മുടെ കാശ് ആരെങ്കിലും തിന്നോട്ടേ, എന്നാലും ആരാന്‍റെ പത്തു പൈസ നമ്മുടെ കയ്യില്‍ പെടരുത് " എന്നാണു എന്‍റെ ന്യായം" മാണിക്കന്‍ തുടര്‍ന്നു "നമുക്ക് ആരുടെ കണ്ണു വേണമെങ്കിലും മറയ്ക്കാം,പക്ഷേ ദൈവത്തിന്‍റെ കണ്ണു മറയ്ക്കാനാവില്ല ".

ഇത്ര ബുദ്ധിയില്ലാത ആള്‍ എങ്ങിനെ സ്കൂള്‍ മാഷായി, ഇയാള്‍ സ്കൂളില്‍ എന്തു പഠിപ്പിക്കും എന്നുള്ള എന്‍റെ സംശയങ്ങള്‍ക്ക്, മാഷ് പഠിപ്പിക്കുന്നത് സ്വന്തം സ്കൂളിലാണെന്നും, ഇന്നുവരെ ഒന്നാം ക്ളാസിനപ്പുറം അദ്ദേഹം പഠിപ്പിക്കാന്‍ ചെന്നിട്ടില്ലെന്നും മാണിക്കന്‍ അറിയിച്ചു. വകതിരിവ് കൂടിയതിനാല്‍ കല്യാണം കഴിഞ്ഞിട്ടില്ല. പറയതക്ക ബന്ധുക്കളോ കൂട്ടുകാരോ ഇല്ല.

ഏതാനും ദിവസതിനകം കാര്‍ അന്വേഷണം പൂര്‍ത്തിയായി. മാഷ് ഏല്‍പ്പിച്ച ബ്രോക്കര്‍ ഏര്‍പ്പാടാക്കിയ കാര്‍ നോക്കാന്‍ മാഷും മാണിക്കനും കൂടിയാണ് പോയത്. അവര്‍ക്ക് ഇഷ്ടപ്പെട്ടു. പീറ്റേന്ന് ഞാനും ചെന്നിരുന്നു. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ളതും, വര്‍ക്ക് ഷോപ്പില്‍ കട്ടപുറത്ത് നില്‍ക്കുന്നതുമായ ഒരു സാധനം. പെയിന്‍റ് പോയി തുരുമ്പെടുത്ത് അവലക്ഷണം പിടിച്ചതുപോലൊന്ന്. മുപ്പതിനായിരം രൂപ വില നിശ്ചയിച്ചിരുന്നു. ചുളു വിലയ്ക്ക് കാര്‍ കച്ചവടം നടത്തി കൊടുത്തതിന്ന് അയ്യായിരം രൂപ ബ്രോക്കര്‍ക്ക് കമ്മിഷനും കൊടുത്തിരുന്നു. കുറച്ചു പണം മുടക്കി റിപ്പയര്‍ ചെയ്താല്‍, കിണ്ണന്‍ കാറാകും. അവിടെ തന്നെ റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ചു. ഒരു മാസത്തിലധികം കഴിഞ്ഞാണ്, പണി തീര്‍ന്ന് കാര്‍ കിട്ടിയത്.

മാഷും മാണിക്കനും എല്ലാ ദിവസവും വര്‍ക്ക് ഷോപ്പില്‍ എത്തും. ഞാനും പലവട്ടം ചെന്നു നോക്കി. കറുപ്പാണ് മാഷക്ക് ഇഷ്ടപ്പെട്ട നിറം. ശുഭകാര്യങ്ങള്‍ക്ക് കറുപ്പ് നിറം നന്നല്ല എന്നായി മാണിക്കന്‍. ഒടുവില്‍ മെറ്റാലിക് നീല കളറിലെത്തി.

" പൊളിക്കാന്‍ നിര്‍ത്തിയ കാറു വാങ്ങി ഇത്രയേറെ കാശു അതില്‍ മുടക്കാന്‍ നിങ്ങള്‍ക്ക് ഭ്രാന്താണോ" എന്ന് ഇതിനിടെ അവിടെ വന്ന ഒരു ടാക്സി ഡ്രൈവര്‍ ചോദിച്ചു. ഇത്രയും പണി ചെയ്തിട്ട് ഇനി പിന്തിരിയാനില്ല എന്നായി മാഷ്.

എഞ്ചിന്‍ പണി, ഗിയര്‍ ബോക്സ് നന്നാക്കല്‍, പുതിയ ബാറ്ററി, നാലു റേഡിയല്‍ ടയറുകള്‍, പാച്ച് വര്‍ക്ക്, അപ്പ് ഹോള്‍സ്റ്ററി, പെയിന്‍റിങ്ങ്, പുതിയ ഗ്രില്ലും ബമ്പറും എല്ലാമായപ്പോള്‍ റിപ്പയര്‍ ചിലവ് ഉദ്ദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ കടന്നു.

മെക്കാനിക്ക് തന്നെയാണ്, വാഹനം വീടെത്തിച്ചത്. പൂമാല തൂക്കി, ചന്ദനം തൊട്ട് ഐശ്വര്യത്തോടെയുള്ള ആദ്യ യാത്രയില്‍ മാഷ് മുന്‍സീറ്റില്‍ ഞെളിഞ്ഞിരുന്നു. ഞാനും മാണിക്കനും പുറകേയും.

ആദ്യ യാത്ര ഗുരുവായൂരിലേക്ക് എന്ന് നിശ്ചയിച്ചു. ഡ്രൈവര്‍ ആവശ്യമില്ല, ഞാനും മാണിക്കനും ഓടിച്ചാല്‍ മതി എന്നാണ്, മാഷിന്‍റെ മോഹം. എനിക്ക് അത്ര ധൈര്യം പോരാ. മാണിക്കന്ന് ഒട്ടും പരിഭ്രമം ഇല്ല.

ഉച്ച ഊണു കഴിഞ്ഞു പുറപ്പെട്ടു. രാവിലെ ഗുരുവായൂരില്‍ എന്നും തിരക്കാണ്. സാരഥി മാണിക്കന്‍. വലിയ കുഴപ്പമില്ലാതെ പോയിരുന്നു. പകുതി ദൂരം എത്തി കാണും. പെട്ടന്നാണ്, ഗിയര്‍ വീഴുന്നില്ല എന്ന് മാണിക്കന്‍ പറയുന്നത്. അടുത്തുതന്നെ വര്‍ക്ക് ഷോപ്പ് ഉള്ളത് ഭാഗ്യമായി. റോഡരുകീല്‍ കുറേ താഴ്ചയിലാണ്, സ്ഥാപനം. മാണിക്കന്‍ മെല്ലെ വാഹനം താഴോട്ട് ഇറക്കി.

വലിയ താമസമില്ലാതെ തന്നെ നന്നാക്കി കിട്ടി. മുകളിലേക്ക് കയറുമ്പോള്‍ ഇടക്ക് കാര്‍ നിന്നു. വാഹനം പുറകോട്ട് നീങ്ങി തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ മാണിക്കന്‍ അറുപത് ഡിഗ്രി ആംഗിളില്‍ എഴുന്നേറ്റു നിന്ന് ബ്രേക്ക് പെഡല്‍ ചവിട്ടി പിടിച്ചിരിക്കുകയാണ്. സെക്കന്‍ഡുകള്‍ക്കകം വര്‍ക്ക് ഷോപ്പില്‍ നിന്നും ആളുകളെത്തി.

ബ്രേക്കിലും ആക്സിലറേറ്റരിലും ഒന്നിച്ചു ചവിട്ടാനും ഗിയറിട്ട ശേഷം ക്ലച്ചില്‍നിന്നും ബ്രേക്കില്‍ നിന്നും ഒന്നിച്ച് കാലെടുക്കാനും വിദഗ്ധ ഉപദേശങ്ങള്‍ പ്രവഹിച്ചു. മാണിക്കന്‍ എന്തു ചെയ്തു എന്ന് എനിക്കറിയില്ല. മുന്നോട്ട് പോവുന്നതിന്നു പകരം വേഗത്തില്‍ കാര്‍ പുറകോട്ടോടി അവിടെ നിന്ന പുതിയ ഒരു മാരുതി കാര്‍ ഇടിച്ചു നിന്നു.

ആ കാര്‍ ആകെ തകര്‍ന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് നല്ല ഓര്‍മ്മയില്ല. നഷ്ടപരിഹാരം കൊടുക്കുന്നുവോ കേസാക്കണൊ എന്നായി അടുത്ത ചര്‍ച്ച. വലിയ തുക ചിലവു വരുന്നതിനാല്‍ ക്ലെയിം ചെയ്യാമെന്നായി. മാണിക്കന്‍റെ ലൈസന്‍സ് ആവശ്യപ്പെട്ടു. അത് ഇല്ലാത്തത് പ്രശ്നമായി. അപ്പോഴാണ്, ആരോ ആര്‍.സി. ബുക്കും ഇന്‍ഷൂറന്‍സിന്‍റെ പേപ്പറും ചോദിക്കുന്നത്. ഈ സംഗതികള്‍ എന്താണെന്ന് ഞങ്ങള്‍ മൂന്നു പേര്‍ക്കും അറിയില്ലായിരുന്നു.

0 comments:

11. ഒരു വേര്‍പാടിന്‍റെ ദുഃഖം.

Tuesday, September 23, 2008


പോയതിന്‍റെ ഇരട്ടി വേഗത്തിലാണ്, മാണിക്കന്‍ മധുരയില്‍ നിന്ന് തിരിച്ചു വന്നത്. വൈകുന്നേരം വായനശാലയില്‍ എന്നെ അന്വേഷിച്ച് അവനെത്തി. "അവിടെ ഭയങ്കര സ്ട്രിക്റ്റാണ്, നമ്മുടെ സ്വഭാവത്തിന്ന് പറ്റില്ല, ഞാന്‍ അവിടെ നിന്നില്ല." തിരിച്ചു വരവിന്‍റെ കാരണം അവന്‍ വ്യക്തമാക്കി.

ഞാന്‍ വായന നിര്‍ത്തി. ഞങ്ങള്‍ ഇറങ്ങി നടന്നു. മാണിക്കന്‍ അത്യന്തം ദുഃഖിതനായിരുന്നു. വഴി നീളെ അവന്‍ ഒരോ സങ്കടങ്ങള്‍ പറഞ്ഞു. പുര ഇന്നോ നാളയോ വീഴുമെന്ന നിലയിലാണ്, കഴിഞ്ഞ കൊല്ലം ഓല മേയാന്‍ പറ്റിയില്ല. ഒന്നും ചെയ്തില്ലെങ്കില്‍ ഈ മഴക്കാലത്ത് പുര വീഴും. തനിച്ചാണെങ്കില്‍ വല്ല പീടികതിണ്ണയിലും കിടക്കാം. വയസ്സായ തള്ളയെ എന്തു ചെയ്യും.

ദുര്‍ബ്ബല വിഭാഗത്തിന്ന് വീടുവെക്കാനുള്ള ധനസഹായത്തിന്ന് ശ്രമിക്കാഞ്ഞിട്ടല്ല. ബന്ദു ദിവസം കട അടപ്പിക്കാനും, വാഹനങ്ങള്‍ക്ക് കല്ലെറിയാനും എല്ലാവര്‍ക്കും മാണിക്കന്‍ വേണം. ജാഥക്ക് ആളെ കൂട്ടാനും, ബാനര്‍ കെട്ടാനും, ഇലക്ഷന്‍ സമയത്ത് പോസ്റ്റര്‍ ഒട്ടാനും. എതിരാളികളുടേത് കീറാനും മാണിക്കനെ തിരഞ്ഞെത്തും. എന്നിട്ട് ഒരു ആവശ്യം വന്നപ്പോള്‍ ഒരാളും സഹായിക്കാന്‍ എത്തിയില്ല.അപേക്ഷ കൊടുക്കാന്‍ ചെന്നപ്പോള്‍, പട്ടയവും ആധാരവും ചോദിച്ചു. ഏതോ കാലത്ത് അപ്പന്‍ വാങ്ങിയ സ്ഥലമാണ്, ഇതൊക്കെ എന്താണെന്ന് അറിയില്ല, പിന്നെ ശ്രമിച്ചിട്ടുമില്ല.

എന്തെങ്കിലും വഴി കാണാമെന്ന് ഞാന്‍ ആശ്വസിപ്പിച്ചു. പിറ്റെന്ന് മാണിക്കന്‍ വളരെ സന്തോഷവാനായിരുന്നു. മുവ്വായിരം രൂപ നാളെ കടം കിട്ടാന്‍ ഏര്‍പ്പാട് ആയി. അതു കിട്ടിയാല്‍ ഉടന്‍ വീട് റിപ്പയര്‍. എനിക്കും പിറ്റേന്ന് ആദ്യത്തെ ശമ്പളം കിട്ടും. ഇപ്പോഴേ നൂറു കൂട്ടം പദ്ധതികള്‍ക്ക് രൂപം കൊടുത്തു കഴിഞ്ഞു. ആകെ മൂന്ന് ജോടി ഡ്രസ്സണുള്ളത്. എല്ലാം ഒരേ നിറം ആയതിനാല്‍ ഈ രഹസ്യം ആര്‍ക്കും അറിയില്ല. ശമ്പളം അമ്മയുടെ കയ്യില്‍ കൊടുത്ത് നമസ്കരിച്ച ശേഷം തുണി വാങ്ങാന്‍ പൈസ വാങ്ങണം.

മൂവായിരം രൂപ ഒന്നര മാസത്തെ ശമ്പളമായി കിട്ടി. അതുമായി വന്ന് ബസ് ഇറങ്ങുമ്പോള്‍ മാണിക്കന്‍ കാത്തു നില്‍ക്കുന്നു.

" നീ അറിഞ്ഞോടാ, നമ്മുടെ പൊന്നുക്കുട്ടന്‍ കിടപ്പിലാണ്, സംഗതി സീരിയസ്സ് ആണത്രേ."

പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പൊന്നുക്കുട്ടന്‍റെ വീട്ടിലേക്ക്. പൊന്നുക്കുട്ടന്‍ വായനശാലയിലെ അംഗവും ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനുമാണ്. എന്‍റെ കൂട്ടുകാരനൊന്നുമല്ല, പരിചയം മാത്രം.

പൊന്നുക്കുട്ടന്ന് വയസ്സായ അമ്മ മാത്രമേയുള്ളു. സഹായിക്കാനായി അടുത്ത ബന്ധുക്കള്‍ ആരും ഇല്ല.

" ദുഷ്ടന്‍ പണിക്കു പോയി തള്ളക്ക് വല്ലതും കൊടുക്കാനുള്ളതിനു പകരം, അത് കഷ്ടപ്പെട്ട് ഇവനെ പുലര്‍ത്തണം, അതാ യോഗ്യന്‍" എന്ന് ഇവനെ പറ്റി മാണിക്കന്‍ എപ്പോഴും പറയും.

ഞങ്ങള്‍ കയറി ചെല്ലുമ്പോള്‍ പൊന്നുക്കുട്ടന്‍ തളര്‍ന്ന് കിടക്കുന്നു. അടുത്ത് അമ്മ മാത്രം. ഞങ്ങളെ കണ്ടതും അവര്‍ ഉറക്കെ കരയാന്‍ തുടങ്ങി. തേങ്ങലോടേയാണ്, അവര്‍ വിവരം പറഞ്ഞത്. ചെറിയ ഒരു പനി ആയിരുന്നു. നൂറു പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ അതും വെച്ച് കളിക്കാന്‍ പോയി. വന്നതും കിടന്നതാണ്.

സുഖക്കേടിന്‍റെ ഗൌരവം അവര്‍ക്ക് അറിയില്ല.

ഞങ്ങള്‍ അയല്‍പക്കത്ത് വിവരം തിരക്കി ചെന്നു. ഒരാഴ്ചയിലേറെയായി പൊന്നുക്കുട്ടന്‍ കിടപ്പിലായിട്ട്. ശരിക്ക് ചികിത്സിച്ചിട്ടില്ല. ഡോക്ടര്‍ വന്നു നോക്കി. ആസ്പത്രിയില്‍ കിടത്തണമെന്നു പറഞ്ഞു. ആറേഴായിരം രൂപ വേണം, പണം ഇല്ലാത്തതിനാല്‍ ഒന്നും ചെയ്തില്ല.

മാണിക്കന്‍ എന്നെ വിളിച്ചു മാറ്റി നിര്‍ത്തി. "നമുക്ക് എന്തെങ്കിലും ചെയ്യണം, ആ തള്ളയുടെ കരച്ചില്‍ കാണാന്‍ വയ്യ, ഈ ചെക്കനെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ആരാണ് ".

അവന്‍ മടികുത്തില്‍ നിന്നും മൂവായിരം രൂപയെടുത്തു. എന്‍റെ ശമ്പളവും മുഴുവന്‍ ഞാനും ഏല്‍പ്പിച്ചു. പണം പൊന്നുകുട്ടന്‍റെ അമ്മയെ ഏല്‍പ്പിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.

ആരോ ഓടിപ്പോയി ജീപ്പ് വിളിച്ചു വന്നു. പൊന്നുക്കുട്ടനെ എല്ലാവരും ചേര്‍ന്ന് എടുത്താണ്, ജീപ്പില്‍ കയറ്റിയത്. ആസ്പത്രിയിലേക്ക് ഞങ്ങളും പോയി. അത്യാവശ്യമായി രക്തം വേണമെന്നു പറഞ്ഞപ്പോള്‍ ഞാനും മാണിക്കനും നല്‍കി.

" നീ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ നാളെ വരാ" മെന്ന് പറഞ്ഞ് മാണിക്കന്‍ എന്നെ അയച്ചു.

നേരം ഇരുട്ടിയാണ്, ഞാന്‍ വീട്ടിലെത്തിയത്. അമ്മ കാത്തിരിപ്പായിരുന്നു.

" എവിടെ കിടന്നു വട്ടതിരിയുകയായിരുന്നു ഇതുവരെ " എന്ന സ്വാഗതത്തിന്ന് ഞാന്‍ മറുപടി പറഞ്ഞില്ല. കുറെ കഴിഞ്ഞപ്പോള്‍ അമ്മ വന്നു.

" ഇന്നല്ലെ, നിനക്ക് ശമ്പളം കിട്ടുമെന്ന് പറഞ്ഞത്, എന്നിട്ട് കിട്ടിയോ" എന്ന് അന്വേഷിച്ചു. സംഭവിച്ചത് ഞാന്‍ തുറന്നു പറഞ്ഞു. എന്‍റെ ഓര്‍മ്മയില്‍ അമ്മ ഇത്രയും ക്ഷോഭിച്ചിട്ടില്ല.

" സമ്പാദിച്ചത് മുഴുവന്‍ ദാനം ചെയ്യാന്‍ ഇവിടെ നിധി കെട്ടിയിരുപ്പല്ലേ " എന്നും പറഞ്ഞ് മതിയാവോളം ശപിച്ച് അമ്മ ഇറങ്ങിപ്പോയി.

അച്ഛന്‍ വരാന്‍ അമ്മ കാത്തിരിക്കുകയായിരുന്നു. വന്നപാടെ വാര്‍ത്ത ചൂടോടെ കൈമാറി. ഒരു പൊടിപൂരമാണ്, ഞാന്‍ പ്രതീക്ഷിച്ചത്. അല്‍പ്പ നേരം കഴിഞ്ഞാണ്, അച്ഛന്‍ എന്നെ വിളിച്ചത്. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിധം അച്ഛന്‍ വളരെ സൌമ്യനായിരുന്നു. എന്നോട് ഇരിക്കാന്‍ പറഞ്ഞു. മുതിര്‍ന്നതിനു ശേഷം ഞാന്‍ അച്ഛന്‍റെ മുമ്പില്‍ ഇരുന്നിട്ടില്ല. കുറെ നിര്‍ബന്ധിച്ചപ്പോഴാണ്, ഞാന്‍ ഇരുന്നത്. നടന്ന സംഭവങ്ങള്‍ ഒരിക്കല്‍ കൂടി വിശദീകരിക്കേണ്ടി വന്നു. ക്ഷമയോടേയാണ് അച്ഛന്‍ അത് കേട്ടത്. എന്നെ വാത്സല്യത്തോടെ നോക്കുന്നതായി എനിക്കു തോന്നി.

ഒട്ടും പ്രതീക്ഷിക്കാത്ത രംഗമായിരുന്നു പിന്നീട്. അച്ഛന്‍ എഴുന്നേറ്റു വന്നു. എന്‍റെ തലയില്‍ കൈവെച്ചു, നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചതോടെ, ഞാന്‍ പൊട്ടി കരഞ്ഞുപോയി. അമ്മ ഏതോ ലോകത്തെ കാഴ്ച കാണുന്നതു പോലെ എല്ലാം നോക്കി നിന്നു.

"ദയ, കാരുണ്യം എന്നൊക്കെ പറയുന്നത് ഇതാണ്, ധാരാളം സ്വത്തുള്ളവന്‍ കുറച്ചെന്തെങ്കിലും ദാനം ചെയ്യുന്നതു പോലെയല്ല നിങ്ങളുടെ പ്രവര്‍ത്തി. നീ ചെയ്തത് വലിയകാര്യം തന്നെ, എന്നാല്‍ മാണിക്കന്‍ ചെയ്തതിന്‍റെ ഏഴ് അയലത്ത് അത് എത്തില്ല. നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് നിറയുന്നു." അച്ഛന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി.

ഉണ്ണാനിരിക്കുമ്പോള്‍, സന്തോഷം കാരണം എനിക്ക് വയര്‍ നിറഞ്ഞിരുന്നു. തുണി വാങ്ങാന്‍ പറ്റാത്തതില്‍ ഖേദിക്കരുത്, നാളെ ഉച്ചക്ക് വക്കീലാപ്പീസില്‍ വാ, നമുക്ക് പോയി തുണി വാങ്ങാമെന്നു കൂടി അച്ഛന്‍ പറഞ്ഞതോടെ എനിക്ക് നിധി കിട്ടിയതുപോലെയായി.

"ഇത്ര നല്ല മനസ്സുള്ള മകനെ പ്രസവിക്കാന്‍ നീ പുണ്യം ചെയ്തിരിക്കണം" എന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞതായി പിന്നീട് അറിഞ്ഞു.

പിറ്റേന്നു മുതല്‍ ക്ളാസു കഴിഞ്ഞാല്‍ ഞാന്‍ ആസ്പത്രിയില്‍ ചെല്ലും. മാണിക്കന്‍ പണിക്കും കൂടി പോകാതെ രോഗിയുടെ അടുത്താണ്. വായനശാലയില്‍ നിന്നും അധികമാരും ചെന്നില്ല. സെക്രട്ടറി മൂന്നു നാലു പ്രാവശ്യം അന്വേഷിച്ച് ചെന്നിരുന്നു. കേശവേട്ടനും കാണാന്‍ ചെന്നു, കുറെ രൂപ ഏല്‍പ്പിച്ചു പോന്നു.

ഞങ്ങളേയെല്ലാം വേദനിപ്പിച്ചു പത്താമത്തെ ദിവസം പൊന്നുക്കുട്ടന്‍ മരിച്ചു. ആംബുലന്‍സിലായിരുന്നു മാണിക്കനും വന്നത്. അവന്‍ കരഞ്ഞു തളര്‍ന്നിരുന്നു. പൊന്നുക്കുട്ടന്‍റെ അമ്മ അബോധാവസ്ഥയിലായിരുന്നു. ബന്ധുക്കള്‍ ആരും ഇല്ലാത്തതിനാല്‍ സംസ്കാരം വൈകിയില്ല. വായനശലയുടെ വക റീത്ത് വെച്ചിരുന്നു. അവശനായ മാണിക്കനെ , അവന്‍റെ വീട്ടിലേക്ക് ഞാന്‍ കൈ പിടിച്ച് നടത്തിപോകുമ്പോള്‍, എതിരെ അതുവരെ പൊന്നുക്കുട്ടനെ തിരിഞ്ഞു നോക്കാത്ത വായനശാലയിലെ അംഗങ്ങള്‍ കറുപ്പ് ബാഡ്ജ് കുത്തി മൌനജാഥയായി വരികയായിരുന്നു.

2 comments:

rajji said...

nattinpuram nanmakalal samrudham.. leaves a tear unshed...

ജയരാജന്‍ said...

"ഒട്ടും പ്രതീക്ഷിക്കാത്ത രംഗമായിരുന്നു പിന്നീട്. അച്ഛന്‍ എഴുന്നേറ്റൂവന്നു. എന്‍റെ തലയില്‍ കൈവെച്ചു, നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചതോടെ, ഞാന്‍ പൊട്ടി കരഞ്ഞുപോയി" ഇത് വായിച്ചപ്പോൾ കണ്ണിൽ ഒരു നനവ് :( പോസ്റ്റ് സങ്കടപ്പെടുത്തി.

10. ഒഡോമോസ് .

Monday, September 22, 2008


ഉച്ച ഊണുകഴിഞ്ഞു ഉറങ്ങുമ്പോഴാണ്, മാണിക്കന്‍ വന്നു കാത്തു നില്‍ക്കുന്നു എന്ന വിവരം അമ്മ വന്നു പറഞ്ഞത്. അവന്‍റെ അടുത്തു ചെന്നപ്പോള്‍ വേഗം ഷര്‍ട്ട് ഇട്ടു വാ എന്നു പറഞ്ഞതനുസരിച്ച്, അകത്തു ചെന്ന് ഷര്‍ട്ടിട്ട് കൂടെ ചെന്നു. കവലയില്‍ എത്തുന്നതു വരെ എങ്ങോട്ടാണ്, എന്ന് അവന്‍ പറഞ്ഞില്ല. അല്ലെങ്കിലും അവന്‍ അങ്ങിനെയാണ്, എല്ലാ കാര്യവും അവസാന നിമിഷം വരെ സസ്പെന്‍സ് ആയി നിര്‍ത്തും.

എനിക്ക് ഉറക്കചടവ് മാറിയിരുന്നില്ല. ബസ്സ് വന്നതും അവന്‍ എന്നേയും കൂട്ടി അതില്‍ കയറി. തിരക്ക് ഇല്ലാത്ത സമയമായിരുന്നതിനാല്‍ ഒരു സീറ്റിലായിരുന്നു ഞങ്ങള്‍ ഇരുന്നത്. "നാളെ ഞാന്‍ മധുരക്ക് പോവും, അത്യാവശ്യം ചില സാധനങ്ങള്‍ വാങ്ങണം, അതിനാണിപ്പോള്‍ പോവുന്നത് " യാത്രയുടെ ഉദ്ദേശം അവന്‍ വെളിപ്പെടുത്തി.

ഒരാഴ്ച മുമ്പായിരുന്നു അവന്‍ പദ്ധതി വെളിപ്പെടുത്തിയത്. മധുരയില്‍ ഒരു പരിചയക്കാരന്‍ വിളിച്ചിട്ടുണ്ട്. തേനീച്ച വളര്‍ത്തല്‍, നൂല്‍നൂല്‍പ്പ്, സോപ്പ് നിര്‍മ്മിക്കല്‍ എന്നിവ പഠിപ്പിക്കുന്ന ട്രെയ്നിങ്ങ് സ്ഥലത്തെ ഉദ്യോഗസ്ഥനാണ്, വിളിച്ച ആള്‍. അവിടെ ചെന്നാല്‍ ജോലി കിട്ടും. വേണമെങ്കില്‍ സ്വന്തമായി സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കാം.

മാണിക്കന്‍റെ മോഹം സോപ്പ് നിര്‍മ്മിച്ച് വില്‍ക്കുക എന്നതാണ്. നല്ല ഒന്നാന്തരം സോപ്പ്. സാധനം നന്നായാല്‍ ധാരാളം വിറ്റുപോകും. പെട്ടെന്ന് പണക്കാരനാകാം. സാധാരണ സ്ത്രീകളുടെ പടമാണ്,പരസ്യത്തിന്ന് കൊടുക്കുക. മാണിക്കന്‍റെ സോപ്പിന്ന് ലാലേട്ടന്‍റെ ഫോട്ടോ പരസ്യം ചെയ്യും. അവന്‍ മോഹന്‍ലാലിന്‍റെ ആരാധകനാണ്, ഇടിഞ്ഞു വീഴാറായ അവന്‍റെ ഒറ്റമുറി വീട്ടിലെ അലങ്കാരം ഭിത്തിയില്‍ തൂക്കിയ അയ്യപ്പന്‍റേയും മോഹന്‍ലാലിന്‍റേയും ഫോട്ടോകളാണ്. വാസ്തവത്തില്‍ എനിക്കും ലാലേട്ടനെ ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ച് ലാലേട്ടന്‍റെ പല പടങ്ങളും ഒന്നിലേറെ തവണ കാണാറുണ്ട്.

പാലക്കാട് എത്തിയതും സാധനങ്ങള്‍ വാങ്ങാനുള്ള പരക്കം പാച്ചിലായി. ഒരു പെട്ടി, ഷേവിങ്ങ് സ്റ്റിക്ക്, ചെറിയ അലുമിനിയം പാത്രങ്ങള്‍, പുല്ലുപായ, തോര്‍ത്ത്, പുതപ്പ് എന്നീ അത്യാവശ്യ സാധനങ്ങള്‍. ഒടുവില്‍ മറന്നത് ഓര്‍മ്മ വന്നതുപോലെ, കൊതുകിനെ ഓടിക്കാന്‍ വല്ലതും വാങ്ങണമെന്നായി അവന്‍.

വിവിധ തരം സാധനങ്ങള്‍ പീടീകക്കാരന്‍ അവന്ന് കാട്ടി കൊടുത്തു. ലിക്വിഡേറ്റര്‍ ഉപയോഗിക്കാന്‍ പ്ളഗ് വേണം, കൊതുകുതിരി കത്തിച്ചാല്‍ കിടക്കപ്പായക്ക് തീ പിടിച്ചാലോ എന്ന ആശങ്ക. അവസാനം ഒഡോമോസിലെത്തി. അതാണെങ്കില്‍ ഒരു കുഴപ്പവും ഇല്ല. കിടക്കാന്‍ നേരം ദേഹത്ത് പുരട്ടിയാല്‍ മതി. മാണിക്കന്‍ 33 രൂപ കൊടുത്തു വലിയ ഒരു ട്യൂബ് ഒഡോമോസ് വാങ്ങി.

കടയില്‍ നിന്നും ഇറങ്ങിയപ്പോള്‍, ചായ കുടിക്കാമെന്നായി അവന്‍. ഒരു നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലിലാണ്, ഞങ്ങള്‍ കയറിയത്. മാണിക്കന്ന് പൊറോട്ടയും ബീഫ് ഫ്രൈയും. എനിക്ക് ചപ്പാത്തിയും മുട്ടക്കറിയും. ഒരോ സ്ട്രോങ്ങ് ചായ കൂടി ആയപ്പോള്‍ കുശാലായി. ടിപ്പും കൊടുത്ത് ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവന്‍റെ കീശ
കാലി. എന്‍റെ കയ്യില്‍ പണം വല്ലതും ഉണ്ടോ, എന്ന് അവന്‍ തിരക്കി. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റു ചെന്ന എന്‍റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. തിരിച്ചുപോരാന്‍ വകയില്ലാതെ ഞങ്ങള്‍ കുടുങ്ങി. കാണുന്ന പരിചയക്കാരോട് ചോദിക്കാന്‍ അഭിമാനം സമ്മതിക്കുന്നില്ല. കുറെ നേരം പല പോംവഴികളും ആലോചിച്ചു നടന്നു.

ഒടുവില്‍ അവസാനം കയറിയ കടയുടെ മുമ്പില്‍ എന്നെ നിര്‍ത്തി, മാണിക്കന്‍ കടയിലേക്കു കയറി. കുറച്ചു നേരം അവന്‍ പീടികക്കാരനോട് എന്തോ സംസാരിച്ചു നിന്നു. അവിടെ നിന്നും ഇറങ്ങി നേരെ ബസ് സ്റ്റാന്‍റിലേക്ക്. ആദ്യം പുറപ്പെട്ട ബസില്‍ കയറി. 14 രൂപ ബസ് ചാര്‍ജ്ജ് മാണിക്കന്‍ കൊടുത്തു. ബസ് ഇറങ്ങിയപ്പോള്‍ എനിക്ക് അവന്‍ ഒരു രൂപ തന്നു. വേറൊരു ഒരു രൂപ അവന്‍ സ്വന്തം പോക്കറ്റിലും ഇട്ടു. എനിക്ക് ഒന്നും പിടികിട്ടിയില്ല.

മിഴിച്ചു നിന്ന എന്നോട് മാണീക്കന്‍ ആ രഹസ്യം പറഞ്ഞു. മുപ്പത്തി മൂന്ന് രൂപക്കു വാങ്ങിയ ഒഡോമോസ്, അതേ കടയില്‍ പതിനാറു രൂപക്ക് വിറ്റിട്ടായിരുന്നു ബസ് കൂലിക്കുള്ള പണം സ്വരൂപിച്ചത്.

2 comments:

rajji said...

manikkan is a living legend..:)

ജയരാജന്‍ said...

ഹ്‌മ്മ്ം :) മാണിക്കനാണ് താരം!

9. പരികര്‍മ്മി.

Saturday, September 20, 2008


അയ്യപ്പന്‍ വിളക്കിന്‍റെ പിറ്റേന്ന് സന്തോഷ് തന്ന രൂപ, പെന്‍ഷന്‍കാരന്ന് കുടിശിക സഹിതം ഇടകാലാശ്വാസം കിട്ടിയാലുള്ള സന്തോഷമാണ് എന്നില്‍ ഉളവാക്കിയത്. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് ഇന്‍സ്റ്റാള്‍മെന്‍റില്‍ ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. തവണ മുടങ്ങാതെ ഞാന്‍ അടക്കാമെന്ന വ്യവസ്ഥ യിലായിരുന്നു, അത് വാങ്ങിയത്. അച്ഛന്‍ അപ്പോഴേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കറന്‍ട് ചാര്‍ജ്ജ് കൂടും, ഇന്‍സ്റ്റാള്‍മെന്‍ട് അടക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞുവെങ്കിലും വീടായാല്‍ ഒരു ഫ്രിഡ്ജ് അത്യാവശ്യമാണെന്നും, മകന്‍ മുടങ്ങാതെ പണം അടക്കുമെന്നും പറഞ്ഞ് അമ്മ സമ്മതം വാങ്ങിക്കുകയായിരുന്നു. മിക്കവാറും തുക ഞാന്‍ അടച്ചു കഴിഞ്ഞിരുന്നു. എന്‍റെ കണക്കനുസരിച്ച് ആയിരം രൂപയോളം മാത്രമേ അടക്കാന്‍ ബാക്കി ഇരുന്നുള്ളു

വരുമാനം നിലച്ചതോടെ ബാക്കി തവണകള്‍ അടക്കാന്‍ വീഴ്ച്ച വന്നു. ഒടുവില്‍ ഒന്നുകില്‍ പണം ഒരാഴ്ച്ചക്കുള്ളില്‍ അടക്കണം, അല്ലെങ്കില്‍ ഫ്രിഡ്ജ് തിരിച്ചെത്തിക്കണം എന്ന് പീടികക്കാരന്‍ അന്ത്യശാസനം തന്നിരുന്ന സമയത്തായിരുന്നു, സന്തോഷിന്‍റെ വക ധനസഹായം. മറ്റൊന്നും ചിന്തിക്കാതെ രൂപ ആയിരവും ആ മഹാപാപിക്ക് തിരുമൂല്‍കാഴ്ച്ച വെച്ചു. എന്നിട്ടും പഹയന്‍റെ മുഖം തെളിഞ്ഞില്ല. തവണ മുടങ്ങിയ കാരണത്താല്‍ പലിശയും പിഴ പലിശയുമായി ഇനിയും ആയിരത്തോളം രൂപ കൊടുത്തു തീര്‍ക്കാന്‍ ഉള്ളതില്‍ , ഒരു സൌജന്യമെന്ന നിലക്ക് വെറും അഞ്ഞൂറു രൂപ നല്‍കിയാല്‍ മതിയെന്നും , ഇനി ഇത് ചോദിച്ച് ആളെ അയക്കാന്‍ ഇടവരുത്തരുതെന്നും വാര്‍ണിങ്ങ് തന്നാണ് എന്നെ തിരിച്ചയച്ചത്. . ശബരിമലയാത്രക്ക് ചേച്ചിയും അമ്മയും കൂടി ആവശ്യത്തിന്നു പൈസ തന്നുവെങ്കിലും, അഞ്ഞൂറു രൂപ കൂടി ഉടന്‍ അടക്കണമെന്ന ഇന്‍സ്റ്റാള്‍മെന്‍ട്കാരന്‍റെ നിര്‍ദ്ദേശം എങ്ങിനെ സാധിക്കുമെന്ന് അറിയാതെ ഞാന്‍ വിഷമിക്കുകയായിരുന്നു. ഇതിനിടെ പീടികക്കാരന്‍ ചെല്ലാന്‍ പറഞ്ഞതായി കടയില്‍ നില്‍ക്കുന്ന പയ്യന്‍ വന്ന് അറിയിക്കുകയും ചെയ്തു.

തല്‍ക്കാലത്തേക്ക് ഒരു പണി തരപ്പെട്ടു എന്നതാണ് ഏക ആശ്വാസം. അതും മാണിക്കനാണ് ശരിപ്പെടുത്തി തന്നത്. അവന്‍ മേസന്‍റെ കയ്യാളായി പണിക്കുപോയ വീട് ഒരു പാരലല്‍ കോളേജ് ഉടമയുടേതായിരുന്നു. അയാളോട് പറഞ്ഞാണ് ലഭിച്ചത്. കാലത്ത് എട്ടു മണീ മുതല്‍ ഉച്ചക്ക് ഒന്നര വരെ മാത്രമേ പഠിപ്പിക്കാനുള്ളു. ശമ്പളം കിട്ടി തുടങ്ങിയിട്ടില്ല. ഇന്‍സ്റ്റാള്‍മെന്‍റ്കാരന്‍ അതുവരെ സമയം തരുകയില്ല എന്ന് ഉറപ്പാണ്. എനിക്ക് ആകപ്പാടെ വേവലാതിയായി. ആരോടാണ് വായ്പ ചോദിക്കുക, ആരു തരും എന്നൊക്കെ ആലോചിച്ച് എത്തും പിടിയും കിട്ടാത്ത മട്ടിലായി. ഗതികേടിന്‍റെ വലുപ്പം കാരണം ഒടുവില്‍ ചങ്ങാതിയെ തന്നെ ശരണം പ്രാപിച്ചു. "നീ ക്ഷമിക്കെടാ, നമുക്ക് എന്തെങ്കിലും വഴി കാണാം" എന്ന് അവന്‍ ആശ്വസിപ്പിച്ചു.

മൂന്നാംപക്കം അവന്‍ എന്നെ തിരഞ്ഞെത്തി. "സംഗതി അഞ്ഞൂറു വെള്ളി നാളെ തടയും.പക്ഷെ ഇന്നു രാത്രി നീ ഒരിടം വരെ വരണം" എന്നായി അവന്‍. എവിടെ വേണമെങ്കിലും പോവാന്‍ ഞാന്‍ റെഡിയായിരുന്നു. പക്ഷേ കാര്യം അവന്‍ വിസ്തരിച്ചപ്പോള്‍ ഭയം തോന്നി. രാത്രി ഒരു വീട്ടില്‍ മന്ത്രവാദം നടക്കുന്നുണ്ട്. ഞാന്‍ അവിടെ പരികര്‍മ്മിയായി പോവണം, അഞ്ഞൂറു രൂപ പ്രതിഫലംകിട്ടും, മാണിക്കനും കൂടെ കാണും, കാര്യമായ അദ്ധ്വാനം ഒന്നുമില്ല എന്നൊക്കെയായിരുന്നു അവന്‍ പറഞ്ഞത്. പണത്തിന്‍റെ അത്യാവശ്യം ഭയത്തിനെ കീഴടക്കി.

പുതുശ്ശേരി വെടി കാണാന്‍ കൂട്ടുകാരോടൊപ്പം പോകുന്നു എന്ന് കള്ളം പറഞ്ഞു, രാത്രി ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി. കവലയില്‍ മാണിക്കന്‍ കാത്തു നില്‍പ്പാണ്. അര മണിക്കൂര്‍ കാത്തു നിന്നിരിക്കണം. ഒരു ജീപ്പ് വന്നു നിന്നു. ആറേഴുപേര്‍ അതിനകത്ത് ഇരിപ്പുണ്ട്. ഞാനും മാണിക്കനും പുറകില്‍ കയറി.

വഴിക്കുവെച്ച് സഹയാത്രികരെ മാണിക്കന്‍ പരിചയപ്പെടുത്തി. അവന്‍ ഗുരുനാഥന്‍ എന്ന പറഞ്ഞു വിളിച്ചത് ജോത്സ്യരേയായിരുന്നു. മന്ത്രവാദിയെ തിരുമേനി എന്നാണ് വിളിച്ചത്. ബാക്കി പേര്‍ എന്നെപ്പോലെ അപ്രധാന കഥാപാത്രങ്ങളായിരുന്നു. മന്ത്രവാദത്തിനിടക്ക് അപശബ്ദം കേട്ടതായി ആരെങ്കിലും പറയും. അപ്പോള്‍ ഞാനും കേട്ടു എന്ന് പറഞ്ഞാല്‍ മാത്രം മതി, വെറൊന്നും ചെയ്യാനില്ല എന്നായിരുന്നു എനിക്കുള്ള നിര്‍ദ്ദേശം

പത്തു മണിയോടെ നിശ്ചയിച്ച വീട്ടിലെത്തി. വളരെ ഭയ ഭക്തി ബഹുമാനത്തോടെയാണ് വീട്ടുകാര്‍ ഞങ്ങളെ സ്വീകരിച്ചത്. ആ അസമയത്തും കാപ്പി പലഹാരങ്ങള്‍ തന്ന് അവര്‍ ആതിത്ഥ്യ മര്യാദ കാണിച്ചു.

വീടിന്‍റെ പൂമുഖത്താണ് ഹോമം നടത്തുന്നത്. കുറെ ചെങ്കല്ലും മണലും കടത്തി ഹോമകുണ്ഡം നിര്‍മ്മിക്കാന്‍ ഞാനും സഹായിച്ചു. ഈ സമയത്ത് മാണിക്കന്‍ വസ്ത്രം മാറി, പൂജക്ക് തയ്യാറായി. നെറ്റി മുഴുവന്‍ ഭസ്മം പൂശി, തറ്റുടുത്ത്, പൂണൂലണിഞ്ഞ് ഒന്നാന്തരം ബ്രാഹ്മണനായി കഴിഞ്ഞിരുന്നു അവന്‍. തിരുമേനി ആവണപലകയില്‍ ഇരുന്നു. മാണീക്കന്‍ അദ്ദേഹം പറയുന്നതനുസരിച്ച്, എരിയുന്ന തീയില്‍ ഒരോരോ സാധനങ്ങള്‍ ഇടാന്‍ തുടങ്ങി. ഞങ്ങള്‍ ബാക്കി പേര്‍ ഒരേ സമയം കാണികളും സഹായികളും ആയി നിന്നു. പുല്ലുപായ വിരിച്ച് വീട്ടുകാര്‍ അതില്‍ ഇരുന്നു. അന്തരീക്ഷത്തില്‍ പുകയും മന്ത്രദ്ധ്വനികളും ഉയര്‍ന്നു. "ഓം സ്ഫുര സ്ഫുര പ്രസ്ഫുര ഘോര ഘോര.........". ഇടക്ക് ആരോ മുറ്റത്തുനിന്ന് അപശബ്ദം കേട്ടതായി തിരുമേനിയോട് പറഞ്ഞു. നേരത്തെ നിശ്ചയിച്ച പ്രകാരം ഞാനും അതിനെ പിന്താങ്ങി. മാണിക്കൂറുകള്‍ കടന്നുപോയി. പുലര്‍ച്ചെയാണ്, പൂജാദികള്‍ കഴിഞ്ഞത്. തിരുമേനിക്ക് ദക്ഷിണയായി നല്ലൊരു തുക വെറ്റിലയില്‍ വെച്ചു നല്‍കി. പതിനായിരം രൂപയാണ്, ഗുരുനാഥന്ന് കിട്ടിയത്.

തിരിച്ച് നാട്ടിലെത്തിയതും, എനിക്ക് അഞ്ഞൂറു രൂപ തന്നു. മാണീക്കന് കൂടുതല്‍ കിട്ടികാണും. പണത്തിന്‍റേ രഹസ്യം മാണീക്കന്‍ പറഞ്ഞു തന്നു. ജോത്സ്യം നോക്കാന്‍ വരുന്നവരോട്, കടുത്തദോഷം കാണുന്നുവെന്നും, പരിഹാരമായി മന്ത്രവാദം ചെയ്യണമെന്നും, പറഞ്ഞ് തുക നിശ്ചയിക്കും. തിരുമേനിയും ജോത്സ്യനും കൂട്ടായിട്ടാണ് ഈ ഏര്‍പ്പാട്. പകുതി തുക ജോത്സ്യര്‍ എടുക്കും . ബാക്കി തരാതരം പോലെ വീതിച്ചു നല്‍കും.

രാവിലെ തന്നെ ഞാന്‍ കടം വീട്ടി. പക്ഷേ പുലിവാല്‍ പുറകെ വന്നിരുന്നു. ഉച്ചയോടു കൂടി ജോത്സ്യന്‍ എന്നേയും മാണിക്കനേയും അന്വേഷിച്ചു വന്നതായി അറിഞ്ഞു. ഞങ്ങള്‍ ഒരുമിച്ചാണ്, അയാളെ കാണാന്‍ ചെന്നത്. പുള്ളി ശകലം ദേഷ്യത്തിലായിരുന്നു. തലേന്ന് മന്ത്രവാദം നടത്തിയ വീട്ടില്‍ നിന്ന് ഒരു ആഭരണം കാണാതെ പോയി എന്നും, കൂട്ടത്തില്‍ ആരോ പറ്റിച്ചതാണെന്നും, സാധനം തിരിച്ച് ഏല്‍പ്പിക്കാത്തപക്ഷം എല്ലാവരും കുടുങ്ങും എന്നുമാണ്, അറിയിച്ചത്. മാണിക്കന്‍ കുറേയേറെ കരഞ്ഞു പറഞ്ഞു നോക്കി. "ഒക്കെ പോലീസിനോട് പറഞ്ഞോളിന്‍" എന്നു പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു.

തിരിച്ചു പോരുമ്പോള്‍ മാണിക്കന്‍ ശരിക്കും കരയുകയായിരുന്നു. " ഞാന്‍ ധാരാളം പട്ടിണി കിടന്നിരിക്കുന്നു, ജീവിക്കാനായി പല വേഷവും കെട്ടി, പക്ഷേ ആരാന്‍റെ പത്തു പൈസ കട്ടിട്ടില്ല. ഇനി എങ്ങിനെ മനുഷ്യന്‍റെ മുഖത്തു നോക്കും, നിന്നെ കൂടി പൊല്ലാപ്പില്‍ ചാടിച്ചു" എന്നൊക്കെ പറഞ്ഞ് അവന്‍ ഏങ്ങലടിച്ചു. ഭവിഷ്യത്തുകള്‍ ആലോചിച്ച് എനിക്കും സമാധാനം നഷ്ടപ്പെട്ടിരുന്നു. എന്തു വന്നാലും ഒന്നിച്ച് നേരിടാമെന്ന് പറഞ്ഞ് ഞാന്‍ അവനെ ആശ്വസിപ്പിച്ചു.

തകര്‍ന്ന മനസ്സോടെയാണ്, ഞാന്‍ വീട്ടിലെത്തിയത്. ഒന്നും കഴിക്കാതെ കിടക്കാന്‍ ചെന്നു. "രാത്രി മുഴുവന്‍ ഉറക്കമിളച്ച്, ഊണും കൂടി കഴിക്കാതിരിക്കാന്‍ എന്ത് ആവശ്യമാണ്, ഇവന് " എന്ന് അച്ഛന്‍ പറയുന്നത് കേട്ടു. നേരം പുലര്‍ന്നതും മാണിക്കന്‍ എത്തി. എന്നെ വിളിച്ച്, പോയ ആഭരണം കൂടെ വന്ന ടാക്സികാരന്‍ എടുത്തതായിരുന്നു എന്നും, ജോ ത്സ്യന്‍ മുഖാന്തിരം അയാള്‍ അത് തിരിച്ചേല്‍പ്പിച്ചു എന്നും രഹസ്യമായി അറിയിച്ചു. അപ്പോള്‍ അവന്‍റെ മുഖത്ത് ആയിരം സൂര്യന്‍ ഉദിച്ച പ്രകാശം തോന്നി, എന്‍റെ മുഖത്തും.

1 comments:

rajji said...

as usual, this post is also good. i enjoyed reading it...

8. ആഴിപൂജ.

Thursday, September 11, 2008


മണ്ഡലകാലം തുടങ്ങുന്നതോടെ ഞങ്ങള്‍ ഭക്തശിരോമണികള്‍ പുതിയൊരു ജീവിതമായിരിക്കും നയിക്കുക പതിവ്. വളരെ നിഷ്ടയോടു കൂടിയ ജീവിതം. ഗ്രാമത്തില്‍ നല്ലൊരു പങ്കും ശബരിമല തീര്‍ത്ഥാടനത്തിന്നുള്ള ഒരുക്കത്തിലാവും. വായനശാലയിലെ മിക്ക അംഗങ്ങളും ഒന്നിച്ചുള്ള യാത്രയായിരിക്കും അത്. കുട്ടന്‍ നായര്‍ ഗുരുസ്വാമി. വയസ്സ് എണ്പതിനടുത്ത്. നൂറോളം ശിഷ്യഗണങ്ങള്‍.

മലക്ക് മാല ഇടുന്നതോടുകൂടി ജീവിതത്തിന്‍റെ സ്റ്റൈല്‍ മാറും. രാവിലെ എട്ടു മണി ആയാലും എഴുന്നെല്‍ക്കണോ എന്ന സംശയം ബാക്കി നില്‍ക്കുന്ന പതിവു രീതിക്ക് കുറച്ചു കാലത്തേക്ക് സസ്പെന്‍ഷന്‍ നല്കി , പുലരുന്നതിന്നു മുമ്പ് കുളിച്ച് ശരണം വിളിച്ച്, ക്ഷേത്ര ദര്‍ശനം നടത്തി, വേണമെങ്കില്‍ ഇങ്ങിനേയും ജീവിക്കാന്‍പറ്റും എന്ന് തെളിയിക്കും. മിക്കവാറും ദിവസങ്ങളില്‍ സന്ധ്യക്കു ശേഷം ആരുടേയെങ്കിലും വീട്ടില്‍ ഭജന നടത്തും. പങ്കെടുക്കുന്ന അയ്യപ്പന്‍മാര്‍ക്ക് സുഭിക്ഷമായ ഭക്ഷണം ആ വീട്ടുകാരുടെ വക. ഗ്യാങ്ങില്‍ ധാരാളം സ്വാമിമാര്‍ ഉള്ളതിനാല്‍ മിക്കവാറും എല്ലാ ദിവസവും ഇത്തരം പരിപാടി കാണും. ശരണം വിളിച്ചതിന്നു ശേഷമേ ഭക്ഷണം കഴിക്കാവു. ചില ദൈവ നിക്ഷേധികള്‍ ശരണം വിളിക്കുമ്പോള്‍ അയ്യപ്പന്‍മാരുടെ മനസ്സില്‍ " ആവിയില്‍ വെന്തവനേ, അട വട സുഖിയനേ" എന്നൊക്കെയായിരിക്കും എന്ന് പറഞ്ഞു കളിയാക്കും

ഭജനകള്‍ക്ക് പുറമെ അയ്യപ്പന്‍ വിളക്കുകളാണ് മറ്റൊരു ഏര്‍പ്പാട്. വീടുകളില്‍ നടത്തുന്ന വഴിപാട് വിളക്കുകള്‍ക്ക് ആകര്‍ഷണീയത കുറവായിരിക്കും. നാട്ടുകാര്‍ ചേര്‍ന്ന് നടത്തുന്ന ദേശവിളക്കിന്ന് പൊലിമ കൂടും പറയെടുപ്പ്, പഞ്ചവാദ്യം, നെറ്റിപ്പട്ടം കെട്ടിയ ആനകള്‍ എന്നിവയാല്‍ ദേശവിളക്കുകള്‍ക്ക് ഉത്സവ പ്രതീതി തോന്നും മലക്ക് പോവാന്‍ മാലയിട്ടാല്‍ സിനിമക്കോ, നാടകത്തിനോ പോകാന്‍ വിലക്കുള്ളതിനാല്‍ ആ കാലത്ത് സമീപ പ്രദേശത്ത് നടക്കുന്ന എല്ലാ അയ്യപ്പന്‍ വിളക്കുകള്‍ക്കും ഹാജരായിരിക്കും. ഭക്തി വിഷയമായതിനാല്‍ വീട്ടില്‍ എതിര്‍പ്പും പറയാറില്ല.

മലക്ക് മാലയിട്ടാല്‍ മാണിക്കന്‍ മീന്‍ പിടിക്കാനും കൂലി പണിക്കും പോകാറില്ല. അയ്യപ്പന്‍ വിളക്ക് സെറ്റുകാരുടെ കൂടെ സഹായി ആയി പോവാറാണ് പതിവ്. നല്ല ശബ്ദത്തില്‍ പാടാന്‍ കഴിവുള്ളതിനാല്‍ അവന്‍ അയ്യപ്പന്‍ പാട്ടും പാടും.

ഒരു വെള്ളിയാഴ്ച മാണിക്കന്‍ എന്നെ തിരഞ്ഞെത്തി. പിറ്റേന്നത്തേക്ക് ഒരു അയ്യപ്പന്‍ വിളക്കുപരിപാടി ഏറ്റ ഗുരുസ്വാമിയുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് പുല കാരണം വരാന്‍ പറ്റാത്തതിനാല്‍ ഒരാളെ കൂട്ടി ചെല്ലാന്‍ അവനെ എല്‍പ്പിച്ചു എന്നും, ആളായി ഞാന്‍ കൂടെ ചെല്ലണമെന്നുമാണ് അവന് പറഞ്ഞത്. വിളക്കു കാണാനും ഭജനക്കും പോവുക പതിവാണെങ്കിലും അയ്യപ്പന്‍ വിളക്കുകാരനായി പോവുന്ന കാര്യം എനിക്ക് ഓര്‍ക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഒന്നാമത് ആരെങ്കിലും അറിഞ്ഞാല്‍ കുറച്ചിലാണ്. പോരാത്തതിന്ന് പഠിച്ചിട്ടും ഒരു ജോലി നേടാന്‍ കഴിയാതെ ഇത്തരം എടപാടിന്ന് പോവുന്നു എന്ന നാട്ടുകാരുടെ പറച്ചിലും. ' ഞാന്‍ ഇല്ല ' എന്ന് തറപ്പിച്ചു പറഞ്ഞു. അന്യ നാട്ടില്‍ ആയതിനാല്‍ ആരും അറിയില്ല എന്നും, വെറുതെ വന്നാല്‍ മതി, ഒന്നും ചെയ്യിക്കില്ല എന്നും പറഞ്ഞെങ്കിലും ഞാന്‍ വഴങ്ങിയില്ല. തിരിച്ചു പോവാന്‍ നേരം അവന്‍ എന്നെ നോക്കി " നീയൊക്കെ വലിയ ആളായി, എനിക്ക് പഠിപ്പും വിവരവും ഇല്ല. പക്ഷേ ഒരു കാര്യം, അന്നും ഇന്നും നിന്നെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് ഞന്‍ കരുതിയതും, സ്നേഹിച്ചതും "എന്നു പറഞ്ഞു. തിരിഞ്ഞു നടക്കുമ്പോള്‍ അവന്‍ തേങ്ങി കരയുകയാണെന്ന് എനിക്ക് തോന്നി. പിന്നെ താമസിച്ചില്ല, ഞാന്‍ ഓടി ചെന്ന് അവന്‍റെ കയ്യില്‍ പിടിച്ച്, കൂടെ ചെല്ലാമെന്ന് ഏറ്റു.

വീട്ടില്‍ എന്തു പറയുമെന്നതായി അടുത്ത പ്രശ്നം. കോളേജില്‍ ഒന്നിച്ചു പഠിച്ച കൂട്ടുകാരന്‍റെ വീട്ടില്‍ അയ്യപ്പന്‍ വിളക്കാണെന്നും, അവന്‍ ക്ഷണിച്ചതിനാല്‍ പോവണമെന്നും, വീട്ടില്‍ പറഞ്ഞു സമ്മതം വാങ്ങി. പിറ്റേന്ന് നേരം പുലര്‍ന്നതുംപറഞ്ഞ സ്ഥലത്ത് ഞാന്‍ എത്തി. ഒരു ക്വാളിസ് കാറില്‍ സന്നാഹങ്ങള്‍ എത്തി. പുറകില്‍ ഞാനും കയറി കൂടി.

പത്തു പതിനൊന്നു പേര്‍ അതിനകത്തു തിരക്കി ഇരിക്കുന്നു. വാദ്യക്കാര്‍ പുറകെ വരുന്നതായി മാണിക്കന്‍ പറഞ്ഞു. അയ്യപ്പന്‍ വിളക്കു നടക്കുന്ന വീടെത്തിയപ്പോള്‍ എല്ലാവരും ഇറങ്ങി. എന്തൊക്കെയോ സാധനങ്ങളുമായി മാണിക്കന്‍ അകത്തേക്ക് കയറിപ്പോയി. വെറുതെ നിന്ന എന്നോട് "എന്താടോ, മിഴിച്ചു നില്‍ക്കുന്നത്, വേഗം ഇത് അകത്ത് വെച്ചിട്ട് വാടോ" എന്നു പറഞ്ഞ് ഒരു കാരണവര്‍ ഒരു ഭാണ്ഡക്കെട്ട് എന്‍റെ തലയില്‍ ഏറ്റി വെച്ചു. മാണിക്കനെ ഓര്‍ത്തു ഒന്നും പറയാതെ ഞാന്‍ അതുമായി അകത്തേക്കു നടന്നു.

കഷ്ടകാലമെന്നു പറയട്ടെ, ഞാന്‍ കയറിചെല്ലുമ്പോള്‍ എന്‍റെ ജൂനിയറായി ഡിഗ്രിക്കു പഠിച്ച ഒരു പെണ്‍കിടാവതാ ഉമ്മറത്തു നിന്ന് എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. അതോടെ എന്‍റെ എല്ലാ മൂഡും നഷ്ടപ്പെട്ടു. പന്തലില്‍ ഇരുത്തിയാണ് വിളക്കുകാര്‍ക്ക് ഭക്ഷണം വിളമ്പിയത്. ഞാന്‍ ആഹാരം കഴിക്കുമ്പോള്‍, ജൂനിയര്‍ എന്നെ കൂട്ടുകാരികള്‍ക്ക് കാണിച്ച് എന്തോ പറഞ്ഞു ചിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

അയ്യപ്പന്‍റെ പേരില്‍ നുണ പറയരുത് എന്ന് ഒന്നുകൂടി വ്യക്തമാക്കിയ സംഭവമാണ് , പിന്നീട് നടന്നത്. ശരകൂടം പണിയുന്നതിന്ന് വാഴ പിണ്ടി ഉറപ്പിക്കാനായി, പെരിയസ്വാമി കാണിച്ചു തന്ന സ്ഥലത്ത് ഒരു ചാണ്‍ ആഴത്തില്‍ ഞാന്‍ കുഴിയെടുക്കുമ്പോള്‍ പടിക്കല്‍ ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്നും യാത്ര കഴിഞ്ഞു വരുന്ന വേഷത്തില്‍ ഇറങ്ങി വന്നത് എന്‍റെ സഹപാഠി സന്തോഷ് ആയിരുന്നു. ഡിഗ്രിക്ക് ഞങ്ങള്‍ ഒരേ ക്ളാസില്‍ ആയിരുന്നു.

"നീയെന്താ ഇവിടെ" എന്ന അവന്‍റെ ചോദ്യത്തിന്ന്, ഞാന്‍ അതേ ചോദ്യം തിരിച്ചു ചോദിച്ചു. "ഇതല്ലേടാ എന്‍റെ വീട് " എന്നു പറഞ്ഞ് അവന്‍ ജോലി സ്ഥലത്ത് ലീവു കിട്ടാന്‍ വൈകിയതും, അതു കാരണം സമയത്തിന്ന് എത്തി പറ്റാന്‍ കഷ്ടപ്പെട്ടതും പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി. എല്ലാ വിധത്തിലും നാണം കെട്ട ഞാന്‍ , വന്നതില്‍ കൂടുതല്‍ ഒന്നും വരാനില്ല, എന്നു സമാധാനിച്ച്, ശരിക്കും ഒരു വിളക്കുകാരനായി മാറി. ഉച്ച ഭക്ഷണത്തിന്ന് സന്തോഷ് എന്നെ അകത്തേക്ക് ക്ഷണിച്ചു. കൂടെ പഠിച്ച കൂട്ടുകാരുടെ വിശേഷങ്ങള്‍ തിരക്കിയതല്ലാതെ, എന്‍റെ കാര്യങ്ങള്‍ ഒന്നും അവന്‍ അന്വേഷിച്ചില്ല.

പാലകൊമ്പ് വെട്ടാന്‍ പോകുമ്പോഴും, തിരിച്ചു വരുമ്പോഴും ഞാനാണ് കുത്തു വിളക്ക് പിടിച്ചിരുന്നത്. ഒരു നാണക്കേടുമില്ലാതെ ഒരുവിധം അര്‍ദ്ധബോധാവസ്ഥയിലാണ് ഞാന്‍ നടന്നിരുന്നത്.

രാത്രി ഭക്ഷണം വിളക്കുകാരോടൊപ്പമാണ് ഞാന്‍ കഴിച്ചത്. സന്തൊഷിനെ അവിടെയൊന്നും കാണാനില്ലായിരുന്നു. പാട്ടു കഴിഞ്ഞ് വെളിച്ചപ്പാട് ഉറയുമ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. മാണിക്കനാണ് വാവരായിരിക്കുന്നത്. ലുങ്കിയുടുത്ത് പച്ച ബെല്‍ട്ട് കെട്ടി ബനിയനും തലയില്‍ തൊപ്പിയുമായപ്പോള്‍ അവന്‍ ഒന്നാന്തരം വാവ‍രായി മാറി. അയ്യപ്പനോടൊപ്പം കളിക്കുമ്പോള്‍ അവന്‍ എല്ലാവരുടേയും ആകര്‍ക്ഷണബിന്ദുവായി. അയ്യപ്പന്‍ വലത്തുകാല്‍ ചുവടുവെക്കുമ്പോള്‍, വാവര്‍ ഇടത്തുകാല്‍ വെക്കുന്നു. അയ്യപ്പന്‍ ഇടതുകാല്‍ വെക്കുമ്പോള്‍ വാവര്‍ വലതുകാലും. എത്ര തന്‍മയത്തോടെയാണ് അവന്‍ നര്‍ത്തനമാടുന്നത്. അയ്യപ്പനും വാവരും തമ്മില്‍ വെട്ടും തടവും നടന്നപ്പോള്‍ മാണിക്കന്‍ പന്തലില്‍ വീണൂരുളുകയും, അപശബ്ധം പുറപ്പെടുവിച്ച് എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്തു. എനിക്ക് അവനോട് വലിയ ആദരവ് തോന്നി.

കനല്‍ ചാട്ടത്തിന്‍റെ സമയത്ത് അയ്യപ്പന്‍ തീയിലിറങ്ങിയിട്ടും, വാവര്‍ ഇറങ്ങാന്‍ മടിച്ചു നില്‍ക്കുകയാണ്. കടുത്ത നിര്‍ബന്ധം ചെലുത്തിയപ്പൊള്‍, അവന്‍ തീയിന്നു മുകളിലൂടെ ഒരു ചാട്ടം. കുറച്ചു കഴിഞ്ഞപ്പോള്‍, "ഞമ്മക്ക് ഒറ്റക് ചാടാന്‍ പേടിയാണ്, സങ്ങായി കൂടെ വേണം" എന്നു പറയുകയും, എന്നെ " സങ്ങായി "എന്നു വിളിച്ച്, എന്‍റെ കയ്യില്‍പിടിച്ച്, തീയില്‍ ചാടുകയും ചെയ്തു. മൂന്നു നാലു പ്രാവശ്യം എന്നെ തീയിലൂടെ വലിച്ച് മാണിക്കന്‍ നടന്നു. എനിക്ക് ചൂട് തോന്നിയില്ല. പിന്നെ അവന്‍ തീ വാരി മുകളിലേക്ക് വലിച്ചെറിയുകയും ഓരോന്ന് പറഞ്ഞ് ആളുകളെ ചിരിപ്പിക്കുകയും ചെയ്തു. തീച്ചാട്ടത്തിന്നു ശേഷം വാവര്‍ ആളുകള്‍ക്ക് പത്തിരി നുള്ളി കൊടുത്ത് പൈസ വാങ്ങുകയും , ഒരോരുത്തര്‍ക്ക് കല്‍പ്പന നല്‍കുകയും ചെയ്ത് അരങ്ങ് നിറഞ്ഞാടി. തിരിച്ച് പോരുമ്പോള്‍ സന്തോഷ് എന്‍റെ അടുത്ത് വന്ന് കൈ പിടിച്ചു കുലുക്കി, പിന്നീട് കാണാമെന്ന് പറഞ്ഞ് എന്‍റെ കയ്യില്‍ ഒരു കവര്‍ തന്നു.

നാട്ടിലെത്തിയപ്പോള്‍ പെരിയ സ്വാമി എന്നെ വിളിച്ചു, "വഴിപാട് വിളക്ക് ആയതിനാല്‍ വരുമാനം തീരെ കുറവാണെന്നും, ഉള്ളത് പിച്ച് പങ്കു വെച്ചപ്പോള്‍ തനിക്ക് ഒന്നുമില്ലെന്നും പറഞ്ഞ് എനിക്ക് അമ്പതുരൂപ തന്നു. ഒന്നും പറയാതെ ഞാന്‍ അത് വാങ്ങി കീശയിലിട്ടു.

വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ കവര്‍ തുറന്നു നോക്കി. അതില്‍ നൂറിന്‍റെ പത്തു നോട്ടും ഒരു എഴുത്തും ഉണ്ടായിരുന്നു. എനിക്ക് ഏകദേശം കാര്യങ്ങള്‍ മനസ്സിലായി. അലസമായി ഞാന്‍ ആ കത്തിലൂടെ കണ്ണോടിച്ചു.ഞാന്‍ പ്രതീക്ഷിച്ചതുപോലെതന്നെ.

" അത്ഭുതതോടെയാണ് അയ്യപ്പന്‍ വിളക്കുകാരുടെ സെറ്റില്‍ നിന്നെ ഞാന്‍ കണ്ടത്. നിനക്ക് ഇത്ര കഷ്ടപ്പാട് ഉള്ള വിവരം എനിക്ക് അറിയില്ല. എങ്കിലും എന്തു വേഷം കെട്ടിയും ജീവിക്കാനുള്ള നിന്‍റെ തന്‍റേടം എനിക്ക് ഇഷ്ടമായി. അതിനുള്ള ചെറിയൊരു സമ്മാനമാണ് ഇതിനകത്ത്. എന്നെങ്കിലും നിനക്കും ഒരു നല്ല കാലം വരും. ആശംസകളോടെ.
പ്രിയ സുഹ്രുത്ത്. "

ഞാന്‍ കത്ത് കീറി കാറ്റത്ത് പറത്തി, പൈസ പോക്കറ്റിലിട്ടു.

7. പുലിവേഷം

Monday, September 8, 2008


കര്‍ക്കിടക മാസം ഒന്നാം തിയതിയാണ് പുതിയ ഒരു ഐഡിയ ഉത്ഭവിക്കുന്നത്. പുണര്‍തം ഞാറ്റുവേലയുടെ അവസാനത്തെ കാല്‍ ഭാഗം. കോരി ചൊരിയുന്ന മഴയില്‍ കുതിര്‍ന്ന പകല്‍. വായനശാലയില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമെ ഉള്ളു. സെക്രട്ടറിയാണ് ആശയം അവതരിപ്പിച്ചത്. നമുക്ക് ഈ കൊല്ലം മുതല്‍ ഓണാഘോഷം സംഘടിപ്പിക്കണം. സാധാരണ സ്വാതന്ത്ര ദിനം മാത്രമെ വായനശാലയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കാറുള്ളു. ഒരു സ്വാതന്ത്ര ദിനത്തിന്നാണ് വായനശാല രൂപീകരിച്ചത്. അതിനാല്‍ അന്നെ ദിവസം വാര്‍ഷികാഘോഷവും കൂടിയാണ്. വിപുലമായ തെയ്യാറെടുപ്പോടു കൂടിയാണ് പരിപാടികള്‍ നടത്തുക. സ്കൂള്‍ മദ്ധ്യ വേനല്‍ അവധിക്ക് അടക്കുന്നതോടു കൂടി പ്രാരംഭ നടപടികള്‍ അതിന്നായി ആരംഭിക്കും. ഒരു പരിപാടി തന്നെ കഴിഞ്ഞിട്ടില്ല. അതിന്നു മുമ്പ് വേറൊന്നിന്ന് തുടക്കം കുറിക്കുന്നത് അനൌചിത്യമായി പലര്‍ക്കും തോന്നി. എല്ലാ കാര്യത്തിനും വ്യത്യസ്ത അഭിപ്രായം കാണും. എങ്കിലും സെക്രട്ടറി പറഞ്ഞത് അവഗണിക്കരുതെന്നും , ഓണാഘോഷം നടത്തണമെന്നും ശക്തമായ ആവശ്യം ഉയര്‍ന്നപ്പോള്‍ എല്ലാവരും ആയത് കയ്യടിച്ചു പാസ്സാക്കി.

ഓണക്കളി, വടംവലി, പൂക്കള മത്സരം, പുലിക്കളീ, എന്നിവക്ക് പുറമെ പദ്യം ചൊല്ലല്‍, കവിത എഴുത്ത് തുടങ്ങിയവയും വേണമെന്ന അഭിപ്രായം ഉയര്‍ന്നു. ഓരോ വിഭാഗത്തിന്നും സമ്മാനങ്ങള്‍ കൊടുക്കണമെന്നും, വിദഗ്ധരായ ജഡ്ജിമാരെ മാര്‍ക്കിടാന്‍ എല്‍പ്പിക്കണമെന്നും നിശ്ചയിച്ചു. എല്ലാ അംഗങ്ങളും പരിപാടികളില്‍ സജീവമായി പങ്കെടുക്കണമെന്ന് കര്‍ശനമായി പറയുകയും ചെയ്തു. സാന്‍ട്രോ ട്യുട്ടോറിയല്‍ പ്രിന്‍സിപ്പാളായ റിട്ടയേര്‍ഡ് പ്രൊഫസറെ ക്ഷണിക്കാന്‍ എന്നെയാണ് ഏല്‍പ്പിച്ചത്. ഇരുപത്തഞ്ചു കൊല്ലം പഴക്കമുള്ള മാരുതി കാറിന്‍റെ ഉടമ " മാരുതി ട്യൂട്ടോറിയല്‍ " എന്ന സ്ഥാപനം തുടങ്ങിയപ്പോഴാണ് എതിരായി സാന്‍ട്രോ കാര്‍ ഉള്ള പ്രൊഫസര്‍ ഇത് ആരംഭിച്ചത്. ഞാന്‍ കുറച്ചു കാലം അവിടെ ജോലി ചെയ്തിരുന്നു. ശമ്പളം തരാതെ ചുറ്റിച്ചപ്പോള്‍ മാണിക്കന്‍ പ്രൊഫസറുടെ കഴുത്തില്‍ പിടിച്ച് കയ്യോടെ പണം വാങ്ങുകയും, അതോടെ എന്‍റെ സേവനം അവസാനിക്കുകയും ചെയ്തു. പ്രൊഫസറെ ക്ഷണിക്കാന്‍ ഞാന്‍ ചെന്നില്ല. പരിപാടിയുടെ നോട്ടീസ് മാണിക്കന്‍ ട്യൂട്ടോറിയലിന്നു പുറത്ത് നിന്നിരുന്ന ഏതോ പയ്യനെ ഏല്‍പിച്ച് സ്ഥലം വിട്ടു.

വാര്‍ഷികാഘോഷം കഴിഞ്ഞതോടെ എല്ലാവരുടേയും ശ്രദ്ധ ഓണാഘോഷത്തിലായി. തിരക്കിട്ട റിഹേഴ്സലുകള്‍, ഊര്‍ജ്ജിതമായ പണപ്പിരിവ് എന്നിവയായി പ്രവര്‍ത്തനം മുന്നോട്ട് നീങ്ങി. ഓണത്തിന്ന് ഒരാഴ്ച മുമ്പുവരെ പുലിക്കളിയെ കുറിച്ച് ആരും ഓര്‍ത്തില്ല. സമയം അടുത്തപ്പോള്‍ ആരും പുലിക്കളിക്ക് തയ്യാറല്ല. നോട്ടീസില്‍ ചേര്‍ത്ത അവസ്ഥക്ക് പേരിനെങ്കിലും കളി നടത്തണം എന്നായി. രണ്ടുപേര്‍ വീതമുള്ള പത്ത് ഗ്രൂപ്പ് നിശ്ചയിച്ചു. നറുക്കിട്ടെടുത്ത് കിട്ടുന്ന ഗ്രൂപ്പ് പുലിക്കളി കളിക്കണമെന്ന് ചട്ടം കെട്ടി. എന്‍റേയും മാണിക്കന്‍റേയും പേരാണ് നറുക്ക് വീണത്. ഒരാള്‍ പുലിയും മറ്റേ ആള്‍ വേട്ടക്കാരനും. മാണിക്കന്‍ റെഡിയായിരുന്നു. പൊതുവെ സദസ്സില്‍ മുഖം കാട്ടാന്‍ മടിയുള്ള എനിക്ക് ഇതില്‍ പങ്കെടുക്കാന്‍ വൈമനസ്യം തോന്നി. എനിക്കു പകരം വേഷം കെട്ടാന്‍ ഞാന്‍ പലരോടും അപേക്ഷിച്ചു. ഒരാളും അത് പരിഗണിച്ചില്ല. ഗത്യന്തരമില്ലാതെ ഞാന്‍ വഴങ്ങി. എന്‍റെ താല്‍പര്യകുറവു കാരണം പ്രാക്ടീസ് ഒന്നും നടന്നില്ല. പുലി വേഷം കെട്ടുമ്പോള്‍ മുഖത്ത് പുലിത്തല വെക്കുന്നതിനാല്‍ ആളെ തിരിച്ചറിയില്ല എന്ന ഗുണം ഉള്ളതുകാരണം എന്നോട് പുലി ആയാല്‍ മതി എന്ന് മാണിക്കന്‍ ഉപദേശിച്ചു.

ഇതിനിടെ ചില പരിപാടികള്‍ നടന്നു. ഞാന്‍ കവിത മത്സരത്തിന്നു ചേര്‍ന്നിരുന്നു. എല്‍.പി.സ്കൂളില്‍ വെച്ചാണ് മത്സരം. ഹൈസ്കൂളിലെ മലയാളം മാഷായിരുന്നു ജഡ്ജ്. ആകെ നാലുപേര്‍ മാത്രം. "ഓണത്തിന്ന് വരവേല്‍പ്പ്" എന്നതായിരുന്നു വിഷയം. ഞാന്‍ ഇങ്ങനെ എഴുതി.

"വിണ്ണിലെ ദേവന്‍മാര്‍ ‍ചായം പുരട്ടിയോ
രാകാശ മേലാപ്പ് തൂക്കി
മണ്ണീലോ ചെടികളും ലതകളുമൊക്കെയും
പൂച്ചെണ്ടൊരിക്കീട്ടുനിന്നു.
വയലേല മുഴുവനും സ്വര്‍ണ്ണകതിരുമായ്
നെല്‍ചെടി നടനമങ്ങാടി.
ആകാശ മാര്‍ഗ്ഗേ പറക്കും കിളികളോ
തുയിലുണര്‍ത്താനായി പാടി.
ഏവരും ആനന്ദ ചിത്തരായങ്ങിനെ
വരവേല്‍ക്കുവാനായി നിന്നു."

ഒന്നാം സമ്മാനത്തിന്നായി മാഷ് സ്പൊണ്‍സര്‍ ചെയ്ത കവിത പുസ്തകം എനിക്കാണ് എന്ന് മുന്‍കൂട്ടി അറിഞ്ഞു. അത് മാറ്റി പ്ളാസ്റ്റിക്ക് സോപ്പുപെട്ടിയാക്കിയത് മാണിക്കനായിരുന്നു. പത്തു പൈസ വിലയുള്ള മൊട്ടുസൂചി ആണെങ്കിലും, കിട്ടുന്ന ആള്‍ക്ക് ഉപകാരമുള്ളതാവണമെന്നതാണ് അവന്‍റെ ന്യായം.

ഓണത്തിന്ന് പത്തു ദിവസം മുമ്പാണ് പുലിക്കളി റിഹേഴ്സല്‍ തുടങ്ങിയത്. കൊട്ടിന്ന് അനുസരിച്ച് മാണിക്കന്‍ ശരിക്ക് ചുവട് വെച്ചെങ്കിലും എന്‍റെ കളി പരമബോറായി.

മൂന്നുനാലു ദിവസത്തെ പ്രയത്നത്താല്‍ പുരോഗതിയിലേക്ക് കുതിച്ചുപോയിരുന്ന സമയത്താണ് വാമനന്‍ അവതരിക്കുന്നതും, മഹാമനസ്കനെ ചവിട്ടി താഴ്ത്തുന്നതും. ഫൈനല്‍ റിഹേഴ്സല്‍ ആയിരുന്നു അന്ന്. കാണികള്‍ കൂടുതലായതിനാല്‍ വായനശാലക്കു വെളിയിലാണ് അന്ന് പ്രാക്ടീസ്. കൊട്ടിനനുസരിച്ച് ഞാന്‍ പരമാവധി ഭംഗിയായി കളിച്ചിരുന്നു. കളി കഴിഞ്ഞതും "നീയാണല്ലേ പുലിവേഷം" എന്നു ചോദിച്ച് കുട്ടിശങ്കരന്‍ നായര്‍ മുന്നില്‍. അച്ഛന്‍റെ അടുത്ത കൂട്ടുകാരന്‍. സ്വഭാവം നോക്കിയാല്‍ ശകുനിക്ക് മന്ത്ഥരയില്‍ തീര്‍ന്ന ഓമന പുത്രന്‍, പരമ സാത്വികന്‍. നാരദന്ന് ഉപദേശം നല്‍കിയ യോഗ്യന്‍. എന്‍റെ കാര്യം പോക്കാണെന്ന് എനിക്ക് അപ്പോഴേ തോന്നി.

വൈകീട്ട് വീട്ടില്‍ എത്തിയതും കുട്ടിശങ്കരന്‍ നായര്‍ തന്‍റെ ചുമതല ഭംഗിയായി നിര്‍വഹിച്ചിരുന്നു എന്ന് മനസ്സിലായി. വിചാരണ ഒന്നും ഇല്ലായിരുന്നു. കൂലിപണിക്കാരന്‍ കാട്ടുന്നത് നോക്കി പുലിക്കളിയെങ്ങാനും കളിക്കാന്‍ പോയാല്‍ പിന്നെ ഇങ്ങോട്ട് കടക്കരുത് എന്ന സുഗ്രീവാജ്ഞ മാത്രം. പതിവിന്ന് വിപരീതനായി അമ്മയും കടുത്ത നിലപാട് എടുത്തു. "നീ പഠിച്ചവനാണ്. സ്കൂളില്‍ കേറാത്തവന്‍ കാട്ടുന്നതുപോലെ കാട്ടിയാല്‍ ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്."

എങ്ങിനെ ഈ പൊല്ലാപ്പില്‍ നിന്നും തടി ഊരും എന്ന് വ്യാകുലപെടുമ്പോഴാണ്, ഒന്നര കൊല്ലമായി സുഖമില്ലാതെ കിടപ്പിലായിരുന്ന, അളിയന്‍റെ മുത്തശ്ശി പൂരാടം ദിവസം മരിക്കുന്നത്.

നാലു ദിവസം അവിടെ ആദ്യാവസാനക്കാരനായി നിന്ന് മടങ്ങി വന്നപ്പോഴേക്കും ഓണാഘോഷം അവസാനിച്ചിരുന്നു.