Tuesday, February 8, 2011

14. ഒരു നിര്‍ഭാഗ്യവാന്‍റെ ഓര്‍മ്മക്ക്.

Friday, October 3, 2008


ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോയി തുടങ്ങിയതോടെ കൊച്ചു വെളുപ്പാന്‍ കാലത്ത് ടൌണിലേ ക്കുള്ള യാത്ര അനിവാര്യമായി. കവലയില്‍ ചെന്ന് കിട്ടുന്ന ബസ്സില്‍ കയറി പോകും. രാവിലെ നേരത്ത് എല്ലാ ബസ്സിലും വലിയ തിരക്കാണ്. തൂങ്ങി പിടിച്ചുള്ള യാത്ര ശരിക്കും വലിയ കടുപ്പമാണ്.

ദിവസവും ഒരേ ബസ്സില്‍ പോവുകയാണെങ്കില്‍ കണ്‍സഷന്‍ കിട്ടുമെന്ന് മാണിക്കനാണ് എന്നോട് പറഞ്ഞത്. പക്ഷേ സങ്കോചം കാരണം ആരോടും സൌജന്യം ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

വീടിന്നടുത്തുള്ള പഞ്ചായത്ത് റോഡിലൂടെ ഒരു മിനി ബസ്സ് ഓടുന്നുണ്ട്. കവല എത്തുന്നതു വരെ അതില്‍ അധികം ആളുകാണാറില്ല. പത്തു മിനുട്ട് നേരത്തെ ഇറങ്ങണമെന്നു മാത്രം. ഞന്‍ യാത്ര അതിലാക്കി. ഏഴേകാലിനും ഏഴരക്കും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും വരും എന്നതിനാല്‍ അതു കൂടി കണക്കാക്കി റോഡിലെത്തണമെന്നു മാത്രം. എങ്കിലും ഗുണം പലതാണ്. ഇരിക്കാന്‍ സീറ്റ് ഉറപ്പാണ്. കവല വരെയുള്ള നടപ്പ് ലാഭം. കൂടാതെ മൂന്നാമത്തെ ദിവസം മുതല്‍ ചാര്‍ജ്ജില്‍ ഒരു രൂപ കുറവ് തന്നതോടു കൂടി മറിച്ച് ഒരു ചിന്തയില്ലാതെ മിനി ബസ്സ് സ്വന്തം ബസ്സായി. റെയില്‍പാളത്തിന്ന് സമാന്തരമായി കിടക്കുന്ന പാതയുടെ ഓരത്തുള്ള ഉങ്ങു മരത്തിന്‍റെ ചോട്ടിലാണ് ബസ്സ് കാത്തു നില്‍പ്പ്.

തിങ്കളാഴ്ച്ച ദിവസം. കുട്ടികളുടെ പരീക്ഷഫീസ് ട്രഷറിയില്‍ അടക്കാന്‍ പോവുന്ന ഗോവിന്ദന്‍ സാറിന്ന് തുണക്ക് ചെല്ലണമെന്ന് പ്രിന്‍സിപ്പാള്‍ ഏല്‍പ്പിച്ചിരുന്നതാണ്.

ഉങ്ങിന്‍ ചുവട്ടില്‍ ഞാന്‍ എത്തുമ്പോള്‍ മാണിക്കന്‍ എന്നെ കാത്തു നില്‍ക്കുന്നു.

"ഒരു നൂറ്റമ്പത് രൂപ താ" എന്ന ചെറിയൊരു ഡിമാന്‍റ് അവന്‍ വെച്ചു. അവന്‍റെ അമ്മ പനിച്ചു കിടപ്പാണ്. ഉടനെ ഡോക്ടറെ കാണിക്കണം. പത്തു പൈസ കയ്യില്‍ ഇല്ല. ഇലക്ട്രിസിറ്റി ചാര്‍ജ്ജ് അടക്കാനുള്ള അവസാന ദിവസമാണ്. അതിന്നായി അച്ഛന്‍ തന്ന പണം കയ്യിലുണ്ട്. അതില്‍ നിന്നും ഞാന്‍ അവന്ന് പണം കൊടുത്തു. ബസ്സ് വരുന്നതുവരെ നിനക്ക് തുണ നില്‍ക്കാമെന്നായി അവന്‍. ഉങ്ങിന്‍ ചുവട്ടില്‍ സാധാരണ ആരേയും കാണാറില്ല. ചിലപ്പോള്‍ എന്തെല്ലാമോ പിറുപിറുത്ത് കൊണ്ട് ഭ്രാന്തി കാളുതള്ളയെ കാണാം. ഒരു പാസഞ്ചര്‍ ട്രെയിന്‍ നിന്നു നിന്നില്ല എന്ന മട്ടില്‍ വേഗം കുറച്ചു വന്നിരുന്നു. റെയില്‍ ട്രാക് നന്നാക്കുന്ന പണീക്കാര്‍ക്ക് ചാടി ഇറങ്ങാന്‍ ഉള്ള സൌകര്യത്തിനാണ് അത്. ട്രെയിന്‍ കടന്നതും ട്രാക്കിന്നരികിലേക്ക് ആളുകള്‍ ഓടി കൂടുന്നു.

എന്തോ അപകടം പറ്റി എന്നു പറഞ്ഞു മാണിക്കന്‍ ഓടി, പുറകെ ഞാനും. ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വീണീരിക്കുന്നു. അരയ്ക്കു ചുവട്ടിലായി കാലുകള്‍ അറ്റു കിടപ്പാണ്. കൂടെയുള്ള പണിക്കാര്‍ ചുറ്റും കൂടി നില്‍ക്കുന്നു. ആര്‍ക്കും അടുത്തു ചെല്ലാന്‍ ധൈര്യമില്ല. വീണ ആള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല വേദനയുടെ ഒരു ലക്ഷണം പോലും തോന്നിച്ചിരുന്നില്ല. ശരീരം ആകെ മരവിപ്പ് ആയിരിക്കുമെന്ന് ആരോ പറയുന്നത് കേട്ടു.

കൂടെയുള്ള പണിക്കാരില്‍ നിന്നുമാണ് കൂടുതല്‍ അറിഞ്ഞത്. ആ ചെറുപ്പക്കാരന്ന് ജോലി കിട്ടിയിട്ട് അധികം ആയിട്ടില്ല. ഒരു ചീത്ത സ്വഭാവവും ഇല്ലാത്ത നല്ല പയ്യന്‍. അച്ഛനമ്മമാരുടെ ഏക മകന്‍. നല്ല കുടുംബ സ്നേഹമുള്ള കുട്ടി.

" അബദ്ധം പറ്റിയതാണ്, ഇനി ഞാന്‍ എന്താ ചെയ്യുക, അച്ഛനോടും അമ്മയോടും കല്‍പ്പിച്ചുകൂട്ടി ചെയ്തതല്ല എന്നു പറയണം എന്നൊക്കെ അയാള്‍ പറഞ്ഞുകൊണ്‍ടേയിരുന്നു. അയാളുടെ ചില കൂട്ടുകാര്‍ അവിടെ നിന്ന് കരയുന്നുണ്ടായിരുന്നു.

ആരുടേയോ കയ്യില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി മാണിക്കന്‍ അയാള്‍ക്ക് കുടിക്കാന്‍ കൊടുത്തു. ആ ചെറുപ്പക്കാരന്‍ മാണിക്കനെ ചുറ്റി പിടിച്ചു. നിലത്ത് പടിഞ്ഞിരുന്ന് മാണിക്കന്‍ അയാളുടെ തല മടിയില്‍ വെച്ചിട്ട് ദേഹത്ത് മെല്ലെ തടവികൊടുത്തിരുന്നു. എനിക്ക് പോകാനുള്ള ബസ് കടന്നു പോയി. അപകടം പിണഞ്ഞ സാധു മനുഷ്യനെ ഈ രീതിയില്‍ ഇട്ടിട്ട് പോകരുത് എന്ന് മനസ്സ് പറയുന്നതുപോലെ തോന്നി. വിവരം അറിഞ്ഞു ധാരാളം ആളുകള്‍ വന്നു നോക്കി പോയിക്കൊണ്ടിരുന്നു. എന്താണ് ചെയ്യേണ്‍ടത് എന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. കുറെ കഴിഞ്ഞപ്പോള്‍ കേശവേട്ടന്‍ വന്നു. അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു.

"വേഗം ഇയാളെ ആസ്പത്രിയിലെത്തിക്ക് " എന്നു കേശവേട്ടന്‍ നിര്‍ദ്ദേശിച്ചതോടെ ആരൊ ഓടീപ്പോയി ഒരു ഓട്ടോ റിക്ഷയുമായി എത്തി. എല്ലാവര്‍ക്കും ഭയമായിരുന്നു. തൊടാന്‍ അറപ്പോടെ കൂട്ടുക്കാര്‍ പോലും മാറിനിന്നു.

" ആരും ഇല്ലേടാ ഇയാളെ ആസ്പത്രിയില്‍ എത്തിക്കാന്‍" എന്ന കേശവേട്ടന്‍റെ ചോദ്യത്തിന്ന് "വല്ല കേസോ മറ്റോ ആയാലോ" എന്ന് ആരൊ ചോദിക്കുന്നതു കേട്ടു. കേസൊന്നും വരില്ലെന്നും ധൈര്യമായി ആശുപത്രിയിലേക്ക് കൊണ്ടു പൊയ്ക്കോളിന്‍ എന്നും കേശവേട്ടന്‍ പറഞ്ഞിട്ടും ആരും അനങ്ങുന്നില്ല.

ഞാന്‍ മാണിക്കനെ നോക്കി. അവന്‍ റെഡിയാണ്'. അറ്റുപോയ കാലുകള്‍ എടുത്ത് ഞാന്‍ നടന്നു. പുറകെ ശരീര ഭാഗവുമായി മാണിക്കനും. ഞങ്ങള്‍ മാത്രമേ ഓട്ടോയില്‍ കയറിയുള്ളു. കൂട്ടുകാര്‍ കുറെ പേര്‍ പുറകെ ബസ്സില്‍ വരാമെന്നേറ്റു. ഓട്ടോ ഡ്രൈവര്‍ നല്ലവനായിരുന്നു. ഞങ്ങളുടെ സമ പ്രായക്കാരന്‍. അപകടം പറ്റിയ ആളും ഞങ്ങളുടെ പ്രായം. ഇടക്കിടെ അയാള്‍ക്ക് വെള്ളം വാങ്ങി കൊടുക്കാനായി നിറുത്തിയതൊഴികെ സമയം പാഴാക്കാതെ ഓട്ടോ പറപ്പിക്കുകയായിരുന്നു.

വഴി നീളെ ആ ചെറുപ്പക്കാരന്‍ ഞങ്ങളോട് സങ്കടം പറയുകയായിരുന്നു. ആളുകള്‍ വിളിക്കുന്നത് കേട്ടിട്ടായിരിക്കണം മാണിക്കന്‍റെ പേര് അയാള്‍ മനസിലാക്കിയിരുന്നു .

" മാണിക്കേട്ടാ, ഞാന്‍ ഇനി എന്താ ചെയ്യാ " എന്ന് ഇടക്കിടെ പറഞ്ഞിരുന്നു. അച്ഛനോടും അമ്മയോടും എന്താ പറയുക എന്നതാണ് ഏക ആവലാതി. ഞങ്ങള്‍ക്ക് ആവുന്ന മട്ടില്‍ ആശ്വസിപ്പിച്ചു.

" ഏട്ടാ, ഈ ജന്‍മം ഞാന്‍ പണിക്കു പോയി വയസ്സായ അച്ഛനും അമ്മക്കും കഞ്ഞിക്കുള്ളത് കൊടുക്കാന്‍ സാധിക്കുമോ " എന്ന് ചോദിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞുപോയി. മുറിഞ്ഞ കാല്‍ എടുത്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അത് തുന്നി ചേര്‍ക്കുമെന്നും കുറെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ നടന്നു പോയി പണി ചെയ്യാറാവുമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ആ അവസ്ഥയിലും അയാള്‍ ചെറുതായൊന്ന് ചിരിച്ചു.

" എങ്കില്‍ നടക്കാന്‍ തുടങ്ങിയാല്‍ ആദ്യം എല്ലാ ദൈവങ്ങളേയും ചെന്ന് തൊഴുകും " എന്നായി അയാള്‍. സകല ദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്ത് കിടന്നുകൊള്ളാന്‍ ഞാന്‍ പറഞ്ഞു. കുറെ നേരം എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു. പ്രാര്‍ത്ഥിക്കുകയായിരിക്കണം. ക്രമേണ ശബ്ദം നേര്‍ത്തുവന്നു. അയാള്‍ മയങ്ങി തുടങ്ങി.

ഞങ്ങളുടെ വസ്ത്രങ്ങള്‍ ചോരയില്‍ കുതിര്‍ന്നു കഴിഞ്ഞു. മുഖം ഒഴികെ ദേഹം മുഴുവന്‍ രക്തം പറ്റി പിടിച്ചു. ഞങ്ങള്‍ മൂന്ന് പേരും കൂടിയാണ് ആസ്പത്രിയിലേക്ക് എടുത്തു ചെന്നത്. കാഷ്വാലിറ്റിയില്‍ ഒരു ജൂനിയര്‍ ഡോക്ടറായിരുന്നു. പരിശോധനക്കു ശേഷം കുറെ സാധനങ്ങള്‍ക്കായി എഴുതി തന്നു. ഡ്രൈവറാണ് വാങ്ങാന്‍ പോയത്. എന്‍റെ കയ്യിലെ മുഴുവന്‍ തുകയും ഞാന്‍ കോടുത്തു. കടം വാങ്ങിയ പണം മാണിക്കനും .

മരുന്നുമായി ഡ്രൈവര്‍ എത്തി. പണം തികയാത്തതിനാല്‍ സ്വന്തം കയ്യിലെ കാശു കൂടി എടുത്താണ് മരുന്ന് വാങ്ങിയിരിക്കുന്നത്. ഇന്‍ജക്ഷന്‍ കൊടുത്തു. ഡ്രിപ്പ് കയറ്റി തുടങ്ങി. ധാരാളം ചോര നഷ്ടപ്പെട്ടതിനാല്‍ ഉടനെ രക്തം വേണമെന്നായി അടുത്ത ആവശ്യം. ഞങ്ങള്‍ മുനുപേരും അതിനു തയ്യാറായി. രക്തം എടുക്കാനുള്ള ഏര്‍പ്പാടുകള്‍ നടക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ പരിശൊധനക്ക് എത്തിയത്. ഞങ്ങളെ അകത്തേക്ക് വിളിച്ചു. പേഷ്യന്‍റുമായി എന്താണ്' ബന്ധമെന്ന് അന്വേഷിച്ചു. ഞങ്ങള്‍ വിവരങ്ങള്‍ എല്ലാം അറിയിച്ചു. അങ്ങിനെയാണെങ്കില്‍ രക്തം ആവശ്യമില്ലെന്നും രോഗി മരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

" പ്ളീസ്, ഡോക്ടര്‍ എന്തെങ്കിലും ചെയ്യൂ " എന്ന് ഞാന്‍ യാചിച്ചു." സീ, യങ് മാന്‍, ദാറ്റ് ഫെല്ലൊ ഈസ് ഡെയിങ്. ബീ പ്രാക്ടിക്കല്‍. അരക്കു താഴെ കാലുകള്‍ നഷ്ടപ്പെട്ടിട്ട് അയാള്‍ എങ്ങിനെ ജീവിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കിയോ, അത് ഓര്‍ത്താല്‍ അയാള്‍ ഭാഗ്യവാനാണ്. കൂടിയാല്‍ അര മണിക്കൂര്‍ " എന്നു പറഞ്ഞു അദ്ദേഹം ഇറങ്ങി പോയി.

പരിശോധന മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തിറങ്ങി. ആകെ തകര്‍ന്നതു പോലെ ഒരു തോന്നല്‍. ആശുപത്രിയിലേക്ക് വരുമ്പോള്‍ കാലുകള്‍ നഷ്ടപ്പെട്ടാലും അയാള്‍ രക്ഷപ്പെടുമെന്ന് തോന്നിയിരുന്നു. അതെല്ലാം വെറുതെയായി. പുറത്ത് മര ചുവട്ടില്‍ ഞാന്‍ ഓരോന്ന് ആലോചിച്ചു നിന്നു. എന്‍റെ സമപ്രായക്കാരന്‍. ജീവിതം ആരംഭിക്കുന്നതേയുള്ളു. വയസ്സായ അച്ഛനമ്മമാരെ സംരക്ഷിക്കാനുള്ളവന്‍. ഓര്‍ക്കാപ്പുറത്തുള്ള അവന്‍റെ വേര്‍പാട് അവര്‍ക്ക് എങ്ങിനെ സഹിക്കാനാവും. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന ചിന്ത മനസ്സില്‍ ഓടിയെത്തി. ആകെ തളരുന്നതുപോലെ എനിക്ക് തോന്നി.

മരിക്കാറായി കിടക്കുന്നത് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത വ്യക്തിയാണ് . ആ പാവത്തിന്‍റെ അവസാന നിമിഷങ്ങളില്‍ പരിചരിക്കാനായി ഞങ്ങള്‍ ഒപ്പം വേണമെന്നത് ദൈവ നിശ്ചയമായിരിക്കാം. അബദ്ധത്തിലും കല്‍പ്പിച്ചുകൂട്ടിയും ട്രെയിനില്‍ പെട്ട് മരിച്ച പലരുടേയും ശവശരീരങ്ങള്‍ ഇതിനു മുമ്പും പല തവണ കാണാന്‍ ഇട വന്നിട്ടുണ്ട്. മനുഷ്യ ശരീരം പല കഷണങ്ങളായി ചിതറി കിടക്കുന്നത് കാണേണ്ടി വന്നപ്പോഴൊന്നും തോന്നാത്ത എന്തോ ഒരു വികാരം ഇപ്പോള്‍ മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു.

അല്‍പ്പ സമയത്തിനകം അപകടം പിണഞ്ഞ ആളുടെ കൂട്ടുകാര്‍ എത്തിചേര്‍ന്നു. അവര്‍ ഡോക്ടറെ സമീപിച്ച് വിദഗ്ധ ചികിത്സക്ക് കൊയമ്പത്തൂരോ ത്രിശ്ശൂരോ എത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പക്ഷേ ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു. ആ നിര്‍ഭാഗ്യവാന്‍ വിളിച്ച ദൈവങ്ങള്‍ ആരുംതന്നെ സഹായിക്കാന്‍ എത്തിയില്ല. ഏതാനും നിമിഷങ്ങള്‍ മാത്രം. ആ ജീവിതം അവസാനിച്ചു.

ഞങ്ങള്‍ക്ക് അവിടെ ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോദ്ധ്യമായി. മരിച്ച ചെറുപ്പക്കാരന്‍റെ അച്ഛനും അമ്മയും ഉടനെ എത്തും എന്ന് ആരോ പറയുന്നതു കേട്ടു. ആ രംഗം കാണാനുള്ള മനസാന്നിദ്ധ്യം എനിക്കില്ല എന്ന് ഉറപ്പായിരുന്നു. ഞങ്ങള്‍ ഒന്നുകൂടി ചെന്നു ആ ശരീരം നോക്കി. എന്തെല്ലാമോ മോഹങ്ങള്‍ ബാക്കി വെച്ച് ആ ജീവന്‍ പൊലിഞ്ഞു പോയിരിക്കുന്നു. പിന്നെ നിന്നില്ല. തിരിച്ചു വരുമ്പോള്‍ ആരും ഒന്നും സംസാരിച്ചില്ല. ഡ്രൈവര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഓട്ടോ വിട്ടത്. കേശവേട്ടന്‍ വിവരം കാത്തുനില്‍ക്കുകയായിരുന്നു.

ഡ്രൈവറാണ് വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞത്. എന്തു ചിലവായി എന്ന് അദ്ദേഹം അന്വേഷിച്ചു. കണക്കുകളും ഡ്രൈവര്‍ തന്നെ പറഞ്ഞു. കേശവേട്ടന്‍ അകത്തു ചെന്ന് പേഴ്സുമായി വന്നു. ഓട്ടോ കൂലിയും ഡ്രൈവര്‍ ചിലവാക്കിയ പണവും അയാള്‍ക്ക് കൊടുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ ഓട്ടോ കൂലി വാങ്ങിയില്ല.

ഇരുന്നൂറു രൂപയാണെന്നു തോന്നുന്നു അദ്ദേഹം മാണിക്കന് കൊടുത്തത്. അമ്മയെ പെട്ടന്ന് ഡോക്ടറെ കാണിക്ക് എന്ന് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു.

തിരിച്ചു പോരാന്‍ നേരം എന്‍റെ കയ്യില്‍ നിന്നും കേശാവേട്ടന്‍ ഇലക്ട്രിസിറ്റി ബില്‍ വാങ്ങി. പണം അടക്കാനുള്ള ഏര്‍പ്പാട് ആക്കാമെന്ന് പറഞ്ഞു.

നട്ടുച്ച വെയിലിലേക്ക് ഞങ്ങള്‍ ഇറങ്ങി. വീട്ടിലേക്ക് നടക്കുമ്പോഴും അകാലത്തില്‍ ജീവിതം അവസാനിച്ച ആ ചെറുപ്പക്കാരന്‍റെ വാക്കുകളും മുഖവും മനസ്സില്‍ നിറഞ്ഞിരിക്കുകയായിരുന്നു.

No comments:

Post a Comment