Wednesday, February 9, 2011

19. ഞാനെന്ന ഭാവം.

Saturday, November 15, 2008


മാണിക്കന്ന് വീട് നിര്‍മ്മിക്കുന്നതിന്നുള്ള കമ്മിറ്റിയുടെ യോഗത്തില്‍ നിന്നും കേശവേട്ടന്‍ ചൂടായിട്ടാണ് ഇറങ്ങി പോയത്. സംഭാവന കൊടുക്കാമെന്ന് ഏറ്റ പതിനായിരം രൂപ മാണിക്കന്‍റെ കയ്യില്‍ കൊടുത്ത്, വീണുപോയ വീട് കെട്ടിപ്പൊക്കാന്‍ ആരേയും ആശ്രയിക്കാതിരിക്കരുത് എന്ന് ഉപദേശിച്ച് ഒറ്റ പോക്കായിരുന്നു.

പിന്നീട് കേശവേട്ടനെ കുറെ ദിവസത്തേക്ക് കാണാറേ ഇല്ലായിരുന്നു. ജോലിത്തിരക്കായിട്ടോ, തല്‍ക്കാലത്തേക്ക് വേറെ എവിടേക്കെങ്കിലും ജോലി മാറി പോയതൊ ആയിരിക്കുമെന്ന് കരുതി. ഇടക്ക് അങ്ങിനെ പതിവുള്ളതാണ്. പക്ഷെ ഒഴിവു കിട്ടിയാല്‍ മൂപ്പര്‍ സ്ഥലത്തെത്തും, വന്നാല്‍ വായനശാലയിലും. എന്തായാലും പോവുന്ന കാര്യം ആരോടെങ്കിലും പറഞ്ഞിരിക്കും. ഈ പ്രാവശ്യം ആരോടും ഒന്നും സൂചിപ്പിച്ചിരുന്നില്ല

പത്തു ദിവസം കാണാതായപ്പോഴേക്കും ഞങ്ങള്‍ക്ക് വിഷമമായി. കേശവേട്ടന്‍ ഞങ്ങള്‍ക്ക് സ്വന്തം ആളാണ്, ഒരു അമ്മാമനെ പോലെ. വീടു പണി കാരണം മാണിക്കനും വരാറില്ല. പകല്‍ അന്തിയാകുന്നതു വരെ അവന്‍ കിളച്ചും കല്ലു ചുമന്നും പണിയെടുക്കും. ഒരാളുടെ കൂലി ലാഭിക്കാമല്ലോ. ഉച്ചക്ക് ക്ലാസ് കഴിഞ്ഞു ഞാന്‍ കവലയില്‍ എത്തുമ്പോള്‍ അവന്‍ അവിടെ നില്‍ക്കുന്നു. ബീഡി വാങ്ങാന്‍ വന്നതാണ്. ഞാന്‍ എത്താറുള്ള സമയമായതിനാല്‍ കാണാമെന്ന് കരുതി കാത്തു നിന്നു.

കേശവേട്ടന്‍റെ വിവരം ഞാന്‍ അവനോട് ചോദിച്ചു. അവനും ഒന്നും അറിയില്ല. നമ്മളോക്കെ നല്ല കക്ഷികളാണ്. നിത്യം കാണുന്ന ഒരാളെ കാണാതായാല്‍ വിവരം അന്വേഷിക്കന്‍ ആര്‍ക്കും തോന്നിയില്ലല്ലൊ എന്ന് അവന്‍ വിലപിച്ചു. അപ്പോള്‍ തന്നെ കേശവേട്ടനെ അന്വേഷിച്ച് പോകാന്‍ മാണിക്കന്‍ ഒരുങ്ങിയതാണ്. വൈകുന്നേരം മതിയെന്ന് ഞാന്‍ പറഞ്ഞത് അവന്‍ ശരി വെച്ചു.

വൈകുന്നേരം ഞങ്ങള്‍ ചെന്നു. കേശവേട്ടന്‍ ക്വാര്‍ട്ടേര്‍സില്‍ കിടപ്പാണ്. ഏതാനും ദിവസങ്ങള്‍ക്കകം കേശവേട്ടന്‍ ഒരുപാട് മാറിയിരിക്കുന്നു. പ്രസരിപ്പ് മുഴുവന്‍ ചോര്‍ന്ന് പോയി. ആകെ ക്ഷീണിതനായി. പൊടുന്നനെ വൃദ്ധനായതുപോലെ.

" എന്നെ അന്വേഷിക്കാന്‍ നിങ്ങളെങ്കിലും കാണുമെന്ന് കരുതി. ഇത്രയും ദിവസം കാണാതായപ്പോള്‍ നിങ്ങളും എന്നെ മറന്നു എന്ന് വിചാരിച്ചു" എന്ന് അദ്ദേഹം സങ്കടപ്പെട്ടു.

" കേശവേട്ടന്‍ നാട്ടില്‍ പോയിരിക്കുമെന്ന് ഒരു ഊഹം തോന്നിയിരുന്നു" ഞാന്‍ പറഞ്ഞു "മകളുടെ വിവാഹത്തിന്നു മുമ്പ് വീടു നന്നാക്കാന്‍ നാട്ടില്‍ പോവുമെന്ന് അന്നൊരു ദിവസം എന്നോട് പറഞ്ഞതായി രുന്നല്ലോ?"

" മകളുടെ വിവാഹം" കേശവേട്ടന്‍ ദൈന്യത കലര്‍ന്ന ഒരു ചിരി പാസ്സാക്കി പറഞ്ഞു "അതൊക്കെ എന്‍റെ മോഹം മാത്രമല്ലേടോ". ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. ഒരു കദനകഥയുടെ ചുരുള്‍ അപ്പോള്‍ നിവരുകയായിരുന്നു.

"നിങ്ങളുടെ ഒക്കെ പ്രായവും എന്‍റെ പ്രായവും നോക്കിയാല്‍ നമ്മള്‍ തരക്കാരല്ല. എന്നിട്ടും ഞാന്‍ നിങ്ങള്‍ പിള്ളേരോടൊപ്പം കളിച്ചു നടക്കുന്നത് എന്നെ തന്നെ മറക്കാനാണ്. ഒരു കാര്യം നിനക്ക് അറിയ്യോ" എന്നെ നോക്കി അദ്ദേഹം പറഞ്ഞു " അന്ന് സ്വാമി അടിച്ചപ്പോള്‍ നിന്നോട് പറഞ്ഞത് എന്‍റെ ആശ മാത്രമായിരുന്നു". കേശവേട്ടന്‍ ഫ്രിഡ്ജ് തുറന്നു. തണുത്ത വെള്ളവും കുപ്പിയും എടുത്തു. ഒരു ഗ്ലാസ് നിറച്ച് മാണിക്കന് കൊടുത്തു. വേറൊന്ന് കയ്യിലെടുത്ത് കുറേശ്ശയായി നുണഞ്ഞു.

"എന്താ മാഷെ, സങ്ങതി പറയിന്‍ " എന്ന് മാണിക്കന്‍ പ്രോല്‍സാഹിപ്പിച്ചു. അല്‍പ്പ നേരം മൌനം ദീക്ഷിച്ഛ ശേഷം അദ്ദേഹം തുടര്‍ന്നു. വടക്കേ അറ്റത്തുള്ള ജില്ലയിലെ ഒരു ഗ്രാമത്തിലാണ് മാസ്റ്ററുടെ വീട്. കോളേജില്‍ പഠിക്കുമ്പോള്‍ മാഷ് ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. പ്രതാപശാലികളായ തറവാട്ടുകാരുടെ ഏക അനന്തിരാവകാശി. ഒരു തരത്തിലും ബന്ധുത്വത്തിന്ന് പറ്റാത്തവിധം അത്രയേറെ അകലമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍.

ഇടക്കിടെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി. അപ്പോഴൊക്കെ കുപ്പിയിലെ അളവും ചുരുങ്ങി.

"അന്നത്തെ കാലത്ത് എന്നെ ആരും നോക്കി നിന്നു പോകും" ഗതകാല സ്മരണയില്‍ മാഷ് പുളകം കൊള്ളുന്നതായി തോന്നി. തികഞ്ഞ ഒരു കായിക താരം. സ്കൂളിലും കോളേജിലും സഹപാഠികളുടെ ശ്രദ്ധാകേന്ദ്രം. സമ്പന്നയെങ്കിലും സൌന്ദര്യം കുറവായ പെണ്‍കുട്ടിക്ക് മയങ്ങിപോകാന്‍ അത് ധാരാളമായിരുന്നു. പഠിപ്പു കഴിഞ്ഞതും കേശവേട്ടന് റെയില്‍വെയില്‍ ജോലി റെഡി. കായിക രംഗത്തെ അംഗീകാരങ്ങള്‍ അതിന്ന് സഹായിച്ചു. ഇതിനിടെ ആ കറുത്ത പെണ്ണ് മനസ്സില്‍ ചേക്കേറി. വീട്ടുകാരുടെ എതിര്‍പ്പോടെയാണ് വിവാഹം. തന്നില്‍ താഴെയുള്ള ബന്ധം മതി എന്ന നിലപാടില്‍ വീട്ടുകാര്‍. പെണ്‍കുട്ടിയുടെ വാശിക്കുമുമ്പില്‍ അവളുടെ വീട്ടുകാര്‍ കീഴടങ്ങി. വിവാഹത്തിന്നു ശേഷവും അവള്‍ പഠിപ്പ് തുടര്‍ന്നു. ഒടുവില്‍ ഡോക്ടറായി.

" നിങ്ങള്‍ക്ക് കേള്‍ക്കണോ മക്കളേ " കേശവേട്ടനില്‍ നിന്നും ഒരു തേങ്ങല്‍ ഉയര്‍ന്നു "അതോടെ എന്നെന്നേക്കുമായി ഞാന്‍ ഒറ്റപ്പെടുകയായിരുന്നു ".

കേശവേട്ടന്‍ സ്വന്തം കുടുംബത്തില്‍ നിന്നും അകന്നു. അകറ്റപ്പെട്ടു എന്ന് പറയുന്നതാവും ശരി. ഡോക്ടര്‍ക്ക് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സ്റ്റാറ്റസ്സിന്ന് പോരാത്തവരായി. എല്ലാ നിയന്ത്രണങ്ങള്‍ക്കും തല കുനിച്ചു നിന്നു. കുടുംബത്തിലെ സമാധാനത്തിന്നായി സ്വന്തം അച്ഛനും അമ്മയും മരിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല . കൂടപ്പിറപ്പുകളാല്‍ വെറുക്കപ്പെട്ടു.

" ഒടുവില്‍ അവള്‍ എന്നേയും തഴഞ്ഞു". വിതുമ്പി കരയുന്ന കേശവേട്ടനെ എങ്ങിനെ സമാധാനിപ്പിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. മാണിക്കന്‍ എഴുന്നേറ്റു. ഒരു ഗ്ലാസ് നിറച്ച് മാഷക്ക് നീട്ടി. "കരയിന്‍ മാഷേ, മനസ്സിലെ സങ്കടം തീരുവോളം കരയിന്‍." അവന്‍ പറഞ്ഞു "വെഷമം തോന്നിയാല്‍ ഞാന്‍ അതാ ചെയ്യാറ്. എന്നിട്ട് ബാക്കി കൂടി പറയിന്‍".

" തിരക്കും പ്രാക്ടീസും കൂടിയതോടെ ഞാന്‍ അവഗണിക്കപ്പെട്ടു . മറ്റു ഡോക്ടര്‍മാരോട് ഞാന്‍ ഭര്‍ത്താവാണ് എന്നു പറയാന്‍ മടി" മാസ്റ്ററുടെ കണ്ണുകള്‍ തടാകങ്ങളായി. നേര്‍ത്ത സ്വരത്തില്‍ അദ്ദേഹം പറഞ്ഞു " ഒടുവില്‍ അവള്‍ എന്നെ ഒരു ഡ്രൈവറായിട്ടാണ് കണക്കാക്കിയത്."

ഡോക്ടര്‍മാരുടെ മീറ്റിങ്ങിന്ന് പോകന്‍ ഡ്രൈവറില്ലായിരുന്നു. കേശവേട്ടനാണ് കാറോടിച്ചത്. ഹാളിന്നു മുമ്പില്‍ നിറുത്തി ഭാര്യയെ ഇറക്കി വിടാന്‍ നിന്നതാണ്. പൊടുന്നനെ കയറി വന്ന കാര്‍ നിറുത്തി ഇറങ്ങി വന്നത് ഒരു ഡോക്ടറായിരുന്നു. തീരെ പരിചയമില്ലാത്ത വ്യക്തി.

" ഇങ്ങിനെയാണോടാ കാര്‍ നിര്‍ത്തുക " അയാള്‍ ചൂടായി " വളയം പിടിക്കാനറിഞ്ഞാല്‍ പോരാ, ശകലം വിവരം കൂടി വേണം."കരണത്ത് ഒന്ന് പൊട്ടിക്കാന്‍ തോന്നിയതാണ്. ഒരു രംഗം സൃഷ്ടിക്കരുതെന്നു കരുതി ക്ഷമിച്ചു.

"നിങ്ങളുടെ ഡ്രൈവര്‍ക്ക് ശകലം പോലും ബുദ്ധിയില്ലല്ലോ ഡോക്ടറെ" എന്ന അയാളുടെ വാക്കും കേട്ട് ചിരിച്ചു അകത്തേക്ക് കയറി പോവുന്ന ഭാര്യയോട് അന്നു വരെ തോന്നാത്ത അമര്‍ഷം തോന്നി. തിരിച്ചെത്തിയതും ഈ കാര്യത്തെ ചൊല്ലി വഴക്കായി. ഭാര്യ ഡോക്ടറുടെ ഭാഗത്താണ്. കലഹത്തിനോടുവില്‍ ഭാര്യയുടെ ചെകിടത്ത് ഒറ്റ അടി. അന്ന് അവിടെ നിന്ന് ഇറങ്ങിയതാണ്. പിന്നെ ചെന്നിട്ടില്ല. അവര്‍ക്ക് പണത്തിന്ന് ക്ഷാമമില്ല, സഹായത്തിന്നും. ആരുമില്ലാത്തവനായി ദിവസങ്ങള്‍ തള്ളീ കഴിയുവാനാണ് തലയിലെഴുത്ത്. വല്ലപ്പോഴും നാട്ടില്‍ പോകുന്നു എന്ന് പറഞ്ഞ് വടക്കോട്ടുള്ള ട്രെയിനില്‍ കയറും. കൊല്ലൂരില്‍ ചെന്ന് മൂകംബികയുടെ മുമ്പില്‍ ഭജനമിരിക്കും. ചെയ്ത പാപങ്ങള്‍ തീരണമല്ലോ.

കുറച്ചു നേരം ആരും ഒന്നും സംസാരിച്ചില്ല. എന്‍റെ മനസ്സ് വിങ്ങുകയായിരുന്നു.

" ഒലക്കടെ മൂടാണ്. പോവാന്‍ പറയിന്‍ മാഷേ. നമ്മളൊക്കെ ആണുങ്ങളല്ലേനിം. വരുണത് വരുമ്പോലെ കാണാന്ന് വെക്കണം. വെച്ചാല്‍ കുടുമ, ചെരച്ചാല്‍ മൊട്ട. അല്ലാതെന്താ വെച്ചിരിക്കണത് " മാണിക്കനാണ്' മൌനം മുറിച്ചത് " ഇനീപ്പൊ കഴിഞ്ഞുപോയതൊക്കെ ആലോചിച്ച് കരഞ്ഞിട്ടെന്താ. ഇപ്പൊ എന്താ പ്രശ്നം. അത് പറയിന്‍" .

മാഷ് ഒരു കത്ത് എടുത്ത് കാണിച്ചു. നാട്ടില്‍ നിന്നും ഒരു കൂട്ടുകാരന്‍ അയച്ചതാണ്.

" നിങ്ങള്‍ അറിയണം. എന്‍റെ മകളുടെ വിവാഹമാണ് " കേശവേട്ടന്‍ തുടര്‍ന്നു " ഞാന്‍ ആളായി നടത്താനുള്ളത്. പക്ഷെ മകളോ, ഭാര്യയോ, ഭാര്യവീട്ടുകാരോ എന്നെ വിവരം അറിയിച്ചില്ല. പെണ്‍കുട്ടിയുടെ കൈ പിടിച്ച് വരനെ ഏല്‍പ്പിക്കാനുള്ള അച്ഛനെ ഒഴിവാക്കി. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല "


കേശവേട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ മാണിക്കന്‍റെ ശബ്ദം ഉയര്‍ന്നു. ഒരു തത്വജ്ഞാനിയെ പോലെ അവന്‍ പറഞ്ഞു തുടങ്ങി. " മാഷേ, എനിക്ക് വലിയ പഠിപ്പും വിവരവും ഇല്ല. എന്നാലും പറയുകയാണ്. ജീവിതം എന്നു പറഞ്ഞാല്‍ ഇങ്ങിനെയൊക്കെയാണ്. നമ്മള്‍ അതിനെ പറ്റി വല്ലാതെ ആലോചിക്കരുത്. ഒഴുക്കില്‍ പെട്ട ഒതളങ്ങ പോലെ അത് അങ്ങിനെ പോകും. നമ്മളുടെ ഇഷ്ടത്തിന്ന് അതിനെ മാറ്റാന്‍ നോക്കുമ്പോഴാണ് ദുഃഖങ്ങള്‍ വരിക. അനങ്ങാതെ ഇരുന്നാല്‍ മതി. സുഖവും ദുഃഖവും അതാതിന്‍റെ വഴിക്ക് വന്നു പോകും. ചെലപ്പൊ തോന്നും ലോകത്തെ ഏറ്റവും വലിയ ഭാഗ്യദോഷി ഞാനാണെന്ന്. എന്നിട്ടും ഞാന്‍ ജീവിച്ചു പോരുന്നില്ലേ " ഞങ്ങള്‍ ഇരുവരും അവനെ തന്നെ നോക്കിയിരുന്നു. "എന്‍റെ കഥ ഇതിലും കഷ്ടാണ്. ആര്‍ക്കും അതൊന്നും അറിയില്ല. മാഷടെ സമാധാനത്തിന്ന് മാത്രമാണ് ഞാന്‍ അത് പറയുന്നത്." എന്ന മുഖവുരയോടെ അവന്‍ പറഞ്ഞു തുടങ്ങി.

അപ്പനും അമ്മയും ഇഷ്ടായിട്ട് കെട്ടിയതാണ്. അമ്മക്ക് വേറെ കുടിയപ്പാട് വന്നതാ. മംഗലത്തിന്‍റെ തലേന്ന് അപ്പന്‍ അമ്മേനെ വിളിച്ചിറക്കി പോന്നു. എന്നെ പെറ്റതിന്ന് ശേഷമാ അവരു തമ്മില്‍ തെറ്റിയത്.അപ്പനും അമ്മയും നല്ല നിറം. ഞാന്‍ കറുത്തിട്ട്. ഞാന്‍ അപ്പന്ന് തീര്‍ന്നതല്ല എന്നാ അപ്പന്‍റെ വിശ്വാസം. പത്തു പൈസ എനിക്കായി അയാള്‍ ചിലവാക്കിയിട്ടില്ല. അമ്മ കൂലി പണിക്ക് പോയിട്ടാ എനിക്ക് കഞ്ഞി തന്നത്. ബുദ്ധി വെച്ച അന്ന് മുതല്‍ എന്നും എനിക്ക് തല്ലു തന്നെ. കുട്ടീല് ഒരിക്കല്‍ എനിക്ക് വയറിളക്കം വന്നു. തിണ്ണ കോലായ വൃത്തികേടാക്കി എന്നു പറഞ്ഞ് ചേറ്റുകത്തി എടുത്ത് വെട്ടി കൊല്ലാന്‍ വന്നതാ. അമ്മടെ കരച്ചില്‍ കേട്ട് പക്കത്തുള്ളവര് വന്ന് അന്നെന്നെ രക്ഷപ്പെടുത്തി. വീടിന്‍റെ ആധാരം പോയതല്ല. കഞ്ഞി വെക്കാന്‍ കൂട്ടിയ അടുപ്പില് ഇട്ട് കത്തിച്ചു കളഞ്ഞതാ. അപ്പന്ന് ഒരുപാട് ഇഷ്ടക്കാരികള്‍ . അമ്മേനെ തിരിഞ്ഞു നോക്കില്ല. ഞങ്ങള്‍ എങ്ങിനെ കഴിയുന്നു എന്ന് ഒരിക്കലും അന്വേഷിക്കാറില്ല. അപ്പന്‍ എഴുത്തശ്ശന്‍റെ അടുത്ത് സ്ഥലം വാങ്ങിച്ചത് എന്തിനാണെന്ന് കേക്കണോ. അമ്മയെ കെട്ടിയത് തീര്‍ത്ത് ഇഷ്ടക്കാരിയുമായി അവിടെ കഴിയാനായിരുന്നു ".


മാണിക്കന്‍ ഒന്നു കിതച്ചു. അവന്‍റെ മുഖം ഗൌരവം കലര്‍ന്നതായി. ഏതോ ലോകത്തില്‍ നിന്ന് വരുന്നത് പോലെ അവന്‍റെ ശബ്ദം ഒഴുകി. "കള്ളു ചെത്തുന്ന ചേറ്റുകത്തി എടുത്ത് അയാളുടെ തല അറക്കാന്‍ ഒരുപാട് തവണ ആലോചിച്ചു. പറ്റിയില്ല. അയാള്‍ തെങ്ങില്‍ നിന്ന് വീണ് മരിച്ചത് നന്നായി. ഇല്ലെങ്കില്‍ ഞാന്‍ അയാളെ കൊന്നിട്ട് ജയിലില്‍ പോയേനേ ".


കേശവേട്ടന്‍ എഴുന്നേറ്റു. മാണിക്കനെ കെട്ടി പിടിച്ചു. അവന്‍റെ മുതുകില്‍ തടവി. സാന്ത്വനത്തിന്ന് വാക്കുകളുടെ ആവശ്യമില്ലെന്ന് എനിക്ക് മനസ്സിലായി. അല്‍പ്പനേരം കഴിഞ്ഞ് അടുത്ത ദിവസം കാണാമെന്ന് പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. തിരിച്ചു വരുമ്പോഴേക്കും മാണിക്കന്‍റെ മൂഡ് മാറി. പഴയ പോലെ തികച്ചും സന്തുഷ്ടന്‍. പിറ്റേന്ന് ചെല്ലുമ്പോള്‍ ഒരു കുപ്പി റമ്മു വാങ്ങി കയ്യില്‍ വെക്കണമെന്ന് അവന്‍ പറഞ്ഞു. എപ്പോഴും ആരുടേയും ഓസിയായി നക്കി കൂടാ എന്നൊരു തത്വോപദേശവും.


രാവിലെ ഞാന്‍ ട്യൂട്ടോറിയലിലേക്ക് പോകാന്‍ ഉങ്ങിന്‍ ചുവട്ടിലെത്തുമ്പോഴേക്കും മാണിക്കന്‍ എന്നെ തിരക്കി വരുന്നു. "നമ്മുടെ മാഷേ ആംബുലന്‍സില്‍ കയറ്റി പോയി എന്ന് കേള്‍ക്കുന്നു" അവന്‍ പറഞ്ഞു" മൂപ്പര് വല്ല അബദ്ധവും കാട്ടിയോ എന്നാ എനിക്ക് പേടി ". നിന്ന നില്‍പ്പില്‍ ഒരു മിന്നല്‍ മുമ്പില്‍ വന്ന പോലെ ഞാന്‍ ഞെട്ടി.

ഇന്ന് മാസ്റ്ററുടെ മകള്‍ നാദസ്വരത്തിന്‍റെ അകമ്പടിയോടെ കതിര്‍ മണ്ഡപത്തില്‍ കയറുകയാണ്. അപ്പോള്‍ അച്ഛന്‍ മോര്‍ച്ഛറിയില്‍ തണുത്ത് മരവിച്ച് കത്തിയും കാത്ത് കിടക്കുക. എന്തൊരു വിധി. കേശവേട്ടന്ന് ഒന്നും വരുത്തരുതേ ഭഗവാനെ എന്ന് പ്രാര്‍ത്ഥിച്ചായിരുന്നു ബസ്സ് യാത്ര.

ആശുപത്രിയുടെ മുന്നില്‍ സൈതാലി നില്‍ക്കുന്നു.

"കാലത്ത് ഒരു ചായയുമായി ക്വാര്‍ട്ടേര്‍സില്‍ കയറി ചെല്ലുമ്പോള്‍ മൂപ്പര് വീണു കിടക്കുന്നു. ആംബുലന്‍സ് വിളിച്ച് ഇവിടെ എത്തിച്ചു" സൈതാലി തുടര്‍ന്നു "ഹാര്‍ട്ട് അറ്റാക്ക് ആണ് എന്നാ പറഞ്ഞത്. ഐ സി യു വിലാണ് " എന്ന് കേട്ടതോടെ പകുതി ജീവന്‍ തിരിച്ചു കിട്ടിയതു പോലെയായി.

0 comments:

No comments:

Post a Comment