Wednesday, February 9, 2011

30. കാട്ടിലെ മരം, തേവരുടെ ആന.

Thursday, April 2, 2009


സമയം വൈകുന്നേരം മൂന്ന് മണി കഴിഞ്ഞിരുന്നു. സഞ്ചരിക്കുന്ന പച്ചക്കറി വണ്ടിയുടെ മണിയൊച്ച പടിക്കലെത്തി. നാലടി നീളം മൂന്നടി വീതിയില്‍ പലകകള്‍ കൊണ്ട് ഉണ്ടാക്കിയ പ്ലാറ്റ്ഫോമില്‍ സൈക്കിളിന്‍റെ നാലുചക്രങ്ങള്‍ ഘടിപ്പിച്ച്, നാലുമുക്കിലും കാലു നാട്ടി പന്തലിട്ട്, വെയില്‍ തട്ടാതിരിക്കാന്‍ മുകളില്‍ നീല പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചതാണ് പച്ചക്കറി വണ്ടി. സാധാരണ രാവിലെ ഒമ്പത് മണിക്ക് മുമ്പാണ് പച്ചക്കറി കച്ചവടം ചെയ്യുന്ന കണ്ണന്‍ എഴുത്തശ്ശന്‍ വണ്ടിയുമായി വീട്ടിലെത്തുക. അമ്മ കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റു. ഉച്ചമയക്കം
നഷ്ടപ്പെട്ടതിലുള്ള അതൃപ്തി അമ്മയുടെ മുഖത്ത് കാണാം. ഞാന്‍ വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കൂടെ ചെന്നു.

വാതില്‍ തുറന്ന് ഉമ്മറത്ത് വന്ന് നോക്കുമ്പോള്‍ പച്ചക്കറി വണ്ടിയും ഉന്തിക്കൊണ്ട് മാണിക്കന്‍ പടികടന്ന് വരുന്നു.

" ഇത് എന്താപ്പൊ ഇങ്ങനെ. എല്ലാം വിട്ടിട്ട് പച്ചക്കറി കച്ചവടവും തുടങ്ങിയോ നീ " എന്ന് അമ്മ ആരാഞ്ഞു. മാണിക്കന്‍ ഒന്നും പറഞ്ഞില്ല. അവന്‍ വല്ലാതെ ക്ഷീണിതനായിരുന്നു. വണ്ടി തണലത്തേക്ക് മാറ്റി നിര്‍ത്തി,

" തമ്പ്രാട്ട്യേ എനിക്ക് കുടിക്കാന്‍ ഇത്തിരി തണുത്ത വെള്ളം തരിന്‍ " എന്ന് അവന്‍ ആവശ്യപ്പെട്ടു. അമ്മ അകത്തേക്ക് ചെന്നു. കോവണി ചുവട്ടില്‍ വെള്ളമൊഴിച്ച മണലിട്ട് അതിന്നു മീതെ വെച്ച മണ്‍കൂജയില്‍ നിന്നും ഓട്ടുമൊന്തയില്‍ നിറച്ച് അവന്ന് വെള്ളം കൊണ്ടുവന്ന് കൊടുത്തു. ചുണ്ടില്‍ നിന്നും അരയടി പൊക്കത്തില്‍ കൂജ ഉയര്‍ത്തി പിടിച്ച് വെള്ളം മുഴുവന്‍ അവന്‍ വായിലൊഴിച്ചു.

മാവിന്‍റെ തണലില്‍ അവനിരുന്നു. " നട്ടപ്പൊരി വെയിലത്ത് നടന്ന് ശവി കെട്ടു" അവന്‍ പറഞ്ഞു " പിന്നെ എന്താ ചെയ്യുക. ഒരാള് കഷ്ടപ്പെടുന്നത് കണ്ടിട്ട് എങ്ങിനേയാ സഹായിക്കാതിരിക്കുക ".

അവന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ആകാംക്ഷയായി. എന്താണ് ഇവന്ന് പറ്റിയത് ആവോ. ഈ പരിപാടിക്ക് ഇറങ്ങാന്‍ ഇടയായ സാഹചര്യം മാണിക്കന്‍ പറഞ്ഞു. കഴിഞ്ഞ നാലു ദിവസമായി തെങ്ങ് വെട്ടുന്ന പണിയായിരുന്നു മാണിക്കന്. കാല പഴക്കം ചെന്നതും, പുരയിലേക്ക് ചെരിഞ്ഞു നില്‍ക്കുന്നതുമായ തെങ്ങുകള്‍ സാധാരണ മുറിച്ച് മാറ്റുക പതിവാണ്. മാണിക്കന്‍ ആ തൊഴിലില്‍ എക്സ്പെര്‍ട്ട് ആണ് എന്ന് എല്ലാവരും പറയും. ഒരു ചെറിയ കഷ്ണം പോലും പുരയിലേക്ക് വീഴാതെ തുണ്ടുകളാക്കി മുറിച്ച് അവന്‍ കയറില്‍ താഴെ ഇറക്കും.

കാലത്ത് മാണിക്കന്‍ പണി ചെയ്യുന്ന വീട്ടില്‍ എഴുത്തശ്ശന്‍ അവനെ അന്വേഷിച്ച് ചെന്നു. വളരെ കാലമായിട്ടുള്ള പരിചയമാണ്. അയാളൂടെ ചെറിയ കുട്ടി പനിയായി വീട്ടില്‍ കിടപ്പിലാണ്. കുപ്പി മരുന്ന് കഴിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ഒട്ടും കുറവില്ല. ആസ്പത്രിയില്‍ കിടത്തി ചികിത്സിക്കണമെന്ന് ഡോക്ടര്‍ പറയുന്നു. കയ്യില്‍
ഉള്ള കാശ് തികയില്ല. കുറച്ചു കൂടി പണം വേണം. മാണിക്കന്‍ പണിയെടുക്കുന്ന വീട്ടില്‍ നിന്നും അപ്പോള്‍ തന്നെ അഞ്ഞൂറ് രൂപ മുന്‍കൂര്‍ വാങ്ങി അയാള്‍ക്ക് കൊടുത്തു. വില്‍ക്കാനായി വാങ്ങിയ കുറെ പച്ചക്കറി സാധനങ്ങള്‍ ഉള്ളത് കുട്ടിയുടെ ചികിത്സ കഴിഞ്ഞ് വരുമ്പോഴേക്കും കേട് വന്ന് നശിക്കുമല്ലോ എന്ന് അയാള്‍ സങ്കടത്തോടെ മാണിക്കനോട് പറഞ്ഞു. അത് ശരിയാണ്. രാവിലെ വാങ്ങിയ കായ്കറികള്‍ വൈകുന്നേരമാവുമ്പോഴേക്കും
ഉണങ്ങി പോവാറുണ്ട്. പിന്നെയാണോ നാലഞ്ച് ദിവസത്തെ കാര്യം. പാവപ്പെട്ടവന്ന് നഷ്ടം വരുന്ന കാര്യം
മാണിക്കന് സഹിക്കാന്‍ കഴിയില്ല.

ഉച്ച വരെ മരം വെട്ടു പണി ചെയ്ത്, ഉച്ചക്ക് ശേഷം എഴുത്തശ്ശന്‍റെ പച്ചക്കറി വില്‍ക്കാന്‍ പോകാമെന്ന് മാണിക്കന്‍ സമ്മതിച്ചു. വണ്ടിയും തുലാസും സാധനങ്ങളും മാണിക്കന്ന് കൈമാറി. വിലയെഴുതിയ ഒരു കടലാസും. അതല്ലാതെ സ്വന്തമായി കച്ചവടം ചെയ്യാന്‍ ഇറങ്ങിയതല്ല. ഉച്ചക്ക് ഒന്നും കഴിക്കാന്‍ പറ്റിയില്ല എന്ന് അവന്‍ പറഞ്ഞപ്പോള്‍ " ലോകം നന്നാക്കുന്നത് നിന്‍റെ ചുമതലയല്ലേ " എന്നും പറഞ്ഞ് കാലത്തെ ബാക്കി വന്ന ഇഡ്ഡലി അമ്മ അവന്ന് കൊടുത്തു. രാവിലത്തെ മിച്ചം വരുന്ന ഇഡ്ഡലി വൈകീട്ട് എനിക്ക് ഉപ്പുമാവ് ഉണ്ടാക്കി തരികയാണ് പതിവ്. അമ്മ ചോദിച്ച സാധനങ്ങള്‍ കൊടുത്ത് പണവും വാങ്ങി അവന്‍ പോയി. പിറ്റേന്ന് മാണിക്കനെ കണ്ടു. രാത്രി വരെ അലഞ്ഞു നടന്ന് ഉള്ള പച്ചക്കറി മുഴുവന്‍ വിറ്റ് ആസ്പത്രിയില്‍ ചെന്ന് കിട്ടിയ പണം എഴുത്തശ്ശനെ ഏല്‍പ്പിച്ച ശേഷമാണ് അവന്‍ വീട്ടിലേക്ക് പോയത്. മോപ്പഡ് ഉള്ളത് ഇതുപോലെ ഉള്ള സമയത്ത് വലിയ ഉപകാരമാണ് എന്ന് പറയുകയും ചെയ്തു.

അടുത്ത ഞായറാഴ്ച രാവിലെ ഞാന്‍ വീട്ടില്‍ ഉള്ള സമയം. പതിവ് പോലെ പച്ചക്കറി വണ്ടിയുമായി കണ്ണന്‍
എഴുത്തശ്ശന്‍ എത്തി. ഒരു മുറം എടുത്ത് അമ്മ സാധനങ്ങള്‍ വാങ്ങാനായി ചെന്നു. പച്ചക്കറി വാങ്ങുന്നതിന്നിടെ അമ്മ കുട്ടിയുടെ അസുഖം ചികിത്സ എന്നിവയെ കുറിച്ചൊക്കെ അന്വേഷിച്ചു. തലേന്ന് വൈകീട്ട് കുട്ടിയെ വീട്ടിലെത്തിച്ചുവെന്നും ഇപ്പോള്‍ ഭേദമുണ്ടെന്നും എഴുത്തശ്ശന്‍ പറഞ്ഞു. കൂട്ടത്തില്‍ മാണിക്കന്‍ പച്ചക്കറി വില്‍പ്പനക്കായി വന്നതും അവനില്‍ നിന്നും കായ്കറി വാങ്ങിയതും അമ്മ അയാളോട് പറഞ്ഞു. അതോടൊപ്പം നല്ല മനുഷ്യസ്ഥായി ഉള്ളവനാണ് അവന്‍ എന്ന് അമ്മ പറഞ്ഞപ്പോള്‍ " അതെയതെ പരമയോഗ്യനല്ലേ അവന്‍ " എന്നായി അയാള്‍. ആ വാക്കുകളില്‍ എന്തോ പന്തികേട് ഉള്ളതായി ഞങ്ങള്‍ക്ക് തോന്നി.

എനിക്ക് വിഷമം തോന്നി. ഇയാള്‍ നീരസം കാട്ടാന്‍ മാത്രം എന്ത് അബദ്ധമാണോ അവന്‍ ചെയ്തിരിക്കുന്നത്.

" അവന്‍ എന്താ ചെയ്തത് എന്ന് പറയിന്‍ "എന്ന് ഞാന്‍ ആവശ്യപ്പെട്ടു.

" പറഞ്ഞിട്ടെന്താ കാര്യം. എന്‍റെ കച്ചവടമൊക്കെ ആ കുരുത്തം കെട്ടോന്‍ തുലച്ചു" എന്ന് കണ്ണന്‍ എഴുത്തശ്ശന്‍
പറഞ്ഞു. അത് കേട്ട ഉടനെ അമ്മ ഇടപെട്ടു. കാര്യം എന്താണെന്ന് തെളിച്ച് പറയണമെന്നായി അമ്മ.

എഴുത്തശ്ശന്‍ ഏല്‍പ്പിച്ച മുഴുവന്‍ വീടുകളിലും അവന്‍ ചെന്നില്ല. ആ കാര്യം അവനോട് പ്രത്യേകം പറഞ്ഞ് ഏര്‍പ്പാടാക്കിയതാണ്. സ്ഥിരമായി ചെല്ലുന്ന വീടുകളില്‍ പോവാതിരുന്നാല്‍ അവരൊക്കെ വേറെ കുറ്റി പിടിക്കും. അതോടെ കച്ചവടവും പോകും.

" പിന്നെ " അയാള്‍ പകുതിക്ക് നിര്‍ത്തി.

" നിങ്ങളെന്തിനാ ഇടക്ക് വെച്ച് നിറുത്തുന്നത്. ബാക്കി ഉള്ളതും പറഞ്ഞോളൂ " എന്ന് അമ്മ പ്രോത്സാഹിപ്പിച്ചു.

" ആ പൊലം കെട്ടവനെ ഏല്‍പ്പിച്ചതെ തെറ്റി. അവന്‍ തോന്നിയ പോലെ വിറ്റ് കുറെ കാശും പോയി. കാട്ടിലെ മരം, തേവരുടെ ആന. വലിയെടാ വലി എന്ന് കേട്ടിട്ടില്ലെ. അവന്‍ അമ്മാതിരി പണിയാണ് കാണിച്ചത്. ഉപകാരം
ചെയ്യാനായി വേണ്ടാത്ത പണിക്ക് പോയതിന് ഇങ്ങിനെ തന്നെ അവന് കിട്ടണമെന്ന് ഞാന്‍ വിചാരിച്ചു.

"ഞാന്‍ ഒരു കാര്യം കൂടി പറയാം. സൂക്ഷിച്ചോളിന്‍. എപ്പൊ നോക്കിയാലും അവനെ ഇവിടത്തെ കുട്ടിയുടെ കൂടെയാണ് കാണാറ്. വല്ലാതെ കേറി വിശ്വസിക്കാന്‍ പോയാല്‍ അവന്‍ നിങ്ങളെ തോല്‍പ്പിക്കും " എന്നായി എഴുത്തശ്ശന്‍. അയാളുടെ മുഖത്ത് ഒരു ആട്ട് കൊടുക്കണമെന്ന് എനിക്ക് തോന്നി. മഹാപാപി. പാല് കൊടുത്ത കയ്യില്‍ കടിക്കുന്ന സര്‍പ്പം.

" ആട്ടെ, നിങ്ങള്‍ക്ക്എത്ര രൂപ നഷ്ടം വന്നു " എന്ന് അമ്മ ചോദിച്ചു.

"കറക്ട് പറയാന്‍ പറ്റില്ല. എന്നാലും പത്ത് നൂറ് ഉറുപ്പിക പോയിട്ടുണ്ടാവും " എന്നു മറുപടി കിട്ടി. അയാളോട് നില്‍ക്കാന്‍ പറഞ്ഞിട്ട് അമ്മ അകത്തേക്ക് പോയി, കയ്യില്‍ നൂറിന്‍റെ ഒരു നോട്ടുമായി വന്നു.

" ഇതാ പിടിച്ചോളിന്‍ " എന്ന് പറഞ്ഞ് അമ്മ അയാള്‍ക്ക് അത് നീട്ടി. അത് കൈപ്പറ്റാന്‍ അയാള്‍ മടിച്ചു.

"മടിക്കണ്ടാ, ഇത് വാങ്ങിച്ചോളിന്‍. മാണിക്കന്‍ വരുത്തിയ നഷ്ടത്തിന്‍റെ വകയാണ്. ഞാന്‍ അവന്‍റെ കയ്യില്‍ നിന്നും അത് വാങ്ങിച്ചോളാം " എന്നും പറഞ്ഞ് അമ്മ പണം അയാളെ ഏല്‍പ്പിച്ചു.

ആ നോട്ട് വാങ്ങി എഴുത്തശ്ശന്‍ പേഴ്സില്‍ ഇട്ടു. വണ്ടി ഉന്തി തുടങ്ങിയ അയാളോട് അമ്മ "ഒന്ന് നില്‍ക്കൂ " എന്ന്
പറഞ്ഞു.

ചോദ്യ രൂപേണ അയാള്‍ അമ്മയെ നോക്കി. " നിങ്ങള്‍ക്ക് ആളും ആള്‍ത്തരവും തീരെ അറിയില്ല. ആ ചെക്കനെ പോലെ ഒരു പരമ സാധുവിനെ ഞാന്‍ കണ്ടിട്ടില്ല. ആരുടെ സങ്കടം കണ്ടാലും ചാടി വീഴും. എന്നിട്ട് ഇതു മാതിരി അബദ്ധം പറ്റും. ഈ നില്‍ക്കുന്ന എന്‍റെ മകന്‍ നിങ്ങളെ പറ്റിച്ചു എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. പക്ഷെ മാണിക്കനെ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. അവന്‍ അത്രക്ക് പാവമാണ് " അമ്മ ഒന്ന് നിറുത്തി.

"ഒരു കാര്യം കൂടി പറയാം " അമ്മ തുടര്‍ന്നു "അവന് ഇങ്ങനെ തന്നെ കിട്ടണം. ഉച്ചവരെ മരം വെട്ടി ക്ഷീണിച്ച് നാല് വറ്റ് ചോറും കൂടി തിന്നാതെ നിങ്ങളുടെ വണ്ടിയും ഉന്തി നട്ട പൊരി വെയിലത്ത് നടന്ന് കേട് വന്ന് പോവുന്ന സാധനം വിറ്റ്കാശാക്കി തന്നല്ലോ. അതിന് ഇങ്ങനെ തന്നെ കൂലി കൊടുക്കണം. മനസ്സാക്ഷി എന്ന് പറയുന്ന സാധനം
നിങ്ങള്‍ക്ക് ഇല്ല. അതുകൊണ്ട് മേലില്‍ നിങ്ങള് ഈ വീട്ടിലേക്ക് കച്ചവടത്തിന്ന് വരണ്ട ".

അതും പറഞ്ഞ് അമ്മ അകത്തേക്ക് കയറി പോയി. എഴുത്തശ്ശന്‍ അമ്പരന്ന മട്ടില്‍ നിന്നു. പിന്നെ മെല്ലെ മെല്ലെ വണ്ടി ഉന്തി നടന്ന് തുടങ്ങി.

0 comments:

No comments:

Post a Comment