Wednesday, February 9, 2011

27. ചക്കാത്തിലൊരു സ്കൂട്ടര്‍.

Saturday, March 7, 2009


മാണിക്കന്‍ തിരിച്ചെത്തിയത് ഒരു ടി.വി. എസ് വണ്ടിയുമായാണ്. ഒരാഴ്ചത്തെ പണിക്കായി ചെട്ടിയാരുടെ കൂടെ ഉടുമലപ്പേട്ടയിലേക്ക് പോയതായിരുന്നു അവന്‍. മാസം ഒന്നു കഴിഞ്ഞിട്ടും കക്ഷിയെ കാണാനില്ലല്ലൊ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവന്‍റെ ആഗമനം.

വീടിന്‍റെ മുറ്റത്ത് വാഹനത്തിന്‍റെ ഹോണ്‍ കേട്ട് ഞാന്‍ ഇറങ്ങി വന്നതായിരുന്നു. വണ്ടി നിറുത്തി ഇറങ്ങാതെ അതില്‍ തന്നെ ഇരിക്കുകയാണ് വിദ്വാന്‍. ഞാന്‍ അടുത്തേക്ക് ചെന്നു. വണ്ടിയുടെ പഴക്കം കണ്ടാല്‍ ജാംബവാന്‍റെ മുത്തശ്ശന്‍ ഓടിച്ചിരുന്നതാണെന്നുതോന്നും ‍. പെയിന്‍റ് എല്ലാം പോയി തുരുമ്പെടുത്ത മാതിരിയുള്ള തമിഴ്നാട് റജിസ്ട്രേഷന്‍ മോപ്പഡ്. " ഈ പടു ലൊഡുക്കാസ് സാധനം നിനക്ക് എവിടുന്ന് കിട്ടി "എന്ന് ഞാന്‍ ചോദിച്ചു.

" ഇത് മര്യാദക്ക് പത്തടി ദൂരം നിറുത്താതെ ഓടുമോ ". എന്‍റെ ചോദ്യം മാണിക്കനെ ചൊടിപ്പിച്ചു. ഒരു വാഹനം വാങ്ങിയ സന്തോഷം ഞാനുമായി പങ്കുവെക്കാന്‍ വന്നതാണ് അവന്‍. അപ്പോഴാണ് എന്‍റെ ഒരു ചോദ്യം.

" നിനക്ക് ഇതിന്‍റെ ഗുണം അറിയാഞ്ഞിട്ടാണ്, വെറുതെ ഇട്ട് ചായം പോയി എന്നേയുള്ളു, നരി മാര്‍ക്കാണ് സംഗതി. രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞ് പത്തു മണിക്ക് ശേഷം ഞാന്‍ ഉടുമലപേട്ടയില്‍ നിന്നും പറപ്പെട്ടതാണ്. ഇപ്പൊ നേരം എത്രയായി' എന്നും പറഞ്ഞ് ഇടത്തെ കയ്യിലെ വാച്ചില്‍ നോക്കി അവന്‍ പറഞ്ഞു " സമയം ഇപ്പൊ മൂന്ന് പതിനേഴ് ".

ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. നൂറു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഒറ്റയടിക്ക് ഈ മോപ്പഡ് ഓടി എന്ന്എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

എന്‍റെ മുഖഭാവം ശ്രദ്ധിച്ചിട്ടാവണം മൂന്ന് കൊല്ലത്തെ പഴക്കമേ വണ്ടിക്ക് ഉള്ളൂവെന്നും സൂക്ഷ്മക്കുറവ് കാരണം ഇങ്ങിനെ ഇരിക്കുന്നു എന്നേയുള്ളുവെന്നും മാണിക്കന്‍ വിശദീകരിച്ചു.

ഈ പഹയന്‍ എവിടെ നിന്ന് ഈ ഏടാകൂടം ഒപ്പിച്ചെടുത്തു എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ അവനോട് അത് തുറന്ന് ചോദിക്കുകയും ചെയ്തു. ചെട്ടിയാര്‍ അവന്ന് അത് വെറുതെ കൊടുത്തതാണെന്നും ബുക്കും പേപ്പറും തന്‍റെ പേരിലേക്ക് മാറ്റി കഴിഞ്ഞു എന്നും കൂട്ടുകാരന്‍ വിശദീകരിച്ചു.

ഞാന്‍ ആകെക്കൂടി ചിന്താകുഴപ്പത്തിലായി. ഇവന്‍ ചെട്ടിയാരുടെ ഉടുമലപ്പേട്ടയിലുള്ള വീട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണോ എന്നു വരെ ഞാന്‍ സംശയിച്ചു. അല്ലാതെ ഇതുപോലെ വിലപിടിപ്പുള്ള വല്ലതും ആരെങ്കിലും വെറുതെ കൊടുക്കുമോ. പക്ഷെ ഇന്നുവരെ എന്തെങ്കിലും ഒരു സാധനം മാണിക്കന്‍ മാണിക്കന്‍ മോഷ്ടിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. അറിഞ്ഞു തരുന്നത് കൈനീട്ടി വാങ്ങുക എന്നല്ലാതെ , എന്തെങ്കിലും ചോദിക്കാന്‍ പോലും അവന്ന് മടിയാണ്. ഇതൊക്കെ അറിഞ്ഞിട്ടും അവനെ അവിശ്വസിച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി,

ഇതിന്നിടയില്‍ മാണിക്കന്‍ വണ്ടിയിലുള്ള പെട്ടി തുറന്നു അതിനകത്തു നിന്നും ചെറിയൊരു ഹാന്‍ഡ്ബാഗ് എടുത്തു.

" പുസ്തകം ഇതില് ഉണ്ട്, നീ വേണച്ചാല്‍ നോക്കിക്കോ " എന്നും പറഞ്ഞ് എന്‍റെ നേരെ നീട്ടി. ഞാനത് തുറന്നു നോക്കി. റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാണിക്കന്‍റെ പേര് രേഖപ്പെടുത്തിയിരിക്കുന്നു.

" നീ ഇത്തിരി വെള്ളം താ " എന്നും പറഞ്ഞ് അവന്‍ മുറ്റത്തെ കുട്ടിമതിലില്‍ ഇരുന്നു. വെയില്‍ കൊണ്ട് അവന്‍റെ മുഖം കരുവാളിച്ചിരുന്നു. ഞാന്‍ വെള്ളവുമായി തിരിച്ചു വരുമ്പോഴേക്കും അമ്മ ഉച്ച മയക്കം കഴിഞ്ഞ് ഉമ്മറത്തെത്തി. ഇതേതാ ഒരു ശകടം എന്ന അമ്മയുടെ അന്വേഷണത്തിന്ന് എല്ലാം ഒരിക്കല്‍കൂടി ആവര്‍ത്തിക്കപ്പെട്ടു. എന്നാലും ഇങ്ങിനെയൊക്കെ ആരെങ്കിലും ഒരു ദാനം ചെയ്വോ എന്ന ശങ്ക അമ്മയ്ക്കും ഉണ്ടായി.

" തമ്പ്രാട്ട്യേ, ഉണ്ടായ സംഗതി പറയാലോ എന്നും പറഞ്ഞ് മാണിക്കന്‍ കഥാപ്രസംഗത്തിലേക്ക് കടന്നു.

" നീ എന്നെ അമ്മേ എന്ന് വിളിച്ചാല്‍ മതി " എന്ന് നൂറു വട്ടം അമ്മ പറഞ്ഞാലും പിന്നേയും അവന്‍ അമ്മയെ തമ്പ്രാട്ടി എന്നേ വിളിയ്ക്കൂ. മാണിക്കന്‍ പറഞ്ഞത് ഇതാണ്. അവനെ ഉടുമലപ്പേട്ടയിലാക്കി ചെട്ടിയാര്‍ അടുത്ത ദീവസം തിരിച്ചുപോന്നു. കുറച്ചു ദിവസം കൊണ്ട് എല്ലാവരുമായി നല്ല അടുപ്പത്തിലായി. എവിടേയും കയറി ചെല്ലാം. ചെട്ടിയാരുടെ വീട്ടില്‍ വാഹനങ്ങള്‍ നിറുത്തുന്ന വലിയൊരു ഷെഡ് ഉണ്ട്. ഒരു ദിവസം അതിനകത്തേക്ക് കയറിയ മാണിക്കന്‍ അന്തം വിട്ടു. പൊടി പിടിച്ച് ആരും നോക്കാത്ത മട്ടില്‍ പല കമ്പനികളുടെ വിവിധ മോഡല്‍ പത്ത് നാല്‍പ്പതെണ്ണം അതിനകത്ത് നില്‍ക്കുന്നു. അതൊക്കെ വില്‍ക്കാനായി നിറുത്തിയതാണെന്നാണ് തോന്നിയത്. ഷെഡില്‍ പൊടി തട്ടിക്കൊണ്ടു നിന്ന തമിഴന്‍ അതെല്ലാം തന്നെ പലപ്പോഴായി ആ വീട്ടിലെ ആളുകള്‍ വാങ്ങിയതാണെന്നും, പുതിയതൊന്ന് കണ്ടാല്‍ ഉള്ളതിനെ നിറുത്തി അത് വാങ്ങുമെന്നും, അതാണ് ഇത്രയേറെ വാഹനങ്ങള്‍ എന്നും അവനെ അറിയിച്ചു.

" അവരുക്ക് എന്നാ, യക്കചെക്കമാന പണമിരുക്ക്, എതു വേണാലും വാങ്ങലാം " എന്ന് ന്യായീകരിക്കുകയും ചെയ്തു. ചിലപ്പോള്‍ എട്ട് പത്ത് വാഹനങ്ങള്‍ കാണുമായിരിക്കുമെന്ന് ഞാന്‍ അനുമാനിച്ചു. മാണിക്കന്‍ എന്തും കുറെ കൂട്ടിയാണ് പറയുക.

കുറെ കൂടി വെള്ളം കുടിച്ച് മാണിക്കന്‍ കഥ തുടര്‍ന്നു. അതിന്നു ശേഷം ഒഴിവ് കിട്ടുമ്പോഴെല്ലാം മാണിക്കന്‍ ഷെഡ്ഡിനകത്ത് കയറി വാഹനങ്ങള്‍ നോക്കി നില്‍ക്കും. വല്ല കീറത്തുണിയും എടുത്ത് അവയിലെ പൊടിതട്ടി വൃത്തിയാക്കും. സത്യം പറയാലോ, അതില്‍ ഒരെണ്ണം നിനക്ക് ഒപ്പിച്ചെടുത്താല്‍ , എപ്പോഴെങ്കിലും പുറകില്‍ കയറി പോകാമല്ലോ എന്ന് ആലോചിച്ചിട്ടുണ്ട്. ഒരു ദിവസം അങ്ങിനെ വണ്ടികളീലെ പൊടിതട്ടി നില്‍ക്കുമ്പോഴുണ്ട്, തലേന്ന് അവിടെ എത്തിയ ചെട്ടിയാര്‍ അവനെ അന്വേഷിച്ച് കടന്നു വരുന്നു. അതിനകത്ത് കയറിയത് ചെട്ടിയാര്‍ക്ക് ഇഷ്ടക്കേട് ആവുമോ എന്ന് പരിഭ്രമിച്ചു. എന്നാല്‍ അതല്ല ഉണ്ടായത്.

" ടേയ്,മാണിക്കാ, ഉനക്ക് ബൈക്ക് വേണുമാ " എന്ന ചെട്ടിയാരുടെ ചോദ്യത്തിന്ന് വേണ്ടാ എന്ന മട്ടില്‍ തലയാട്ടി.

"പറവായില്ലെടാ, ഉനക്ക് പുടിച്ചത് എടുത്തുക്കോ " എന്ന് പറയുന്നത് കേട്ട് സ്വബോധം നഷ്ടപ്പെട്ട മാതിരിയായി മാണിക്കന്. ഒന്നും മിണ്ടാതെ നിന്ന അവനോട് " നീ എന്നോടെ പുള്ളയുടെ ഉയിര് കാപ്പാത്തിയവനാക്കും. അതുക്കപ്പുറം എന്നെടാ ഉതവി . നീ ഏതാവത് എട് " എന്ന് ചെട്ടിയാര്‍ പറഞ്ഞപ്പോള്‍, താന്‍ മുമ്പ് ചെയ്ത പ്രവര്‍ത്തിക്ക് നല്‍കുന്ന പ്രതിഫലമാണ് ആ വാക്കുകളെന്ന് മാണിക്കന്ന് മനസ്സിലായി.

പെട്ടെന്ന് ആ സംഭവം ഞങ്ങളുടെ മനസ്സിലെത്തി. തുലാവര്‍ഷക്കാലത്തെ വെള്ളപ്പൊക്കം. പഴമക്കാര്‍ തുലാ കാവേരിയെന്ന് പറയും. പുഴയില്‍ നല്ല കുത്തിയൊഴുക്ക് ഉണ്ട്. വീട്ടുകാര്‍ അറിയാതെ ചൂണ്ടയുമായി മീന്‍പിടിക്കാനെത്തിയതായിരുന്നു ചെട്ടിയാരുടെ മക്കള്‍. ഒരു കൂട്ട നിലവിളി കേട്ട് റോഡിലൂടെ സൈക്കിളില്‍ പോയ മാണിക്കന്‍ ഓടിവന്നപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍ വീണ ഒരു കുട്ടി ഒഴുകി പോകുന്നതാണ് കണ്ടത്. കാണികള്‍ എല്ലാവരും പരിഭ്രമിച്ച് നോക്കി നില്‍ക്കേ മാണിക്കന്‍ സധൈര്യം പുഴയിലേക്ക്എടുത്ത് ചാടി. ഒരു കയ്യില്‍ ചെറിയൊരു പെണ്‍കുട്ടിയും ആയിട്ടാണ് കരയ്ക്ക് കയറി വന്നത്. ഉടനെ ആസ്പത്രിയിലെത്തിച്ചതിനാല്‍ കുട്ടി രക്ഷപ്പെട്ടു.

രണ്ട് ആണ്‍കുട്ടികള്‍ക്ക് ശേഷം പിറന്ന ഓമന പെണ്ണാണ് അവള്‍ . അന്ന് ചെട്ടിയാര്‍ കനത്ത പ്രതിഫലം മാണിക്കന് കൊടുക്കാനിരുന്നതാണ്. പക്ഷെ അവന്‍ അത് നിരസിച്ചു. കാശും പണവും ഒന്നും കണക്കാക്കി ഒരാളും ആരേയും സഹയിക്കാന്‍ പാടില്ല എന്നാണ് അവന്‍റെ തത്വം. പിന്നീട് ഇടക്കിടക്ക് ചെട്ടിയാര്‍ മാണിക്കനെ പണിക്ക് വിളിക്കും. വിശ്വസ്തനായ ആളാണെന്ന് ബോദ്ധ്യം വന്നതോടെ ചെട്ടിയാര്‍ അവനെ ഒരു കുടുംബാംഗത്തെ പോലെ പല ദിക്കിലേക്കും കൂട്ടിക്കൊണ്ട് പോവാന്‍ തുടങ്ങി.

വാഹനം എടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒരുപാട് ശ്രമിച്ചു. കഴിഞ്ഞില്ല. അത്ര അധികം നിര്‍ബന്ധിച്ചു. ഒടുവില്‍ ഇത് എടുക്കേണ്ടി വന്നു.മാണിക്കന്‍ പറഞ്ഞു നിര്‍ത്തി. നീ ഇത് ഒന്ന് ഓടിച്ച് നോക്ക് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ കയറി മുറ്റത്ത് ഒരു വട്ടം ഓടിച്ചു. കാണുന്നതു പോലെയല്ല, വാഹനം കൊള്ളാമല്ലോ എന്ന് തോന്നുകയും ചെയ്തു.

അപ്പോഴാണ് " നിനക്കും ഞാന്‍ പഴയത് ഒന്ന് ശരിപ്പെടുത്തിയിട്ടുണ്ട്. കൈനീട്ടം കാശ് കൊടുത്തല്‍ മതി. ചെട്ടിയാര്‍ വരുമ്പോള്‍ അത് കൊണ്ടു വരും " എന്ന് മാണിക്കന്‍ പറയുന്നത്. എനിക്ക് തല ചുറ്റുന്നതായി തോന്നി . ഓര്‍ക്കാപ്പുറത്ത് ഒരു വാഹനം കിട്ടുകയോ. അതും തീരെ കുറഞ്ഞ വിലയ്ക്ക്.

" ഞാന്‍ നിനക്കാണെന്ന് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഒന്നും വാങ്ങിയില്ല എന്നും വരും " എന്നായി മാണിക്കന്‍. എനിക്ക് അത് അത്ര വിശ്വാസമായില്ല. ചെട്ടിയാരുടെ കുട്ടികള്‍ക്ക് ഞാന്‍ ട്യൂഷന്‍ എടുക്കുന്നുണ്ട്. അല്ലാതെ മാണിക്കനെ പോലെ എനിക്ക് അയാളോട് വലിയ അടുപ്പമൊന്നുമില്ല.

ചെട്ടിയാരുടെ അരുമ സന്താനങ്ങളെ പഠിപ്പിക്കാനുള്ള ദൌത്യം മാണിക്കനാണ് എന്‍റെ ചുമലില്‍ ഏറ്റി വെച്ചത്. അന്വേഷണത്തില്‍ മഹാ കുസൃതികളായ പിള്ളേര്‍. ഞാനല്ല, സാക്ഷാല്‍ സരസ്വതി ദേവി അവതരിച്ച് പഠിപ്പിച്ചാലും നന്നാവാത്ത വക. ആ പരിപാടിയില്‍ നിന്നും ഞാന്‍ ഒഴിവാകാന്‍ കിണഞ്ഞ് പരിശ്രമിച്ചു. മാണിക്കന്‍ അമ്മയെ സ്വാധീനിച്ചു. " അവന്‍ നിന്നെ കൂട്ടി ചെല്ലാമെന്ന് വാക്ക് കൊടുത്തതല്ലേ , പോരാത്തതിന്ന് അവരൊക്കെ വലിയ ആള്‍ക്കാരും. നാളെ എന്തിനെങ്കിലും കയ്യും നീട്ടി ചെല്ലേണ്ടിവന്നാലോ , പിന്നെ വിദ്യാധനം കൊടുക്കും തോറും ഏറി വരികയല്ലേ ചെയ്യുക. അതു കൊണ്ട് എന്‍റെ കുട്ടി പത്ത് ദിവസം ചെന്ന് നോക്ക്, പറ്റില്ലെങ്കില്‍ പിന്നെ പോവണ്ടാ " എന്നും പറഞ്ഞ് അമ്മ തീര്‍പ്പ് ആക്കിയതോടെ എനിക്ക് അനുസരിക്കാതെ പറ്റില്ലെന്നായി.

എന്തു കൊണ്ടോ പിള്ളേര്‍ എന്‍റെ മുമ്പില്‍ നല്ല കുട്ടികളായി. ഞാന്‍ അവരോട്കളിച്ച് ചിരിച്ച് സ്നേഹത്തോടെ പെരുമാറി. ചെട്ടിയാരുടെ രണ്ടില്‍ പഠിക്കുന്ന മകള്‍ പഠിപ്പിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ എന്‍റെ മടിയില്‍ കയറി ഇരിക്കും. മരണത്തില്‍ നിന്നും തപ്പിച്ച് വന്നവള്‍ ആണ് ആ കുട്ടി. അവളുടെ സന്തോഷത്തില്‍ കവിഞ്ഞ് ആ വീട്ടില്‍ മറ്റൊന്നിനും സ്ഥാനമില്ല. പാട്ടിയമ്മ എന്നോട് " വാദ്ധ്യാരേ, അവള്‍ ചിന്ന കുളന്തയാക്കും. അവളോടെ വിളയാട്ടത്തെ തപ്പാ എടുത്തിടാതുങ്കോ " എന്ന് ആശ്വസിപ്പിക്കും. ഒരു അനുജത്തി ഇല്ലാത്ത ഞാന്‍ അതൊക്കെ സന്തോഷത്തോടെ സഹിക്കും.

മാഷേ എന്ന് വിളിക്കുന്നതിന്ന്പകരം പിള്ളേര്‍ വാദ്ധ്യാരണ്ണാ എന്നാണ് വിളിക്കുക. എനിക്ക് കാപ്പിയും പലഹാരങ്ങളും കൊണ്ടു വന്നു തരാന്‍ എല്ലാവര്‍ക്കും ബഹു ഉഷാറാണ്. കുറച്ച് ദിവസത്തിന്നുള്ളില്‍ അവര്‍ നല്ല അനുസരണയോടെ പെരുമാറി തുടങ്ങി. എനിക്ക് മുമ്പ് ഉണ്ടായിരുന്ന ട്യൂഷന്‍ മാസ്റ്റര്‍മാര്‍ തോറ്റ് പിന്‍വാങ്ങിയ സ്ഥലത്ത് എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നെ ഒരു ദിവസം കണ്ടില്ലെങ്കില്‍ പിള്ളേര്‍ അന്വേഷിച്ച് വീട്ടിലെത്തും. അര കൊല്ല പരീക്ഷ കഴിഞ്ഞപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി കുട്ടികള്‍ എല്ലാ വിഷയങ്ങളിലും ജയിച്ചു. അന്ന് ചെട്ടിയാര്‍ പഠിപ്പിക്കുന്ന മുറിയില്‍ വന്ന് എന്നോട് " രൊമ്പ താങ്ക്സ് " എന്ന് പറഞ്ഞു. ദീപാവലിക്ക് മധുരപലഹാരങ്ങളോടൊപ്പം എനിക്ക് ഷര്‍ട്ടും പാന്‍റും വാങ്ങി കൊടുത്തയച്ചു.

ചെട്ടിയാരുടെ അമ്മ ഞാന്‍ പഠിപ്പിക്കുന്നത് വരാന്തയിലിരുന്ന് കേഴ്ക്കും. ഇടക്ക് പിള്ളേര്‍ കഥ പറയണമെന്ന് ആവശ്യപ്പെടും. അവര്‍ അടങ്ങി ഒതുങ്ങി ഇരിക്കാനായി ഞാന്‍ കഥ പറഞ്ഞു കൊടുക്കും. ഒരു ദിവസം ഹനുമാന്‍ സ്വാമിയുടെ കഥയാണ് പിള്ളേര്‍ക്ക് പറഞ്ഞു കൊടുത്തത്. അതുകേട്ട് " പശങ്ങളുക്ക് ഇന്ത മാതിരി കഥ മട്ടും താന്‍ ചൊല്ലി കൊടുക്ക വേണ്ടിയത് " എന്ന് പാട്ടിയമ്മ അഭിപ്രായപ്പെട്ടു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ " നോക്കിക്കോ, നാളെ നിനക്കുള്ള വണ്ടിയുടെ വിവരം അറിയാം" എന്നും പറഞ്ഞ് മാണിക്കന്‍ മോപ്പഡ് ഓടിച്ചു പോയി.

ഉടുമലപ്പേട്ടക്ക് രണ്ടു ദിവസത്തെ ഒഴിവില്‍ പോയ ശിഷ്യഗണം എത്താത്തതിനാല്‍ അന്ന് ട്യൂഷന്‍ ഇല്ല. വാഹനത്തെ പറ്റി ചിന്തിച്ചു തന്നെ ഞാന്‍ സമയം കഴിച്ചുകൂട്ടി. ഇവന്‍ പറഞ്ഞതു പോലെ ചെട്ടിയാര്‍ എനിക്ക് ബൈക്ക് തരുമോ, അയാള്‍ തന്നാല്‍ തന്നെ അച്ഛന്‍ അത് വാങ്ങാന്‍ സമ്മതിക്കുമോ എന്നൊക്കെ ആയി ആലോചന. ചെട്ടിയാര്‍ക്ക് മാണിക്കനോട് കടപ്പാട് ഉണ്ട്. പക്ഷെ എന്നോടോ. ഞാന്‍ ഫീസ് വാങ്ങി കുട്ടികളെ പഠിപ്പിക്കുന്ന വെറുമൊരു ട്യൂഷന്‍ മാസ്റ്റര്‍. അപ്പോള്‍ എങ്ങിനെ രണ്ടുപേരേയും ഒരുപോലെ കാണാനാവും.

ഇതിന്നിടയിലും ഞാന്‍ ബൈക്കില്‍ കയറി ഓടിച്ച് പോവുന്ന പല പല ദൃശ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയിരുന്നു. എന്‍റെ ആലോചന അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍" കുട്ടി വെറുതെ ഓരോന്ന് ആലോചിച്ച് മനസ്സ് പുണ്ണാക്കേണ്ട. അയാള്‍ തന്നില്ലെങ്കിലും അമ്മ അച്ഛനോട്പറഞ്ഞ് പഴയത് ഒന്ന് വാങ്ങിത്തരാം" എന്ന് അമ്മ പറഞ്ഞു.

വായനശാലയില്‍ മാണിക്കന്‍ വന്നില്ല. കിട്ടാന്‍ ഇടയുള്ള വാഹനത്തെ പറ്റി കൂടുതല്‍ അറിയണമെന്ന മോഹം മനസ്സില്‍ നിറഞ്ഞിരിക്കുകയാണ്. എനിക്കാണെങ്കില്‍ വിവരങ്ങള്‍ അറിയാതെ ആകെകൂടി ഒരു ഉഷാറും തോന്നിയില്ല. എങ്ങിനെയെല്ലാമോ സമയം കഴിച്ചുകൂട്ടി. വീട്ടിലെത്തുമ്പോഴേക്കും അച്ഛന്‍ എത്തിയിരിക്കുന്നു. ഉമ്മറത്ത് ചെരിപ്പ് ഇരിപ്പുണ്ട്. ശബ്ദം ഉണ്ടാക്കാതെ മുറ്റത്തു തന്നെ നിന്നു. ഞാന്‍ ഊഹിച്ചത് ശരി തന്നെ. അച്ഛനും അമ്മയും കൂടി മാണിക്കന്‍ പറഞ്ഞ കാര്യം ചര്‍ച്ച ചെയ്യുകയാണ്. അത്ര നേരം വരെ അവര്‍ എന്താണ് സംസാരിച്ചത് എന്ന്എനിക്കറിയില്ല. പക്ഷെ ആ സമയത്തെ അച്ഛന്‍റെ വാക്കുകള്‍ ഇങ്ങിനെ ആയിരുന്നു. " കുറെ കാലമായി ഞാനും ഇത് നിരീക്കുന്നു. വൈകുന്നേരം ബസ്സില്‍ തൂങ്ങിപിടിച്ച് എത്തിയിട്ട് ഇങ്ങോട്ട് നടക്കാന്‍ ഒരു മടി. ക്ഷീണം കൊണ്ടാണെന്ന് കൂട്ടിക്കോളു. ഒരു വണ്ടി വാങ്ങികൊടുത്താല്‍ അവന്‍ അതില്‍ കയറ്റി ഇവിടെ എത്തിക്കുമല്ലൊ. പിന്നെ അവന്‍റെ ഈ പ്രായത്തിലല്ലേ കാറും മോട്ടോര്‍ സൈക്കിളും ഒക്കെ വേണമെന്ന ആഗ്രഹം തോന്നുക ".

രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ സ്വപ്നങ്ങള്‍ കാണുകയായിരുന്നു. പിറ്റേന്ന് രാവിലെ അച്ഛന്‍ എന്നെ വിളിച്ചു. ഒരു സെക്കന്‍റ് ഹാന്‍റ് സ്കൂട്ടറിന്ന്എന്ത് വില വരും എന്ന് എന്നോട് ചോദിച്ചു. നല്ലവണ്ണം അന്വേഷിച്ചിട്ട് മതി, ധൃതിയൊന്നും വേക്കേണ്ടെന്നും പറഞ്ഞു.

ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞ് എത്തിയപ്പോള്‍ രാവിലെ തന്നെ ശിഷ്യന്മാര്‍ വന്നിരുന്നു എന്നും വലിയൊരു പൊതി മധുരപലഹാരങ്ങളും ഒരു സഞ്ചി നിറയെ മാമ്പഴങ്ങളും തന്നിട്ട് പോയി എന്നും അമ്മ പറഞ്ഞു. ഞാന്‍ ട്യൂഷന്‍ എടുക്കാന്‍ പോവുന്നതിന്ന് മുമ്പായി മാണിക്കന്‍ എത്തി. വന്നതും അവന്‍ പറഞ്ഞത് " ചെട്ടിയാരുടെ മിനി ലോറിയില്‍ സാധനം എത്തിയിട്ടുണ്ട്. അധികം പുതിയ വണ്ടിയൊന്നുമല്ല. അതാവുമ്പോള്‍ നമ്മള്‍ നല്ല വില കൊടുക്കേണ്ടതായിവരും. ഇത് ചെട്ടിയാരുടെ പെങ്ങള്‍ പണ്ട് ഏതോ കാലത്ത് ഉപയോഗിച്ച് മുക്കിലിട്ടതാണ്. ചില്ലാനം കാശ് മുടക്കിയാല്‍ നിനക്ക് കുറെ കാലം ഓട്ടിക്കാം " എന്നായിരുന്നു.

എനിക്ക് ഉണ്ടായ സന്തോഷത്തിന്ന് അതിരില്ല. പതിവിലും നേരത്തെ ട്യൂഷന്‍ എടുക്കാന്‍ ഞാന്‍ ഇറങ്ങി. മാണിക്കന്‍റെ കൂടെ മോപ്പഡിലാണ് പോയത്. ചെട്ടിയാരുടെ കാര്‍പോര്‍ച്ചില്‍ ഒരു ഓരത്തായി നിറം മങ്ങി അവലക്ഷണം പിടിച്ചതു പോലെ ഒരു കൈനെറ്റിക് ഹോണ്ട നില്ക്കുന്നു, എന്നെ പ്രതീക്ഷിച്ചും കൊണ്ട്.

0 comments:

No comments:

Post a Comment