Wednesday, February 9, 2011

29. കാത്തിരിപ്പിന്‍റെ നാളുകള്‍ .

Saturday, March 14, 2009


ചിനക്കത്തൂര്‍ പൂര സ്ഥലത്തു നിന്ന് ഞാന്‍ വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ ജോലി കഴിഞ്ഞ് എത്തിയിരുന്നു. ഉമ്മറത്ത് അച്ഛനും അമ്മയും ഇരുന്ന് മാണിക്കന്‍ കൊടുത്ത ചക്ക ചുളപ്പറിച്ച് തിന്നുകയാണ്. എന്നെ കണ്ടതും ഇത്ര പെട്ടെന്ന് വേല കഴിഞ്ഞ് എത്തിയോ എന്ന് ഒരു ചോദ്യം. ഞാന്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചു.

" എട പൊട്ട പ്രാന്താ, അയ്യയ്യോ എന്ന് ആളുകള്‍ വിളിച്ചു കൂവുന്നത് ചടങ്ങാണ് , അല്ലാതെ തമ്മില്‍ തല്ല് ഒന്നും ഉണ്ടായിട്ടല്ല " എന്ന് അച്ഛന്‍ പറഞ്ഞു. ഈ കാര്യം മാണിക്കന്‍ പറഞ്ഞു തന്നതായി ഞാന്‍ പറഞ്ഞു. പ്രശ്നം അതല്ല, ആന വിരണ്ടതാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, വേലപ്പറമ്പില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം പറയുന്നതാണ്, അതെന്നും, നീ പേടിപൊണ്ണനായതു കൊണ്ട് കേട്ട പാതി കേഴ്‌ക്കാത്ത പാതി പേടിച്ച് സ്ഥലം വിട്ടതാണെന്നും അച്ഛന്‍ പറഞ്ഞു. " നിങ്ങളുടെ അല്ലേ മകന്‍, പാമ്പ് എന്ന് കേട്ടാല്‍ പേടിച്ച് അകത്ത് കയറി ഇരിക്കാറില്ലേ നിങ്ങള്. ഇന്നു വരെ ഒരു പാമ്പിനെ തല്ലി കൊന്നിട്ടുണ്ടോ " എന്ന് അമ്മ എന്നെ ന്യായീകരിച്ചു.

" ഞാന്‍ കൊല്ലാത്തതേ , സര്‍പ്പകോപം വരരുത് എന്നു വെച്ചിട്ടാ " എന്നായി അച്ഛന്‍. അമ്മക്ക് അത് ബോധിച്ചില്ല. "പിന്നെ പിന്നെ, സര്‍പ്പകോപം എന്നും പറഞ്ഞ് നാട്ടില്‍ ആരും പാമ്പിനെ കൊല്ലാറില്ല " എന്ന് അമ്മ. "എനിക്ക് മനസ്സില്ല " എന്നും പറഞ്ഞ് അച്ഛന്‍ ആ വിഷയം അവസാനിപ്പിച്ചു.

ഞാന്‍ അകത്ത് കയറി. ഷര്‍ട്ടും മുണ്ടും മാറ്റി വരുമ്പോഴും ചക്ക തിന്നല്‍ അവസാനിച്ചിട്ടില്ല.

" ആട്ടെ, പൂരം കാണണമെന്ന് വാശിപിടിച്ച് പോയിട്ട് വല്ലതും കാണ്വണ്ടായോ " എന്ന് അമ്മ ചോദിച്ചു. ഞാന്‍ , നെറ്റിപ്പട്ടം കെട്ടിയ ആനകള്‍ , വാദ്യഘോഷങ്ങള്‍ , കാളകളി തുടങ്ങി കണ്ട കാഴ്ച്ചകളൊക്കെ വര്‍ണ്ണിച്ചു. " മിടുമിടുക്കന്‍. കണ്ടതിനെ കുറിച്ച് നല്ല ഗ്രഹിതംണ്ട്. എടാ, പൊട്ടച്ചാരെ, നീ കണ്ടത് കുതിരകളിയാണ്. അലങ്കരിച്ച ഇരട്ടകാളകളെ എഴുന്നള്ളിക്കുകയാണ് ചെയ്യുക " എന്ന് അച്ഛന്‍ തിരുത്തി.

" അത് എനിക്ക് അറിയില്ല, എല്ലാം മാണിക്കന്‍ പറഞ്ഞു തന്നതാണ് " എന്നും പറഞ്ഞ് പറ്റിയ അബദ്ധത്തിന്‍റെ ഉത്തരവാദിത്വം ഞാന്‍ മാണിക്കന്‍റെ ചുമലിലാക്കി. അത് കേട്ടതും മാണിക്കന്‍ എത്തിയോ എന്ന് അമ്മ ആരാഞ്ഞു. ഞാന്‍ കൂട്ടം വിട്ടു പോയതും , ഒറ്റക്ക് വന്നതുമെല്ലാം അവരെ അറിയിച്ചു. അപ്പൊ അവന്‍റെ കൂടെ ടി വീ എസ്സില്‍ പോണൂ എന്നാണല്ലോ അവന്‍ പറഞ്ഞത് എന്ന് അമ്മ പറഞ്ഞു. അവന്‍റെ പുറകിലിരുന്ന് പോവാനുള്ള മടി കാരണം ആ പരിപാടി മാറ്റി എന്ന് ഞാന്‍ പറഞ്ഞു. " അത് ഏതായാലും നന്നായി " എന്ന് അച്ഛന്‍ സമ്മതിക്കുകയും
ചെയ്തു.

അപ്പോഴാണ് അമ്മ, മാണിക്കന്‍ വണ്ടി പെയിന്‍റ് ചെയ്ത കാര്യം അവതരിപ്പിച്ചത്. "കേമായിട്ടുണ്ട് കാണാന് " എന്ന് അമ്മ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവന്‍ ഒപ്പിച്ചത് ശുദ്ധ കോമാളിത്തം ആണെന്ന് പറഞ്ഞ് പെയിന്‍റ് ചെയ്ത കോലം ഞാന്‍ വിസ്തരിച്ച് അച്ഛനെ അറിയിച്ചു. മൂപ്പര് കുലുങ്ങി ചിരിച്ചു.

" പ്രാന്തന്‍ , അവനെ ഞനൊന്ന് കാണട്ടെ, ലോകത്ത് ഏതെങ്കിലും മോപ്പഡ് ഈ വിധത്തില്‍ പെയിന്‍റ് ചെയ്ത് കണ്ടിട്ടുണ്ടോ എന്ന് അവനോട് ചോദിക്കണം " എന്ന് അച്ഛന്‍ പറയുകയും ചെയ്തു.

"പാവം, ആ ചെക്കന് പഠിപ്പും വിവരവും ഇല്ലാത്തതു കൊണ്ടല്ലേ, എന്നാലും നിങ്ങളൊക്കെ പറയുന്ന മാതിരി ഗോഷ്ടിത്തം ഒന്നും എനിക്ക് തോന്നിയില്ല " എന്ന് അമ്മ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നിന്നു.

" എന്നാല്‍ ഒരു കാര്യം ചെയ്യൂ,നമ്മടെ പുത്രന്‍ ഒരെണ്ണം ഇവിടെ കൊണ്ടു വന്ന് വെച്ചിട്ടുണ്ടല്ലോ, അതിനെ കൂടി അവന്‍റെ കയ്യില്‍ ചായം പൂശാന്‍ കൊടുത്തോളൂ " എന്ന് അച്ഛന്‍ അഭിപ്രായപ്പെട്ടു.

ഞാന്‍ തൊഴുത്തിന്‍റെ ഇറപ്പില്‍ വെച്ച സ്കൂട്ടറിലേക്ക് നോക്കി. ചെട്ടിയാരുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു വെച്ച അതേപടി ഇരിപ്പാണ് ആ സാധനം. ലോറിയില്‍ അത് കൊണ്ടു വന്ന ദിവസം തന്നെ എന്നോട്എടുത്തു കൊണ്ടു പോയിക്കോളാന്‍ ചെട്ടിയാരുടെ അമ്മ പറഞ്ഞിരുന്നതാണ്. എന്നാല്‍ പണം ഒന്നും കൊടുക്കാതെ ആ വാഹനം സ്വന്തമാക്കാന്‍ എനിക്ക് മടി തോന്നി. ആരുടെ മുതലും വെറുതെ കൈവശപ്പെടുത്താന്‍ പാടില്ല എന്ന് അച്ഛന്‍ പറയാറുള്ളത് ഞാനോര്‍ത്തു. അപ്പോള്‍ എനിക്ക് ഒരു സൂത്രം തോന്നി. നല്ല ദിവസം നോക്കി എടുക്കാമെന്ന് ഞാന്‍ പറഞ്ഞത് അവര്‍ക്ക് ബോദ്ധ്യമാവുകയും ചെയ്തു.

എന്തെങ്കിലും ഒരു സംഖ്യ കൊടുത്താല്‍ മതി എന്ന് മാണിക്കന്‍ പലകുറി പറഞ്ഞുവെങ്കിലും ഒരു മര്യാദ വില കണക്കാക്കി രണ്ടായിരത്തി അഞ്ഞൂറു രൂപ കൊടുക്കാന്‍ ഞാന്‍ നിശ്ചയിച്ചു. ട്യൂഷന്ന് ചെന്നപ്പോള്‍ ഞാന്‍ അഞ്ഞൂറിന്‍റെ അഞ്ച് നോട്ടുകള്‍ ചെട്ടിയാരുടെ അമ്മയെ ഏല്‍പ്പിച്ചു.

" എതുക്ക് വാദ്ധ്യാരെ ഇന്ത പണം " എന്ന ചോദ്യത്തിന്ന് "സ്കൂട്ടറിന്‍റെ വിലയാണ് " എന്ന് ഞാന്‍ പറഞ്ഞു.

" നീങ്കളേ ഇത് വെച്ചുക്കോ " എന്ന് പാട്ടിയമ്മ പറഞ്ഞുവെങ്കിലും ഞാന്‍ അത് സമ്മതിച്ചില്ല. തള്ള മകനെ വിളിച്ച് വിവരം പറഞ്ഞു. വെറുതെ വാങ്ങിയാല്‍ അച്ഛന്‍ ദേഷ്യപ്പെടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പണം വാങ്ങി , അതില്‍ നിന്നും രണ്ടു നോട്ടുകള്‍ തിരിച്ചു തന്ന് " ഇത് പോതും " എന്ന് പറഞ്ഞ് സ്കൂട്ടറിന്‍റെ ചാവി കയ്യില്‍ തന്നു.

ഒരാഴ്ചയ്ക്കകം വണ്ടി എന്‍റെ പേരില്‍ മാറ്റി ബുക്കും പേപ്പറുകളും തരാമെന്നു പറയുകയും ചെയ്തു. കുറെ നേരത്തെ അത്യദ്ധ്വാനത്തിന്ന് ശേഷമാണ് വാഹനം സ്റ്റാര്‍ട്ട് ആയത്. ബാറ്ററി തീരെ ഇല്ല. അതിനാല്‍ ബട്ടന്‍ അമര്‍ത്തിയപ്പോള്‍ ഒന്നും സംഭവിച്ചില്ല. ചവിട്ടി ചവിട്ടി മടുത്തപ്പോള്‍ , മാണിക്കന്‍ എന്നെ സ്കൂട്ടറില്‍ ഇരുത്തി, പാതയിലൂടെ പല ചാല്‍ ഉന്തിക്കൊണ്ട് ഓടി. ഒടുവില്‍ കുറെ വെള്ളപുക പുറത്ത് വിട്ട് അതിന്ന് ജീവന്‍ വീണു. വാഹനം ഓടി തുടങ്ങിയതും ഇത് കാണുന്നത് പോലെയല്ല, ഉഗ്രനാണല്ലോ എന്ന് ഞങ്ങള്‍ക്ക് തോന്നി.

ചെട്ടിയാരുടെ വീട്ടില്‍ നിന്നും തന്ന ഒരു കാന്‍ നിറയെ പെട്രോള്‍ ഏകദേശം തീരാറാവും വരെ ഞാനും മാണിക്കനും
സ്കൂട്ടര്‍ ഓടിച്ച് രസിച്ചു. ഇരുട്ട് പരന്നപ്പോഴാണ് അതുമായി വീട്ടിലേക്ക് തിരിച്ചത്. അച്ഛന്‍ ജോലി കഴിഞ്ഞു വന്നതും ഞാന്‍ സ്കൂട്ടറിന്നടുത്തേക്ക് കൂട്ടിക്കോണ്ടു പോയി.

" ഇതെന്താ കോഴിയെ അണവെച്ച ഇടത്തു നിന്നും പെറുക്കി കൊണ്ട് വന്നതാണോ " എന്ന് മൂപ്പര്‍ അതൃപ്തി പ്രകടിപ്പിച്ചു. വര്‍ക്ക് ഷോപ്പില്‍ കൊടുത്ത് റിപ്പയര്‍ ചെയ്ത് പെയിന്‍റ് അടിക്കണമെന്ന എന്‍റെ ആവശ്യം "ഗോപി വന്ന് നോക്കി നന്ന് എന്ന് പറഞ്ഞാല്‍ മാത്രം പണം ചിലവാക്കിയാല്‍ മതി " എന്ന അച്ഛന്‍റെ തീരുമാനത്തിന്നു മുമ്പില്‍ തല്‍ക്കാലം മാറ്റി വെച്ചു.

അമ്മ അകത്തേക്ക് പോയി. അച്ഛന്‍ മേല്‍ കഴുകാനായി കുളത്തിലേക്കും. എന്തുകൊണ്ടോ അച്ഛന്‍ എന്നെ തുണക്ക് വിളിച്ചില്ല. ഞാന്‍ തൊഴുത്തിന്നടുത്തേക്ക് ചെന്നു. വൈക്കോല്‍ ഇട്ടു കൊടുക്കാന്‍ വന്നതാണെന്ന് കരുതി കിടന്നിരുന്ന പശു എഴുന്നേറ്റ് നിന്നു. ഞാന്‍ എന്‍റെ സ്കൂട്ടറിന്നടുത്ത് ചെന്നു. മക്കളെ വാത്സല്യത്തോടെ തലോടുന്ന അമ്മമാരെ പോലെ ഞാന്‍ സ്കൂട്ടറിന്‍റെ സീറ്റിലൂടെ പതുക്കെ തടവി. പണിതീര്‍ത്ത് പുത്തന്‍ പോലെ ആക്കിയ ശേഷം, ഈ വാഹനത്തില്‍ ട്യൂട്ടോറിയലിലേക്ക് പോവുന്ന രംഗം എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.

" എന്താടാ ഇരുട്ടത്ത് നില്‍ക്കുന്നത് " എന്ന് അമ്മ ചോദിച്ചു. അമ്മയ്ക്ക് കാര്യം മനസ്സിലായിരിക്കും. ഉണ്ണാന്‍ ഇരുന്നപ്പോള്‍ " ഞായറാഴ്ച രാധയും ഗോപിയും കുട്ടികളും വരു " മെന്ന് അമ്മ പറഞ്ഞു. അന്ന് സ്കൂട്ടറിന്ന് ശാപമോക്ഷം കിട്ടുമെന്ന് ഞാന്‍ കണക്കാക്കി. ഞായറാഴ്ച രാവിലെ തന്നെ അവരെത്തി. ഞാന്‍ ചേച്ചിയോട് എങ്ങിനേയെങ്കിലും അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ ഗോപ്യേട്ടനോട് പറയണമെന്ന് ആവശ്യപ്പെട്ടു.

" വേണച്ചാല്‍ നീ തന്നെ പറഞ്ഞോ" എന്നും പറഞ്ഞ് ചേച്ചി എന്‍റെ ആവശ്യം നിരാകരിച്ചു.

മുറ്റത്ത് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം കേട്ട് ഞാന്‍ ഓടി ചെല്ലുമ്പോള്‍, ഗോപിയേട്ടന്‍ ആക്സിലറേട്ടര്‍ കൊടുത്ത് എഞ്ചിന്‍ റൈസ് ചെയ്യുന്നു. അച്ഛന്‍ അടുത്തുതന്നെ നോക്കി നില്ക്കുന്നുണ്ട്. അച്ഛനെ പുറകിലിരുത്തി ഗോപിയേട്ടന്‍ സ്കൂട്ടറുമായി പടി കടന്നു പോയി. എന്‍റെ ഉള്ളില്‍ ആധിയായി. ഇതെങ്ങാനും നന്നല്ല എന്ന് ഗോപിയേട്ടന്‍ പറഞ്ഞാല്‍ എന്തു ചെയും ഭഗവാനെ എന്ന് ഞാന്‍ ആലോചിച്ചു.

ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടാണ് അവര്‍ തിരിച്ചെത്തിയത്. കല്‍പടവിന്നടുത്ത് വണ്ടി നിര്‍ത്തി അവര്‍ അകത്തേക്ക് കയറി. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. മത്തങ്ങ നുറുക്കി കൊണ്ടിരുന്ന അമ്മയും, നാളികേരം ചിരകി കൊണ്ടിരുന്ന ചേച്ചിയും പണി നിര്‍ത്തി രംഗത്തെത്തി. പരീക്ഷാഫലം അറിയാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ ആകാംക്ഷയായിരുന്നു എനിക്ക്.

ഗോപിയേട്ടനാണ് പറഞ്ഞു തുടങ്ങിയത്. മൂപ്പര്‍ അച്ഛനേയും കൂട്ടി പരിചയക്കാരനായ ഒരു മെക്കാനിക്കിനെ കാണാന്‍ ചെന്നതായിരുന്നു. വണ്ടി പരിശോധിച്ച ശേഷം എഞ്ചിനും പ്രധാന ഭാഗങ്ങള്‍ക്കും കുഴപ്പമില്ല എന്നല്ല , പുതിയത് മാതിരി തോന്നുന്നുണ്ട് എന്ന് പറഞ്ഞുവത്രേ. വളരെ കുറച്ചേ വാഹനം ഉപയോഗിച്ചിട്ടുണ്ടാവൂ. പക്ഷെ അത്യാവശ്യമായി ബാറ്ററിയും, ടയറുകളും മാറ്റണം. വേണമെങ്കില്‍ ഹെഡ് ലൈറ്റും ഇന്ഡിക്കേറ്ററുകളും പാനലും സീറ്റ് കവറും മാറ്റി ഭംഗികൂട്ടാം. പുതിയതായി പെയിന്‍റ് അടിച്ച് സ്റ്റിക്കറുകള്‍ ഒട്ടിച്ചാല്‍ പഴയതാണെന്ന് ആരും പറയില്ല. എന്‍റെ ഉള്ളില്‍ കുളിര്‍ മഴ പെയ്തതു പോലെ തോന്നി.

ബാക്കി കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. പരിചയക്കാരന്‍റെ വര്‍ക്ക്ഷോപ്പില്‍ റിപ്പയര്‍ ചെയ്യിക്കാന്‍ വണ്ടിയുമായി ഗോപിയേട്ടന്‍ പോകാമെന്ന് പറഞ്ഞു. പിറ്റേന്ന് ചേച്ചിയേയും കുട്ടികളേയും വഹിച്ച് എന്‍റെ വാഹനം ഗോപിയേട്ടന്‍ ഓടിച്ചു പോകുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു. പണി കഴിഞ്ഞ് വരുന്ന വാഹനത്തിന്നായി ഞാന്‍ കാത്തിരിപ്പ് തുടങ്ങി.

1 comments:

rajji said...

ചെനക്കത്തുര്‍ പൂരം അച്ഛന് വര്‍ണിച്ചു കൊടുത്തതും അതിനു അദ്ദേഹത്തിന്റെ പ്രതികരണവും നന്നായി. ആള്‍ക്കാര്‍ "അയ്യയ്യോ" എന്ന് വിളിച്ചു കൂവുന്നതിന്റെ ഐതിഹ്യം കൂടി പറയാമായിരുന്നു. ഗോപിയേട്ടന്റെ തീരുമാന പ്രകാരം സ്കൂട്ടര്‍ repair ചെയ്തു "ശാപ വിമുക്ത" മായി വരുന്നതിന്റെ കാത്തിരിപ്പും രസകരമായി.

No comments:

Post a Comment