Saturday, February 12, 2011

37. ബൂമറാങ്ങ്.

Monday, July 20, 2009


വൈകുന്നേരം അച്ഛന്‍റെ ചാരുകസേലയില്‍ കിടന്ന് വിശദമായ പത്രവായന നടത്തുമ്പോഴാണ് ചെറുക്കന്‍റെ എഴുന്നള്ളത്ത്. കക്ഷി അയല്‍പക്കത്തെയാണ്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി. സര്‍വ്വ കുരുത്തക്കേടുകളുടേയും
ആശാന്‍. അച്ഛന്‍റെ വകയില്‍ പെട്ട ഒരു മരുമകന്‍. ആ പരിഗണന വെച്ച് വല്ലപ്പോഴും സംശയങ്ങള്‍ ചോദിക്കാന്‍
വരുമ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്.

പടി കടന്ന് വന്നതേ " മാഷേട്ടാ " എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു. ഒന്നുകില്‍ ഏട്ടാ അല്ലെങ്കില്‍ മാഷെ
എന്ന് വിളിക്കെടാ എന്ന് എത്ര തവണ പറഞ്ഞാലും ചെക്കന്‍ അത് ചെവിക്കൊള്ളില്ല. തോന്നിയ നീരസം മറച്ചു വെക്കാതെ " കെടന്ന് നിലവിളിക്കാതെടാ " എന്ന് ഞാന്‍ ശാസിച്ചു. ഉമ്മറത്തെ തൂണില്‍ ചാരി പയ്യന്‍ നിന്നു.

" എന്താ വേണ്ടത് " എന്ന് ഞാന്‍ ചോദിച്ചു.

ഈ ബൂമരാങ്ങ് എന്ന് പറയുന്ന സാധനം എങ്ങിനേയാ ഉണ്ടാക്കുക എന്നായി അവന്‍. എനിക്ക് അറിയില്ല എന്നും പറഞ്ഞ് ഞാന്‍ കയ്യൊഴിഞ്ഞു.

" അമ്മായി " എന്ന് ഉറക്കെ വിളിച്ച് അവന്‍ അമ്മയെ അന്വേഷിച്ച് അകത്തേക്ക് പോയി.

അടുത്തതായി അമ്മയേയും കൂട്ടിയാണ് അവന്‍റെ രംഗപ്രവേശം.

" എന്‍റെ കുട്ടനല്ലേ, അവന് സ്കൂളില്‍ കാണിക്കാനാണത്രേ, ഒന്ന് ആ കുന്ത്രാണ്ടം ഉണ്ടാക്കി കൊടുക്ക് " അമ്മ ശുപാര്‍ശ ചെയ്തു.

അമ്മ സൂക്ഷിച്ച് വെക്കുന്ന കത്തിരിയും ഒരു കാര്‍ഡ് ബോര്‍ഡും ഞാന്‍ എടുത്തു. മുമ്പ് ഒരു പടത്തില്‍ കണ്ട ഓര്‍മ്മയില്‍ ഞാനൊരു ബൂമറാങ്ങ് നിര്‍മ്മിച്ചു. ചെക്കന് സന്തോഷമായി.

" ഇത് എറിഞ്ഞാലുണ്ടല്ലോ, ലക്ഷ്യ സ്ഥാനത്ത് ചെന്നു കൊണ്ട് എറിഞ്ഞ ആളുടെ അടുത്ത് തിരിച്ചെത്തും '
എന്നു പറഞ്ഞ് പരീക്ഷണാര്‍ത്ഥം ഒരു ഏറ് കൊടുത്തു. സാധനം മതിലിന്ന് മുകളിലൂടെ പറന്ന് പാടത്ത് ചെന്ന് വീണു.

" അസ്സല് ബൂമറാങ്ങ് " എന്നും പറഞ്ഞ് ചെക്കന്‍ കൂവി ആര്‍ത്തു.

ആ സമയം നോക്കി മാണിക്കന്‍ എത്തി. ഞാന്‍ ജാള്യതയോടെ നില്‍ക്കുകയാണ്. അമ്മ സംഭവം വിവരിച്ചു.
" കടലാസ്സ് ആയതുകൊണ്ടാണ് പറന്നത്, മരം ആണെങ്കില്‍ പറക്കില്ല " എന്നും പറഞ്ഞ് പുതിയതൊരെണ്ണം
ഉണ്ടാക്കാന്‍ അവന്‍ മുതിര്‍ന്നു. നെല്ല് പുഴുങ്ങാന്‍ അമ്മ ഇരിക്കാറുള്ള പഴയ മരപ്പലകയും. കടം വാങ്ങിയ പണം തിരിച്ച് തരാതെ പോയ ആശാരി ഉപേക്ഷിച്ച് പോയ ഉളിയും ഞാന്‍ മാണിക്കന്ന് എടുത്ത് കൊടുത്തു.
സ്വല്‍പ്പ നേരത്തിനകം ബൂമറാങ്ങ് റെഡി.

മാണിക്കന്‍ അത് മാവിന്‍ ചില്ലയിലേക്ക് എറിഞ്ഞു. കണ്ണാടി ജനലിന്ന് കൃത്യം അര അടി അകലെ ചുമരില്‍
തട്ടി ബൂമറാങ്ങ് നിലത്തെത്തി.

"നീ സ്കൂള്‍ ഗ്രൌണ്ടിലേ എറിയാവൂ. വേറെ എവിടേയും എറിഞ്ഞ് ഗുലുമാല്‍ ഉണ്ടാക്കരുത് " എന്നും
പറഞ്ഞ് അവന്‍ സാധനം ചെക്കന് കൈമാറി. പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ ഭക്ഷണം കഴിച്ച് തുടങ്ങുന്നതേ ഉള്ളു. മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിന്നു. അതില്‍ നിന്ന് മാണിക്കനും ചെക്കനും വേറെ രണ്ടുപേരും ഇറങ്ങി. കയ്യും കഴുകി ഞാന്‍ ഇറങ്ങി ചെന്നു.

മാണിക്കന്‍ എന്നെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി. "എടാ ഈ ചെക്കന്‍ ഒരു കുഴപ്പം പറ്റിച്ചു ". അവന്‍
കാര്യം വിശദീകരിച്ചു.

ഉച്ചയൂണ് കഴിഞ്ഞ് സ്കൂളിലേക്ക് പോയ പയ്യന്‍ ഇലക്ട്രിക് കമ്പിയിലിരുന്ന പക്ഷിയുടെ നേര്‍ക്ക് ബൂമറാങ്ങ് പ്രയോഗിച്ചു. ആയത് കൃത്യം പാതയിലൂടെ പാതയിലൂടെ പോയിരുന്ന ബസ്സിന്‍റെ ചില്ലില്‍ കൊണ്ടു. അത് പൊട്ടിയതിന്നുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ബസ്സുകാര്‍ ചെക്കനെ പിടിച്ച് നിര്‍ത്തി.

" നമ്മള്‍ രണ്ടാളും കൂടിയാണ് ഇത് ഉണ്ടാക്കി കൊടുത്തത് എന്ന് ചെക്കന്‍ പറഞ്ഞിരിക്കുന്നു. ഓട്ടോറിക്ഷയില്‍
വന്നത് ബസ്സുകാരാണ്.

ഇനി എന്താ വേണ്ടത് എന്ന് മാണിക്കന്‍ ചോദിച്ചതും ഫിഫ്റ്റി ഫിഫ്റ്റി എന്ന് ഞാന്‍ അറിയിച്ചു. മാണിക്കന്‍
പേഴ്സില്‍ നിന്ന് പണം എടുക്കുമ്പോഴേക്കും ഞാന്‍ അകത്തു നിന്ന് പണവുമായെത്തി. ബസ്സുകാര്‍ പണം എണ്ണി വാങ്ങി രണ്ടുപേര്‍ക്കും ഷേക്ക് ഹാന്‍ഡ് തന്നു.

" സാറെ, നിങ്ങള് രണ്ടാളേയും ആലോചിച്ചിട്ടാ, അല്ലെങ്കില്‍ ഈ കുറുമ്പന് നല്ല രണ്ട് പെട കൊടുത്തിട്ടേ ഞങ്ങള്‍ പോകൂ " എന്നും പറഞ്ഞ് അവര്‍ പടിയിറങ്ങി.

"ഇങ്ങിനെ ആണെങ്കില്‍ ബസ്സിന്‍റെ പിന്നാലത്തെ ചില്ലും പൊട്ടിക്കാമായിരുന്നു "എന്നും പറഞ്ഞ് ഗുരുത്വദോഷി സ്ഥലം വിട്ടു.

3 comments:

ramaniga said...

sarikkum ബൂമരാങ്ങ് thanne
undakkiya sthalathu yhanne thirike ethiyallo !
post nannayi

raj said...

ചെക്കന്‍ ഒരു നാടന്‍ ബോംബ്‌ ഉണ്ടാക്കിത്തരാന്‍ പറഞ്ഞിരുന്നെങ്കിലോ? നല്ല പോസ്റ്റ്‌. രസിച്ചു വായിച്ചു.

keraladasanunni said...

ramaniga,
raj
തല്ലുകൊള്ളിത്തരം ശീലമാക്കിയ ചില പിള്ളേരുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വക.
വളരെ നന്ദി.
palakkattettan

1 comment:

  1. എറിഞ്ഞ ആളുടെ അടുതെക്കല്ല ഉണ്ടാക്കി കൊടുത്ത ആളെയും ആന്വേഷിച്ചാണ് ബൂമാരങ്ങിന്റെ വരവ്.. രസിച്ചു..

    ReplyDelete