Sunday, February 1, 2009
അധികാരി അമ്മാമന്‍റെ മരണവാര്‍ത്ത വീട്ടിലറിയിച്ചത് മാണിക്കനാണ്.
കവലയില്‍ നിന്നും വിവരം അറിഞ്ഞതും ഉടനെ വീട്ടില്‍ അറിയിക്കാനായി അവന്‍ ഓടി വരികയായിരുന്നു. കേട്ടതും അമ്മ കരച്ചില്‍ ആരംഭിച്ചു. രാവിലെ നേരം ആയിരുന്നതിനാല്‍ ഞാന്‍ ട്യൂട്ടോറിയല്‍ കോളേജി ലേക്ക് പോവാന്‍ ഒരുങ്ങുന്നതേയുള്ളു. അച്ഛന്‍ തൊടിയില്‍ കിളക്കുകയാണ്. മിക്ക ദിവസവും ജോലിക്ക് പോവാന്‍ ഒരുങ്ങുന്നതു വരെ അച്ഛന്‍ ഒരു നിമിഷം വെറുതെ ഇരിക്കാതെ ഓരോ പണിയിലായിരിക്കും
ഞാന്‍ മാണിക്കന്‍റെ അടുത്ത് ചെന്നു. ഒറ്റപ്പാലത്ത് കഴിയുന്ന അമ്മാമന്‍ മരിച്ച വിവരം മാണിക്കന്‍ എങ്ങിനെ അറിഞ്ഞു എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നി. എന്നാല്‍ ഞാന്‍ ചോദിക്കുന്നതിന്നു മുമ്പു തന്നെ അധികാരി അമ്മാമന്‍ തോട്ടു വക്കത്തെ പാടത്തിന്‍റെ കരയില്‍ മരിച്ചു കിടക്കുന്നതായി അവന്‍ അറിയിച്ചു . അമ്മയുടെ കരച്ചില്‍ കേട്ട് കയറി വന്ന അച്ഛനോട് മാണിക്കന്‍ വിവരം പറഞ്ഞു. അച്ഛന്‍ അകത്തു കയറി വേഷം മാറ്റി മാണിക്കനോടൊപ്പം ഇറങ്ങി. അമ്മ കരഞ്ഞുകൊണ്ട് അകത്തേക്കും.
അധികാരി അമ്മാമന്‍ ഞങ്ങള്‍ക്ക് നേരിട്ട് അമ്മാമനൊന്നുമല്ല. വേറൊരു താവഴിയില്‍പ്പെട്ട ആളാണ് അദ്ദേഹം . എങ്കിലും കുടുംബത്തിലെ കാരണവര്‍ എന്ന നിലയില്‍ അമ്മാമനെ എല്ലാവരും കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വളരെ കാലം അദ്ദേഹം അംശം അധികാരി ആയിരുന്നു. വെള്ളക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ വലിയ തറവാട്ടുകാര്‍ക്ക് ലഭിച്ചിരുന്ന ബഹുമതിയായിരുന്നു ആ പദവി. ഈ അമ്മാമന്‍ സ്ഥാനത്തിന്ന് അനുസരിച്ച നിലയില്‍ സര്‍വ്വ കാര്യങ്ങളും നടത്തി നാട്ടുകാര്‍ക്കിടയില്‍ സല്‍പ്പേരെടുത്തിരുന്നു. അധികാരി സ്ഥാനത്തു നിന്നും ഒഴിഞ്ഞിട്ട് കാലം ഏറെ കഴിഞ്ഞിട്ടും അദ്ദേഹത്തിനെ ആളുകള്‍ ആദരിച്ചിരുന്നു
എനിക്ക് ബുദ്ധി ഉറക്കുന്നതിന്നു മുമ്പ് തറവാട് ഭാഗം കഴിഞ്ഞ് വെവ്വേറെ കുടുംബങ്ങളായി എല്ലാവരും താമസം മാറിയിരുന്നു. അധികാരി അമ്മാമന്‍ കുറച്ച് അകലെയുള്ള ഒഴിഞ്ഞു കിടന്ന പത്തായപ്പുരയിലായിരുന്നു താമസം. കൃഷി കാര്യങ്ങള്‍ നോക്കാന്‍ വരുമ്പോള്‍ അദ്ദേഹം വീട്ടില്‍ കയറി വിശേഷങ്ങള്‍ തിരക്കും . ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് നാലഞ്ചു പ്രാവശ്യം അധികാരി അമ്മാമന്‍ എന്തോ ആവശ്യങ്ങള്‍ക്കായി ഹെഡ്മാസ്റ്ററെ കാണാന്‍ സ്കൂളില്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഇടവേള സമയത്ത് എന്നെ അടുത്ത് വിളിച്ചു നിര്‍ത്തി വാത്സല്യത്തോടെ മുതുകില്‍ തലോടുകയും നന്നായി പഠിക്കണമെന്ന് പറഞ്ഞ് ഐസോ മിഠായിയോ വാങ്ങി തരികയും ചെയ്തിട്ടുണ്ട്.
അമ്മയുടെ കരച്ചിലും ബഹളവും കേട്ടിട്ടാവണം അയല്‍പക്കത്തുള്ള ചില സ്ത്രീകള്‍ കടന്നു വന്നു. മുറ്റത്തു നിന്ന എന്നോട് വിവരം തിരക്കിയിട്ട് അവര്‍ അകത്തേക്ക്കയറിപ്പോയി. അകത്തു നിന്നും അമ്മാമന്‍റെ അപദാനങ്ങള്‍ വര്‍ണ്ണിക്കുന്നത് കേഴ്ക്കാം.
മുത്തശ്ശി ജീവിച്ചിരുന്നപ്പോള്‍ അമ്മാമനെ ചുണക്കുട്ടി എന്നാണ് പറഞ്ഞിരുന്നത്. പാടത്ത് പണിക്കു വന്ന ജോലിക്കാരന്‍ ഏല്‍പ്പിച്ച പണി ചെയ്യാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തറുതല പറഞ്ഞതും ഒറ്റ അടിക്ക് അവന്‍റെ വലത്തേ കണ്ണ് പൊട്ടിച്ചതും മുത്തശ്ശി വലിയ അഭിമാനത്തോടെയാണ് വിവരിക്കുക. പണി എടുക്കാന്‍ വയ്യാതെ അയാള്‍ കിടപ്പിലായപ്പോള്‍ മരിക്കുന്നതു വരെ പ്രായശ്ചിത്തമെന്നോണം അമ്മാമന്‍ അയാള്‍ക്ക് ചിലവിന്ന് കൊടുത്തിരുന്നു.
അതു പോലെ തന്നെ തറവാട്ടു വക കുളത്തിന്‍റെ വക്കത്ത് ഇരുന്ന് ചീട്ടു കളിക്കുകയും കുളിക്കാന്‍ ചെന്ന പണിക്കാരി സ്ത്രീകളെ കളിയാക്കുകയും ചെയ്ത തെമ്മാടികളെ നേരിടാന്‍ വെള്ളി കെട്ടിയ ചൂരല്‍ വടിയുമായി അമ്മാമന്‍ ഒറ്റക്ക് ചെന്നതും പേടിച്ച് സ്ഥലം വിട്ട അവര്‍ പിന്നീട് ആ വഴിക്ക് കടക്കാത്തതും അമ്മാമന്‍റെ ധൈര്യത്തിന്ന് ഉദാഹരണമായി മുത്തശ്ശി പറയും.
നല്ല കുടുംബസ്ഥായി ഉള്ള ആളായിരുന്നു അമ്മാമന്‍ . തറവാട്ടു വക ഒരു ചില്ലി കാശ് ഭാര്യ വീട്ടിലേക്ക് മൂപ്പര്‍ ചിലവഴിച്ചിട്ടില്ല. മാത്രമല്ല കേസില്‍ പെട്ട് അന്യാധീനപ്പെടാറായ വസ്തു വഹകള്‍ മുഴുവനും അമ്മാമന്‍ കേസു നടത്തി തിരിച്ചെടുത്തു. ഭൂപരിഷ്ക്കരണം വന്ന് സ്വത്ത് നഷ്ടപ്പെടാന്‍ ഇടയുണ്ട് എന്ന് തോന്നിയപ്പോള്‍ അദ്ദേഹം കുടിയാന്മാരില്‍ നിന്നും മുഴുവന്‍ ഭൂമിയും ഒഴിപ്പിച്ചു വാങ്ങുകയും മിച്ച ഭൂമിയായി അവ നഷ്ടപ്പെടാതിരിക്കാന്‍ ഉടനെ തറവാട്ടിലെ അംഗങ്ങള്‍ക്കിടയില്‍ ഭാഗം വെക്കുകയും ചെയ്തു. ഇതൊക്കെ കാരണം തറവാട്ടിലെ എല്ലാവര്‍ക്കും മൂപ്പരെ വലിയ കാര്യമായിരുന്നു.
തെക്കേ വീട്ടില്‍ താമസിക്കുന്ന വലിയമ്മ ഇറങ്ങി വന്നിട്ട് " അപ്പൂ, നീ ചെന്ന് എന്താ വിവരം എന്ന് അറിഞ്ഞ് ഓടി വാ " എന്ന് ആവശ്യപ്പെട്ടതും , ഞാന്‍ ഷര്‍ട്ട് എടുത്തിട്ടിട്ട് നടന്നു .
മനസ്സ് നിറയെ അധികാരി അമ്മാമന്‍ ആയിരുന്നു. തോട്ടു വക്കത്തുള്ള വയലുകള്‍ മുഴുവന്‍ അമ്മാമന്‍റെ വകയായിരുന്നു. ശതാഭിഷേകം കഴിയുന്നതു വരെ കൃഷി കാര്യങ്ങള്‍ അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. മഴയത്തും വെയിലത്തും ഒരു കാലന്‍ കുടയുമായി അമ്മാമന്‍ പാടത്തിന്‍റെ വരമ്പത്ത് പണിക്കാര്‍ ജോലി ചെയ്യുന്നത് നോക്കി നില്‍ക്കും. കൃഷി അദ്ദേഹത്തിന്ന് ജീവനായിരുന്നു. എണിറ്റ് നടക്കാന്‍ പറ്റുന്ന കാലത്തോളം ഈ തൊഴില്‍ കൈ വിടില്ല എന്ന് മൂപ്പര്‍ എപ്പോഴും പറയും . ഉത്സവങ്ങള്‍ക്കും നാട്ടില്‍ നാലാള് കൂടുന്ന ഏത് അവസരത്തിന്നും എന്നും അമ്മാമന്‍ ആദ്യവസാനക്കാരനായി നിറഞ്ഞു നിന്നു.
മകര കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ പോത്തുകള്‍ മേഞ്ഞു നടക്കുന്നു. തോട്ടിറമ്പിലെ പാടത്തിന്‍റെ വക്കത്ത് വലിയ പുരുഷാരം കൂടി നില്‍ക്കുന്നത് ദൂരെ നിന്നെ കാണ്മാനുണ്ട്. ഒറ്റപ്പാലത്തെ വീട്ടില്‍ അച്ഛനും അമ്മയും കൂടി ഏതാനും ദിവസം മുമ്പ് അധികാരി അമ്മാമനെ കാണാന്‍ ചെന്നപ്പോള്‍ എന്നേയും കൂടെ കൂട്ടിയിരുന്നു. അന്നും അമ്മാമന്ന് പ്രസരിപ്പിന്ന് യാതൊരു കുറവും ഇല്ല . പ്രായം തൊണ്ണൂറ്റഞ്ച് കഴിഞ്ഞതിന്‍റെ ലക്ഷണമൊന്നും ശരീരത്തില്‍ കാണാനില്ല . കുളിച്ച് ഭസ്മക്കുറി ഇട്ട് ചാരു കസേലയില്‍ ചാരി കിടക്കുന്നു. അലക്കിയ മല്ലു മുണ്ടും തോര്‍ത്തുമാണ് വേഷം. കയ്യില്‍ പനയോല വീശറി. ഞങ്ങളെ കണ്ടതും "പാട്ടം അളക്കാന്‍ വന്നതാണല്ലേ " എന്ന് ഒരു ചോദ്യം. ഞങ്ങള്‍ അമ്പരന്നു.
ശബ്ദം കേട്ട് വന്ന അമ്മായി ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. "ഈയിടെ ആയിട്ട് ഇങ്ങനെയാണ് " അമ്മയി പറഞ്ഞു "ചെലപ്പൊ ആളെ തിരിച്ചറിയില്ല. ബുദ്ധിക്ക് ഒരു മറിച്ചില് "
മൂത്ത മകളെ നോക്കി "നീ ഏത് വീട്ടിലത്തേതാ " എന്ന് ചോദിച്ചതും, കോഴിക്കോട് താമസിക്കുന്ന പെങ്ങളും മകനും വന്നപ്പോള്‍ " ആരാ, മനസ്സിലായില്ല " എന്നു പറഞ്ഞതും, ഭിക്ഷക്കായി വന്ന പണ്ടാരനെ കസേലയില്‍ വിളിച്ച് ഇരുത്താന്‍ ശ്രമിച്ചതും അമ്മായി പറഞ്ഞു. എന്നാലോ ചിലപ്പോള്‍ ഓര്‍മ്മക്ക് കുറവൊന്നുമില്ല. കുളിച്ച് മുണ്ട് മാറ്റി ഭസ്മം തൊടീച്ച് ഇരുത്തിയാല്‍ അഹല്യാ മോക്ഷവും ആദിത്യ സ്തുതിയും ഒരു വരി തെറ്റാതെ മനപ്പാഠം ചൊല്ലും .
ആരും അറിയാതെ വീട്ടില്‍ നിന്ന് അമ്മാമന്‍ രണ്ടു മൂന്നു പ്രാവശ്യം ഇറങ്ങിപ്പോയി. കോടതി മുമ്പില്‍ നിന്നും വക്കീലാപ്പീസില്‍ നിന്നും പരിചയക്കാര് കൂട്ടിക്കൊണ്ട് വരികയായിരുന്നു. കോടതീല് കേസിന്ന് പോയതാണെന്നാ ചോദിച്ചപ്പോള്‍ പറഞ്ഞത്. കണ്ണ് തെറ്റിയാല്‍ എവിടേക്കെങ്കിലും ഇറങ്ങി പോവുമോ എന്നാ ഇപ്പോഴത്തെ പേടി എന്നു പറഞ്ഞ് അമ്മായി നെടു വീര്‍പ്പിട്ടു. പാടത്ത് ഒറ്റക്ക് നില്‍ക്കുന്നത് കണ്ടിട്ട് മൂപ്പരെ ഒറ്റപ്പാലത്ത് എത്തിച്ച കാര്യം പണിക്കാര്‍ വന്നു പറഞ്ഞത് ഞാന്‍ ഓര്‍ത്തു,
തിരിച്ചു പോരുമ്പോള്‍ യാത്ര പറയാന്‍ ഞങ്ങള്‍ ചെന്നപ്പോഴേക്കും അധികാരി അമ്മാമന്ന് എല്ലാവരേയും തിരിച്ചറിയാറായി. എന്നോട് പി.എസ്.സി.പരീക്ഷ എഴുതി നല്ല ജോലി തരപ്പെടുത്തണമെന്ന് ഉപദേശിച്ചു. അമ്മയോട് ചേച്ചിയുടേയും കുട്ടികളുടേയും കാര്യം അന്വേഷിച്ചു. അച്ഛനോട് കൊയ്യാറായോ എന്ന് തിരക്കി. " സ്വന്തമായിട്ട് ഒരു പിടി നെല്ല് വേണമെന്നുണ്ട് " എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ " അമ്മാമന്ന് എത്ര നെല്ല് വേണമെങ്കിലും ഞാന്‍ എത്തിച്ചു തരാ " മെന്ന് അച്ഛന്‍ പറഞ്ഞു.
" അതൊന്നും വേണ്ടാ , കാശ് കൊടുത്താല്‍ കിട്ടാത്ത സാധനമൊന്നുമല്ലല്ലോ , എന്നാലും അവനവന്‍ ഉഴച്ച് ഉണ്ടക്കിയതിന്നാണ് വില " എന്നു പറയുകയും കുചേലന്‍ ഭഗവാന് ഒരു പിടി നെല്ലിന്‍റെ അവില്‍ കൊടുത്ത് ഐശ്വര്യം നേടിയത് അറിയില്ലേ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. പാവം, കൃഷി വിറ്റ് താമസം മാറിയ മുതല്‍ മൂപ്പര്‍ക്ക് അടങ്ങാത്ത ദുഃഖവും നിരാശയും ആയിരുന്നുവെന്ന് തിരിച്ചു വരുമ്പോള്‍ അച്ഛനോട് അമ്മ പറയുന്നത് കേട്ടു.
അച്ഛനും മാണിക്കനും ജനകൂട്ടത്തിന്ന് അകത്താണ്.
" പാമ്പ് കടിച്ചതാണ്. ഇന്നലെ രാത്രി മൂപ്പര് ഇവിടെ എത്തിയിട്ടുണ്ടത്രേ " എന്ന് ആരോ പറയുന്നത് കേട്ടു. ആളുകളെ വകഞ്ഞു മാറ്റി ഞാന്‍ മൃത ശരീരത്തിന്ന് അടുത്തേക്ക് നീങ്ങി . വരമ്പിന്ന് ചുവട്ടിലായി അധികാരി അമ്മാമന്‍ മലര്‍ന്നു കിടക്കുന്നു, ചുരുട്ടി പിടിച്ച വലത്തു കയ്യില്‍ പെറുക്കി കിട്ടിയ ഒരു പിടി നെല്‍ കതിരുമായി.

A touching story
ReplyDeleteReally Great