Wednesday, February 9, 2011

21. ഗുരുദക്ഷിണ.

Tuesday, December 2, 2008


ട്യൂടോറിയല്‍ കോളെജില്‍ ഇന്‍റ്റര്‍വെല്‍ സമയത്ത് ഫ്രീ ആയി കിട്ടുന്ന പരിപ്പുവടയും ചായയും കുടിച്ചു കഴിഞ്ഞാല്‍ ദിനപത്രത്തിലേക്ക് ഒരു നുഴഞ്ഞു കയറ്റമാണ്. വാര്‍ത്തകളിലേക്ക് നോട്ടം പതിയാറില്ല. ക്ലാസിഫൈഡ് പേജില്‍ ബാങ്കില്‍വെച്ച പണയ ഉരുപ്പടി എടുക്കാന്‍ സഹായം എന്നതു മുതല്‍ അറബി മാന്ത്രികം വരെ നീളുന്ന പരസ്യങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ജോലി എനിക്കായി കാത്തു നില്‍ക്കുന്നുണ്ടോ എന്ന പരതലാണ്. അത്തരം ഒരു മുഹൂര്‍ത്തത്തില്‍ ഒരു ശിഷ്യന്‍ മുന്നില്‍ ഹാജരായി. സാധാരണ ഗതിയില്‍ സംശയം ചോദിച്ച് ഇമ്മാത്തിരി യോഗ്യന്‍മാരൊന്നും എന്നെ സമീപിക്കാറില്ല. ഇതെന്താ ഒരു പുതുമ എന്ന് ശങ്കിച്ച് ഇരുന്നപ്പോള്‍ മഹാന്‍ ഒരു ടിക്കറ്റ് എടുത്ത് നീട്ടി.

മാസാവസാനം വരെ പോയി വരുന്നതിന്നുള്ള ബസ്സ് കൂലി സൂക്ഷിച്ചു വെച്ചതില്‍ കാര്യമായ ശോഷണം സംഭവിക്കുമെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി ഫ്രീ പാസ് തരാനായി വന്നതാണെന്ന് നല്ലവന്‍ എന്നെ അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ കലാസമിതിയുടെ ധനശേഖരണാര്‍ത്ഥം ടൌണ്‍ ഹാളില്‍ വെച്ചു നടത്തുന്ന പരിപാടിയുടെ പാസ്സ് ആയിരുന്നു അത്. സൂപ്പര്‍ഹിറ്റ് ആയ പടത്തിന്‍റെ സംവിധായകനും പുതു മുഖ നായക നടനും നായികയും പങ്കെടുക്കുന്ന പരിപാടിയില്‍ ഗാനമേളയും മിമിക്രിയും നാടകവും മുഖ്യ ഇനങ്ങളാണ്. കലാ സമിതി സെക്രട്ടറിയായ ഏട്ടന്‍ സാറിനെ പ്രത്യേകം ക്ഷണിക്കാന്‍ ഏല്‍പ്പിച്ചു എന്ന് പറഞ്ഞതോടെ പരിപാടിക്ക് ചെല്ലണമെന്ന് ഉറപ്പിച്ചു. അയാള്‍ കോളേജില്‍ എന്‍റെ ജൂനിയര്‍ ആയിരുന്നു. ആ കാലത്തെ സൌഹൃദത്തിന്‍റെ ഓര്‍മ്മക്കായിരിക്കണം. ഒരാള്‍ക്ക് കൂടി പ്രവേശനം ഉള്ളതിനാല്‍ മാണിക്കനെ കൂടെ കൂട്ടാം. അല്ലെങ്കിലും രാത്രി സമയത്ത് ഒറ്റക്കുള്ള നടപ്പ് എനിക്ക് തീരെ താല്‍പ്പര്യമില്ല.

" എന്താ മാഷേ, ശിഷ്യന്‍റെ വക ഗുരുദക്ഷിണയാണോ" എന്ന് പയ്യന്‍ പോയതും അടുത്തിരുന്ന ഹിന്ദിമാഷ് ചോദിച്ചു.

മാണിക്കന് പരിപാടിക്ക് വരാന്‍ വലിയ സന്തോഷം. വീട്ടില്‍ എന്തു പറയും എന്നായിരുന്നു സംശയം. അമ്മ ഒന്നും പറഞ്ഞില്ല. സിനിമാ താരങ്ങളുടെ കാര്യം അറിഞ്ഞപ്പോള്‍ അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങാന്‍ മറക്കരുത് എന്നായി അച്ഛന്‍. അതോടെ തടസ്സങ്ങള്‍ ഒഴിഞ്ഞു.

പരിപാടി ദിവസം പകലൂണു കഴിച്ചു. കുട്ടിക്കാലത്തെ പതിവ് അതാണ്. സ്കൂള്‍ വിട്ട് വന്ന് കളിയും ഗൃഹപാഠം ചെയ്യലും കഴിയുമ്പോഴേക്കും വിശപ്പും ഉറക്കവും വരാന്‍ തുടങ്ങും. സന്ധ്യ കഴിഞ്ഞാല്‍ അമ്മ ചോറു തരും. വീണു പോകുന്ന കണ്‍മിഴികളുമായി അത് വാരി തിന്ന് കിടന്നുറങ്ങും.

മാണിക്കന്‍ വീട്ടില്‍ എത്തിയതോടെ പുറപ്പെട്ടു. അമ്മ അവന്ന് ഭക്ഷണം കൊടുക്കാന്‍ തുനിഞ്ഞെങ്കിലും അവന്‍ ഒരു ചായയില്‍ ഒതുക്കി.ഈയിടെയായി വീട്ടുകാര്‍ക്ക് മാണിക്കനോട് വളരെ നല്ല സമീപനമാണ്. ഇറങ്ങാന്‍ നേരം അമ്മ ടോര്‍ച്ച് ഏല്‍പ്പിച്ചു.

ഞങ്ങള്‍ എത്തുമ്പോള്‍ ഏതാനും കാണികള്‍ ഒഴികെ ആരും അവിടെയില്ല. പ്രധാനികള്‍ എല്ലാവരും സിനിമക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ കാത്തു കിടപ്പാണ്. പരിപാടി ആരംഭിക്കാന്‍ മണിക്കൂറുകള്‍ വൈകി. സംഘാടകര്‍ക്ക് സഹപാഠികളെ കുറിച്ച് നന്നായി അറിയാമെന്നതിനാല്‍ ചടങ്ങുകള്‍ പെട്ടെന്ന് ആക്കി.

സ്വാഗതവും അദ്ധ്യക്ഷപ്രസംഗവും നിമിഷ നേരത്തില്‍ തീര്‍ത്തു. ഗംഭീരമായ കൂവലിന്‍റെ അകമ്പടിയോടെയാണ്, സംവിധായകന്‍റെ ആശംസ തുടങ്ങിയത്. വാക്കിന്ന് വാക്കിന്ന് വാശിയോടെ കൂവല്‍. സഹികെട്ട സംവിധായകന്‍ കൂവിയവരുടെ തന്തക്ക് വിളിച്ചു. ഈ അനുഭവം മനസ്സില്‍ ഉള്ളതിനാല്‍ നടന്‍ " എല്ലാവര്‍ക്കും നന്ദി" എന്ന ഒറ്റ വാചകത്തില്‍ പ്രസംഗം മതിയാക്കി, നടി ഒറ്റ" താങ്ക് യൂ "വിലും. ചെകിട് അടപ്പിക്കുന്ന കൂവലും ബഹളവും കാരണം പരിപാടി മൊത്തത്തില്‍ കുളമായി. പലരും ഇടക്ക് വെച്ച് ഇറങ്ങിപ്പോയി.

ഞങ്ങളും മുഴുവന്‍ കാണാന്‍ നിന്നില്ല. പുറത്ത് ഇറങ്ങുമ്പോള്‍ അവസാന ബസ്സ് പുറപ്പെടാനുള്ള സമയം ആയി. കൊയമ്പത്തൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുന്ന ആ ബസ്സ് കിട്ടിയില്ലെങ്കില്‍ പിന്നെ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടണം. ഓട്ടോ ഒന്നും കിട്ടാത്തതിനാല്‍ വലിഞ്ഞു നടന്നു. സ്റ്റേറ്റ് ബാങ്ക് കവലയില്‍ നിന്ന് നാലു പേരെ കൂടെ കൂട്ടായി കിട്ടി. നാട്ടുകാരാണ്. സിനിമക്കായി ഇറങ്ങിയ അവര്‍ താരങ്ങളെ കാണാനായി ഈ പരിപാടിക്ക് കയറിയതാണ്. എനിക്ക് അവരെ നന്നായി അറിയാം. പക്ഷേ മാണിക്കനോടാണ് അവര്‍ക്ക് കൂടുതല്‍ അടുപ്പം. പത്തടി ദൂരം നടക്കുമ്പോഴേക്കും ബസ്സ് യാത്ര ഉപേക്ഷിക്കപ്പെട്ടു . എവിടെയെങ്കിലും കയറി ഭക്ഷണം കഴിച്ചിട്ട് വല്ല ലോറിയിലും പോവാമെന്നായി പിള്ളേര്‍. മാണിക്കനും അതേ അഭിപ്രായം തന്നെ.

ഒരു തട്ടുകടയില്‍ എല്ലാവരും കയറി. പൊറോട്ടയും ബീഫും നിരന്നു. കളി തമാശകള്‍ പറഞ്ഞ് സാവകാശം ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും ബസ്സ് പോയി. മേപ്പറമ്പില്‍ എത്തിയാല്‍ ലോറികള്‍ ആ വഴിക്ക്എത്തും.

വര്‍ത്തമാനവും ചിരിയുമായി നീട്ടി വലിച്ച് നടന്നു. സ്ഥലത്ത് എത്തുമ്പോള്‍ പത്തു മണി ആവാറായി. ഭാഗ്യത്തിന്ന് ഉടനെ തന്നെ ഒരു ലോറി എത്തി. എല്ലാവരും നിരന്നു നിന്നു. കയ്യ് കാണിച്ചെങ്കിലും അത് നിര്‍ത്താതെ കടന്നുപോയി.
ആരുടേയോ വായില്‍ നിന്ന് ഒരു തെറി ഉയര്‍ന്നു.

വാഹനങ്ങള്‍ പലതും കടന്നു പോയെങ്കിലും ആരും നിര്‍ത്തിയില്ല. തണുപ്പ് കൂടി വന്നു. സമയം ഇഴഞ്ഞു നീങ്ങി. എനിക്ക് കലശലായ മടുപ്പ് തോന്നി. ബസ്സ് സ്റ്റേഷനില്‍ ചെന്നുവെങ്കില്‍ ഓട്ടോ വിളിച്ച് പോകാമായിരുന്നു. ഇവിടെ അതിനും നിവൃത്തിയില്ല. ഒടുവില്‍ ഒരു ലോറിക്കാരന്‍ കനിഞ്ഞ് വാഹനം നിറുത്തി ഞങ്ങളെ കയറ്റുമ്പോള്‍ നാലു മണി. മാണിക്കന്‍ കാബിനില്‍ കയറി, പുറകെ ഞാനും. പിള്ളേര്‍ ലോറിയുടെ മുകളിലേക്ക് ഏന്തി വലിഞ്ഞു കയറി.

പുഴപ്പാലം കടന്നുള്ള സ്റ്റോപ്പില്‍ ലോറി നിര്‍ത്തി. എല്ലാവരുടേയും കാശ് കണക്കാക്കി മാണിക്കന്‍ കൊടുത്തു. ഞങ്ങള്‍ ഇറങ്ങി.

" മാഷേ, ആ ടോര്‍ച്ച് ഒന്നു തരൂ" എന്ന് പിള്ളേരില്‍ ഒരാള്‍ ചോദിച്ചു. ഞാന്‍ അത് കൊടുത്തു. പിള്ളേര്‍ എല്ലാവരും പുഴയിലേക്ക് ഒരു ഓട്ടം. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ മാണിക്കനെ നോക്കി.

" അവറ്റ വെളിക്കിറങ്ങാനായിരിക്കും" എന്ന് അവന്‍ പറഞ്ഞു. കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കയ്യില്‍ ഒരു വമ്പന്‍ കയറിന്‍റെ കെട്ട് ഏറ്റി അവര്‍ കയറി വരുന്നു.

" എന്താടാ ഇത്" എന്ന് മാണിക്കന്‍ ചോദിച്ചതിന്ന് "ഞങ്ങള്‍ ലോറിയില്‍ നിന്ന് പൊക്കി പുഴയിലേക്ക് ഇട്ടതാ" എന്നായി അവര്‍. എനിക്ക് വിഷമം തോന്നി.

" അത് പാടില്ലായിരുന്നു" എന്ന് ഞാന്‍ പ്രതികരിച്ചു. പത്തു മണി മുതല്‍ നാലു വരെ നമ്മള്‍ തണുപ്പത്ത് നിന്നില്ലേ, ഒരുത്തനെങ്കിലും നിറുത്തിയോ, ഇവന്‍മാരേ ഇങ്ങിനെ തന്നെ ചെയ്യണം എന്ന പിള്ളരുടെ തത്വശാസ്ത്രം എനിക്ക് ബോധിച്ചില്ല.

ഇത് കിട്ടിയിട്ട് എന്താ കാര്യം എന്നായി എന്‍റെ അടുത്ത സംശയം.

"മാഷേ, നിങ്ങള്‍ക്ക് ഇതിന്‍റെ വില എത്രയാ എന്ന് അറിയോ, മരക്കച്ചവടക്കാരന്‍ രാവുത്തര്‍ക്ക് കൊടുത്താല്‍ പറഞ്ഞ കാശ് കിട്ടും" എന്ന് ഒരുത്തന്‍ മൊഴിഞ്ഞു. മാണിക്കന്‍റെ നില്‍പ്പ് അത്ര പന്തിയായി തോന്നിയില്ല. കൊച്ചു വെളുപ്പാന്‍ കാലത്ത് ഒരു അടിപിടിക്ക് സാദ്ധ്യത ഉള്ളതായി തോന്നി. ഞാന്‍ അവനെ പിടിച്ചു വലിച്ച് വേഗം നടന്നു.

0 comments:

No comments:

Post a Comment