Monday, December 22, 2008
ഇംഗ്ലീഷ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച രാവിലെ പ്രധാന പരിപാടി മുടിവെട്ടിക്കലാണ്. മുമ്പൊക്കെ അച്ഛന്‍റെ മുടി വെട്ടാനായി ഒരു വയസ്സന്‍ വീട്ടില്‍ വന്നിരുന്നു. അയാളുടെ കയ്യിലുള്ള ചെറിയ ഇരുമ്പു പെട്ടിയില്‍ കത്രിക, ചീര്‍പ്പ്, രസം മാഞ്ഞു തുടങ്ങിയ കണ്ണാടി, മിഷ്യന്‍ എന്നിവ കാണും. കുട്ടിക്കാലത്ത് എന്‍റെയും മുടി വെട്ടിയിരുന്നത് അയാളാണ്. എനിക്ക് അയാളെ തീരെ ഇഷ്ടമായിരുന്നില്ല. മുടി വെട്ടുമ്പൊള്‍ തല ഇളക്കി എന്നു പറഞ്ഞ് ആരും കാണാതെ തലക്ക് കിഴുക്കും. പോരാത്തതിന്ന് മുടി കൂറ നറുക്കിയ മട്ടില്‍ വൃത്തികേടാക്കും. ഹൈസ്കൂള്‍ ക്ലാസ്സില്‍ എത്തിയതോടെ ഞാന്‍ ആ പരിപാടി ഒഴിവാക്കി. കുറച്ചു കാലത്തിന്നു ശേഷം പ്രായാധിക്യം കാരണം അയാള്‍ വരാതായി. മുറ്റത്തെ മാവിന്‍ചുവട്ടില്‍ കണ്ണാടിയും കയ്യില്‍ പിടിച്ചിരുന്ന് മുടി വെട്ടിക്കുന്നതില്‍ നിന്നും ടൌണിലെ സലൂണിലേക്ക് മാറിയതോടെ മുന്‍ഗണന അനുസരിച്ച് കൃത്യം നടപ്പാക്കി തിരിച്ചു പോകാന്‍ കുറെയേറെ സമയം എടുക്കുക പതിവായി. തലേന്നു തന്നെ പറഞ്ഞു ചട്ടം കെട്ടിയിട്ടും സലൂണില്‍ നിന്ന് ഇറങ്ങുമ്പോള്‍ മണി ഒമ്പത്. വിശപ്പ് തോന്നി തുടങ്ങി. വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിക്കാനുള്ള ധൃതിയില്‍ നടക്കുമ്പോള്‍ മാണിക്കന്‍ സൈക്കിളുമായി മുന്നില്‍.
" നീയെന്താ വാലില്‍ തീ കൊളുത്തി വിട്ടപോലെ പായുന്നത്, ഞാനും വരുന്നു" എന്നായി സുഹൃത്ത്. എനിക്ക് വിശപ്പ് ഉള്ള കാര്യം ഞാന്‍ അവനോട് തുറന്നു പറഞ്ഞു. അവനും ഒന്നും കഴിച്ചിട്ടില്ലെന്നും ഒരിടം വരെ പെട്ടെന്ന് ചെന്നിട്ട് വരാമെന്നും പറഞ്ഞ് എന്നെ പുറകില്‍ കയറ്റി സൈക്കിള്‍ ആഞ്ഞു ചവിട്ടി, ചുണ്ണാമ്പ് ചൂള കെട്ടി മേഞ്ഞു കൊടുത്ത കൂലി വാങ്ങാന്‍ പോവുകയാണ്' എന്നാണ്' എന്നോട് പറഞ്ഞത്. ചൂളയുടെ മുന്നില്‍ സൈക്കിള്‍ നിറുത്തി അവന്‍ അകത്തേക്ക് കയറി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ അകത്തേക്ക് വിളിച്ചു. ഞാന്‍ കയറി ചെന്നപ്പോള്‍ ചാണകം മെഴുകിയ നിലത്ത് തേക്കിന്‍റെ ഇലയില്‍ പിട്ട് (വീട്ടില്‍ സാധാരണ കാണാറുള്ള ഇഢ്ഢലിയുടെ ഇരട്ടി വലിപ്പം വരുന്ന ഇഢ്ഢലിയാണ് പിട്ട്) വിളമ്പി വെച്ചിരിക്കുന്നു. തെങ്ങിന്‍ ചുവട്ടില്‍ വെച്ച തൊട്ടിയില്‍ നിന്ന് വെള്ളമെടുത്ത് കൈ കഴുകി അവന്‍ കഴിക്കാനിരുന്നു. ചുണ്ണാമ്പുക്കാരന്‍ ചെട്ടിയാരുടെ ചൂളയില്‍ നിന്നും പിട്ട് വാങ്ങി തിന്ന വിവരം വീട്ടിലറിഞ്ഞാല്‍ കേമമാകും. എന്നാലും മാണിക്കന്‍റെ ഓഫര്‍ നിരസിക്കാന്‍ പറ്റാത്തതിനാല്‍ ഞാനും അതു കഴിക്കാമെന്ന് നിശ്ചയിച്ചു . പിട്ടിന്ന് വല്ലാത്ത ചൂര്. റേഷന്‍ അരി ആയിരിക്കും. ഒരു നാളികേരവും കുറച്ച് പൊരി കടലയും ഇടങ്ങഴി മുളകു പൊടിയും കൂടി അരച്ചെടുത്തതു പോലെ ഉള്ള ചട്ടിണി. വായില്‍ വെച്ചതും എരിഞ്ഞിട്ട് കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. എനിക്ക് ഓക്കാനിക്കാന്‍ തോന്നി. ആ സാധനം കാശു കൊടുത്തു വാങ്ങിയതാണല്ലോ എന്ന് ഓര്‍ത്ത് ഞാന്‍ അത് കളഞ്ഞില്ല.
ചെട്ടിയാരുടെ ചൂള എന്ന് പറയുമെങ്കിലും കൈകാര്യം ചെയ്യുന്നത്അയാളുടെ ഭാര്യയാണ്. പിട്ടു കച്ചവടം ചെട്ടിച്ച്യാരുടെ ഒരു സൈഡ് ബിസിനസ്സ് ആണ്. ചെട്ടിയാര്‍ രാവിലെ കുപ്പിവളയും റബ്ബര്‍ വളയും നിറച്ച പൊക്കണങ്ങളുമായി ഇറങ്ങും. തിരിച്ചെത്തുന്നത് നാലു കാലിലാണ്. പിന്നെ ചൂളയുടെ മുമ്പില്‍ വിരിച്ച പുല്ലു പായില്‍ മലര്‍ന്ന് കിടക്കും. തുടര്‍ന്ന് സംഗീത കച്ചേരിയാണ്. "ഡിങ്കിരി ഡിങ്കാളി മീനാച്ചീ, ഡിങ്കിരി ഡിങ്കാളേ, ഉലകം പോണ പോക്കേ പാരെടി തങ്കമ്മ തില്ലാളേ " എന്ന് ഉറക്കത്തില്‍ അലിയുന്നതു വരെ പാടും.
ഞാന്‍ എഴുന്നേറ്റ് കൈ കഴുകിയിട്ടും മാണിക്കന്‍ കഴിച്ചു കഴിഞ്ഞില്ല. കുപ്പി ഗ്ലാസ്സില്‍ ചായയുമായി ഒരു ചെറുപ്പക്കാരി തമിഴത്തി മുന്നിലെത്തി. പച്ച പട്ടു ചേല , നെറ്റിയില്‍ വട്ട പൊട്ട്, മൂക്കുത്തി , വെറ്റില മുറുക്കി ചുവപ്പിച്ചിരിക്കുന്നു. മാണിക്കന്‍ അവളെ തറപ്പിച്ച് ഒന്നു നോക്കി. ഞങ്ങളെ നോക്കി ഒരു ചിരി പാസ്സാക്കി അവള്‍ ചൂളയുടെ പുറകിലേക്ക് പോയി. പുര കെട്ടി മേഞ്ഞ കൂലി കിട്ടാത്തതിനാല്‍ പിട്ട് തിന്ന് മുതലാക്കിയതാണെന്നും , ആ പെണ്ണു ആള്‍ അത്ര ശരിയല്ലെന്നും , ഒരിക്കല്‍ ആരുടേയോ ഒരു ജാതക കുറിപ്പ് ചേര്‍ച്ച നോക്കാന്‍ ചെന്ന സമയം ജോത്സ്യരും ചെട്ടിച്ചിയും കൂടി ശൃംഗരിക്കുന്നതും , ഇരുവരും കൂടി ഒരു വാഴക്ക ബജ്ജിയുടെ ഓരോ തല ഒരേ സമയം കടിച്ച് പിടിച്ച് ഇരിക്കുന്നത് കാണാന്‍ ഇടയായി എന്നും തിരിച്ചു പോരുമ്പോള്‍ മാണിക്കന്‍ പറഞ്ഞു. വന്ന വഴിയിലൂടെ വളഞ്ഞു ചുറ്റി വേണം റോഡിലൂടെ വീട്ടിലെത്താന്‍. തോടിന്നരികില്‍ എത്തിയപ്പോള്‍ ഞാന്‍ വരമ്പത്തു കൂടിയുള്ള എളുപ്പവഴിയേ പോവാനൊരുങ്ങി.
" നിന്നോട് പറയാനിരുന്ന കാര്യം ഇതു വരെ പറഞ്ഞില്ല " എന്ന് അപ്പോഴാണ്' മാണിക്കന്ന് ബോധം വന്നത്. തോട്ടിറമ്പിലൂടെ സൈക്കിള്‍ ഉന്തി അവന്‍ എന്‍റെ പുറകെ നടന്നു." ഇത്രയും കാലം എനിക്ക് ബന്ധുക്കാരോ സ്വന്തക്കാരോ ഇല്ല. എന്നാല്‍ ഇപ്പോള്‍ ഒരു അമ്മാമന്‍ ആയി " എന്ന് മാണിക്കന്‍ പറഞ്ഞു. അവന്‍റെ സ്വരത്തില്‍ ആഹ്ലാദമൊന്നും ഇല്ലായിരുന്നു. അവന്‍റെ അമ്മ അപ്പനോടൊപ്പം ഇറങ്ങി പോന്നതിന്നു ശേഷം ബന്ധുക്കള്‍ അവരെ ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ അലോഹ്യം തീര്‍ന്നു കാണുമെന്ന് ഞാന്‍ കരുതി.
സംഗതി അങ്ങിനെ ആയിരുന്നില്ല. കാവശ്ശേരി പൂരത്തിന്ന് പോയപ്പോള്‍ ആകസ്മികമായി പരിചയപ്പെട്ട ഒരു വ്യക്തി അമ്മയുടെ നാട്ടുകാരനാണെന്ന് മനസ്സിലായി. പറഞ്ഞു വന്നപ്പോള്‍ ആള്‍ അമ്മയുടെ എളേപ്പന്‍റെ മകന്‍. വകയില്‍ അമ്മാമന്‍. കല്യാണമൊന്നും കഴിക്കാതെ ഒറ്റയാനായി തോന്നിയ പോലെ ജീവിക്കുന്നു. മാണിക്കന്‍ പരിചയപ്പെടുമ്പോള്‍ കക്ഷി ഫുള്‍ വെള്ളത്തിലാണ്. മൂപ്പര് മാണിക്കനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു .
"ഒരു ദിവസം അവിടം വരെ പോകണം" ഒന്നു നിറുത്തി അവന് " നീ തുണക്ക് വര്വോ"എന്ന് ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. മൌനം സമ്മതമെന്ന് അവന്‍ കരുതി കാണും.
പിന്നെ ഇന്ന് രാത്രി നമ്മള്‍ എല്ലാവരും ചേര്‍ന്ന് ഒരു സിനിമക്ക് പോവുന്നു. നാരായണന്‍കുട്ടിക്ക് ഒരു ലോട്ടറി കിട്ടി. വലിയ തുകയൊന്നും അല്ല. വെറും അയ്യായിരം രൂപ മാത്രം. അതിന്‍റെ വക ചിലവാണ്. വായന ശാലയിലെ നമ്മുടെ സെറ്റ് എല്ലാവരേയും വിളിച്ചു കഴിഞ്ഞു. നിന്നോടും പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ടൌണിലെ തിയേറ്ററില്‍ സെക്കന്‍റ് ഷോ കളിക്കാണ്. പോവാനും വരാനും ടാക്സി കാര്‍ ഇടപാടാക്കി കഴിഞ്ഞു. ചുരുക്കത്തില്‍ കിട്ടിയതില്‍ പകുതി ഇന്ന് പൊലിച്ചു പാടും. അടുത്ത ദിവസം ക്ലാസ്സ് ഉള്ളതിനാല്‍ എനിക്ക് വൈമനസ്യം തോന്നി. പക്ഷെ കൂട്ടായ്മയുടെ ഭാഗമായി ഇങ്ങിനെ ചില ഇടപാടുകള്‍ ഉള്ളതില്‍ നിന്നും ആരും ഒഴിഞ്ഞു നില്‍ക്കാറില്ലാത്തതിനാല്‍ ഞാന്‍ ചെല്ലാമെന്ന് ഏറ്റു. മാണിക്കന്‍ വീട്ടിലേക്ക് വന്നില്ല. തോടിറമ്പിലൂടെ അവന്‍ സൈക്കിള്‍ ഓടിച്ചു പോയി, ഞാന്‍ വരമ്പിലൂടെ വീട്ടിലേക്കും.
കുരുത്തക്കേടുകള്‍ ചെയ്യില്ല , ഏടാകൂടങ്ങളില്‍ ചെന്ന് ചാടില്ല എന്നൊക്കെ ബോദ്ധ്യമുള്ളതിനാല്‍ വീട്ടില്‍ നിന്നും എളുപ്പം സമ്മതം കിട്ടി. രാത്രി ഭക്ഷണത്തിന്നു ശേഷം ടോര്‍ച്ച് എടുത്ത് പുറപ്പെട്ടു. നാരായണന്‍ കുട്ടിയും പരിവാരങ്ങളും വായന ശാലക്കു മുമ്പില്‍ റെഡി. ലുങ്കിയും ഷര്‍ട്ടുമാണ്എല്ലാവരുടേയും വേഷം . കേശവേട്ടന്‍റെ പഴയ വെള്ള യൂണിഫോം പാകത്തിന്ന് വെട്ടി ചെറുതാക്കിയതാണ് മാണിക്കന്‍ ഇട്ടിരുന്നത്. സംഘം ഒത്തു കൂടിയെങ്കിലും വാഹനം കാണാനില്ല. ഇപ്പോള്‍ എത്തുമെന്ന് നാരായണന്‍കുട്ടി സമാധാനിപ്പിച്ചു. വൈകുന്നേരം കൂടി അവന്‍ പറഞ്ഞ് ഉറപ്പാക്കിയതാണ്. നൂറു രൂപ മുന്‍കൂര്‍ കൊടുക്കുകയും ചെയ്തിരുന്നു. പറഞ്ഞ സമയം കഴിഞ്ഞു. കാറിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഇനിയും കാത്തു നിന്നാല്‍ സിനിമ തുടങ്ങും. കൂടിയവരില്‍ നിന്നും മുറുമുറുപ്പ് പുറത്തേക്ക് വന്നു തുടങ്ങി.
ഡ്രൈവറെ തിരഞ്ഞ് അയാളുടെ വീട്ടിലേക്ക് ചെന്നു. ട്രിപ്പ് കഴിഞ്ഞു വന്നില്ല എന്ന് മറുപടി കിട്ടി. അടുത്തതായി പോയത് കാറിന്‍റെ ഉടമയുടെ വീട്ടിലേക്കാണ്. അദ്ദേഹത്തിന്നും വാഹനം എവിടെ പോയി എന്ന് അറിയില്ല. ഒടുവില്‍ ടാക്സി സ്റ്റാന്‍റിലെ ഒരു പയ്യന്‍ സത്യാവസ്ഥ പറഞ്ഞു. കൂടുതല്‍ പണവും നല്ലപോലെ മദ്യവും കൊടുത്ത വേറൊരു സെറ്റ് ആളുകളെ കയറ്റി കാറുമായി ഡ്രൈവര്‍ ടൌണിലേക്ക് സിനിമക്ക് പോയി എന്നായിരുന്നു ആ വാര്‍ത്ത. എല്ലാവരും തിരിച്ച് വീടുകളിലേക്ക് പോകാന്‍ ഒരുങ്ങി. പക്ഷെ ഇപ്പോള്‍ തന്നെ എങ്ങിനെയെങ്കിലും ടൌണിലെത്തി ആ ഡ്രൈവറെ നാലു പറയണമെന്ന് നാരായണന്‍കുട്ടി വാശി പിടിച്ചു. മാണിക്കന്‍ അവനെ പിന്താങ്ങിയതോടെ അതിന്നായി പിന്നത്തെ ശ്രമം.
ഭാഗ്യത്തിന്ന് ഒരു ടാങ്കര്‍ ലോറി അപ്പോള്‍ എത്തി. കരിയും ചളിയും പൊത്തിയ ചെറിയ ടാങ്ക് കഴിഞ്ഞാല്‍ മുകളില്‍ യഥേഷ്ടം സ്ഥലം. പിടിച്ച് ഇരിക്കാന്‍ പറ്റുമെങ്കില്‍ കയറിക്കോളാന്‍ കിളി സമ്മതിച്ചു. ടൌണില്‍ എത്തിയപ്പോള്‍ എല്ലാവരും വിഷുവേലക്ക് കരിവേഷം കെട്ടിയപോലെ. മാണിക്കന്‍റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. വര്‍ക്ക് ഷോപ്പിലെ പണിക്കാരുടെ ഡ്രസ്സ് ഇതിലേറെ വൃത്തിയായിരിക്കും.
സിനിമ തിയേറ്ററിലേക്ക് ഒരു കൂട്ട ഓട്ടമായിരുന്നു. നോക്കുമ്പോള്‍ ഉദ്ദേശിച്ച തിയേറ്ററില്‍ കാര്‍ കാണാനില്ല. പിന്നെ ഓരോന്നായി പട്ടണത്തിലെ എല്ലാ തിയേറ്ററുകളിലേക്കും പദയാത്ര. ഒടുവില്‍ ഇംഗ്ലീഷ് പടങ്ങള്‍ മാത്രം കാണിക്കാറുള്ള പഴയ കൊട്ടകക്ക് മുന്നില്‍ കാര്‍ നില്‍ക്കുന്നു. പടം തുടങ്ങി സമയം ഒരുപാടായി. ഇടവേള കൂടി കഴിഞ്ഞിരിക്കണം. കാന്‍റീനും സിഗററ്റു കടയും അടച്ചിരിക്കുന്നു. അവിടെയെങ്ങും ഒരു മനുഷ്യ ജീവിയേപ്പോലും കാണാനില്ല. അകത്തു കയറി ഡ്രൈവറെ വലിച്ചിട്ട് നന്നായി നാലെണ്ണം പെരുക്കണമെന്നായി നാരായണന്‍കുട്ടി. ആരും ആ സാഹസത്തിന്ന് തയ്യാറായില്ല. മാണിക്കന്‍ എങ്ങോട്ടോ പോകുന്നതു കണ്ടു. തിരിച്ചു വരുമ്പോള്‍ കയ്യില്‍ വലിയ ഒരു ആണി. അടുത്തെങ്ങും ആരും കാണാനില്ല എന്ന് ഉറപ്പു വരുത്തി അവന്‍ നാലു ടയറും കുത്തി കീറി. നേരം വെളുത്ത് നാലു ടയറും നന്നാക്കി കാറ്റ് നിറച്ചിട്ട് സന്തോഷമായി തിരിച്ചു വരുന്നതു വരെ വാഹനം ഇവിടെ തന്നെ കിടക്കട്ടെ എന്ന് അനുഗ്രഹിച്ച് ഞങ്ങള്‍ തിരിച്ചു പോന്നു.

0 comments:
Post a Comment