Wednesday, February 9, 2011

23. വാത്മീകിയോട്പറഞ്ഞതുപോലെ.

Sunday, December 28, 2008


സമയം പതിനൊന്നു മണികഴിഞ്ഞിരുന്നു. ഞാന്‍ ക്ലാസ്സ് എടുക്കുകയാണ് . വാസുക്കുട്ടന്‍ പുറത്ത് വന്നു നിന്നു. ട്യൂട്ടോറിയല്‍ കോളേജിലെ ഏക അനദ്ധ്യാപക ജീവനക്കാരന്‍. പ്യൂണും ക്ലാര്‍ക്കും സ്വീപ്പറും ഒക്കെ ചേര്‍ന്ന ഒരു തസ്തികയാണ് അവന്‍റേത്. ഞാന്‍ ഇറങ്ങി ചെന്നു. രമേഷിനെ പ്രിന്‍സിപ്പാള്‍ അന്വേഷിക്കുന്നതായി അവന്‍ പറഞ്ഞു. എനിക്ക് കോളേജ് യൂണിയന്‍റെ കലാ പരിപാടി കാണാന്‍ ഫ്രീ പാസ്സ് തന്നവനാണ് രമേഷ്. ഞാന്‍ അവനെ പ്രിന്‍സിപ്പാളിന്‍റെ അടുത്തേക്ക് അയച്ചു.

അവന്‍ പോയി നിമിഷങ്ങള്‍ക്കകം പ്രിന്‍സിപ്പാളിന്‍റെ മുറിയില്‍ നിന്നും ഉറക്കെ അവന്‍റെ കരച്ചില്‍ കേട്ടു. എന്തോ കുറ്റത്തിന്ന് കഠിനമായ ശിക്ഷ അവന്ന് കിട്ടിക്കാണുമെന്ന് ഞാന്‍ ഊഹിച്ചു. ട്യൂട്ടോറിയല്‍ കോളേജുകളില്‍ സാധാരണ ഒരു വിധം കുറ്റങ്ങള്‍ക്കൊന്നും ശിക്ഷ നല്‍കാറില്ല. വയറ്റു പിഴപ്പിന്‍റെ കാര്യമായതിനാല്‍ പിള്ളേര്‍ എന്തൊക്കെ തോന്ന്യാസം കാണിച്ചാലും അതിന്നു നേരെ കണ്ണടക്കുകയാണ്'പതിവ്. കുറച്ചു നേരം കഴിഞ്ഞിട്ടും കരച്ചില്‍ നിന്നില്ല. സംഭവം എന്താണെന്ന് അറിയാന്‍ എനിക്ക് ആകാംക്ഷയായി. ഞാന്‍ ക്ലാസ്സില്‍ നിന്ന് പുറത്തിറങ്ങി നോക്കുമ്പോള്‍ പ്രിന്‍സിപ്പാളിന്‍റെ മുറിക്കു മുമ്പില്‍ ടീച്ചര്‍മാരും കുട്ടികളുമായി ഒരു പുരുഷാരം. ഞാനും അങ്ങോട്ട് നീങ്ങി.

കോളേജില്‍ രാവിലെ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ രമേഷിന്‍റെ ജ്യേഷ്ഠന്ന് വെട്ടേറ്റു. അത്യന്തം ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണ്. മരിച്ചു കഴിഞ്ഞു എന്ന് ചിലര്‍ അടക്കം പറയുന്നത് കേട്ടു.

ഏതാനും ദിവസം മുമ്പ് ഞാന്‍ അവനെ കാണാന്‍ ഇടയായി. സിവില്‍ സ്റ്റേഷന്നു മുമ്പില്‍ ഞാന്‍ ബസ്സ് കാത്ത് നില്‍പ്പാണ്. ഒരു പുതിയ ബൈക്കില്‍ അവന്‍ ചെത്തു സ്റ്റൈലില്‍ വരുന്നു. പുറകില്‍ വേറൊരു പയ്യന്‍. എന്നെ കണ്ടതും അവന്‍ വാഹനം നിര്‍ത്തി. കലാപരിപാടി കുളമായതില്‍ അവന്‍ ക്ഷമ ചോദിച്ചു. എതിര്‍ യൂണിയനിലെ ആളുകളാണ് കുഴപ്പം സൃഷ്ടിച്ചത്. അവരെ താമസിയാതെ കൈകാര്യം ചെയ്യുമെന്ന് അവന്‍ പറഞ്ഞു . അന്നത്തെ സംഭവങ്ങളുടെ പ്രത്യാഘാതമായിരിക്കണം ഇപ്പോള്‍ നടന്നത്.

ഇപ്പോള്‍ എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്തു. അനന്തര നടപടികളെ കുറിച്ച് തീരുമാനമായി. രമേഷിനോടൊപ്പം ടീച്ചര്‍മാരും കുട്ടികളുമായി കുറച്ചു പേര്‍ ചെല്ലുക. വേണമെങ്കില്‍ ആദ്യം ആസ്പത്രിയില്‍ ചെന്നു കാണാം. പിന്നീട് അവനെ വീട്ടിലെത്തിക്കണം. പോവാന്‍ നിശ്ചയിച്ചവരില്‍ ഞാനും ഉള്‍പ്പെട്ടു.

ആസ്പത്രിയില്‍ എത്തിയപ്പോഴാണ് ശരിക്കുള്ള വിവരം കിട്ടിയത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ രമേഷിന്‍റെ ജ്യേഷ്ഠന്‍ വടിവാള്‍ എടുത്ത് കുറെ പേരെ വെട്ടി. അതില്‍ ഒരുവന്‍ മരിച്ചു കഴിഞ്ഞു. വേറൊരുത്തന്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത വിധം അത്യാസന്ന നിലയിലാണ്. അതിന്ന് പ്രതികാരമായി എതിരാളികള്‍ വെട്ടിയതാണ്. മുറിവ് ഗുരുതരമാണ്. ഒന്നും പറയാറായിട്ടില്ല. ഐ.സി.യു.വിന്ന് മുന്നിലെ ചില്ലില്‍ കൂടി ഞങ്ങള്‍ നോക്കി. ഓക്സിജനും ഡ്രിപ്പും ഒക്കെ ആയി അവന്‍ കിടപ്പാണ്. അവിടെ അധിക നേരം നിന്നില്ല. രമേഷിനെ കൂട്ടി ഞങ്ങള്‍ അവന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.

"കാശ് ഉള്ള വീട്ടിലെ കുട്ടികള്‍ പ്രാരബ്ധം അറിയാതെ വളരും. കുറെ കഴിയുമ്പോള്‍ മെല്ലെ വഴി തെറ്റി പോകും. ഉദ്ദേശിച്ച കാര്യം നടക്കാഞ്ഞാല്‍ അവര്‍ക്ക് വാശിയാവും, എതിര്‍ക്കുന്നവര്‍ ശത്രുക്കളും " എന്ന് യാത്രക്കിടയില്‍ മലയാളം മാഷ് ഒരു തത്വം പറഞ്ഞു.

രമേഷിന്‍റെ വീട് ആര്‍ക്കും അറിയില്ല. വാഹനം നിറുത്തിയപ്പോള്‍ അവന്‍ കാണിച്ച വഴിയേ ഞങ്ങള്‍ നടന്നു. ഒറ്റയടിപ്പാത ചെന്നെത്തുന്നത് ഒരു ചെറിയ ഓട്ടുപുരയുടെ മുന്നില്‍. മുള്ളുവേലി കെട്ടി അലകുപടി വെച്ചിരിക്കുന്നു. അവന്‍ ആ പുരയിലേക്ക് നടന്നു. എനിക്ക് തോന്നിയ അത്ഭുതത്തിന്ന് അതിരില്ല. എന്‍റെ സങ്കല്‍പ്പത്തില്‍ രമേഷിന്‍റെ വീട് ഒരു പടുകൂറ്റന്‍ മാളികയാണ്, ജീന്‍സ് പാന്‍റും പുതിയ മോഡല്‍ ഷര്‍ട്ടുകളും ഷൂസും അണിഞ്ഞ് , കയ്യില്‍ വില കൂടിയ മൊബൈലുകളുമായി സുന്ദര കുട്ടപ്പന്‍മാരായി വിലസി നടക്കുന്ന രമേഷും സഹോദരനും ഈ വീട്ടിലെ അംഗങ്ങളാണെന്ന് വിശ്വസിക്കാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു.

വീട്ടിലെത്തിയതും രമേഷ് ഉറക്കെ ഒറ്റ കരച്ചില്‍. അത് കേട്ടിട്ടാകണം അകത്തു നിന്നും പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു. മുഷിഞ്ഞ് പ്രാകൃതമായ വേഷം. ഒറ്റ നോട്ടത്തില്‍ കൂലി പണിക്കാരിയാണെന്ന് മനസ്സിലാവും.

" അമ്മാ, ഏട്ടന്‍.. " എന്ന് പറഞ്ഞ് അവന്‍ അവരെ കെട്ടി പിടിച്ചതും അവരും കരച്ചില്‍ തുടങ്ങി. എങ്ങിനെ അവരെ സമാധാനിപ്പിക്കണമെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. കുട്ടികള്‍ തമ്മില്‍ നടന്ന അടിപിടിയില്‍ മകന്ന് ചെറുതായി പരിക്ക് പറ്റി എന്നും, അത്രക്ക് പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നും മലയാളം മാഷ് അവരെ ആശ്വസിപ്പിച്ചു.

"ന്‍റെ കുട്ടീനേ ഞങ്ങള്‍ പൂഴി നുള്ളി മേത്ത് ഇട്ടിട്ടില്ല, അവനെ നോവിച്ചവരെ ദൈവം വെറുതെ വിടില്ല " എന്നും പറഞ്ഞ് ആ സ്ത്രീ സ്വന്തം തലക്ക് തല്ലി. ആരൊക്കെയോ ചേര്‍ന്ന് അവരുടെ കൈകള്‍ കൂട്ടി പിടിച്ചു.

ആ നിമിഷം വെട്ടേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ ഞാനോര്‍ത്തു. തിരിച്ചു പോരുമ്പോള്‍ ഞാന്‍ ആ വീടിന്‍റെ ചുറ്റുപാടും , അവിടത്തെ കുട്ടികളുടെ വേഷവിധാനത്തിലെ ധാരാളിത്തവും തമ്മിലുള്ള വൈരുദ്ധ്യത്തെ കുറിച്ച് മലയാളം മാഷോട് സംസാരിച്ചു. " കാണുന്ന പകിട്ടല്ല ജീവിതം എന്ന് കരുതിയാല്‍ മതി " എന്ന് അദ്ദേഹം പറഞ്ഞു തന്നു. രമേഷിന്‍റെ ഏട്ടന്‍ ഓരോ ദിവസം ഓരോ ബൈക്കില്‍ അനുജന്‍റെ അടുത്ത് വരുമെന്നും, അതെല്ലാം ഓരോ കൂട്ടുകാരുടേതാണെന്നും ക്ലാസ്സിലെ കുട്ടികള്‍ പറഞ്ഞു തന്നു.

പിറ്റേ ദിവസം വെട്ടേറ്റ മറ്റേ വിദ്യാര്‍ത്ഥി മരിച്ചതായും, രമേഷിന്‍റെ ഏട്ടന്‍റെ നില മെച്ചപ്പെട്ടു വരുന്നതായും അറിഞ്ഞു. കൂടാതെ അവന്‍റെ പേരില്‍ പോലീസ് കേസ് ആയി കഴിഞ്ഞുവെന്നും മനസ്സിലായി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിട്ടും രമേഷ് ക്ലാസ്സില്‍ വന്നില്ല. അവന്‍റെ വീട്ടില്‍ ചെന്ന് വിവരം തിരക്കണമെന്ന് ഒരു ആശയം ഉടലെടുത്തു. എല്ലാവരേക്കാളും കുട്ടി മാഷോടാണ് അവന്ന് കൂടുതല്‍ അടുപ്പം. അതിനാല്‍ മാഷ് ചെന്ന് കാര്യങ്ങള്‍ അറിഞ്ഞു വരണം. അനൌപചാരികമായ ഒരു സന്ദര്‍ശനം ആയി കരുതിയാല്‍ മതി. പിറ്റേന്ന് ഞാന്‍ ഒറ്റക്ക് അവിടേക്ക് പോകണം എന്ന് നിശ്ചയിച്ചു. പരിചയം ഇല്ലാത്ത വീട്ടില്‍ ഒറ്റയ്ക്ക് കേറി ചെല്ലാന്‍ എനിക്ക് മടി തോന്നി. അന്നു വൈകുന്നേരം ഞാന്‍ പിറ്റേന്നത്തെ യാത്രക്ക് കൂട്ടിന്നായി മാണിക്കനെ വിളിച്ചു.

ഒരു പ്രാവശ്യം പോയ വീട് ആയതിനാല്‍ സ്ഥലം അന്വേഷിച്ച് ബുദ്ധിമുട്ടിയില്ല. ഞങ്ങള്‍ കയറി ചെല്ലുമ്പോള്‍ വിടിന്നു വെളിയിലെ തിണ്ണയില്‍ ഒരാള്‍ പുല്ലുപായ വിരിച്ചതില്‍ കിടക്കുന്നു. ഞങ്ങളെ കണ്ടതും അയാള്‍ പരിഭ്രമിച്ച് എഴുന്നേറ്റു. ഷേവ് ചെയ്യാതെ നരച്ച കുറ്റി താടി നിറഞ്ഞ മുഖം. മുഷിഞ്ഞ വേഷം. ആകെ ക്ഷീണിച്ച ഒരു രൂപം. രമേഷിന്‍റെ മുത്തശ്ശനായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ആ സമയത്ത് കയ്യില്‍ പെറുക്കി കൂട്ടിയ കുറച്ച് ചുള്ളി വിറകും ഉണങ്ങിയ ഓല മടലും ഒക്കെ ആയി രമേഷിന്‍റെ അമ്മ തൊടിയില്‍ നിന്നും കയറി വന്നു.

രമേഷിനെ പഠിപ്പിക്കുന്ന മാഷാണെന്ന് ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവരെ എല്ലാവരേയും കാണാന്‍ ചെന്നതാണെന്നും പറഞ്ഞു. ആ സ്ത്രീ വലിയ വായില്‍ കരഞ്ഞു. കരച്ചിലിന്നിടയില്‍ അവര്‍ പലതും പറഞ്ഞു. സംഭവം നടന്നതിന്നു ശേഷം ആ വീട്ടിലെ സ്ഥിതിഗതികള്‍ വളരെ കഷ്ടത്തിലാണ്. തിണ്ണ കോലായില്‍ കിടക്കുന്നത് രമേഷിന്‍റെ അപ്പനാണ്. എപ്പോഴും ചിരിച്ചു കളിച്ച് നടന്ന ആളാണ്. പട്ടിണി കിടന്നും കുട്ടികളുടെ കാര്യങ്ങള്‍ ഒരു കുറവും വരാതെ നോക്കി നടത്തിയതാണ്. ഇപ്പോള്‍ കിടന്ന കിടപ്പ് തന്നെ. ആഹാരം പോലും നേരത്തിന്ന് കഴിക്കാറില്ല. ഒരാളോടും സംസാരിക്കാറില്ല.

ഒന്ന് നിറുത്തിയ ശേഷം അവര്‍ സങ്കടങ്ങള്‍ തുടര്‍ന്നു. പിള്ളേരുടെ പഠിപ്പിന്നും അവരുടെ ആവശ്യങ്ങള്‍ക്കും നിറയെ പണം വേണം. ചെറിയോരു പെന്‍ഷനേ കിട്ടാനുള്ളൂ. അത് ഒട്ടും മതിയാകില്ല. കൂലി പണിക്ക് പോയിട്ടാണ് പോരാത്തത് സമ്പാദിക്കുന്നത്. ഇപ്പോള്‍ അതും നിന്നു. സഹായിക്കാന്‍ ആരുമില്ല. പോലീസ് അല്ലാതെ ആരും ആ വീട്ടില്‍ കയറി ചെല്ലാറില്ല. എന്ത് ചെയ്യണമെന്ന് അറിയില്ല.

അവരെ എങ്ങിനെ സമാധാനിപ്പിക്കണമെന്ന്എനിക്ക് അറിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മാണിക്കന്‍ എഴുന്നേറ്റു. രമേഷിന്‍റെ അച്ഛന്‍ കിടക്കുന്ന പായയുടെ ഒരു ഓരത്ത് അവന്‍ പോയി ഇരുന്നു. പിന്നീട്എന്നെ മാടി വിളിച്ചു. ഞാന്‍ അവരുടെ മുമ്പില്‍ ചെന്നു നിന്നു. രമേഷിന്‍റെ അച്ഛന്‍റെ കൈകളില്‍ മാണിക്കന്‍ കടന്നു പിടിച്ചു. വൈദ്യുതി പോലെ സാന്ത്വനം അവനില്‍ നിന്നും പ്രവഹിച്ചു കാണണം. പ്രകടമായ ഒരു മാറ്റം അയാളില്‍ കാണാന്‍ കഴിഞ്ഞു. അയാള്‍ മാണിക്കനെ കെട്ടിപിടിച്ച് തേങ്ങി കരയാന്‍ തുടങ്ങി.

" ഏട്ടോ " കലര്‍ന്ന സ്വരത്തില്‍ മാണിക്കന്‍ പറഞ്ഞു " നിങ്ങള്‍ ഇങ്ങിനെ വിഷമിക്കാതെ ഇരിക്കിന്‍. എല്ലാറ്റിനും ഒരു വഴി കാണില്ലേ ".

" എങ്ങിനെയാണ്' ഞാന്‍ കരയാതിരിക്കുക " അയാള്‍ പറയാന്‍ തുടങ്ങി " എന്‍റെ എല്ലാ സ്വപ്നങ്ങളും തല്ലി കെടുത്തിയിട്ടാണ് അവന്‍ ഈ കൊലച്ചതി ചെയ്തത്. തുടര്‍ന്ന് തന്‍റെ ജീവിതത്തിന്‍റെ ചുരുള്‍ അയാള്‍ നിവര്‍ത്തി. ദുരിതങ്ങള്‍ നിറഞ്ഞ ബാല്യകാലം. പട്ടിണി മാറ്റാനായി ചെറുപ്പത്തിലെ പഠിപ്പു നിര്‍ത്തി പണി തേടി ഇറങ്ങി. പലതും ചെയ്തു. കേറി കിടക്കാന്‍ കൂരയില്ലാത്ത കാലത്ത് പെണ്ണ്' കെട്ടി. ചെക്കനും പെണ്ണിനും തുണി വാങ്ങിയത് പണി ചെയ്യുന്ന വീട്ടുകാരുടെ ഔദാര്യത്തില്‍. നാളെ എന്ന് ഒരു ആലോചന അന്നൊന്നും ഇല്ല. അതിനുള്ള വഴിയും ഇല്ല.

കുറച്ചു നേരം അയാള്‍ ഒന്നും പറഞ്ഞില്ല. ആ ജീവിതത്തിലെ നരക യാതനകളെ പറ്റി ഞാന്‍ ആലോചിച്ചിരുന്നു. എന്‍റെ പെണ്ണ് കടിഞ്ഞൂല്‍ പ്രസവത്തിന്ന് പോകുമ്പോള്‍ ഒരു സാരി വാങ്ങി കൊടുക്കാന്‍ എന്‍റെ കയ്യില്‍ പണമില്ല. ഏതോ വീട്ടില്‍ നിന്നും പിച്ചക്കാരിക്ക് കിട്ടിയ ഒരു പഴയ സാരി ചില്ലറ കാശിന്ന് വാങ്ങിച്ചു കൊടുത്തിട്ടാണ് അവളെ അന്ന് പറഞ്ഞയച്ചത്. സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണായി പണി കിട്ടുമ്പോള്‍ പ്രായം ഏറെയായി. ഇരുപത് കൊല്ലം തികച്ച് ജോലി ചെയ്യാനായില്ല. അതിന്ന് മുമ്പ് പെന്‍ഷന്‍ പറ്റി പിരിഞ്ഞു.

കിട്ടുന്ന ശമ്പളം നിത്യവൃത്തിക്ക് തന്നെ കഷ്ടി. എന്തെല്ലാം നോക്കണം. ഒന്നും സ്വരൂപിച്ച് വെക്കാനായില്ല. മൂത്തത് പെണ്‍കുട്ടി. പിരിയുമ്പോള്‍ കിട്ടിയ പണം അതിനെ കെട്ടിച്ച് അയക്കാനായി. ചെറിയ പുര വെച്ചപ്പോഴേക്കും കയ്യില്‍ ഒന്നുമില്ല. ആണ്‍കുട്ടികളെ വളര്‍ത്താന്‍ പിന്നേയും കൂലി പണിക്ക് ഇറങ്ങി. ഇവറ്റ വളര്‍ന്നാല്‍ കയ്യാശ്വാസം ആവുമെന്ന് കരുതി. എല്ലാം നശിപ്പിച്ചു. അയാള്‍ പിന്നേയും വിതുമ്പി.

ജാമ്യത്തിന്ന് ശ്രമിച്ചുവോ എന്ന് മാണിക്കന്‍ തിരക്കി.

" ജാമ്യമോ' അയാള്‍ പൊട്ടിതെറിച്ചു " എന്ത് ആവശ്യത്തിന്ന് ? കൂടെ പഠിക്കുന്നവരെ കൊന്നവന്‍. അവന്ന് കൊലക്കയര്‍ കിട്ടണം. എനിക്ക് അതല്ല സങ്കടം. ആ കുട്ടികളുടെ അച്ഛനമ്മമാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചങ്ക് തകരുന്നു. എങ്ങിനെ ആ പാവങ്ങള്‍ ഈ ദുഃഖം താങ്ങും ഭഗവാനേ ".

ഞങ്ങള്‍ക്ക് ഒന്നും പറയാനായില്ല. സ്വന്തം മകന്‍റെ ഭാവിയേക്കാള്‍ മരിച്ച കുട്ടികളുടെ ബന്ധുക്കളുടെ ദുഃഖത്തെ കുറിച്ചോര്‍ത്ത് വിലപിക്കുന്ന മനുഷ്യന്‍. പഠിപ്പ് ഇല്ലെങ്കിലും മനസ്സില്‍ നിറയെ മനുഷ്യത്വം കാത്തു സൂക്ഷിക്കുന്ന ‍ആള്‍.

നിമിഷങ്ങള്‍ കടന്നു പോയി.

"ഒന്ന് ആലോചിക്കുമ്പോള്‍ ജാമ്യം കിട്ടാത്തതാണ്' നല്ലത്. വെളിയില്‍ വന്നാല്‍ മരിച്ചവരുടെ ആളുകള്‍ അവനെ തട്ടുമെന്നാണ് കേള്‍ക്കുന്നത്. വന്നില്ലെങ്കില്‍ ആ കര്‍മ്മം കാണാതെ കഴിയാലോ " എന്ന് അയാള്‍ ആശ്വസിച്ചു. " കേസിനും കൂട്ടത്തിനും പോകാന്‍ കൈ നിറയെ പണം വേണം. അതില്ല. മകന്‍റെ കയ്യില്‍ വാളെടുത്ത് കൊടുത്തവര്‍ ആരും ആപത്തില്‍ കൂടെയില്ല. വാത്മീകിയോട് പറഞ്ഞതു പോലെ താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം താന്‍ താന്‍ അനുഭവിക്കണം ".

ഞങ്ങള്‍ ഇറങ്ങാനൊരുങ്ങി. ഞാന്‍ രമേഷിനെ തിരക്കി. എന്നാണ് പഠിക്കാന്‍ വരുന്നതെന്ന് ചോദിച്ചു. മറുപടി പറഞ്ഞത് അവന്‍റെ അമ്മയാണ്.

"അവന്‍ ഇനി മുതല്‍ പഠിക്കാന്‍ വരില്ല. ഞങ്ങള്‍ക്ക് ആകെ പേടിയാണ്. ഇവിടെ നിന്നാല്‍ ചിലപ്പോള്‍ അവന്‍റെ മേല്‍ ആകും പ്രതികാരം. എവിടേയോ പോയി ജീവനോടെ കിടക്കട്ടെ. ചാവുമ്പോള്‍ ക്രിയ ചെയ്യാന്‍ ഒരെണ്ണം വേണമല്ലൊ ".

അവന്‍ എവിടെ പോയി എന്നൊന്നും ഞങ്ങള്‍ ചോദിച്ചില്ല. അതൊക്കെ തീര്‍ത്തും അപ്രസക്തമാണ്. മാണിക്കന്‍ അയമ്മയുടെ അരികില്‍ ചെന്നു.

"ഞങ്ങളെ മക്കളായി കരുതിക്കോളൂ. എന്ത് കാര്യത്തിന്നും ഞങ്ങള്‍ ഒപ്പം നില്‍ക്കും " എന്ന് പറഞ്ഞു.

മടികുത്തില്‍ നിന്നും എന്തോ എടുത്ത് " മകന്‍ തരുന്നതാണെന്ന് കരുതിക്കോളൂ " എന്നു പറഞ്ഞ് അവന്‍ ആ അമ്മയുടെ കയ്യില്‍ അതു കൊടുത്തു. അവന്‍റെ കയ്യിലുള്ള പണമായിരിക്കും. ഇനിയും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങിപോന്നു.

0 comments:

No comments:

Post a Comment