Wednesday, February 9, 2011

28. മണ്ണാങ്കട്ടയും കരിയിലയും .

Saturday, March 7, 2009


ചിനക്കത്തൂര്‍ പൂരത്തിനാണെന്ന് പറഞ്ഞ് പിരിവിന്ന് ആളുകള്‍ വന്നപ്പോള്‍ തുടങ്ങിയ മോഹമാണ് ഈ വര്‍ഷമെങ്കിലും പൂരം കാണണമെന്നത്. പല സ്ഥലത്തെയും വേല, പൂരം, വെടി, പള്ളിനേര്‍ച്ച എന്നിവയൊക്കെ കാണാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, അത്രയൊന്നും ദൂരത്തല്ലാത്ത ഈ പൂരം മാത്രം ഇതുവരെ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. " ചെനക്കത്തൂര്‍ പൂരം തനിക്കൊത്ത പോലെ എന്നാണ് പറയുക, കേള്‍ക്കുമ്പോള്‍ തന്നെ എന്തോ ഏടാകൂടം ഉള്ള മാതിരി. എന്‍റെ മകന്‍ അങ്ങോട്ടൊന്നും പോവരുത് " എന്നും പറഞ്ഞ്, ഞാന്‍ പുറപ്പെട്ടിട്ടുള്ള ഓരോ തവണയും അമ്മ എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. അലങ്കരിച്ച പൊയ്കാളകള്‍ കാണാന്‍ ഏറ്റവും ഗംഭീരം ചിനക്കത്തൂര്‍ പൂരത്തിനാണ് എന്ന് മാണിക്കന്‍ പറയാറുണ്ട്. അവന്‍ എത്താത്ത ആഘോഷങ്ങള്‍ ചുറ്റുപാട് ഒന്നും ഇല്ല. ചെണ്ട പുറത്ത് കോല് വെച്ചാല്‍ മാണിക്കനെ അവിടെ കാണും എന്നാണ് എല്ലാവരും പറയാറ്.

എന്തായാലും ഇത്തവണ പൂരം കണ്ടിട്ടേ ബാക്കി കാര്യമുള്ളു എന്ന് ഞാന്‍ നിശ്ചയിച്ചു. മാണിക്കന്‍റെ സഹായം ഇതിന്നായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. " നീ വിഷമിക്കാതെ , നിന്‍റെ അമ്മയോട് പറഞ്ഞ് ഞാന്‍ സമ്മതം വാങ്ങിത്തരാ "മെന്ന് അവന്‍ എനിക്ക് വാക്ക് തന്നതോടെ ഞാന്‍ മനസ്സുകൊണ്ട് പൂരത്തിന്നായി പുറപ്പെട്ടു കഴിഞ്ഞു.

അവന്‍റെ ശുപാര്‍ശയുടെ ബലം കാരണമാണോ , അതോ എന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാണോ എന്നറിയില്ല , ഒടുവില്‍ അമ്മ " വേണച്ചാല്‍ പകല്‍ പൂരത്തിന്ന് ചെന്നോ, രാത്രി അവിടെ കിടന്ന് തിരിയാതെ മടങ്ങി എത്തണം " എന്ന് അനുവാദം നല്‍കി. എനിക്ക് ആ നിബന്ധന അത്ര ഇഷ്ടപ്പെട്ടില്ല. ഒന്നും ഇല്ലാത്തതില്‍ ഭേദമല്ലേ ഇത്തിരിയെങ്കിലും എന്ന് ഓര്‍ത്ത് സമാധാനിച്ചു.

കാത്തിരുന്ന പൂരം ദിവസം എത്തി. ഉച്ചക്ക് ഊണുകഴിഞ്ഞതും ഞാന്‍ ഒരുങ്ങി. മാണിക്കനെ കാണാനില്ല. കാത്ത് നിന്ന് ഞാന്‍ മുഷിഞ്ഞു. ഒടുവില്‍ അവനെ എവിടെയെങ്കിലും വെച്ച് കണ്ടെത്താം എന്ന വിശ്വാസത്തില്‍ ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. ഭാഗ്യത്തിന്ന് വഴിക്ക് വെച്ച് സൈതാലിയെ കണ്ടു. മാണിക്കന്‍ കേശവേട്ടന്‍റെ ക്വാര്‍ട്ടേര്‍സില്‍ ഇരിക്കുന്നത് കണ്ടു എന്ന് അയാള്‍ പറഞ്ഞതോടെ ഞാന്‍ നേരെ അങ്ങോട്ട് വെച്ചു പിടിച്ചു. കേശവേട്ടന്‍റെ ക്വാര്‍ട്ടേര്‍സില്‍ മാണിക്കന്‍ ഇല്ല. " അവന്‍ ഒരു തുണ്ട് ചക്കപ്പഴം കൊണ്ടുവന്ന് തന്നിട്ട് പൂരത്തിനാണെന്നും പറഞ്ഞ് പോയി. അവന്‍റെ വീട്ടിലെ പ്ലാവ് കോടി കായ്ച്ചതാണെന്നാ പറഞ്ഞത്. ഏതായാലും നീ അത് തിന്ന് തീര്‍ത്തോ. എനിക്ക് അത് മുഴുവന്‍ തിന്നാന്‍ ആവില്ല " എന്നും പറഞ്ഞ് കേശവേട്ടന്‍ ചക്കപഴം നാലാക്കി മുറിച്ച ഒരു കഷ്ണം കൊണ്ടു വന്ന് മുന്നില്‍ വെച്ചു.

എനിക്ക് ആകെ വിഷമമായി. പൂരത്തിന്ന് പോക്ക് ഏതാണ്ട് കുളമായി കഴിഞ്ഞു. ഞാന്‍ കേശവേട്ടന്‍ പറിച്ചു തന്ന ചക്കചുളകള്‍ എടുത്തു തിന്നു തുടങ്ങി. " നീയെന്താ പൂരത്തിന്ന് പോണില്ലേ " എന്ന് കേശവേട്ടന്‍ ചോദിച്ചപ്പോള്‍, പൂരത്തിന്ന് പോവാന്‍ ഒരുങ്ങി മാണിക്കനെ തിരഞ്ഞു വന്നതാണെന്ന വിവരം ഞാന്‍ പറഞ്ഞു.

" അവന്‍ പോയാല്‍ പോട്ടെടാ , നീ ഇപ്പോള്‍ ചെന്നാല്‍ നാണു നായര് ബസ്സ് സ്റ്റോപ്പില്‍ ഉണ്ടാകും. അയാളും പൂരത്തിനാണ്. വേഗം ചെന്നാല്‍ അയാളെ കാണാം . നിനക്ക് ഒരു കൂട്ടായല്ലൊ " എന്ന് കേശവേട്ടന്‍ പറഞ്ഞതോടെ ഞാന്‍ കൈ കഴുകി പുറത്തിറങ്ങി വേഗത്തില്‍ നടന്നു.ചായക്കടയില്‍ പണിക്ക് നില്‍ക്കുന്ന നാണു നായര്‍ സകല വേല പൂരാദികള്‍ക്കും എത്താറുള്ളതാണ്. ആളാണെങ്കില്‍ പരമ സാധു. മൂപ്പര്‍ക്കുള്ള ഏക കുഴപ്പം ചെവി ലവലേശം കേഴ്ക്കില്ല എന്നത് മാത്രമാണ്. അതു കാരണം ഞാന്‍ മൂപ്പരോട് അത്ര ലോഹ്യം പറയാന്‍ മിനക്കെടാറില്ല. വളരെ അപൂര്‍വമായി മാണിക്കന്‍റേയോ, കേശവേട്ടന്‍റേയോ, അതുമല്ലെങ്കില്‍ അവര്‍ രണ്ടു പേരുടേയോ കൂടെയല്ലാതെ ഞാന്‍ ചയക്കടയില്‍ ചെല്ലാറില്ല. അപ്പോള്‍ ഒരു പുഞ്ചിരിയില്‍ ഞാന്‍ അയാളോടുള്ള ലോഹ്യം ഒതുക്കും.

ഞാന്‍ ബസ്സ് സ്റ്റോപ്പില്‍ എത്തുമ്പോള്‍, നാണുനായര്‍ വെറ്റില മുറുക്കിക്കൊണ്ട് നില്‍ക്കുകയാണ്.

"യജമാന്‍കുട്ടിക്ക് ഇന്ന് പഠിപ്പിക്കാന്‍ ചെല്ലണ്ടേ " എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് അന്വേഷിച്ചു. കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് വന്നതാണെന്നും, പൂരത്തിന്ന് പോവുകയാണെന്നും ഞാന്‍ പറഞ്ഞു.

"അങ്ങിനെയാണ് ഉത്തരവാദിത്വമുള്ളവര്. അവനവന്‍റ തൊഴില്‍ വിട്ടിട്ട് വേലയ്ക്കും പൂരത്തിന്നും ഒന്നും പോവില്ല" എന്നും പറഞ്ഞ് അയാള്‍ പൂരത്തിന്ന് പോവുകയാണെന്നും കുറച്ച് കൂടി കഴിഞ്ഞ് പുറപ്പെട്ടാല്‍ കറക്ട് സമയത്തിന്ന് പൂരസ്ഥലത്ത് എത്താമെന്നും അറിയിച്ചു.

" ഈ മഹാന്‍റെ കൂടെ ചെന്നാല്‍ പൂരം കാണല്‍ ഒന്നാന്തരമാവും " എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. എങ്ങിനെയൊക്കെയോ ഞാനും പൂരത്തിനാണെന്ന വസ്തുത അയാളെ പറഞ്ഞു മനസ്സിലക്കി.

" എന്നാല്‍ നമുക്ക് ഒന്നിച്ച് പോയിവരാ " മെന്ന് നാണു നായര്‍ പറഞ്ഞു. പാലപ്പുറത്തേക്ക് ആറേഴു ബസ്സുകള്‍ കടന്നുപോയി. നാണു നായര്‍ പുറപ്പെടാനുള്ള ലക്ഷണമില്ല. അയാളെ നോക്കി ഞാന്‍ പാലമരച്ചോട്ടില്‍ വെയില് കൊള്ളാതെ നിന്നു.

ദൂരെ നിന്നും മാണിക്കന്‍ വരുന്നത് കണ്ടു. മോപ്പഡിലാണ് സുഹൃത്തിന്‍റെ വരവ്. വാഹനം നിറുത്തിയതും " നിന്നെ അന്വേഷിച്ച് അലയാത്ത ഇടമില്ല " എന്നൊരു പരാതി അവന്‍ അവതരിപ്പിച്ചു. കേശവേട്ടനെ കണ്ടതിന്നു ശേഷം പകുതി ചക്കപ്പഴവുമായി എന്‍റെ വീട്ടില്‍ ചെന്നപ്പോഴാണ്, ഞാന്‍ പൂരത്തിന്ന് ഇറങ്ങിയ കാര്യം അവന്‍ അറിയുന്നത്. പിന്നീട് നിറുത്താതെയുള്ള അലച്ചിലാണ്. കേശവേട്ടന്‍ പറഞ്ഞിട്ടാണ് ഇപ്പോള്‍ ഇവിടേക്ക് വന്നത്. ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു കാര്യം പറഞ്ഞ് വേറൊരു വഴിക്ക് പോയാല്‍ ഇങ്ങിനെയൊക്കെ ഇരിക്കും എന്ന് മനസ്സില്‍ ഓര്‍ക്കുക മാത്രം ചെയ്തു.

" നോക്ക് , ഇപ്പൊ എന്‍റെ വണ്ടി എങ്ങിനെ ഉണ്ട് " എന്ന് അവന്‍ ചോദിച്ചപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിക്കുന്നത്. കയ്യില്‍ കിട്ടിയ പലതരം ചായങ്ങള്‍ വാരി പൂശി വാഹനം അലങ്കോലമാക്കിയിരിക്കുന്നു. പച്ച , നീല, മഞ്ഞ ,ചുവപ്പ്, കറുപ്പ്, വെള്ള എന്നു വേണ്ടാ , ആ മോപ്പഡില്‍ അടിക്കാന്‍ ഇനി ഒരു ചായവും ബാക്കിയില്ല. മാണിക്കന്‍റെ സ്വയംകൃതിയാണ് ആ കലാരൂപം. " എന്താ ഈ കാണിച്ചിരിക്കുന്നത് " എന്നു ചോദിച്ച് ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു. അവനത് പിടിച്ചില്ല. " ആര് കണ്ടാലും മാണിക്കന്‍റെ വണ്ടിയാണ് എന്ന് പറയണമെങ്കില്‍ അതിന്ന് ചില പ്രത്യേകതകള്‍ വേണം. അതാണ് ഞാന്‍ ഇതിനെ അലങ്കരിക്കാന്‍ കാരണം " എന്നും പറഞ്ഞ് അവന്‍ ചെയ്ത കാര്യം ന്യായീകരിച്ചു.

"എരുമേലീല് പേട്ട തുള്ളുമ്പൊ ചായം വാരിപൂശിയതു പോലെ ഉണ്ട് " എന്ന് നാണു നായര്‍ കൂടി പറഞ്ഞതോടെ മാണിക്കന്‍ ' അയ്യടാ ' എന്നായി. അത്ര മോശമാണെങ്കില്‍ പെയിന്‍റ് മാറ്റാം എന്ന് പറഞ്ഞ് തല്‍ക്കാലം അവന്‍ ആ വിഷയം മാറ്റി.

" നോക്കി നില്‍ക്കാതെ വണ്ടിയില്‍ കയറ് " എന്ന് അവന്‍ ക്ഷണിച്ചു. എന്താണ്' ഉദ്ദേശമെന്ന് എനിക്ക് മനസ്സിലായില്ല. എന്‍റെ അന്ധാളിപ്പ് ശ്രദ്ധിച്ച് പൂരത്തിന്ന് മോപ്പഡില്‍ പോകാമെന്ന് അവന്‍ അറിയിച്ചു. എനിക്ക് അത് തീരെ നന്നായി തോന്നിയില്ല. ഒന്നാമത് അവന്ന് ലൈസന്‍സ് ഇല്ല. പോരാത്തതിന്ന് പൂരപറമ്പില്‍ മാത്രമല്ല , വഴി നീളെ തിരക്കായിരിക്കും. ചിലപ്പോള്‍ പോലീസുകാര്‍ പരിശോധിക്കാനും ഇടയുണ്ട്.

ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. മാണിക്കന്ന് അത് ബോധിച്ചു.

" എന്നാല്‍ നമുക്ക് ബസ്സിന്ന് പോകാം,ഞാന്‍ തുമ്മന്ന് ഇത് നിന്‍റെ വീട്ടില്‍ വെച്ചിട്ട് വരാ " മെന്ന് പറഞ്ഞ് അവന്‍ വണ്ടി ഓടിച്ചുപോയി.

മാണിക്കന്‍ പോയി കഴിഞ്ഞപ്പോള്‍ " ചെക്കന്‍റെ ഒരു പൊട്ടത്തരേ. അവനോ ഒരു കോമാളി, മോട്ടോര്‍ സൈക്കിളിനേയും അതിന്ന് പറ്റിയ രൂപത്തിലാക്കി " എന്ന് നാണു നായര്‍ ആത്മഗതം ചെയ്തു. അധികം സമയം കളയാതെ മാണിക്കന്‍ എത്തി. പിന്നെ നേരം കളഞ്ഞില്ല, അടുത്ത ബസ്സിന്ന് മൂന്നാളും കയറി.

പുരപ്പറമ്പിന്ന് അടുത്തൊന്നും ബസ്സ് ചെന്നില്ല. വേറൊരു വഴിക്ക് ബസ്സ് തിരിഞ്ഞപ്പോള്‍ പൂരത്തിന്ന് പോകാനുള്ളവര്‍ ഇറങ്ങി. പകല്‍ വെയിലില്‍ വെന്തു കിടക്കുന്ന റോഡിലൂടെ ഞങ്ങള്‍ നടന്നു. വഴി നീളെ ജനത്തിരക്കാണ്. മറ്റൊരാളുടെ ശരീരത്തില്‍ മുട്ടാതെ വഴി നടക്കാന്‍ കഴിയില്ല. പൂരപറമ്പില്‍ ആണെങ്കില്‍ മനുഷ്യസമുദ്രം. മൈക്കിലൂടെ പരസ്യങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ഹല്‍വ, പൊരി, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധ വസ്തുക്കള്‍ വില്‍ക്കുന്നവരുടെ തിരക്കും ബഹളവും. ഞങ്ങള്‍ പൂരപ്പറമ്പിലേക്ക് കടന്നു. കരിങ്കല്‍ തൂണുകളില്‍ പൊയ്ക്കാളകള്‍ ഇറക്കി വെച്ചിരിക്കുന്നു. കാളകളി ആരംഭിക്കാറാവുന്നതേയുള്ളു. നെറ്റിപ്പട്ടം കെട്ടി കോലം കയറ്റിയ ആനകളുടെ അടുത്ത് ചെല്ലാനായി മാണിക്കന്‍ ധൃതികൂട്ടി. ഒഴിയാബാധ പോലെ നാണു നായര്‍ ഒപ്പം ഉണ്ട്.

വേല പറമ്പിലെ അലച്ചിലിന്നിടയില്‍ " മാണിക്കാ, ഇവിടെ വാടാ " എന്നൊരു വിളി കേട്ടു. ചൂരലും കയ്യില്‍ പിടിച്ച് ആനയുടെ അരികത്ത് നില്‍ക്കുന്ന ആളാണ് വിളിച്ചത്. മാണിക്കന്‍ ചിരിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് നടന്നു. ഒപ്പം ഞങ്ങളും.

"അപ്പുണ്ണ്യേട്ടാ " എന്ന് വിളിച്ചുകൊണ്ട് അവന്‍ അയാളുടെ കയ്യില്‍ കടന്നു പിടിച്ചു. കുശലാന്വേഷണങ്ങള്‍ കഴിഞ്ഞു. " ഇതാണ് ആനപാപ്പാന്‍ അപ്പുണ്ണി നായര്‍ " എന്നും പറഞ്ഞ് അദ്ദേഹത്തിനെ ഞങ്ങള്‍ക്കും ഞങ്ങളെ അയാള്‍ക്കും മാണിക്കന്‍ പരിചയപ്പെടുത്തി. എനിക്ക് ഒരു ആനവാല്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. പരിചയപ്പെടുമ്പോഴേക്കും എങ്ങിനെ ആവശ്യപ്പെടും എന്നോര്‍ത്ത് ഞാന്‍ ആ മോഹം മനസ്സില്‍ ഒതുക്കി.

" നിന്നെ കുറച്ച് ദിവസത്തേക്ക് കൂടെ കൂട്ടണമെന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു " വെന്ന് പാപ്പാന്‍ മാണിക്കനോട് പറയുന്നത് കേട്ടു. ആ അവസരത്തില്‍ അയ്യോ എന്ന് ഒരു നിലവിളി കേട്ടു. ഞാന്‍ ശരിക്കും ഞെട്ടി. ഇത് ഇവിടുത്തെ പതിവാണ് എന്ന് കൂട്ടുകാരന്‍ എനിക്ക് പറഞ്ഞു തന്നു. ഈ നിലവിളിക്ക് പിന്നില്‍ എന്തോ ഐതിഹ്യമുണ്ടെന്നും അത് തനിക്ക് അറിയില്ലെന്നും അവന്‍ പറഞ്ഞു നിര്‍ത്തി.

കുറച്ച് അകലെ കാളക്കളി ആരംഭിച്ചിരിക്കുന്നു. പൊയ്ക്കാളകളെ മേലോട്ട് എറിഞ്ഞ് പിടിച്ചിട്ടും കൂക്കി നിലവിളിച്ചും ആളുകള്‍ വേലക്ക് കൊഴുപ്പ് കൂട്ടിക്കൊണ്ടിരുന്നു. നേരം കുറെ കഴിഞ്ഞു. പെട്ടെന്ന് "ആന ഇടഞ്ഞു " എന്ന് ആരോ വിളിച്ചു കൂവി. ആളുകള്‍ പരിഭ്രാന്തരായി പല വഴിക്കും ചിതറിയോടി. ഞങ്ങള്‍ കൂട്ടം തെറ്റി. എനിക്ക് പേടി തോന്നി. സര്‍വ്വ ശക്തിയും എടുത്ത് ഞാന്‍ ഓടി. ബസ്സ് ഇറങ്ങിയ സ്ഥലത്ത് എത്തിയിട്ടേ ഞാന്‍ നിന്നുള്ളു. നാണു നായരേയും മാണിക്കനേയും കാണാനില്ല. എത്ര നേരം അവരെ കാത്തു നിന്നുവെന്ന് എനിക്ക് അറിയില്ല. നേരം ഇരുട്ടാറായി. മനമില്ലാ മനസ്സോടെ ഞാന്‍ കിട്ടിയ ബസ്സില്‍ കയറി തിരിച്ചുപോന്നു. ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ കേശവേട്ടന്‍ അവിടെ നില്‍ക്കുന്നു.

"എവിടെയാടോ മറ്റുള്ളവര്‍ " എന്ന് അദ്ദേഹം തിരക്കി. നടന്ന കാര്യങ്ങള്‍ പറഞ്ഞശേഷം ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ലാസ്റ്റ് ബസ്സും കിട്ടാതെ വന്നപ്പോള്‍ നാണു നായര്‍ ജീപ്പില്‍ കയറി അര്‍ദ്ധ രാത്രിയോടെ ചായകടയില്‍ എത്തിയതായി പിറ്റേന്ന് അറിഞ്ഞു. മാണിക്കന്‍ മുന്നാം പക്കമാണ് തിരിച്ചെത്തിയത്. അവന്‍ അപ്പുണ്ണി നായരുടെ കൂടെ പോയതായിരുന്നു. വായനശാലയില്‍ വെച്ച് കേശവേട്ടന്‍ ഞങ്ങളുടെ യാത്രയെക്കുറിച്ച് ഒരു കഥ അവതരിപ്പിച്ചു. അത് ഇങ്ങിനെ ആയിരുന്നു.

"പണ്ടൊരിക്കല്‍ ഒരു ബുദ്ധിയില്ലാത്തവനും രണ്ട് ചെകിടും കേള്‍ക്കാത്തവനും തീരെ ശേഷിയില്ലാത്തവനും കൂടി ചിനക്കത്തൂര്‍ പൂരത്തിന്ന് പോയി. ആന ഇടഞ്ഞു എന്ന് ആരോ പറയുമ്പോഴേക്കും ശേഷിയില്ലാത്തവന്‍ പൂര പറമ്പില്‍ നിന്നും ഓടി തുടങ്ങി. അപ്പോള്‍ നല്ലൊരു കാറ്റ് വീശി. വീട്ടിന്‍റെ മുമ്പില്‍ അമ്മ നിലവിളക്ക് കത്തിച്ചു വെക്കുമ്പോള്‍ ശേഷിയില്ലാത്തോന്‍ കാറ്റത്ത് പറന്നു വന്ന് വീടിന്‍റെ മുമ്പിലിറങ്ങി .

വെടിക്കെട്ട് കഴിയുന്നതു വരെ ചെകിട് കേള്‍ക്കാത്തോന്‍ പൂരപ്പറമ്പില്‍ തന്നെ നിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ " എന്‍റെ കുട്ടിക്കാലത്ത് പടക്കം പൊട്ടിച്ചാല്‍ ഭയങ്കര ശബ്ദം ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം വെറും മായം, വെറും പുക മാത്രം കാണാനുണ്ട്, ചെത്തം വെളിയില്‍ കേള്‍ക്കില്ല. അതെങ്ങിനെ പൂര കമ്മിറ്റിക്കാര് ശരിക്ക് പണം കൊടുക്കതെ മരുന്നുപണി ഏര്‍പ്പാടാക്കിയാല്‍ അവര് ഇങ്ങിനെയൊക്കെ പറ്റിക്കും "എന്ന് തട്ടിവിട്ടു. അത് കേട്ട് കൂടുതലായി എന്തെങ്കിലും വിഡ്ഡിത്തം പറയുന്നതിന്നു മുമ്പ് കമ്മിറ്റിക്കാര്‍ ആ വിദ്വാനെ ജിപ്പില്‍ കയറ്റി വീട്ടിലേക്ക് അയച്ചു.

ബുദ്ധിയില്ലാത്തോന്‍ കള്ളും കുടിച്ച് ബോധം കെട്ട് പാത ചാലില്‍ കിടന്നു. പൂരത്തിന്ന് എത്തിയ ചിലര്‍ റോഡില്‍ നിന്ന് ' ശീ ' ന്ന് ഓന്‍റെ മുഖത്ത് മൂത്രം പാത്തി. ഇന്നെന്താ " ഉപ്പുവെള്ളം മഴയായി പെയ്യുന്നത് " എന്നും പറഞ്ഞ് കക്ഷി മൂന്ന് ദിവസം അവീടെ തന്നെ കിടന്നു. കുടിച്ച കെട്ട് പോയത് മൂന്നാം പക്കം. പിന്നെ ഒന്നും ആലോചിക്കാതെ പഹയന്‍ അടുത്ത വണ്ടിക്ക് നാട്ടിലെത്തി ".

ഏതായാലും ഈ കഥക്ക് നല്ല പ്രചാരം കിട്ടി. ഞങ്ങളെ കണ്ടാല്‍ മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്ക് പോയതുപോലെ എന്ന് പരമ യോഗ്യന്മാര്‍ അടക്കം പറയാന്‍ തുടങ്ങി.

1 comments:

rajji said...

ചെനക്കത്തൂര്‍ പൂരവും ആദ്യത്തെ വാഹനമോഹം പൂവണിഞ്ഞ കഥയും വായിച്ചു.
'എരുമേലീല്പേട്ട തുള്ളുമ്പൊ ചായം വാരിപൂശിയതു പോലെ' വര്‍ണാഭമായ മാണിക്കന്റെ മോപ്പടിലെ സവാരി നേരില്‍ കണ്ടപോലെ തോന്നി വായിച്ചപ്പോള്‍. :) മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ പോലെ അന്വര്‍ത്ഥം ആയതു പൊലെ ഒരു പരിണാമ ഗുപ്തി ("മണ്ണാങ്കട്ട അലിഞ്ഞും പോയി കരിയില പറന്നും പോയി")

No comments:

Post a Comment