Wednesday, February 9, 2011

31. ഓരോരോ വികൃതികള്‍.

Thursday, April 16, 2009


ശനിയാഴ്ച്ച വൈകുന്നേരം ഗോപിയേട്ടനും രാധചേച്ചിയും കുട്ടികളും കൂടി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അമ്മ ഉണ്ണാനിരിക്കുമ്പോള്‍ അച്ഛനോട് പറഞ്ഞു. അന്ന് ഉച്ചക്ക് ശേഷം ബാങ്കിന്ന് ഒഴിവാണ്. അര ദിവസത്തെ ഒഴിവ് കിട്ടുന്നത് ഗോപിയേട്ടന്‍ ശരിക്കും മുതലാക്കി എടുക്കും. സാധാരണ ശനിയാഴ്ച വൈകുന്നേരം ഗോപിയേട്ടന്‍
കുടുംബസമേതം എങ്ങോട്ടെങ്കിലും യാത്രയാവും. സ്കൂട്ടര്‍ നന്നാക്കി കിട്ടി. വീട്ടിലേക്ക് വരുമ്പോള്‍ അത് കൊണ്ടുവരും എന്ന് ചേച്ചി അറിയിച്ചതാണ്. ഉച്ച കഴിഞ്ഞതും ഞാന്‍ പടിക്കലേക്ക് തന്നെ നോക്കി ഇരിപ്പായി.

"വെറുതെ നോക്കിയിരുന്ന് കണ്ണ് കഴപ്പിക്കണ്ടാ. നിനക്ക് ഉള്ളത് ഇവിടെ തന്നെ എത്തും " എന്നും പറഞ്ഞ് അമ്മ കളിയാക്കി.

ക്ലോക്കില്‍ നാലു മണി മുഴങ്ങി. അവരെ കാണാനില്ല.

" ഇന്ന് അവര്‍ വരുന്നില്ല എന്ന് വിചാരിച്ച് കാണുമോ ഭഗവാനെ " എന്ന് മനസ്സില്‍ ഓര്‍ത്തു. അപ്പോള്‍ പടിക്കല്‍ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടു. ഗേറ്റ് തുറന്ന് ചേച്ചി നടന്നു വന്നു. പുറകിലായി സ്കൂട്ടറില്‍ ഗോപിയേട്ടനും കുട്ടികളും. കിഴക്കെ മുറ്റത്തെ മാവിന്‍റെ ചുവട്ടില്‍ ഗോപിയേട്ടന്‍ സ്കൂട്ടര്‍ നിര്‍ത്തി. കുട്ടികള്‍ രണ്ടുപേരും താഴെ ഇറങ്ങി, ഗോപിയേട്ടനും. ഞാന്‍ ഓടി ചെന്നു.

" ഇപ്പോള്‍ കാണാന്‍ എങ്ങിനെയുണ്ട് " എന്ന് ഗോപിയേട്ടന്‍ എന്നോട് ചോദിച്ചു. എന്‍റെ കണ്ണുകള്‍ സ്കൂട്ടറിന്‍റെ
ഓരോ ഭാഗവും സൂഷ്മമായി പരിശോധിക്കുകയായിരുന്നു. തിളങ്ങുന്ന ചുവപ്പ് നിറം അടിച്ച ബോഡിയില്‍ ഗ്രാഫിക്സ് സ്റ്റിക്കറുകള്‍ പതിച്ച് പുതിയ വാഹനമാക്കിയിരിക്കുന്നു. പുതിയ രണ്ട് ടയറുകള്‍, ലൈറ്റ് ഫിറ്റിങ്ങുകള്‍ മുഴുവന്‍ പുതിയത്, പുത്തന്‍ സീറ്റ് കവറും, പുറകില്‍ സ്റ്റെപ്പിനിക്ക് അപ്പ് ഹോള്‍സ്റ്ററിയുടെ പരസ്യം പതിച്ച കവറും. ആകെ പുത്തന്‍ സാധനം. റജിസ്റ്റ്റേഷന്‍ മാറ്റി പുതിയ നമ്പര്‍ കൂടി ആയതിനാല്‍ ആരു കണ്ടാലും പുതിയതല്ല എന്ന് പറയില്ല. സന്തോഷത്താല്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് ഒന്നും പറയാനായില്ല.

"സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ നിനക്ക് വളരെ കാലം ഈ സ്കൂട്ടര്‍ ഉപയോഗിക്കാം " എന്ന് പറഞ്ഞ് ഗോപിയേട്ടന്‍ താക്കോല്‍ എന്‍റെ കയ്യില്‍ തന്നു. ഞാന്‍ അത് വാങ്ങി കൊണ്ട് പൂജാമുറിയിലേക്ക് ഓടി. ദൈവങ്ങളുടെ പടങ്ങള്‍ക്ക് മുന്നില്‍ താക്കോല്‍ കാണിച്ചു. മനസ്സില്‍ സര്‍വ്വദൈവങ്ങളേയും ധ്യാനിച്ചു. ഒരു ആപത്തും വരാതെ നോക്കണെയെന്ന് അപേക്ഷിച്ച് പുറത്തിറങ്ങി. വാഹനം നോക്കി നില്‍ക്കുകയാണ് അമ്മ. ചേച്ചിയും മക്കളും അടുത്ത് ഉണ്ട്. ഇപ്പൊ വരാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറി. താക്കോലിട്ട് തിരിച്ചു. ബട്ടന്‍ അമര്‍ത്തിയതും എഞ്ചിന്‍ ശബ്ദിച്ചു. പിന്നെ ഒരു പോക്കാണ്.

ആദ്യം മാണിക്കനെ കാണണം. പത്ത് ദിവസമായി അവന്‍ വീടുപണി തിരക്കിലാണ്. അമ്മാമന്മാര്‍ വിരുന്ന് വരുന്നതിന്ന് മുമ്പ് ഇരിക്കുന്ന വീട് ഭംഗി പിടിപ്പിക്കുകയാണ് അവന്‍. മിക്കവാറും എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ അവന്‍റെ വീട്ടില്‍ എത്താറുണ്ട്. ഞാന്‍ പണി നോക്കി നിന്ന് എന്തെങ്കിലും അഭിപ്രായം പറയുന്നത് അവന് വലിയ സന്തോഷമാണ്.

മാണിക്കന്ന് വീട് നിര്‍മ്മിച്ച് നല്‍കാനായി ഉണ്ടാക്കിയ കമ്മിറ്റി ഒന്നും ചെയ്യാതെ അവനെ പറ്റിക്കുകയായിരുന്നു. ആ കാലത്തെ അവന്‍റെ മനോവേദന എന്നോട് പറയാറുണ്ട്. കേശവേട്ടന്‍ കൊടുത്ത പതിനായിരം രൂപ വെച്ചാണ് പണി തുടങ്ങിയത്. പിന്നീട് ചെട്ടിയാര്‍ കുറെ പണവും സാധനങ്ങളും നല്‍കി. നൊസ്സന്‍ മാഷും അവനെ കയ്യയച്ച് സഹായിച്ചു. കാര്യമായി എന്തെങ്കിലും സഹായിക്കണമെന്ന് എനിക്ക് മോഹമുണ്ടായിരുന്നു. പക്ഷെ അതിന്ന് കഴിവില്ലാത്തതില്‍ മനസ്സില്‍ വിഷമം തോന്നിയിരുന്നു. എന്നാലും എന്‍റെ രണ്ടു മാസത്തെ ശമ്പളം ഒന്നിച്ച് വാങ്ങി മാണിക്കന്‍റെ കയ്യില്‍ കൊടുത്തപ്പോള്‍ അവന്‍ കെട്ടി പിടിച്ച് തേങ്ങി. അമ്മ അവന്ന് എന്തോ കൊടുത്തിരുന്നു. അച്ഛന്‍ തൊടിയിലെ ഒരു കഴനി മരവും കുറച്ച് പണവും കൊടുത്തു. എല്ലാവരുടെ സഹായങ്ങളും അവന്‍റേയും അവന്‍റെ അമ്മയുടേയും അദ്ധ്വാനവും കൂടി ആയപ്പോള്‍ വീട് പൊങ്ങി.

മെയിന്‍ റോഡില്‍ നിന്ന് മാണിക്കന്‍റെ വീട്ടിലേക്ക് തിരിച്ചതും ഒരു നായ കുരച്ച് ചാടി വന്നു. വല്ലാതെ ഭയം തോന്നി. വീഴാതെ സ്കൂട്ടര്‍ ഓടിച്ച് രക്ഷപ്പെട്ടപ്പോള്‍ , പുത്തിരിയിലെ കല്ല് കടിച്ചില്ലല്ലോ എന്ന സമാധാനമായി മനസ്സില്‍. മാണിക്കന്‍ തിരു തകൃതിയായി പണിചെയ്യുകയാണ്. വെട്ടുകല്ലില്‍ പണി തീര്‍ത്ത ചെറിയ പുരയുടെ തേപ്പ് പണി തീര്‍ത്തിട്ട് നിലം പണിയിലേക്ക് കടന്നു കഴിഞ്ഞു. മാണിക്കന്‍ നിലത്ത് മട്ടിയിട്ട് മട്ടക്കോല് കൊണ്ട് ലെവല്‍ ചെയ്യുകയാണ്. ഞാന്‍ എത്തിയത് അവന്‍ അറിഞ്ഞില്ല. കുറെ നേരം അവനെ നോക്കി ഞാന്‍ നിന്നു. അവന്‍റെ ശ്രദ്ധ മുഴുവന്‍ പണിയിലാണ്.

" എടാ, തമ്പുരാന്‍കുട്ടി വന്നിട്ട് എത്ര നേരമായി നില്‍ക്കുന്നു " എന്നും പറഞ്ഞ് അവന്‍റെ അമ്മ വന്ന് കയറി. അവരുടെ തോളത്ത് ഒരു പ്ലാസ്റ്റിക്ക് കുടം. കുളത്തില്‍ നിന്ന് പണിക്ക് വെള്ളം കോരി വരികയാണ്. മാണിക്കന്‍
പണി നിര്‍ത്തി എഴുന്നേറ്റു. എന്‍റെ സ്കൂട്ടര്‍ കണ്ട് അവന്‍ അത്ഭുതപെട്ടു.

" നീ ആ ലൊടുക്കാസ് കൊടുത്ത് പുതുത് വാങ്ങിയോ " എന്ന് അവന്‍ ചോദിച്ചു. സാധനം അത് തന്നെയാണെന്ന് അവന് വിശ്വസിക്കാനായില്ല. " എനിക്ക് നിന്‍റെ സ്കൂട്ടര്‍ ഒന്ന് ഓടിക്കണം " എന്നായി അവന്‍. ഞാന്‍ സ്കൂട്ടറിന്‍റെ താക്കോല്‍ അവന്‍റെ നേരെ നീട്ടി.

"ഇപ്പൊള്‍ പറ്റില്ല, എന്‍റെ കയ്യും കാലും ആകെ പൊടിയാണ്. ഈ പണി തീര്‍ത്ത് കുളിച്ചിട്ട് ഞാന്‍ നിന്‍റെ വീട്ടിലേക്ക് വരാം. എന്നിട്ട് ഓടിക്കാം " എന്ന് അവന്‍ പറഞ്ഞു. കുറച്ച് നേരം കൂടി അവിടെ നിന്നു. ഞാന്‍ അവിടെ നില്‍ക്കുന്ന നേരം അവന്‍റെ പണി മുടങ്ങും. അത് ഒഴിവാക്കാനായി ഞാന്‍ തിരിച്ചു പോന്നു.

" ഇതു വരെ എവിടെ പോയി കിടക്കുകയായിരുന്നു " എന്ന അമ്മയുടെ ചോദ്യമാണ് എന്നെ എതിരേറ്റത്. ഗോപിയേട്ടന്ന് ഏതോ കൂട്ടുകാരനെ കാണാന്‍ പോകാന്‍ സ്കൂട്ടര്‍ വേണം. എന്നെ നോക്കി നിന്ന് ഏട്ടന്‍ മടുത്തു കാണും.

" സാരമില്ല. വണ്ടി കയ്യില്‍ കിട്ടിയ സന്തോഷം കാരണം അവന്‍ കറങ്ങിയതായിരിക്കും " എന്നും പറഞ്ഞ് താക്കോലും വാങ്ങി ഗോപിയേട്ടന്‍ സ്കൂട്ടര്‍ ഓടിച്ച് പോയി. ഞാന്‍ വഴിയിലേക്ക് നോക്കി നിന്നു.

"എന്താ ഗോപിയേട്ടന്‍ സ്കൂട്ടറുമായി പോയതില്‍ നിനക്ക് വിഷമമുണ്ടോ " എന്ന് ചേച്ചി ചോദിച്ചു, ഞാന്‍
ഇല്ലെന്ന് തലയാട്ടി. ദേഹം മുഴുവന്‍ എണ്ണ തേച്ച് മരുമകളും മരുമകനും മുറ്റത്ത് കളിക്കുകയാണ്.

" എണ്ണയും തേച്ച് ഓടി കളിച്ച് വല്ല ചീരാപ്പും പനിയും വരുത്തും ഈ കുട്ടികള്. കുളി കഴിയുന്നതു വരെ അടങ്ങി ഒതുങ്ങി ഒരിടത്ത് ഇരിക്കിന്‍ " എന്ന് അമ്മ പിള്ളരെ ശാസിച്ചു. " രാധേ, നീ ഇവിറ്റങ്ങളെ പെട്ടെന്ന് കുളിപ്പിച്ച്
വിട്ടാക്ക് " എന്ന് ചേച്ചിയോട് പറയുകയും ചെയ്തു.

അകത്തു നിന്നും അമ്മ വലിയ വട്ടചെമ്പ് എടുത്ത് വന്നു, കിണറിന്നരികിലെ തെങ്ങിന്‍ ചുവട്ടില്‍ അത് വെച്ചു, വെള്ളം കോരി നിറയ്ക്കാന്‍ തുടങ്ങി. വേനല്‍ കാലമായാല്‍ അമ്മ വെള്ളത്തിന്‍റെ കാര്യത്തില്‍ ലുബ്ധ് കാണിക്കും. ഒരു തുള്ളി വെള്ളം അമ്മ പാഴാക്കാന്‍ സമ്മതിക്കില്ല. കുളിമുറിയില്‍ ആരേയും കുളിക്കാന്‍ സമ്മതിക്കില്ല. തെങ്ങിന്‍ ചുവട്ടില്‍ കുളിച്ചാല്‍ പാഴാവുന്ന വെള്ളം തെങ്ങിന് കിട്ടുമല്ലൊ. ചേച്ചി അകത്തേക്ക് കയറിപ്പോയി. തോര്‍ത്ത് എടുക്കാനായിരിക്കും.

" അമ്മേ, ഇങ്ങോട്ട് വരുമ്പോള്‍ അച്ഛന്‍ എനിക്ക് വാങ്ങി തന്ന സോപ്പ് മതി " എന്ന് മരുമകള്‍ വിളിച്ചു പറഞ്ഞു.

" എനിക്ക് എന്‍റെ സോപ്പ് വേണം " എന്ന് പുറകെ മരുമകന്‍റെ ആവശ്യം ഉയര്‍ന്നു.

" അതൊന്നും പറ്റില്ല, ഇവിടെ ഉള്ളണ്ട് കുളിച്ചാല്‍ മതി " എന്ന് അമ്മ പറഞ്ഞതും "വാസനയില്ലാത്ത സോപ്പ് എനിക്ക് വേണ്ടാ " എന്ന് പയ്യനും അവനെ പിന്താങ്ങി അവന്‍റെ ചേച്ചിയും പ്രതിഷേധം അറിയിച്ചു.

" ഇന്നത്തെ കാലത്തെ കുട്ടികളുടെ ഓരോ വാശിയേ " എന്നും പറഞ്ഞു അമ്മ പിന്‍വാങ്ങി.

ഞാന്‍ ഉമ്മറതിണ്ണയില്‍ ഇരുന്നു. ഗോപിയേട്ടന്‍ എപ്പോള്‍ വരുമെന്ന് അറിയില്ല. മാണിക്കന്‍ സ്കൂട്ടര്‍ ഓടിക്കാന്‍ വരും. അപ്പോഴേക്കും മൂപ്പര്‍ വരുമൊ ആവോ. പിള്ളേര്‍ അകത്തേക്ക് ഓടി, കയ്യില്‍ സോപ്പുമായി കിണറ്റിന്‍ കരയിലേക്ക് അതിനേക്കാള്‍ വേഗത്തില്‍ തിരിച്ച് ഓടിയെത്തി. കിണറിന്‍റെ തിണ്ടില്‍ സോപ്പ് വെച്ച് മരുമകള്‍ കപ്പില്‍ വെള്ളമെടുത്ത് ദേഹത്ത് ഒഴിച്ചു. മരുമകനും തൊട്ടടുത്ത് തന്നെ അവന്‍റെ സോപ്പ് വെച്ചു. അവന്‍ കപ്പ് ചോദിച്ചപ്പോള്‍ ചേച്ചി കൊടുത്തില്ല. രണ്ടും കൂടി പിടിവലി ആയി. ചേച്ചി എത്തിയിട്ടില്ല. വഴക്ക് തീര്‍ക്കാന്‍ ഞാന്‍ എഴുന്നേറ്റ് ചെല്ലുമ്പോഴേക്കും, മൂത്തതിന്‍റെ കയ്യ് തട്ടി ആങ്ങള കുട്ടിയുടെ സോപ്പ് കിണറിനകത്ത്. കുപിതനായ അവന്‍ ചേച്ചിയുടെ സോപ്പ് മാത്രമല്ല, അവിടെ ഉണ്ടായിരുന്ന വേറെ രണ്ട് സോപ്പും, അമ്മ അലക്കാന്‍ വെച്ച സോപ്പു പൊടിയും എടുത്ത് കിണറിലിട്ടു.

ഇത് കണ്ടു കൊണ്ടാണ് ചേച്ചി അകത്ത് നിന്നും വരുന്നത്. വന്നപാടെ രണ്ടിനും നന്നാല് കൊടുത്തു. അതുങ്ങള്‍ കോകൊല്ലേ എന്ന് വായ തുറക്കുന്നത് കേട്ട് അമ്മ വന്നു, ചേച്ചിയെ പിടിച്ചു മാറ്റി.

" ഇത് രണ്ടും കൂടി എന്നെ പ്രാന്ത് പിടിപ്പിക്കും " എന്ന് പറഞ്ഞ് ചേച്ചി കലി തുള്ളി.

" കുട്ടികളായാല്‍ ഇത്തിരീശ്ശെ വികൃതി കാട്ടും. അത് കണ്ടില്ലാ എന്ന് വെക്കണം " അമ്മ ഉപദേശിച്ചുവെങ്കിലും, അവര് രണ്ടാളും കൂടി ഒപ്പിച്ച പണി അറിഞ്ഞപ്പോള്‍ അമ്മയുടെ സാരോപദേശം ആവിയായിപ്പോയി.

" കൃഷ്ണ, കൃഷ്ണാ, ഇതൊക്കെ കിണറ്റില്‍ കിടന്ന് അലിഞ്ഞാല് എന്താ ഇനി കുടിവെള്ളത്തിന് ചെയ്യുക " എന്ന് അമ്മ ഉറക്കെ ആത്മഗതം ചെയ്തു.

ഒരുവിധത്തില്‍ പിള്ളരെ കുളിപ്പിച്ച്, ഉടുപ്പുകള്‍ മാറ്റി കൊടുത്ത് ചേച്ചി എന്‍റെ അടുത്ത് വന്നു.

" നിന്‍റെ മരുമക്കള്‍ ചെയ്ത പണി കണ്ടില്ലേ. ഗോപിയേട്ടന്‍ അറിഞ്ഞാല്‍ അവറ്റയെ തല്ലികൊല്ലും. എന്തെങ്കിലും
ഒരു വഴി എന്‍റെ പൊന്നുമോന്‍ കാണണം " എന്ന് ആവശ്യപ്പെട്ടു. എന്‍റെ മനസ്സില്‍ പെട്ടെന്ന് ഒരു ആശയം തോന്നി. മാണിക്കന്‍ ഇപ്പോഴെത്തും. അവന്‍ കിണറിലിറങ്ങി താഴെ വീണ സോപ്പുകള്‍ എടുക്കും. അതോടെ പ്രശ്നം തീരും. ഞാന്‍ ആ ഐഡിയ ചേച്ചിയോട് പറഞ്ഞു.

" വെറുതെയല്ല സകലരും നിന്നെ മണുക്കൂസന്‍ എന്ന് വിളിക്കുന്നത്. നിന്‍റെ മാണിക്കന്‍ എത്തുന്നത് വരെ സോപ്പ് അങ്ങിനെ തന്നെ കിടക്കാന്‍ അതെന്താ വല്ല കരിങ്കല്ലോ മറ്റോ ആണോ " എന്ന് ചേച്ചി ചോദിച്ചു.

" കിണറ്റില്‍ ആകെ ഒന്നോ രണ്ടോ പടവ് വെള്ളമേയുള്ളു. അത് തേകി വറ്റിച്ചാല്‍ മഴക്കാലം വരുന്നത് വരെ എന്ത് ചെയ്യുമെന്നാണ് എനിക്ക് അറിയാത്തത് " എന്ന് അമ്മ സങ്കടപ്പെട്ടു.

നേരം ഇരുട്ടിയിട്ടാണ് മാണിക്കന്‍ എത്തിയത്. അപ്പോഴും ഗോപിയേട്ടന്‍ എത്തിയിട്ടില്ല. ഇനി ചിലപ്പോള്‍ അച്ഛനെ കൂട്ടി വരുമായിരിക്കും . അമ്മയും ചേച്ചിയും നടന്ന സംഭവങ്ങള്‍ മുഴുവനും മാണിക്കന് വിവരിച്ചു കൊടുത്തു. അവന്‍ ഉറക്കെ ചിരിച്ചു.

" ആ സോപ്പ് കിണറ്റില്‍ നിന്നും പുറത്തെടുത്ത് അതുംകൊണ്ട് നാളെ തേച്ച് കുളിക്കാമെന്ന് വിചാരിച്ചാല്‍ ചേച്ചി പറഞ്ഞതുപോലെ പൊന്നുമോന്‍ ശരിക്കും മണുക്കൂസന്‍ തന്നെ എന്ന് ഞാനും പറയും " എന്നായി മാണിക്കന്‍.
" നാളെ കുറച്ച് ബ്ലീച്ചിങ്ങ് പൌഡര്‍ കിണറ്റിലിട്ടാല്‍ മതി "എന്ന് പരിഹാരവും പറഞ്ഞു തന്നു. അമ്മക്ക് അത് സ്വീകാര്യമായില്ല. കിണര്‍ തേകി അറത്തിട്ട് കാലം കുറെ ആയി എന്നും ഈ കാരണം പറഞ്ഞെങ്കിലും അത് ചെയ്യണമെന്നും അമ്മ മാണിക്കനോട് പറഞ്ഞു. രാവിലെ വന്ന് ശരിയാക്കാമെന്നും പറഞ്ഞ്, കുറച്ച് നേരം ഇരുന്ന് അവന്‍ തിരിച്ചുപോയി.

രാവിലെ നേരത്തെ മാണിക്കന്‍ എത്തി. ആദ്യം കിണറിലെ വെള്ളം കോരി കളയാന്‍ അവന്‍ ഒരുങ്ങി. എന്നോട് വെള്ളം പാഴാക്കി കളയാതെ പ്ലാസ്റ്റിക്ക് കുടങ്ങളിലാക്കി തെങ്ങുകള്‍ക്ക് ഒഴിക്കാന്‍ അമ്മ ശട്ടം കെട്ടി. കാലത്തെ തന്നെ ഇമ്മാതിരി ഒരു ഏടാകൂടം വന്ന് വീണല്ലോ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി.

" കിണറ്റില്‍ വെള്ളം നന്നെ കമ്മിയായ ഈ കാലത്ത് ഉള്ളത് കോരി കളഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടാവില്ലേ "എന്നും പറഞ്ഞ് അച്ഛന്‍ തൊടിയില്‍ നിന്നും വന്നു.

" അത് പറഞ്ഞിട്ട് കാര്യമില്ല. വെള്ളം അടിയിലെത്തി നാറുന്നുണ്ട്. അത് കുടിച്ചാല്‍ വല്ല സൂക്കെടും പിടിക്കും. പിന്നെ ഇടമഴ പെയ്യാന്‍ കാലമായല്ലൊ " എന്ന് അമ്മ പറഞ്ഞു.

അത് ശരി. ഇന്നലെ കുരുന്നുകള്‍ ഒപ്പിച്ച കുരുത്തക്കേട് ആരേയും അറിയിക്കാതെ പരിഹാരം കാണുകയാണ് ഇവര്‍. മിക്കവാറും വെള്ളം കോരി ഒഴിച്ച് കളഞ്ഞപ്പോള്‍, മാണിക്കന്‍ നെല്ല് പുഴുങ്ങുന്ന വട്ടചെമ്പില്‍ പകുതിയോളം വെള്ളം നിറച്ചു വെച്ചു. ചേറ് കോരി മാറ്റിയ ശേഷം കിണറ് കഴുകാനാണ് അത്.

മാണിക്കന്‍ തറ്റുടുത്തു. കയറിലൂടെ അവന്‍ കിണറ്റിലേക്ക് ഊര്‍ന്നിറങ്ങി. കിണറിനകത്തെ ചളി കോരി ബക്കറ്റില്‍ നിറച്ചു. ഞാന്‍ അത് മുകളിലേക്ക് വലിച്ച് കേറ്റി. കിണറിന്‍ കരയില്‍ നിന്ന് കുറച്ചകലെ ഞാനത് കൊട്ടിക്കളഞ്ഞു. ഈ പ്രക്രിയ അച്ഛനും അമ്മയും ചേച്ചിയും ഗോപിയേട്ടനും നോക്കി ആസ്വദിക്കുന്നതു പോലെ എനിക്ക് തോന്നി. ഈ നേരത്താണ് മരുമക്കള്‍ എഴുന്നേറ്റ് കണ്ണും തിരുമ്മി രംഗത്തെത്തുന്നത്.

" എന്താമ്മെ കിണറ്റിന്ന് എടുക്കുന്നത് " എന്നായി ചെറിയവന്‍. ചേച്ചി എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് " നീ ഇന്നലെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സോപ്പുകള്‍ ആയിരിക്കും " എന്ന് അവന്‍റെ ഏടത്തിയുടെ തിരുവായ് മൊഴിഞ്ഞു. അതോടെ കള്ളി വെളിച്ചത്തായി. അമ്മയും ചേച്ചിയും കാര്യം നിസ്സാരവത്കരിച്ച് പറഞ്ഞതിനാല്‍ അച്ഛനും ഗോപിയേട്ടനും വല്ലാതെ കോപിച്ചില്ല.

" ഇതില് ഒരു സാധനമുണ്ട്. ചേറ് കൊട്ടികളയുമ്പോള്‍ എടുക്കണം " എന്ന് മാണിക്കന്‍ താഴെ നിന്ന് വിളിച്ച് പറഞ്ഞു. അത് ഒരു എണ്ണകിണ്ണം ആയിരുന്നു. അത് കണ്ടതും " ഇതും ഇവന്‍ ഇന്നലെ കിണറ്റില്‍ ഇട്ടതാണ് " എന്ന് സഹോദരി എല്ലാവരേയും അറിയിച്ചു. പിന്നെ അധിക സമയമൊന്നും വേണ്ടിവന്നില്ല. പണി തീര്‍ത്ത് മാണിക്കന്‍ കയറി വന്നു. ഞാനും അവനും ചേറില്‍ കുളിച്ചിരുന്നു. തോര്‍ത്ത് എടുത്ത് ഞാന്‍ അവനോടൊപ്പം കുളത്തിലേക്ക് നടന്നു.

" ഞങ്ങളും വരുന്നു " എന്നും പറഞ്ഞ് പിള്ളേര്‍ പുറകെ കൂടി. മാണിക്കന്‍ കുളത്തിന്‍റെ മതിലിലൂടെ ഓടി കരണം മറിഞ്ഞ് വെള്ളത്തിലേക്ക് കൂപ്പ് കുത്തിയത് പിള്ളരെ അത്ഭുതപ്പെടുത്തി. അവരുടെ ആവശ്യപ്രകാരം അവന്‍ പലകുറി അഭ്യാസ പ്രകടനം നടത്തി.

"മാമനും ഇതു പോലെ മതിലില്‍ കൂടി ഓടി വെള്ളത്തിലേക്ക് തലകുത്തി മറിയാമോ " എന്ന് കൊച്ചന്‍ എന്നോട് ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. ആംബുലന്‍സ് ഒരുക്കി നിറുത്തിയ ശേഷമെ എനിക്ക് ഇത്തരം അഭ്യാസത്തിന്ന് മുതിരാന്‍ പറ്റുകയുള്ളു എന്ന സത്യം പയ്യന്ന് അറിയില്ല. വല്ലതും പറഞ്ഞ് ഉള്ള മതിപ്പ് കൂടി കളയണ്ടാ എന്ന് ഞാന്‍ കരുതി.

തിരിച്ച് പോരുമ്പോള്‍ ചെറിയവന്‍ മാണിക്കന്‍റെ തോളില്‍ കയറി ഇരുന്നു.

" എണ്ണകിണ്ണം എടുത്തപ്പോള്‍ സോപ്പ് എന്താ മാമന്‍ എടുക്കാത്തത് " എന്ന് അവന്‍ മാണിക്കനോട്ചോദിച്ചു. സോപ്പ് അലിഞ്ഞുപോയി എന്ന് പറഞ്ഞപ്പോള്‍ എണ്ണകിണ്ണം എന്താ അലിയാഞ്ഞത് എന്നായി സംശയം . ചില സാധനങ്ങള്‍ മാത്രമേ വെള്ളത്തില്‍ അലിയുകയുള്ളു എന്ന് മാണിക്കന്‍ അവനെ പറഞ്ഞു മനസ്സിലാക്കി. കുറച്ച് നേരം അവന്‍ ആലോചനയില്‍ മുഴുകി.

" ഇപ്പോള്‍ മാമന്‍ എണ്ണകിണ്ണം എടുത്തില്ലെങ്കില്‍ എന്താ ഉണ്ടാവുക " എന്ന അടുത്ത സംശയം കടന്നു വന്നു.

" അതവിടെ കിടന്ന് മുളക്കും. പിന്നെ നോക്കുമ്പൊ ഒന്നിന് പകരം രണ്ടോ, മൂന്നോ, നാലോ ഒക്കെ ആവും "എന്ന് മാണിക്കന്‍ തികഞ്ഞ ഗൌരവത്തില്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ നേരത്തെ ഗോപിയേട്ടനും ചേച്ചിയും കുട്ടികളും പോവാനൊരുങ്ങി. പല്ല് തേപ്പിച്ച് വിട്ടിട്ടും ചെറുത് കിണറിന്നടുത്ത് പരുങ്ങി നില്‍ക്കുകയാണ്. ചേച്ചി വളരെ ശാസിച്ചിട്ടാണ് അവന്‍ അകത്ത് വന്ന് വസ്ത്രം മാറിയത്. പോകാന്‍ നേരം അവന്‍ അമ്മയുടെ അടുത്ത് വന്ന് ഇങ്ങിനെ പറഞ്ഞു " അമ്മമ്മേ, ഞാന്‍ ഇനി വന്നിട്ടേ മാണിക്കന്‍ മാമനെ കിണറ്റില്‍ ഇറക്കാവൂ ". എന്താണ് അവന്‍റെ കുഞ്ഞു മനസ്സില്‍ എന്ന് ആര്‍ക്കും അറിഞ്ഞില്ല. ഒടുവില്‍ രഹസ്യത്തിന്‍റെ കലവറ അവന്‍ തന്നെ തുറന്നു. "ഞാന്‍ ഇവിടുത്തെ എണ്ണ കിണ്ണവും, കിണ്ടിയും ,വെള്ളം ഒഴിക്കുന്ന പാത്രവും ഒക്കെ കിണറ്റിലിട്ടിട്ടുണ്ട്. അതൊക്കെ മുളച്ചു വന്നിട്ട്, നാലെഞ്ചെണ്ണം ആയിട്ട് എടുത്താല്‍ മതീട്ടോ, അമ്മമ്മെ ".

0 comments:

No comments:

Post a Comment