Saturday, October 23, 2010
' ഒരു വട്ടി പുളിയുണ്ട് നന്നാക്കന്‍ . എന്നെക്കൊണ്ട് ഒറ്റയ്ക്കൊന്നും ആവില്യാ ' എന്ന് നേരം വെളുത്തപ്പോള്‍ അമ്മ പാഴ്യാരം പറയുന്നത് കേട്ടപ്പോഴേ പണി ഉറച്ചു എന്ന് മനസ്സിലായി. ആഹാരം കഴിക്കാനിരുന്നപ്പോഴും അമ്മ വിഷയം ആവര്‍ത്തിച്ചു.
" വെള്ളച്ചിയെ വരാന്‍ പറഞ്ഞാല്‍ പോരേ " എന്ന അഭിപ്രായം " അവരൊക്കെ ഇപ്പൊ ആരാണ്. പാലം പണിക്ക് പോവാന്‍ തുടങ്ങിയ ശേഷം അവള് ഈ വഴിക്ക് കടന്നിട്ടില്ല " എന്നും പറഞ്ഞ് തള്ളി കളഞ്ഞു.
മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ അമ്മ പരമ്പ് വിരിച്ചു. പുളി നിറച്ച വട്ടി അതിന്റെ ഒരു ഓരത്ത് വെച്ചു.
" തൊണ്ട് ഞാന്‍ പൊട്ടിച്ചിടാം. കുട്ടി കുരു തല്ലി തന്നാല്‍ മതി. പിന്നെ തൊണ്ട് വഴീല് കൊണ്ടു പോയി കൊട്ടും ചെയ്യണം ".
പുളിയുടെ തോട് വഴിയിലിടും. ആളുകള്‍ അതില്‍ ചവിട്ടും തോറും പുളിപ്പ് കൂടും എന്നാണ് വിശ്വാസം. പഴയൊരു ആട്ടുകല്ലിന്റെ കൊഴവിയില്‍ തോട് കളഞ്ഞ പുളി കിടത്തി വെച്ച് പുളി മുട്ടി കൊണ്ട് തല്ലാന്‍
തുടങ്ങി. ഇരുപത്തെട്ട് കഴിയാത്ത കുഞ്ഞുങ്ങള്‍ കണ്ണ് മിഴിക്കുന്ന മട്ടില്‍ പുളിങ്കുരു എത്തി നോക്കി തുടങ്ങി.
പണി കുറെ ചെയ്തു കഴിഞ്ഞപ്പോള്‍ പടി തുറക്കുന്ന ശബ്ദം. നോക്കുമ്പോള്‍ മാണിക്കന്. കാലം ഏറെ കഴിഞ്ഞിരിക്കുന്നു അവനെ കണ്ടിട്ട്. പതിവ് പോലെ ഒരു ദിവസം ആരോടും ഒന്നും പറയാതെ സ്ഥലം
വിട്ടതാണ്.
" നല്ല ആളാ നീയ്യ് " അമ്മ പറഞ്ഞു " ആ ഉമ്മച്ചി കുട്ടിടെ കല്യാണം നടത്താന്‍ പോണൂ എന്നും പറഞ്ഞ് പോയിട്ട് ഇന്നാണ് പിന്നെ കാണുണത് ".
" അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്റെ തമ്പ്രാട്ട്യേ " മാണിക്കന് പറഞ്ഞു " നമ്മള് വിചാരിക്കുന്ന മാതിരി ഒക്കെ നടക്ക്വോ ".
അവന് ആ കഥ പറഞ്ഞു. കല്യാണത്തിന്ന് ഒരു വിധം ഒരുക്കങ്ങള്‍ ആക്കിയതാണ്. അപ്പോഴാണ് പുതിയാപ്ലയുടെ ഒരു ബന്ധു വന്ന് അന്യന്റെ കുടീല് കഴിയുന്ന പെണ്ണിനെ വേണ്ടെന്ന് പറഞ്ഞത്.
" അന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. രാത്രി മുഴുവന്‍ കരയുകയായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ അമ്മയോട് പറഞ്ഞ് പോന്നതാണ്. തിരിച്ചെത്തിയിട്ട് മൂന്ന് ദിവസമായിട്ടേയുള്ളു ".
" എന്നിട്ടെന്താ ഇതു വരെ നീ വരാതിരുന്നത് '' ഞാന്‍ ചോദിച്ചു.
'' വന്നതേ ഊരുപ്പെട്ട പണീം കൊണ്ടാണ്. അതൊക്കെ ഒരു രൂപം ആക്കി. ഇങ്ങോട്ട് പോരും ചെയ്തു ''.
ഇതിനിടെ പുളി തോട് കളയാനും കുരു കുത്തിയത് കുരു നീക്കാനും അവന് തുടങ്ങി.
'' കുരു കളയണ്ടാട്ടോ തമ്പ്രാട്ട്യേ '' അവന് പറഞ്ഞു '' അത് വാങ്ങാന്‍ ആളെ ഞാന്‍ കൂട്ടീട്ട് വരാം. കാപ്പിപ്പൊടീല്‍
ചേര്‍ക്കാന്‍ പുളുങ്കുരു ഒന്നാന്തരാണ് ''.
ഏറെ കഴിഞ്ഞില്ല.
'' ഞങ്ങള്‍ ഇപ്പൊ വരാട്ടോ തമ്പ്രാട്ട്യേ '' എന്നും പറഞ്ഞ് അവന് എഴുന്നേറ്റു.
'' വന്ന വെള്ളം നിന്ന വെള്ളത്തിനെ കൂടി കൊണ്ടുപോകും എന്ന് കേട്ടിട്ടേ ഉള്ളു. നീ അവന് പണി ചെയ്യുന്നത്
കൂടി ഇല്ലാണ്ടാക്കും '' എന്ന് അമ്മ പറഞ്ഞുവെങ്കിലും '' അതിനെ പറ്റി ബേജാറാവണ്ടാ. അക്കാര്യം ഞാനേറ്റു '' എന്നും പറഞ്ഞ് അവന് അമ്മയെ ആശ്വസിപ്പിച്ചു.
സ്കൂട്ടര്‍ റോഡിലെത്തുന്നത് വരെ അവനൊന്നും പറഞ്ഞില്ല. '' ഇത്തിരി നേരം നിര്‍ത്ത് '' എന്ന് മാണിക്കന്
പറഞ്ഞതോടെ ഞാന്‍ നിര്‍ത്തി
'' നമ്മടെ നാട്ടില്‍ നല്ലൊരു ഹോട്ടലുണ്ടോ '' അവന് ചോദിച്ചു.
'' ഇല്ല '' ഞാന്‍ പറഞ്ഞു.
കൂട്ടുപാതയില്‍ മൂന്ന് ചായപീടികകളാണ് ഉള്ളത്. നാട്ടുകാര്‍ കളിയായി വാസുവിന്റെ കടയെ '' ദാരിദ്ര്യ
വിലാസ് '' എന്നും മണിയുടെ കടയെ '' അജീര്‍ണ്ണ ഭവന് '' എന്നും അദ്രുമാന്റെ കടയെ '' ഹോട്ടല്‍ ഡി തല്ലി
പ്പൊളി '' എന്നും വിളിക്കും. അത്യാവശ്യം കൂലി പണിക്കാരല്ലാതെ ആരും അവിടെ പോകാറില്ല. അദ്രുമാന്റെ കടയിലെ ചായ ഗ്ലാസിന്ന് പോലും മീനിന്റെ നാറ്റമാണ്.
'' എന്നാലെ നമ്മുടെ നാട്ടില്‍ ഇന്ന് നല്ലൊരു ഹോട്ടല്‍ തുടങ്ങുന്നു '' അവന് പറഞ്ഞു.
'' എവിടെ '' എനിക്ക് അത് അറിയാന്‍ മോഹമായി.
'' നമ്മടെ മാഷ് കൂട്ടുപാതേല് മൂന്ന് നില കെട്ടിടം പണിതിട്ടുണ്ടല്ലോ. അതില്‍ ''.
ബാക്കി വിവരം കൂടി അവന് പറഞ്ഞു. ദേശാടനത്തിന്ന് ഇടയില്‍ പരിചയപ്പെട്ട ഒരു മേനോനാണ് ഉടമസ്ഥന്. മുമ്പ് നല്ല നിലയില്‍ ഹോട്ടല്‍ നടത്തി പരിചയമുണ്ട്. അവന് ഇങ്ങോട്ട് ക്ഷണിച്ച് വരുത്തിയതാണ്. നല്ല ദിവസം നോക്കി ഇന്ന് രാവിലെ ആരംഭിച്ചു.
'' ഇതൊന്നും ഞാന്‍ അറിഞ്ഞില്ലല്ലോ ''.
'' അതെങ്ങിനെ. എപ്പൊ നോക്ക്യാലും വീട്ടില്‍ തന്നെ ഇരുന്നാല്‍ വല്ലതും അറിയ്യോ. ഇടയ്ക്ക് വെളിയില്‍ ഇറങ്ങണം. ശരി, നീ വണ്ടി വിട് ''.
മാഷിന്റെ കെട്ടിടത്തിന്റെ മുമ്പില്‍ വണ്ടി നിര്‍ത്തി. കുരുത്തോലയും വര്‍ണ്ണ കടലാസുകളും കൊണ്ട് കെട്ടിടം
അലങ്കരിച്ചിട്ടുണ്ട്. നല്ല മേശകളും കസേലകളും. പണം വാങ്ങുന്ന ആള് ഇരിക്കുന്നതിന്ന് തൊട്ടു പുറകില്‍
തിരുപ്പതി വെങ്കിടാചലപതിയുടെ പടം. ഒരു ചെറിയ വിളക്ക് അതിന്ന് മുമ്പില്‍ കത്തുന്നുണ്ട്.
'' ഇത് എന്റെ കൂട്ടുകാരനാണ് '' കാഷ്യറോട് അവന് പറഞ്ഞു.
വലിയ തിരക്കൊന്നുമില്ലെങ്കിലും മറ്റു ചായപ്പീടികകളിലെ സ്ഥിരം കുറ്റികളില്‍ പലരും എത്തിയിട്ടുണ്ട്.
'' നീ ഇരിക്ക്, ഞാന്‍ ചെന്ന് സ്പെഷല്‍ ഒരു സാധനം കൊണ്ടുവരാം '' എന്നും പറഞ്ഞ് മാണിക്കന് അകത്തേക്ക് ചെന്നു. ഒരു പ്ലേറ്റില്‍ പരിപ്പ് വടയുമായിട്ടാണ് അവന് വന്നത്.
' ഇതാണോ സ്പെഷല്‍ ' എന്ന് ഞാന്‍ മനസ്സിലോര്‍ത്തത് അവന്ന് മനസ്സിലായി എന്ന് തോന്നുന്നു.
'' കഴിച്ച് നോക്ക്. ഇത്ര രുചിയുള്ള പരിപ്പ് വട നീ ജീവിതത്തില്‍ കഴിച്ചിട്ടുണ്ടാവില്ല ''.
സംഗതി വാസ്തവമായിരുന്നു. പുറം പാകത്തിന്ന് മൊരിഞ്ഞ് അകം ശരിയായി വെന്തിട്ടുള്ള നല്ല വട. ചിലര്‍
ഉണ്ടാക്കിയത് കടിച്ചാല്‍ പല്ല് തെറിച്ച് പോകുമെന്ന് തോന്നും.
'' പഴംപൊരി, ബജ്ജി, ബോണ്ടാ, ഉഴുന്ന് വട ഒക്കെയുണ്ട് '' മാണിക്കന് പറഞ്ഞു '' കൊണ്ടു വരട്ടെ ''.
ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും അവന് ചിലതൊക്കെ മുന്നില്‍ നിരത്തി. തിരിച്ച് പോവാന്‍ നേരം വീട്ടിലേക്ക് ഒരു പാര്‍സലും അവന് കയ്യിലെടുത്തു.
ദിവസങ്ങള്‍ കടന്നു പോയി. പുതിയ ഹോട്ടല്‍ പേരെടുത്തതോടെ വാസുവും മണിയും അദ്രുമാനും വല്ലാത്ത
അങ്കലാപ്പിലായി. '' ചരക്ക് മാഷക്ക് നല്ല കൈപ്പുണ്യം ഉണ്ട്. അതാ ഇത്ര സ്വാദ് '' എന്ന് എല്ലാവരും പറയാന്‍
തുടങ്ങി.
ഒരു വൈകുന്നേരം വാസു കടയില്‍ നിന്ന് മാണിക്കനെ വിളിച്ചു.
'' എവിടുന്നാ മാണിക്കാ ഈ വെപ്പുകാരനെ കിട്ട്യേത് '' അയാള്‍ ചോദിച്ചു.
'' അതൊക്കെ പറയാന്‍ തുടങ്ങ്യാല് ഒരുപാട് പറയാനുണ്ട് '' അവന് പറഞ്ഞു '' നമ്മടെ നാട്ടുകാരുടെ ഭാഗ്യത്തിന്ന് അയാളെ മുമ്പ് പണി ചെയ്തിരുന്ന ഹോട്ടലിന്ന് പിരിച്ച് വിട്ടതും ഞാന്‍ കണ്ട് മുട്ട്യേതും ഒന്നിച്ചായി ''.
'' എന്തിനാടാ അയാളെ പിരിച്ച് വിട്ടത് ''.
'' മൂപ്പരുക്ക് കുഷ്ഠം പിടിച്ചു എന്ന് പറഞ്ഞിട്ട് പിരിച്ച് വിട്ടതാ. അത്രയ്ക്ക് അധികം ഒന്നൂല്യാ. ആള് മരുന്നൊക്കെ കഴിക്കുന്നുണ്ട് ''.
പിറ്റേന്ന് ഹോട്ടലില്‍ ആരും കയറിയില്ല. ഉണ്ടാക്കിയ പലഹാരങ്ങള്‍ ചില്ലലമാറിയില്‍ ഇരുന്ന് കരഞ്ഞു. വാസുവിന്നും മണിക്കും അദ്രുമാനും പഴയ കസ്റ്റമേള്‍സിനെ തിരിച്ച് കിട്ടി. മൂന്ന് ദിവസത്തെ മുല്ല വാഴ്ചയ്ക്ക് ശേഷം പുതിയ ഹോട്ടല്‍ അടച്ചു.
ഇരുപത്തെട്ട് കഴിയാത്ത കുഞ്ഞുങ്ങള്‍ കണ്ണ് മിഴിക്കുന്ന മട്ടില്‍ പുളിങ്കുരു എത്തി നോക്കി തുടങ്ങി.
ReplyDeletenalla prayogam
വന്ന വെള്ളം നിന്ന വെള്ളത്തിനെ കൂടി കൊണ്ടുപോകും
athu shariyaayi
മൂപ്പരുക്ക് കുഷ്ഠം പിടിച്ചു എന്ന് പറഞ്ഞിട്ട് പിരിച്ച് വിട്ടതാ.
haha ha