Wednesday, February 9, 2011

26. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത........

Sunday, February 1, 2009


അസുഖമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്നു ശേഷം കേശവേട്ടന്‍ വായനശാലയിലേക്ക് മാസങ്ങളോളം വന്നതേ ഇല്ല . ആസ്പത്രി വാസക്കാലത്ത് മാണിക്കന്‍ അദ്ദേഹത്തിന്‍റെ കൂടെ തന്നെ ആയിരുന്നു. ഞാന്‍ എല്ലാ ദിവസവും ചെന്ന് അന്വേഷിക്കും . ഒരു മാസത്തോളം അദ്ദേഹം അവിടെ ചികിത്സയിലായി കഴിഞ്ഞു . തിരിച്ചു വന്ന ശേഷം ക്വാര്‍ട്ടേര്‍സില്‍ പരിപൂര്‍ണ്ണ വിശ്രമം ആയി കുറച്ചു കാലം കൂടി.

ഡോക്ടറുടെ ഉപദേശം കാരണമാവാം , പുകവലിയും മദ്യപാനവും ഒഴിവാക്കി. കാലത്ത് പഞ്ചായത്ത് പാതയിലൂടെ നടപ്പ് തുടങ്ങി. തുടക്കത്തില്‍ സൈതാലി കൂട്ടിന്ന് പോയിരുന്നു . പിന്നെ പിന്നെ ഒറ്റക്കായി നടത്തം . ഞാന്‍ ട്യൂട്ടോറിയലിലേക്ക് പോകാനായി ബസ്സ് കാത്ത് നില്‍ക്കുമ്പോള്‍ കേശവേട്ടന്‍ തിരിച്ചു വരുന്ന സമയമാവും . ഉങ്ങിന്‍ ചുവട്ടില്‍ നിന്ന് കുറച്ച് നേരം സംസാരിച്ചിട്ട് എനിക്ക് പോകാനുള്ള ബസ്സ് എത്തുമ്പോള്‍ മൂപ്പര്‍ യാത്ര പറഞ്ഞ് നീങ്ങും. സംസാരിക്കാന്‍ വയ്യാത്ത പെണ്‍കുട്ടി താമസം മാറി പോയതോടെ ഉണ്ടായ കാലത്തെ ഒറ്റക്കുള്ള നില്‍പ്പ് അങ്ങിനെ അവസാനിച്ചു.

കേശവേട്ടന്‍റെ നില അതീവ ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ യാതൊരു ഉറപ്പും പറയാതെ ഇരുന്ന നാളുകള്‍ . ഉത്തരവാദപ്പെട്ട വേണ്ടപ്പെട്ടവര്‍ ആരും നോക്കാനില്ലാത്ത അവസ്ഥ . സഹപ്രവര്‍ത്തകരുടേയും വളരെ അടുത്ത കൂട്ടുകാരുടേയും സഹകരണം മാത്രം . ആരുടെയൊക്കേയോ പ്രാര്‍ത്ഥനയുടെ ഫലമായി ഈശ്വരന്‍റെ കൈ പിടിച്ച് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ മാഷ് അസ്വസ്ഥനായി തന്നെ കഴിഞ്ഞു. തനിക്ക് ആരും ഇല്ലെന്ന ബോധം അദ്ദേഹത്തെ വേട്ടയാടി . വായനശാലയിലെ എല്ലാ അംഗങ്ങളും ശരിക്കും കേശവേട്ടന്‍റെ വീട്ടുകാരായി. വാക്കുകളിലൂടെ മാഷെ സന്തോഷിപ്പിക്കാന്‍ ഓരോരുത്തരും മത്സരിച്ചു. എങ്കിലും എന്നോടും മാണിക്കനോടും ആയിരുന്നു കേശവേട്ടന്ന് ഇഷ്ട കൂടുതല്‍.

ആ ദിവസങ്ങളിലെല്ലാം കേശവേട്ടന്‍ തന്‍റെ കുടുംബ ജീവിതത്തില്‍ സംഭവിച്ച താളപിഴകള്‍ ഞങ്ങളോട് പല വട്ടം സങ്കടത്തോടെ പറയുമായിരുന്നു. മകളുടെ വിവാഹത്തിന്ന് വിളിക്കാത്തതിലുള്ള വിഷമം അദ്ദേഹം മറച്ചു വെച്ചില്ല. എനിക്ക് അദ്ദേഹത്തെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നോ എന്ത് പരിഹാരം നിര്‍ദ്ദേശിക്കണമെന്നോ അറിയില്ലായിരുന്നു. ഒരു ദിവസം , മേലാല്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ ബന്ധപ്പെടാന്‍ വേണ്ടിയാണെന്നു പറഞ്ഞ്, മാണിക്കന്‍ അദ്ദേഹത്തോട് വീട്ടുകാരുടെ മേല്‍വിലാസം ചോദിച്ചു. തനിക്ക് ആരുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും ഒടുവില്‍ ഭാര്യയുടെ വിവരങ്ങള്‍ എല്ലാം പറഞ്ഞു തന്നു. താന്‍ മരിച്ചാല്‍ പോലും അവരെ അറിയിക്കരുതെന്ന് പ്രത്യേകം പറയുകയുമുണ്ടായി.

ആരോടും ഒന്നും പറയാതെ ഒരു നാള്‍ മാണിക്കന്‍ അപ്രത്യക്ഷനായി. ആദ്യം അവന്‍ മാമന്‍റെ വീട്ടിലേക്ക് ചെന്നതായിരിക്കുമെന്ന് കരുതി. രണ്ടു ദിവസം ആയിട്ടും കാണാഞ്ഞപ്പോള്‍ നാടു വിട്ടതാണെന്ന് ഉറപ്പിച്ചു. ഇത്തരം മുങ്ങല്‍ അവന്‍റെ സ്ഥിരം ശൈലിയാണ്. വല്ല ദിക്കിലും തെണ്ടിത്തിരിഞ്ഞ് ഇനി എന്നെങ്കിലും വന്നു കയറും. പിന്നെ നൂറു കൂട്ടം ഗതികേടുകള്‍ പറയും. ആറു മാസമോ ഒരു കൊല്ലമോ കഴിഞ്ഞ് തിരിച്ച് വരുമെന്ന് കരുതിയ മാണിക്കന്‍ മൂന്നാം പക്കം തിരിച്ചെത്തി .

അന്ന് ഞായറാഴ്ചയാണ്. പതിവിലും വൈകി ഞാന്‍ എഴുന്നേറ്റ് വരുമ്പോള്‍ കക്ഷി ചിരിച്ചുകൊണ്ട് മുന്നില്‍ . ഒന്നും പറയാതെ സ്ഥലം വിട്ടതില്‍ ഞാന്‍ പരിഭവിച്ചു. " നിനക്ക് കാര്യം അറിയാഞ്ഞിട്ടാണ്, വിവരം പറഞ്ഞാല്‍ നിങ്ങളാരും എന്നെ പോവാന്‍ സമ്മതിക്കില്ല ' എന്നും പറഞ്ഞ് കേശവേട്ടന്‍റെ ഭാര്യയെ കാണാന്‍ ചെന്നതും " നാല് പുളിപ്പന്‍ " വര്‍ത്തമാനം പറഞ്ഞതും അവന്‍ വിവരിച്ചു, എന്‍റെ കണ്ണ് തള്ളിപ്പോയി .

" അവരുടെ ചിലവിലൊന്നുമല്ലല്ലോ ഞാന്‍ കഴിയുന്നത്, പിന്നെ എന്തിനാ ഞാന്‍ അവരെ പേടിക്കുന്നത് " എന്നാണ് അവന്‍റെ ന്യായം.

കേശവേട്ടന്‍റെ മരുമകനെ കുറിച്ച് മാണിക്കന് നല്ല അഭിപ്രായമാണ്. " ചുള്ളന്‍ " എന്നാണ് അവന്‍ അയാളെ വിശേഷിപ്പിച്ചത്. കാണാന്‍ സുന്ദരന്‍ . സ്വഭാവവും കൊള്ളാം , കൂടെ വന്ന്, ആഹാരം വാങ്ങി തന്ന് മാഷടെ എല്ലാ വിവരവും മൂപ്പര്‍ ചോദിച്ചറിഞ്ഞു. മാഷിന്‍റെ കാര്യസ്ഥനാണ് അവന്‍ എന്നാണ് കക്ഷി വിചാരിച്ചിരുന്നത്. യഥാര്‍ത്ഥ വിവരം പറഞ്ഞപ്പോള്‍ നന്ദി പറയുകയും വഴി ചിലവിന്ന് പണം കൊടുക്കാന്‍ നോക്കുകയും ചെയ്തു. നമ്മടെ ഡീസന്‍റിന്ന് അത് വാങ്ങിയില്ല എന്നാണ് അവന്‍ പറഞ്ഞത് . പണം തികയാത്തതിനാല്‍ കള്ള വണ്ടി കയറി വന്നു എന്ന് പറഞ്ഞത് മാത്രം എനിക്ക് പിടിച്ചില്ല , കാശുണ്ടെങ്കിലും അവന്‍ അതേ ചെയ്യു എന്ന് എനിക്ക് നന്നായി അറിയാം . തല്‍ക്കാലം ഇതൊന്നും ആരേയും അറിയിക്കേണ്ടാ എന്നും പറഞ്ഞു അവന്‍ സ്ഥലം വിട്ടു. ഏതായാലും എന്‍റെ വായില്‍ നിന്ന് ഈ കാര്യം ആരും അറിയേണ്ടാ എന്ന് കരുതി ഞാന്‍ ആരോടും പറഞ്ഞതുമില്ല.

ഒരാഴ്ച കഴിഞ്ഞു. ഞാന്‍ ജോലി കഴിഞ്ഞ് എത്തിയതും " നിന്നെ അന്വേഷിച്ച് രാവിലെ സ്റ്റേഷന്‍ മാഷ് പോര്‍ട്ടര്‍ സൈതാലിയെ അയച്ചു . വന്നതും ചെന്ന് കാണമെന്ന് പറയാന്‍ പറഞ്ഞു " എന്ന് അമ്മ പറഞ്ഞു . ഊണ് കഴിഞ്ഞതും ഞാന്‍ ഇറങ്ങി പുറപ്പെട്ടു . ക്വാര്‍ട്ടേര്‍സില്‍ കേശവേട്ടന്‍ മാത്രമേയുള്ളു. പതിവില്ലാത്ത വിധം സന്തോഷത്തിലാണ് മൂപ്പര്‍ . വളരെ കാലത്തിന്നു ശേഷമാണ് ഇങ്ങിനെ കാണുന്നത്. " ഇവിടെ ഇരിക്കടോ " എന്നു പറഞ്ഞ് കട്ടിലിന്‍റെ ഓരത്ത് എന്നെ ഇരുത്തി.

" എനിക്ക് ഇന്ന് ഒരു വിരുന്നുകാരന്‍ ഉണ്ടായിരുന്നു " എന്നു പറഞ്ഞ് അദ്ദേഹം സംഗതികള്‍ വിസ്തരിച്ചു. ഡ്യൂട്ടി സമയത്ത് ഒരു ചെറുപ്പക്കാരന്‍ മാഷെ അന്വേഷിച്ചു ചെന്നു. ആ വിദ്വാനെ മുമ്പ് കണ്ട പരിചയമൊന്നുമില്ല . ആരാ, എന്താ വേണ്ടത് എന്നൊക്കെ തിരക്കി. മുമ്പില്‍ വന്ന് നില്‍ക്കുന്നത് സ്വന്തം മരുമകനാണെന്ന വിവരം അന്നേരമാണ് അറിയുന്നത്. ക്വാര്‍ട്ടേര്‍സില്‍ കൂട്ടി ക്കൊണ്ടു വന്നു. സൈതാലി എത്തിച്ച വാട്ട ചായ അല്ലാതെ മറ്റൊന്നും കൊടുക്കാന്‍ പറ്റിയില്ല. താമസിയാതെ വീണ്ടും വരുമെന്നും കൂടെ കുടുംബത്തിനെ കൊണ്ടു വരുമെന്നും പറഞ്ഞിട്ടാണ് മരുമകന്‍ തിരിച്ചു പോയത് .

ഒന്ന് നിര്‍ത്തി മാഷ് തുടര്‍ന്നു " നിന്നേയും മാണിക്കനേയും അവന്ന് പരിചയപ്പെടുത്തണമെന്ന് ഞാന്‍ മോഹിച്ചു. ഇവിടെ എനിക്ക് ബന്ധുക്കളായി നിങ്ങള്‍ രണ്ടു പേരാണല്ലോ ഉള്ളത്. നിങ്ങളെ അന്വേഷിച്ച് ഞാന്‍ ആളെ അയച്ചു. രണ്ടാളും സ്ഥലത്ത് ഇല്ലാതെ പോയി . പക്ഷെ ഒരു അത്ഭുതം . മാണിക്കനെ എന്‍റെ മരുമകന്‍ അന്വേഷിച്ചു . മാണിക്കനെ എങ്ങിനെ അറിയാമെന്ന് എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല . അവന്‍ സര്‍വ്വ വ്യാപിയല്ലേ, എവിടെയെങ്കിലും വെച്ച് കണ്ടു കാണും ".

എനിക്ക് എല്ലാം മനസ്സിലായി . പക്ഷെ ആ രഹസ്യം ഞാന്‍ പുറത്തു വിടില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു . പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി നല്‍കിയ സഹായം പോലെ അതങ്ങിനെ ഇരിക്കട്ടെ. എന്‍റെ കൂട്ടുകാരന്‍ ഒരു ഇതിഹാസ നായകന്‍റെ തലത്തിലേക്ക് ഉയരുന്നതായി എനിക്ക് തോന്നി.

0 comments:

No comments:

Post a Comment