Saturday, February 12, 2011

34. തിരഞ്ഞെടുപ്പ്.

പഞ്ചായത്ത് മെമ്പര്‍ മരിച്ചു പോയതിനെ തുടര്‍ന്ന് ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ നൊസ്സന്‍ മാഷക്ക് ഇലക്ഷന്ന് നില്‍ക്കണമെന്ന് ഒരു പൂതി തോന്നി. പിന്നെ ഒട്ടും താമസിച്ചില്ല. മൂപ്പര്‍ പണിക്കാരനെ അയച്ച് മാണിക്കനെ വരുത്തി. എന്നെ വിളിക്കാന്‍ മാണിക്കനാണ് നിര്‍ദ്ദേശിച്ചത്. ഡ്രൈവര്‍ കാറുമായി എത്തി എന്നെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ രണ്ടുപേരും പൂമുഖ കോലായില്‍ ഗൌരവമായ ചര്‍ച്ചയിലായിരുന്നു. ഹൃദ്യമായ പുഞ്ചിരിയോടെ ഇരുവരും എന്നെ എതിരേറ്റു.

ഇലക്ഷന്ന് സ്ഥാനാര്‍ത്ഥിയാവാനുള്ള തീരുമാനം മാഷ് പ്രഖ്യാപിച്ചു. മൂന്ന് പേരും ചേര്‍ന്ന് ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മാഷ് അറിയിച്ചു. തനിക്ക് പണിത്തിരക്ക് ഉള്ള സമയമാണെന്ന് മാണിക്കന്‍ പറഞ്ഞത് മാഷ് തള്ളിക്കളഞ്ഞു.

"ഇത് ഇപ്പോള്‍ കൂടി വന്നാല്‍ ഒരു മാസത്തെ കാര്യമല്ലെയുള്ളു. അത്രയും കാലം പണിക്ക് പോണ്ടാ. എന്താ വേണ്ടത് എന്നു വെച്ചാല്‍ ഇവിടുന്ന് തരും "എന്നു പറഞ്ഞതോടെ മാണിക്കന് വേറൊന്നും പറയാനില്ലാതായി. മദ്ധ്യവേനല്‍ അവധിക്കാലമായതിനാല്‍ എനിക്ക് ഒരു ഒഴിവ് കഴിവും പറയാനും ഇല്ല .

പത്രിക സമര്‍പ്പിക്കുന്നതുവരെ മാഷക്ക് സഹായികളായി ഞാനും മാണിക്കനും മാത്രം. മാഷ് ജയിച്ച് അധികാരം
ഏല്‍ക്കുന്നതോടെ ചെയ്യാനുള്ള കാര്യങ്ങള്‍ ആലോചിച്ചും വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ രൂപരേഖ തയ്യാറാക്കിയും അതുവരെ ഞങ്ങള്‍ കഴിച്ച് കൂട്ടി. പത്രിക നല്‍കിയ ദിവസം വൈകുന്നേരം ഒരു സംഘം ചെറുപ്പക്കാര്‍ കടന്നുവന്നു.

"എന്ത് പണിയാ മാഷെ നിങ്ങള്‍ കാട്ടിയത് " സംഘത്തിന്‍റെ നേതാവ് എന്ന് തോന്നിച്ച ചെറുപ്പക്കാരന്‍ തെല്ലൊരു പരിഭവത്തോടെ പറഞ്ഞു " മാഷ് ഇലക്ഷന് നില്‍ക്കുന്ന കാര്യം എന്താ ഞങ്ങളെ അറിയിക്കാഞ്ഞത് ".

ഗുരുതരമായ ഒരു വീഴ്ച വരുത്തി എന്ന മട്ടിലാണ് അയാളുടെ വാക്കുകള്‍. മാഷോ മാണിക്കനോ ഞാനോ
ഒരക്ഷരം പറഞ്ഞില്ല. "പറ്റിയത് പറ്റി. ഇനി അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല " നേതാവ് പറഞ്ഞു" ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഇനി ചെയ്യാനുള്ളത് ".

അതൊരു തുടക്കമായിരുന്നു. വലിഞ്ഞു കയറി വന്നവര്‍ സ്വയം അധികാരസ്ഥന്മാരായി. ആദ്യത്തെ പടി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കലായി. വന്നവര്‍ ഓരോ സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തു. മാണിക്കനും ഞാനും കളത്തിന്ന് വെളിയില്‍. മാഷിന്‍റെ കടുത്ത പ്രതിഷേധം കാരണം ഞങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാനായില്ല എന്ന് മാത്രം.

" ഇവര്‍ക്കൊന്നും യാതൊരു രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം ഇല്ല മാഷെ " നേതാവ് പറഞ്ഞു "തിരഞ്ഞെടുപ്പ്
എന്ന് വെച്ചാല്‍ കുട്ടിക്കളിയല്ല. അത് നേരിടാന്‍ കുറച്ച് അനുഭവ പരിജ്ഞാനം വേണം ". സംഗതി ശരിയാണെന്ന് ഞങ്ങള്‍ക്കും തോന്നി. നോട്ടീസ് എഴുതി തയ്യാറക്കി. ബാനറുകള്‍ എവിടെയൊക്കെ കെട്ടണമെന്ന് നിശ്ചയിച്ചു. പോവാന്‍ നേരം നേതാവും പരിവാരങ്ങളും പ്രവര്‍ത്തന ചിലവിനായി നല്ലൊരു സംഖ്യ മാസ്റ്ററുടെ കയ്യില്‍ നിന്നും പറ്റിയിട്ടാണ് പോയത്. മൂന്നാംപക്കം ഒരു കെട്ട് നോട്ടീസുമായിട്ടാണ് സംഘം എത്തിയത്.

" ബാനര്‍ എഴുതാന്‍ ഏല്‍പ്പിച്ച് കഴിഞ്ഞു. ഇന്ന് വൈകുന്നേരം കിട്ടും " നേതാവ് പറഞ്ഞു " രാത്രി ബാനറുകള്‍ കെട്ടലും പരസ്യം ഒട്ടിക്കലും ചെയ്യണം ". ചിട്ടയായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും, കാര്യങ്ങള്‍ ശരിയായ ദിശയിലാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കന്നതെന്നും നേതാവ് അവകാശപ്പെട്ടു. പ്രവര്‍ത്തകന്‍മാര്‍ക്ക് അല്ലറ ചില്ലറ ചിലവുകള്‍ ചെയ്യാനായി കുറച്ചെന്തെങ്കിലും വേണമെന്നും പറഞ്ഞു നിര്‍ത്തി.

" പത്തോ ഇരുന്നൂറോ രൂപ കൊടുക്കേണ്ടി വരും " എന്ന് മാണിക്കന്‍ സ്വകാര്യമായി എന്നോട് പറഞ്ഞു.

അത് അത്ര വലിയൊരു തുകയൊന്നുമല്ലെന്ന് എനിക്കും തോന്നി. എന്നാല്‍ മാഷ് എത്ര വേണമെന്ന് ചോദിച്ചതിന്ന് നേതാവ് പറഞ്ഞ തുക കേട്ട് ഞാന്‍ ഞെട്ടി. " ആദ്യ ഗഡുവായി ഒരു ഇരുപത്തയ്യായിരം രൂപ തരിന്‍. പോരാത്തത് പിന്നെ വാങ്ങിക്കോളാം ".

ഞാനും മാണിക്കനും മാഷെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അകത്തെ മുറിയിലേക്ക് അങ്ങേരെ കൂടെ കൂട്ടിക്കൊണ്ട് ചെന്ന് പണം കൊടുക്കരുത് എന്ന് നൂറു വട്ടം പറഞ്ഞു നോക്കി. പക്ഷെ കണക്ക് നോക്കാതെ പണം വാരി എറിഞ്ഞാലെ തിരഞ്ഞെടുപ്പില്‍ ജയിക്കൂ എന്ന നേതാവിന്‍റെ വാക്കുകളില്‍ മാഷ് വീണിരുന്നു.

നിത്യവും വൈകുന്നേരം നേതാവും അനുയായികളും എത്തും. പിന്നെ സഭ കൂടി ജയ സാദ്ധ്യതയെ കുറിച്ച് ചൂട് പിടിച്ച ചര്‍ച്ചയാണ്. ഇതിനകം വാര്‍ഡിലെ വോട്ടര്‍മാരുടെ ലിസ്റ്റ് സംഘടിപ്പിച്ചിരുന്നു. അത് തുറന്നു വെച്ച് കിട്ടാന്‍
ഇടയുള്ള വോട്ടിന്‍റെ ഏകദേശ കണക്ക് തയ്യാറാക്കി. വ്യക്തമായ ഭൂരിപക്ഷം നേടാന്‍ വേണ്ട വോട്ടുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിച്ചതായി നേതാവ് അവകാശപ്പെട്ടു. ഇങ്ങിനെയൊക്കെ ആണെങ്കിലും അച്ചടിച്ച നോട്ടീസുകളില്‍ നിന്ന് ഒരെണ്ണം പോലും വിതരണത്തിന്നായി കെട്ട് പൊട്ടിച്ച് എടുത്തില്ല. വൈകുന്നേരത്തെ സദസ്സില്‍വെച്ച് മാണിക്കന്‍
ഈ കാര്യം അവതരിപ്പിച്ചു. മറ്റു സ്ഥാനാര്‍ത്ഥികളുടെ നോട്ടീസ് വിതരണം കഴിഞ്ഞതായി അറിയിക്കുകയും
ചെയ്തു. നോട്ടീസ് കൊടുക്കുന്നതു കൊണ്ട് അത്ര വലിയ കാര്യമൊന്നും ഇല്ലെന്നും വോട്ടര്‍മാരെ നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചാലെ വോട്ടുകള്‍ നേടാനാവൂ എന്ന വസ്തുത എല്ലാവരും അറിഞ്ഞിരിക്കണമെന്നും നേതാവ് പറഞ്ഞു. അതോടെ നോട്ടീസ് വിതരണം ചെയ്യുന്ന കാര്യം ഒഴിവായി. അത് പിന്നീട് ചെല്ലപ്പന്‍റെ തട്ടുകടയില്‍ ബജ്ജി, വട എന്നിവ കൊടുക്കാന്‍ ഉപകരിച്ചു.

തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി സംഘത്തിന്‍റെ ആവശ്യങ്ങള്‍ കൂടി വന്നു. ഫ്ലാസ്കില്‍ ചായയും പൊതികളില്‍
മസാലദോശയും കൊണ്ടു വന്ന് വിതരണം ചെയ്യുന്നത് പോരാ എന്ന അഭിപ്രായം ഉയര്‍ന്നു. പൊറോട്ട, ചിക്കന്‍ കറി, ബിരിയാണി എന്നിവ യഥേഷ്ടം എത്തി തുടങ്ങി. പകല്‍ സമയത്തെ വെയിലത്ത് നടന്നതിന്‍റെ ക്ഷീണം മാറ്റാന്‍ ബിയറും വിസ്കിയും ആവശ്യമായി വന്നു.

" പണം ചിലവായാലെന്ത്, കൂടെ നില്‍ക്കുന്നവര്‍ തൃപ്തരായല്ലോ " എന്ന് മാഷ് ആശ്വസിച്ചു.

"ഇതൊക്കെ എവിടെ ചെന്ന് എത്തുമെന്ന് എനിക്കൊരു നിശ്ചയവും ഇല്ല " എന്ന് മാണിക്കന്‍ വിലപിച്ചു. ഏതായാലും പിറ്റേന്ന് മുതല്‍ വോട്ട് പിടിക്കാന്‍ ഞങ്ങളും വരുന്നുണ്ടെന്ന് ഒരു ദിവസത്തെ യോഗത്തിനിടയില്‍ മാണിക്കന്‍ പ്രസ്താവിച്ചു.

" എങ്കില്‍ ഇതാ ഈ നിമിഷം ഈ പരിപാടി അവസാനിപ്പിച്ച് ഞങ്ങള്‍ പോകുന്നു " നേതാവിന്ന് വല്ലാതെ പൊള്ളി
" ഇത് ഞങ്ങളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന ഇടപാടാണ്. ഇനി മാഷ് തോറ്റാല്‍ ഞങ്ങള്‍ ഉത്തരവാദികള്‍ ആവില്ല ". ഇറങ്ങി പോവാന്‍ തുനിഞ്ഞ സംഘത്തെ മാഷ് കയ്യും കാലും പിടിച്ച് സമാധാനിപ്പിച്ചു. താന്‍ മേലാല്‍ ഒരു കാര്യത്തിലും ഇടപെടുകയില്ല എന്ന് മാണിക്കനും വാക്ക് കൊടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മാസ്റ്ററുടെ വീട്ടില്‍ പോവാന്‍ തീരെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. മാഷെ തനിച്ച് ആക്കരുത് എന്ന് മാണിക്കന്‍ പറഞ്ഞതുകൊണ്ട് മാത്രം ഞാനും ചെല്ലാമെന്നേറ്റു. ഒരൊറ്റ വോട്ടറെ പോലും സംഘാംഗങ്ങള്‍ കാണുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ല എന്ന് മാണിക്കന്‍ അന്വേഷിച്ചറിഞ്ഞു. പകല്‍ മുഴുവന്‍ സ്വന്തം കാര്യങ്ങളുമായി ചുറ്റി നടന്ന്, വൈകീട്ട് മാഷിന്‍റെ വീട്ടില്‍ ഒത്ത് കൂടി അങ്ങേരുടെ ചിലവില്‍ സുഖിക്കുകയാണ് അവര്‍. ഒന്നുകില്‍ ഞങ്ങള്‍ പറയുന്നത് പോലെ മാഷ് ചെയ്യണം, അല്ലെങ്കില്‍ ഞങ്ങള്‍ വരുന്നില്ല എന്ന് മാണിക്കന്‍ മാഷോട് തീര്‍ത്ത് പറഞ്ഞു. പറയുന്നത് പോലെ തന്നെ ചെയ്യാമെന്ന് മാഷ് ഏറ്റു. എപ്പോഴാണ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കാണാന്‍ പോകേണ്ടത് എന്ന കാര്യം നേതാവിനോട് ചോദിക്കാന്‍ ഞങ്ങള്‍ മാഷെ
പറഞ്ഞ് ചട്ടം കെട്ടി. അതേറ്റു.

അന്ന് ആദ്യമായി "എന്തെങ്കിലും പറഞ്ഞ് നേരം കളയാതെ കാര്യങ്ങള്‍ സംസാരിച്ച് തീരുമാനിക്കണ "മെന്ന് മാഷ്
നേതാവിനോട്ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ മുതല്‍ ഗൃഹ സന്ദര്‍ശനം, വോട്ട് ചോദിക്കല്‍ എന്നീ പരിപാടികള്‍ ചെയ്യാമെന്ന് ധാരണയായി. അതി രാവിലെ സംഘാംഗങ്ങള്‍ മാസ്റ്ററുടെ വീട്ടില്‍ എത്തും. അവിടെ നിന്നും കാലത്തെ ഭക്ഷണം. അത് കഴിഞ്ഞതും പുറപ്പെടും. മാഷ് മതി എന്ന് പറയുന്നത് വരെ വോട്ട് പിടുത്തം നടത്തും. എന്നെയും മാണിക്കനേയും ഇതിനൊന്നും ആവശ്യമില്ലെന്ന് പറഞ്ഞുവെങ്കിലും മാഷിന്‍റെ പ്രത്യേക താല്‍പ്പര്യം കണക്കിലെടുത്ത് കൂടെ ചെല്ലാന്‍ നേതാവ് അനുമതി നല്‍കി.

ഉടുപ്പി ഹോട്ടലില്‍ നിന്നും വരുത്തിച്ച മസാല്‍റോസ്റ്റ്, വട തുടങ്ങിയവ ഇഷ്ടം പോലെ ചെലുത്തിയിട്ട്, ഞങ്ങള്‍ ഇറങ്ങി. ആദ്യത്തെ വീടിന്‍റെ മുമ്പില്‍ എത്തിയതും" ഇവര് മറ്റെ പാര്‍ട്ടിക്കാരാണ്, കണ്ടിട്ട് കാര്യമില്ല" എന്ന് നേതാവ് പറഞ്ഞു.

" ഗണപതിക്ക് വെച്ചതേ കാക്ക കൊത്തി' " എന്നതുപോലെ ആയല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അടുത്ത വീട്ടില്‍ കയറി വോട്ട് ചോദിച്ചു. വീട്ടുകാരന്‍ തലയാട്ടി എന്നല്ലാതെ ഒന്നും പറഞ്ഞില്ല. ഇത് അത്ര ഉറപ്പ് പോര, എന്നാലെന്താ നമുക്ക് ധാരാളം അനുഭാവികള്‍ ഉണ്ടല്ലൊ എന്ന് നേതാവ് ആശ്വസിച്ചു. അടുത്ത നാല് വീട്ടുകാരും നമുക്കേ വോട്ട് ചെയ്യൂ, അവിടെ കയറിച്ചെന്ന് വെറുതെ നേരം കളയേണ്ടാ എന്ന് സംഘാംഗാങ്ങള്‍ അറിയിച്ചു. ഒന്നോ രണ്ടോ വീട് കയറിയാല്‍ , അടുത്ത കടയില്‍ നിന്ന് കൂള്‍ഡ്രിങ്ക്‌സ്, ചെറുപഴം എന്നിവ കഴിക്കും. അന്ന് ഉച്ചവരെ നടന്നു. നേതാവിന്ന് തലവേദനയാണെന്ന് പറഞ്ഞ് പരിപാടി പകുതിക്ക് വെച്ച് നിര്‍ത്തി.

നേതാവിന്ന് അസുഖമായതിനാല്‍ പിറ്റേന്ന് ഒഴിവ്. ഡോക്ടര്‍ക്കും മരുന്നിനും ആയി ഭേദപ്പെട്ട ഒരു തുക ചിലവായി.
വീണ്ടും വോട്ട് പിടുത്തം. ഒന്ന് രണ്ട് പ്രാവശ്യം കറങ്ങിയതോടെ തിരഞ്ഞെടുപ്പ് എത്തി. വോട്ടെടുപ്പ് ദിവസം എല്ലാ വോട്ടര്‍മാര്‍ക്കും ഗംഭീരമായ ഒരു സദ്യ കൊടുത്താലോ എന്ന ആശയം മാഷ് അവതരിപ്പിച്ചു. സദ്യ ഉണ്ണാന്‍ വരുന്നവര്‍ മാത്രം വോട്ട് ചെയ്താല്‍ മതി, ഭൂരിപക്ഷം ഉറപ്പ്. ആരും എതിര്‍പ്പ് പറഞ്ഞില്ല. വോട്ട് പിടുത്തം പാതി വഴിയില്‍ ഉപേക്ഷിച്ച് സദ്യയിലേക്കായി ശ്രദ്ധ മുഴുവന്‍.

" തനിക്ക് വേറെ പണിയൊന്നുമില്ലേ, ഈ പ്രാന്തന്‍ മാഷക്ക് വോട്ട് പിടിക്കാന്‍ " എന്ന് ചിലരൊക്കെ മുഖത്ത് നോക്കി ചോദിച്ചതോടെ ഫലത്തെക്കുറിച്ച് എനിക്ക് ഏതാണ്ടൊരു രൂപം കിട്ടി. പാവം, മാണിക്കന്‍ മാഷിന്‍റെ പണം കണ്ടിട്ടെങ്കിലുംകുറെപേര്‍ വോട്ട് ചെയ്യുമെന്ന് അവന്‍ വിശ്വസിച്ചു. വീട്ടില്‍ അച്ഛനോടും അമ്മയോടും മാഷക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു നോക്കി.

"എനിക്ക് നിന്‍റെ അത്ര ബുദ്ധിഭ്രമം ഇല്ല, സ്ഥിര ബുദ്ധിയുള്ളവര്‍ തിരഞ്ഞെടുപ്പിന് നില്‍ക്കുന്നുണ്ട്, എന്‍റെ വോട്ട് അവര്‍ക്ക് കൊടുക്കും "എന്ന് അച്ഛന്‍ തറപ്പിച്ച് പറഞ്ഞു. ഞാന്‍ വോട്ടിനൊന്നും വരുന്നില്ലെന്ന് അമ്മയും.

വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥികള്‍ ബൂത്തിന്ന് മുമ്പില്‍ പൊരിവെയിലത്ത് നിന്ന് വോട്ടര്‍മാരെ കണ്ട് അവസാന വട്ട അഭ്യര്‍ത്ഥന നടത്തുമ്പോള്‍ മാഷ് ദേഹണ്ഡപുരയിലും പന്തലിലും ആയി കഴിച്ചുകൂട്ടി. പോളിങ്ങ് ബൂത്തില്‍ ഉള്ളതിനേക്കാള്‍ തിരക്ക് സദ്യക്ക് ഉണ്ടായിരുന്നു. സദ്യക്കെത്തി ഊണ് കഴിച്ചവരുടെ എണ്ണം കണക്കാക്കുമ്പോള്‍ മാഷ്ക്ക് വിജയം ഉറപ്പ്. എതിരാളികള്‍ക്ക് വല്ല വോട്ടും കിട്ടുമോ എന്നതില്‍ മാത്രമെ സംശയം വേണ്ടു. തിരക്കൊക്കെ കഴിഞ്ഞ് പോളിങ് അവസാനിക്കാറായപ്പോള്‍ മാഷും ഞങ്ങള്‍ രണ്ടു പേരും വോട്ട് ചെയ്യാനെത്തി. അതിന്ന് എത്രയോ മുമ്പ് നേതാവും അനുയായികളും പോയിരുന്നു.

വോട്ട് ചെയ്ത് മാഷെ വീട്ടിലെത്തിച്ച് ഞങ്ങള്‍ പിരിഞ്ഞു.

" ഞാന്‍ എന്‍റെ മനസ്സിലുള്ളത് പറയാം " വഴിക്ക് വെച്ച് മാണിക്കന്‍ പറഞ്ഞു " ഇക്കുറി മാഷ് ജയിച്ചില്ലെങ്കില്‍
ഇനി ഒരിക്കലും മൂപ്പര് ജയിക്കാന്‍ പോണില്ല ".

അത് ശരിയാണെന്ന് ഞാന്‍ തലയാട്ടി. " മാഷ് ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല "എന്ന് മനസ്സില്‍ പറയുകയും ചെയ്തു. പറഞ്ഞതുപോലെ അമ്മ വോട്ട് ചെയ്തില്ല. മാണിക്കന്‍റെ അമ്മയും വോട്ട് ചെയ്യാന്‍ പോയില്ല എന്ന് മാണിക്കന്‍ പിറ്റേന്ന് പറഞ്ഞു.

വളരെ പ്രതീക്ഷയോടെയാണ് മാണിക്കനും മാഷും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയത്.

നേതാവോ അനുയായികളോ ആ പരിസരത്ത് ഉണ്ടായിരുന്നില്ല. ഫലം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചതിലും വെച്ച് ദയനീയമായിരുന്നു അവസ്ഥ. മാഷക്ക് കിട്ടിയത് ആകെ കൂടി നാല് വോട്ട്. ഒന്ന് എന്‍റേതാണ് , അടുത്തത് മാണിക്കന്‍റേത്. മൂന്നാമത്തെ വോട്ട് മാഷിന്‍റേത് ആവുമെന്ന് തീര്‍ച്ച . നാലാമത്തേത് ആരുടേതാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

1 comments:

bilatthipattanam said...

തീർച്ചയായും ആ വോട്ട് ഒരു അസാധുവിന്റെതായിരിക്കും

No comments:

Post a Comment