Saturday, February 12, 2011

35. കിളിക്കൂട് പോലൊരു വീട് .

Friday, July 3, 2009


എത്രയോ കാലമായി ഒറ്റപ്പെട്ട ജീവിതം നയിച്ചു വന്ന കേശവേട്ടനും ബന്ധുക്കള്‍ ഇല്ലാതെ കഴിഞ്ഞ മാണിക്കനും
ഏകദേശം ഒരേ കാലത്താണ് സ്വന്തക്കാരും വേണ്ടപ്പെട്ടവരും ഉണ്ടായത്. മുമ്പ് മാണിക്കന്‍റെ അമ്മാമനെ കാണാന്‍
അവനോടൊപ്പം ഞാന്‍ ചെന്ന അവസരത്തില്‍ അവന്‍റെ മാമന്‍ താമസിയാതെ അവന്‍റെ വീട്ടിലേക്ക് അവരുടെ എല്ലാ ബന്ധുക്കളേയും കൂട്ടി വരുമെന്ന് പറഞ്ഞിരുന്നതാണ്. അവന്‍റെ വീട് വീണു പോയ സമയം. പത്തമ്പത് ഓല മെടഞ്ഞതും ഒന്ന് രണ്ട് നീല പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് കുത്തി മറച്ച് അതിലാണ് ആ കാലത്ത് താമസിച്ചിരുന്നത്. "എങ്ങിനെയാ ഈ ചുറ്റുപാടില്‍ ബന്ധുക്കളെ വരുത്തുന്നത് " പിന്നീടൊരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു " നമ്മുടെ ഇല്ലായ്മയും വല്ലായ്മയും അവരെ കൂടി അറിയിച്ചിട്ട് ഉള്ള മാനവും കൂടി കളയണോ ".

സംഗതി ശരിയാണ്. ഇത്രയും കാലം പട്ടിണി കിടന്നാലും ആരേയും അതൊന്നും അറിയിക്കാതെ അവര്‍ രണ്ടാളും
കഴിഞ്ഞിരുന്നു. അന്യ നാട്ടില്‍ കഴിഞ്ഞിരുന്ന ബന്ധുക്കള്‍ക്ക് ഇവിടുത്തെ സ്ഥിതി തീരെ അറിയില്ല. തങ്ങളുടേത് ഇത്ര ദയനീയമായ ചുറ്റുപാടാണ് എന്ന് അവര്‍ അറിയരുത്.

"എപ്പോഴായാലും ഇതൊക്കെ അവര്‍ അറിയും " ഞാന്‍ പറഞ്ഞ് കൊടുത്തു " നീ വേഗത്തില്‍ പുര പണിയുന്നത് തീര്‍ക്ക്. അതിന്ന് ശേഷം സ്വന്തക്കാരെ ക്ഷണിക്ക്. അല്ലെങ്കിലോ ഒരു വീട് വാടകക്ക് എടുത്ത് അവിടേക്ക് അവരെ വരുത്ത് ". വാടകക്ക് വീട് എടുക്കുന്നത് മാണിക്കന്ന് തീരെ ഇഷ്ടമായില്ല. മിക്കവാറും പണി തീര്‍ന്ന വീട് പെട്ടെന്ന് മുഴുമിക്കാം . അടുത്ത ആഴ്ച മാമനെ ചെന്ന് കണ്ട് വീട് പണി നടക്കുന്നതിനാല്‍ അത് കഴിഞ്ഞ് വന്നാല്‍ മതി എന്ന് അറിയിക്കാം എന്നൊക്കെ അവന്‍ ഏറ്റു.

അങ്ങിനെയാണ് വീട് പണി തീര്‍ക്കാനുള്ള തീവ്ര ശ്രമം ആരംഭിച്ചത്. രണ്ട് മുറിയും മുമ്പില്‍ ഒരു കോലായയും. പുറകിലെ ചായ്പ്പിലാണ് അടുക്കള. കിളിക്കൂട് പോലെ ഒരു വീട്.

"നമ്മുടെ കഴിവിനും സ്ഥിതിക്കും ഇത് ഊക്കായി " എന്നാണ് മാണിക്കന്‍റെ അഭിപ്രായം. ചുമരുകള്‍ തേപ്പ് കഴിഞ്ഞ് വെള്ള പൂശി, മുറികളുടേയും ഉമ്മറ കോലായയുടേയും നിലത്തിന്ന് ചുവപ്പ് നിറം, പുറകിലെ ചായ്പ്പിന്‍റെ നിലം
കറുപ്പ്. എവിടെ നിന്നോ സംഘടിപ്പിച്ച തറയോട് അടുക്കളയില്‍ പതിച്ചു. കഴിക്കോലിലും പട്ടികയിലും ഒക്കെ
വേസ്റ്റ് ഓയില്‍ അടിച്ചു. എല്ലാ വാതിലുകള്‍ക്കും ജനാലകള്‍ക്കും നീല പെയിന്‍റ് അടിച്ചതോടു കൂടി വീട് കാണാന്‍
അഴകുള്ളതായി.

"സത്യം പറയാലോ " ഒരു ദിവസം മാണിക്കന്‍ പറഞ്ഞു " ഇങ്ങിനെ ഒരെണ്ണം കെട്ടിപൊക്കാന്‍ ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. ഞാനും ഇടുപ്പും നിലവും ഊന്നാതെ പണിപ്പെട്ടിട്ടുണ്ട്. എന്നാലും എന്‍റെ അമ്മ കഷ്ടപ്പെട്ടതു പോലെ ".

അവന്‍റെ വാക്കുകള്‍ ഇടക്ക് വെച്ച് മുറിഞ്ഞു. ഒരു തേങ്ങി കരച്ചിലാണ് പിന്നെ ഞാന്‍ കേട്ടത്. എന്തിനാണ് അവന്‍
കരഞ്ഞതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. എല്ലാ കഷ്ടപ്പാടുകളും തീര്‍ന്ന് സന്തോഷിക്കേണ്ട സമയത്താണ് ഈ ദുഃഖം. ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു. ഒരു സാന്ത്വനം അവന് കിട്ടിയിരിക്കണം.

" കരയാതെ " ഞാന്‍ പറഞ്ഞു " നിന്‍റെ കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്നല്ലൊ. ഇനി ബന്ധുക്കളും വേണ്ടപ്പെട്ടവരും
ഒക്കെയായി സുഖമായി കഴിയാമല്ലൊ ".

കുറച്ച് നേരം കഴിഞ്ഞാണ് അവന്‍ പ്രതികരിച്ചത്.

" നീ പറഞ്ഞത് ഒക്കെ ശരി തന്നെ " അവന്‍ പറഞ്ഞു " ഞാന്‍ ഇന്നാള് അമ്മയുടെ വീട് പോയി കണ്ടു. അതിന്‍റെ തൊഴുത്തിന്‍റെ യോഗ്യതയില്ല ഈ വീടിന്ന്. എത്രയോ നല്ല നിലയില്‍ കഴിയേണ്ട ആളാണ് അമ്മ. എന്നിട്ടെന്താ അച്ഛനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതു കൊണ്ട് പിച്ചക്കാരിയെ പോലെ കഴിയേണ്ടി വന്നു. അച്ഛനില്‍
നിന്നോ അമ്മക്ക് നല്ലൊരു ജീവിതം കിട്ടിയില്ല. വലുതായതിന്ന് ശേഷം അവരെ സംരക്ഷിക്കേണ്ട ഞാനും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ നടന്നു. അതുകൊണ്ട് അമ്മ അനുഭവിച്ച കഷ്ടപ്പാടിന്ന് കണക്കില്ല. ഈ വീട് പണിക്കും
കല്ലും മണ്ണും ചുമന്നും കുടത്തില്‍ കുളത്തില്‍ നിന്ന് വെള്ളം കോരി വന്നിട്ടും ഒക്കെ അമ്മ പണി ചെയ്തു. ഇന്നും
ശരീരത്തിന്‍റെ വയ്യായ കണക്കാക്കാതെ അമ്മ കൂലി പണിക്ക് പോകും ".

കാറ്റത്തിട്ട അപ്പൂപ്പന്‍ താടി പോലെ ഒരു ലക്ഷ്യവും ഇല്ലാതെ ഉഴപ്പി നടന്നിരുന്ന മാണിക്കന്‍റെ മനസ്സില്‍ ഉടലെടുത്ത കുറ്റബോധം എന്നെ അത്ഭുതപ്പെടുത്തി. ഉത്തരവാദിത്വബോധം അവനില്‍ ഉടലെടുത്തിരിക്കുന്നു. അവന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഇന്നാള് പണിക്ക് പോയ അമ്മ പാടത്തില്‍ തല ചുറ്റി വീണു. കൂടെ ഉണ്ടായിരുന്നവര്‍
ആസ്പത്രിയില്‍ കാണിച്ച് മരുന്നുമായി വീട്ടിലെത്തിച്ചതായിരുന്നു. തന്നോളം പോന്ന മകന്‍ ഉണ്ടായിട്ട് പണിക്ക് പോയി സമ്പാദിക്കേണ്ട ഗതികേട് വന്നത് മകന്‍റെ കൊള്ളരുതായ്മയാണെന്ന് ആളുകള്‍ പറഞ്ഞു.

"അവരെ ഒരിക്കലും കുറ്റം പറയാനാവില്ല "മാണിക്കന്‍ സ്വയം കുറ്റം ഏറ്റു പറഞ്ഞു" കുറച്ചൊക്കെ ഞാന്‍ കാണിച്ച ബുദ്ധിമോശം കാരണമാണ് ".

ഒരാഴ്ചക്കുള്ളില്‍ ചെട്ടിയാര്‍ വീട് വയര്‍ ചെയ്യിപ്പിച്ച് കറണ്ട് എടുത്ത് കൊടുക്കും. അത് കഴിഞ്ഞതും പുതിയ വീട്ടില്‍ ഒരു ടി.വി.വാങ്ങി വെക്കണം. അമ്മ അതും കണ്ടുകൊണ്ട് വെറുതെ ഇരുന്നോട്ടെ. പണിക്കും പോവരുത്. കൊണ്ടു വന്ന് കൊടുക്കുന്നത് വെച്ചൊരുക്കി ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞാല്‍ മതി.

"ഞാന്‍ പറഞ്ഞാലൊന്നും എന്‍റെ തള്ള കേള്‍ക്കില്ല "അവന്‍ പറഞ്ഞു " നീ കൂടി പറഞ്ഞ് ശരിപ്പെടുത്തണം". ഞാന്‍
സമ്മതിച്ചു.

മാണിക്കന്‍റെ ബന്ധുക്കള്‍ വന്ന ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. ഗോപിയേട്ടന്‍റെ വീട്ടില്‍ ശ്രാര്‍ദ്ധത്തിന്ന് തലേന്ന് ചെന്നതായിരുന്നു .

" രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് നീ പോയാല്‍ മതി " എന്ന് ചേച്ചിയും ഗോപിയേട്ടനും നിര്‍ബന്ധിച്ചപ്പോള്‍ അവിടെ തന്നെ കൂടേണ്ടി വന്നു. തിരിച്ച് പോരുന്ന വഴിക്ക് വെച്ച് തന്നെ മാണിക്കനെ കണ്ടു. സിഗററ്റും പുകച്ച് ടീ.വി.എസ്സില്‍ അവന്‍ ഗമയില്‍ ഒരു ഇരുപ്പാണ്. ഞാന്‍ അവന്‍റെ അരികിലായി സ്കൂട്ടര്‍ നിര്‍ത്തി.

" കഴിഞ്ഞ കൊല്ലത്തെ പോലെ ഓണാഘോഷം കഴിഞ്ഞിട്ടേ നീ വരൂ എന്ന് വിചാരിച്ചതാ " അവന്‍ പറഞ്ഞു "നിന്നെ പണ്ടേ വേണ്ട സമയത്ത് കാണാന്‍ കിട്ടില്ലല്ലൊ. എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടന്നത് ".

എനിക്ക് ആകാംക്ഷയായി. മൂന്ന് ദിവസത്തിനകം എന്തെല്ലാമാണ് ഇവിടെ സംഭവിച്ചത്. എന്നെ മുള്‍മുനയില്‍
നിര്‍ത്താതെ മാണിക്കന്‍ പറഞ്ഞു " നമ്മടെ കേശവേട്ടന്‍ പോയി ".

കണ്ണില്‍ ഇരുട്ട് കയറിയപോലെ എനിക്ക് തോന്നി. ഒരു തവണ ഹൃദ്രോഗം വന്ന ആളാണ്. വീണ്ടും ഒരു തവണ കൂടി വന്നിട്ടുണ്ടാവുമോ. എപ്പോള്‍, എവിടെ വെച്ച്, എങ്ങിനെ എന്നീ ചോദ്യങ്ങള്‍ എന്നില്‍ നിന്നും ഒന്നിച്ച് ഉയര്‍ന്നു. എന്നിട്ട് എന്താ എനിക്ക് ഒരു വിവരവും തരാഞ്ഞത് എന്ന് ഞാന്‍ പരിഭവിച്ചു.

" നീ എന്താ ഈ പറയുന്നത്, എല്ലാം കഴിഞ്ഞിട്ടല്ലേ ഞാന്‍ കൂടി അറിയുന്നത് " അവന്‍ പറഞ്ഞു " മിനിഞ്ഞാന്ന് രാവിലെ മൂപ്പരുടെ മകളും മരുമകനും കാറുമായി വരുന്നു, പിടിച്ച പിടിയാലെ മൂപ്പരെ കൂട്ടി നാട്ടിലേക്ക് പോകുന്നു. സൈതാലി പറഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത് ".

ആശ്വാസമോ, ദേഷ്യമോ ഏതാണ് കൂടുതലായി എനിക്ക് തോന്നിയത് എന്ന് എനിക്കേ അറിയില്ല. അവന്‍റെ ഒരു വിശേഷം പറയുന്ന രീതി. " പിന്നെ മാമന്‍മാരും അമ്മായിമാരും ഒക്കെ വന്നിരുന്നു ".

ബന്ധുക്കള്‍ വന്നതും നാട്ടിലേക്ക് മടങ്ങി ചെല്ലാന്‍ നിര്‍ബന്ധിച്ചതും സ്വത്തില്‍ ഒരു അംശം കൊടുക്കാമെന്ന് പറഞ്ഞതും അവന്‍ വിവരിച്ചു. അമ്മയെ കെട്ടി പിടിച്ച് കുഞ്ഞമ്മാമന്‍ കരഞ്ഞുവത്രേ. " നീ ഒരു മുത്തിത്തള്ള ആയല്ലോ " എന്ന് വലിയമ്മാമന്‍ സങ്കടത്തോടെ പറഞ്ഞു.

" എന്‍റെ അമ്മക്ക് എത്രയാ പ്രായം എന്ന് നിനക്ക് നിശ്ചണ്ടോ " മാണിക്കന്‍ ചോദിച്ചു " ഇപ്പൊള്‍ അമ്മക്ക് വയസ്സ് നാല്പ്പത്തിമൂന്ന്. കണ്ടാലോ ഒരു എഴുപത് പറയില്ലേ ". കഷ്ടപ്പാടുകള്‍ സഹിച്ച് ആ സ്ത്രീ കോലം കെട്ടു. കൈകാലുകള്‍ ഉണങ്ങി മെലിഞ്ഞ് മുഖത്ത് നിറയെ ചുളിവുകള്‍ വീണ് അത്യന്തം പരവശമായ ഒരു രൂപം.

ഒരു ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് സ്വന്തത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ അവനുവേണ്ടി അമ്മാമന്‍മാര്‍ നോക്കി വെച്ചിട്ടുണ്ടെന്ന് കൂടി അവന്‍ പറഞ്ഞു. ബാക്കി വിശേഷങ്ങള്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മയാണ് പറഞ്ഞത്. ഓണം ആയിട്ട് വീടും പരിസരവും വൃത്തിയാക്കുന്ന പണിക്ക് വന്നവരോട് മാണിക്കന്‍റെ അമ്മ പറഞ്ഞ വിവരമാണ്. ഇവരെപ്പോലെ ഒന്നുമല്ല, നല്ല കാശുള്ള വീട്ടിലെ കുട്ടിയാണ്. അതിന്‍റെ അച്ഛനും അമ്മയും ഇല്ല എന്ന ഒരു കുറവേയുള്ളു. ഇത് നടന്നു കഴിഞ്ഞാല്‍ നിന്‍റെ കൂട്ടുകാരന്‍ രക്ഷപ്പെടും.

" അല്ലെങ്കിലും ആ ചെക്കന്‍ ആളൊരു ശുദ്ധനാണ്. അപ്പോള്‍ ദൈവം അവന് ഒരു വഴി കാണിച്ച് കൊടുക്കും" എന്നും പറഞ്ഞ് അമ്മ കാര്യത്തിന്ന് ഒരു കാരണം കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലൊക്കെ മാണിക്കന്‍ അത്യന്തം സന്തോഷവാനായിരുന്നു.
*************************************************************************************
കുറച്ച് കാലത്തെ പതിവിന്ന് വിപരീതമായി പഴയ സൈക്കിളും ഉരുട്ടിയാണ് അന്ന് രാവിലെ മാണിക്കന്‍ എത്തിയത്. അവന്‍റെ ടി.വി.എസ്.എവിടെ എന്ന് ഞാന്‍ അന്വേഷിച്ചു. തല്ക്കാലം അത് പണയം വെച്ചു എന്ന് അവന്‍ പറഞ്ഞു. പണത്തിന്ന് എന്താണ് അത്ര അത്യാവശ്യം എന്ന് പലവുരു ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ ഉള്ള കാര്യം പറഞ്ഞു. തൊഴിലില്‍ അവന്‍റെ ഗുരുവായ അഹമ്മദ്കുട്ടിക്കാന്‍റെ ഭാര്യ " താത്തമ്മ " കിടപ്പിലാണ്. ചികിത്സക്ക് പണം ഇല്ലാതെ വന്നപ്പോള്‍ വണ്ടി വിറ്റു. ആരു ചോദിച്ചാലും പണയം വെച്ചതാണെന്ന് പറഞ്ഞാല്‍ മതി. എപ്പോഴെങ്കിലും കയ്യില്‍ പണം വരുമ്പോള്‍ അപ്പോള്‍ വേറൊന്ന് വാങ്ങിക്കാമല്ലോ.

മാണിക്കന്ന് ആ കുടുംബത്തോടുള്ള കടപ്പാടും കൂറും എനിക്ക് നന്നായിട്ട് അറിയാം. പട്ടിണി കിടന്ന നാളുകളില്‍ വയറ് നിറയെ ആഹാരം അവന്ന് നല്‍കിയത് താത്തമ്മ ആണ്. ഒരുവിധം പ്രായമായപ്പോള്‍ അവന്‍റെ കയ്യില്‍ മഴുവും കയറും ഏല്‍പ്പിച്ചത് അഹമ്മദ്കുട്ടിക്കയാണ്. ഇന്ന് പത്ത് ഉറുപ്പിക സമ്പാദിക്കുന്നത് അദ്ദേഹത്തിന്‍റെ അനുഗ്രഹം കാരണമാണ്. നിഴലുപോലെ ആ മനുഷ്യന്‍റെ പുറകെ അനവധി കാലം അവന്‍ നടന്നു. മാണിക്കന്‍റെ
ഊരു ചുറ്റലിന്നിടയിലായിരുന്നു അഹമ്മദ്കുട്ടിക്കാന്‍റെ ആകസ്മികമായ അന്ത്യം. പതിവ് പോലെ പണി കഴിഞ്ഞ് തോട്ടിലിറങ്ങി കുളിച്ച് പോരുമ്പോള്‍ കാലില്‍ എന്തോ തട്ടിയതായി തോന്നി. വീടെത്തുമ്പോഴേക്കും കുഴഞ്ഞു വീണു.

നാട്ടില്‍ തിരിച്ചെത്തി വിവരമറിഞ്ഞ് മാണിക്കന്‍ അലമുറയിട്ട് കരഞ്ഞു. അന്ന് മുതല്‍ അവന്‍ അവര്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്തിരുന്നു. അഹമ്മദ്കുട്ടിക്ക ഏതോ നാട്ടില്‍ കുറച്ച് കാലം പണി ചെയ്തിരുന്നപ്പോള്‍ ഉണ്ടായ ബന്ധമാണ് താത്തമ്മയുടേതുമായിട്ടുള്ളത്. അവര്‍ എവിടുത്തുകാരിയാണെന്നോ ഏത് സമുദായക്കാരിയാണെന്നോ അറിയില്ല. ആ കുടുംബത്തിന്ന് സഹായത്തിന്ന് ആരുമില്ലാതായി, താത്തമ്മ കൂലിപണിക്ക് പോകും. എന്നാലും ഒരു പെണ്‍കുട്ടിയുള്ളതിനെ നാലക്ഷരം പഠിപ്പിക്കണമെന്ന് അവര്‍ ആശിച്ചു.പെണ്‍കുട്ടി വളര്‍ന്ന് വലുതാവുമ്പോള്‍ എന്ത് ചെയ്യും എന്നത് മാത്രമേ പ്രശ്നമുള്ളു.

ഒരാഴ്ചയോളം താത്തമ്മ ആസ്പത്രിയില്‍ തന്നെ കൂടി. കൂട്ടിന്ന് മകള്‍ മാത്രം. മാണിക്കന്‍ അവര്‍ക്ക് വേണ്ട സഹായവുമായി നിന്നു. മൂന്ന് നാല് തവണ ഞാനും അവനോടൊപ്പം ചെന്നു. എല്ലാ വിഷമങ്ങള്‍ക്കും വിരാമമിട്ട് ഒരു രാത്രി അവര്‍ മരിച്ചു. പൊതു ശ്മശാനത്തില്‍ അവരെ അടക്കം ചെയ്യാന്‍ എല്ലാ ഏര്‍പ്പാടും മാണിക്കനാണ് ചെയ്തത്.

പിറ്റേന്ന് വൈകീട്ടാണ് ഞാന്‍ മാണിക്കനെ കാണുന്നത്. സൈക്കിളിന്‍റെ കാരിയറില്‍ ഒരു പായയും തലയണ്ണയും
വെച്ചിട്ടുണ്ട്.

" ഇന്ന് മുതല്‍ ഞാന്‍ വായനശാലയുടെ വരാന്തയിലാണ് കിടപ്പ് " അവന്‍ പറഞ്ഞു.

എനിക്ക് കാര്യം ഒട്ടും മനസ്സിലായില്ല. ഞാന്‍ അവനെ നോക്കി മിഴിച്ച് നിന്നു.

" ഒന്നും തോന്നരുത് " എന്ന മുഖവുരയോടെ അവന്‍ കാര്യം വിശദീകരിച്ചു. താത്തമ്മയുടെ മരണത്തോടെ അഹമ്മദ്കുട്ടിക്കാന്‍റെ മകള്‍ക്ക് ആരും ഇല്ലാതായി. മുതിര്‍ന്ന ഒരു പെണ്‍കുട്ടിയെ ബന്ധവസ്തയില്ലാത്ത ഇടത്ത് ഒറ്റയ്ക്ക് എങ്ങിനെ താമസിപ്പിക്കും. അവള്‍ക്കാണെങ്കില്‍ സ്വന്തമെന്ന് പറയാന്‍ ആരുമില്ല. പിന്നെ ആലോചിച്ചില്ല.
അമ്മയുടെ സമ്മതത്തോടെ അവളെ വീട്ടില്‍ കൂട്ടിക്കോണ്ടു വന്ന് അമ്മയുടെ കയ്യില്‍ ഏല്‍പ്പിച്ചു.

" എനിക്ക് സമാധാനമായി. അഹമ്മദ്കുട്ടിക്കാന് വേണ്ടി ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ " അവന്‍ പറഞ്ഞു
" പക്ഷെ ആളുകള്‍ അത്ര ശരിയല്ല. നമ്മള്‍ അവളെ പെങ്ങളായി കരുതും. അത് നമുക്കല്ലെ അറിയൂ. വേണ്ടാത്തത് പറയുന്നവര്‍ അതൊന്നും നോക്കില്ലല്ലോ. നമ്മളായിട്ട് അതിന്ന് ചീത്തപ്പേര് ഉണ്ടാവരുത് ".

അമ്പലത്തില്‍ ദീപാരാധന കഴിഞ്ഞ് കൂട്ടമണി അടിക്കുന്നത് കേട്ടു. കല്‍പ്പൂരത്തിന്‍റെ ഗന്ധം മനസ്സില്‍ നിറഞ്ഞതായി എനിക്ക് തോന്നി. ആല്‍മരത്തില്‍ ചേക്കേറുന്ന കാക്കകള്‍ കലപില കൂട്ടി ക്കൊണ്ടിരുന്നു. മാണിക്കനും സൈക്കിളും അകന്നകന്ന് പോയി.

5 comments:

കൊട്ടോട്ടിക്കാരന്‍... said...

ഹൃദയസ്പര്‍ശിയായ പോസ്റ്റ്...
ഉള്ളില്‍ തട്ടി വല്ലാതെ നൊന്തു....

keraladasanunni said...

സുഹൃത്തെ,
ഈ കഥാപത്രത്തെ കുറിച്ച് ഇനിയും എഴുതാനുണ്ട്. പ്രോത്സാഹനത്തിന്ന് നന്ദി

palakkattettan

Nanam said...

kondottikaran paranjapoley valarey nalla kathayum kathapathravum. manikkaney pradhana kathapathramaakiyulla ella postukalum valarey nannayittundu. paranjapoley manikkaney pattiyulla puthiya postugal pratheeshikunnu.

Nanam said...

daasettantey postugal eppol "google malayalam blog listilo chintha.comilo kaanan illalo enthaanu kaaranam

keraladasanunni said...

പ്രിയ സുഹൃത്തേ;
മാണിക്കന്‍ മുഖ്യകഥാപാത്രമായുള്ള കഥകള്‍ താമസിയാതെ പ്രസിദ്ധീകരിക്കാം. വളരെയേറെ പരിമിതികള്‍ എനിക്ക് ഉള്ളതിനാലാണ്' ചിന്ത.കോമില്‍ ബ്ലോഗ് ഇടാത്തത്. പ്രധാനമായ ന്യൂനത കമ്പൂട്ടര്‍ പരിജ്നാനം ഇല്ലാത്തതാണ്. ടൈപ്പ് ചെയ്യാനും എനിക്ക് അറിയില്ല. ഇതൊക്കെ വെച്ചാണ്' ബ്ലോഗില്‍ എഴുതുന്നത്. എങ്ങിനെ ചിന്തയിലോ മറ്റേതെങ്കിലും ഗ്രൂപ്പിലോ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചാല്‍ അതുപോലെ ചെയ്യാം. പ്രായം ശരീരത്തിന്ന് ചില ദുര്‍ബ്ബലതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബുദ്ധിക്ക് അഥവാ പ്രജ്നക്ക് ക്ഷീണം വരാതിരിക്കാന്‍ മനസ്സിന്ന് കൊടുക്കുന്ന ജോലിയാണ്' ബ്ലോഗെഴുത്ത്. ഇന്നും പതിനാറ് ഡിജിറ്റ് ഉള്ള ഐ.ടി കാര്‍ഡ് ഒന്ന് നോക്കിയാല്‍ അതിലെ അക്കങ്ങള്‍ ഹൃദിസ്ഥമാവുന്നുണ്ട്.
സ്നേഹത്തോടെ
palakkattettan.

No comments:

Post a Comment